തമസ്സ്‌ : ഭാഗം 6

തമസ്സ്‌ : ഭാഗം 6

എഴുത്തുകാരി: നീലിമ

കുഞ്ഞിയുടെ മുടി രണ്ടായി പകുത്തു ഭംഗിയായി കെട്ടി വച്ച് കൊടുത്തു ജയ. പിന്നെ മോഹൻ വാങ്ങി വച്ചിരുന്ന മുല്ലപ്പൂവ് കൂടി ചൂടി കൊടുത്തു. “”””ഇപ്പൊ ചുന്ദരി മണിയായി അമ്മൂമ്മേടെ കുഞ്ഞി മോള്…… മാമാട്ടിക്കുട്ടിയമ്മയെപ്പോലെ ഉണ്ട്…..”””” പറഞ്ഞിട്ട് അവർ കുഞ്ഞിക്കവിളിൽ ഒരു മുത്തം നൽകി. കുഞ്ഞി അവരെ നോക്കി പുഞ്ചിരിച്ചിട്ട് തിരിഞ്ഞു കണ്ണാടിയിൽ നോക്കി….. തിരിഞ്ഞും ചരിഞ്ഞും ഒക്കെ നോക്കി… പിന്നെ ഇഷ്ടമാകാത്തത് പോലെ മുഖം വീർപ്പിച്ചു. “””നിക്ക് അച്ചായി കെട്ടിതരണ പോലെ കെട്ടിത്തന്നാ മതി അമ്മൂമ്മേ…. ഇതും കൊള്ളൂല്ല… കുഞ്ഞിക്ക് ഇഷ്ടായില്ല…..”””” കുഞ്ഞിയുടെ സംസാരം കേട്ട് പരാജയം സമ്മതിച്ചവളെപ്പോലെ താടിയ്ക്ക് കൈ കൊടുത്ത് കുഞ്ഞിയെതന്നെ നോക്കി നിന്നു ജയ….

“””ഇവിടെ എന്താ ഒരു ബഹളം?”””” ചിരിയോടെ പ്രഭാകരൻ അവിടേയ്ക്ക് വന്നപ്പോൾ ജയ ദയനീയമായി അയാളെ നോക്കി. “””എന്റെ പ്രഭേട്ടാ…. ഞാൻ തോറ്റു….. ഞാൻ എങ്ങനെയൊക്കെ മുടി കെട്ടികൊടുത്തിട്ടും മോൾക്ക് അത് ഇഷ്ടാവുന്നില്ല. ഇനിയിപ്പോ ഞാൻ എന്ത് ചെയ്യാനാ? സ്കൂളിൽ പോകാനാണെൽ സമയവുമായി.”””” ജയയുടെ പരിഭവം പറച്ചിൽ കേട്ട് പ്രഭാകരൻ ചിരിച്ചു… “””എന്നും കുഞ്ഞിയെ ഉണർത്തുന്നതും കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും ഒരുക്കുന്നതുമൊക്കെ മോഹൻ അല്ലെ? വല്ലപ്പോഴുമൊക്കെ നീയും ചെയ്യണം. ഇല്ലെങ്കിലേ ഇങ്ങനെ ഇരിക്കും…..”””

“”””അത് പിന്നെ അതൊക്കെ സ്വയം ചെയ്യണമെന്ന് മോഹന് നിർബന്ധമല്ലേ? കുഞ്ഞിയ്ക്കും മോഹൻ ചെയ്യുന്നതാണ് ഇഷ്ടം… അതല്ലേ ഞാൻ……..””” ജയശ്രീ വിഷമത്തോടെ പറയുന്നത് കേട്ട് പ്രഭാകരൻ ചിരിയോടെ കുഞ്ഞിയുടെ അടുത്തെത്തി. കുഞ്ഞിയെ തനിക്ക് നേരെ തിരിച്ചു നിർത്തി ആകെ ഒന്ന് നോക്കി. “””ആഹാ….. ചുന്ദരി ആയിട്ടുണ്ടല്ലോ അപ്പൂപ്പന്റെ പൂമ്പാറ്റ കുട്ടി…… നന്നായിട്ടുണ്ട് മോളൂ…. നല്ല ഭംഗിയുണ്ട്………”””” കുഞ്ഞി സംശയത്തോടെ പ്രഭാകരനെ നോക്കി… “”””ശരിക്കും…..????”””” കുഞ്ഞിക്കണ്ണിൽ സംശയഭാവമായിരുന്നു. അവൾ കണ്ണാടിയിൽ ഒന്നൂടെ നോക്കി. പിന്നെ തൃപ്തി ആകാത്തത് പോലെ പ്രഭാകരനോട് പറഞ്ഞു. “”””എന്നാലും അച്ചായി ഒരുക്കുമ്പോളുള്ള ഭംഗി ഒന്നൂല്ല……””

“”ഇന്ന് ഒരു ദിവസം അല്ലെ മോളൂ….? നാളെ വീണ്ടും അച്ചായി വരുവല്ലോ ഒരുക്കാൻ……. ഇപ്പൊ മോള് നല്ല കുട്ടിയായി പാപ്പം കഴിക്കാൻ വാ….. അച്ചായി മോളോട് എന്താ പറഞ്ഞത്? അപ്പൂപ്പനേം അമ്മൂമ്മേനേം വിഷമിപ്പിക്കരുത് എന്നല്ലേ? എന്നിട്ടിപ്പോ മോളു ഇഷ്ടായില്ല എന്ന് പറഞ്ഞപ്പോ അമ്മൂമ്മയ്ക്ക് വിഷമമായില്ലേ….?”””” പ്രഭാകരന്റെ ചോദ്യം കേട്ട് കുഞ്ഞി ജയയെ നോക്കി. മോഹൻ പറഞ്ഞതൊക്കെ അവൾക്ക് ഓർമ വന്നു….. “””അമ്മൂമ്മയ്ക്ക് വിഷമായോ? എന്നാൽ സോറി…….”””” നിഷ്കളങ്കമായ മുഖത്തോടെ, വിഷമത്തോടെ കുഞ്ഞി പറഞ്ഞത് കേട്ടപ്പോൾ ജയ അവളെ വാരിയെടുത്തു ഇരു കവിളിലും ചുണ്ടുകൾ ചേർത്തു….. “”””എന്റെ മോള് അമ്മൂമ്മയോട് സോറി പറയണ്ടാട്ടോ… വാ നമുക്ക് പാപ്പം കഴിക്കാം…..””” ചിരിയോടെ പറഞ്ഞിട്ട് കുഞ്ഞിയെയും എടുത്ത് അവർ പുറത്തേയ്ക്ക് നടക്കുന്നത് പുഞ്ചിരിയോടെ പ്രഭാകരൻ നോക്കി നിന്നു. ☔☔☔☔

കുഞ്ഞിക്ക് ആഹാരം കൊടുത്തു കഴിഞ്ഞു ജയ പ്രഭാകരന്റെ അരികിലേയ്ക്ക് വന്നു. “”””പ്രഭേട്ടാ…… നമ്മുടെ ശ്രീക്കുട്ടനെ വിളിച്ചു ഓട്ടോ കൊണ്ടരാൻ പറയാമോ? കുഞ്ഞിയെ സ്കൂളിൽ വിടണ്ടേ?”””” “””അതിനിപ്പോ ശ്രീക്കുട്ടനെ വിളിക്കണ്ട ജയേ… നമ്മുടെ കിച്ചു ( കിഷോർ ) വരാന്നു പറഞ്ഞിട്ടുണ്ട്. ബേക്കറീടെ ചാവി വാങ്ങണം. പിന്നെ എനിക്കും അവനോടൊപ്പം ബേക്കറീലേയ്ക്ക് പോകേം ചെയ്യാല്ലോ….. അവനോട് പറഞ്ഞാൽ മോളെ സ്കൂളിൽ വിട്ടിട്ട് തിരികെ വന്നു എന്നെ കൊണ്ട് പോകും……””” “””അത് വേണ്ട പ്രാഭേട്ടാ….. എനിക്കിപ്പോ ആരേം വിശ്വാസമില്ല…. വല്ലാത്ത കാലമാണിത്….. അമ്മയെന്നോ മകളെന്നോ പെങ്ങളെന്നോ പോലും മനുഷ്യൻ ചിന്ദിക്കാത്ത കാലം……

ദിവസോം ഓരോന്നൊക്കെ പത്രത്തിൽ വായിക്കുമ്പോ ഉള്ള് പൊള്ളും ….. നമ്മുടെ മോള് ചെയ്ത പ്രവർത്തി കൊണ്ട് ചങ്ക് പൊടിഞ്ഞ ഒരുത്തനുണ്ടിവിടെ…. ഇതിനൂടെ എന്തെങ്കിലും പറ്റിയാൽ ഹൃദയം പൊട്ടി ചാകും അത്…….”””” “””ഏയ്‌… കിച്ചുനെക്കുറിച്ച് നീ എങ്ങനെ ഒന്നും ചിന്തിക്കാതെ ജയേ…. അവൻ നിന്റെ പെങ്ങടെ മോൻ അല്ലെ? നമുക്ക് അറിയില്ലേ അവനെ? കുഞ്ഞു നാളിലെ തൊട്ട് കാണുന്നതല്ലേ…..?””” “””പിറന്നു വീണ അന്ന് തൊട്ട് നിങ്ങടെ നെഞ്ചിൽ കിടന്നു വളർന്ന നമ്മുടെ മോള് ചെയ്തതൊക്കെ മറന്നോ പ്രാഭേട്ടാ നിങ്ങള്? ഞാൻ ഒന്നും മറക്കില്ല…. അന്ന് തുടങ്ങിയ നോവാ എന്റെ മനസ്സില് …. വളർന്നു വരുന്നൊരു പെങ്കൊച്ച ഇത്….. അതും അമ്മ ഇല്ലാതെ …..ഇത് ഒരു പരുവം ആകണത് വരെ മനസ്സിലെ പേടി മാറില്ല എനിക്ക് …..

ചുറ്റും കാണണവരെയൊക്കെ പേടിയാ എനിക്കിപ്പോ…. ആരെയും…. ആരെയും വിശ്വാസമില്ല….. പ്രഭേട്ടൻ ശ്രീക്കുട്ടനോട് വരാൻ പറ. ഞാൻ കൊണ്ട് വിടാം മോളെ….. തിരികെ വരണ വഴി ചന്തയിലും ഒന്നിറങ്ങാം…..””” ജയ പറയുന്നത് കേട്ടപ്പോൾ അതാണ്‌ നല്ലതെന്നു പ്രഭാകരനും തോന്നി. അയാൾ ഫോൺ എടുത്ത് ശ്രീക്കുട്ടനെ വിളിച്ചു. ☘☘☘☘☘☘☘☘☘☘☘☘ ഡോക്ടർ മുഹമ്മദിന്റെ കൺസൾട്ടിംഗ് റൂമിൽ അദ്ദേഹത്തെ കാത്തിരിക്കുമ്പോൾ മോഹന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു. ഐഷ ഡോക്ടറിന്റെ ക്ലിനിക്കിൽ നിന്നും ഡോക്ടർ മുഹമ്മദ്‌ കൂടി വർക്ക്‌ ചെയ്യുന്ന ഡി-അഡിക്ഷൻ സെന്ററിലേയ്ക്ക് ജാനകിയെ ഇതിനോടകം മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു ചിരിയോടെ ഡോക്ടർ മുഹമ്മദ് ഉള്ളിലേയ്ക്ക് വന്നപ്പോൾ മോഹനും ആൽവിയും എഴുന്നേറ്റു. കൈ കൊണ്ട് അവരോട് ഇരിക്കാനായി പറഞ്ഞിട്ട് ഡോക്ടറും ചെയറിലേയ്ക്കിരുന്നു…… ഡോക്ടറിന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ മോഹന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. “”””ജാനകി…… ഞാനവരെ പരിശോധിച്ചു.”””” മോഹന്റെ മുഖത്തേയ്ക്ക് നോക്കി ഡോക്ടർ തുടർന്നു. “”””അവരിപ്പോൾ പൂർണമായും ഡ്രഗിന് അടിമയാണ്. ഡ്രഗ് ഇല്ലാതെ ഒന്നിനുമാകില്ല എന്ന അവസ്ഥയിലേയ്ക്ക് അവർ എത്തിയിരിക്കുന്നു. എങ്കിലും അവരെ പഴയ അവസ്ഥയിലേയ്ക്ക് കൊണ്ടുവരാനാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു ഡീറ്റൈൽഡ് അനാലിസിസിലൂടെയേ ഉള്ളിൽ കടന്നിരിക്കുന്ന ഡ്രഗ് ഏതാണെന്നു അറിയാനാകൂ…. എന്നിട്ടു നമുക്ക് ട്രീറ്റ്മെന്റ് ആരംഭിക്കാം.

അതിന് മുൻപ് ചെയ്യേണ്ടതൊക്കെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്.”””” ഒന്ന് നിർത്തി ഡോക്ടർ മോഹനേയും ആൽവിയെയും മാറി മാറി നോക്കി. “”””പക്ഷെ, നിങ്ങളോട് എനിക്കിപ്പോൾ പറയാനുള്ളത് അതിനേക്കാൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ്……”””” അത്രയും പറഞ്ഞു ഡോക്ടർ നിശബ്ദനായി. പറയാനുള്ള വാക്കുകൾ അന്വേഷിക്കുന്നത് പോലെ കുറച്ചു സമയം ഒന്നും പറയാതെ ഇരുന്നു അദ്ദേഹം…….. ഭയാനകമായ ആ നിശബ്ദത മോഹനേ ഭ്രാന്തു പിടിപ്പിക്കുന്നത് പോലെ തോന്നി. “”””എന്താണ് ഡോക്ടർ? എന്താണെങ്കിലും പറഞ്ഞോളൂ….”””” നിശബ്ദതയെ ഭേടിച്ചു ആൽവിയുടെ ശബ്ദം മോഹന്റെ കാതിലെത്തി. “””””ഇനി ഞാൻ പറയുന്നത് ഒട്ടും സുഖകരമല്ല എന്നറിയാം. പക്ഷെ, പറയാതെ തരമില്ലല്ലോ…..”””” “”””എന്താണ് സാർ…..”””” ആൽവി കൂടുതൽ അക്ഷമനായി. “”

“”ജാനകിയ്ക്ക് ഒരു റുട്ടീൻ ബ്ലഡ്‌ എക്സാമിനേഷൻ നടത്തി. അതിലെ ചില പരാമീറ്റേഴ്സിലെ വേരിയേഷനും പിന്നെ അവരുടെ ഇപ്പോഴത്തെ അവസ്ഥയുമാണ് അത്തരം ഒരു ടെസ്റ്റ്‌ നടത്തി നോക്കാൻ എന്നെ പ്രേരിപ്പിച്ചത്….. എന്റെ സംശയം ശരിയായി. റാപ്പിഡ് hiv ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ് ആയിരുന്നു…….”””” ഇരു ചെവിയിലും ഈയം ഉരുക്കി ഒഴിച്ചത് പോലെ പൊള്ളിപിടഞ്ഞു പോയി മോഹൻ…… ചലിക്കാനാകാതെ….. ശബ്ടിക്കാനാകാതെ…. ചെയറിലേയ്ക്ക് കൈ മുറുകെ പിടിച്ചിരുന്നു അവൻ…… “”””അവർ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിനായി അവർ ഉപയോഗിച്ച നീഡിൽ… ….അത് എങ്ങനെയുള്ളതാണെന്ന് നമുക്ക് അറിയില്ലല്ലോ……

ആദ്യമായി അത്‌ ഉപയോഗിച്ചത് അവരാണെന്ന് പറയാനും കഴിയില്ല…… പലരുടെയും ശരീരത്തിൽ കയറിയ നീടിൽ ഉപയോഗിച്ചാകും ആകും അവരുടെ ശരീരത്തിലും മയക്കുമരുന്ന് ഇൻജക്ട് ചെയ്തത്. വൈറസ് ബാധ ഉണ്ടായത് അങ്ങനെയാകും എന്ന് ഞാൻ അനുമാനിക്കുന്നു. Hiv പോസിറ്റീവ് ആയ ഒരാൾ ഉപയോഗിച്ച നീഡിലിലൂടെയും വൈറസ് ബാധ ഉണ്ടാകാം….. പിന്നെ, അവരെ കണ്ടെത്തിയ സാഹചര്യവും മോശമായിരുന്നല്ലോ…..? ഒക്കെക്കൂടി കൂട്ടി വായിക്കുമ്പോൾ എങ്ങനെയാണ് അവരുടെ ശരീരത്തിൽ വൈറസ് എത്തിയത് എന്ന് നമുക്ക് ഉറപ്പിക്കാനാകില്ല. അല്ലെങ്കിലും അതിനിവിടെ പ്രസക്തി ഇല്ല…. ഏത് സാഹചര്യത്തിൽ അതവരുടെ ശരീരത്തിൽ എത്തി എന്നല്ല, ഇപ്പോൾ അവരുടെ ശരീറ്റത്തിൽ ആ അണുക്കൾ ഉണ്ടോ എന്നാണ് കൺഫേം ചെയ്യേണ്ടത്.

ബോഡിയിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണാത്തത് കൊണ്ട് വൈറസ് ബാധയുടെ രണ്ടാം സ്റ്റേജിൽ ആണ് അവരെന്നാണ് ഞാൻ മനസിലാക്കുന്നത്. കൺഫർമേഷന് വേണ്ടി നമുക്കൊരു വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്‌ നടത്തി നോക്കാം….”””” ഡോക്ടർ മോഹനെയും ആൾവിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു നിർത്തി. ഡോക്ടറിന്റെ വാക്കുകൾ ഒന്നും മോഹൻ കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ തളരുന്നത് പോലെ തോന്നി മോഹന്. ചെന്നിയിലൂടെ വിയർപ്പു ചാലുകൾ കഴുത്തിലേയ്ക്ക് ഒലിച്ചിറങ്ങുന്നു. ശ്വാസം എടുക്കാൻ കഴിയാത്തത് പോലെ…. കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ….. കുഴഞ്ഞു വീഴാൻ തുടങ്ങിയ മോഹനെ കൈകളിൽ താങ്ങിപിടിച്ചു ആൽവി. 🍀🍀🍀

കണ്ണ് തുറക്കുമ്പോൾ മുന്നിൽ ബിജോയ്‌ ഡോക്ടറിനെയാണ് കണ്ടത്. “”””വല്ലാതെ ടെൻഷൻ ആയി ഇല്ലേ? ബിപി കൂടിയതാണ്….. ടെൻഷൻ ആകണ്ട കേട്ടോ…….. എയ്ഡ്സ് എന്നത് ഒര് രോഗമല്ല… അതൊരവസ്ഥയാണ്…. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നഷ്ടമാകുന്ന അവസ്ഥ.!! അതാണ്‌ നമ്മൾ ആദ്യ മനസിലാക്കേണ്ടത്. പിന്നെ ഈ എയ്ഡ്സ് രോഗികൾ ഇന്നോ നാളെയോ മരിച്ചു പോകും എന്നൊന്നും കരുതരുത്. വര്ഷങ്ങളോളം സാധാരണ ജീവിതം നയിക്കാൻ അവർക്കും കഴിയും… ഒപ്പം ഉള്ളവരുടെ ശ്രദ്ധയും സ്നേഹവും പരിചരണവും വേണമെന്ന് മാത്രം…… അതാണിപ്പോ നമ്മൾ അവർക്ക് നൽകേണ്ടതും…..

ഇതൊരു പകർച്ച വ്യാധി അല്ല എന്ന് ആദ്യം മനസിലാക്കണം. ജാനകിയെ ഓർത്ത് ഭയക്കേണ്ടതില്ല മോഹൻ… കുറച്ചു സമയം കൂടി റസ്റ്റ്‌ എടുത്ത ശേഷം നിങ്ങൾ നാട്ടിലേയ്ക്ക് മടങ്ങിക്കോളൂ……. ഇവിടുത്തെ കാര്യങ്ങളൊക്കെ മദർ നോക്കിക്കോളും….എന്തെങ്കിലും ആവശ്യം ഉണ്ടെകിൽ അറിയിക്കാം…..”””” മോഹനോട് പറഞ്ഞിട്ട് ഡോക്ടർ ആൾവിയെ നോക്കി. “”””ആൽവിൻ എന്നോടൊപ്പം ഒന്ന് വരൂ…..”””” അദ്ദേഹം ഒന്നുകൂടി മോഹനെ നോക്കി പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു. ആൽവി മോഹനരികിലേയ്ക്ക് ചെന്നു. “””ഇപ്പൊ എങ്ങനെ ഉണ്ടെടാ…..?”””” കുഴപ്പമൊന്നുമില്ല എന്ന് അവൻ തല ചലിപ്പിച്ചു. ഉള്ള് കലങ്ങി മറിയുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിച്ചു. “”””നീ കിടന്നോ…. ഞാൻ ഇപ്പൊ വരാം….””

“” ആൽവി ഡോക്ടറിനടുത്തേയ്ക്ക് നടന്നു. അവനെ കണ്ട ഉടനെ മുഖവുര ഇല്ലാതെ തന്നെ ഡോക്ടർ പറഞ്ഞു. “””ആൽവിൻ മോഹനെ സമാധാനിപ്പിക്കാനാണ് ഞാൻ അയാളോട് അങ്ങനെ പറഞ്ഞത്. കാര്യങ്ങൾ അത്ര നിസാരമല്ല. സാധാരണ Hiv ബാധ അത്ര പെട്ടന്ന് മരണകാരണമാകാറില്ല. പക്ഷെ ഇവിടെ സ്ഥിതി വ്യത്യസതമാണല്ലോ….. ഡ്രഗിന്റെ അമിതമായ ഉപയോഗം കാരണം അവരുടെ ബോഡി ഇപ്പോൾ വളരെ വീക്ക്‌ ആണ്. ഒര് ചെറിയ ഇൻഫെക്ഷൻ ഉണ്ടായാൽ പോലും നമുക്ക് അവരുടെ ജീവൻ രക്ഷിക്കാനായി എന്ന് വരില്ല. അല്ലെങ്കിലും ഈ അവസ്ഥയിൽ അവരുടെ ജീവന് ഞങ്ങൾക്ക് ഗാരന്റി ഒന്നും പറയാനാകില്ല. എന്തായാലും നിങ്ങൾ മോഹനെയും കൂട്ടി നാട്ടിലേയ്ക്ക് പൊയ്ക്കോളൂ…..

അയാളുടെ മൈൻഡ് ആകെ ഡിസ്റ്റർബ്ഡ് ആണ്….. ഈ അവസ്ഥയിൽ ഇവിടെ നിൽക്കാതിരിക്കുന്നതാണ് നല്ലത്. ഇവിടുത്തെ കാര്യങ്ങളൊക്കെ മദർ നോക്കിക്കോളും…….ഒരു ഒൺ അവർ കൂടി കഴിഞ്ഞ് മോഹന്റെ ബിപി ഒന്നൂടെ നോക്കണം. സ്റ്റേബിൾ ആണെങ്കിൽ നിങ്ങൾക്ക് പോകാം….”””” ആൽവിയ്ക്ക് ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു ഡോക്ടർ നടന്നു നീങ്ങി. ജാനകിയുടെ ജീവന് ആപത്തുണ്ടെന്നു കേട്ടപ്പോൾ ആൽവിയ്ക്കും വിഷമം തോന്നാതിരുന്നില്ല. മോഹന്റെ ജീവിതത്തിലേയ്ക്ക് അവൾ വന്ന ശേഷം ആൽവിയ്ക് അവൾ പെങ്ങൾ തന്നെ ആയിരുന്നു. കുസൃതികൾ കാട്ടുമ്പോൾ “പോത്ത് പോലെ വളർന്നിട്ടും നിന്റെ കളിതമാശ മാറീട്ടില്ലല്ലോ പെണ്ണെ ” എന്ന് പറഞ്ഞു എത്ര തവണ അവളുടെ ചെവിയ്ക്ക് കിഴുക്കു കൊടുത്തിട്ടുണ്ട്….. ”

അച്ചായൻ അനിയത്തീടെ പറ്റിയ കൂട്ടാ” ന്ന് പറഞ്ഞു മോഹനും കളിയാക്കാറുണ്ടായിരുന്നു….. ഓരോന്ന് ഓർമ്മയിൽ തെളിഞ്ഞപ്പോൾ ആൽവിയുടെ ഉള്ളിലും വേദന ഉണ്ടായി. മോഹനെ എത്രയും വേഗം നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നതാണ് നല്ലതെന്നു ആൽവിയ്ക്ക് തോന്നി. ജാനകിയുടെ ജീവന് പോലും ആപത്തുണ്ട് എന്ന് ഡോക്ടർ പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയും മോഹന്റെ ജീവിതത്തിലേയ്ക്കവൾ വരാൻ പാടില്ല എന്നവൻ മനസ്സിൽ ഉറപ്പിച്ചു…… ❣❣❣❣❣❣❣❣❣❣ മോഹന്റെ മനസ്സും ചിന്തകളും ജാനകിയിൽത്തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. കണ്മഷി എഴുതി കറുപ്പിച്ച, കുസൃതി നിറഞ്ഞ രണ്ട് വെള്ളാരം കണ്ണുകൾ അവന്റെ ഓർമയിൽ തെളിഞ്ഞു വന്നു…….

അവളുടെ കണ്ണുകൾ പോലും പുഞ്ചിരിക്കുമായിരുന്നു….. തന്നെ കാണുമ്പോൾ സ്നേഹവും പ്രണയവും വാത്സല്യവുമൊക്കെ ഒളിപ്പിച്ച ആ കണ്ണുകൾ പോലും കഥകൾ പറഞ്ഞിരുന്നു………. എന്നാൽ ഇന്ന് കണ്ട കലങ്ങിച്ചുവന്ന അവളുടെ കണ്ണുകൾ…. അത് നൽകിയ വേദന….. ഡോക്ടർ പറഞ്ഞു വാക്കുകൾ…… അവ മനസ്സിന് ഏൽപ്പിച്ച ആഖാദം…… സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു എല്ലാം ………. ജാനിയെ ഇനി ഒരിക്കൽക്കൂടി ജീവിതത്തിലേയ്ക്ക് ക്ഷണിക്കാനാകില്ല….. തന്നോട് ചെയ്ത ദ്രോഹത്തേക്കാൾ ഒരുപടി മുകളിലാണ് അവൾ കുഞ്ഞിയോട് ചെയ്തത്.

അമ്മായില്ലാതെ വളരേണ്ടി വരുന്ന ഒരു പെൺകുഞ്ഞിന്റെ അവസ്ഥയെങ്കിലും അവൾക്കൊന്നു ഓർക്കാമായിരുന്നു. സ്വന്തം മാതാപിതാക്കളോട് അവൾ കാണിച്ച വിശ്വാസവഞ്ചന അതെങ്ങെനെ ക്ഷമിക്കും? പക്ഷെ അവളുടെ ഇന്നത്തെ അവസ്ഥ….. ഒരിക്കൽ തന്നോടുള്ള പ്രണയം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് കണ്ട വേദന….. അസഹ്യമായ വേദനയിൽ ചുളിഞ്ഞ ആ മുഖം…….. അവളുടെ യാചന…..അതീ ജന്മം മുഴുവൻ എന്റെ ഉറക്കം കെടുത്തും….. സന്തോഷം മാത്രം നിറഞ്ഞു നിന്ന ജീവിത നിമിഷങ്ങൾ ചിത പോലെ മോഹന്റെ മനസ്സിനെ എരിയ്ക്കാൻ തുടങ്ങി……. കണ്ണുകളടച്ചു മറക്കാൻ ശ്രമിക്കുമ്പോഴും ആ ഓർമ്മകൾ അവന്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു…………. തുടരും

തമസ്സ്‌ : ഭാഗം 5

Share this story