💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 11

thattathinmarayath

രചന: റഫീന മുജീബ്

"സിയ ഹസീസ് " അഡ്വക്കേറ്റ് അസീസ് ഇബ്രാഹിമിന്റെയും ഡോക്ടർ ഹസീന ഹസീസിന്റെയും ഏകമകൾ... മറ്റുള്ളവരുടെ കാഴ്ചയിൽ ഏറെ ഭാഗ്യവതി യായിരുന്നു അവൾ, പക്ഷേ ജീവിതത്തിൽ ഒരു ഭാഗ്യവും ഇല്ലാതെ പോയ ഒരു പാവം ജന്മം.. അവളെ കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ മുഖം വിടരുന്നതും വാക്കുകൾ വാചാലം ആവുന്നതും റിച്ചു വേദനയോടെ നോക്കി. പിജി എക്സാം കഴിഞ്ഞ് റിസൾട്ടിന് വേണ്ടി കാത്തു നിൽക്കുന്ന സമയത്താണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്... എക്സാം കഴിഞ്ഞതിനാൽ ഫ്രണ്ട്സുമായി കറക്കം കളി ഇതൊക്കെയായിരുന്നു മെയിൻ പരിപാടി. വീട്ടിൽ നിൽക്കാറില്ല, ഏതു നേരം കറക്കം, പിന്നെ കളിയും അമ്മയ്ക്ക് ഈ പരാതി പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ.. അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് എട്ടിന്റെ ഒരു പണി കിട്ടിയത്. കൂട്ടുകാരോടൊത്ത് കാൽപന്ത് കളി തകർത്തു കളിക്കവെ മറ്റൊരാളുടെ കാലു തട്ടി ഒന്ന് വീണു. കാലിന്റെ എല്ലിന് ഒരു ചെറിയ പൊട്ടൽ ഉള്ളത് കൊണ്ട് വീട്ടിൽ തന്നെ റസ്റ്റ് എടുക്കേണ്ടി വന്നു.

സദാ സമയവും പുറത്ത് കറങ്ങി നടന്നിരുന്ന ഒരുത്തന് ഇങ്ങനെ ഒരു പണികിട്ടിയാൽ പറയേണ്ടതില്ലല്ലോ...? പെട്ടു, ലൈഫ് കട്ട ബോറ് ശോഭു ഉണ്ടേൽ അവനോട് വഴക്കുണ്ടാക്കി സമയം കളയും, അവനും കൂടി പുറത്ത് പോയാൽ പിന്നെ ആകെ ഒരു ഒറ്റപ്പെട്ട ഫീലിംഗ്സ് ആണ്. പിന്നീടങ്ങോട്ട് ഫോൺ തന്നെ ആയിരുന്നു ഏക ആശ്വാസം, ഇൻസ്റ്റാ, എഫ് ബി, ഒക്കെ ആയിരുന്നു ഏക ആശ്രയം. ആനകൾ എന്നും ഏറെ പ്രിയപ്പെട്ടതായിരുന്നു. അവയോടൊപ്പം സെൽഫികൾ എടുത്തു കൂട്ടുന്നത് മറ്റൊരു വിനോദം. അങ്ങനെ എടുത്ത സെൽഫികൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് ലൈക്കും കമന്റ്സും വാരിക്കൂട്ടി സമയം കൊന്നു കൊണ്ടിരുന്നു. അതിൽ ഫുൾ ആക്ടീവായി. അങ്ങനെയിരിക്കെ എനിക്കേറെ പ്രിയപ്പെട്ട ചന്ദ്രുവിന്റെ കൂടെയുള്ള ഒരു സെൽഫി ഞാൻ മുഖപുസ്തകത്തിൽ അപ്‌ലോഡ് ചെയ്തു. മിനുട്ടുകൾക്കകം തന്നെ അതിനൊരു പാട് പ്രശംസകൾ കിട്ടി. ഒരുപാട് കമന്റ്സുകൾക്കിടയിൽ ഒരു വ്യത്യസ്ത കമന്റ് മായിട്ടാണ് അവൾ എന്റെ ജീവിതത്തിലേക്ക് കയറിവന്നത്..

"നിങ്ങൾ എന്തിനാ ചേട്ടാ ആ ജന്തുന്റെ അടുത്ത് നിൽക്കുന്നത് അത് കടിക്കൂലേ "... ഇതിപ്പോൾ ഇട്ട ആൾക്ക് വട്ടായതാണോ അതോ വട്ടായ പോലെ അഭിനയിക്കുകയാണോ...? ഞാൻ ഒത്തിരി സമയം ആ കമന്റ്ലേക്ക് നോക്കിയിരുന്നു. സാധാരണ ഇങ്ങനെ ഉള്ള കമന്റിനു അതിന്റേതായ മറുപടി ആണ് കൊടുക്കാറ്, ഞാൻ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, അങ്ങനെ ദേശ്യം വന്നാൽ വായിൽ വന്നത് മുഴുവൻ വിളിച്ചു പോകും, പക്ഷേ ഈ കമന്റ് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത്തിരി നട്ട് ലൂസായ ഏതോ ഒരു ഐറ്റം ആണെന്ന്, അതുകൊണ്ട് തന്നെ അതേ രീതിയിലുള്ള ഒരു മറുപടി തന്നെ കൊടുത്തു. കുട്ടി ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല...?എന്റെ റിപ്ലൈ കണ്ടതും അവളുടെ അടുത്ത മറുപടി വന്നു. ആ ആനയുടെ അടുത്ത് അങ്ങനെ നിന്നാൽ അത് ഉപദ്രവിക്കില്ലേ ചേട്ടാ, എനിക്ക് ഈ വക സാധനത്തിനെ കാണുന്നതെ പേടിയാണ്, അടുത്തുള്ള ടൗണിൽ ആന പോകുന്നുണ്ടെന്നറിഞ്ഞാൽ റൂമിൽ കയറി വാതിൽ കുറ്റിയിട്ടു കട്ടിലിനടിയിൽ ഒളിക്കുന്ന പാർട്ടിയാണ് ഞാൻ, അവളുടെ റിപ്ലൈ വന്നതും എനിക്ക് ചിരിയാണ് വന്നത്,

ഇത് ഞാൻ ഉദ്ദേശിച്ച പാർട്ടി തന്നെ. ഒരു അരപ്പിരിലൂസ് ഞാൻ മനസ്സിൽ ചിരിച്ചു. അങ്ങനെ പേടിക്കേണ്ട ഒരു കാര്യവുമില്ല കുട്ടി, സാധാരണ മനുഷ്യരെയാണ് പേടിക്കേണ്ടത്, മൃഗങ്ങൾ നമ്മളെ ഒന്നും ചെയ്യില്ല അവരെ ഉപദ്രവിക്കാതെ.. ആനകൾക്ക് നല്ല സ്നേഹമുണ്ട് നമ്മൾ മനുഷ്യരേക്കാൾ നന്ദിയുള്ള കൂട്ടങ്ങളാണ്, എനിക്ക് താല്പര്യമുള്ള വിഷയം ആയതിനാൽ ഞാൻ ഒരുപാട് വാചാലനായി മാറി. അവൾ കൗതുകത്തോടെ എല്ലാം കേട്ടു. അന്ന് ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് അടുത്തു. ഞാൻ ആനയെ കുറിച്ച് പറയുന്നതല്ലാം അവൾ ഏറെ കൗതുകത്തോടെയാണ് കേട്ടുകൊണ്ടിരുന്നത്. പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഞങ്ങൾ കൂടുതൽ അടുക്കാൻ തുടങ്ങി. ചിത്ര രജന അവളുടെ വിനോദമായിരുന്നു, അവൾ വരക്കുന്ന എല്ലാ ചിത്രവും എനിക്ക് കാണിച്ചു തരും.. ഒരു നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ വളർന്നു.

വീട്ടിലെ ഏകാന്തത അവളെ ഒരുപാട് തളർത്തിയിരുന്നു.. ഒരിക്കൽ അവളോട് അനിയനുമായി വഴക്കിട്ട് കാര്യം പറഞ്ഞപ്പോൾ അവൾ കൗതുകത്തോടെ കാര്യം ചോദിച്ചു. കഴിക്കാൻ തന്ന മീനിന്റെ വലിപ്പത്തിനാണെന്നു പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം.. ആ നിമിഷം അവൾ സ്വന്തം വീട്ടിലെ അനുഭവം ഒന്നോർത്തു പോയി. നാട്ടിലെ അറിയപ്പെടുന്ന ഒരു വക്കീലാണ് തന്റെ ഉപ്പ. രാവിലെ ഓഫീസിനടുത്തുള്ള ഒരു റൂമിൽ പ്രാക്ടീസ് അത് കഴിഞ്ഞാൽ കോടതി, അങ്ങനെ തിരക്കുപിടിച്ച ഒരാൾ,, ഉമ്മ അവിടെയുള്ള വലിയൊരു ഹോസ്പിറ്റലിൽ അറിയപ്പെടുന്ന ഗൈനക്കോളജിസ്ററ്. രാവിലെ വീടിനോടു ചേർന്നുള്ള ഒരു മുറിയിൽ പ്രാക്ടീസ് ഉണ്ട്, ഹോസ്പിറ്റൽ പോകുന്നതുവരെ അവിടെ രോഗികളെ പരിശോധിക്കും. അത് കഴിഞ്ഞു ഹോസ്പിറ്റലിലേക്ക്, വൈകീട്ട് വന്നാൽ പിന്നെയും വീട്ടിലുള്ള പരിശോധന തുടരും, അത് ചിലപ്പോൾ അർദ്ധരാത്രിവരെ നീണ്ട ദിവസങ്ങളും ഉണ്ട്. മൂന്നുപേര് തമ്മിൽ കാണുന്നത് തന്നെ അപൂർവ്വം, ഡൈനിങ് ടേബിളിൽ ആണ് ഒരുമിച്ചു കൂടുന്നത്.

അപ്പോൾ ഉപ്പാക്ക് ചോദിക്കാനുള്ളത് തന്റെ പഠനത്തെക്കുറിച്ച് മാത്രമായിരിക്കും. എങ്ങനെയായിരുന്നു നിന്റെ എക്സാം...? അസീസ് ഭക്ഷണം കഴിക്കുന്നതിനിടയിൽ പതിവ് ചോദ്യം എടുത്തിട്ടു. സാധാരണ കൊടുക്കുന്ന മറുപടി തന്നെ കുഴപ്പമില്ലായിരുന്നു. നന്നായിട്ട് പഠിച്ചോ,? ആഷിക്കിന് നല്ലൊരു ജോലി ഉണ്ട് എന്ന് വിചാരിച്ച് നീ ഉഴപ്പേണ്ട, ഇക്കാലത്ത് രണ്ടുപേർക്കും ജോലിയില്ലാതെ ഒന്നും നടക്കില്ല. ഉമ്മയുടെ സംസാരം കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. ആർക്ക് വേണ്ടിയാണ് നിങ്ങൾ ഇങ്ങനെ സമ്പാദിക്കുന്നത് എന്ന് ചോദിക്കണമെന്നുണ്ട്, പക്ഷേ അത് ചോദിക്കാൻ ഉള്ള അടുപ്പം പോലും അവരോട് എനിക്കില്ല.. അതിലേറെ എനിക്ക് വെറുപ്പ് ഉണ്ടാക്കുന്ന മറ്റൊരു പേരാണ് ആഷിക്, ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്ന ആൾ. ഉമ്മയുടെ ജേഷ്ഠന്റെ മകനാണ്, ചെറുപ്പത്തിൽ പറഞ്ഞുവെച്ച ബന്ധമാണ്,

അത് എനിക്കിഷ്ടം ആണോ എന്ന് പോലും ഇതുവരെ ആരും ചോദിച്ചിട്ടില്ല... അവനെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്, അതിലേറെ പേടിയും, വർഷം ഒരുപാട് ആയി അവൻ എന്റെ മേൽ അധികാരം സ്ഥാപിക്കാൻ നോക്കുന്നു, ഒരു ഭ്രാന്തമായ ഇഷ്ടം, സ്നേഹം പിടിച്ച് വാങ്ങാൻ കഴിയുന്ന ഒന്നല്ല എന്ന് അവൻ മനസ്സിലാക്കുന്നത് പോലുമില്ല... എന്റെ സങ്കടങ്ങൾ എല്ലാം പറയാം എന്റെ കൂടെ എന്നും എന്റെ സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്... എല്ലാം പ്രണവിനോട് അവൾ തുറന്നു പറയുമ്പോൾ അവളോട് അവനു ഒരു വല്ലാത്ത ഇഷ്ടമാണ് തോന്നിയത്. ആ സൗഹൃദ സംഭാഷണങ്ങൾക്കിടയിലെപ്പോഴോ രണ്ടുപേരുടെ ഉള്ളിലും ഒരു പ്രണയം മുളപൊട്ടി. ഉള്ളിലെ ഇഷ്ടം അവൻ അവളോട് തുറന്നു പറയുമ്പോൾ കേൾക്കാൻ കാതോർത്തിരുന്നത് പോലെ ആയിരുന്നു അവളുടെ മറുപടി..

പിന്നീടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു. രണ്ടുപേരും ഒരുപാട് സ്വപ്നം കണ്ടു. അവന്റെ കയ്യും പിടിച്ച് അവൻ പറഞ്ഞു കേട്ട അവന്റെ നാടും വീടും എല്ലാം ചുറ്റിക്കാണുന്നതും സ്വപ്നം കണ്ട് അവൾ അവന്റെ പെണ്ണാകാൻ ഒരുങ്ങിയിരുന്നു. വല്ലാത്തൊരു ബന്ധം തന്നെയായിരുന്നു ഞങ്ങൾക്കിടയിൽ. റെയ്ച്ചലിനെ നോക്കി പ്രണവ് പറഞ്ഞപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ മെല്ലെ തുടച്ച് അവൾ അവന് ഒരു പുഞ്ചിരി നൽകി. അർധരാത്രി പോലും അവൾ വിളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ അവളുടെ മെസ്സേജ് ഉണ്ടാവും, അവളുടെ മുഖം ഒന്നും വാടിയാൽ അവൾ ഒന്ന് വേദനിച്ചാൽ ഞാനിവിടെ അറിയും. സ്നേഹിക്കുന്നവർ ക്കിടയിൽ ഇണക്കവും പിണക്കവും സാധാരണയാണല്ലോ..? ഞങ്ങൾക്കിടയിലെ വഴക്ക് തീർക്കാനേ അവളുടെ ഫ്രണ്ട്സിന് സമയം ഉണ്ടായിരുന്നുള്ളൂ എന്തു പറഞ്ഞാലും പെട്ടെന്ന് കരയുന്ന ഒരു സ്വഭാവമാണ് അവൾക്ക്, ഒരു തൊട്ടാവാടി ആ തൊട്ടാവാടി എന്റെ ജീവനായി മാറാൻ വെറും ദിവസങ്ങൾ മാത്രം വേണ്ടിവന്നുള്ളൂ..

ഞങ്ങൾ രണ്ടുപേരും മത്സരിച്ചു പ്രണയിക്കുന്നതുപോലെയാണ് തോന്നിയിരുന്നത്. ഒരിക്കൽ അവളോട്‌ സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് കോൾ കട്ടായി, പിന്നെ ഒരാഴ്ചക്ക് അവളുടെ ഒരു വിവരവുമില്ല. അവളോട് സംസാരിക്കാതെ എനിക്ക് ഒരു നിമിഷം പോലും കഴിയില്ലായിരുന്നു, അവളെ കുറിച്ച് ഒരു വിവരവും ഇല്ല അത് എന്നെ ആകെ തളർത്തി, അപ്പോഴേക്കും എന്റെ കാലൊക്കെ ശരിയായിരുന്നു. അവളുടെ ഒരു കോളും പ്രതീക്ഷിച്ച് ഞാൻ കാത്തിരുന്നു. എന്റെ മാറ്റം ആദ്യം മനസ്സിലാക്കിയത് എന്റെ സുഹൃത്തുക്കൾ ആണ്, കാര്യം പറഞ്ഞ് പൊട്ടി കരയുമ്പോൾ എനിക്കവർ ആശ്വാസമേകി... നാളെ തന്നെ പോകാം നമുക്ക് അവളെ കാണാൻ എന്നവർ പറയുമ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെ എന്റെ പെണ്ണിനെ കാണാൻ ഞങ്ങൾ പുറപ്പെടാൻ തീരുമാനിച്ചു. രാത്രി എനിക്ക് ഉറക്കം വരുന്നേയില്ല, അവൾക്കായി വാങ്ങിയ ചിലങ്ക ഞാൻ എന്റെ കയ്യിലെടുത്തു... കാതുകളിൽ അവളുടെ ശബ്ദം മുഴങ്ങിക്കേട്ടു, ഏട്ടൻ എന്നെ കാണാൻ വരുമ്പോൾ എനിക്ക് എന്തു കൊണ്ടു വരും...

അവളുടെ നിഷ്കളങ്കമായ ആ ചോദ്യത്തിന് അന്നൊന്നും എനിക്ക് ഒരു മറുപടി ഉണ്ടായിരുന്നില്ല... നൃത്തം അവൾക്ക് ജീവനായിരുന്നു. ആഗ്രഹിച്ചിട്ടും വീട്ടുകാർക്ക് ഇഷ്ടമില്ലാതെ പകുതിവെച്ച് പഠിപ്പു നിർത്തേണ്ടി വന്നത് അവൾ എപ്പോഴും സങ്കടത്തോടെ പറയുമ്പോൾ ഞാൻ നിന്നെ പഠിപ്പിക്കാടീ എന്ന് അവൾക്ക് ഞാൻ വാക്ക് കൊടുത്തിരുന്നു... ഈ ചിലങ്ക തന്നെയാണ് അവൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം,അതിലേക്ക് ചുണ്ടുകൾ അമർത്തി ഞാൻ അവളെ ഓർത്തു നിൽക്കുമ്പോളാണ് എന്റെ ഫോൺ ശബ്‌ദിച്ചത്.. ഞാൻ കാത്തിരുന്ന ആള് തന്നെയായിരുന്നു എന്റെ പെണ്ണ്.. ഏറെ സന്തോഷത്തോടെ ഞാൻ ആ കോൾ അറ്റൻഡ് ചെയ്തത്. അവളെ കണ്ടതും എനിക്ക് ഒരുപാട് സന്തോഷമായി, അവളുടെ മുഖത്ത് പതിവ് പ്രസന്നത ഒന്നുമില്ല.. ഇതുവരെ വിളിക്കാത്ത പരിഭവം പറഞ്ഞപ്പോൾ അവളുടെ മുഖവും കവിളും ഒക്കെ സൂക്ഷിച്ചു നോക്കാൻ പറഞ്ഞു. അപ്പോഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത് മുഖത്തെ പാടുകൾ ആരുടെ കൈയിൽ നിന്ന് അടി കിട്ടിയത് പോലെ,

ചുണ്ടിലും മുറിവുണ്ട് ഞാൻ സംശയത്തോടെ നോക്കിയപ്പോൾ അവൾ തന്നെ ഉത്തരവും നൽകി. അന്നത്തെ ആ സംസാരം അവളുടെ വീട്ടുകാർ പിടിച്ചു അതിന്റെ അനന്തരഫലമാണ് അവളുടെ ശരീരത്തിൽ കാണുന്ന പാടുകൾ... ആ പാടുകൾ ഏറെ വേദനിപ്പിച്ചത് എന്റെ ഹൃദയത്തെയാണ്.. വേദനയുണ്ടോ വാവേ ഞാൻ സങ്കടത്തോടെ ചോദിച്ചു.. ഇല്ലേട്ടാ, ഇതെനിക്കൊട്ടും വേദനയില്ല, പക്ഷേ എന്നെ പൊള്ളിക്കുന്ന വേറൊരു കാര്യമുണ്ട് അവൾ നിറകണ്ണുകളോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ സംശയത്തോടെ അവളെ നോക്കി. കഴുത്തിൽ കിടക്കുന്ന മാല ഞാൻ കാണാൻ വേണ്ടി അവൾ ഉയർത്തിപ്പിടിച്ചു... അതിൽ എഴുതിയ ആഷിക് ഇന്ന് പേര് കണ്ടതും എന്റെ ഹൃദയം നിലച്ചതുപോലെ തോന്നി.. ഒരു നിമിഷം മുന്നിൽനിൽക്കുന്ന അവളോട് പോലും എനിക്ക് വെറുപ്പ് തോന്നി. അവൾ നിയന്ത്രണം വിട്ടു എന്റെ മുൻപിൽ പൊട്ടിക്കരഞ്ഞു. ഇതെനിക്ക് സഹിക്കുന്നില്ല ഏട്ടാ, എന്റെ സമ്മതം പോലും വാങ്ങാതെ അവർ എന്നെ മറ്റൊരാൾക്ക് കൊടുത്തു. ഇന്നൊരു രാത്രി കഴിഞ്ഞാൽ ഞാൻ പൂർണ്ണമായും വേറൊരാളുടെ ആയി മാറും,

അതെനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല, മുൻപ് ഞാൻ പറഞ്ഞതുപോലെ ഈ ജന്മം ഏട്ടന്റെ പെണ്ണായിട്ട് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് ഈ ജീവിതം വേണ്ട, കയ്യിൽ കരുതിയ ബ്ലേഡ് ഉയർത്തിക്കൊണ്ട് അവൾ ഉറച്ച ശബ്ദത്തോടെ പറയുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിൽ ആയിരുന്നു ഞാൻ... അരുതെന്ന് ഒരുപാട് പറഞ്ഞു നോക്കി, പക്ഷേ അവൾ ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു. എന്റെ മുൻപിൽ വെച്ച് തന്നെ അവൾ അവളുടെ ഞരമ്പ് മുറിച്ചു... ഞാനൊരുപാട് നിലവിളിച്ചിട്ടും അവൾ അതൊന്നും കേട്ടില്ല, എന്നെ കാണാൻ വരണം നാളെ ഏട്ടൻ വരുന്നതും കാത്തു ഞാൻ ഉണ്ടാവും ഈ ഉമ്മറപ്പടിയിൽ ബോധം പോകുന്ന നിമിഷത്തിലും അവൾ മന്ത്രിച്ചു കൊണ്ടിരുന്നത് അതായിരുന്നു.. അവിടെനിന്നും ഇറങ്ങി ഓടി എന്ത് ചെയ്യണമെന്നറിയാതെ അലമുറയിട്ടു ഞാൻ കരഞ്ഞു. എന്റെ സുഹൃത്തുക്കൾക്കൊപ്പം അവളെതേടി പോകുമ്പോൾ മാറോടടക്കി പിടിച്ച് ആ ചിലങ്കയും ഉണ്ടായിരുന്നു എന്റെ കയ്യിൽ.

അവളുടെ വീടിനടുത്ത് എത്താറായപ്പോൾ കണ്ട ആൾ കൂട്ടത്തിൽ നിന്ന് തന്നെ മനസ്സിലായി അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന്... എന്റെ ശ്വാസം നിലച്ചു പോയ സമയം. വിറക്കുന്ന പാതങ്ങളോടെയാണ് ഞാൻ അവളുടെ വീടിന്റെ മുറ്റത്ത് വണ്ടി ഇറങ്ങിയത്.. എന്നെ കണ്ടതും പലരും മുറുമുറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു... എന്റെ സുഹൃത്തുക്കളും അവളുടെ സുഹൃത്തുക്കളും ഒരുക്കിയ വഴിയിലൂടെ ഞാൻ നടന്നടുത്തു എന്റെ പെണ്ണിനെ ആദ്യമായും അവസാനമായും ഒരു നോക്ക് കാണാൻ വേണ്ടി... ഉമ്മറപ്പടിയിൽ തന്നെ വെള്ള പുതച്ചു കിടത്തിയിട്ടുണ്ട് അവളെ.. പെണ്ണ് കാത്തിരിക്കുവാ എന്റെ വരവും നോക്കി... നേരിട്ട് കാണാൻ ഒരുപാട് സുന്ദരിയാണ്, പല ആഗ്രഹങ്ങളും ഉണ്ടായിരുന്നു ഞങ്ങൾക്ക് നേരിട്ട് കാണുമ്പോൾ പങ്കുവയ്ക്കാൻ... ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു ഇങ്ങനെ ഒരു മുഹൂർത്തത്തെ കുറിച്ച്.. പക്ഷേ ഇന്ന് അത് യാഥാർത്ഥ്യമായപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു നിമിഷം ആയി മാറി.

തളർച്ചയോടെ ആണ് ഞാൻ അവളുടെ അരികിലേക്ക് ഇരുന്നത്. ഡീ വാവേ.. ഒന്ന് കണ്ണു തുറക്ക്, ഞാൻ നിന്നെ കാണാൻ വന്നത് നീ അറിഞ്ഞില്ലേ..? എനിക്കെന്റെ കണ്ണുനീർ നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നില്ല. എന്റെ മുത്തല്ലേ ഒന്ന് കണ്ണുതുറക്കെടീ നീ എന്നെ ഒന്ന് നോക്ക്, ദേ നോക്ക് ഞാൻ നിനക്കെന്താ കൊണ്ടുവന്നത് എന്ന്‌ കയ്യിലെ ചിലങ്ക ഉയർത്തികൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു. വെള്ളയിൽ പുതച്ച അവളുടെ ശരീരം കാണുന്തോറും എന്റെ സങ്കടം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഞങ്ങളൊരുമിച്ചു എത്ര സ്വപ്നം കണ്ടതാ ഒടുവിൽ എന്നെ തനിച്ചാക്കി അവൾ യാത്രയായി... ഏട്ടാ ഏട്ടനെന്നെ ആദ്യം കാണുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ എന്റെ നെറ്റിയിൽ ഒരു ഉമ്മ തരണം ട്ടോ കാതുകളിൽ അവളുടെ നിഷ്കളങ്കമായ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. അവളുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ടുകൾ അമർത്തുമ്പോൾ സകല നിയന്ത്രണവും നഷ്ടപ്പെട്ടു ഞാൻ ആർത്തു കരഞ്ഞു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story