💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 4

thattathinmarayath

രചന: റഫീന മുജീബ്

" പ്രണവ് " റെയ്ച്ചലിന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. അതേ, തന്റെ സ്വപ്നങ്ങളിൽ വന്ന അതേ മുഖം, താൻ തേടിക്കൊണ്ടിരുന്ന ആൾ, തന്റെ സ്വപ്ന പുരുഷൻ. പക്ഷേ താൻ കണ്ട ഭാവങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു അവന്റെ മുഖം. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകുന്നുണ്ട്, കണ്ണുകൾ ചുവന്നിട്ടുണ്ട്, അത്യധികം പകയോടെ അവൻ തന്റെ ഇരയെ നോക്കി. ആ നിമിഷം അവൾ തന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന ആളെ ഒന്ന് നോക്കി. അടികിട്ടിയതുകൊണ്ടാവാം അയാളുടെ ചുണ്ട് പൊട്ടി ചോരയൊഴുകുന്നുണ്ട്. പ്രണവ് അയാളോടടുക്കുന്നതിനനുസരിച്ച് അയാൾ പുറകിലേക്ക് പേടിയോടെ നിരങ്ങി കൊണ്ടിരുന്നു. തന്റെ എതിരാളിയെ ദേഷ്യത്തോടെ ഷർട്ടിൽ പിടിച്ചു അയാളെ ചുമരിനോട് ചേർത്ത് നിർത്തി അവന്റെ മുഖത്തേക്കയാൾ ആഞ്ഞു തല്ലി. ഞാൻ ഇന്നലെ വാണിംഗ് തന്നതാണ് രാഹുലേ റാഗിംഗ് എന്ന പേരിൽ ഇവിടെ നിങ്ങളുടെ ഒരു തോന്ന്യാസവും നടക്കില്ല എന്ന്.

ഇനി ഒരിക്കൽ കൂടി ഇങ്ങനെ കണ്ടാൽ ഇതായിരിക്കില്ല എന്റെ പ്രതികരണം അയാളിലെ പിടിവിട്ടു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു. അവൻ തളർച്ചയോടെ ചുമരിലൂടെ ഊർന്നിറങ്ങി. അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിയ അയാളുടെ നോട്ടം ആ ക്ലാസ് മുറിയിലേക്ക് മാറിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. അവിടെ കരഞ്ഞുകലങ്ങിയ മുഖവുമായി ഒരു പെൺകുട്ടി നിൽക്കുന്നു. ചുറ്റും കൂടി നിൽക്കുന്നവർക്കെല്ലാം അപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അവൻ ആ കുട്ടിയോട് മര്യാദകേട് കാണിച്ചിട്ട് ഉണ്ടാവും. ഇവനു കിട്ടിയത് കുറഞ്ഞുപോയി റെയ്‌ച്ചൽ മനസ്സിലോർത്തു. ഒരിക്കൽ കൂടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഇങ്ങനെ വല്ല പ്രവർത്തിയും ഉണ്ടായാൽ ഈ രീതിയിൽ ആയിരിക്കില്ല പ്രതികരണം എല്ലാവരും ഓർത്തോ..., ചുറ്റും കൂടിയവർക്ക് നേരെ വിരൽ ചൂണ്ടി ഒരു താക്കീതോടെ അയാൾ പറഞ്ഞ് മുന്പോട്ട് നടന്നു. ടോ..., ഒന്ന് നിന്നേ...,

പെട്ടെന്ന് എന്തോ ഒരു പ്രേരണയിൽ റെയ്‌ച്ചൽ അറിയാതെ വിളിച്ചുപോയി. ഐനു അവളെ സംശയത്തോടെ നോക്കി. ശബ്ദം കേട്ട് അയാൾ ഒന്നു നിന്നു, പിന്നെ പുറകോട്ടു തിരിഞ്ഞു നോക്കി. റെയ്‌ച്ചൽ അയാളുടെ അടുത്തേക്ക് നടന്നു. കൊടു കൈ, തന്നെപ്പോലെയുള്ള ചുണക്കുട്ടികളാണ് ഇതുപോലെയുള്ള ഞരമ്പുരോഗികളുടെ പേടി സ്വപ്നം തന്റെ കൈ അയാൾക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു. അയാൾ അവളുടെ കയ്യിലേക്കും മുഖത്തേക്കും ദേഷ്യത്തോടെ മാറി മാറി നോക്കി. ഹാ ഈ ഗൗരവം ഒന്ന് കുറക്കിഷ്ടാ, എന്നിട്ട് ഐശ്വര്യമായി ആ കൈ ഒന്ന് തന്നെ നമുക്ക് ഫ്രണ്ട്സ് ആവാം. റെയ്‌ച്ചൽ അയാൾക്ക്‌ നേരെ വീണ്ടും തന്റെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അയാൾ ഗൗരവം വിടാതെ അവളെ ഒന്ന് അടിമുടി നോക്കി. പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നും നടന്നകന്നു. അയാൾ പോകുന്നതും നോക്കി അവൾ കുറച്ചു സമയം നിന്നു.

എല്ലാവരും തന്നെ ഏതോ അത്ഭുത ജീവിയെ പോലെ നോക്കുന്നത് കണ്ടവൾ സ്വയം ഒന്ന് അടിമുടി നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന ഐനുവിനു നേരെ ഒന്ന് കണ്ണടച്ചു കാണിച്ചു അവൾ അവളുടെ അരികിലേക്ക് ചെന്നു. കൂട്ടം കൂടി നിന്നവരെല്ലാം പിരിഞ്ഞുപോകാൻ തുടങ്ങി. അവരും അവരുടെ ക്ലാസ് അന്വേഷിച്ച് പോകാൻ നിൽക്കുമ്പോഴാണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ആ കുട്ടിയെ കണ്ടത്. റെയ്‌ച്ചൽ ഒരു പുഞ്ചിരിയോടെ അവളുടെ നേർക്ക് നടന്നു. ഹായ്, നിൽപ്പും മട്ടും കണ്ടിട്ട് താൻ പുതിയ അഡ്മിഷൻ ആണെന്ന് തോന്നുന്നു, ഞാൻ റെയ്‌ച്ചൽ, ഇത് എന്റെ ഫ്രണ്ട് ഐറിൻ ഞങ്ങൾ രണ്ടും ന്യൂ അഡ്മിഷൻ ആണ്, റെയ്‌ച്ചൽ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. ഞാൻ നന്ദന കൃഷ്ണൻ, ഞാനും പുതിയ അഡ്മിഷൻ ആണ്. അവളും മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. ആഹാ, അപ്പൊൾ താനും കൂടിക്കോ ഞങ്ങളോടൊപ്പം, ഈ തൊട്ടാവാടി സ്വഭാവം ഒക്കെ മാറ്റിവെച്ച് റിച്ചു ഒരു ചിരിയോടെ അവളോട് പറഞ്ഞു. അവരുടെ സാമിപ്യം അവളിൽ ഒരു ആശ്വാസം ഉണ്ടാക്കി എന്ന് അവർക്ക് മനസ്സിലായി.

അവളുമായി അവർ പെട്ടെന്ന് അടുത്തു, മൂന്ന് പേരും തങ്ങളുടെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നീങ്ങി. ഹലോ ഒന്ന് നിക്കണേ.... പുറകിൽ നിന്നും ആ ശബ്ദം കേട്ട് മൂന്നുപേരും ഒരുമിച്ച് തിരിഞ്ഞുനോക്കി. തങ്ങളുടെ നേരെ പുഞ്ചിരിയോടെ വരുന്ന രണ്ടു പേർ. അപരിചിതരാണെങ്കിലും പരിചിതരെ പോലെയുള്ള സംസാരം. പെങ്ങമ്മാരെ ഈ പിജി ബ്ലോക്ക് എവിടെയാണെന്ന് ഒന്നു പറഞ്ഞുതരാമോ....? അതിലൊരുത്തൻ അവരോട് ചോദിച്ചു. അയ്യോ ആങ്ങളെ ഞങ്ങളും അത് അന്വേഷിച്ച് തന്നെയാണ് നടക്കുന്നത്, റിച്ചു രണ്ടുകൈയും എളിയിൽ വെച്ചുകൊണ്ട് അവരോട് പറഞ്ഞു. അപ്പോൾ നിങ്ങൾ ന്യൂ അഡ്മിഷൻ ആണോ...? അതേലോ..., ഐനുവാണ് മറുപടി നൽകിയത്. എന്നാൽ നമ്മൾക്ക് ഇനി ചോയ്ച്ചു ചോയ്ച്ചു മുന്പോട്ട് പോകാം, രണ്ടാമൻ പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ അഭിറാം യു ക്യാൻ കോൾ മി അഭി, ഇവൻ കിഷോർ കിച്ചു എന്നാണ് വിളിപ്പേര് അഭി തന്നെ കിച്ചുവിനെ യും പരിചയപ്പെടുത്തിക്കൊടുത്തു.

ഞാൻ റെയ്‌ച്ചൽ റിച്ചു എന്ന് വിളിക്കും ഇത് ഐറിൻ എന്റെ ഐനു, ഇത് ഇപ്പോൾ ഞങ്ങൾക്ക് കിട്ടിയ തൊട്ടാവാടി നന്ദന, നമുക്കിവളെ നന്ദു വിളിക്കാം റെയ്‌ച്ചൽ തന്നെ അവർക്ക് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. കുറച്ച് സമയം കൊണ്ട് തന്നെ അവർ അഞ്ചു പേർക്കും വല്ലാത്ത ഒരു അടുപ്പം തോന്നി. അഭിയും കിച്ചുവും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്, എന്നാൽ നന്ദന അത്ര വാചാലയല്ല. ക്ലാസിൽ എത്തുന്നതുവരെ അഞ്ച് പേരും വാതോരാതെ സംസാരിച്ചു. ക്ലാസിലെ അപരിചിതമായ മുഖങ്ങൾ ക്കിടയിൽ റേച്ചൽ എല്ലാവരെയും ഓടിനടന്ന് പരിചയപ്പെട്ടു. ഐനും നന്ദുവും അങ്ങിനെ ആരോടും മിണ്ടാൻ ഒന്നും പോയില്ല. കുറച്ച് സമയം കൊണ്ട് തന്നെ റേച്ചൽ എല്ലാവർക്കും പരിചിതമായി. ക്ലാസ്സിലെ ബഹളത്തെ ഭേദിച്ചുകൊണ്ട് ആ ക്ലാസിലേക്ക് കേറി വന്ന ആളെ കണ്ടു റെയ്ച്ചൽ വായും പൊളിച്ച് എഴുന്നേറ്റുനിന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story