💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 6

thattathinmarayath

രചന: റഫീന മുജീബ്

"മുന്നിൽ നിൽക്കുന്ന ആളുടെ മുഖത്ത് രൗദ്രഭാവം വന്നു നിറയുന്നത് അവൾ ഭീതിയോടെ നോക്കി. ഉള്ളിൽ സ്വരുക്കൂട്ടി വെച്ച ധൈര്യമൊക്കെ ചോർന്നുപോകുന്നത് പോലെ തോന്നി അവൾക്ക്. ഐനുവിനോട് വെല്ലുവിളിച്ച് പെട്ടന്നുള്ള ആവേശത്തിൽ പറഞ്ഞു പോയതാ, ഇനിയിപ്പോ എന്തു ചെയ്യും. അങ്ങനെ പേടിക്കൊന്നും വേണ്ട കൊല്ലോന്നും ഇല്ല ഏറിപ്പോയാൽ രണ്ടെണ്ണം കിട്ടും അതു കെട്ടിക്കഴിഞ്ഞു കിട്ടുന്നതിൽ നിന്നും കുറക്കാം, തളരരുത് റെയ്‌ച്ചൽ തളരരുത് അവൾ സ്വയം പറഞ്ഞു. താനെന്താ ഇപ്പോൾ പറഞ്ഞത് അയാൾ ഗൗരവത്തോടെ അവളുടെ അടുത്തേക്ക് രണ്ടടി വെച്ചു. ഓഹ് ഒന്നൂടി കേൾക്കാനുള്ള അടവാ കൊച്ചുകള്ളാ അവൾ ഉള്ളിൽ ചിരിച്ചു. പേര് പ്രണവ് ആണെന്നെനിക്കറിയാം, അതില്കൂടുതൽ ഒന്നും അറിയില്ല സിംഗിൾ ആണോ അല്ലയോ ഒന്നും, ഇനി സിംഗിൾ അല്ലെങ്കിൽ ഞാൻ പറഞ്ഞത് മറന്നേക്ക്, അതല്ല സിംഗിൾ ആണെങ്കിൽ ഞാൻ സാറിനെയും കൊണ്ടേ പോകൂ..

റെയ്‌ച്ചൽ പറയുന്നത് കേട്ട് അയാളുടെ രക്തം തിളക്കാൻ തുടങ്ങി. എന്തു പറഞ്ഞെടീ അയാൾ ശബ്ദമുയർത്തി ചോദിച്ചു. അലറണ്ട, സാറിന്റെ ശബ്ദമുയർന്നാൽ അതിലും കൂടുതൽ എന്റെ ശബ്ദം ഉയരും ദോ ആ കാണുന്ന ബിൽഡിങ്ങില്ലേ അതിന്റെ മൂന്നാമത്തെ നിലയിൽ കേറിനിന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു കൂവും, തൊട്ടടുത്ത ഡിഗ്രീ ഡിപ്പാർട്മെന്റ് ചൂണ്ടി അവൾ ധൈര്യത്തോടെ തുടർന്നു. ചിലപ്പോൾ അവിടെ നിന്നും ചാടിയെന്നും വരാം, അതൊക്കെ എന്റെ ഇഷ്ടമാണ്, അന്വേഷിച്ചാൽ അറിയാം റെയ്ച്ചൽ ഒന്നും വെറുതെ പറയാറില്ല. സാർ എന്തിനാ ഇത്ര തിളക്കുന്നത്, ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്, അഭിപ്രായ സ്വാതന്ത്രം എല്ലാവർക്കുമുണ്ട്, എന്നെ ഇഷ്ടപ്പെടാൻ ഞാൻ സാറിനെ നിർബന്ധിച്ചിട്ടില്ല, അതൊക്കെ സാറിന്റെ ഇഷ്ടം, പക്ഷേ ഇതിന്റെ പേരിൽ സാർ കിടന്നു തിളയ്ക്കുകയാണെങ്കിൽ ഇതിലും വലിയ കളികൾ എനിക്കും അറിയാം, ഉള്ളിലെ പേടി മറച്ചുവെച്ച് റെയ്‌ച്ചൽ സധൈര്യം പറഞ്ഞു.

തന്റെ മുൻപിൽ മുഷ്ടിചുരുട്ടി പല്ലുകടിച്ചു പിടിച്ചു ദേഷ്യം നിയന്ത്രിക്കുന്ന ആളെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അവൾക്കുണ്ടായിരുന്നില്ല. നീ കളിക്ക് ആ കളി നിന്റെ നാശത്തിനാവും എന്ന് ദേഷ്യത്തോടെ പറഞ്ഞ് അയാൾ അവിടെ നിന്നും നടന്നകന്നു. അയാൾ പോയതും അവൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു. സക്സസ് അവൾ സന്തോഷത്തോടെ പറഞ്ഞു, അവൾക്കൊന്നു തുള്ളിച്ചാടണമെന്നുണ്ടായിരുന്നു, അയാളുടെ പ്രതികരണം താൻ പേടിച്ചപോലെ ഒന്നുമുണ്ടായില്ല, ഇതൊരു നല്ല ലക്ഷണം തന്നെ. നോക്കിക്കോ എന്റെ സാറെ നിങ്ങളെകൊണ്ട് ഞാൻ ഐ ലവ് യു പറയപ്പിച്ചിരിക്കും അയാൾ പോയ വഴിയെ നോക്കി അവൾ ആത്മധൈര്യത്തോടെ പറഞ്ഞു. " എസ്ക്യൂസ്മി" കുറച്ചു സമയം അവിടെ നിന്ന് തിരികെ ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് തന്റെ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഒരു പെൺകുട്ടി, അധികം മോഡേൺ അല്ലാത്ത ഒരു സുന്ദരി, തോളറ്റം വെട്ടിയൊതുക്കിയ മുടി കാറ്റിൽ പാറി അവളുടെ മുഖത്തേക്ക് വരുന്നത് ഒരു കൈ കൊണ്ട് മാറ്റുന്നുണ്ട്.

ആർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു സുന്ദര രൂപം. ഇവിടെ ന്യൂ അഡ്മിഷനാണല്ലേ...? പുഞ്ചിരിയോടെ റെയ്ച്ചലിനോട് ചോദിച്ചു. അതിന് മറുപടിയായി അവളൊന്നു ചിരിച്ചു. ഞാൻ അഭിരാമി, പിജി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അവൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. റെയ്ച്ചൽ തന്നെ അവൾക്കും പരിചയപ്പെടുത്തി കൊടുത്തു. ഇതുവരെ കാണാത്ത കാഴ്ച കണ്ടതുകൊണ്ട് ഒന്ന് നോക്കി നിന്നതാ അവൾ പറയുന്നത് കേട്ട് റെയ്ച്ചൽ സംശയത്തോടെ നോക്കി. ആ കാട്ടു പോത്തിനോട് ഇന്നുവരെ ആരും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ഒന്നിലും ഇടപെടാതെ മാറി നിൽക്കുന്നു ഒരു പ്രകൃതമാണ് അയാൾക്ക്, സ്റ്റാഫ് റൂമിൽ പോലും അത്യാവശ്യത്തിനല്ലാതെ സംസാരിക്കില്ല, ആരുമായും ഒരു കൂട്ടുകെട്ടില്ല, ആരോടും ഒന്നും മയത്തിൽ പോലും സംസാരിക്കില്ല, ഒരു പരുക്കൻ സ്വഭാവം, തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കുന്ന മറ്റൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള ഉള്ള ഒരു ഒഴുക്കൻ മട്ട്.

പതിവിനു വിപരീതമായി ഇന്ന് താൻ സംസാരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത്.അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അതെന്താ ചേച്ചി അയാൾ അങ്ങനെ? റിച്ചു സംശയത്തോടെ ചോദിച്ചു. എന്നെ താൻ ആമി എന്നു വിളിച്ചോളൂ, അയാൾ എന്താ ഇങ്ങനെ എന്ന് ആർക്കും അറിയില്ല. അറിയണമെങ്കിൽ അയാൾ ഒന്നു സംസാരിച്ചിട്ട് വേണ്ടേ, എല്ലാരും അയാളെ കാട്ടുപോത്ത് എന്നാണ് വിളിക്കുന്നത്. അസ്സല് കാട്ടുപോത്ത് തന്നെ. ഓഹോ, എന്ന ആ കാട്ടുപോത്തിനെ നമുക്കൊന്നു മെരുക്കി എടുക്കണമല്ലോ...? അതിനു വെറുതെ കഷ്ടപ്പെടേണ്ട, മോൾക്കയാളുടെ സ്വഭാവം ശരിക്ക് അറിയാത്തതുകൊണ്ടാണ്. ആമി അവളോട് പറഞ്ഞു. , നോക്കാം അവൾക്ക് നേരെ ഒരു പുഞ്ചിരി നൽകിക്കൊണ്ട് റിച്ചു ക്ലാസിലേക്ക് വെച്ച് പിടിച്ചു. ക്ലാസ്സിൽ അവളുടെ വരവും നോക്കി ഐനു പരിഭ്രാന്തിയോടെ ഇരിപ്പുണ്ടായിരുന്നു. റെയ്ച്ചലിനെ കണ്ടതും ഐനുവിന്റെ മുഖം ഒന്ന് തെളിഞ്ഞു.

നീ എന്തിനാണ് അയാളുടെ പുറകെ പോയത്..,? അവൾ സംശയത്തോടെ ചോദിച്ചു. അത് ചുമ്മാ ഒരു ഐ ലവ് യു പറയാൻ റെയ്ച്ചൽ കൂളായി പറഞ്ഞു. ഹേ എന്ത്...? അവളുടെ മറുപടി കേട്ടതും ഐനുവും നന്ദുവും എഴുന്നേറ്റുനിന്നു. എന്താടി..? അവൾ സംശയത്തോടെ രണ്ടുപേരെയും നോക്കി. നീ അയാളോട് ഐ ലവ് യു പറഞ്ഞോ....? ഐനു സംശയത്തോടെ ചോദിച്ചു. പിന്നെ ഞാൻ വെറുതെ പറയുമോ.? റിച്ചു ഇത്തിരി ഗൗരവം നടിച്ചു ചോദിച്ചു. എന്നിട്ട് അയാൾ നിന്നെ ഒന്നും ചെയ്തില്ലേ....? നന്ദന സംശയത്തോടെ ചോദിച്ചു. അതിനു ഞാൻ അയാളുടെ കിഡ്നി ഒന്നും അല്ല ചോദിച്ചത്, ജസ്റ്റ് ഐ ലവ് യു മാത്രമേ പറഞ്ഞുള്ളൂ. മതിയല്ലോ..., എന്നിട്ടും അയാൾ ഒന്നും പറഞ്ഞില്ലേ ഐനു സംശയത്തോടെ ചോദിച്ചു. എന്തു പറയാൻ അയാൾ എന്നെ നോക്കി പേടിപ്പിച്ചു, റിച്ചുവിന്റെ സംസാരം കേട്ട് കാര്യം മനസ്സിലാകാതെ അവർ പരസ്പരം നോക്കി. ഇങ്ങനെ മിഴിച്ചു നോക്കേണ്ട, നിങ്ങൾ കണ്ടോ എന്റെ കൊച്ചുങ്ങളെ കൊണ്ട് ഞാൻ അയാളെ അച്ഛാ എന്ന് വിളിപ്പിക്കും. മ്മ് നടന്നത് തന്നെ, അവർ രണ്ടുപേരും ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. നോക്കാം നമുക്ക്, റെയ്ച്ചൽ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു. 

അന്ന് പിന്നെ കാര്യമായ ക്ലാസ് ഒന്നും ഉണ്ടായില്ല. അഞ്ചുപേരും കൂടി നേരെ ക്യാൻഡീനിലേക്ക് വെച്ചുപിടിച്ചു. എല്ലാവർക്കും കട്ലേറ്റും കോഫിയും ഓർഡർ ചെയ്ത് അവർ അന്നത്തെ ക്ലാസിനെ കുറിച്ച് ചർച്ച ചെയ്തു. അതു വന്ന് നിന്നത് കാട്ടുപോത്തിലും. ഐനു റെയ്ച്ചലിന്റെ സ്വപ്നം വിശദമായിത്തന്നെ മറ്റുള്ളവർക്ക് പറഞ്ഞുകേൾപ്പിച്ചു, അയ്യോ ഇയാളെ ആണോ നീ സ്വപ്നം കണ്ടത്, നടന്നത് തന്നെ അഭി അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്തുകൊണ്ട് നടക്കില്ല, പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ..? അയാളുടെ ജീവിതത്തിലും ഒരു പെണ്ണു വന്നാൽ നമ്മളും രക്ഷപ്പെടും ചിലപ്പോൾ, നീ ധൈര്യമായിട്ട് മുന്നോട്ടു പൊയ്ക്കോ ഇതിനു വേണ്ടി എന്ത് സഹായം ചെയ്യാനും ഞാൻ തയ്യാറാണ്, കിച്ചു അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാനും തയ്യാറാണ്, അഭിയും അവൾക്ക് നേരെ കൈ നീട്ടി, ഇനിയിപ്പോ ഞങ്ങൾ ആയിട്ട് മാറി നിൽക്കുന്നില്ല, ഐനുവും നന്ദുവും കൂടി അവൾക്ക് നേരെ കൈ നീട്ടി.

അപ്പോൾ ഇന്നു മുതൽ നമ്മൾ ഡ്യൂട്ടി തുടങ്ങുന്നു, ആ കാട്ടുപോത്തിനെ മെരുക്കി ഒരു ആട്ടിൻകുട്ടി ആക്കാനുള്ള നമ്മുടെ മിഷൻ ഇവിടെ ആരംഭിക്കുന്നു. അവരുടെ കൈകൾക്കു മേലെ കൈ വെച്ചു റെയ്ച്ചൽ പറഞ്ഞു. നമ്മുടെ ആദ്യപടി എന്നോണം സാറിനെ കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസ് എനിക്ക് കിട്ടണം, ആളു മാരീഡ് ആണോ..? വീട്ടിൽ ആരൊക്കെയുണ്ട് എല്ലാം, അതിന് ഇപ്പോ എന്താ ഒരു വഴി റെയ്ച്ചൽ താടിക്ക് കൈ കൊടുത്ത് ആലോചിച്ചു. അതു നീ ടെൻഷൻ ആകണ്ട ആ കാര്യം ഞങ്ങൾ ഏറ്റു, നാളെ ഞങ്ങൾ അയാളെക്കുറിച്ചുള്ള എല്ലാ ഡീറ്റെയിൽസും നിനക്കുമുമ്പിൽ ഹാജരാക്കാം അഭി പറഞ്ഞത് കേട്ട് റെയ്ച്ചലിനും സന്തോഷമായി. കുറച്ചു നേരത്തെ ചർച്ചയ്ക്ക് ശേഷം നാളെ കാണാമെന്ന പ്രതീക്ഷയിൽ അവരെല്ലാവരും പിരിഞ്ഞു. വീട്ടിലേക്ക് വിളിച്ച് എല്ലാവിശേഷവും അവരുമായി പങ്കുവെച്ചു. രാത്രി ഏറെ വൈകിയാണ് ഇരുവരും ഉറക്കത്തെ പുൽകിയത്. ഒരു നല്ല പുലരിയെ വരവേൽക്കാം എന്ന പ്രതീക്ഷയോടെ.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story