💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 7

thattathinmarayath

രചന: റഫീന മുജീബ്

മുഖത്തേക്ക് വെള്ളത്തുള്ളികൾ വീണപ്പോഴാണ് ഐനു കണ്ണുതുറന്നത്. പാതിതുറന്ന കണ്ണുകൾ അവൾ ഉറക്കച്ചടവോടെ വലിച്ചു തുറന്നു . മുന്നിൽ ഈറനോടെ നിൽക്കുന്ന റയ്ച്ചലിനെ കണ്ടവൾ സംശയത്തോടെ നോക്കി. നേരം ഒരുപാടായോടീ ഐനു സംശയത്തോടെ ചോദിച്ചു. നേരം വൈകിയിട്ടൊന്നുമില്ല നീ എണീക്ക് നമുക്കൊരിടം വരെ പോകാനുണ്ട്, തന്റെ തലമുടി തുവർത്തിക്കൊണ്ട് റെയ്‌ച്ചൽ പറഞ്ഞു. എങ്ങോട്ട്....? ഐനു സംശയത്തോടെ അവളെ നോക്കി. അതൊക്കെയുണ്ട് നീ ഒന്ന് പെട്ടെന്നെണീക്ക് കയ്യിലിരുന്ന ടവ്വൽ അവൾക്ക് നേരെ നീട്ടിക്കൊണ്ട് റെയ്ച്ചൽ പറഞ്ഞു. എവിടേക്കാണ് എന്ന് പറയാതെ ഞാൻ ഒരടി അനങ്ങില്ല, ഐനു ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു, ഇവിടെ അടുത്ത് ഒരു അമ്പലം ഉണ്ടെന്ന് നന്ദു പറഞ്ഞു, നമ്മുക്ക് കോളേജിൽ പോകുന്നതിനു മുൻപ് അവിടെ വരെ ഒന്ന് പോവാം, കർത്താവേ.. നീ മതവും മാറിയോ....? ഐനു അത്ഭുതത്തോടെ ചോദിച്ചു. മതം മാറിയതൊന്നുമല്ല ടീ ആ കള്ള കണ്ണൻ അല്ലേ എനിക്ക് എന്റെ സാറേ തന്നത് ഇനി മുൻപോട്ടുള്ള കാര്യങ്ങൾക്ക് ഒരു ഹെൽപ്പ് ചോദിക്കാനാ

റിച്ചു ഒരു കുസൃതിയോടെ പറഞ്ഞു. ആഹ് ആത്മമിത്രമായി പോയില്ലേ ഇനി പറയുന്നതിനൊക്കെ കൂട്ടു നിൽക്കുകയല്ലാതെ വേറെ വഴിയില്ല, ഐനു ഒരു നെടുവീർപ്പെട്ടു കൊണ്ട് പറഞ്ഞു ബാത്റൂമിലേക്ക് പോയി. അവൾ ഫ്രഷായി വന്നപ്പോഴേക്കും റിച്ചു പോകാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു. അവളെ ഒന്ന് നോക്കി ഐനുവും പെട്ടെന്ന് റെഡിയായി. ആഹാരം കഴിക്കാനായി ഇരുവരും ചെല്ലുമ്പോൾ കുട്ടികളൊക്കെ വന്നു തുടങ്ങുന്നേയുള്ളു. ഐനു രണ്ടുപേർക്കും ഉള്ള ഭക്ഷണവുമായി ടേബിളിൽ വന്നിരുന്നു. കടലക്കറിയും പുട്ടും.. റെയ്ച്ചൽ അതിലേക്ക് ദയനീയമായി ഒന്ന് നോക്കി. ടീ വല്ല വടിവാളോ വെട്ടുകത്തിയോ കിട്ടുമോ എന്ന് നോക്ക് റിച്ചു പറയുന്നത് കേട്ട് ഐനു സംശയത്തോടെ അവളെ നോക്കി. അല്ലെടീ ഈ പുട്ട് കഷണം കഷണം ആക്കാനാണ്, ഇത് സിമന്റിൽ വാർത്തതാണെന്ന് തോന്നുന്നു നല്ല ഉറപ്പ്, റിച്ചു അതിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഹോസ്റ്റലിൽ നിൽക്കണം എന്ന് നിന്റെ ആഗ്രഹം അല്ലേ..? അനുഭവിച്ചോ ഐനു ഒരു ചിരിയോടെ പറഞ്ഞു. വേറെ വഴിയില്ല അനുഭവിക്കുകതന്നെ.... രണ്ടാളും പെട്ടെന്ന് കഴിച്ചു ധൃതിയിൽ അമ്പലത്തിലേക്ക് വച്ചുപിടിച്ചു. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അമ്പലത്തിന്റെ മുൻപിൽ ഒരു ഓട്ടോയിൽ ഇരുവരും വന്നിറങ്ങി. അന്യമതസ്ഥർക്ക് അകത്തേക്ക് പ്രവേശനമില്ല എന്ന് എഴുതി വെച്ചത് ഐനു റിച്ചു വിന്റെ ശ്രദ്ധയിൽപ്പെടുത്തി. അത് കണ്ടതും ഇരുവരും പുറത്തു നിന്നു തന്നെ തൊഴുതു. ഉള്ളിലെ പ്രതിഷ്ഠ ആരാ എന്താ ഒന്നും അറിയില്ലെങ്കിലും റിച്ചു കൃഷ്ണനെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു.ആ കാട്ടുമാക്കാനേ ഒരു പൂച്ച കുട്ടി ആക്കി എനിക്ക് തരണേ എന്ന്. അവളുടെ ദീർഘനേരത്തെ പ്രാർത്ഥന കണ്ടു ഐനു അത്ഭുതത്തോടെ നോക്കി. തിരികെ ഇറങ്ങുമ്പോൾ വഴിയരികിൽ വിഗ്രഹങ്ങൾ വിൽക്കുന്ന ഒരാളെ കണ്ട റിച്ചു അവിടേക്ക് പോയി. കണ്ണന്റെ ഒരു കുഞ്ഞു വിഗ്രഹം കൗതുകത്തോടെ അവൾ കയ്യിലെടുത്തു, സ്നേഹത്തോടെ അതിനെ തലോടി അയാൾ പറഞ്ഞ വിലയ്ക്ക് അവൾ അത് സ്വന്തമാക്കി. ഐനു അവളുടെ പ്രവർത്തികളെല്ലാം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു. തന്റെ റിച്ചു അടിമുടി മാറി, ഒരു പ്രണയം അവളിൽ ഒരുപാട് മാറ്റം വരുത്തി. തിരികെ നടക്കാൻ ഒരുങ്ങുമ്പോഴാണ് പുറകിൽ നിന്നും അവരെ വിളിച്ചു ഓടിക്കിതച്ചു വരുന്ന നന്ദനയെ കണ്ടത്. അവൾ അമ്പലത്തിൽ നിന്നുള്ള വരവാണ്, നെറ്റിയിലെ ചന്ദനക്കുറി അവളെ കൂടുതൽ സുന്ദരിയാക്കി. നിങ്ങൾ ഇന്നുതന്നെ ഇവിടെയൊക്കെ എത്തിയോ...?

രണ്ടുപേർക്കും ചന്ദനം തൊട്ടു കൊടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു, ഇവൾ പിടിച്ചുവലിച്ചു കൊണ്ടുവന്നതാ ഐനു പരിഭവം പറഞ്ഞു. എന്തായാലും രണ്ടാളും ഇവിടം വരെ എത്തിയില്ലേ...? ഇവിടുന്ന് കുറച്ചു പോയാൽ മതി എന്റെ വീട്ടിലേക്ക് ഇനി നമുക്ക് അവിടെ കേറി ഒരുമിച്ച് കോളേജിലേക്ക് പോകാം. നന്ദന അവരെ നോക്കി പറഞ്ഞതും രണ്ടും ചാടിക്കേറി ഒക്കെ പറഞ്ഞു. ഇടവഴിയിലേക്ക് ഇറങ്ങി ഇരു സൈഡിലും നെൽക്കതിർ തല ഉയർത്തി നിൽക്കുന്ന പാടവരമ്പിലൂടെ അവർ മൂവരും നടന്നു. ഐനുവിനും റിച്ചു വിനും കൗതുകമുള്ള കാഴ്ചകൾ തന്നെയായിരുന്നു അത്. പട്ടണത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും നഷ്ടമാകുന്ന ഗ്രാമീണ കാഴ്ചകൾ. പുലർകാലം ആയതുകൊണ്ട് തന്നെ നയനങ്ങൾക്ക് കുളിരേകുന്ന അപൂർവയിനം കാഴ്ചകൾ. ഇതിലൂടെ വെറുതെ നടന്നാൽ പോലും എന്തെന്നില്ലാത്ത ഒരു ഊർജ്ജം കൈവരിക്കും നടത്തത്തിനിടയിൽ നന്ദു തന്റെ നാടിനെ കുറിച്ചുള്ള വർണ്ണനകൾ സുഹൃത്തുക്കൾക്കും മുൻപിൽ നിരത്തി. പാടം കഴിഞ്ഞ് നേരെ ചെല്ലുന്നത് അവളുടെ വീട്ടിലേക്കാണ്.

അതികം വലുതല്ലാത്ത ഒരു കുഞ്ഞു വീട്. ഇരു സൈഡിലും മനോഹരമായി പൂത്തുനിൽക്കുന്ന പല ഐറ്റം ചെടികൾ. ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ട്. മകളുടെ കൂടെ പരിചയമില്ലാത്ത രണ്ടുപേരെ കണ്ടപ്പോൾ അവർ സംശയത്തോടെ നോക്കി. നന്ദന ഇരുവർക്കും തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി കൊടുത്തു. നന്ദനയുടെ അച്ഛൻ ഒരു കൂലിപ്പണിക്കാരനാണ്. നന്ദനയാണ് മൂത്ത മകൾ അവൾക്ക് താഴെ നീരവ് എന്നൊരു അനിയനും നീരജ എന്നൊരു അനിയത്തിയും ഉണ്ട്. നീരവ് ഒമ്പതിലും, നീരജ ആറിലും പഠിക്കുന്നു. അമ്മ നിർമ്മല ഒരു പാവം വീട്ടമ്മ. സാമ്പത്തികമായി അത്ര മുന്നിൽ അല്ലെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ ഒരുപാട് മുൻപന്തിയിലാണ് ആ കുടുംബം എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. അവർ രണ്ടുപേരെയും നന്ദനയുടെ വീട്ടിലുള്ളവർക്ക് പെട്ടെന്ന് ഇഷ്ടമായി. അവരും ആ വീടുമായി പെട്ടെന്ന് ഇണങ്ങി. നന്ദനയുടെ അമ്മ കൊണ്ടുവന്ന ദോശയും ചട്നിയും അവർ രണ്ടുപേരും രുചിയോടെ ആസ്വദിച്ചു കഴിച്ചു. തിരികെ പോകുമ്പോൾ നല്ല ഒരു കുടുംബത്തെ ഉപേക്ഷിച്ചു പോകുന്ന ഒരു വേദനയുണ്ടായിരുന്നു ഇരുവർക്കും. ഇനിയും വരണമെന്ന് അവരുടെ അഭ്യർത്ഥനയ്ക്ക് ഒരു പുഞ്ചിരി നൽകി അവർ കോളേജിലേക്ക് യാത്രയായി. ************

കോളേജിന്റെ മുൻപിൽ തന്നെ അവരെയും പ്രതീക്ഷിച്ച് അഭിയും കിച്ചുവും നിൽപ്പുണ്ടായിരുന്നു. മൂവരെയും കണ്ടപ്പോൾ ഇരുവരുടേയും മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. അവർ തൊട്ടടുത്തെത്തിയതും അഭി റെയ്ച്ചലിന്റെ കൈയും പിടിച്ച് ഒഴിഞ്ഞ ഒരിടത്തേക്ക് മാറിനിന്നു. അവർക്കു മുൻപിൽ ഇരുവരും ഒരു വിജയികളെ പോലെ നിന്നു. അവർ മൂന്നാളും രണ്ടുപേരെയും സംശയത്തോടെ നോക്കി. നീ ഇന്നലെ ഞങ്ങളെ ഏൽപിച്ച കാര്യം ഞങ്ങൾ ഭംഗിയായി നിർവഹിച്ചു. കിച്ചു അഭിമാനത്തോടെ പറഞ്ഞു. അതു കേട്ടതും റെയ്ച്ചലിന്റെ മുഖം വിടർന്നു. അയ്യോ കണ്ടെത്തിയോ സാറിനെ കുറിച്ചുള്ള എല്ലാ വിവരവും....? അവൾ അത്ഭുതത്തോടെ ചോദിച്ചു. എന്തേ വേണ്ടേ..? അവളുടെ ചോദ്യം കേട്ട് രണ്ടുപേരും നിരാശയോടെ ഒരേ സ്വരത്തിൽ ചോദിച്ചു. അയ്യോ വേണം ഞാൻ പെട്ടെന്ന് കേട്ടപ്പോൾ ആകാംക്ഷയോടെ പറഞ്ഞു പോയതാ.. നിങ്ങൾ ഇത്ര പെട്ടെന്ന് കണ്ടു പിടിക്കും എന്ന് ഞാൻ വിചാരിച്ചത് പോലുമില്ല റിച്ചു അവരെ നോക്കി പറഞ്ഞു. നീ ഞങ്ങളെ കുറിച്ച് എന്തു വിചാരിച്ചു, ഇതൊക്കെ ഞങ്ങൾക്ക് നിസ്സാരം എന്ന് പറഞ്ഞു കിച്ചു കയ്യിലുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് വല്യ ഗമയോടെ വെച്ചു. അവൻ കാണിച്ചു കൂട്ടുന്നത് കണ്ട് മൂന്നാൾക്കും ചിരിവന്നു. നിങ്ങൾ കാര്യം പറ,

സാറിനെ കുറിച്ച് എന്തൊക്കെ അറിഞ്ഞു നിങ്ങൾ. റെയ്ച്ചൽ ആകാംക്ഷയോടെ ചോദിച്ചു. പേര് നീ പറഞ്ഞത് തന്നെ, പ്രണവ്.. പ്രണവ് നാഥ്, പ്രഭാകരന്റെയും ജലജയുടെയും രണ്ടു മക്കളിൽ മൂത്തവൻ, അനിയൻ പ്രശോഭ് എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ്, അച്ഛൻ പ്രഭാകരൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു ഇപ്പോൾ റിട്ടേർഡ് ആയി.അമ്മ ഒരു പാവം വീട്ടമ്മ. സാറിന്റെ നാട് ഇവിടെയല്ല, ജോലി ഇവിടെ കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം ഇങ്ങോട്ട് താമസം മാറ്റിയതാണ്, ഇനി പറയാനുള്ളത് കുറച്ച് സങ്കടകരമായ വാർത്തയാണ്, രണ്ടുപേരുടെയും മുഖം മാറിയത് കണ്ടു അവർ മൂന്നാളും അവരെ തന്നെ നോക്കി. സാറ് സിംഗിൾ അല്ല, വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമായി അവർ സങ്കടത്തോടെ പറഞ്ഞു. റേച്ചൽ അത് കേട്ട് തറഞ്ഞു നിന്നു പോയി. എന്തിനെന്നറിയാതെ അവളുടെ ഇരുകണ്ണുകളും നിറഞ്ഞു തുളുമ്പി. അകാരണമില്ലാത്ത ഒരു വേദന അവളെ കീഴ്പ്പെടുത്തുന്നത് അവൾ അറിഞ്ഞു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story