💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 8

thattathinmarayath

രചന: റഫീന മുജീബ്

"അതുവരെ ചിരിച്ചോണ്ടിരുന്ന ഐനുവിന്റേയും നന്ദുവിന്റേയും മുഖവും വാടി. റെയ്ച്ചലിന്റെ കണ്ണുനീർ കൂടുതൽ വേദനിപ്പിച്ചത് ഐനുവിനെയാണ്. ഹേയ്.. ഹേയ്.. നിക്ക് നിക്ക് കരയാനൊക്കെ വരട്ടെ ഞങ്ങൾ പറയുന്നത് മുഴുവനായിട്ട് ആദ്യം ഒന്ന് കേൾക്ക്, അഭി ഇടയിൽ കയറി പറഞ്ഞു. ഇനി എന്ത് പറയാൻ എന്ന രീതിയിൽ എല്ലാവരും ആകാംക്ഷയോടെ അവരെ നോക്കി. നീ എത്രത്തോളം സീരിയസ് ആണെന്നറിയാൻ ഞങ്ങൾ ചുമ്മാ ഒരു നമ്പർ ഇട്ടതല്ലേ പെണ്ണേ, അയാൾ കല്യാണമൊന്നും കഴിച്ചിട്ടില്ല, ഇപ്പോഴും ബാച്ച്ലർ തന്നെയാണ് അഭി അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. എടാ പട്ടി എന്നും വിളിച്ചു റെയ്‌ച്ചൽ രണ്ടാളുടെയും മുതുക് നോക്കി തന്നെ കൊടുത്തു. അല്ലെങ്കിലും ആ ക്ണാപ്പനെ ആര് കെട്ടാനാ, ബുദ്ധിയുള്ള ഒരു പെണ്ണും ചെന്ന് തലവെച്ചു കൊടുക്കില്ല കിച്ചുറെയ്ച്ചലിനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.

എനിക്ക് തോന്നുന്നത് പുള്ളിക്ക് അതി ദാരുണമായ ഒരു തേപ്പ് കിട്ടിയിട്ടുണ്ടെന്നാ.. ഇടം കണ്ണാലെ അവളെ ഒന്ന് നോക്കി കിച്ചു മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു. ഒന്ന് പോടാ അയാളെ തേക്കാൻ പോയിട്ട് ഒന്നു നോക്കാൻ പോലും പെൺകുട്ടികൾക്ക് പേടിയാണ്, അയാളെ ലൈൻ അടിക്കാൻ ധൈര്യമുള്ള ഒരു പെണ്ണും ഇതുവരെ ഉണ്ടായിക്കാണില്ല അഭി പറഞ്ഞു. ഇതുവരെ ഉണ്ടായിക്കാണില്ല എന്നാൽ ഇപ്പോൾ ഉണ്ട്, ഈ റെയ്‌ച്ചൽ ഫിലിപ്പ് പ്രണവിന് വേണ്ടി പിറന്ന പെണ്ണാണ്, അയാളെ ഞാൻ വീഴ്ത്തും നിങ്ങൾ നോക്കിക്കോ, റെയ്ച്ചൽ ആത്മവിശ്വാസത്തോടെ പറഞ്ഞു. അയാളെ വീഴ്ത്താൻ പോയിട്ട് നീ വീഴാതെ സൂക്ഷിച്ചോ കിച്ചു ഒരു പുഞ്ചിരിയോടെ പറഞ്ഞു. സാധാരണ ഒരാണിന്റെ ഉള്ളിൽ കയറിപ്പറ്റാൻ അവന്റെ വീക്നസ്സിൽ കയറി പിടിച്ചാൽ മതി.ഇതിപ്പോ ഇങ്ങേര് ഒന്ന് വായ തുറന്നാൽ അല്ലേ എന്തെങ്കിലും ഒക്കെ ഒന്ന് അറിയാൻ പറ്റൂ, നന്ദന നിരാശയോടെ പറഞ്ഞു. വഴിയുണ്ടാവും ടീ എന്തെങ്കിലും തുറുപ്പുചീട്ട് നമുക്ക് കിട്ടാതിരിക്കില്ല. റിച്ചു എല്ലാവരെയും പ്രതീക്ഷയേകി കൊണ്ട് പറഞ്ഞു.

ക്ലാസ്സ് ആരംഭിച്ചതും പ്രണവ് ക്ലാസ്സിലേക്കു വന്നു. പിന്നീടങ്ങോട്ട് അവന്റെ താണ്ഡവം ആയിരുന്നു, ചെറിയ ഒരു വിഷയം വന്നാൽ പോലും ഉച്ചത്തിൽ ശബ്ദം എടുത്തു എല്ലാവരെയും വഴക്കുപറയും. അറിയാതെ പോലും അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നില്ല. അയാളുടെ രൗദ്രഭാവം കണ്ടതുകൊണ്ടാവാം ക്ലാസ്സ് മൊത്തം നിശബ്ദമാണ്. ഒരു സൂചി വീണാൽ പോലും കേൾക്കാൻ പാകത്തിലുള്ള നിശബ്ദത. ക്ലാസ്സെടുക്കുന്നതിനിടയിൽ അഭി പലപ്രാവശ്യം റിച്ചുവിനെ ദയനീയമായി നോക്കി. ക്ലാസ് കഴിഞ്ഞ് പ്രണവ് പുറത്തേക്ക് പോയതും പുറകെ പോകാൻ നിന്ന് റെയ്ച്ചലിനെ നന്ദുവും ഐനുവും ചേർന്നു പിടിച്ചുവെച്ചു. എന്റെ പൊന്നു റിച്ചു നീ ആവേശംമൂത്ത് അയാളുടെ കൈയിൽ നിന്നും വാങ്ങി കൂട്ടരുത് പ്ലീസ് ഐനു അവളെ നോക്കി ദയനീയതയോടെ പറഞ്ഞു. ഫസ്റ്റ് ക്ലാസ് തന്നെ ഒരുവിധം എല്ലാവർക്കും മതിയായതുകൊണ്ടാവും പിന്നീടുള്ള ക്ലാസുകൾ എല്ലാവർക്കും വലിയ താൽപര്യമില്ലാത്ത മട്ടിലാണ് ഇരുന്നത്.

പ്രണവിനെ പോലെയല്ല ബാക്കിയുള്ളവർ എല്ലാവരുമായി നല്ല രീതിയിലാണ് പെരുമാറിയത്. റെയ്ച്ചലിന്റെ വായാടിത്തരം കൊണ്ടു തന്നെ എല്ലാ അധ്യാപകർക്കിടയിലും അവൾ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റി. അവളുടെ കുസൃതിയും കുറുമ്പും എല്ലാവർക്കും അവളോട് ഒരു ഇഷ്ടം സൃഷ്ടിച്ചു. ഫ്രഷേഴ്സ് ഡേ വളരെ ലളിതമായ രീതിയിൽ നടത്താൻ ഉള്ള അനുവാദമേ കോളേജിൽ നിന്നും ലഭിച്ചിട്ടുള്ളൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിൽ എല്ലാവർക്കും കഴിയുന്ന പോലെ നടത്താൻ ആണ് തീരുമാനം. അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്ന അനൗൺസ് മായി സീനിയേഴ്സ് ക്ലാസുകൾ തോറും കയറി ഇറങ്ങി. സാധാരണ ഫ്രഷേഴ്സ് ഡേയിൽ സംഭവിക്കുന്ന ഒരു കാര്യവും പ്രണവ് അധ്യാപകൻ ആയിരിക്കുന്ന കോളേജിൽ നടത്താൻ പറ്റില്ല എന്ന് പലരും പറയുന്നുണ്ടായിരുന്നു. ആദ്യമായിട്ട് എല്ലാവർക്കും അയാളോട് ഒരു ബഹുമാനം തോന്നിയത് അപ്പോഴാണ്. പിന്നീടുള്ള ദിവസങ്ങൾ അതിനുള്ള തയ്യാറെടുപ്പുകൾ തന്നെയായിരുന്നു എല്ലാവർക്കും. *************** ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.

ഫ്രഷേഴ്സ് ഡേയ്ക്ക് ഇനി രണ്ടു ദിവസം മാത്രം... ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ഫസ്റ്റ് ഹവർ ഫ്രീ ആയതുകൊണ്ട് എല്ലാവരും പ്രാക്ടീസ് ചെയ്യുന്ന തിരക്കിലായിരുന്നു. ഐനുവും നന്ദുവും ലൈബ്രറിയിലേക്ക് എന്നും പറഞ്ഞു പോയി, വായന അത്ര പ്രിയം അല്ലാത്തതുകൊണ്ട് റിച്ചു അവരുടെ കൂടെ പോകാൻ വിസമ്മതിച്ചു. കിച്ചു അന്ന് ലീവ് ആയതുകൊണ്ട് അഭിയെ ക്ലാസ്സിലെ കണ്ടില്ല. ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോൾ സ്റ്റാഫ് റൂം വഴി ഒന്ന് പാസ് ചെയ്താൽ ചിലപ്പോൾ ദർശന സുഖം എങ്കിലും കിട്ടിയാലോ ഓർത്ത്‌ റെയ്‌ച്ചൽ പുറത്തേക്കിറങ്ങി. എല്ലാവരും അവരവരുടെ കൂട്ടുകാരുമായി അങ്ങിങ്ങായി തമ്പടിച്ചിട്ടുണ്ട്. എല്ലാവരെയും ഒന്നു നോക്കി അവൾ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുമ്പോഴാണ് അഭി തനി ച്ചിരിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവനെ കണ്ടതും അവൾ അവന്റെ അടുത്തേക്ക് നടന്നു. ഫോണിലേക്ക് എന്തോ നോക്കി ഇരിക്കുന്നതിനാൽ റെയ്ച്ചൽ തൊട്ടു പുറകിൽ എത്തിയിട്ടും അവൻ കണ്ടില്ല. അവൻ അറിയാതെ വന്ന അവൾ അവന്റെ മൊബൈൽ പെട്ടെന്ന് തട്ടിപ്പറിച്ചു.

അപ്രതീക്ഷിതമായ അവളുടെ പ്രവർത്തിയിൽ അവൻ ഒന്നു ഞെട്ടിതിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന റെയ്ച്ചലിനെ കണ്ടവൻ ഒന്ന് പതറി. അവന്റെ മുഖത്ത് ഇതുവരെ കാണാത്ത വെപ്രാളവും പതർച്ചയും കണ്ട് റെയ്ച്ചൽ അവനെ സംശയത്തോടെ നോക്കി. , ഇടയ്ക്കിടെ ടെൻഷനോടെ നീളുന്ന അവന്റെ നോട്ടം തന്റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് ആണെന്ന് മനസ്സിലായതും അവൾ ആ ഫോണിലേക്ക് നോക്കി. അതിലേക്ക് നോക്കിയ അവളുടെ മുഖം മാറുന്നത് കണ്ടു അവൻ ദയനീയമായി അവളെ നോക്കി. ആദ്യം അവനെ രൂക്ഷമായി നോക്കിയ അവളുടെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിടർന്നു. എന്ന് തുടങ്ങി...? റിച്ചു ഒരു കള്ളച്ചിരിയോടെ അവനെ നോക്കി ചോദിച്ചു. എന്ത്..? അവൻ അറിയാത്ത രീതിയിൽ ചോദിച്ചു. നന്ദനയോടുള്ള നിന്റെ ദിവ്യപ്രേമം തുടങ്ങിയിട്ട് എത്ര കാലമായി എന്നാണ് ഞാൻ ചോദിച്ചത്...? മോന് അത് മനസ്സിലായില്ല എന്നുണ്ടോ, അവളുടെ ഫോട്ടോ നോക്കി വെള്ളം ഇറക്കാതെ കാര്യം പറയടാ റിച്ചു കുറച്ചു ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു. അത് പിന്നെ.....

ഞാൻ.. അങ്ങനെയൊന്നുമില്ല, അവൾ എന്റെ ഫ്രണ്ട് അല്ലേ, അതുകൊണ്ട് നോക്കി പോയതാ.. അവൾ വിക്കി വിക്കി പറഞ്ഞു മുഴുവിച്ചു. ആ നമ്പർ എന്നോട് എടുക്കേണ്ട മോനേ..., നന്ദു വിന്റെ ഈ ഫോട്ടോ ഇപ്പോഴൊന്നും എടുത്തതല്ല, പിന്നെ ഫ്രണ്ടാണെങ്കിൽ അവളുടെ മാത്രം ഫോട്ടോ നോക്കിയിരിക്കുന്നത് എന്തിനാ ഞങ്ങളുടെ കൂടി നോക്കിക്കൂടെ, റെയ്ച്ചൽ ഗൗരവം വിടാതെ ചോദിച്ചു. അപ്പൊ പോരട്ടെ വള്ളിപുള്ളി വിടാതെ നിന്റെ ലവ് സ്റ്റോറി അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ പറയാം എല്ലാം കേട്ട് കഴിഞ്ഞു കാലുവാരരുത് അവൻ ദയനീയമായി പറഞ്ഞു ഹാ നോക്കട്ടെ, ആദ്യം നീ പറ റിച്ചു ഗൗരവത്തോടെ പറഞ്ഞു. അവളെ ഒന്ന് നോക്കി അവൻ തുടർന്നു. പത്താം ക്ലാസ് എക്സാം നടക്കുന്ന ടൈമിലാണ് ഞാൻ നന്ദനയെ ആദ്യമായി കാണുന്നത്. എനിക്ക് എക്സാം സെന്റർ ലഭിച്ചത് അവളുടെ സ്കൂളിലായിരുന്നു, ഇരു സൈഡിലേക്കു മുടി പിന്നി കെട്ടി ഒരു നാടൻ പെൺകുട്ടി കണ്ടമാത്രയിൽ എന്റെ ഹൃദയം കീഴടക്കി. വിദേശത്ത് ജീവിച്ചു വളർന്ന എനിക്ക് എന്നും പ്രിയം ഗ്രാമീണത തന്നെയായിരുന്നു.

അവളുടെ ആ നാടൻ രീതി തന്നെയായിരുന്നു എനിക്ക് ഏറെ ഇഷ്ടം. പിന്നീടുള്ള ദിവസങ്ങൾ ഞാൻ അവൾക്ക് വേണ്ടി ആയിരുന്നു സ്കൂളിലേക്ക് വന്നുകൊണ്ടിരുന്നത്. എക്സാം പോലും വകവെക്കാതെ അവളുടെ പുറകെ ഞാൻ അലഞ്ഞിട്ടുണ്ട് അവളറിയാതെ. പിജിക്ക് അവൾ ഇവിടെ ചേർന്നതറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇവിടെ ചേർന്നത്. എന്റെ കൂടെ എല്ലാ കാര്യത്തിനും കട്ട സപ്പോർട്ട് ആയിട്ട് കിച്ചുവുമുണ്ടായിരുന്നു. ആദ്യമായി ഇവിടെ കാലുകുത്തിയപ്പോൾ കരഞ്ഞുകലങ്ങിയ അവളുടെ മുഖമാണ് കാണേണ്ടിവന്നത്. അവളെ ഉപദ്രവിച്ചവർക്ക് കണക്കിന് കൊടുക്കാൻ തന്നെയായിരുന്നു തീരുമാനം. പക്ഷേ അതിന് ഒരു അവസരം നിന്റെ പ്രണവ് തന്നില്ല അവൻ തെല്ല് നീരസത്തോടെ പറഞ്ഞു. പിന്നീട് നിങ്ങൾ കൂട്ടാകുന്നാതൊക്കെ ഞങ്ങൾ കൗതുകത്തോടെ മാറിനിന്ന് കണ്ടു. ആദ്യകാഴ്ചയിൽ തന്നെ നീ ഒരു വായാടി ആണെന്നും പെട്ടെന്ന് എല്ലാവരുമായി അടുക്കുന്ന ടൈപ്പ് ആണെന്ന് മനസ്സിലായി. അവളോടടുക്കാൻ വേണ്ടി തന്നെ മനപ്പൂർവം ഇടിച്ചു കയറിയതാണ് അന്ന് ഞങ്ങൾ,

അല്ലാതെ പിജി ബ്ലോക്ക് അറിയാഞ്ഞിട്ട് ഒന്നുമല്ല ഒരു കള്ളച്ചിരിയോടെ അഭി പറഞ്ഞുനിർത്തി. എടാ ഭീകരാ ഇതായിരുന്നു നിന്റെ ഉള്ളിലിരിപ്പ് ഇതും മനസ്സിൽ ഇട്ടോണ്ട് ആയിരുന്നോ വഞ്ചകാ നീ ഞങ്ങളോട് സൗഹൃദം നടിച്ചത്. റിച്ചു പരിഭവത്തോടെ ചോദിച്ചു. ഈ കാര്യം മനസ്സിൽ ഇട്ടോണ്ട് ആണ് നിങ്ങളോട് അടുത്തത് പക്ഷേ ഇപ്പോൾ ഈ സൗഹൃദം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ട്, നിങ്ങൾ ഓരോരുത്തരും ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമായി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു. പറഞ്ഞു കേട്ടിടത്തോളം നിന്റെ കുടുംബം സാമ്പത്തികമായി ഏറെ മുൻപിലാണ്, പക്ഷേ നന്ദുവിന്റെ അച്ഛനൊരു കൂലിപ്പണിക്കാരനാണ്, ഒരിക്കലും നിന്റെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല റെയ്‌ച്ചൽ അവനെ നോക്കി തുടർന്നു. അവളെ പറഞ്ഞു മോഹിപ്പിച്ചിട്ട് വെറുതെ അതിനെ കരയിക്കണോ അവൾ അവനെ നോക്കി ചോദിച്ചു. സാമ്പത്തികമായി ഞങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ടാവാം എന്നാൽ അഭിറാം ഒരാൾക്ക് വാക്ക് കൊടുത്താൽ മരിക്കേണ്ടിവന്നാലും അതിൽനിന്ന് പിന്മാറില്ല,

പിന്നെ എന്റെ ഇഷ്ടത്തിന് എതിരായി എന്റെ വീട്ടുകാർ എതിര് നിൽക്കില്ല ആ ഉറപ്പ് എനിക്കുണ്ട്. എങ്കിൽ ഓക്കേ കട്ട സപ്പോർട്ടുമായി ഞങ്ങളും കൂടെ കൂടാം. പക്ഷേ ഒരു കാര്യം നിന്റെ ഇഷ്ടം അവളെ അധികം വൈകാതെ അറിയിക്കണം, അവളുടെ മനസ്സ് അറിഞ്ഞിട്ട് മതി മുൻപോട്ടുള്ള കാര്യങ്ങൾ, വെറുതെ നീട്ടിക്കൊണ്ടുപോയി പിന്നീട് നിരാശപ്പെടേണ്ടി വരരുത് എന്ന് വിചാരിച്ചാണ് പറയുന്നത്.. അറിയാം വർഷം കുറെ ആയി അവളോട് ഇത് പറയാൻ ഞാൻ ശ്രമിക്കുന്നു, പക്ഷേ അവളുടെ മുൻപിൽ പോയി നിൽക്കാൻ ഉള്ള ധൈര്യം പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. അയ്യടാ പ്രേമിച്ചാൽ പോരാ ചങ്കൂറ്റവും വേണം റെയ്ച്ചൽ കളിയാക്കിക്കൊണ്ട് പറഞ്ഞു. നീ നോക്കിക്കോ ഞാൻ അധികം വൈകാതെ അവളോട് എന്റെ മനസ്സ് തുറക്കും അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. എങ്കിൽ അതിനുള്ള സാഹചര്യം ഞങ്ങൾ ഒരുക്കി തരാം അവന്റെ തോളിലൂടെ കയ്യിട്ട്കൊണ്ടവൾ പറഞ്ഞു. വൈകുന്നേരം മഴക്കോൾ ഉള്ളതുകൊണ്ട് ഐനുവും റിച്ചുവും ഒരു ഓട്ടോയിൽ ആണ് ഹോസ്റ്റലിലേക്ക് പോയത്. വഴിയിൽവെച്ച് അവിശ്വസനീയമായ ഒരു കാഴ്ച കണ്ടതും റെയ്‌ച്ചൽ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. അതിൽ നിന്നും ചാടി ഇറങ്ങി കണ്ട കാഴ്ച്ച വിശ്വാസം വരാതെ അവൾ നോക്കിനിന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story