💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 9

thattathinmarayath

രചന: റഫീന മുജീബ്

"കോളേജിലേക്ക് പോകുന്ന വഴിയിൽ ഒരു നൃത്തവിദ്യാലയമുണ്ട്, നാട്യകലാക്ഷേത്ര എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുഞ്ഞു വിദ്യാലയം. കൊച്ചുകുട്ടികൾ ആണ് അവിടെ പഠിക്കാൻ വരുന്നത്. അവരെ പഠിപ്പിക്കാനായി മധ്യവയസ്കയായ ഒരു സ്ത്രീയും ഉണ്ട്. കോളേജിൽ പോകുന്ന വഴി എന്നും കുറച്ച് സമയം അവിടെ നോക്കി നിൽക്കാറുണ്ട്, കൊച്ചുകുട്ടികളുടെ നൃത്തം കാണാൻ നല്ല ഭംഗിയാണ്. ഇന്നും പതിവുപോലെ അവിടെയെത്തിയപ്പോൾ വെറുതെ ഒന്നു നോക്കിയതാണ് അപ്പോഴാണ് റെയ്ച്ചൽ ആ കാഴ്ച കണ്ടത്. ഓട്ടോയിൽ നിന്നിറങ്ങി അവൾ അത്ഭുതത്തോടെ അവിടേക്ക് നോക്കി നിന്നു. ശരിക്കും പറഞ്ഞാൽ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുമായിരുന്നില്ല. താൻ സ്വപ്നം കാണുകയാണോ എന്നുവരെ തോന്നിപ്പോയ നിമിഷം. അവളുടെ നിൽപ്പ് കണ്ട് സംശയത്തോടെയാണ് ഐനു അവൾക്ക് അരികിലേക്ക് വന്നു. മിഴിച്ചു നോക്കുന്ന റെയ്ച്ചലിന്റെ ദൃഷ്ടി പതിഞ്ഞിടത്തേക്ക് ഐനു നോക്കിയതും അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

തങ്ങൾക്കു മുന്നിൽ ആ കൊച്ചു കുട്ടികളുടെ നൃത്തം ആസ്വദിച്ചുകൊണ്ട് നിൽക്കുന്ന പ്രണവ്. മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്തഭാവം , ഏറെ സന്തോഷത്തോടെയും ഒരു പുഞ്ചിരിയോടെയും അവരുടെ നൃത്തം ആസ്വദിച്ചു നിൽക്കുകയാണ്.. റിച്ചു ഇതു നമ്മുടെ സാറ് തന്നെയാണോ...? ഐനു സംശയത്തോടെ ചോദിച്ചു. അതേടീ, നീ സാറിന്റെ മുഖത്തേക്ക് ഒന്നു നോക്ക്, അയാളെ ഇങ്ങനെ നമ്മൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...? എത്ര സന്തോഷവാൻ ആയിട്ടാണ് നിൽക്കുന്നത്, റെയ്ച്ചൽ അത്ഭുതത്തോടെ പറഞ്ഞു. ഇത് എനിക്ക് കൃഷ്ണൻ തന്ന ഒരു പിടിവള്ളിയാണ്, അവൾ സന്തോഷത്തോടെ ഐനുവിനെ നോക്കി പറഞ്ഞു. ഐനു കാര്യം മനസ്സിലാവാതെ റെയ്ച്ചലിനെ സംശയത്തോടെ നോക്കി. നോക്ക് ഐനു സാറ് എന്തുമാത്രം ആസ്വദിച്ചാണ് നിൽക്കുന്നത്, ഇതിനർത്ഥം എന്താ..? ഇങ്ങേർക്ക് നൃത്തത്തിനോട് താൽപര്യമുണ്ടെന്ന് അല്ലേ..? ഇതു മതി ഞാൻ ഇതുവെച്ച് ആ ഹൃദയത്തിൽ ഒരു കൂടുകൂട്ടി താമസിച്ചോളാം റെയ്ച്ചൽ പറയുന്നത് കേട്ട് ഐനു അവളെ മിഴിച്ചു നോക്കി.

എന്താ നിന്റെ ഉദ്ദേശം നീ തെളിച്ചു പറ, അവൾ ചോദിച്ചു. വരാൻ പോകുന്ന ഫ്രഷേഴ്സ് ഡേക്ക് ഞാൻ ഡാൻസ് കളിച്ച് അയാളെ വീഴ്ത്തും നീ നോക്കിക്കോ അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. കർത്താവേ., നീ അയാളുടെ ഹൃദയത്തിലേക്ക് കേറാൻ തന്നെ അല്ലേ നോക്കുന്നത്...? അല്ലാതെ അയാളെ പേടിപ്പിച്ച് അയാളുടെ പേടിസ്വപ്നം ആവാൻ ആണോ നോക്കുന്നത്..? ഐനു പറയുന്നത് കേട്ട് റെയ്ച്ചലിന് ഇത്തിരി ദേഷ്യം വന്നു. നീ നോക്കിക്കോ ഫ്രഷേഴ്സ് ഡേ ക്കു ഞാൻ അയാളെ വീഴ്ത്തും, പിന്നെ വീഴ്ത്താതെ, അയാൾ എപ്പോ ബോധംകെട്ടുവീണു എന്ന് ചോദിച്ചാൽ മതി, ജനിച്ചിട്ട് ഇന്നുവരെ നീ ഒരു ചുവടുവെക്കുന്നത് ഞാൻ കണ്ടിട്ടില്ല, കൈകൊണ്ട് ഒരു താളം പിടിക്കുന്നത് പോലും, ആ നീയാണ് ചുവടുകൾ കൊണ്ട് അയാളെ വീഴ്ത്താൻ പോകുന്നത്, ഒന്ന് പോയേ ടീ ചിരിപ്പിക്കാതെ,ഐനു ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു. കളിയാക്കണ്ട, നിനക്കീ റെയ്ച്ചലിനെ ശരിക്കും അറിയാഞ്ഞിട്ട് ആണ്, ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ എന്തുവിലകൊടുത്തും അത് നടത്തിയിരിക്കും,

ഇതുവരെ ചുവട് വെച്ചിട്ടില്ലെങ്കിൽ എന്താ പ്രാക്ടീസ് ചെയ്താൽ എനിക്കും പറ്റും നീ നോക്കിക്കോ...? ഡി റിച്ചു നീ കാര്യമായിട്ട് പറയുകയാണോ...? വേണ്ട മോളെ അറിയാത്ത പണിക്ക് പോകേണ്ട മോളെ ഐനു ദയനീയമായി അവളെ നോക്കിക്കൊണ്ട് പറഞ്ഞു. എന്നെ ഇങ്ങനെ നിരാശയാക്കല്ലെടീ, കൂടെ നിന്നോണം കട്ടക്ക്, റെയ്ച്ചൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അത് പിന്നെ നീ എന്ത് തോന്നിവാസം കാണിച്ചാലും നിന്റെ കൂടെ കട്ടക്ക് ഞാനും ഉണ്ടാവുമല്ലോ..? ഈ കാര്യത്തിലും എന്റെ ഫുൾ സപ്പോർട്ട് ഉണ്ട്, അയാളെ ജാതകത്തിൽ ഇങ്ങനെ ഒരു യോഗവും ഉണ്ടായിക്കാണും, ചാക്യാലുള്ളത് തൂത്താൽ പോവില്ലല്ലോ ഐനു ചിരി കടിച്ചമർത്തി കൊണ്ട് പറഞ്ഞു. അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയശേഷം റിച്ചു ചാടിത്തുള്ളി ഓട്ടോയിലേക്ക് കേറി. അവൾക്ക് പുറകെ ഒരു പുഞ്ചിരിയോടെ ഐനുവും കേറി. ***************** പിന്നീടുള്ള രണ്ട് ദിവസങ്ങൾ റെയ്ച്ചലിന് പ്രാക്ടീസ് തന്നെ ആയിരുന്നു. ഐനുവിന്റെ കളിയാക്കൽ കൂടിയപ്പോൾ അവളെ പുറത്താക്കി ഡോർ ലോക്ക് ചെയ്തിട്ടാണ് അഭ്യാസം.

പുലർച്ചെ എഴുന്നേറ്റു പ്രാക്ടീസ് ചെയ്യുന്നത് കണ്ട് ഐനുവിനു അവളെ പാവം തോന്നി. പാവം പ്രണവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, എന്റെ കർത്താവേ എന്റെ റിച്ചുവിനെ ഒരിക്കലും സങ്കടപ്പെടുത്തരുത്, അവളുടെ ജീവിതം ഇതുവരെ നിന്റെ പരീക്ഷണങ്ങളിൽ കൂടിയാണ് കടന്നു പോയത്, ഒരുപാട് അനുഭവിച്ചിട്ടുണ്ട് അവൾ, ഇനിയെങ്കിലും അവളൊന്നു സന്തോഷിക്കട്ടെ, അവളെ വിഷമിപ്പിക്കരുത് അവൾ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു. ••••••••••••••••••••••••••••••••••••••••••••••••••••••••••••••• അങ്ങനെ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നണഞ്ഞു. നവാഗതരെ സ്വീകരിക്കാൻ കോളേജ് അങ്കണം റെഡിയായിക്കഴിഞ്ഞു. പല നിറത്തിലും രൂപത്തിലുമുള്ള ബാനറുകൾ വിവിധ പാർട്ടിക്കാരുടെ വക നവാഗതർക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് തയ്യാറായിക്കഴിഞ്ഞു. തോരണങ്ങൾ കൊണ്ട് കോളേജ് അംഗണം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. മനോഹരമായിത്തന്നെ സീനിയേഴ്സ് അവർക്കുള്ള അവസരം ഉപയോഗിച്ചിട്ടുണ്ട്.

പ്രത്യേകം തയ്യാറാക്കിയ കോളേജ് ഓഡിറ്റോറിയത്തിലേക്ക് എല്ലാവരും എത്തിച്ചേർന്നു. ഓരോരുത്തരായി പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. കാര്യമായ പരിപാടികൾ ഒന്നുമില്ല, ആരെയും നിർബന്ധിക്കാനും പാടില്ല നറുക്ക് വീഴുന്ന വ്യക്തി തന്നാൽ കഴിയുന്ന എന്തെങ്കിലും പരിപാടി അവതരിപ്പിച്ച് സ്വയം പരിചയപ്പെടുത്തണം. ഓരോരുത്തരായി തങ്ങൾക്ക് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്. നല്ലതുപോലെ പരിപാടികൾ മുന്നേറിക്കൊണ്ടിരിക്കുന്നു. ഐറിൻ തോമസ് എന്ന പേര് കേട്ടതും റെയ്ച്ചലിന്റെ ഉള്ളിലാണ് ഒരു മിന്നൽ ഉണ്ടായത്. അതിന് കാരണമുണ്ട് ഐനു ഒരു തൊട്ടാവാടിയാണ്, പെട്ടെന്ന് കരയുന്ന സ്വഭാവം, അതുകൊണ്ടുതന്നെ അവൾ എന്തൊക്കെ കാട്ടി കൂട്ടും എന്ന ഭീതിയാണ് റിച്ചുവിന്. ഐനു റെയ്ച്ചലിന് ഒരു പുഞ്ചിരി നൽകി വേദിയിലേക്ക് നടന്നു. അവൾക്ക് നേരെ നീട്ടിയ മൈക്ക് ഒരു പുഞ്ചിരിയോടെ വാങ്ങി അവൾ തന്നെ നോക്കുന്ന ഓഡിയൻസിനു നേരെ തിരിഞ്ഞു. എല്ലാവർക്കും നമസ്കാരം അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു എല്ലാവരും തങ്ങളാൽ കഴിയുന്ന രീതിയിൽ വളരെ മനോഹരമായി തന്നെ പരിപാടികൾ അവതരിപ്പിച്ചു ഇതുപോലൊരു കഴിവ് ഒന്നും എനിക്കില്ല, അതുകൊണ്ട് തന്നെ ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തുന്നത് എന്റെ പഠനത്തിലൂടെ ആയിരിക്കും,.

പഠനത്തിൽ മികച്ച നിലവാരം പുലർത്തി എന്റെ തായ വ്യക്തിമുദ്ര ഞാനിവിടെ പതിപ്പിക്കും, അങ്ങനെ അറിയപ്പെട്ടാൽ പോരെ ഞാൻ ഐനു ഒരു ചെറുചിരിയോടെ ഓഡിയൻസിനെ നോക്കി ചോദിച്ചു. അവളുടെ സംസാരത്തിന് നിറഞ്ഞ കൈയടി തന്നെയായിരുന്നു ഓഡിയൻസ് നൽകിയത്. തിരികെ വന്നിരിക്കുമ്പോൾ എങ്ങനെയുണ്ടെന്ന് റിച്ചുവിനെ നോക്കി ഐനു ചോദിച്ചു. റിച്ചു സൂപ്പർ എന്ന രീതിയിൽ കൈകൊണ്ട് ആക്ഷൻ കാണിച്ചതും അവൾ ഷോൾഡർ പൊക്കി ഗമയോടെ വന്നിരുന്നു. അധികം താമസിയാതെ നന്ദനയ്ക്കും അവസരം കിട്ടി. വലിയ ആത്മവിശ്വാസത്തോടെ കേറി പോകുന്ന അവളെ അവരെല്ലാവരും ആകാംക്ഷയോടെ നോക്കി. പാട്ടുപാടി സ്വയം പരിചയപ്പെടുത്താം എന്ന് പറഞ്ഞ നന്ദനയെ എല്ലാവരും ആകാംക്ഷയോടെ നോക്കി ഒരു നല്ല പാട്ടിനായി കാതോർത്തിരുന്നു. ചെമ്പനീർ പൂവേ നീ.. അന്നേതോ ഒരു രാവിൽ.... നീല വർണ്ണം തൂകി.. നിൽക്കുകയാണോ മുൻപിൽ.. അവള് പാടാൻ തുടങ്ങിയതും എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി.

എല്ലാം കൈവിട്ടു പോയ ഒരു പാട്ടായിരുന്നു, കേൾക്കുന്നവരുടെ കിളികളൊക്കെ കൂടും കുടുക്കുകയും ആയി സ്ഥലംവിട്ടു. റെയ്ച്ചലും ഐനുവും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരി കടിച്ചു പിടിച്ചു നിന്നു. ഇടയ്ക്ക് അഭിയുടെ മുഖത്തേക്കൊന്ന് പാളിനോക്കിയ റെയ്ച്ചലിന് അവന്റെ എക്സ്പ്രഷൻ കണ്ടു ചിരിയടക്കാൻ പാടുപെട്ടു. പക്ഷേ നന്ദനയുടെ മുഖത്ത് മാത്രം നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പാട്ട് തീർന്ന് അവൾ വേദി വിടുമ്പോൾ എല്ലാവരുടെ മുഖത്തും ഒരു ആശ്വാസം നിഴലിച്ചു. അഭി നന്നായി പാട്ടുപാടും, മനോഹരമായ പാട്ടുപാടി അവനുകിട്ടിയ അവസരം അവൻ ഉപയോഗിച്ചു. കിച്ചു അവന്റെ അവസരം വന്നപ്പോൾ ഒരു മിമിക്രി കാട്ടി പിടിച്ചുനിന്നു. അവസാനം ആ പേരും വിളിച്ചു. "റെയ്ച്ചൽ ഫിലിപ്പ്"...... അവളെ വിളിച്ചതും ഐനുവിന്റെ മുഖത്താണ് ടെൻഷൻ നിഴലിച്ചത്. എല്ലാവരെയും നോക്കി വേദിയിലേക്ക്പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്. പുറത്തേക്ക് പോകാനൊരുങ്ങുന്ന പ്രണവ്... അവൾ ദയനീയമായി അഭിയെ നോക്കി... അവൻ കണ്ണുകളടച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ട് കിച്ചു വിനെയും വിളിച്ച് സാറിനു അരികിലേക്ക് പോയി.. അവര് പോകുന്നതും നോക്കി നിന്ന റയ്ച്ചൽ പതിയെ വേദിയിലേക്ക് കയറി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story