തെന്നൽ: ഭാഗം 3

thennal

എഴുത്തുകാരി: സ്വാതി കെ എസ്

 തമ്മിൽ മണിക്കൂറുകളുടെ പരിചയം മാത്രമുള്ളൊരു പെൺകുട്ടി തന്റെ ഹൃദയത്തെ ഇത്രയേറെ കീഴടക്കിയതെങ്ങിനെയെന്ന് നിവിൻ ആശ്ചര്യപ്പെട്ടു !! മനസ്സിലുടനീളം അവളുടെ രൂപവും ശബ്ദവും ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു !! സ്വന്തം ജീവനേക്കാൾ മാനത്തിനു വില കല്പിയ്ക്കുന്ന പെണ്ണ്!! സ്വന്തം സ്വപ്നങ്ങളെക്കാൾ സ്നേഹിയ്ക്കുന്നവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുന്ന പെണ്ണ്!! ജീവിതക്കുറിച്ചേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള പെൺകുട്ടി!! ആനിയെപ്പോലെ!! ആനി!! നിനച്ചിരിയ്ക്കാതെ ആ പേര് മനസ്സിലേക്കോടിയെത്തിയപ്പോൾ നിവിന് വല്ലായ്‌മ തോന്നി.. മറക്കാൻ ശ്രമിയ്ക്കുന്ന ഓർമകളിൽ അയാൾ സ്വയം വെന്തു നീറി!! നിവിച്ചായാന്ന് വിളിച്ചു തന്നോടൊട്ടി നടന്നിരുന്ന കുറുമ്പിപ്പെണ്ണ്‌!! ആനിയുടെ ഓർമകളൊരു തുരുത്താണ്!! ചെന്നെത്തിപ്പെട്ടാൽ ഏറെ നേരത്തേയ്ക്ക് മുക്തി നേടാൻ കഴിയാതെ തറഞ്ഞിറങ്ങിപ്പോയേക്കാവുന്ന തുരുത്ത്.!!

ചുറ്റും ഓർമകളുടെ മാത്രം വെള്ളക്കെട്ടാണ്!! അതൊടുക്കം ചെന്നെത്തുന്നത് ചില്ലുപെട്ടിയിൽ വെള്ള വസ്ത്രമണിഞ്ഞു അവൾ തണുത്തു മരവിച്ചു കിടന്ന ആ ശപിച്ച ദിനത്തിലേയ്ക്കും!! "സർ ...." കടന്നു വന്ന ശബ്ദം ചിന്തകളെ കാർന്നു മുറിച്ചു!! "നിവിൻ സാറിതു ഏത് ലോകത്താ?? ഇതുവരെ ഈ ഫയലുകളൊന്നും തുറന്നു നോക്കീട്ട് പോലുമില്ലല്ലോ... " മിയ കൗതുക ഭാവത്തിൽ മേശയിൽ കുന്നു കൂടിക്കിടക്കുന്ന ഫയലുകളെയും എന്നെയും മാറി മാറി നോക്കി നിൽക്കുന്നു.. "സോറി.. മിയ ഒരു 30 മിനുട്ട്സ് കഴിഞ്ഞു വരൂ... " ഈ സാറിനിതെന്തു പറ്റിയെന്നു പിറുപിറുത്തുകൊണ്ടു അവൾ ഗ്ലാസ് ഡോർ തുറന്നു കാബിൻ വിട്ടിറങ്ങി.. നിവിന് തെല്ലു ജാള്യത തോന്നി.. തെന്നലിലൂടെ ആനിയിലെത്തിച്ചേർന്ന ചിന്തകളെ അയാൾ താൽക്കാലികമായി ബന്ധിച്ചു ഹൃദയത്തിന്റെ മൂലയിലൊതുക്കി!! വർക്കുകളെല്ലാം ധൃതിയിൽ തീർത്തു ഉച്ചയ്ക്ക് മുൻപേ പുറത്തിറങ്ങി... ഇന്ന് ഉച്ച തിരിഞ്ഞു നേഹ മോളെ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് വാക്കു കൊടുത്തതാണ്!! പറഞ്ഞ വാക്കു തെറ്റിച്ചാൽ അതപകടമാണ്!! കൂടുതൽ ടെൻഷൻ...

അത് മോൾക്ക് താങ്ങാൻ കഴിയില്ല!! പ്രതീക്ഷിച്ചതു പോലെത്തന്നെ ആൾ പുത്തനുടുപ്പൊക്കെയിട്ടു ഗേറ്റിനു മുൻപിൽ കാത്തു നിൽപ്പുണ്ട്... കാർ കണ്ടതും സെക്യൂരിറ്റി വേഗത്തിൽ ഓടിയെത്തി ഗേറ്റ് തുറന്നു... വേഗത കുറച്ചു കാർ പോർച്ചിലേയ്ക്ക് കയറ്റുമ്പോൾ നേഹ മോൾ തുള്ളിച്ചാടി കാറിനു പിറകെ ഓടിയെത്തി.. കരുതിയിരുന്ന വലിയ ചോക്ലേറ്റെടുത്തു കുഞ്ഞി കയ്യിൽ വച്ച് കൊടുത്തപ്പോൾ ആ കൊച്ചു നുണക്കുഴികൾ തെളിഞ്ഞു വന്നിരുന്നു... "ആഹ്.. മോനെത്തിയോ? ഉച്ചയ്ക്ക് ശേഷം പുറത്തു പോവുന്നുണ്ടെന്നും പറഞ്ഞു പത്തു മണി തൊട്ടു കുളിച്ചൊരുങ്ങി ആ ഗേറ്റിന്റെ അവിടെ പോയി നിൽക്കുവായിരുന്നു മോള്... ഇടയ്ക്കിടെ ഉച്ചയായോ ന്ന് വന്നു ചോദിച്ചിട്ട് ഓടി അങ്ങോട്ട് തന്നെ പോകും... അകത്തു കേറി ഇരിയ്ക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ... വന്നു വന്നു ഒരക്ഷരം പറഞ്ഞാൽ കേൾക്കാതെ ആയിരിയ്ക്കുന്നു..." എന്നെ കണ്ടയുടനെ അമ്മച്ചി ഓടിയെത്തി പരിഭവം പറഞ്ഞു..

"ആണോ മോളെ?? മോൾക്കിവിടെ സിറ്റ് ഔട്ടിൽ ഇരുന്നാൽ പോരായിരുന്നോ?? വെയില് കൊണ്ടാൽ അസുഖം വരൂന്നു ചാച്ചൻ പറഞ്ഞത് മോള് മറന്നു പോയോ??" എന്റെ വിരൽത്തുമ്പിൽ നിന്നും പിടി വിട്ടു അമ്മച്ചി കള്ളം പറഞ്ഞതാണെന്നു അവൾ കൈ വിരലുകളുയർത്തി ആംഗ്യം കാണിച്ചു... "സാരമില്ല.. മോളവിടെ പോയിരുന്നു ചോക്ലേറ്റ് കഴിച്ചോ.. " ചുണ്ടിൽ കള്ള ചിരിയുമായി അവളകത്തേയ്ക്കോടി... "എന്നതാ അമ്മച്ചി ഇത്? പിള്ളേരായാൽ കുറുമ്പ് കാണത്തില്ല്യോ?? അല്ലെങ്കിലും കുറുമ്പില്ലാത്ത പിള്ളേരെ എന്തിനു കൊള്ളാം??" "നീയിങ്ങനെ വളം വച്ച് കൊടുത്തിട്ടാ കൊച്ചിങ്ങനെ വഷളാവുന്നെ... മെനിഞ്ഞാന്ന് വന്ന ഹോം നേഴ്‌സിനെയും അവളോടിച്ചു വിട്ടു.. ഈ മുട്ടു വേദനയും വച്ച് വയസാം കാലത്തു കൊച്ചിന്റെ പിന്നാലെ എനിയ്ക്കിങ്ങനെ കിടന്നോടാൻ കഴിയോ?" അമ്മച്ചി നിസ്സഹായതയോടെ മുട്ടുകാലിൽ കൈ വച്ചു.. "പോട്ടെ അമ്മച്ചി... മോളോട് ഞാൻ പറഞ്ഞോളാം... അവൾക്ക് സുഖമില്ലാത്തതല്ലേ?? മോളെ വേദനിപ്പിച്ചാൽ ആനീടെ ആത്മാവ് പൊറുക്കുകേല..."

അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ പറയണ്ടായിരുന്നെന്നു തോന്നിപ്പോയി... പെറ്റ വയറിന്റെ വേദന!! ഈ വീടിനെ മുഴുവൻ ഉറക്കിക്കിടത്തി അവളെല്ലാരെയും വിട്ടു പോയിട്ട് രണ്ടു വർഷം കഴിഞ്ഞിരിയ്ക്കുന്നു!! ഇപ്പോഴും ആനിയുടെ വിടവേല്പിച്ച തളർച്ചയിൽ നിന്നും ആർക്കും മുക്തി നേടാൻ കഴിഞ്ഞിട്ടില്ല!! "അപ്പച്ചനെന്ത്യേ??" "അപ്പച്ചന്റെ ഏതോ കൂട്ടുകാരന്റെ മോൾടെ മനസ്സമ്മത്തിനു പോയെക്കുവാ... കമ്പനിക്കാര്യങ്ങളൊക്കെ നിന്നെ ഏല്പിച്ചതീപ്പിന്നെ അതിയാന് ഇതൊക്കെയല്ലേ ഒരു നേരമ്പോക്ക്.. അല്ലെങ്കിലും ഇവിടിരുന്നു ഓരോന്നാലോചിച്ചു മനഃപ്രയാസം വരുത്തി വച്ചിട്ടെന്നാത്തിനാ?" നെഞ്ചിലെ സങ്കടക്കടൽ അമ്മച്ചിയുടെ കണ്ണിനു ചുറ്റും കറുത്ത വലയം തീർത്തിരുന്നു.. ആനിയുടെ വിഷയം എടുത്തിട്ട സ്ഥിതിക്ക് സംസാരമിനി എന്തിലേയ്ക്കൊക്കെ വഴി തിരിച്ചു വിട്ടാലും ഒടുക്കം അമ്മച്ചി അതിലേയ്ക്ക് തന്നെ കൊണ്ടെത്തിയ്ക്കുമെന്നുറപ്പാണ്..

"നമ്മടെ ആനീടെ അതേ ചിരിയാ നേഹ മോൾക്കും... അല്ല്യോ നിവിച്ചാ??" ചുമരിലെ അലങ്കാര ബൾബിന് മുൻപിൽ പുഞ്ചിരി തൂകുന്ന ആനിയുടെ ചിത്രത്തിനു നേരെ അമ്മച്ചി മിഴികളയച്ചു... "പക്ഷെ ഇതിനെയെങ്കിലും കൺ നിറയെ കാണാനുള്ള യോഗം കർത്താവ് നമ്മൾക്ക് തരുന്നില്ലല്ലോ ന്ന് ഓർക്കുമ്പോഴാ..." "അമ്മച്ചി ചോറ് എടുത്തു വച്ചേ... രണ്ടു മണിയ്ക്ക് ഷോ തുടങ്ങും... നേരം വൈകിയാൽ മോൾക്കത് മതിയാവും പിന്നെ..." അമ്മച്ചി വീണ്ടും കരയാൻ വട്ടം കൂട്ടുകയാണെന്നു കണ്ടപ്പോൾ ഞാൻ ഡ്രസ്സ് മാറാൻ മുറിയിലേയ്ക്ക് കയറി... വിളമ്പി വച്ച ചോറിനു മുൻപിൽ അക്ഷമയോടെ എന്നെ കാത്തിരിയ്ക്കുന്ന മോളെ കണ്ടപ്പോൾ ചിരി വന്നു.. അമ്മച്ചിയുടെ പൊരിച്ച മീനിന്റെ മണം മൂക്കിലേക്കടിച്ചു കയറിയപ്പോൾ തന്നെ നാക്കിൽ വെള്ളമൂറി!! കഴിച്ചു കഴിഞ്ഞു മോളെയും കൊണ്ട് സിനിമയ്ക്കും അവിടുന്ന് ബീച്ചിലേയ്ക്കും ഒരു ചെറിയ യാത്ര.. ആരോടും പെട്ടെന്നിണങ്ങാത്ത സ്വഭാവക്കാരിയാണെങ്കിലും... ചാച്ചനെന്നു പറഞ്ഞാൽ ജീവനാണവൾക്ക്... ആ വലിയ വീടിന്റെ വിങ്ങലിൽ നിന്നും ഇങ്ങനെയുള്ള ചെറിയ യാത്രകൾ അവൾക്കൊരാശ്വാസമാണ്!! തിരികെ വീടെത്തിയപ്പോഴേയ്ക്കും അവളുറങ്ങിയിരുന്നു...

തെന്നലിന്റെ ഓർമ്മകൾ പലപ്പോഴായി എന്നെ തേടിയെത്തി!! ദിവസങ്ങൾ പതിയെ കൊഴിഞ്ഞടർന്നു... തെന്നലിനെ കാണണമെന്ന മോഹം അധികരിച്ചപ്പോൾ ആത്മാർത്ഥ സുഹൃത്തായ റിസ്വാനെയും കൂട്ടി അവിടം വരെ ചെന്നു... പൂട്ടിയിട്ട വീടിനു മുൻപിൽ സംശയിച്ചു നിൽക്കുമ്പോൾ അയൽക്കാരാരോ അങ്ങോട്ടേക്ക് വന്നു.. "ചേട്ടാ... ഇവിടുള്ളവരൊക്കെ എവിടെപ്പോയി?" "അവരിവിടുന്നു വീട് മാറിപ്പോയല്ലോ.." "വീട് മാറിയോ?? അപ്പൊ ഇത് വാടക വീടാണോ?" "അതെ..." ഞങ്ങൾ മുഖത്തോടു മുഖം നോക്കി.. "എങ്ങോട്ടാ പോയതെന്നോ മറ്റോ??" "അറിയില്ല മോനെ.. " നിരാശയോടെ മടങ്ങുമ്പോൾ ഇനിയൊരിയ്ക്കലും അവളെ കാണില്ലെന്നുള്ള സത്യത്തെ ഉൾക്കൊള്ളാൻ എനിയ്ക്ക് പ്രയാസം തോന്നി!! ആശ്വസിപ്പിയ്ക്കാൻ റിസ്വാൻ പാടുപെട്ടു കണ്ടെത്തിയ വാക്കുകൂട്ടങ്ങൾക്കൊന്നും എന്റെ ഹൃദയത്തെ തെല്ലും സ്പർശിയ്ക്കാനായില്ല!! അവസാന സെമ്മിന്റെ എക്‌സാമും കഴിഞ്ഞു ഫൈനൽ ഇയറിലെ കുട്ടികളെല്ലാം പിരിഞ്ഞു പോയെന്ന് കോളേജിൽ നിന്നും വിവരം കിട്ടിയതിനാൽ ആ വഴിയും അടഞ്ഞു.. എന്തിനാണ് താൻ തെന്നലിനെ അന്വേഷിയ്ക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രം എത്ര ആലോചിട്ടും പിടി കിട്ടിയില്ല!! ഇത് സൗഹൃദമല്ല!!

പ്രണയമാണോന്ന് ചോദിച്ചാൽ അതുമറിയില്ല!! ഒന്നോർത്താൽ എല്ലാം വെറും വിഡ്ഢിത്തമാണ്... അവളുടെ ചിന്തകളിൽ പോലും ഞാനുണ്ടാവില്ല... അമ്മയല്ലാതെ മറ്റാരെയും സ്വപ്നത്തിൽ പോലും നിനച്ചിരിയ്ക്കാൻ തെന്നലിന് സാധിയ്ക്കില്ല!! ദിവസങ്ങൾ വീണ്ടും കുതിരക്കുളമ്പടികളോടെ സഞ്ചരിച്ചു.. നിവിൻ ചിന്തകളെ വീണ്ടും വീട്ടിലും ഓഫീസിലും തളച്ചിട്ടു തുടങ്ങി... പതിയെ പതിയെ തെന്നൽ ഓർക്കാൻ സുഖമുള്ളൊരോർമയായി ഉള്ളിലെവിടെയോ ഒതുങ്ങി... ഒതുക്കി എന്ന് വേണം പറയാൻ!! ഒരാഴ്ചത്തെ ഒഫിഷ്യൽ ടൂറിനുള്ള ഒരുക്കം തുടങ്ങിയപ്പോൾ മോളെ എന്ത് പറഞ്ഞു സമ്മതിപ്പിയ്ക്കുമെന്നായിരുന്നു ഭയന്നത്... അവളേറെ ഇഷ്ടപ്പെട്ടിരുന്ന നീല ഫ്രോക് ധരിച്ച സിൻഡ്രല്ലയുടെ പാവയെ തിരഞ്ഞു പോവുകയാണെന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.. പാവം!! മിയയും ഒന്ന് രണ്ടു സ്റ്റാഫും മാത്രമടങ്ങുന്ന ചെറിയ ട്രിപ്പ്!! ഓർക്കാനും ചെയ്യാനും ഓഫിസ് കാര്യങ്ങൾ ധാരളമുണ്ടായിരുന്നതിനാൽ മുഷിപ്പ് തോന്നിയിരുന്നില്ല.. ഏറ്റെടുത്ത കോൺട്രാക്റ്റ് സൈൻ ചെയ്തു മടങ്ങിയെത്തിയപ്പോൾ നീല ഫ്രോക് ധരിച്ച സുന്ദരിയായ ബാർബിയെ വാങ്ങാൻ മറന്നിരുന്നില്ല...

വീടെത്തിയപ്പോൾ പകൽ അതിന്റെ അവസാന പാതിയിലെത്തിയിരുന്നു.. പതിവുപോലെ കാത്തിരിയ്ക്കാൻ ഉമ്മറത്ത് നേഹ മോളെ കണ്ടില്ല.. സന്ധ്യ കഴിഞ്ഞില്ലേ .. അവളുറങ്ങിക്കാണും.. ഭക്ഷണം വിളമ്പി അരികിലിരിയ്ക്കുമ്പോൾ അമ്മച്ചിയുടെ മുഖത്തു പതിവില്ലാത്ത തിളക്കം കണ്ടു!! "ഇന്നെന്നതാ അമ്മച്ചീ ഇത്രയ്ക്കങ്ങു സന്തോഷിയ്ക്കാൻ?" "മോൻ പോയതിന്റെ പിറ്റേന്ന് പുതിയ ഹോം നേഴ്സ് വന്നിരുന്നു... രണ്ടു ദിവസംകൊണ്ട് അവള് നേഹ മോളെ കയ്യിലെടുത്തു!!" "ഓഹ്.. അപ്പൊ അതാണ് കാര്യം.." "മിടുക്കിയാ.. പാട്ടും ഡാൻസും ഒക്കെ ഉണ്ട് കയ്യിൽ.. അത്യാവശ്യം പഠിപ്പും ഒള്ള കൊച്ചാ.. അതോണ്ട് മോളെ പഠിപ്പിയ്ക്കുന്ന ടീച്ചറും ഇപ്പൊ വരാറില്ല.. എല്ലാ കാര്യോം ആ കൊച്ചു വൃത്തിയായി നോക്കിക്കോളും..." അമ്മച്ചി സന്തോഷത്തോടെ കുരുമുളകിട്ടു വരട്ടി വച്ച ബീഫ് എന്റെ പാത്രത്തിലേക്ക് വീണ്ടും വിളമ്പി... "അല്ലമ്മച്ചി.. ഈ പഠിച്ച കൊച്ചൊക്കെ എന്നാത്തിനാ ഹോം നേഴ്‌സിന്റെ പണിയ്ക്ക് വന്നേ? ഇനി വല്ല ഉടായിപ്പും ആണോ?" "ഒന്ന് പോടാ... ഇതേതോ ഗതിയില്ലാത്ത വീട്ടിലെ കൊച്ചാ...

അതിന്റെ അമ്മച്ചിയ്ക്ക് ഏതാണ്ട് അസുഖമാണെന്നു.. ചികിത്സയ്ക്ക് നല്ല കാശാവുമെന്നാ കേട്ടത്.. നമ്മുടെ കപ്യാരാ ആ കൊച്ചിനെ ഇവിടെ കൊണ്ടു വിട്ടത്.. അതിന്റെ പഠിപ്പു വച്ചിട്ട് മാസം ഇത്രേം കാശൊന്നും കിട്ടുകേലെന്നു.. ഇതിപ്പോ നേഹ മോള് ഇവിടാരേം നിർത്തിയ്ക്കാത്തത്കൊണ്ട് അവര് ചോയ്ക്കുന്ന കാശ് കൊടുക്കാന്ന് വച്ചതല്ലേ? ഒരു മുപ്പത്തഞ്ചു കൊടുത്താലും നമുക്കെന്നതാ നഷ്ടം..മോൾടെ എല്ലാ കാര്യങ്ങളും നോക്കിക്കോളും..." "അമ്മച്ചീ... മോളുറങ്ങി.." പിറകിൽ നിന്നും ശബ്ദം കേട്ടപ്പോൾ അമ്മച്ചിയോടൊപ്പം ഞാനും തിരിഞ്ഞു... ഒട്ടും പ്രതീക്ഷിയ്ക്കാതെ മോളെയെടുത്തു നിൽക്കുന്ന തെന്നലിനെ കണ്ടപ്പോൾ ഞാൻ ഞെട്ടി!! "ആന്നോ... മുറിയിൽ കൊണ്ട് കിടത്തിയെക്ക് മോളെ..." അമ്മച്ചിയെ നോക്കി തലയാട്ടിക്കൊണ്ടു എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ അപരിചിത ഭാവത്തോടെ തെന്നൽ മുറിയിലേയ്ക്ക് നടക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു!!.............. (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story