തെന്നൽ: ഭാഗം 4

thennal

എഴുത്തുകാരി: സ്വാതി കെ എസ്

മോളെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം തെന്നൽ മുകളിലേയ്ക്ക് കയറി.. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തി ഞാനും എഴുന്നേറ്റു.. അമ്മച്ചി അടുക്കളയിലേക്ക് പോയ തക്കം നോക്കി തെന്നലിനോട് സംസാരിയ്ക്കാൻ ഞാൻ വേഗത്തിൽ കോണിപ്പടികൾ കയറി.. നിരത്തിയിട്ട പാവകളും മറ്റും പെറുക്കിക്കൂട്ടുന്ന തിരക്കിലായിരുന്നു തെന്നൽ.. എന്നെ ഒന്ന് ശ്രദ്ധിയ്ക്കാൻ പോലും തയ്യാറാവാതെ അവൾ ജോലി തുടർന്നപ്പോൾ നേരിയ അസ്വസ്ഥത തോന്നി... "തെന്നൽ..." എനിയ്ക്ക് നേരെ തെല്ലിട മിഴികളുയർത്തി അവൾ വീണ്ടും ജോലിയിൽ മുഴുകി.. "എന്താ തന്റെ പ്രശ്നം? അറ്റ്ലീസ്റ്റ് ഈ അവഗണനയുടെ കാരണമെങ്കിലും ഒന്ന് പറഞ്ഞൂടെ?" നിരന്നു കിടന്ന കളിപ്പാട്ടങ്ങളെല്ലാം വാരിയെടുത്തു പെട്ടിയിൽ നിറച്ചു ചുമരിനരികിൽ ചാരി വച്ച് അവൾ വേഗത്തിൽ സ്റ്റെപ്പുകളിറങ്ങി... അമ്മച്ചി കാണെ അവളോട് സംസാരിയ്ക്കാനും കഴിയില്ല!! നിവിൻ വല്ലാത്ത ധർമ്മ സങ്കടത്തിലകപ്പെട്ടു... എന്തായാലും തെന്നലിനോട് സംസാരിച്ചേ പറ്റു.... പക്ഷെ എങ്ങനെ?? താഴെ നാല് മുറികൾ...

അതിലൊരു മുറി ആനിയുടേതാണ്!! രണ്ടു വർഷങ്ങളായി അതാരും ഉപയോഗിയ്ക്കാറില്ല!! ഒന്നിൽ അപ്പച്ചൻ തനിച്ചു കിടക്കാറാണ് പതിവ്.. മൂന്നാമത്തേതിൽ അമ്മച്ചിയും നേഹ മോളും.. നാലാമത്തെ മുറിയിൽ വർഷങ്ങളായി അടുക്കളപ്പണിയ്ക്ക് നിൽക്കുന്ന ത്രേസ്യാമ്മച്ചേടത്തി... തീർച്ചയായും മുകളിലെ നാല് മുറികളിലൊന്നാവും തെന്നലിന് കൊടുത്തിട്ടുള്ളത്... അങ്ങനെയെങ്കിൽ തെന്നൽ വരുന്നത് വരെ കാത്തിരിയ്ക്കുക തന്നെ!! നിവിൻ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി.. നിമിഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു... ഒൻപതു മണി കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെത്തന്നെ അവൾ പടി കയറിയെത്തിയപ്പോൾ നിവിൻ തെന്നലിന് നേരെ നടന്നു... "കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ തെന്നലിനെ അന്വേഷിച്ചു വീട്ടിൽ വന്നിരുന്നു... അപ്പോഴാണ് വീട് മാറിപ്പോയെന്നറിഞ്ഞത്..." തെന്നൽ കയ്യിലെ ജഗ് അലസ ഭാവത്തിൽ നിവിന് കൈ മാറി... "അമ്മയ്ക്കു സുഖമില്ലെന്നു അമ്മച്ചി പറഞ്ഞു... എന്നാ പറ്റി പെട്ടെന്ന്?? അന്ന് താനൊന്നും പറഞ്ഞില്ലല്ലോ??" "നിവിന്റെ ചോദ്യങ്ങൾക്കുത്തരം പറയാൻ പറ്റിയൊരു മാനസികവസ്ഥയിലല്ല ഞാനിപ്പോൾ..."

തെന്നലിന്റെ മറുപടി നിവിനെ അലോസരപ്പെടുത്തി... "തകർന്നു തകർന്നു പാതാളത്തോളമെത്തി നിൽക്കുന്നൊരവസ്ഥയിലാണ് ഞാൻ... സ്വപ്നങ്ങളും പ്രതീക്ഷകളും എന്നെന്നേക്കുമായി വിധിയ്ക്ക് ബലിയർപ്പിച്ച് അർധപ്രാണനായി ജീവിയ്ക്കുന്നൊരവസ്ഥ..." "താനെന്നാ ഇങ്ങനൊക്കെ പറയുന്നേ?? "കാരണമുണ്ട്...എന്റെ സ്വപ്നങ്ങളെക്കുറിച്ചറിയുന്നവരുടെ സാന്നിധ്യം എനിയ്ക്കിപ്പോൾ താങ്ങാവുന്നതിലധികം വേദനയാണ്.... നിവിനുൾപ്പെടെയുള്ള പലരുടെയും സഹതാപവും എനിയ്ക്കൊരു ഭാരമാണ്... സോ പ്ലീസ്... എന്നോടിനി സംസാരിയ്ക്കാൻ ശ്രമിയ്ക്കരുത്.." പ്രകാശമണഞ്ഞ കണ്ണുകളിൽ യാചനാഭവം നിറച്ചു തെന്നൽ വേഗത്തിൽ മുറിയിൽ കയറി വാതിലടച്ചു... ഓരോ വാക്കുകളും തന്റെ ഹൃദയത്തിൽ തറച്ചിറങ്ങിയതായി തോന്നി അയാൾക്ക്!! ചിന്തകളുടെ വേലിയേറ്റം നിദ്രയെ കവർന്നെടുത്തിരുന്നു!! ഉച്ചയ്ക്ക് ശേഷം പാർക്കിൽ കൊണ്ട് പോവാമെന്നു മോൾക്ക് വാക്കു കൊടുത്തുകൊണ്ട് പിറ്റേന്ന് ഓഫീസിലേയ്ക്കിറങ്ങുമ്പോൾ മിഴികളെന്തിനോ തെന്നലിനെ തിരഞ്ഞു...

പ്രധാനപ്പെട്ട വർക്കുകളെല്ലാം ധൃതിയിൽ തീർത്തു തിരിച്ചെത്തിയപ്പോൾ ഉമ്മറത്ത് പതിവുപോലെ നേഹ മോൾ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു... എന്റെ കൂടെ തുള്ളിച്ചാടി അകത്തേയ്ക്ക് നടക്കുമ്പോൾ ആംഗ്യ ഭാഷയിൽ അവൾ പറഞ്ഞത് മുഴുവൻ തെന്നലിനെക്കുറിച്ചാണെന്നു ഞാൻ അത്ഭുതപ്പെട്ടു!! "പാർക്കിൽ പോകുമ്പോൾ തെന്നൽ മോള് കൂടെ വരണമെന്ന് പറഞ്ഞു മോള് ഭയങ്കര വാശിയായിരുന്നു... ഒടുക്കം കരയാൻ തുടങ്ങിയപ്പോൾ മനസ്സില്ലാ മനസ്സോടെയാ ആ കൊച്ചു സമ്മതിച്ചത്..." അമ്മച്ചി ചോറും കറികളും മേശപ്പുറത്തു കൊണ്ട് വയ്ക്കുന്നതിനിടെ എന്നോടെന്നോണം പറഞ്ഞു... "അതാരാ തെന്നൽ?? ആ ഹോം നേഴ്സാണോ??" ഞാൻ അറിയാത്ത ഭാവത്തിൽ ചോദിച്ചു.. "അതെ... നിങ്ങള് പോകുമ്പോ ആ കൊച്ചിനെക്കൂടി കൂട്ടിക്കോ... പിന്നെ വരുമ്പോ എന്നത്തെപ്പോലെ രാത്രിയാവാൻ നിക്കണ്ട... കൂടെ പ്രായമായ ഒരു പെങ്കൊച്ചു കൂടെ ഉണ്ടെന്നു ഓർമ വേണം.. " അമ്മച്ചി ഗൗരവ ഭാവത്തിൽ പറഞ്ഞപ്പോൾ ഞാനൊന്നും മിണ്ടിയില്ല.. കാറിന്റെ ഫ്രണ്ട് സീറ്റിൽ തെന്നലിനെ നിർബന്ധിച്ചിരുത്തി നേഹ മോൾ അവളുടെ മടിയിൽ വിജയ ഭാവത്തിലിരുന്നു...

മോളെ മറ്റു കുട്ടികളുടെ കൂടെ കളിയ്ക്കാൻ വിട്ടു നോട്ടമെത്തുന്നിടത്തു തെന്നൽ ചെന്നിരുന്നപ്പോൾ തൊട്ടരികിലായി ഞാനുമിരുന്നു.. ദീർഘ നേരത്തെ മൗനത്തിന് അറുതി വരുത്താനെന്നോണം ഞാൻ പോക്കറ്റിൽ നിന്നും പേഴ്‌സെടുത്തു തുറന്നു... ആനിയുടെ ചിരിച്ച ഫോട്ടോ ഞാൻ തെന്നലിന് നേരെ നീട്ടി... "ഇതാരാണെന്നറിയോ തെന്നലിന്??" അവൾ ചോദ്യഭാവത്തിൽ എന്റെ നേരെ നോക്കി... "ആനി!!തെന്നൽ അന്ന് പറഞ്ഞില്ലേ..ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി!! അവിടുത്തെ ചുമരിൽ തെന്നൽ കണ്ടു കാണും ഇവളെ!!" അവൾ പതിയെ തലയാട്ടി... "എന്റെ അനിയത്തിയായിരുന്നു... തമ്മിൽ വെറും മൂന്ന് വയസ്സിന്റെ വ്യത്യാസം മാത്രം!! എന്തിനും ഏതിനും ഞാൻ ഇല്ലാതെ പറ്റത്തില്ലാരുന്നു അവൾക്ക്..." നിവിന്റെ മുഖം കാറ് മൂടിയ വാനം പോലെ മ്ലാനമായി.. "ഇയാളെപ്പോലെ തന്നെയായിരുന്നു ആനിയും... പഠിയ്ക്കാൻ ഒത്തിരി ഇഷ്ടായിരുന്നു... ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ അവൾക്കും ഉണ്ടായിരുന്നു... അവളുടെ എല്ലാ ആഗ്രഹത്തിനും കൂടെ നിൽക്കുന്നൊരാളെയായിരുന്നു കൂട്ടായി കിട്ടിയതും...

പക്ഷെ വിധി ഒന്നിനും അനുവദിച്ചില്ലെടോ... ആക്സിഡന്റ് എന്നും പറഞ്ഞു കാർത്താവവരെ രണ്ടാളെയും ഒരുമിച്ചങ്ങു വിളിച്ചപ്പോൾ നേഹ മോൾക്ക് വെറും ഒന്നര വയസ്സ്‌!! പക്ഷെ അപ്പോഴും ദൈവം പരീക്ഷണം നിർത്താൻ തയ്യാറായിരുന്നില്ല!! ജന്മനാ നേഹ മോൾക്ക് സംസാര ശേഷിയില്ലെന്നറിഞ്ഞതിൽ മനം നൊന്തിരിയ്ക്കുമ്പോഴായിരുന്നു ഒരു ശ്വാസം മുട്ടിന്റെ രൂപത്തിൽ ആ വാർത്തയെത്തിയത്... ഹാർട്ടിനു പമ്പിങ് കുറവാണ്!! ഓവർ ടെൻഷൻ പറ്റില്ല.. ഭക്ഷണത്തിന് നിയന്ത്രങ്ങളുണ്ട്... ഇടക്കിടെ ഹോസ്പിറ്റലിൽ കൊണ്ട് പോണം.. അതോണ്ടാ മോളെ നോക്കാൻ തെന്നലിന് വരേണ്ടി വന്നത്... ശ്രദ്ധ പിഴച്ചാൽ ഒരുപക്ഷെ ആനി പോയ ലോകത്തേയ്ക്ക് മോളും..." നിവിന്റെ ശബ്ദം പാതിയിൽ മുറിഞ്ഞു.. തെന്നലിന്റെ മുഖത്തെ ഗൗരവ ഭാവം പതിയെ അലിഞ്ഞില്ലാതായിരുന്നു... ഒരാശ്വാസ വാക്കു പോലും പറയാൻ കഴിയാതെ അവളാകെ വിഷമിച്ചു പോയി.. "അതൊക്കെ പോട്ടെ... തെന്നൽ എങ്ങനെയാ മോൾടെ ഭാഷ പഠിച്ചത്?? നന്നായിട്ട് സംസാരിയ്ക്കുന്നുണ്ടല്ലോ അവളോട്?" വിഷയം മാറ്റാണെന്നോണം നിവിൻ മറ്റൊരു ചോദ്യമെടുത്തിട്ടു..

"എന്റമ്മയും മോളെപ്പോലെയാണ്... അതോണ്ട് എനിയ്ക്ക് മോളോട് സംസാരിയ്ക്കാൻ ഒട്ടും ബുദ്ധിമുട്ട് തോന്നില്ല..." തെന്നൽ ഒരു വിഷാദ ചിരി ചിരിച്ചു.. "മോള് കൂടെയുള്ളതാ ഇപ്പൊ ആകെപ്പാടെയുള്ള ആശ്വാസം..." "ഈഫ് യു ഡോൺ മൈൻഡ്... അമ്മയ്‌ക്കെന്താ സംഭവിച്ചത്??" തെന്നലിന്റെ മുഖം ഇരുണ്ടു.. "കാൻസർ!! അറിഞ്ഞപ്പോഴേയ്ക്കും ലാസ്റ്റ് സ്റ്റേജ് തുടങ്ങിയിരുന്നു... എന്തസുഖം വന്നാലും അമ്മ ഡോക്റ്ററെ കാണിയ്ക്കാതെ കൊണ്ട് നടക്കും... പിശുക്കായിട്ടല്ലാട്ടോ... ആ പൈസ ഉണ്ടെങ്കിൽ എനിക്ക് എന്തെങ്കിലും ആവശ്യത്തിനു എടുക്കാലോ എന്ന് കരുതി മാറ്റി വയ്ക്കുന്നതാ... ഇടയ്ക്കിടെ വയറു വേദന വരുമായിരുന്നു... അന്നൊന്നും അമ്മ കാര്യമാക്കിയിരുന്നില്ല... രണ്ടാഴ്ച്ച മുൻപ് അമ്മ ജോലി ചെയ്യുന്നിടത്തു നിന്നും ആൾക്കാര് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോഴാണ് അറിഞ്ഞത്... കുടലിൽ കാൻസറാണെന്നു.." തെന്നൽ നിറഞ്ഞു വന്ന കണ്ണുകൾ പതിയെ തുടച്ചു... "നിവിനറിയോ?? അമ്മയീ ലോകത്തു ജീവിച്ചിരിയ്ക്കുന്നു എന്നത് മാത്രമാണ് എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരേയൊരു കാര്യം!! അമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിയ്ക്കില്ല...

അതിനു വേണ്ടീട്ടാ എന്റെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു ഞാനിറങ്ങിത്തിരിച്ചത്.. " അമ്മയുടെ ഓർമകളിൽ തെന്നൽ നീറിപ്പുകഞ്ഞു!! "ഇങ്ങനെ തളർന്നു പോവല്ലെടോ..അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല.. നമുക്ക് ദൈവത്തോട് പ്രാർത്ഥിയ്ക്കാം.." നിവിൻ തെന്നലിനെ ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു... "ദൈവമോ?? അതിനങ്ങനെയൊരാൾ ഉണ്ടായിട്ടു വേണ്ടേ?? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ദൈവം ഒരു കണ്ണ് പൊട്ടനാവണം... അല്ലെങ്കിൽ സാഡിസ്റ്റ്‌!! പാവപ്പെട്ടവരെയും മനസ്സിൽ നന്മയുള്ളവരെയും പരീക്ഷിച്ചു നിർവൃതിയടയുന്ന ക്രൂരൻ!! പാവങ്ങൾക്ക് നേരെ ചെവി കൊട്ടിയടച്ചു പണക്കാർക്കും ദുഷ്ടമാർക്കും മാത്രം സേവനം നൽകുന്ന പക്ഷപാതി!! " തെന്നൽ വല്ലാതെ രോക്ഷം കൊണ്ടു.. "തെന്നൽ നിരീശ്വരവാദിയാണോ?" "മമ്..വളരെ കുറച്ചു കാലമായിട്ട്..." "അതുകൊണ്ടെന്തെങ്കിലും ഗുണം??" "പണ്ടൊക്കെ ഞാൻ വലിയൊരു ദൈവ വിശ്വാസിയായിരുന്നു... എന്നിട്ടും എനിയ്ക്കൊരു ഗുണവും കിട്ടീട്ടില്ല!!" "അതോണ്ടാണോ പിന്നീട് നിരീശ്വരതയെ സ്വീകരിയ്ക്കാമെന്നു കരുതിയത്??"

"അതിനു പല കാരണങ്ങളുണ്ട്!!" "എന്ത് കാരണങ്ങൾ?" "ഇല്ലായ്മയുടെ ഒരു വലിയ ലിസ്റ്റാ എനിയ്ക്ക് സ്വന്തമായുള്ള ഏക സ്വത്ത്!! ബന്ധുക്കളടക്കം പലരും സഹതപിയ്ക്കും!! ചിലർ അവഗണിയ്ക്കും!! മറ്റു ചിലർ നാലാൾ കൂടുന്നിടത്തു വില കുറച്ചു സംസാരിയ്ക്കും!! വ്രണപ്പെടാനും മുറിഞ്ഞു വീഴാനും നമുക്കുമൊരു മനസ്സുണ്ടെന്നു ആരും ഓർക്കില്ല!! ആഗ്രഹിച്ചതൊന്നും വാങ്ങിത്തരാൻ അമ്മയുടെ കയ്യിൽ കാശുണ്ടാവില്ല.. പലപ്പോഴും എനിയ്ക്ക് തോന്നീട്ടുണ്ട് ബോറടിയ്ക്കുമ്പോൾ നോവിച്ചു രസിയ്ക്കാൻ ദൈവം സൃഷ്ടിച്ചു വിട്ടതാണെന്നെ എന്ന്.. പക്ഷെ ഒരിയ്ക്കൽ പോലും ആരുടേയും മുൻപിൽ കൈ നീട്ടാൻ അമ്മയെന്നെ വിട്ടിട്ടില്ല!! അമ്മ അദ്ധ്വാനിയ്ക്കുന്നതോണ്ടു മാത്രം പട്ടിണിയില്ലാതെ ഇത്രയും കാലം ജീവിച്ചു... അപ്പോഴും എന്നെ തനിച്ചാക്കരുതെന്ന് മാത്രേ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളു.. സ്വന്തമെന്നു പറയാൻ എനിയ്ക്കാകെ ഉള്ളത് അമ്മ മാത്രാ... ഇപ്പൊ ദാ അതും തട്ടിപ്പറിച്ചെടുക്കുമെന്നു ദൂതയച്ചിരിയ്ക്കുന്നു!! പരിചയക്കാർക്ക് പോലും സ്നേഹം കാണിയ്ക്കാൻ ഭയമാണിപ്പോൾ!!

അമ്മയും കൂടെ ഇല്ലാതായാൽ ഞാനെല്ലാർക്കും ഒരു ഭരമാവുമെന്നോർത്ത്..." തെന്നലിന്റെ ശബ്ദമിടറി... "പണത്തിന്റെ തട്ടിൽ സ്നേഹമളക്കുന്നവരുടെ കുത്തലുകൾ കേട്ട് ദൈവത്തെ വെറുത്തല്ലേ??" മറുപടിയായി അവൾ പുച്ഛം കലർന്ന ഭാവം മുഖത്തണിഞ്ഞു!! "ഇല്ലായ്മയുടെ വേദന നിങ്ങളെപ്പോലുള്ളവർക്കൊരിയ്ക്കലും മനസ്സിലാവില്ല!! സന്തോഷവും സമാധാനവും പണമുള്ളവരുടെ മാത്രം കുത്തകാവകാശമാണ്..." "ആവശ്യത്തിനു പണമുണ്ടായിട്ടും കഴിഞ്ഞ രണ്ടു വർഷമായിട്ടു ഈ പറഞ്ഞ രണ്ടു കാര്യങ്ങളും ഞങ്ങൾക്കന്യമാണ്!! അതിന് തനിയ്ക്കെന്തു വിശദീകരണം നൽകാൻ കഴിയും??" തെന്നലിന് ഉത്തരം മുട്ടി!! "പണം കൊടുത്താൽ നേടാൻ കഴിയാത്ത പലതുമുണ്ട് !! അതുകൂടി നീ മനസ്സിലാക്കണം!! പിന്നെ, ഇല്ലായ്‌മ ആരുടേയും കുറ്റമല്ല... ഇന്ന് ദാരിദ്ര്യമനുഭവിയ്ക്കുന്ന പലരും നാളെ പണക്കാരായേക്കാം.. ഇന്നത്തെ പണക്കാർ നാളെ ദരിദ്രരുമാവാം... അതിനൊന്നും യാതൊരു ഉറപ്പുമില്ല!!" "പറയാനെളുപ്പമാണ്!! ഓരോരുത്തരുടെയും വിഷമങ്ങളുടെ വലിപ്പം അവരവർക്ക് മാത്രമേ അറിയൂ...

അത് മറ്റൊരാൾക്ക് ഉൾക്കൊള്ളുന്നതിന് പരിധികളുണ്ട്.. എത്രയൊക്കെ മനസ്സിയിലാക്കിയെന്ന് പറഞ്ഞാലും അത് അനുഭവസ്ഥനോളം വരില്ലല്ലോ.. ഓരോരുത്തരും അവരവർക്ക് ചുറ്റും മാത്രം കെട്ടിപ്പടുക്കുന്നൊരു ലോകമുണ്ട്... അതിനുള്ളിൽ നടക്കുന്ന കാര്യങ്ങളെല്ലാം മറ്റുള്ളവർക്ക് അതെ തീവ്രതയിൽ ഉൾക്കൊള്ളാനായിക്കോണമെന്നില്ല.." തെന്നൽ എഴുന്നേറ്റു മോൾക്കടുത്തേയ്ക്ക് പോയി... പാവം!! നിവിൻ ഒതുക്കമില്ലാത്ത ആലോചനകളിൽ മുഴുകിയിരുന്നു.. സമയം കടന്നു പോയി.. നേഹ മോൾ വന്നു കൈ പിടിച്ചു കുലുക്കിയപ്പോഴാണ് ചിന്തകളെ വിട്ടുണർന്നത്!! സ്ഥിരം പോവാറുള്ള ഐസ്ക്രീം പാർലറിലും ഷോപ്പിങ് മാളിലും അർധമനസ്സോടെ തെന്നൽ കൂടെ വന്നു!! വേണ്ടെന്നു വിലക്കിയിട്ടും ഒന്ന് രണ്ടു ചുരിദാറുകൾ തെന്നലിന് വേണ്ടി വാങ്ങി!! തിരിച്ചു വീട്ടിലെത്തിയപ്പോൾ അമ്മച്ചിയും അപ്പച്ചനും കാത്തിരിയ്ക്കുന്നുണ്ടായിരുന്നു... "മോൾക്ക് തെന്നൽ ചേച്ചി ഇല്ലാതെ ഒന്നിനും വയ്യെന്നായിരിയ്ക്കുന്നു അല്ലെ??" അപ്പച്ചൻ ചിരിച്ചുകൊണ്ട് മോളോട് ചോദിയ്ക്കുന്നത് കണ്ടു... അത് സത്യമാണെന്നു പിന്നീടുള്ള ദിവസങ്ങളിൽ എല്ലാർക്കും ബോധ്യമായിരുന്നു..

ഊണിലും ഉറക്കത്തിലുമെല്ലാം തെന്നൽ കൂട്ടില്ലാതെ മോൾക്ക് പറ്റില്ലായിരുന്നു... അവൾക്കും അങ്ങനെ തന്നെ ആണെന്ന് തോന്നി... ദിനങ്ങൾ പോകെപ്പോകെ വീട്ടിലെല്ലാവർക്കും തെന്നലിനോടുള്ള അടുപ്പം കൂടി വന്നു.. തെന്നലിന്റെ അമ്മയെ ഇടയ്ക്കിടെ പോയി കാണാനും ചികിത്സയുടെ കാര്യങ്ങൾ നോക്കാനും ഞാനും മറന്നില്ല.. ആനിയ്ക്ക് പകരമായില്ലെങ്കിലും ആ വീടിന്റെ നഷ്ടപ്പെട്ടു പോയ സന്തോഷം പകുതിയെങ്കിലും തിരിച്ചു കൊണ്ടുവരാൻ നേഹ മോളിലൂടെ തെന്നലിന് കഴിഞ്ഞു!! മോളോടൊപ്പമുള്ള സമയങ്ങളിൽ അവൾ സകല സങ്കടങ്ങളെയും വിസ്‌മൃതിയിലൊഴുക്കാറുണ്ടെന്നു തോന്നി... ഇടയ്ക്കിടെ ആരും കാണാതെ ബാൽക്കണിയിലിരുന്നു കണ്ണീർ വാർക്കുന്ന തെന്നലിനെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്.. കണ്ടില്ലെന്നു നടിയ്ക്കാൻ ഒരുപാട് ശ്രമിച്ചിട്ടും എനിയ്ക്കതിനു കഴിഞ്ഞിരുന്നില്ല...

മറ്റെന്തെങ്കിലും സംസാരമെടുത്തിട്ടു അവളുടെ ചിന്തകളെ ആട്ടിയകറ്റാൻ ഞാനെപ്പോഴും ശ്രദ്ധിയ്ക്കാറുണ്ടായിരുന്നു... മഴയെയും നിറങ്ങളെയും സ്നേഹിയ്ക്കുന്ന വായാടിയായ ആ പഴയ വാശിക്കാരിക്കുട്ടിയെ അവളുടെ ഉള്ളിൽ നിന്നും പുറത്തെടുക്കാൻ ഞാൻ പാടുപെട്ടു പരിശ്രമിച്ചു!! അമ്മയുടെ അസുഖം കുറഞ്ഞാൽ മനസ്സിൽ തോന്നിയ ഇഷ്ടം തെന്നലിനോട് തുറന്നു പറയണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.. ദിവസങ്ങൾ തേർച്ചക്രങ്ങളുടെ വേഗതയിൽ കടന്നുപോയ്‌ക്കൊണ്ടിരുന്നു... പതിവില്ലാതെ കാൻസർ സെന്ററിൽ നിന്നും വന്ന കോൾ അറ്റൻഡ് ചെയ്യുമ്പോൾ അതെത്തിയത് തെന്നലിന്റെ അമ്മയുടെ മരണ വാർത്തയറിയിയ്ക്കാനാണെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല!! "അമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിയ്ക്കില്ല!!" തെന്നലിന്റെ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു!! ........... (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story