തെന്നൽ: ഭാഗം 5

thennal

എഴുത്തുകാരി: സ്വാതി കെ എസ്

ഓർക്കും തോറും നിവിന് ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നി!! തെന്നൽ!! തന്റെ ജീവിതം ഇപ്പോൾ അവളെ മാത്രം ആശ്രയിച്ചാണ് മുൻപോട്ടു പോവുന്നത്!! അമ്മ ഇനിയില്ലെന്നറിയുന്ന ആ നിമിഷം തെന്നൽ സ്വയമൊടുങ്ങും!! അവൾക്കൊരിയ്ക്കലും ആ സത്യത്തെ അംഗീകരിയ്ക്കാൻ കഴിയില്ല!! അങ്ങനെ സംഭവിച്ചാൽ!! നേഹ മോളുടെ സന്തോഷം ഇപ്പോൾ തെന്നലിനെ മാത്രം ആശ്രയിച്ചാണ്!! കൂടിപ്പോയാൽ ഒരു ദിവസം മോൾ തെന്നലിനെ കാണാതെ പിടിച്ചു നിൽക്കുമായിരിയ്ക്കും!! അതിൽക്കൂടുതൽ അവൾക്കതിന് കഴിയില്ല!! നേഹ മോളുടെ സന്തോഷത്തിൽ മാത്രം സമാധാനം കണ്ടെത്തുന്ന രണ്ടു മനുഷ്യരുണ്ട് ആ വീട്ടിൽ... അമ്മച്ചിയും അപ്പച്ചനും!! മോൾക്കെന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ അവരില്ല!! ഇനിയുമൊരു ദുരന്തത്തെ സ്വീകരിയ്ക്കാനും താങ്ങാനുമുള്ള കരുത്തില്ല ആ പാവങ്ങൾക്ക്!! ഒരു കുടുംബത്തിന്റെ സന്തോഷം മുഴുവൻ അന്യയായൊരു പെൺകുട്ടിയുടെ സാന്നിധ്യത്തെ ആശ്രയിച്ചിരിയ്ക്കുന്ന നിസ്സഹായമായൊരവസ്ഥ!! കേൾക്കുന്നവർക്ക് തമാശയായിരിയ്ക്കും!!

പുച്ഛമായിരിയ്ക്കും!! തെന്നൽ എപ്പോഴും പറയാറുള്ളത് അക്ഷരം പ്രതി ശരിയാണ്!! ഓരോരുത്തരുടെയും സങ്കടം അവരവർക്ക് മാത്രം വലുതായിരിയ്ക്കും!! കാഴ്ചക്കാർക്ക് അതെത്രത്തോളം അംഗീകരിയ്ക്കാനാവും?? നിവിൻ തന്റെ അവസ്ഥയെച്ചൊല്ലി സ്വയം പരിതപിച്ചു പോയി.. ചിന്തകൾ കാട്ടു തീ പോലെ കത്തിപ്പടർന്നു!! മനസ്സിൽ ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങൾ ശാരമാരി കണക്കെ പെയ്തിറങ്ങി!! എല്ലാത്തിനുമുപരി തനിയ്ക്കുമവളെ വിട്ടുകൊടുക്കാനാവില്ല!! പ്രഥമദൃഷ്ടിയിൽ ഹൃദയത്തിന്റെ കോണിലെങ്ങോ ആഴത്തിൽ പതിഞ്ഞു പോയതാണാ മുഖം!! ഒരിയ്ക്കൽ മറന്നു തുടങ്ങിയിട്ടും വീണ്ടും എന്നെയും എന്റെ സ്നേഹത്തെയും തേടിയെത്തി!! വീണ്ടുമൊരൊഴിഞ്ഞു പോക്കിനെ സ്വീകരിയ്ക്കാൻ എത്ര നാളെടുക്കും?? തെന്നലിനെ സംബന്ധിച്ചിടത്തോളം അമ്മയ്ക്കു മാത്രമാണ് പ്രാധാന്യം!! മറ്റൊന്നും അവൾക്ക് മനസ്സിലാവില്ല!! ആരുടെ സങ്കടവും അവൾക്ക് കാണാനും കഴിയില്ല!! എല്ലാം പറഞ്ഞു കാലു പിടിച്ചു നോക്കാം!! കേൾക്കില്ലെന്നുറപ്പാണ്!! ഒരുപാട് ദുരന്തങ്ങൾ വരവറിയിച്ചു കാത്തു നിൽക്കുകയാണ് മുൻപിൽ!!

എല്ലാം കണ്ടറിഞ്ഞു നിസ്സഹായനായി നോക്കി നിൽക്കേണ്ടുന്ന ഭീകരമായൊരവസ്ഥ!! വല്ലാത്തൊരു തളർച്ച പോലെ... നിവിൻ വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം വായിലേയ്ക്കൊഴിച്ചു!! വേഗത്തിൽ ഓഫീസിൽ നിന്നിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിലൊരുപാട് കണക്കുകൂട്ടലുകൾ ഉടലെടുത്തിരുന്നു!! ആനി ജോർജ് എന്ന് മനോഹരമായെഴുതിയ കല്ലറയ്ക്കു മുൻപിൽ നിർവികാരനായി നിൽക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു!! മനഃപ്രയാസം താങ്ങാവുന്നതിലധികമാവുമ്പോൾ കർത്താവിനു മുൻപിലേയ്ക്കോടുന്നതിനു പകരം ഇങ്ങോട്ടാണ് വരാറ്!! എന്റെ നിവിച്ചായൻ വിഷമിയ്ക്കണ്ട!! ഞാനില്ലേ കൂടെ... എന്നവള് പറയുന്നുണ്ടെന്നു തോന്നും!! പണ്ട് മുതലേ അവളങ്ങിനെയാ... എന്റെ മുഖമൊന്നു വാടിയാൽ സഹിയ്ക്കാൻ കഴിയില്ലവൾക്ക്!! എത്ര ഉള്ളിലൊതുക്കി നടക്കാൻ ശ്രമിച്ചാലും ഒറ്റ നോട്ടത്തിൽ കണ്ടു പിടിയ്ക്കും!! ആലോചിച്ചു പരിഹാരവും പറയും!! പ്രധാനപ്പെട്ട എന്ത് തീരുമാനവും ആദ്യമാലോചിയ്ക്കുന്നത് ആനിയോടാണ്... നിവിൻ ചിന്തകളിലാണ്ടു!! ആരോ മുടിയിഴകളിൽ മൃദുവായി തലോടുന്നുണ്ടോ?? ഒന്നുമില്ല!!

എന്നാരോ പറയുന്നുണ്ട്!! ഒന്നുമില്ല!! നിവിൻ അതാവർത്തിച്ചു!! ഒരു കൂട്ടം വെളുത്ത ലില്ലിപ്പൂക്കൾ കല്ലറയ്ക്കു മീതെ വച്ച് പുറത്തിറങ്ങുമ്പോഴും മനസ്സിനെ ബാധിച്ച ശൂന്യത വിട്ടു മാറിയിരുന്നില്ല!! ഫോണെടുത്തു റിസ്വാൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തി!! നിമിഷങ്ങൾ പാറി വീണുകൊണ്ടിരുന്നു!! "നിവിച്ചാ..." ചിന്തകളെ ഉണർത്തിക്കൊണ്ടു ആ ശബ്ദം കാതുകളിൽ പതിച്ചപ്പോൾ നിവിൻ തിരിഞ്ഞു.. "എന്താടാ... എന്താ പെട്ടെന്ന് കാണണമെന്ന് പറഞ്ഞത്?? എന്തെങ്കിലും പ്രശ്നമുണ്ടോ??" "മമ്... വളരെ പ്രധാനപ്പെട്ടൊരു കാര്യം... അത് നീയും കൂടെ അറിഞ്ഞിരിയ്ക്കണമെന്നു തോന്നി!!" നിവിന്റെ മുഖത്തെ ശാന്തഭാവം പൂർണമായും ഗൗരവത്തിനു കീഴ്പ്പെട്ടിരുന്നു... "തെന്നലിന്റെ അമ്മ മരിച്ചു!!" "ഓഹ് ഗോഡ്... അവളോട് പറഞ്ഞോ??" "ഇല്ല... അവളോടീ കാര്യം പറയാൻ കഴിയില്ല റിച്ചു..." "പറയാൻ കഴിയില്ലെന്നോ?? വാട്ട് നോൺസെൻസ്??" "അവളിതറിഞ്ഞാൽ അവളിലൂടെ തകരുന്നതെന്റെ ജീവിതമാണ്... അവളുടെ അതിജീവനത്തെ ആശ്രയിച്ചു ജീവിയ്ക്കുന്നൊരു വീടുണ്ടെനിയ്ക്ക്... നേഹ മോൾ... അമ്മച്ചി.. അപ്പച്ചൻ... എല്ലാരുടെയും സന്തോഷത്തിന്റെ താക്കോൽ അവളുടെ പക്കലാണ്... എനിയ്ക്കും അവളില്ലാതെ ഇനി പറ്റില്ല... ഈ ഒരൊറ്റ നിമിഷം മതിയാവും എല്ലാം തകർന്നില്ലാതാവാൻ!!" "വാട്ട് യൂ മീൻ??"

റിസ്വാന്റെ മുഖത്തു ഭയം നിഴൽ വിരിച്ചു... "തൽക്കാലം ഈ കാര്യം തെന്നലറിയാൻ പാടില്ല!! അമ്മയുടെ മരണം തെന്നലിൽ നിന്നും മറിച്ചു വയ്ക്കുക എന്നൊരു ഓപ്‌ഷൻ മാത്രമേ എനിയ്ക്ക് മുൻപിലുള്ളു..." "ആർ യു മാഡ്?? അത് ചതിയല്ലേ?? മരിച്ചത് അവളുടെ അമ്മയാണ്!! അവൾക്ക് വേറാരും ഇല്ലാത്തതാണെന്നു നീ മറന്നോ??" "എല്ലാം എനിയ്ക്കറിയാം റിച്ചൂ... പക്ഷെ എനിക്കിതല്ലാതെ വേറെ വഴിയില്ല.." "അവളോടെന്തു പറയും?? അമ്മയെക്കാണാൻ അവളവിടെ പോവില്ലേ?? എത്ര നാൾ നിനക്കത് തടയാൻ കഴിയും??" "തല്ക്കാലം അവളോട് അമ്മയെ ചികിത്സയ്ക്ക് വേണ്ടി ബാംഗ്ലൂരിലേയ്ക്ക് കൊണ്ട് പോയെന്ന് പറയാം... കഴിഞ്ഞ ആഴ്ച്ച അങ്ങനെയൊരു ആലോചന വന്നപ്പോൾ തെന്നൽ സമ്മതിച്ചതാണ്... അവളെ സംബന്ധിച്ചിടത്തോളം അമ്മയ്ക്ക് നല്ല ചികിത്സ കിട്ടണമെന്ന് മാത്രമാണ് ലക്ഷ്യം!! അവളോട് പറയാതെ കൊണ്ട് പോയതിന് അല്പം വഴക്കിടും അത്രേ ഉള്ളൂ.. അപ്പോഴെന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കാം..." "ഇതൊക്കെ ഹെവി റിസ്‌കാണ്... ഏതെങ്കിലും വിധത്തിൽ തെന്നൽ അറിഞ്ഞു കഴിഞ്ഞാൽ അവൾക്ക് നിന്നോട് പൊറുക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?? തന്നെയുമല്ല എത്രനാൾ ഈ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാനാവും..." "അപ്പോഴേയ്ക്കും കർത്താവ് എന്തെങ്കിലും വഴി കാണിച്ചു തരും!!"

"എന്തൊക്കെ പറഞ്ഞാലും ഇത് ചതിയാണ്... എന്തിനു വേണ്ടിയാണെങ്കിലും എന്ത് ലാഭത്തിന്റെ പേരിലാണെങ്കിലും അവളുടെ അമ്മയെ അവസാനമായിട്ടു കാണാനുള്ള അവകാശത്തെയാണ് നീയിപ്പോൾ നിഷേധിയ്ക്കുന്നത്... പിടിയ്ക്കപ്പെട്ടാൽ എന്താ സംഭവിയ്ക്കുന്നതെന്നു വല്ല ധാരണയുണ്ടോ നിനക്ക്??" "അതിനെക്കുറിച്ചൊന്നും ഞാനിപ്പോ ചിന്തിയ്ക്കുന്നില്ല റിച്ചു... എനിയ്ക്കിപ്പോ എന്തിനെക്കാളും വലുത് എന്റെ കുടുംബമാണ്... എനിക്കിതേ മാർഗ്ഗമുള്ളു... കൂടെ നിൽക്കണമെന്ന് പറയാനാ ഞാൻ വിളിച്ചത്.." "ആരൊക്കെ കൂടെ നിന്നാലും ഇതിന്റെയെല്ലാം ഭവിഷത്തുകൾ മുഴുവൻ അനുഭവിയ്ക്കേണ്ടത് നീയാണ്... അതോർമ്മ വേണം... " റിസ്വാൻ നിവിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.. "ഇല്ല റിച്ചു... ഇതെന്റെ അവസാന രക്ഷാമാർഗ്ഗമാണ്... ഇതു വേണ്ടെന്ന് വച്ചാൽ ഞാനെന്റെ ജീവിതം വേണ്ടെന്ന് വയ്ക്കുന്നതിനു തുല്യമാണ്..." നിവിന്റെ ശബ്ദത്തിൽ കാഠിന്യം നിറഞ്ഞു... "ഹിന്ദു ആചാര പ്രകാരം ബോഡി ദഹിപ്പിയ്ക്കാനും കർമങ്ങൾ ചെയ്യാനുമുള്ള ഒരുക്കങ്ങൾ ചെയ്യണം... എല്ലാം കഴിഞ്ഞിട്ടേ ഞാൻ വീട്ടിൽ പോകു... അതുവരെ തെന്നലിനെ ഫേസ് ചെയ്യാൻ എനിക്ക് വയ്യ..." നിവിന്റെ മുഖം കുറ്റബോധത്താൽ വിവർണമായി... കമ്പനി ആവശ്യത്തിനു പെട്ടെന്ന് ഒരു യാത്ര പോവുന്നെന്നു മാത്രം വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു...

ഹോസ്പിറ്റലിൽ പോയി മൃദദേഹം സ്വീകരിയ്ക്കുമ്പോൾ നിവിൻ ഡോക്റ്ററുമായി കാര്യങ്ങൾ സംസാരിച്ചു... ആദ്യമൊന്നും സ്വീകാര്യമായില്ലെങ്കിലും അദ്ദേഹവും പിന്നീട് സമ്മതിച്ചു!! പൊതു ശ്മശാനത്തിൽ ദഹന ചടങ്ങുകളും പിന്നീടുള്ള ദിവസങ്ങളിൽ ബലികർമ്മങ്ങളും നടത്തി... തെന്നലിനെ ഞാനിഷ്ടപ്പെടുന്നു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയുടെ മൂത്ത മകനാണ് ഞാൻ!! അമ്മയീ മകനോട് പൊറുക്കട്ടെ!! മനസ്സുകൊണ്ടൊരായിരം തവണ ആ കാൽക്കൽ വീണു മാപ്പു പറഞ്ഞിരുന്നു... അമ്മയെ ബാംഗൂരിലേയ്ക്ക് കൊണ്ട് പോകുകയാണെന്നു തെന്നലിനെ വിളിച്ചറിയിച്ചതും മറ്റും റിസ്വാനായിരുന്നു!! അവളെ പറഞ്ഞു സമ്മതിയ്ക്കുമ്പോൾ താൻ ചിലപ്പോൾ പരാജയപ്പെട്ടു പോവും... അത്രയും വലിയ കള്ളമാണ് ഹൃദയത്തിൽ സൂക്ഷിച്ചിരിയ്ക്കുന്നത്!! മൂന്നു ദിവസങ്ങൾ കടന്നു പോയി... വീടുത്തുമ്പോൾ രാവിലെ ഏഴു മണി!! വാതിൽ തുറന്നത് അമ്മച്ചിയാണ്... "തെന്നലെവിടെ അമ്മച്ചി..." നിനച്ചിരിയ്ക്കാതെ വായിൽ നിന്ന് വന്നുപോയി... അമ്മച്ചി അത്ഭുതത്തോടെ എന്നെ മിഴിച്ചു നോക്കി...

"അല്ല... അവളുടെ അമ്മയ്ക്ക് നല്ല മാറ്റമുണ്ടെന്നു ഡോക്റ്റർ വിളിച്ചു പറഞ്ഞിരുന്നു.. അതാ.." "ആണോ... ശരിയ്ക്കും മാറ്റമുണ്ടോ?? അമ്മയ്ക്കിപ്പോ ഭക്ഷണം കഴിയ്ക്കാനും എഴുന്നേറ്റു നടക്കാനുമൊക്കെ കഴിയുന്നുണ്ടോ??" അകത്തേയ്ക്ക് കയറിയ എന്റെ പിറകെ നൂറു ചോദ്യങ്ങളുമായി തെന്നലെത്തി.... എന്റെ ഉത്തരങ്ങൾക്ക് കാതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആയിരത്തിരി തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു... "മോൾക്ക് തിടുക്കമായി അമ്മയെക്കുറിച്ചറിയാൻ... ഇത്രേം ദിവസം അവളോട് പറയാതെ നീ ബാംഗ്ലൂർക്ക് കൊണ്ട് പോയതിന്റെ പരിഭവമായിരുന്നു... ഇപ്പൊ നോക്കിക്കേ മുഖത്തെ തെളിച്ചം!!" അമ്മച്ചി സന്തോഷത്തോടെ അവളുടെ മുടിയിഴകളിൽ തലോടി... "നല്ല മാറ്റമുണ്ട്... ആറു മാസംകൊണ്ടു പഴയ പോലെ തുള്ളിച്ചാടി നടക്കാൻ കഴിയുമെന്നാ ഡോക്റ്റർ പറഞ്ഞിരിയ്ക്കുന്നത്..." ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു... "ആണോ... എന്നാൽ ഞാനൊന്ന് അമ്പലത്തിൽ പോയിട്ട് വരാം... ഇത്രയും നാളും കുറ്റപ്പെടുത്തിയതിനു സോറി പറയണ്ടേ??" "അതിനെന്താ മോള് പോയിട്ട് വാ..." അമ്മച്ചി ചിരിച്ചു... തലയിൽ ചുറ്റി വച്ചിരുന്ന വെള്ള തോർത്തുമുണ്ടിന്റെ കെട്ട് വേഗത്തിൽ അഴിച്ചെടുത്തുകൊണ്ടു അവൾ മുറിയിലേയ്ക്ക് നടന്നു...

അമ്പലത്തിൽ പോയി വന്നതിനു ശേഷവും അവൾ പതിവിലും സന്തോഷത്തിലായിരുന്നു.... അമ്മയെക്കുറിച്ചു ഞാൻ പറഞ്ഞതെല്ലാം അവൾ വിശ്വസിച്ചിരിയ്ക്കുന്നു... ലോകത്തിന്റെ സ്വാർത്ഥതയ്ക്ക് ബലിയാടാവേണ്ടി വന്ന പാവം പെണ്ണ്!! ലോകത്തിന്റെ!! നിവിന് സ്വയം പുച്ഛം തോന്നി.. ഇതവളുടെ വിധിയാണെന്നു സ്വയം സമാധാനിയ്ക്കാൻ ശ്രമിച്ചു!! അപ്പോഴും ഒരു ചോദ്യം മാത്രം ഉത്തരം കിട്ടാതെ മനസ്സിൽ അലയടിയ്ക്കുന്നുണ്ടായിരുന്നു... എത്രകാലം?? ദിനങ്ങൾ പോകെപ്പോകെ എല്ലാം പതിയെ പതിയെ മറക്കാൻ തുടങ്ങി.. തെന്നലിനോട് അമ്മയുടെ ചികിത്സയുടെ പ്രോഗ്രസ്സിനെക്കുറിച്ചു പറഞ്ഞു അവളെ സന്തോഷിപ്പിയ്ക്കുന്നതും എന്റെ ദിനചര്യയുടെ ഭാഗമായി മാറി... ഒരു മാസം വേഗത്തിൽ കടന്നു പോയി... തെന്നൽ കൂടുതൽ ഞങ്ങളോടും മോളോടും അടുത്തു... പതിയെപ്പതിയെ എന്റെ പ്രണയത്തിന്റെ സൂചനകളും ഞാനവൾക്ക് നൽകിത്തുടങ്ങി... അമ്മച്ചിയ്ക്ക് നേരത്തെത്തന്നെ അതേക്കുറിച്ചു സംശങ്ങളുണ്ടായിരുന്നെന്നു വ്യക്തം!! പക്ഷെ അമ്മച്ചിയും തെന്നലിനെ ഞങ്ങൾക്ക് കിട്ടിയെങ്കിൽ എന്ന ആഗ്രഹത്തിൽ സ്വയം അകപ്പെട്ടിരുന്നെന്നു തോന്നി. സിന്ദൂര തിലകമേന്തിയെത്തിയ സന്ധ്യയെ ബാൽക്കണിയിലിരുന്നു വെറുതെ നോക്കിയിരിക്കെ ഞാനവൾക്കകരികിലെത്തി!! "തെന്നൽ..."

"എന്താ നിവിൻ..." "താനെന്നേക്കാളും അഞ്ചു വയസ്സിന് ഇളയതാണെന്ന കാര്യം അറിയാവോ??" "എന്താ ഇപ്പൊ പതിവില്ലാത്തൊരു ചോദ്യം??" "ഇങ്ങനെ പേര് വിളിയ്ക്കാതെ ഇച്ചായാ ന്ന് വിളിച്ചൂടെ തനിയ്ക്ക്?? അങ്ങനെ വിളിയ്ക്കാൻ എനിയ്ക്കാരുമില്ലെന്നു തെന്നലിനറിയാലോ... ആരെങ്കിലുമൊക്കെ വിളിച്ചു കേൾക്കാനൊരാശ..." നിവിന്റെ നോട്ടം തെന്നലിന്റെ കണ്ണുകളിൽ കുരുങ്ങി നിന്നു... "ഇച്ചായൻ!!" തെന്നലത് കൗതുകത്തോടെ ഏറ്റു പറഞ്ഞു... "അങ്ങനെ വിളിയ്ക്കണോ??" "അങ്ങനെയാണ് വിളിയ്ക്കേണ്ടത്... അതാണെനിയ്ക്ക് ഇഷ്ടവും..." തെന്നൽ ചിരിച്ചു... "വിളിച്ചേക്കാം കേട്ടോ ഇച്ചായാ..." "എങ്കിൽ വേറൊരു കാര്യം ചോദിയ്ക്കട്ടെ??" "എന്താണാവോ??" "തെന്നലിന് ഇച്ചായാ ന്ന് വിളിയ്ക്കാൻ ജീവിതാവസാനം വരെ ഒരു അവസരം തരട്ടെ??" "അത് ഇച്ചായൻ തന്നില്ലെങ്കിലും ഞാൻ അങ്ങനെയേ വിളിയ്ക്കൂ.." "അതല്ലടി മണ്ടി... ജീവിതാവസാനം വരെ ഈ വീട്ടിൽ ഇന്റെ അമ്മച്ചീടെയും അപ്പച്ചന്റെയും മോളായിട്ടു നേഹ മോളുടെ ആന്റി ആയിട്ടു ഒരു സ്ഥാനക്കയറ്റം തരട്ടെ എന്ന്??" കൂടണയാൻ പറന്നു പോവുന്ന പക്ഷിക്കൂട്ടങ്ങളിൽ നിന്നും പൊടുന്നനെ കണ്ണുകൾ പിൻവലിച്ചു അവളെന്നെ നോക്കി!!....... (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story