ആത്മരാഗം💖 : ഭാഗം 63

athmaragam thanseeh

രചന: തൻസീഹ് വയനാട്

സാറിനെ മനസ്സിൽ ഓരോന്ന് പറഞ്ഞ് പിറു പിറുത്തു കൊണ്ട് അനി തന്റെ സീറ്റിൽ ചെന്നിരുന്നു... രാവിലെ കോളജിലേക്ക് ഇറങ്ങുമ്പോൾ പല സ്വപ്‌നങ്ങളും അവളെ പുളകിതയാക്കിയിരുന്നു... സാറും താനും തമ്മിൽ പ്രണയിച്ച് കോളേജ് അങ്കണത്തിലൂടെ പാറി നടക്കുന്നതും സാർ ക്ലാസ്സ്‌ എടുക്കുമ്പോൾ ഇടയ്ക്കിടെ ഇടം കണ്ണിട്ട് തന്നെ നോക്കുമ്പോൾ നാണത്താൽ തല താഴ്ത്തി ഇരിക്കുന്നതും.... അങ്ങനെ അങ്ങനെ ഓരോ ചെറു നിമിഷത്തിലും തങ്ങളുടെ പ്രണയം പടർന്ന് പന്തലിക്കുന്നത് മനസ്സിൽ കണ്ട് ഇന്നലെ ഉറങ്ങിയത് പോലുമില്ലെന്നവൾ ഓർത്തു... എന്നാൽ ഇന്നത്തെ സാറിന്റെ പെരുമാറ്റം തലയിൽ ഇടിത്തീ വീണ അനുഭവം ആയിരുന്നു അവൾക്ക് സമ്മാനിച്ചത് ... തന്റെ വീട്ടിൽ വന്നപ്പോൾ പ്രണയത്തോടെ നോക്കിയ അങ്ങേര് തന്നെ ആണോ ഇതെന്ന പരിഭവത്തിൽ അവൾ മുഖം വീർപ്പിച്ചിരുന്നു..

അരികിൽ ഇരിക്കുന്ന ആര്യ മെല്ലെ കുലുങ്ങി ചിരിക്കാൻ തുടങ്ങിയതും അവളെ നോക്കി പേടിപ്പിച്ച് അനി അനിൽ സാറിന്റെ വിഷയം തുറന്ന് വെച്ച് താടിക്കും കൈ കൊടുത്ത് അതിലേക്ക് കണ്ണും നട്ടിരുന്നു........... ************ "അങ്ങനെ മാച്ച് ഗംഭീര വിജയത്തോടെ അവസാനിച്ചു... ഇനി ആർട്സ് ന്റെ തിരക്കുകൾ... എന്റെ ഏട്ടാ.. ഏട്ടന് ജോലി ഭാരം കൂടുമല്ലോ...." പ്രൊജക്റ്റ്‌ ഷീറ്റുകൾ മുന്നിൽ നിരത്തി വർക്കിൽ മുഴുകിയ അക്ഷിതിന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് അമിത് പറഞ്ഞതും അക്ഷിത് പ്രൊജക്റ്റ്‌ ൽ നിന്നും കണ്ണെടുത്തു കൊണ്ട് അവന് നേരെ കണ്ണുകൾ ചിമ്മി പുഞ്ചിരിച്ചു... "ഓ.. അതിപ്പോ പുതിയ കാര്യം ഒന്നുമല്ലല്ലോ.. കാലങ്ങളായി ഉള്ളതല്ലേ.. തിരക്കെന്ന് പറഞ്ഞ് നീ ക്ലാസ്സിൽ കയറാതെ നടക്കും.. അന്നേരം അക്ഷിത് തന്നെയാണല്ലോ നിന്റെ വർക്ക് ചെയ്യുന്നത്.. " അക്ഷിത് ചെയ്യുന്ന പ്രൊജക്റ്റ്‌ലേക്ക് കണ്ണും മിഴിച്ച് നോക്കിയിരിക്കുന്നതിനിടെ ഈശ്വർ പറഞ്ഞതും അമിത് ഞൊടിയിടെ അവന്റെ കണ്ണിന് നേരെ തന്റെ വിരൽ ഞൊടിച്ചു..

"അയ്യോ... അപ്പൊ നീയോ.. എന്ത് തിരക്കിന്റെ പേര് പറഞ്ഞാ എന്റെ ഏട്ടനെ കഷ്ടപ്പെടുത്താറുള്ളത്.. ഇനി നീ തനിയെ ചെയ്താൽ മതി... ആർട്സിൽ നിനക്ക് റോൾ ഒന്നും ഇല്ലല്ലോ.. " "ചതിക്കല്ലേ.. എങ്ങനെ എങ്കിലും ഈ ഇയർ കൂടി ഒന്ന് പാസ്സ് ആവട്ടെ... അതിനിടയിൽ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ.. പാപം കിട്ടും.. നിന്റെ ഏട്ടൻ ബുദ്ധി ജീവി അല്ലേ.. എന്റെയും കൂടെ എഴുതുന്നത് ഏട്ടന് ഒട്ടും കൂടുതൽ ആവില്ല... അല്ലേ ഡാ... " മയത്തിൽ സോപ്പിട്ടു കൊണ്ടുള്ള ഈശ്വറിന്റെ വാക്കുകൾ കേട്ട് അക്ഷിത് തലയാട്ടി കൊണ്ട് ചിരിച്ചു.. പിന്നെ വീണ്ടും പ്രൊജക്റ്റ്‌ൽ ശ്രദ്ധ കൊടുത്തു........ ************ ലാസ്റ്റ് ഹവർ മിസ് ലീവ് ആയതിനാൽ തന്നെ അനി അനിൽ സാറിന്റെ അടുത്തേക്ക് പോകാൻ ബുക്ക് കയ്യിൽ പിടിച്ച് ആര്യയോടൊപ്പം നടന്നു... കട്ടുറുമ്പ് ആവാൻ ഇല്ലെന്ന് പറഞ്ഞ് ആര്യ ഒഴിഞ്ഞു പോയതും അനി ഓഫിസ് റൂമിലേക്ക് കയറി.. അനിൽ സാറും ഒരു മിസ്സും ഒഴികെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല... സാറിന്റെ അടുത്ത് ചെന്ന് നിന്നതും അനിൽ സാർ അവളെ തല ഉയർത്തി നോക്കിയ ശേഷം വാച്ചിലേക്ക് നോക്കി..

"ഞാൻ വരാൻ പറഞ്ഞ സമയം ഇപ്പോൾ അല്ലല്ലോ... " ഗൗരവത്തോടെ അനിൽ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് മുഖം തിരിച്ചു. "എപ്പോ ആയാലും വന്നാൽ പോരെ..ഈ ഹവർ ലീവ് ആണ്.. " താല്പര്യം ഇല്ലാതെ അവൾ പറഞ്ഞതും അനിൽ സാർ മിസ്സിനെ പാളി നോക്കി.. ബുക്ക്‌ എടുത്ത് ക്ലാസ്സിലേക്ക് പോകാനായി എഴുന്നേൽക്കുന്നത് കണ്ടതും അനി നീട്ടിയ ബുക്ക്‌ വാങ്ങി മടക്കി അവൾക്ക് തന്നെ കൊടുത്തു.. "കോളേജ് വിട്ടിട്ടല്ലേ ഞാൻ വരാൻ പറഞ്ഞത്.. അപ്പോൾ വന്നാൽ മതി.. ഞാനിപ്പോ കുറച്ചു തിരക്കിൽ ആണ്.. " സാറിന്റെ വാക്കുകൾ കേട്ടതും മനസ്സിൽ പിറു പിറുത്തു കൊണ്ട് ബുക്ക്‌ വാങ്ങി അനി പോകാനായി തിരിഞ്ഞു നിന്നു.. ആ സമയം മിസ് പോയെന്ന് ഉറപ്പിച്ച അനിൽ സാർ എഴുന്നേറ്റു നിന്ന് നടന്നു നീങ്ങാൻ തുടങ്ങിയ അനിയുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു.... ഞെട്ടി പോയ അനി സാറിന്റെ മുഖത്തേക്ക് നോക്കി... "പേടിച്ചോ... കോളേജിൽ എത്തിയാൽ ക്ലാസ്സിൽ വെച്ചു മാത്രമേ നിന്നെ ഒന്ന് ശെരിക്ക് കാണാൻ കിട്ടൂ.. ആ നേരം നീ തിരക്കെന്ന് പറഞ്ഞു

ക്ലാസ്സിൽ കയറാതെ നിന്നാൽ നിന്നെ എന്റെ അടുത്തെത്തിക്കാൻ ഇങ്ങനെ പലതും ചെയ്യേണ്ടേ ഞാൻ... " മെല്ലെ അവളുടെ കാതോരം ചെന്ന് പറഞ്ഞതും സാറിന്റെ ചുടു നിശ്വാസം കാതിൽ ഇക്കിളി കൂട്ടിയതും അവൾ തല മെല്ലെ ചെരിച്ച് ലജ്ജയോടെ പുഞ്ചിരിച്ചു... ആരെങ്കിലും കാണുമോ എന്ന് പേടിച്ച് സാറിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും സാർ അവളെ മുറുകെ പിടിച്ച് കണ്ണിറുക്കി... സാറിന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അനി തല താഴ്ത്തിയതും സാർ അനിയുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി "ഈ നാണം നിനക്ക് ചേരില്ല... വായാടി അനിയെ ആണ് എനിക്കിഷ്ടം.. " മുഖം അല്പം മുന്നോട്ട് കൊണ്ട് വന്ന് പുഞ്ചിരിയോടെ സാർ പറഞ്ഞതും അനി ചിരിച്ചു കൊണ്ട് സാറിനെ തള്ളി മാറ്റി മാറി നിന്നു... "കോളേജിലുള്ള റൊമാൻസ് ഇത്ര മതി... അധികമായാൽ അത് എനിക്കും സാറിനും ഒരു പോലെ ആപത്താണ്.. ആരെങ്കിലും കണ്ടാൽ മതി.. പിന്നെ കോളേജ് മുഴുവൻ പാട്ടാകും.. " ചുറ്റും നോക്കി കൊണ്ട് അനി പറഞ്ഞതും അനിൽ സാർ ചിരിച്ചു കൊണ്ട് തന്റെ സീറ്റിൽ ചെന്നിരുന്നു..

"എനിക്കറിയാം അനീ.. നിന്നോട് കൂടുതൽ അടുപ്പം കാണിക്കുമ്പോൾ പലരും പലതും പറഞ്ഞു പരത്തും.. അവർക്കാർക്കും അറിയില്ലല്ലോ നീയെന്റെ ഭാവി വധു ആണെന്ന്.. സത്യം അറിയുമ്പോഴേക്ക് നമ്മളെ കുറിച്ച് മോശമായി ചിത്രീകരിച്ചു കഴിഞ്ഞിട്ടുണ്ടാകും... ഹാ.. പിന്നെ അത് കരുതി എന്റെ ക്ലാസ്സ്‌ മിസ് ആക്കിയാൽ ഉണ്ടല്ലോ... നോട്ടം കൊണ്ട് പ്രണയിക്കാൻ എങ്കിലും അവസരം നൽകണം.. " അവളെ നോക്കി പുരികം പൊക്കി ചിരിച്ചു കൊണ്ട് അനിൽ സാർ പറഞ്ഞതും ശ്രമിക്കാം എന്ന അർത്ഥത്തിൽ കൈ പിണച്ചു വെച്ചവൾ തല ചെരിച്ചു... അവളുടെ കുസൃതി നിറഞ്ഞ മുഖഭാവം കണ്ട് കൗതുകത്തോടെ അനിൽ അവളെ നോക്കിയിരുന്നു.... ************ അക്ഷിതിനെ ശല്യം ചെയ്യേണ്ടെന്ന് തീരുമാനിച്ചു കൊണ്ട് അമിതും ഈശ്വറും ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി... ഒഴിഞ്ഞ ക്ലാസ്സ്‌ റൂമുകൾ ആർട്സ് ന്റെ പ്രാക്ടീസ്നായി വിദ്യാർത്ഥികൾ കയ്യടക്കിയിട്ടുണ്ട്... എവിടെ നോക്കിയാലും ആർട്സ് നുള്ള ഒരുക്കങ്ങൾ മാത്രമാണ്.... " അടുത്ത ആഴ്ച കഴിഞ്ഞാൽ അല്ലേ ആർട്സ് .. എല്ലാത്തിനും ഒരു ചിട്ട വേണം...

അതിനായ് ഓരോ ഗ്രൂപ്പ്‌ ഉണ്ടാക്കണം..ഓരോ ഭാഗത്തും ഓരോരുത്തരെ നിയോഗിക്കണം.. ആർട്സ് ന്റെ ദിവസം അലമ്പ് ഉണ്ടാക്കാൻ സാധ്യത ഉണ്ട്.. എല്ലാം മുന്നിൽ കാണണം.. ഇന്ന് കോളേജ് വിടുന്ന സമയം നമുക്കൊരു മീറ്റിംഗ് വെക്കണം... " ആർട്സ് ന്റെ ചുമതല അമിതിന് ആയതിനാൽ ഗൗരവത്തിൽ തന്നെ അമിത് ഈശ്വറുമായി ഡിസ്കസ് ചെയ്തു... അതിനിടയിൽ പെട്ടന്ന് അവരുടെ മുന്നിലേക്ക് ആര്യ നടന്ന് വന്നതും അമിത് അവളെ നോക്കി... കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ അവൾക്ക് തന്നോട് നല്ല ദേഷ്യം ഉണ്ടായിട്ടുണ്ടാവുമെന്ന് അവനറിയാമായിരുന്നു... പ്രതീക്ഷിച്ച പോലെ ആര്യ കലിപ്പോടെ അവന്റെ നേരെ നോക്കി... ഈ സമയം ആര്യയുടെ നിഴൽ കണ്ടതും ഈശ്വർ മെല്ലെ പിറകോട്ട് നടന്ന് ഓടി പോയിരുന്നു.... അമിതിന് നേരെ ഓരോ അടി അവൾ നടന്നടുക്കുമ്പോഴും കൈ പിണച്ചു വെച്ച് സ്ഥാനം മാറാതെ അവൻ അവളെ നോക്കി നിന്നു....

തന്റെ തൊട്ട് മുന്നിൽ നിന്ന് ദേഷ്യം മുഴുവൻ മുഖത്ത് പടർത്തി തന്നെ അവൾ ഉറ്റു നോക്കിയതും ഭാവം മാറ്റാതെ കണ്ണിമ ചിമ്മാതെ അമിത് അവളുടെ കണ്ണുകളിലേക്ക് നോക്കി..... ആ കണ്ണുകളിൽ തന്നോടുള്ള ദേഷ്യം അല്ലാതെ മറ്റൊന്നും കാണാൻ അവനായില്ല... അല്പ സമയം ആര്യ അവനെ രൂക്ഷമമായി നോക്കി കൊണ്ട് പല്ലുകൾ ഇറുമ്പി കൊണ്ട് മുഖം തിരിച്ച് നടന്ന് പോയി....... "ഏഹ്... ഒന്നും ചെയ്തില്ലേ... " തൂണിന്റെ മറവിൽ നിന്നും ഒളിഞ്ഞു നോക്കിയ ഈശ്വർ ആര്യയുടെ ഭാഗത്ത്‌ നിന്നും പ്രതികരണം ഒന്നും കാണാത്തത് കൊണ്ട് മെല്ലെ ചോദിച്ചു... അമിതും അതിശയത്തോടെ അവളെ നോക്കി... അനിയെ മോശമാക്കി പറഞ്ഞ ഒരുത്തനിട്ട് മാച്ചിന്റെ അന്ന് അവൾ കൊടുത്ത ഇടി താൻ കണ്ണുകൾ കൊണ്ട് കണ്ടതാണെന്നും, അതിന് കാരണക്കാരൻ ആയ തന്നെ കണ്ടാൽ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ടാവുമെന്നും അവൻ മനസ്സിൽ വിചാരിച്ചിരുന്നു... പക്ഷേ.. ഇപ്പോൾ കണ്മുന്നിൽ കിട്ടിയിട്ടും വാക്കുകൾ കൊണ്ട് പോലും തന്നോട് കയർക്കാൻ വരാത്ത ആര്യയെ അത്ഭുതത്തോടെ അവൻ നോക്കി നിന്നു...

. അമിതിൽ നിന്നും മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് കാറ്റ് പോയോ എന്നറിയാൻ അവൻ അടുത്ത് വന്ന് അന്തം വിട്ട് നിൽക്കുന്ന അമിതിന്റെ മൂക്കിന് താഴെ കൈ വെച്ചു... പെട്ടന്ന് ഞെട്ടിയ അമിത് എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.. " ആ.. ശ്വാസം ഉണ്ടല്ലേ.. നിന്റെ അനക്കം ഒന്നും ഇല്ലാത്തപ്പോൾ ഞാൻ കരുതി മറ്റവൾ നോട്ടം കൊണ്ട് നിന്നെ ഒരു പരുവമാക്കിയെന്ന്... അവൾ ആയത് കൊണ്ട് ഇതല്ല ഇതിനപ്പുറം ചെയ്തെന്ന് വരും... " "പോടാ... എനിക്കൊന്നും പറ്റിയിട്ടില്ല..." "അങ്ങനെ വരാൻ വഴിയില്ലല്ലോ.. അത് ആര്യ തന്നെ അല്ലേ.. എന്താ അവൾക്കൊരു മനം മാറ്റം.. " "അല്ല... ആര്യ അല്ലാ.. അവളുടെ പ്രേതം ആണ്.. അവളെയും അവളുടെ മനം മാറ്റത്തെയും വിചാരിച്ച് ഇവിടെ നിൽക്ക്... എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട് " നഖം കടിച്ചു നിൽക്കുന്ന ഈശ്വറിനെ നോക്കി അതും പറഞ്ഞു കൊണ്ട് അമിത് നടന്നകന്നു.. അവൻ പോയതും ഈശ്വർ ഒന്ന് ഞെട്ടി ആര്യ പോയ വഴിയേ നോക്കി... "എന്നെ ഒറ്റക്കാക്കി പോകാണോ ഡാ പട്ടീ... " അതും പറഞ്ഞവൻ അമിതിന്റെ പിറകെ ഓടി..

അമിതിനോടുള്ള ദേഷ്യം മുഴുവൻ അവൾ തീർത്തത് ഒഴിഞ്ഞ ഗ്രൗണ്ടിൽ ബാസ്കറ്റ് ബാൾ തട്ടി കൊണ്ടായിരുന്നു... ഇടതടവില്ലാതെ ബാൾ കൈ കൊണ്ട് തട്ടി കയ്യിൽ എടുത്ത് നെറ്റിലേക്ക് എറിഞ്ഞു.. കൃത്യമായി അതിൽ ചെന്ന് വീണതും ക്ഷീണിച്ചു കൊണ്ടവൾ സ്റ്റെപ്പിൽ ഇരുന്നു... കഴിഞ്ഞ ദിവസത്തെ സംഭവം അവളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടായിരുന്നില്ല... അനിയെ എല്ലാവരും മോശക്കാരിയായി കണ്ടതിന്റെ കാരണക്കാരൻ ആയ അമിതിനെ നേരിൽ കണ്ട് കണക്ക് ചോദിക്കാൻ മനസ്സിനെ സജ്‌ജമാക്കിയതായിരുന്നു അവൾ.. എന്നാൽ അതിനിടയിൽ അനിൽ സാർ പെണ്ണ് കാണാൻ വന്നതും തന്റെ പ്രണയം പൂവിട്ടതിന്റെ പേരിൽ അനി ഒരുപാട് സന്തോഷിക്കുന്നതും കണ്ട ആര്യ സംയമനം പാലിക്കാൻ തീരുമാനിക്കുകയായിരുന്നു.. അമിതുമായി താൻ പ്രശ്നം ഉണ്ടാക്കിയാൽ അമിത് വീണ്ടും അവളെ ദ്രോഹിക്കുമോ എന്ന ചിന്ത അവളെ അലട്ടി.. അനിയുടെ സന്തോഷത്തിന് താൻ കാരണം മങ്ങൽ ഏൽക്കാൻ പാടില്ലെന്നുറപ്പിച്ച് കൊണ്ട് അമിതുമായി പ്രശ്നത്തിന് പോകില്ലെന്നവൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു...

അമിതിനെ കണ്മുന്നിൽ കണ്ടിട്ടും ദേഷ്യം അടക്കി പിടിച്ചത് അനിക്ക് വേണ്ടിയാണെന്ന് മനസ്സിനെ പഠിപ്പിച്ചു കൊണ്ട് ദേഷ്യം മുഴുവൻ ഗ്രൗണ്ടിൽ ഇറങ്ങി തീർത്തു കൊണ്ടിരുന്നു.. ************ കോളേജ് വിട്ടതും മീറ്റിംഗ് ന് നിൽക്കാതെ അനി ആര്യയോടൊപ്പം വീട്ടിലേക്ക് തിരിച്ചു ... ആര്യ പ്രശ്നത്തിന് പോകാതിരിക്കാൻ താൻ അമിതിൽ നിന്നല്പം ഡിസ്റ്റൻസ് കീപ് ചെയ്യണമെന്ന് അവൾക്ക് തോന്നി... ഈശ്വർ വന്ന് വിളിച്ചിട്ടും മീറ്റിംഗ് അവരോടു കൂടാൻ പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി... അവളെ വിളിച്ചു കൊണ്ട് വരാൻ ഞാൻ പോകാമെന്നു പറഞ്ഞ് അമിത് മീറ്റിംഗ് നടക്കുന്ന ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നു.. കോളേജ് വിട്ടതിനാൽ എല്ലാവരും പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. ഗ്രൗണ്ടിൽ അവിടെ ഇവിടെയായി തങ്ങി നിൽക്കുന്ന കുട്ടികളിലേക്ക് അമിതിന്റെ കണ്ണുകൾ നീണ്ടു.. ക്ലാസ്സിൽ ചെന്നപ്പോൾ അവിടെ അനിയെ കണ്ടിരുന്നില്ല.... കോളേജ് അങ്കണത്തിൽ ആര്യക്കൊപ്പം നടന്നു നീങ്ങുന്ന അനിയെ കണ്ടതും അവൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്കോടി....

അമിത് വരുന്നത് കണ്ട അനി അല്പം ഭയത്തോടെ ആര്യയെ നോക്കി.. അവൾ കണ്ടിട്ടില്ലെന്ന് ഉറപ്പായതും അനി അവളുടെ കയ്യും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി... കോളേജ് ഗേറ്റ് കടന്ന് വേഗം റോഡ് മുറിച്ചു കടന്ന അനിയെ ഗേറ്റിന് മുന്നിൽ നിന്ന് അമിത് നോക്കി.. അവനെ തിരിഞ്ഞു നോക്കാതെ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു... അവൾ പോയെന്ന് ഉറപ്പായതും ചിരിച്ചു കൊണ്ട് തലയാട്ടി അവൻ മീറ്റിംഗ് നടക്കുന്ന ഇടത്തേക്ക് തിരിച്ചു നടന്നു................ രണ്ടാഴ്ച ഈ അവഗണന അനി തുടർന്നു... അമിത് ഉള്ള സ്ഥലങ്ങളിൽ നിന്നെല്ലാം അനി മനഃപൂർവം വിട്ട് നിന്നു.. താൻ കാരണം ഇനി ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു.... ആർട്സ് ന്റെ തിരക്കുകളിൽ കോളേജ് മുഴുകിയതും അനിയും അതിന്റെ കൂടെ കൂടി... ഇതിനിടയിൽ സാറുമായുള്ള പ്രണയം കോളേജ്ലെ മറ്റാരും അറിയാതെ പൂവിട്ടു കൊണ്ടിരുന്നു..... എപ്പോഴും ഡൌട്ട്സ് ചോദിച്ചു ചെല്ലുന്ന സ്വഭാവം അനിക്ക് ഉണ്ടായതിനാൽ അവർ ഒരുമിച്ച് സംസാരിച്ചു നിൽക്കുമ്പോൾ ആരും തെറ്റിദ്ധരിച്ചതുമില്ല.

അനി സന്തോഷവതിയായത് കൊണ്ട് തന്നെ അമിതിനോടുള്ള ദേഷ്യം ആര്യ മറന്നു.... അവനെ നേരിൽ കാണുന്ന സന്ദർഭം കുറഞ്ഞതും ഇരുവരുമായുള്ള അങ്കം പ്രതീക്ഷിച്ചവർക്ക് അതൊരു തിരിച്ചടിയായി.... അനി മീറ്റിംഗ് ന് വരാത്തത് കൊണ്ടും അവളെ കാണാൻ കിട്ടാത്തത് കൊണ്ടും അനി മുഖേന ആര്യയെ വട്ട് പിടിപ്പിക്കാൻ ഉള്ള അവസരം ഒന്നും അമിതിന് കിട്ടിയില്ല.. മനഃപൂർവം ഒഴിഞ്ഞു പോകുന്ന അനി ആർട്സ് ന്റെ തിരക്കിൽ പെട്ടതും അമിതും തന്റെ ഉത്തരവാദിത്തങ്ങളിൽ മുഴുകി... കൂടെ ഈശ്വറും ചേർന്നു... ആർട്സ് കഴിഞ്ഞാൽ സബ്മിറ്റ് ചെയ്യേണ്ട വർക്ക്ന് പിറകെ ആയിരുന്നു അക്ഷിത്..... അങ്ങനെ രണ്ടാഴ്ച കൂടുതൽ സംഭവവികാസങ്ങൾ അരങ്ങേറാൻ ഇല്ലാതെ പെട്ടന്ന് കടന്നു പോയി..... ************ ആർട്ട്‌സ് ന്റെ അന്ന് രാവിലെ അമിത് ഒരുക്കത്തോടെ കോളേജിൽ പോകാനായി താഴേക്ക് ചെന്നു... പലതും മനസ്സിൽ കണക്ക് കൂട്ടി കൊണ്ടായിരുന്നു അമിത് പോകാൻ ഉത്സാഹം കാണിച്ചത്... അമിതിനെയും പിറകെ വരുന്ന അക്ഷിതിനെയും മാറി മാറി നോക്കി കൊണ്ട് പുരികം പൊക്കി കൈ പിണച്ചു വെച്ച് അക്ഷര കുട്ടി മുന്നിൽ നിന്നു...

"മ്മ്മ്.. പോകുന്നതൊക്കെ കൊള്ളാം... വായിനോക്കി നിന്ന് കുടുംബത്തിന് ചീത്ത പേര് വല്ലതും ഉണ്ടാക്കിയാൽ.......അപ്പൊ പറഞ്ഞു തരാം ബാക്കി.. കെട്ടിക്കാൻ ഒരു പെണ്ണ് വീട്ടിൽ ഉണ്ടെന്ന് ബോധം രണ്ട് പേർക്കും വേണം... " കാര്യ ഗൗരവത്തോടെ അവൾ പറഞ്ഞതും ഇരുവരും ചിരി കടിച്ചു പിടിച്ചു.. "അയ്യോ.. അതാരാ ആ കെട്ടിക്കാൻ ഉള്ള പെണ്ണ്.. ഈ നത്തോലിയോ... " അവളുടെ തലയിൽ കൊട്ടി കൊണ്ട് അമിത് ചിരിച്ചു.. അതിഷ്ടപ്പെടാത്ത അക്ഷര അവന്റെ നടു നോക്കി ഒരെണ്ണം കൊടുത്തു.. "ഏട്ടാ... നല്ല ചെത്തിൽ ആണല്ലോ... ഞാൻ കൂടി വരട്ടെ... " ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് അമൻ വന്നതും കഴിക്കാൻ ഇരുന്ന അമിത് അവനെ നോക്കി.. "പുറത്ത് നിന്ന് ആരെയും കയറ്റരുതെന്നാ ഓർഡർ.. എങ്കിലും സാരമില്ല.. നീ പോന്നോ... എന്റെ അനിയൻ ആയത് കൊണ്ട് കുഴപ്പമില്ല.. കോളേജ്ൽ അടി ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് പുറത്ത് നിന്ന് ആരെയും, പ്രത്യേകിച്ച് പെൺകുട്ടികളെ ഒന്നും കൊണ്ട് വരരുതെന്ന പ്രിൻസി പറഞ്ഞിരിക്കുന്നത്.. കഴിഞ്ഞ പ്രാവശ്യം എന്തായിരുന്നു..

കോളേജിലെ അധിക കുട്ടികളും അവരുടെ പെങ്ങന്മാർ, കസിൻസ് എന്നിവരുമായൊക്കെയാ വന്നിരുന്നേ... ഇത്തവണ അവർക്ക് കാണാൻ ഉള്ള ഭാഗ്യം ഇല്ല.. എന്ന് കരുതി നിനക്ക് പ്രശ്നമില്ല.. നീ വേഗം റെഡി ആയിക്കോ... " അമിതിന്റെ വാക്കുകൾ കേട്ട് അമൻ മുഖം ചുളിച്ചു.. ആർട്സ് ആയതിനാൽ വായിനോക്കാൻ കിട്ടുന്ന അവസരം പാഴാക്കേണ്ടെന്ന് കരുതി പോരട്ടെ എന്ന് ചോദിച്ചതാ അവൻ.. പിന്നെ ശിവ എങ്ങാനും ഉണ്ടെങ്കിലോ എന്ന ചിന്ത അവന്റെ മനസ്സിൽ കടന്നു പോയിരുന്നു.. എന്നാൽ അമിതിന്റെ വാക്കുകൾ കേട്ട് ഇനിയെന്തിനാ പോകുന്നെ എന്ന് അവൻ ആലോചിച്ചു നിന്നു.. "അയ്യോ.. ഞാൻ മറന്നു.. എനിക്ക് എക്സാം ഉണ്ടായിരുന്നു.. അതിന് പഠിക്കണം.. ഏട്ടന്മാർ ലേറ്റ് ആവേണ്ട.. പൊയ്ക്കോ... " അതും പറഞ്ഞ് എസ്കേപ്പ് ആയ അമനെ നോക്കി അക്ഷിതും അമിതും ചിരിച്ചു.. ************ മൂന്ന് ദിവസത്തെ ആർട്സ് പ്രോഗ്രാമിന് ഉജ്ജ്വലമായ തുടക്കം കുറിച്ച് എല്ലാവരും ഒരുങ്ങി... ഒരുപാട് സ്റ്റേജുകൾ ഉണ്ടായതിനാൽ അവയെ സംയോജിപ്പിച്ച് ക്രമീകരിക്കാൻ ഉള്ള ഏർപ്പാടിൽ ആയിരുന്നു അമിത്...

ആർക്കും മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ നോക്കുന്നതിലും അവന്റെ കണ്ണെത്തി... എല്ലാ സ്റ്റേജിലും, മെയിൻ സ്റ്റേജിലും ആവശ്യങ്ങൾക്കായി അവനും ഈശ്വറും ഓടി നടന്നു..... കോളേജിൽ നേരത്തെ കാലു കുത്തിയ അനിയെ എല്ലാവരും നോക്കി... മറ്റുള്ളവരിൽ നിന്ന് വേറിട്ട് മറ്റാരേക്കാളും സുന്ദരിയായി ഒരുങ്ങി വന്ന അനി ആയിരുന്നു കോളേജിലെ താരം... എല്ലാവരും അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ തിരഞ്ഞത് അനിൽ സാറിനെ ആയിരുന്നു .. സാറിനെ കാണിക്കാൻ അല്ലേ ഇങ്ങനെ ഒരുങ്ങിയെ എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി കോളേജിൽ എത്തുന്ന വരെ ആര്യ അവളെ കളിയാക്കി കൊണ്ടിരുന്നു... സാർ മുന്നിൽ വന്ന് പെട്ടതും ആര്യ തലയാട്ടി കൊണ്ട് മെയിൻ സ്റ്റേജിലേക്ക് പോയി.... കണ്ണിമ ചിമ്മാതെ തന്നെ നോക്കുന്ന അനിലിനെ കണ്ട് എങ്ങനെ ഉണ്ട് കാണാൻ എന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചതും പുഞ്ചിരിയോടെ അനിൽ അവളുടെ അടുത്തേക്ക് നടന്നു... "ഇത്ര ഒരുക്കം വേണ്ടിയിരുന്നില്ല... സകല ആൺപിള്ളേരും ഇനി നിന്റെ പിറകെ ആയിരിക്കുമല്ലോ...

നിന്നെ ഞാൻ മാത്രം നോക്കിയാൽ മതി.. കേട്ടോ " സാറിന്റെ വാക്കുകൾക്ക് ചിരി സമ്മാനിച്ചതും സാർ അവളെ നോക്കി കണ്ണിറുക്കി... കോഴികൾ എല്ലാം അവളെ കണ്ട് തല പൊക്കിയെങ്കിലും ആര്യയെ ഓർത്ത്‌ അവർ ആരും പ്രത്യക്ഷത്തിലേക്ക് വന്നില്ല..... അനി ഗ്രീൻ റൂമിലേക്ക് ചെന്ന് പരിപാടികൾക്ക് തയ്യാറെടുക്കുന്നവരെ ഒരുങ്ങാൻ സഹായിച്ചു... ************ ഒരു കുഴപ്പവും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയതും ഈശ്വറിനെ മെയിൻ സ്റ്റേജിനടുത്ത് നിർത്തി അമിത് പരിപാടികൾക്കായി ഒരുങ്ങുന്ന ക്ലാസ്സ്‌ മുറികളെ ലക്ഷ്യം വെച്ച് നടന്നു...ഓരോ ക്ലാസ്സും ഓരോ പരിപാടിക്കുള്ള ഗ്രീൻ റൂം ആയിരുന്നു.. അവിടെ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്നവൻ അന്വേഷിച്ചു.... ഒരു ക്ലാസ്സ്‌ റൂമിൽ സംഘ നൃത്തത്തിനായുള്ളവരെ ഒരുങ്ങാൻ സഹായിക്കുന്ന അനിയെ കണ്ടതും അമിത് അകത്തേക്ക് ചെന്നു... അനൗൺസ്മെന്റ് കേട്ട് കുട്ടികൾ പുറത്തേക്ക് പോയതും ഇതാണ് പറ്റിയ അവസരം എന്ന് അമിത് കണക്ക് കൂട്ടി... ഇത്രയും ദിവസം തന്നെ അവഗണിച്ച അനിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞ് അവളോട് ചെയ്തതിനെല്ലാം മാപ്പ് പറയണമെന്ന് അമിത് ഉറപ്പിച്ചിരുന്നു..

ആര്യ അവിടെയൊന്നും ഇല്ലാത്തതിനാൽ ഇപ്പോൾ തന്നെ എല്ലാം പറഞ്ഞ് ക്ലിയർ ആക്കണമെന്നവൻ ഉറപ്പിച്ചു.. എല്ലാവരും പോയതും പോകാനായി തിരിഞ്ഞു നിന്ന അനി അമിതിനെ കണ്ടതും ഞെട്ടി കൊണ്ട് പിറകോട്ട് നീങ്ങി...പേടിക്കേണ്ടെന്ന് പറയാനായി അമിത് മുന്നോട്ട് നീങ്ങിയതും പെട്ടന്ന് വാതിൽ ആരോ വലിച്ചടച്ചു.... ശബ്ദം കേട്ട് ഞെട്ടിയ അമിത് തിരിഞ്ഞു നോക്കിയതും അടഞ്ഞ വാതിൽ കണ്ട് അതിനടുത്തേക്ക് വേഗത്തിൽ ചെന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.... വാതിൽ തുറയുന്നില്ലെന്ന് കണ്ടതും അനി ഓടി വന്ന് വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കി..... എന്നാൽ സംഘ നൃത്തം തുടങ്ങിയതിനാൽ അതിന്റെ ബഹളത്തിൽ അവരുടെ ശബ്ദം ആ റൂമിൽ നിന്ന് പുറത്തേക്ക് പോയില്ല..... പേടിച്ചു പോയ അനി കരഞ്ഞു കൊണ്ട് നിലത്തിരുന്നു... "ഏയ്.. അനീ... കരയല്ലേ... പ്ലീസ്.. പേടിക്കേണ്ട... ഒന്നും സംഭവിക്കില്ല.. നീയെന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്... " അവളെ ആശ്വസിപ്പിക്കാൻ അമിത് ശ്രമിച്ചു കൊണ്ടേയിരുന്നു.. എന്നാൽ അനി ആ വാക്കുകൾ ഒന്നും കേൾക്കാൻ തയ്യാറായിരുന്നില്ല...

"ആര്യാ........ പ്ലീസ്.. ആരെങ്കിലും ഉണ്ടോ അവിടെ.. ഈ വാതിൽ ഒന്ന് തുറക്ക്.... പ്ലീസ്.... " അലറി വിളിച്ചു കൊണ്ടവൾ വാതിലിൽ ആഞ്ഞു മുട്ടി കരഞ്ഞു. അമിത് വേഗം ഫോൺ എടുത്ത് ഏട്ടനെ വിളിക്കാൻ നിന്നെങ്കിലും റേഞ്ച് ഒട്ടും ഇല്ലാത്തതിനാൽ കാൾ പോയില്ല...ദേഷ്യത്തിൽ അമിത് കൈകൾ ഡസ്കിൽ ആഞ്ഞടിച്ചു... തന്നെ നോക്കി പേടിച്ചിറുകി ഇരിക്കുന്ന അനിയെ കണ്ടതും അവൻ ദേഷ്യം അടക്കി...പുറത്ത് പോകാൻ വേറെ വല്ല വഴിയും ഉണ്ടോന്ന് അവൻ ക്ലാസ്സ്‌ മുഴുവൻ പരതി.... രണ്ടേ രണ്ട് ജനൽ മാത്രമേ ആ ക്ലാസ്സിന് ഉണ്ടായിരുന്നുള്ളൂ... സ്ഥിരം ക്ലാസ്സ്‌ റൂം അല്ലായിരുന്നു അത്.. അതിനാൽ തന്നെ ജനൽ കേട് വന്നതിനാൽ ശെരിയാക്കിയിട്ടുണ്ടായിരുന്നില്ല... പൊളിഞ്ഞു പോകാതിരിക്കാൻ അപ്പുറത്ത് നിന്ന് പലക അടിച്ച് ഉറപ്പിച്ചതിനാൽ ജനൽ തുറക്കാൻ അമിതിന് കഴിഞ്ഞില്ല.....

എല്ലാ ശ്രമവും പരാജയപ്പെട്ട അവൻ അനിയിൽ നിന്ന് കുറച്ചപ്പുറത്തായി നിരാശയോടെ നിസ്സഹായനായി നിന്നു... ആ നിമിഷം... അപ്പുറത്ത് ആരുടെയൊക്കെയോ ശബ്ദം കേട്ടതും അനി അമിതിനെ നോക്കി എഴുന്നേറ്റു നിന്നു.. പ്രതീക്ഷയോടെ ഇരുവരും വാതിലിലേക്ക് നോക്കി . അടുത്ത നിമിഷം വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു... സന്തോഷത്തോടെ പുറത്തേക്ക് നോക്കിയ അനിയും അമിതും കാളലോടെ പരസ്പരം നോക്കി... തങ്ങളുടെ മുന്നിൽ നിൽക്കുന്ന പ്രിൻസിയെയും അനിൽ സാറിനെയും മറ്റ് ടീച്ചേഴ്സ്, സഹപാഠികളെയും കണ്ടതും താൻ തളർന്നു വീഴാൻ പോകുന്ന പോലെ അനിക്ക് തോന്നി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story