ആത്മരാഗം💖 : ഭാഗം 65

athmaragam thanseeh

രചന: തൻസീഹ് വയനാട്

ആര്യയെയും കൊണ്ട് അനി ഒഴിഞ്ഞ ക്ലാസ്സ്‌ റൂം ലക്ഷ്യം വെച്ച് നടന്നു.. ബെഞ്ചിൽ അവളെ ഇരുത്തി അനി തൊട്ടടുത്തിരുന്നതും ആര്യ നിറഞ്ഞ മിഴികളോടെ അവളെ വാരിപ്പുണർന്നു.... "അനീ.. വീണ്ടും നിന്റെ മനസ്സവൻ വേദനിപ്പിച്ചിരിക്കുന്നു.... നിന്നെ സംരക്ഷിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ... ". ഉള്ളിലെ സങ്കടം മറ നീക്കി പുറത്ത് വന്നതും അനി അവളെ തലോടി ആശ്വസിപ്പിച്ചു.. "ഇല്ല വാവീ... നീ വിചാരിക്കും പോലെയല്ല കാര്യങ്ങൾ.. അമിത്... " "മതി.... അവന്റെ പേര് പോലും ഉച്ഛരിക്കരുതെന്നു നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്....അത്ര കണ്ടു വെറുപ്പുണ്ട് എനിക്ക് അവനോട്..... " അമിതിന്റെ നാമം അവളുടെ കാതുകളിൽ പതിഞ്ഞതും എന്തെന്നില്ലാത്ത ദേഷ്യത്തിൽ അവളുടെ മുഖം വലിഞ്ഞു മുറുകി.. പരിഹാസപാത്രമായി എല്ലാവർക്കും നടുവിൽ നിന്ന് പൊട്ടിക്കരഞ്ഞ അനിയുടെ രൂപം മനസ്സിൽ തെളിയും തോറും അമിതിനോടുള്ള ദേഷ്യം അവളിൽ വർധിച്ചു... അത് മനസ്സിലാക്കിയ അനി അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ തീരുമാനിച്ചു..

"വാവീ.... പ്ലീസ്.. എന്താ ഉണ്ടായതെന്ന് ശെരിക്ക് മനസ്സിലാക്കാതെയാണ് നീ ഈ ദേഷ്യം വെക്കുന്നത്... അതൊരു ട്രാപ് ആയിരുന്നുവെന്ന് തോന്നുന്നു.. ആരാണ് ചെയ്തതെന്ന് അറിയില്ല.. അമിത് ചേട്ടൻ എന്നോട് മാപ്പ് പറയാൻ വേണ്ടി വന്നതാ..ആ സമയമാണ് ആരോ വാതിൽ പുറത്ത് നിന്നും വലിച്ചടച്ചത്... അമിത് ചേട്ടന്റെ ശത്രുക്കൾ തന്നെ ആയിരിക്കും ഇതിന് പിന്നിൽ... " "മാപ്പ്... നീ അവൻ പറഞ്ഞതൊക്കെ വിശ്വസിക്കുവാണോ അനീ... നിന്നെ മനഃപൂർവം നാണം കെടുത്താൻ അവൻ കളിച്ച കളിയാണിത്.. എല്ലാവരുടെയും മുന്നിൽ നിന്നെ മോശക്കാരിയാക്കണം.. അതാണവന്റെ പ്ലാൻ.. അവൻ കോളേജിലെ ഹീറോ അല്ലേ... നാറ്റക്കേസിൽ നിന്ന് എങ്ങനെ എങ്കിലും തടിയൂരും.. പക്ഷേ നിന്നെ കോളേജിലെ എല്ലാവരുടെയും മുന്നിൽ തരം താഴ്ത്തി നിന്റെ കണ്ണുനീർ കണ്ട് അവന് സന്തോഷിക്കണം.. ഇതാണ് സത്യം അനീ.... എന്നിട്ട് പുണ്യാളൻ ചമയാൻ മാപ്പ് പറച്ചിലും.... " ആര്യയുടെ അരിശം തീരുന്നുണ്ടായിരുന്നില്ല.... ഇപ്രാവശ്യം അവളിലെ മനസ്സിലെ തെറ്റിദ്ധാരണ നീങ്ങണം എന്ന് അനി ഉറപ്പിച്ചു.

ചെയ്യാത്ത തെറ്റിന് അമിത് അവളുടെ വെറുപ്പ് സമ്പാദിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ ആവുമായിരുന്നില്ല... "വാവീ.. നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്.. അമിത് ചേട്ടൻ അല്ല ഇതിന് പിറകിൽ... സത്യം... പ്രിൻസിയുടെ മുന്നിൽ വെച്ചല്ലേ എന്നോട് മാപ്പ് പറഞ്ഞത്... നീ വെറുതെ അമിത് ചേട്ടനെ തെറ്റിദ്ധരിക്കല്ലേ.... " "നീയിനി ഒന്നും പറയേണ്ട അനീ.. അവന്റെ മനസ്സിലിരുപ്പ് എന്താണെന്ന് എനിക്ക് നല്ലവണ്ണം മനസ്സിലായി... നിന്നോട് ഈ ചെയ്തതിന് ഞാൻ പകരം ചോദിച്ചിരിക്കും.... നീ കരഞ്ഞ പോലെ അവനെ കൊണ്ട് ഞാൻ കരയിപ്പിക്കും... " ഉറച്ച തീരുമാനം എടുത്ത ആര്യയെ പറഞ്ഞു മനസ്സിലാക്കുന്നതിൽ നിന്ന് അനി പരാജയപ്പെട്ടു.. ആര്യ അങ്ങോട്ട് പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാത്തത് കൊണ്ട് തന്നെ അനി നിരാശയോടെ മൗനം പാലിച്ചു.. ക്ലാസ്സിൽ നിന്ന് വെളിയിലേക്കിറങ്ങുമ്പോൾ അനിയുടെ മുഖം വെപ്രാളത്തോടെ കാണപ്പെട്ടു...

എല്ലാവരും തന്നെ ഇനി ഏത് രീതിയിൽ നോക്കി കാണുമെന്ന ചിന്ത അവളെയാകെ തളർത്തി.... ഒപ്പം ആര്യ ഉണ്ടെന്ന ധൈര്യത്തിൽ അവൾ സ്റ്റേജിലേക്ക് നടന്നു... അവളുടേതായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാത്തത് കൊണ്ട് തന്നെ അവൾ ആത്മധൈര്യത്തോടെ മുന്നോട്ട് നടന്നു.. അവളെ ഞെട്ടിച്ചു കൊണ്ട് ആരും അവളോട് മോശമായോ പരിഹാസത്തോടെയോ സംസാരിക്കാൻ വന്നില്ല..ഒന്നും നടന്നിട്ടില്ലെന്ന മട്ടിൽ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം... നടന്ന സംഭവം എന്താണെന്ന് എല്ലാവരും അറിഞ്ഞെന്നും തങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും അവരെല്ലാം മനസ്സിലാക്കിയെന്ന് അനിക്ക് ഓരോരുത്തരുടേയും മുഖഭാവത്ത് നിന്നും അറിയാൻ കഴിഞ്ഞു.. അതിലവൾക്കൊരുപാട് സന്തോഷമായി.... ആശ്വാസത്തോടെ അനി തന്റെ ജോലികളിൽ മുഴുകി.... എല്ലാം ഓക്കേ ആയിട്ടും ആര്യയുടെ മനസ്സിൽ മാത്രം ആ കനൽ കെടാതെ അവശേഷിച്ചു... അമിത് കാരണം അനിക്കുണ്ടായ മാനഹാനി കുറഞ്ഞ നിമിഷത്തേക്കെങ്കിലും അനിയുടെ ഹൃദയം വേദനിച്ചത് ഒരുപാട് ആഴത്തിൽ ആണെന്നും അവൾ കണക്ക് കൂട്ടി...... എത്ര ശ്രമിച്ചിട്ടും അവളിലെ അവളെ നിയന്ത്രിക്കാൻ അവളെ കൊണ്ടായില്ല... കുറച്ചു സമയം തനിച്ചിരിക്കാൻ ഒഴിഞ്ഞ ഇടം നോക്കിയവൾ നടന്നു... ************

പ്രിൻസി മുഖേന തന്നെ എല്ലാ കുട്ടികളും സത്യം മനസ്സിലാക്കിയിരുന്നു.. ഈ പ്രശ്നത്തിൽ അനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്ന് അമിതിന് നിർബന്ധം ഉണ്ടായിരുന്നു... എല്ലാവരും കാര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ട് തന്നെ അമിതിന് അത് ആശ്വാസമായി.. ആർട്സ് പരിപാടികളിലേക്കും വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആണ് ഇതിന് പിന്നിൽ ആരാവുമെന്ന ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്... ഉടനെ അവൻ പ്രിൻസിയുടെ വാക്കുകൾ ഓർത്തു.. ആരാണ് പ്രിൻസിയെ അറിയിച്ചതെന്ന് അറിയാൻ അവൻ ഓഫിസിലേക്ക് നടന്നു... വീണ്ടും അമിതിനെ കണ്ടതും പ്രിൻസി സംശയത്തോടെ നോക്കി.. പ്രശ്നം രൂക്ഷമായോ എന്നായിരുന്നു പ്രിൻസി ചിന്തിച്ചത്... "എന്താ അമിത്.. ഇനി എന്തെങ്കിലും പ്രോബ്ലം... " "നോ മേം.. ഒരു കാര്യം അറിയാൻ വേണ്ടി വന്നതാ..ആരോ പറഞ്ഞിട്ടാണ് നിങ്ങളെല്ലാവരും അങ്ങോട്ട്‌ വന്നതെന്ന് പറഞ്ഞില്ലേ.. അതാരാണ്.. " "ഞാനത് മനഃപൂർവം വിട്ടതാണ്.. ഇതിന്റെ പേരിൽ ഇനിയൊരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി..," " പറയൂ മേം.. അതാരാണ്.. എനിക്കതറിയണം...

എന്നെയും അവളെയും മോശക്കാരാക്കാൻ ആര് കളിച്ച കളിയാണിതെന്ന് എനിക്കറിഞ്ഞേ പറ്റൂ... " അമിത് നിർബന്ധം പിടിച്ചതും പ്രിൻസിക്ക് പറയേണ്ടി വന്നു.... "അമിത്.. അരുൺ ആണ് എന്നോട് ഇക്കാര്യം വന്നു പറഞ്ഞത്... ഇനി ഇതിന്റെ പേരിൽ പ്രശ്നം വേണ്ട.. " "വേണം മേം.. ഇത് അങ്ങനെ വിട്ടാൽ പറ്റില്ല... ഒരു പെൺകുട്ടിയുടെ മാനം വെച്ചാണ് അവൻ കളിച്ചത്... ഈ വിഷയം കോളേജിന് പുറത്ത് അറിഞ്ഞാൽ അവളുടെ ഭാവി എന്താവും.... സോ.. ഇതിന് തക്കതായ ശിക്ഷ തന്നെ നൽകണം.. ഇത് പോലെ ആരോടും അവനിനി ചെയ്യാൻ പാടില്ല... " ഗൗരവം നിറഞ്ഞ വാക്കുകളോടെ അമിത് തിരിഞ്ഞു നടന്നു... അവനെ തടയാൻ പ്രിൻസിയും ശ്രമിച്ചില്ല... അമിത് പറഞ്ഞ പോലെ ഇനി ഇത്തരം തരം താണ കളി അവൻ ചെയ്യാൻ പാടില്ല.. അതിന് അമിത് തന്നെ അവനെ ഒരു പാഠം പഠിപ്പിക്കുന്നത് നല്ലതാണെന്ന് പ്രിൻസിക്ക് തോന്നി...... ഓഫീസിൽ നിന്നും ഇറങ്ങിയ ഉടനെ അമിതിന്റെ ചോര കണ്ണുകൾ അരുണിനെ തിരഞ്ഞു.. എന്നാൽ സംഗതി കൈവിട്ടെന്ന് ബോധ്യമായത് കൊണ്ട് തന്നെ അരുൺ അപ്പോൾ തന്നെ കോളേജ് വിട്ട് പോയിരുന്നു... അവൻ പോയെന്ന് അരുണിന്റെ ഗ്യാങ് പറഞ്ഞതും അവനെ നാളെ ഒതുക്കാമെന്ന് അമിത് മനസ്സിൽ വിചാരിച്ചു..... *************

ആർട്സ് പ്രോഗ്രാമിന്റെ ആദ്യ ദിനം അവസാനിച്ചതും അമിതും അക്ഷിതും വീട്ടിലേക്ക് തിരിച്ചു.. അല്പം വൈകിയാണ് അവർ വീട്ടിലേക്ക് എത്തിയത്... ചെന്ന് കയറി പാടെ അക്ഷര കുട്ടി കണ്ണുരുട്ടി കൊണ്ട് നോക്കുന്നുണ്ടായിരുന്നു.. അവളെ നോക്കി ഒരു കൊട്ടും കൊടുത്ത് മൂളിപ്പാട്ടും പാടി അമിത് റൂമിലേക്ക് പോയി....... രാത്രി കിടക്കാൻ നേരം അനിയെ കുറിച്ചും അനിൽ സാറിനെ കുറിച്ചും അക്ഷിതിനോട് പറയുകയായിരുന്നു അമിത്.. സ്വന്തം കൂടപ്പിറപ്പിന് കൈവന്ന ഭാഗ്യം സന്തോഷിപ്പിക്കും പോലെ ആയിരുന്നു അമിതിന്റെ മുഖവും മനസ്സും.. അനിയുടെ തെറ്റിദ്ധാരണയും തന്നോടുള്ള പേടിയും മാറിയതിൽ മനസ്സ് നിറഞ്ഞവൻ സന്തോഷിച്ചു.. ഏട്ടന്റെ മടിയിൽ തല വെച്ച് കിടന്ന് കൊണ്ടവൻ വാ തോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. അനിയന്റെ മനസ്സ് ഏറെ സന്തോഷിക്കുന്നെന്ന് തിരിച്ചറിഞ്ഞ ഏട്ടൻ അവന്റെ തലമുടി തഴുകി കൊണ്ടിരുന്നു.. ഏട്ടന്റെ തലോടലിൽ അമിത് അറിയാതെ ഉറങ്ങി പോയി.......

ബെഡിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അനിക്ക് ഉറക്കം വന്നില്ല.. കോളേജിൽ ഉണ്ടായ സംഭവം അവൾ അച്ഛനോടും അമ്മയോടും പറയാൻ നിന്നില്ല.. താൻ കാരണം അവർ വേദനിക്കാൻ പാടില്ലെന്നായിരുന്നു അവളുടെ മനസ്സിൽ.. ആര്യ തന്നെയോർത്ത് വിഷമിക്കുന്നതിലും ദേഷ്യം വെക്കുന്നതിലും അനിക്കൊരുപാട് സങ്കടം ഉണ്ടായിരുന്നു... എന്നെങ്കിലും ഒരിക്കൽ അമിതിന്റെ മനസ്സവൾ തിരിച്ചറിയുമെന്നും തെറ്റിദ്ധാരണ നീങ്ങുമെന്നും അവൾ ആലോചിച്ചു.. അമിത് തന്നോട് മാപ്പ് പറഞ്ഞതും പെങ്ങളുടെ സ്ഥാനം ആണെന്നും പറഞ്ഞത് അനിക്കോർമ്മ വന്നതും അവളുടെ ഉള്ളം നിറഞ്ഞു... തന്റെ ഏട്ടനെ ഒരു നിമിഷം അവൾ ഓർത്തു.. ഇന്നാ ഏട്ടന്റെ സ്ഥാനം അമിതിന് ആണെന്നുള്ളത് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.... വ്യാകുലപ്പെട്ട മനസ്സുമായി ആര്യ ഉറക്കം കിട്ടാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... കണ്ണുകൾ ഇറുക്കി അടച്ച് റിലാക്സ് ആവാൻ ശ്രമിക്കുകയായിരുന്നു അവൾ.. നേരം പത്തു മണി കഴിഞ്ഞിട്ടേ ഉള്ളൂ.. അതിനാൽ തന്നെ റൈഡിന് പോകാനും കഴിയില്ലല്ലോ എന്നത് അവളെ തളർത്തി.. സമയം ആവാൻ അവൾ കാത്തിരുന്നു... കുന്നിൻ ചെരുവിൽ തനിച്ചു നിന്നാൽ മാത്രമേ തന്റെ സങ്കടവും ദേഷ്യവും അടങ്ങൂ എന്നവൾക്ക് അറിയാമായിരുന്നു. ************ ആർട്സ് ന്റെ രണ്ടാം ദിനം അതിരാവിലെ തന്നെ അനിയും ആര്യയും കോളജിലേക്ക് പുറപ്പെട്ടു..

ഇന്ന് ഫസ്റ്റ് പ്രോഗ്രാം തന്നെ ഒപ്പന, തിരുവാതിരക്കളി പോലുള്ളവ ആയതിനാൽ ഒരുക്കങ്ങൾ കൂടുതൽ നടത്തേണ്ടതിനാൽ ആണ് അനി നേരത്തെ എത്തിയത്.... തലേന്ന് ഉറക്കം കിട്ടാത്തത് കൊണ്ടും നേരം പുലരുവോളം കുന്നിൻ ചെരുവിൽ നിന്നതിനാലും ആര്യ ഒട്ടും ഉഷാറില്ലാതെ ആയിരുന്നു കോളേജിൽ കാലു കുത്തിയത്.. ഉള്ളിൽ വിങ്ങുന്ന സങ്കടം മാഞ്ഞു പോയിരുന്നില്ല..... അനിയും കുറച്ചു കുട്ടികളും അവർ അവതരിപ്പിക്കുന്ന പരിപാടിയുടെ ചർച്ചയിൽ ആയിരുന്നു.. അവസാന വട്ട പരിശീലനം നടത്താൻ എന്ന നിലയിലും അനിയുടെ അഭിപ്രായം കേൾക്കാനും വേണ്ടി തിരുവാതിരക്കളി കളിക്കുന്നവർ ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് അനിയെ ക്ഷണിച്ചു.. അപ്പുറത്ത് മൗനം പാലിച്ചിരുന്ന ആര്യയെ നോക്കി കൊണ്ട് ഞാൻ വന്നോളാം എന്ന് പറഞ്ഞു.. അവർ പോയതും അനി ആര്യയുടെ അടുത്തേക്ക് നീങ്ങി.. "വാവീ നിന്റെ മനസ്സ് ആകെ അസ്വസ്ഥമാണ്.. വാ നമുക്ക് അവരുടെ കളി കാണാം.. കുട്ടികൾ ഓരോരുത്തരും വരുന്നേ ഉള്ളൂ..പരിപാടി തുടങ്ങാൻ ഇനിയും ടൈം ഉണ്ട്... "

"ഞാനില്ല അനീ.. നീ ചെല്ല്..ഞാൻ ഇവിടെ ഇരുന്നോളാം.." ആര്യയുടെ വാക്കുകൾ എതിർക്കാൻ അനി മുതിർന്നില്ല... ആര്യയുടെ മനസ് ഒന്ന് തണുക്കട്ടെ എന്നവൾ കരുതി.... അനി പോയതും നിലത്ത് വീണു കിടക്കുന്ന മഞ്ഞ പൂക്കളിൽ കണ്ണും നട്ട് ആര്യ ഇരുന്നു... തന്റെ മനസ്സിനെ എന്നും കൂൾ ആക്കുന്ന നൈറ്റ് റൈഡിന് പോലും ഇന്നലെ തന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ലെന്നവൾ ചിന്തിച്ചു... അനിയുടെ കരച്ചിലും അമിതിനോടുള്ള ദേഷ്യവും അവളുടെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.. മഞ്ഞ പൂക്കൾ കൈ കൊണ്ട് വാരിയെടുത്ത് അവൾ അതിലേക്ക് നോക്കി നിന്നു... പെട്ടന്ന് അവളുടെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു.. കാതുകൾ കൂർപ്പിച്ചതും കണ്ണുകൾ വിടർന്നു വന്നു..കാറ്റിൽ ഒഴുകി വരുന്ന ആ സംഗീതത്തിൽ അവളറിയാതെ എഴുന്നേറ്റു നിന്നു... കയ്യിലെ മഞ്ഞ പൂക്കൾ നിലത്തേക്ക് ഉതിർന്നു വീണു.... കണ്ണും മനസ്സും ആ സംഗീതത്തിന് പിറകെ പാഞ്ഞു... ഇത്രയും നേരം അസ്വസ്ഥമായിരുന്ന അവളുടെ മനസ്സ് അടിമപ്പെട്ട് പോയ ആ സ്വരങ്ങളിൽ ലയിച്ചു ചേർന്നു...

പ്രകൃതി അതിന്റെ ഏറ്റവും മനോഹാരിത കൈവരിക്കുന്ന,,, കിളികൾ കലപില കൂട്ടുന്ന,, സൂര്യ കിരണങ്ങൾ മേനിയെ പുളകം കൊള്ളിക്കുന്ന ആ സുപ്രഭാതത്തിൽ നനുത്ത കാൽ വെപ്പോടെ അവൾ മുന്നോട്ട് നടന്നു...... തലേന്ന് കൊഴിഞ്ഞു വീണ മഞ്ഞ പൂക്കളിലെ ഓരോ കാൽവെപ്പിലും അവളുടെ പാദങ്ങൾ കൂടുതൽ മനോഹരമായ പോലെ... തണുത്ത തെന്നൽ ഒന്നാകെ അവളുടെ കറുത്ത മുടിയിഴകളെ തൊട്ടു തലോടി... തന്റെ കരിമഷി കണ്ണിനെ മറക്കുന്ന മുടിയിഴകളെ നഗ്നമായ കൈകൾ കൊണ്ട് മാടിയൊതുക്കുമ്പോൾ ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു... എന്നാൽ.. ഓരോ കാൽവെപ്പും നിശ്ചയിച്ചുറപ്പിച്ചതായിരുന്നെന്ന് വേഗതയേറിയ ഹൃദയമിടിപ്പിൽ നിന്നും മനസിലാക്കാം.... തന്റെ ശ്രവണങ്ങളെ സായുക്തമാക്കിയ....ഹൃദയത്തെ അടിമപ്പെടുത്തിയ ആ സ്വരങ്ങൾ..... അവയുടെ ഉടമ... അത് മാത്രമായിരുന്നു അവളുടെ മനസ്സിൽ.. നീണ്ടു കിടക്കുന്ന വരാന്തയുടെ ഏറ്റവും അറ്റത്തെ ആ ക്ലാസ്സ്‌ മുറി..... അതായിരുന്നു അവളുടെ ലക്ഷ്യം.... സ്വയം മറന്ന് താൻ പോലുമറിയാതെ ആ ശബ്ദത്തിന് പിറകെ അവളുടെ കാലുകൾ സഞ്ചരിക്കുന്നു എന്നതായിരുന്നു സത്യം... പ്രകൃതി തന്നെ ലയിച്ചു പോകും വിധമാ മാന്ത്രിക സ്വരങ്ങൾ....

അവ കേൾക്കും തോറും തന്റെ മെയ്യും മനവും ആ സ്വരങ്ങളിൽ അലിഞ്ഞു പോകുവാണെന്നവൾക്ക് തോന്നി... അവളുടെ കരിമഷി കണ്ണുകൾ വികസിച്ചു.... ഹൃദയമിടിപ്പ് വർധിച്ചു... തൊണ്ടക്കുഴിയിൽ നിന്നൊരു നിശ്വാസം മാത്രം ഉയർന്നു വന്നു... കൂടുതൽ തീവ്രതയോടെ ആ സ്വരം തന്റെ കാതിൽ തുളഞ്ഞതും വെളുത്തു മെലിഞ്ഞ തന്റെ വലത് കരം അവൾ ആ ജനൽ പിടിയിൽ അമർത്തി...... കണ്ണുകൾ വിടർന്നു വരും തോറും അവളുടെ ചുണ്ടിലെ പുഞ്ചിരി വിരിഞ്ഞു നിന്നു... ക്ലാസ്സ്‌ മുറിയിൽ കയ്യിലൊരു വീണയുമായി നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കണ്ണുകൾ അടച്ച് മനോഹരമായി പാടുന്ന ആളിലേക്കവളുടെ കണ്ണുകൾ ആഴ്ന്നിറങ്ങി... 'അമിത്... " അവളുടെ മനസ്സ് മന്ത്രിച്ചതും കണ്ണുകൾ താനേ അടഞ്ഞു..... അവൻ വീണമീട്ടുന്നത് തന്റെ സിരകളിലാണെന്നവൾക്കൊരു നിമിഷം തോന്നി........അതിൽ നിന്നും പുറപ്പെടുന്ന ഓരോ സ്വരങ്ങൾക്കും അവളുടെ ഹൃദയഭിത്തി അപ്പാടെ തകർത്തെറിയാൻ വണ്ണം കെൽപ്പുണ്ടായിരുന്നു..... ചുറ്റുപാടുകൾ അവൾ മറന്നു.....എന്തിനും ഏതിനും നിഴൽ പോലെ കൂടെ കൂട്ടിയ അനിയെ അവൾ മറന്നു......അവൾക്കു മുന്നിൽ അവനും അവൻ തീർത്ത സപ്തസ്വര മാധുര്യവും മാത്രമായിരുന്നു.... എത്ര നേരം അവൾ അവളെ തന്നെ മറന്നങ്ങനെ നിന്നുവെന്നറിയില്ല..

ചുറ്റും നടക്കുന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല... പെട്ടെന്ന് അവളുടെ പുറകിലേക്ക് ആരോ വന്നു വീണു...... തന്റേതായ മായികലോകത്ത് ആരും ശല്യം ചെയ്യാനില്ലാതെ നിന്ന ആര്യ അപ്രതീക്ഷിതമായ തള്ളലിൽ ബാലൻസ് കിട്ടാതെ മറിഞ്ഞു വീണു....... "വാവീ.........." പെട്ടന്ന് എവിടെ നിന്നോ നിലവിളിച്ചു കൊണ്ട് അനി ഓടി വന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു......എഴുന്നേറ്റു നിന്നതും വർദ്ധിച്ച ദേഷ്യത്തോടെ അവൾ അനിയുടെ കൈകൾ തട്ടിമാറ്റി പോരു കോഴിയെ പോലെ എന്തിനും തയ്യാറായി തന്റെ പിന്നിലേക്ക് തിരിഞ്ഞു....അവിടെ രക്തത്തിൽ കുളിച്ചു ഒരുവൻ കിടക്കുന്നു.....അയാൾക്ക് മുന്നിലായി ഹോക്കി സ്റ്റിക്കുമായി നിൽക്കുന്നവനെ കണ്ടവൾ ഞെട്ടി..... തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അടഞ്ഞു കിടക്കുന്ന ക്ലാസ് റൂമിലേക്ക് ജനൽ വഴി അവൾ മുഖം തിരിച്ചു ...ഇല്ല,,,,,അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല........എല്ലാം തന്റെ തോന്നൽ മാത്രമായിരുന്നോ... അവൾ മനസ്സിൽ കുമിഞ്ഞു കൂടിയ സംശയത്തോടെ അവനെ നോക്കി,,,,

മുന്നേ താനവന്റെ കയ്യിൽ കണ്ടത് വീണ ആയിരുന്നെങ്കിൽ ഇപ്പോൾ കാണുന്നത് രക്തം ഇറ്റു വീഴുന്ന ഹോക്കി സ്റ്റിക്ക് ആണ്...... വിടർന്നു വന്ന അവളുടെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി.... പുഞ്ചിരി വിരിഞ്ഞ ചുണ്ടവൾ കോപത്താൽ കടിച്ചു പിടിച്ചു....... "ഡാ ........ ഇനി മേലാൽ.... എന്നോട് കളിക്കാൻ വന്നേക്കരുത് " തന്റെ കയ്യിലെ ഹോക്കി സ്റ്റിക്ക് വീണു കിടക്കുന്നവന്റെ മേലേക്ക് എറിഞ്ഞു കൊണ്ട് അവനെ രൂക്ഷമായി നോക്കി കൊണ്ട് അമിത് ചീറി.... "നീ വാ.... " അമിതിനെ നോക്കി ദേഷ്യത്തോടെ നിൽക്കുന്ന ആര്യയുടെ കയ്യിൽ പിടിച്ച് അനി അവളുമായി നടന്നകന്നു..... കലങ്ങി മറിഞ്ഞ മനസ്സുമായവൾ ആ ക്ലാസ്സ്‌ മുറിയിലേക്കൊന്ന് കൂടെ തിരിഞ്ഞു നോക്കി... പിന്നെ...... വർധിച്ച ദേഷ്യത്തോടെ തല തിരിച്ച് നടന്നകന്നു.....തന്റെ കണ്ണുകൾ കളവ് പറഞ്ഞതല്ലെന്നും രണ്ടും ഒരാൾ തന്നെയെന്ന് നോവോടെ അവൾ മനസ്സിലാക്കി... തന്നെ അടിമപ്പെടുത്തിയ ആ സ്വരങ്ങളിൽ ലയിച്ച് നിന്നപ്പോൾ ചുറ്റും നടക്കുന്നതിൽ നിന്ന് താൻ വ്യതിചലിച്ചു പോയതാണെന്ന ബോധം അവൾക്ക് വന്നു....

കൂട്ടം കൂടി നിന്ന് അമിതിന്റെ അടി നോക്കി നിൽക്കുന്ന വിദ്യാർത്ഥികളിലേക്ക് അവളുടെ കണ്ണുകൾ ചലിച്ചു.....അമിതിനെ പിടിച്ചു മാറ്റാൻ പതിനെട്ടടവും പയറ്റുന്ന അക്ഷിതിനെ കൂടി അവൾ കണ്ടു.....എന്നാൽ ഇത്തവണ അമിത് അക്ഷിത്തിന്റെ കൈകളിൽ ഒതുങ്ങുന്നില്ലായിരുന്നു..... തനിക്ക് ചുറ്റും ഇത്രയും വലിയ ബഹളം നടന്നിട്ടും മനസ്സിൽ കയറി കൂടിയ ശബ്ദം എപ്പോഴോ നിലച്ചു പോയിട്ടും അതൊന്നും താൻ അറിഞ്ഞില്ലല്ലോ എന്നോർത്തവൾ അവളെ തന്നെ വെറുപ്പോടെ നോക്കി... അതേ സമയം... അത്രമേൽ ആ സ്വരങ്ങൾ അവളിൽ സ്ഥാനം പിടിച്ചതോർത്തവളുടെ ഹൃദയമിടിപ്പ് വർധിച്ചു.... ************ നിലത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അരുണിനെ അമിത് കോപത്തോടെ നോക്കി.. അവന്റെ കോളറിൽ പിടിച്ച് അവനെ തന്റെ മുന്നിലേക്ക് വലിച്ചടുപ്പിച്ചു.... "നിന്റെ കളി ഇന്നത്തോടെ ഞാൻ തീർത്തു തരാമെടാ.." "അമി.. അമിത് നീ വിചാരിക്കുന്ന പോലെ ഞാനല്ല ഡോർ അടച്ചത്... പ്രിൻസിയെ അറിയിച്ചത് ഞാനാണ്.. അത്... അത് സത്യമാണ്... പക്ഷേ.. എനിക്ക് വന്നൊരു മെസ്സേജ്...

അത് മാത്രമേ എനിക്കറിയൂ...നീയും അവളും ഒരു റൂമിൽ ഉണ്ടെന്നും ബുദ്ധി ഉപയോഗിച്ച് കളിക്ക്.. ഈയൊരവസരം പിന്നീട് ലഭിക്കില്ല എന്നുമായിരുന്നു ആ മെസ്സേജ്... നിന്നെ എല്ലാവരുടെയും മുന്നിൽ നാണം കെടുത്തണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.. അതാ ഞാൻ എല്ലാവരെയും അറിയിച്ചത്... അല്ലാതെ.... ഞാൻ... ഞാനല്ല നിങ്ങളെ ലോക്ക് ചെയ്തത്... " ഇടി കൊണ്ട് തളർന്നു പോയ അരുണിന്റെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് അമിത് സംശയത്തോടെ അവനെ നോക്കി.... മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് അമിത് അരുണിനെ പിറകിലേക്ക് തള്ളി.... പെട്ടന്ന്... വീഴാൻ പോയ അരുണിനെ ആരോ വന്ന് താങ്ങി പിടിച്ചു... അയാളിലേക്ക് അമിതിന്റെ കണ്ണുകൾ ചലിച്ചു.... താൻ ഇത്രയും നാൾ ആർക്കാണോ കാത്തിരുന്നതു അയാളെ മുന്നിൽ കണ്ടതും കോപത്താൽ അമിതിന്റെ കണ്ണുകൾക്കു ചുവപ്പു നിറം വർധിച്ചു ..... തന്നെ മിഴിച്ചു നോക്കുന്ന അവനിലേക്ക് അമിത് നടന്നടുത്ത് അവന് നേരെ മുഷ്ടി ചുരുട്ടി പിടിച്ച് ഓങ്ങിയതും ആരോ ഒരാൾ അവന്റെ കൈ തടഞ്ഞു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story