തോളോട് തോൾ ചേർന്ന്: ഭാഗം 27

തോളോട് തോൾ ചേർന്ന്: ഭാഗം 27

എഴുത്തുകാരി: ജിച്ചന്റെ കാവു

” വേദനയുണ്ടോ അനന്ദു???.. ” ബലമായി വിടർത്തി പിടിക്കുന്ന വലതുകാൽ വിരലുകൾ ചുരുക്കുകയും പിന്നെയും വിടർത്തുകയും ചെയ്യുന്നത് മങ്ങിയ മഞ്ഞവെളിച്ചത്തിൽ കണ്ടുകൊണ്ടവൾ പതിയെ ചോദിച്ചു… മുഖം ചെരിച്ചവൻ പെണ്ണിനെ നോക്കി… ” അവനു ആവേശമാണ് ദേവാ.. വേദനയല്ല… ” കടഞ്ഞുകൊണ്ടിരിക്കുന്ന കാലിനെ വിടർത്തിപിടിച്ചുകൊണ്ട് അവളുടെ മങ്ങിയ മുഖത്തെ തെളിച്ചമുള്ളതാക്കുവാൻ അവൻ വെറുതെ പറഞ്ഞു… ആവേശമുണ്ട്… അതുപോലെ വേദനയും… തരിപ്പ് പടരുന്നു ഇടക്ക്…

ഇടക്കൊരു കടച്ചിലും കഴപ്പും… കമഴ്ന്നു കിടക്കുന്ന അനന്ദുവിന്റെ കാലിനരികെ വന്നിരുന്നുകൊണ്ടവൾ വലതുകാലിന്റെ പെരുവിരൽ തഴുകി… പ്രണയത്തോടെ ചുംബിച്ചു… കയ്യ്കളവന്റെ ശോഷിച്ച കാലിലൂടെ ഇഴന്നു നടന്നു…. ചുരുണ്ടരോമങ്ങളെ പ്രണയത്തോടെ തൊട്ടുണർത്തി… ഉന്തി നിൽക്കുന്ന കാൽ മുട്ടിൽ ചുണ്ടുകൾ ചേർത്തു…. പെണ്ണിന്റെ തലോടലിൽ കാലും ഒന്ന് പുളകം കൊണ്ടു… അവളിൽ പുഞ്ചിരിയായിരുന്നു… പ്രണയത്തിന്റെ വശ്യമായ പുഞ്ചിരി…ഇരുവരുടെയും കാലുകളെ തമ്മിൽ കെട്ടുപിണയാൻ അനുവദിച്ചുകൊണ്ട് അനന്ദുവിന്റെ നഗ്നമായ പുറത്തവൾ തലചായ്ച്ചു… മലർന്നു കിടന്നവൻ പെണ്ണിനെ വലിച്ചു നെഞ്ചോരം ചേർത്തുകൊണ്ട് മുറുക്കെ പുണർന്നു… അനന്ദുവിന്റെ കൈയ്കളുടെ തലോടലിനൊപ്പം ഇടയ്ക്കിടെ നെറുകിൽ പതിയുന്ന ചുണ്ടുകളുടെ തണുപ്പും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു…

വലതുകൈവിരലുകൾ അവന്റെ കറുത്തു ചുരുണ്ട രോമങ്ങൾ നിറഞ്ഞ മാറിലൂടെ പ്രണയത്തോടെ ഇഴഞ്ഞു നടന്നു വിയർപ്പുകണങ്ങളെ സ്വന്തമാക്കി… കാലുകൾ അവളുടെ കാലുകളെ തഴുകി തലോടി… വലതുപെരുവിരൽ പിന്നെയും കൊലുസിനെ തിരഞ്ഞു നീങ്ങി… അവളൊന്നു മുഖമുയർത്തി തെല്ലുയർന്നുകൊണ്ട് താടിരോമങ്ങൾ നിറഞ്ഞു നിൽക്കും കവിളിൽ അമർത്തി ചുംബിച്ചു… പെണ്ണിലെ താടിച്ചുഴിയിൽ തന്നെ കണ്ണെറിഞ്ഞുകൊണ്ട് കിടക്കുന്നവന്റെ കണ്ണുകൾക്കവ ദൃശ്യമാക്കും നേരം അവളെ ഇറുക്കെ പുണർന്നുകൊണ്ടവൻ താടിചുഴി നുണഞ്ഞു… അവയുടെ ആഴം കൂട്ടാൻ ശ്രമിച്ചു… കട്ടിയാർന്ന പുരികകൊടികൾക്കിടയിൽ പെണ്ണിന്റെ ചുണ്ടുകൾ അമർന്നു…

തേടിനടന്നതിനെ കണ്ടെത്തിയ സന്തോഷത്തിൽ കൊലുസ്സിനുള്ളിലേക്ക് നുഴഞ്ഞുകയറികൊണ്ട് വലതുപെരുവിരൽ കൊലുസിനെ കൊളുത്തിവലിച്ചു… പെണ്ണിൽ നിന്നുയർന്ന വേദനയുടെ സ്വരത്തെ അവന്റെ ചുണ്ടുകൾ സ്വന്തമാക്കി… ആവേശത്തോടെ പ്രണയം പകരുമ്പോൾ പെണ്ണിന്റെ വലതുകാൽ കൊലുസിനെ ചുറ്റിവലിക്കുന്ന അവന്റെ കാലിനെ തഴുകികൊണ്ടിരുന്നു… ആവേശത്തോടെ തന്നെ… ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടവൾ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…. പ്രിയപെട്ടവന്റെ ഗന്ധത്തെ ഉള്ളിൽ നിറച്ചു… ഉയർന്നു താഴുന്ന ഇരുവരുടെയും നെഞ്ചകം പരസ്പരം പുണർന്നു… ” ഇതുപോലൊരു മായാജാലമാണ് നിന്റെ സ്വരമെന്നിൽ തീർക്കുന്നതും… ”

ശ്വാസഗതി നേരെയായപ്പോൾ പെണ്ണിന്റെ അധരങ്ങൾ അവന്റെ കഴുത്തിനെ തൊട്ടുരുമി പറഞ്ഞു… അനന്ദുവിന്റെ നുണക്കുഴി കവിൾ തെളിഞ്ഞു… കണ്ണുകളടച്ചുകൊണ്ടവൻ അവന്റെ ദേവയുടെ മുഖത്ത് വിരലുകളെ പായിച്ചു… വളരെ പതിയെ… “‘”” പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ… പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ… തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുൾ മൂടാം മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ “”” ***************** അപ്പുവിനും ഹരിക്കും ഒപ്പം രാവിലെ തന്നെ ഇറങ്ങിയതാണ് ശ്രീയും… മഴയ്ക്കുള്ള കാലാവസ്ഥ കണ്ടുകൊണ്ട് വേഗത്തിൽ നടക്കുന്ന ഹരിയുടെ ഒപ്പം എത്താൻ രണ്ടും പുറകെ ഓടുകതന്നെയായിരുന്നു…

കുറച്ച് എത്തിയപ്പോഴേക്കും ദേഷ്യം വന്ന് ഓട്ടം നിർത്തി ശ്രീമോൾ നടക്കാൻ തുടങ്ങുമ്പോൾ ഒത്തിരി മുൻപിൽ എത്തിയ ഹരി വേഗം നടക്കാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു… അവളൊന്നു മുഖം വീർപ്പിച്ചുകൊണ്ട് ആഞ്ഞു വീശുന്ന കാറ്റിൽ പാടത്തെ കാഴ്ചകൾനോക്കി പതിയെ നടന്നു… കൈയിൽ മുറുക്കി പിടിച്ചിരിക്കുന്ന ഫോണിൽ ഒരു നിമിഷം നോക്കി… ചുണ്ടിലൊരു കുസൃതി പുഞ്ചിരിയായിരുന്നു… കണ്ണുകൾ പിന്നെയും വെയിൽ മങ്ങിയ പാടത്തേക്ക് എത്തി നിൽക്കുമ്പോൾ കാണുന്ന കാഴ്ചയിൽ മുഖം വ്യക്തമല്ലാത്ത ഒരുവൻ നിറഞ്ഞു… ഹൃദയം പതിവിലും തുടിച്ചു… സ്വപ്നത്തിലെന്ന പോലെ നടക്കും നേരം എതിരെ വന്ന ആരുമായോ കൂട്ടിയിടിച്ചു… വഴിവക്കിലെ ചെമ്പരത്തിക്കാട്ടിനുള്ളിലേക്ക് വീഴും മുൻപേ തന്നെ അവന്റെ കൈയ്കൾ പെണ്ണിനെ വലയം ചെയ്തിരുന്നു…

ശക്തമായി മിടിക്കുന്ന ആരുടെയോ ഹൃദയത്തിന്റെ സ്വരം കേട്ട് മുറുക്കിയടച്ച കണ്ണുകൾ തുറന്നുകൊണ്ട് അവൾ നോക്കി… കറുത്ത ഷർട്ടിൽ കണ്ണുകൾ ഉടക്കുമ്പോൾ അവനിൽ നിന്നും മുഖമടർത്തിക്കൊണ്ട് അവൾ തെല്ലു പിന്മാറി… ” ആരെ സ്വപ്നം കണ്ട് നടക്കാടി??.. ” മുഖത്തേയ്ക്ക് നോക്കാൻ ആയുമ്പോഴേക്കും സ്വരവും കാതിൽ എത്തി… മുഖമുയർത്തി നോക്കിയ പെണ്ണിന്റെ കണ്ണുകൾ കുറുകി വന്നു… ” താനോ??… തനിക്കു കണ്ണുകണ്ടൂടെടോ… എവിടെ നോക്കി നടക്കാ… വെറുതെ പെൺപിള്ളേരുടെ മെക്കട്ട് കേറാൻ ഇറങ്ങീക്കാ… കൊരങ്ങൻ…” ദേഷ്യപ്പെട്ടുള്ള പെണ്ണിന്റെ വാക്കുകൾ കേട്ടുകൊണ്ട്‌ ഭഗത് അരയിലൂടെ ചുറ്റിപ്പിടിച്ച കയ്യ്കളൊന്നു മുറുക്കി… ചുണ്ടിന്റെ കോണിലൊരു ചിരി വിടർന്നു…

കാടുപിടിച്ചു നിൽക്കുന്ന ചെമ്പരത്തിക്കൂട്ടത്തിലേക്ക് ചേർത്തവളെ നിർത്തിക്കൊണ്ട് അവളിലേക്ക് മുഖമടുപ്പിക്കുമ്പോൾ പുറത്തേക്കുന്തി വന്ന പെണ്ണിന്റെ കണ്ണുകളിൽ ഭയവും നിറഞ്ഞു… ” ഞാനേ.. ഒരു സോറി പറയാൻ വന്നതാ… ” ഇരുകായ്യാലെയും അവന്റെ നെഞ്ചിൽ അമർത്തി പുറകിലോട്ട് ആഞ്ഞു തള്ളാൻ തുടങ്ങുമ്പോളേക്കും ചെവിയിൽ പതിഞ്ഞ അവന്റെ സ്വരത്തോടൊപ്പം ചെറു ചൂടുശ്വാസവും വന്നടിച്ചു… സംശയത്തോടെ അവനെ തന്നെ നോക്കി നിൽക്കുമ്പോൾ അവളിൽ നിന്നും വിട്ടുമാറിയവൻ ഇരു കയ്യും മാറിൽ കെട്ടിനിന്നു… ” സോറി… ആദ്യമായിവിടെ വന്നപ്പോൾ നാട് കാണാൻ ഇറങ്ങിയതാ… പെരുമഴയിൽ പെട്ട് ഓടി വീട്ടിലേക്ക് പോകുമ്പോ അറിയാതെ എതിരെ വന്ന ആളെ തട്ടിപ്പോയി… ആള് വീണെന്നും കയ്യ്പൊട്ടിയെന്നും ഒക്കെ പിന്നെയാ അറിഞ്ഞേ… സോറി പറയണമെന്ന് കരുതിയിരുന്നു…

പക്ഷെ… എന്തോ… അന്നേരം ദേഷ്യം നിറഞ്ഞ മുഖമാണ് കാണാൻ തോന്നിയത്… അതാ പിന്നേം പിന്നെയും ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നേ… സോറി… സോറി ടി ഉണ്ടമുളകെ… ” ചുണ്ടിലെ പുഞ്ചിരിയോടെ ഭഗത് പറഞ്ഞു നിർത്തുമ്പോൾ ഒരുവേള സംശയം നിഴലിച്ച അവളുടെ മുഖത്തും എവിടെയൊക്കെയോ സന്തോഷം നിറഞ്ഞു… ഞൊടിയിടയിൽ തന്നെ അതിനെ മറയ്ച്ചുകൊണ്ട് ദേഷ്യം നിറയുമ്പോൾ പെണ്ണ് അവനെ കൂർപ്പിച്ചു നോക്കി… മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അവൻ കണ്ണുചിമ്മികാണിച്ചുകൊണ്ട് പിന്തിരിഞ്ഞു നടന്നിരുന്നു… “” പേടിച്ചരണ്ട നിന്റെ കണ്ണുകളെക്കാൾ എനിക്ക് പ്രിയം ഹൃയത്തിലേക്ക് കുത്തിയിറങ്ങുന്ന നിന്റെ കൂർപ്പിച്ച നോട്ടമാണ്… ” ചെറിയൊരു വെട്ടത്തോടെ അവളുടെ കൈയിലെ ഫോൺ ശബ്‌ദിക്കുന്നതിനൊപ്പം ‘മഴ’യുടെ വാക്കുകളും തെളിഞ്ഞു വന്നു… *****************

വീശിയടിക്കുന്ന കാറ്റിനൊപ്പം മഴയും ഭൂമിയെ പുണർന്നു… കൊണ്ടുപോവാനുള്ള വസ്ത്രങ്ങൾ എല്ലാം അടക്കി വച്ചുകൊണ്ട് ബാഗിലെക്ക് നിറച്ചു വച്ചിട്ടുണ്ട്… വലുപ്പമാർന്ന മൂന്നാലു കവറുകളിൽ മറ്റ് സാധനങ്ങളും… എല്ലാം നീണ്ടുകിടക്കുന്ന ഇറയത്തേയ്ക്ക് കൊണ്ട് വച്ച് എല്ലാവരും അകത്തളത്തിൽ ഒത്തുകൂടി… ഒരേപോലെ സങ്കടം എല്ലാ മുഖങ്ങളിലും തെളിയുമ്പോൾ ഭാനുമതി മാത്രം താഴെയുള്ള മുറിയിൽ അവരുടെ പാതിയുടെ ഫോട്ടോ നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ട് വിശേഷങ്ങൾ പറഞ്ഞു… മൗനമായ് പുതിയ തീരുമാനത്തിന് അനുവാദം ചോദിച്ചു… ഒരു വർഷത്തിലധികം ജീവിച്ച വീടും പരിസരവും നെഞ്ചോരം ചേർത്തുപിടിച്ച ബന്ധങ്ങളും ദേവൂട്ടിയുടെ കണ്ണുകളെ നിറയ്ക്കുമ്പോൾ മറ്റാരെയാലും നികത്തുവാനാവാത്ത അവരുടെ സുഹൃത്ത് ബന്ധം അപ്പുവിനെയും ശ്രീയെയും ഒരുപോലെ നോവിച്ചു… നിറയുന്ന കണ്ണുകൾ തുടച്ചുകൊണ്ടിരുന്നു…

ഇടയ്ക്ക് ആണെങ്കിലും ഒന്നിച്ചുകൂടി ദൃഢമാക്കിയിരുന്ന സൗഹൃദം എല്ലാവരുടെയും ഉള്ളിൽ മികവോടെ നിന്നു… കഴിഞ്ഞുപോയ നല്ല നിമിഷങ്ങളിലൂടെ ഉള്ളം സഞ്ചരിച്ചു… ഇനിയും ഇടയ്ക്കെല്ലാം ഒത്തുചേരാമെന്ന് തീരുമാനിച്ചു… അതിനിടയിൽ എപ്പോഴോവന്ന ഫോൺകോളിൽ അടുത്ത ആഴ്ചയിൽ അഭിയുടെ നാട്ടിലേക്കുള്ള വരവ് എല്ലാവരെയും സന്തോഷിപ്പിച്ചു… സംസാരത്തിൽ അഭിയും മധുവും മാധവും കടന്നുവന്നു… സംസാരങ്ങൾ നീണ്ടു… കൂട്ടുകാരുമായുള്ള സംസാരത്തിലും ഇടയ്ക്കിടെ ദേവൂനെ ഒളികണ്ണാലെ നോക്കുന്നവന്റെ ഉള്ളിൽ അവളുടെ കണ്ണുനീർ നോവിച്ചെങ്കിലും ചുണ്ടിൽ പുഞ്ചിരിയായിരുന്നു… എന്നും അവളെ കണ്ടുകൊണ്ട് അവളുടെ സാമീപ്യം അടുത്തറിഞ്ഞുകൊണ്ട് പ്രണയം പങ്കിടാനുള്ള കൊതിയായിരുന്നു…

ശ്രീയിലേക്ക് പാറി വീഴുന്ന ഭഗതിന്റെ നോട്ടത്തെ തിരിച്ചറിയുമ്പോൾ നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ കൂർപ്പിച്ചു പിടിച്ചുകൊണ്ടവൾ നേരിട്ടു… അവനു വേണ്ടി മാത്രം മുഖത്ത് ദേഷ്യമെടുത്തിട്ടു… അവൻ നോക്കുന്നുണ്ടോ എന്നറിയാൻ മാത്രമവളുടെ കണ്ണുകളും പതിവില്ലാതെ അവനിലേക്ക് ചലിച്ചു… എപ്പോഴൊക്കെയോ… മഴ തോരാതെ പെയ്യുന്ന നടുമുറ്റത്തേയ്ക്ക് കാലുകളിട്ടുകൊണ്ട് ദേവൂട്ടിക്ക് ഇരുവശവും അപ്പുവും ശ്രീയും വന്നിരുന്നു… കൈയ്കൾ പരസ്പരം കോർത്തുപിടിച്ചു… ഉള്ളിൽ സങ്കടം കുമിഞ്ഞു കൂടുമ്പോഴും മൂകമായ അന്തരീക്ഷത്തിന് അയവുവരുത്തുവാൻ ശ്രീ ദേവുവിന്റെ കൈയിൽ നുള്ളി… കണ്ണ് നിറച്ചു കൂർപ്പിച്ചുനോക്കുന്നവൾക്കരികിലേക്ക് മുഖമടുപ്പിച്ചു… ” എടി പെണ്ണെ… എന്നും ഭരതേട്ടന്റെ അടുത്തുണ്ടെൽ എന്തൊക്കെയാ ഇനി നടക്കാ… ” പല്ലിളിച്ചു കാണിച്ചുകൊണ്ട് ദേവൂനെ നോക്കി പതിയെ ചോദിച്ചു ശ്രീ കണ്ണിറുക്കി…

കണ്ണുതള്ളി അവളെ തന്നെ ഉറ്റുനോക്കിയ ദേവുവിന്റെ ചെവിക്കരികിലേക്ക് പിന്നെയും അടുത്തു… ” സൂക്ഷിച്ചോ ദേവൂ… രണ്ടാളും ഇഷ്ടമൊക്കെ പറഞ്ഞതല്ലേ… ഇനിപ്പോ അടുത്തതെന്താ… കിസ്സല്ലേ… അതിൽ തന്നെ ഇല്ലേ കൊറേ… നിങ്ങൾ ഒരേ വീട്ടിലും ആവുമ്പോ പിന്നെ അതൊക്കെ നടക്കൂലേ… വേണേൽ അപ്പൂനോട് ചോദിച്ചു നോക്ക്…” മൂവരുടെയും ഉള്ളിലെ സങ്കടം ഒന്ന് മാറ്റിയെടുക്കാൻ എടുത്തിട്ടതാണെങ്കിലും പറഞ്ഞു വന്നപ്പോൾ ശ്രീ അവൾക്കുള്ളിൽ തോന്നിയത് അതുപോലെ തന്നെ ദേവൂവിന്റെ ചെവിയിൽ ചോദിച്ചു… ശ്രീയുടെ കയ്യിലുള്ള ദേവുവിന്റെ പിടുത്തം മുറുകി.. അപ്പുവും കണ്ണും തള്ളി അറിയാതെ തന്നെ തലയനക്കി… സംസാരങ്ങൾ തുടർന്നു… പോവുന്നതിലുള്ള വിഷമത്തെയും മറികടന്നുകൊണ്ട് വാക്കുകളിൽ കുറുമ്പുകൾ നിറഞ്ഞു… മൂവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… പ്രണയംകൊണ്ട് മാത്രം സ്വന്തമാവുന്ന മനോഹരമായ ചിരി…

***************** മുകളിലെ നീണ്ട വരാന്തയിലൂടെ മഴയിലേക്ക് നോക്കി നടക്കുന്നവളുടെ പുറകിലൂടെ ചെന്നുകൊണ്ട് ഭഗത് കൈയിൽ പിടിച്ചു വലിച്ച് അടുത്തുള്ള മുറിയിലേക്ക് കയറ്റി… തന്നെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നവളിലേക്ക് അടുത്തു… ചെറുതായി നിറഞ്ഞ അവളുടെ കണ്ണുകളിൽ കണ്ണെറിഞ്ഞു നിന്നു… ഇരു കൈയ്കൾ മാറിൽ കെട്ടിവച്ചു… ” നിങ്ങൾക്ക് എന്തിന്റെ കേടാ??.. ” അവന്റെ നോട്ടത്തിൽ പതറിപോകുമോ എന്ന് ഭയന്നുകൊണ്ടവളുടെ ചോദ്യം ഉയരുമ്പോൾ അവനവളെ തന്നെ നോക്കി നിന്നു… ” നിന്നോട് പറഞ്ഞതാണോടി കോപ്പേ കൂർപ്പിച്ചുനോക്കുന്ന കണ്ണുകളാണെനിക്ക് ഇഷ്ടമെന്ന്… പിന്നെന്ത് കോപ്പിനാ ഈ കരഞ്ഞു കൂട്ടണേ??.. ഏഹ്ഹ്??.. ” ദേഷ്യത്തോടെയുള്ള അവന്റെ ചോദ്യത്തിൽ അവളൊരു നിമിഷം നിശ്ചലയായി… കണ്ണുകൾ നിറഞ്ഞു വന്നു.. ചുണ്ടുകൾ വിതുമ്പി…

കൈയിലെ ഫോണിൽ പിടുത്തം മുറുകി… നിമിഷനേരംകൊണ്ട് കവിളുകൾക്കൊപ്പം മൂക്കിൻതുമ്പും ചുവന്നു… ദേഷ്യം നിറഞ്ഞു… ” നിങ്ങളാണല്ലേ??… പറ… നിങ്ങളല്ലേ മെസ്സേജ് അയക്കണേ??.. തനിക്കു തോന്നും പോലെ പറയാനും കളിപ്പിക്കാനുമുള്ള പാവയാണ് ഞാനെന്ന് കരുതിയോ???… ഏഹ്ഹ്???… ” ഉള്ളിൽ ഉരുതിരിഞ്ഞു വരുന്ന ദേഷ്യവും സങ്കടവും നോവുമെല്ലാം ശബ്‌ദത്തിൽ പ്രകടമാക്കികൊണ്ടവൾ ഇരു കയ്യാലെയും അവനെ പുറകിലോട്ട് തള്ളി… അവളുടെ കൈയ്കളിൽ മുറുക്കെ പിടിച്ചുകൊണ്ടവൻ പുഞ്ചിരിച്ചു… ” കളിപ്പിച്ചതല്ല… ഇഷ്ടമായതുകൊണ്ട് തന്നെയാ… നേരിട്ട് പറയാൻ സമയമായില്ലെന്ന് തോന്നി… ” അതെ ചിരിയോടെ അവൻ പറയുമ്പോൾ പെണ്ണിന്റെ കണ്ണുകൾ കൂർത്തുവന്നു… രൂക്ഷമായവനെ നോക്കികൊണ്ടവൾ കൈയ്കൾ വിടുവിക്കാൻ ശ്രമിക്കുമ്പോൾ അവന്റെ കൈയ്കൾ കൂടുതൽ മുറുകി… ”

സ്സ്… ഇങ്ങനെ നോക്കുന്ന ഓരോ നോട്ടോം ദേ ഈ നെഞ്ചിലാടി കുത്തികയറണേ… ” അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞുകൊണ്ട് അവിടെ മറ്റൊരു ഭാവം നിറയുന്നത് അവൾ കണ്ടു… ആദ്യമായവൾ കാണുന്ന ഭാവം… അതവളുടെ കണ്ണുകളെ കീഴടിക്കൊണ്ടിരുന്നു… ” വിടെടോ… എനിക്കെന്നാ നിങ്ങളെ ഇഷ്ടല്ല… ഒട്ടും ഇഷ്ടല്ല… കയ്യിന്ന് വിടെടോ… ” അവന്റെ കൈയ്കളെ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ അവൾ വീറോടെ പറഞ്ഞു… ഉള്ളിലൊരു നിമിഷം പടർന്ന പതർച്ച മാറ്റി.. അവനിൽ പുഞ്ചിരി മാത്രം… ” അതെനിക്കറിയാം… നിനക്കാരെയാ ഇഷ്ടമെന്നും അറിയാം… ഇത്രയും കൊല്ലം ആയില്ലേ… ഇനിയതൊക്കെ മറന്നെന്നെ സ്നേഹിച്ചൂടെടി ഉണ്ടമുളകെ… ” ചിരിയോടെ പറഞ്ഞു തുടങ്ങിയവന്റെ വാക്കുകൾ ദയനീയമാകുമ്പോൾ അവളവനെ അത്ഭുതത്തോടെ നോക്കി… വാക്കുകളേതും പറയാൻ കഴിഞ്ഞില്ലെങ്കിലും അവളുടെ കണ്ണുകൾ അവനോടു സംസാരിച്ചു..

കൈയ്കളുടെ ബലപിടുത്തം അഴഞ്ഞു… ” കുറച്ചധികം നാളായില്ലേടി കാണാൻ തുടങ്ങിയിട്ട്… കുറുമ്പും സന്തോഷോം മാത്രം നിറഞ്ഞ ഈ കുഞ്ഞിമുഖത്തു ആരുടെ പേര് കേൾക്കുമ്പോഴാ വേദന നിറയണേന്ന് മനസിലാക്കാൻ പറ്റിയില്ലേൽ ഞാൻ പിന്നെ നിന്നെ സ്നേഹിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ പെണ്ണെ.. ” പെണ്ണിന്റെ കണ്ണിലെ ചോദ്യം തിരിച്ചറിഞ്ഞെന്നവണ്ണം അവൻ പറഞ്ഞു… അവളെ നോക്കി കണ്ണുചിമ്മി…ബലമായി കൂട്ടിപ്പിടിച്ച കൈയ്കൾ അഴച്ചു… മറുപടിയേതും കൂടാതെ അവൾ പുറകോട്ട് നീങ്ങി.. ചുമരും ചാരി നിന്നുകൊണ്ട് കണ്ണുകൾ താഴേക്ക് പതിപ്പിച്ചു… ഉള്ളിൽ മറന്നെന്ന് വിശ്വസിക്കുന്ന പ്രണയത്തിന്റെ ഓർമ്മകൾ നിറഞ്ഞു… നിറഞ്ഞൊഴുകുന്ന മിഴികളെ സ്വാതന്ത്രമാക്കി… ഏന്തലുകൾ വന്നു… ”

കണ്ണ് നിറയുന്നതെനിക്ക് ഇഷ്ടല്ലന്ന് നിന്നോടല്ലെടി കോപ്പേ പറഞ്ഞേ… ” പെണ്ണിലേക്ക് പാഞ്ഞടുത്തുകൊണ്ടവൻ മുഖം കൈയ്കളിൽ ഉയർത്തിക്കൊണ്ട് ദേഷ്യപ്പെട്ടു… തെല്ലൊരു ഞെട്ടലിന് ശേഷം നിറഞ്ഞ കണ്ണുകളാൽ അവനെ കൂർപ്പിച്ചുനോക്കിയ പെണ്ണിന്റെ കവിളിൽ പതിയെ തട്ടികൊണ്ട് പുഞ്ചിരിച്ചു… ” കാത്തിരുന്നോളാം ഞാൻ… എത്ര കാലമെടുത്തായാലും എന്റെ ഉണ്ടമുളകിന്റെ ഉള്ളിൽ ഈ മഴയെ മാത്രം നിറയ്ക്കുംവരെ… ” പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് പെണ്ണിന്റെ നെറ്റിയിൽ അവൻ നെറ്റി മുട്ടിച്ചു… കണ്ണുചിമ്മി… ***************** വാതിൽ കടന്നുകൊണ്ട് മുറിക്ക് അകത്തേയ്ക്ക് കയറി ധ്വനി കൊതിയോടെ അവളുടെ മുറിയാകെ കണ്ണോടിച്ചു… ജനലോരം ചേർന്നുള്ള കട്ടിലിനരികെ വന്നു നിന്നു…

കണ്ണുകളടച്ചുകൊണ്ട് ഓർമകളിലേക്ക് ചെക്കേറും നേരം വയറിലൂടെ രോമങ്ങൾ നിറഞ്ഞ കൈയ്കൾ ഇഴഞ്ഞു പെണ്ണിനെ ചുറ്റിപ്പിടിച്ചു… പെണ്ണിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ” ദേവാ… ” കാതിൽ അവന്റെ മൃദു സ്വരം… അവളൊന്ന് മൂളിക്കൊണ്ട് പുറകിലേക്ക് ചാഞ്ഞു… അവന്റെ തോളിലായ് തല മുട്ടിച്ചു… വിയർപ്പിന്റെയും അത്തറിന്റെയും മിശ്രിത ഗന്ധം സിരകളിൽ പടർന്നു… ” എന്ത് ഓർത്ത് നിൽക്കുവാ പെണ്ണെ… ” ഇടുപ്പിലൂടെ ഇഴഞ്ഞുകൊണ്ട് സാരിക്കുള്ളിലേയ്ക്ക് കയറുന്ന വിരലുകൾ പെണ്ണിനെ കുളിരണിയിപ്പിക്കുമ്പോൾ പിന്നെയും അവന്റെ സ്വരം… ” ഈ മുറിയിലെ ഏറ്റോം മനോഹരമായതെന്താന്ന് അറിയോ അനന്ദുവിന്?? ” കണ്ണുകൾ തുറക്കാതെ തന്നെ അത്രമേൽ പതിഞ്ഞ അവളുടെ വാക്കുകളിൽ അവനൊന്നു ചുറ്റും കണ്ണോടിച്ചു…

അവളെയും ചേർത്തു നിൽക്കുന്ന രൂപം നിലകണ്ണാടിയിൽ കാണും നേരം ചുണ്ടിൽ പുഞ്ചിരി വിടർന്നു… ” മ്മ്… നിക്ക് അറിയാം… ഈ മുറിയെ എന്നല്ല… ഈ അനന്ദുവിനെപോലും മനോഹരമാക്കുന്നത് ന്റെ ദേവയാണ്… നന്ദന്റെ ദേവ… ” പെണ്ണിന്റെ ചെവിയിലേക്ക് മുഖം കുനിച്ചുകൊണ്ടുവന്ന് അവളോടായി സ്വകാര്യം പോലെ പറയുമ്പോൾ ചുണ്ടുകളുടെ തലോടൽ ചെവിയെ പുണർന്നു… അതിനേക്കാൾ ആവേശത്തിൽ പെണ്ണിന്റെ നഗ്ന ഉദരത്തിൽ അനന്ദുവിന്റെ വിരലുകൾ ഒഴുകി… അവളൊന്നു പുഞ്ചിരിച്ചു… താടിച്ചുഴിയും തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി… ഇരുവശത്തേയ്ക്കും മുഖം ചെരിച്ചുകൊണ്ട് അതല്ലെന്ന് പറയാതെ പറഞ്ഞു… പെണ്ണിനെ നോക്കി നിൽക്കുന്നവന്റെ കണ്ണുകൾ കുറുകി… കുറുമ്പോടെ… ” ന്നാ പറ… വേറെ ന്താ… ” അവന്റെ സ്വരം… അവളവനിലേക്ക് ഒന്നൂടെ ചേർന്നു നിന്നു.. വയറിൽ ചുറ്റിയ കൈയ്കളിൽ കൈയ് ചേർത്തു…

കണ്ണുകൾ തുറന്നു… ” അതോ… ദേ ഈ ജനാല ഇല്ലേ… ഇതിലൂടെ ഇങ്ങനെ പുറത്തേയ്ക്ക് നോക്കണം… ഇപ്പോ അല്ല… രാത്രിയിൽ… ഈ കാണുന്ന ആകാശത്തൊക്കെ നിറയെ നക്ഷത്രങ്ങൾ മിന്നും നേരം… അന്നേരം അവിടെയൊരു ജനാലയും തുറക്കപ്പെടും… അവിടെ നേരിയ മഞ്ഞ വെളിച്ചത്തിൽ കയ്യില്ലാത്ത വെള്ളബനിയനും ഇട്ടുകൊണ്ട് ന്റെ നന്ദനെ കാണാം… അവന്റെ മുഖത്തെ ഭാവങ്ങൾ കാണാം… കൊറേ നേരം ഇരുന്ന് എന്തെല്ലാമോ കുത്തിക്കുറിക്കും…ന്നിട്ട് വെറുതെ ചിരിക്കും… ന്നിട്ട് ആകാശത്തേക്ക് നോക്കിയിരുന്നു പാട്ട് പാടും… ന്റെ സിരകളിലൂടെ പടർന്നുകയറുന്ന മൃദു സ്വരത്താൽ… അന്നേരം… അവനെന്റെ ഉള്ളിനെ തൊട്ടുണർത്തും… അവനിൽ മാത്രം അടിമയാക്കിയിടും…

” പതിഞ്ഞ സ്വരത്തിലും ആവേശത്തോടെ പറയുന്നവളിൽ അനന്ദുവിന്റെ കൈയ്കളും മുറുകി… രാത്രിയിൽ അവളെ ഓർത്തുകൊണ്ട് പാടിയിരുന്ന ഓരോ പാട്ടും ഓരോ ഭാവവും കയ്യെത്താ ദൂരേയിരുന്നുകൊണ്ടവൾ സ്വന്തമാക്കിയിരുന്നെന്നുള്ള അറിവ് അവന്റെ ഉള്ളം നിറച്ചു… അവനിൽ പടർന്നിരുന്നതിലും ഭ്രാന്തമായ ആവേശത്തോടെ അവളിൽ പ്രണയം പടർന്നിരുന്നത് തിരിച്ചറിഞ്ഞു… പെണ്ണിന്റെ പുറം കഴുത്തിൽ മുഖം പൂഴ്ത്തി… ” ഈ മുറിയിലെ ഏറ്റോം മനോഹരമായ ദൃശ്യം രാത്രിയിൽ ജനലിലൂടെ കാണുന്ന ന്റെ… ” പെണ്ണിന്റെ വാക്കുകളെ മുഴുവിപ്പിക്കാൻ അനുവദിക്കാതവൻ അവളെ തിരിച്ചു നിർത്തിക്കൊണ്ട് ചുണ്ടുകളെ സ്വന്തമാക്കി… അത്രമേൽ ഭ്രാന്തമായവളുടെ അധരങ്ങളെ കവരുമ്പോൾ ഇരുവരിലും പ്രണയം നിറഞ്ഞു നിന്നു… പെണ്ണിന്റെ വിരലുകൾ അവന്റെ ചുരുണ്ട മുടിയിഴകളെ പ്രണയിച്ചുകൊണ്ടിരുന്നു…………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 26

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story