തോളോട് തോൾ ചേർന്ന്: ഭാഗം 31

tholodu thol chernnu

എഴുത്തുകാരി: ജിച്ചന്റെ കാവു

നഗ്നമായ അവളുടെ ഉദരത്തിൽ മതിവരാതെ പിന്നെയും പിന്നെയും അവൻ ചുംബിച്ചുകൊണ്ടിരുന്നു... അത്രമേൽ വാത്സല്യത്തോടെ വിരലാൽ തഴുകി... " ന്റെ കുഞ്ഞ്... ന്റെ വാവ... " ഇടയ്ക്കിടെ പതിയെ പറഞ്ഞുകൊണ്ടിരുന്നു... പെണ്ണിന്റെ ഉദരത്തിൽ ചെവിചേർത്ത് വച്ചുകൊണ്ട് കുഞ്ഞിന്റെ ഹൃദയതാളം തിരഞ്ഞു... മങ്ങിയ മഞ്ഞവെളിച്ചത്തിൽ അവളവനെ തന്നെ നോക്കി മലർന്നു കിടന്നു... ഇടയ്ക്കിടെ ഇടയുന്ന കണ്ണുകളിൽ സന്തോഷത്തിനും പ്രണയത്തിനും അപ്പുറം വല്ലാത്തൊരു നിർവൃതി കൂടി നിറഞ്ഞിരുന്നു... അച്ഛനാവാൻ പോകുന്നതിന്റെ ആനന്ദത്തിളക്കം... നാലു ചുമരുകൾക്കുള്ളിൽ ഉയർന്നു കേൾക്കുന്ന ഫാനിന്റെ സ്വരത്തെയും പിന്തള്ളിക്കൊണ്ട് അനന്ദുവിന്റെ വാത്സല്യം നിറഞ്ഞ സ്വരവും ചിരിയൊലികളും സന്തോഷവും ഉയർന്നു... " ഈ കുഞ്ഞു വയറിൽ ന്റെ വാവക്ക് കിടക്കാൻ പറ്റോ??... ഇതെന്താ ദേവാ ഇനിയും വലുതാവാത്തെ... " പതിവ് പരിഭവത്തിന് അനന്ദു തുടക്കമിട്ടു... അവളൊരു പുഞ്ചിരിയോടെ അവന്റെ നീണ്ട താടിരോമങ്ങളിൽ വിരലുകളോടിച്ചുകൊണ്ട് ആ മുഖത്തേ പരിഭവം നോക്കി കിടന്നു... " വാവക്കിപ്പോ രണ്ട് മാസത്തെ വളർച്ചയല്ലേ ഉള്ളൂ... ഈ കുഞ്ഞി വയറൊക്കെ ധാരാളം... ഇനി പതിയെ പതിയെ നമ്മൾടെ വാവ വളരുമ്പോ ഈ വയറും ഇങ്ങനെ വലുതാവും... അപ്പോഴേ ചെവികൂർപ്പിച്ചു ഇങ്ങനെ വച്ചിട്ട് കാര്യമുള്ളൂ... അപ്പോഴേ വാവേടെ അനക്കോം തുടിപ്പും ഒക്കെ അറിയുള്ളൂ..."

കൊച്ചു കുഞ്ഞെന്നപോലെ അവളുടെ വാക്കുകൾക്കവൻ കാതോർത്തിരുന്നു... അപ്പോഴും ഉദരത്തെ തഴുകുന്ന കൈയ്കൾ അതെ പടി തുടർന്നു... അവളവന്റെ നീണ്ട താടിയിൽ പിടിച്ചു കുറുമ്പോടെ വലിക്കുമ്പോൾ പെണ്ണിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ടവൻ അവളെ പുണർന്നു... വലതുകരം അപ്പോഴും കുഞ്ഞിനെ തലോടി... ധ്വനിയുടെ ഉള്ളിൽ അവന്റെ ജീവന്റെ തുടിപ്പ് മൊട്ടിട്ടെന്നറിഞ്ഞ ദിവസം മുതൽ അത്രമേൽ കരുതലോടെ അവളെ പരിപാലിക്കുകയാണ് അനന്ദു... അവളുടെ കൂടെ നടന്നുകൊണ്ട് വേണ്ടതെല്ലാം ചെയ്തുകൊടുത്തും കുഞ്ഞിന്റെയും പെണ്ണിന്റെയും ആരോഗ്യത്തിനു വേണ്ടി ആവശമായവ വേണ്ടരീതിയിൽ ചെയ്തും എല്ലാം അവൾക്കൊപ്പം തന്നെ അനന്ദുവും ഉണ്ട്... ഏട്ടത്തിയുടെയും ഏട്ടന്റെയും കണ്ണുവെട്ടിച്ചുകൊണ്ട് ഇടയ്ക്കിടെ ഉദരത്തിൽ നൽകുന്ന തലോടലിലും കുഞ്ഞു കുഞ്ഞു മുത്തങ്ങളിലും അവനെന്ന അച്ഛന്റെ സന്തോഷം മുന്നിട്ട് നിന്നിരുന്നു... ആ മുഖത്തു വിരിയുന്ന നിർവൃതി അത് അവളിലെ അമ്മമനത്തേയും ഒരുപോലെ സന്തോഷിപ്പിച്ചിരുന്നു.... എന്നും രാത്രിയിലെ കുഞ്ഞുമായുള്ള സംസാരങ്ങളും തഴുകലും ചുംബങ്ങങ്ങളും കഴിഞ്ഞേ അവൻ ഉറങ്ങാറുള്ളൂ... ധ്വനിയുടെ മാറ്റമേതും തോന്നാത്ത കുഞ്ഞു വയറിനെ ചൊല്ലി പരിഭവം പറഞ്ഞും കുഞ്ഞിന്റെ തുടിപ്പിനായ് കാതോർത്തും അവൻ അവന്റെ അടക്കാനാവാത്ത ആകാംഷ പ്രകടിപ്പിക്കുമ്പോൾ അവളിൽ തെളിഞ്ഞു വന്നിരുന്ന വാത്സല്യം അവനു വേണ്ടിയുള്ളതായിരുന്നു...

ദിവസങ്ങൾ പിന്നെയും കടന്നുപോകുമ്പോൾ ചെറുതായി വീർത്ത് വരുന്ന വയർ അവനുള്ളിൽ നിറച്ചിരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു... അവന്റെ കുഞ്ഞിന്റെ അമ്മയെ പരിപാലിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ട് സന്തോഷിപ്പിച്ചുകൊണ്ട് ഏത് സമയവും കൂടെ നിൽക്കാൻ ശ്രമിക്കുന്ന അനന്ദു ധ്വനിയുടെ ഉള്ളിലും അത്രമേൽ ആഴത്തിൽ ഓരോ ദിനവും പതിഞ്ഞുകൊണ്ടിരുന്നു... പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങൾ തീവ്രമായി തന്നെ പകരുന്ന അവളുടെ പാതി... അവന്റെ നിഷ്കളങ്കമായ പ്രണയം... ആ പ്രണയത്തിന്റെ ആഴവും പരപ്പും അനുദിനം ഇരട്ടിച്ചുവരുന്നു... അനന്ദുവിനൊരു കുഞ്ഞുണ്ടാവാൻ പോകുന്നെന്ന വാർത്ത അവനെ സ്നേഹിക്കുന്ന എല്ലാവരിലും സന്തോഷം നിറയ്ക്കുന്ന ഒന്നായിരുന്നു... കുഞ്ഞുങ്ങളോടുള്ള അവന്റെ ഇഷ്ടം അത്രമേൽ ആഴത്തിൽ അറിയുന്ന എല്ലാവരും ഈ ഒരു നിമിഷത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു... അപ്പുവിനോപ്പം ധ്വനിയെയും ചേർത്തുപിടിച്ചുകൊണ്ട് അഭിയും അനന്ദുവും ഹരിയും അവരുടെ കുഞ്ഞു കുഞ്ഞു മോഹങ്ങൾ ചെയ്തുകൊടുത്തും കുറുമ്പുകൾക്ക് കൂട്ടി നിന്നും വാശികൾ ഓരോന്നും ആസ്വദിച്ചു... ധ്വനിയോടുള്ള മധുവിന്റെ സമീപനത്തിൽ വന്ന മാറ്റം അത് അഭിയെ ആദ്യമായി സ്വാധീനിച്ചു...

സ്വന്തം മകളെ പോലെ അവളുടെ ഓരോ കാര്യത്തിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് ഉപദേശിക്കുകയും ഭക്ഷണം കഴിക്കാതെ വാശികാണിക്കുമ്പോൾ ചീത്ത പറയുകയും വ്യായാമങ്ങൾ ചെയ്യിച്ചുകൊണ്ട് കൂടെ കൂടുകയും ചെയ്യുന്ന മധുവിൽ പണ്ടത്തെ മധുവിന്റെ ഒരു കണിക പോലും അവശേഷിക്കുന്നില്ലെന്ന് പലപ്പോഴും അഭി കണ്ടറിഞ്ഞു... മിത്തുമോളും പുതിയതായി വരാൻ പോകുന്ന രണ്ട് വാവകളെയും സ്വപ്നം കണ്ട് അവർക്കുള്ള കളിപ്പാട്ടങ്ങൾ ഒരുക്കി വയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തി... ഒട്ടുമിക്ക സ്ത്രീകളെയും പോലെ ധ്വനിയിലും ശർദ്ധി കാര്യമായി തന്നെ തുടർന്നു... ചുറ്റും അതുവരെ പ്രിയമായി തോന്നിയിരുന്ന പല മണങ്ങളും ഭക്ഷണങ്ങളും പോലും ആരോചകമായി തുടങ്ങി... ശർദ്ധിച്ചു തളരുന്ന പെണ്ണിന്റെ മുഖവും ദേഹവുമെല്ലാം വൃത്തിയാക്കി കൊടുക്കുമ്പോഴും അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു കൊണ്ട് കിടത്തുമ്പോഴും അവളുടെ ബുദ്ധിമുട്ടുകൾ കണ്ടുകൊണ്ട് അനന്ദുവിന്റെ ഉള്ളം നൊന്തു... ക്ഷീണവും ശർദ്ധിയും കൂടി അവശയായ ധ്വനിയെ കോരിയെടുക്കുവാൻ ഉള്ളം തുടികൊട്ടുമ്പോൾ വേദനയോടെ അനന്ദു അതിനാവാതെ നിന്നു... അവന്റെ വേദനകൾ തിരിച്ചറിഞ്ഞുകൊണ്ട് പെണ്ണ് അവശതയിലും പുഞ്ചിരിച്ചു കണ്ണുചിമ്മാൻ മറന്നിരുന്നില്ല...

അവളുടെ വാശിക്ക് മുകളിലെ നിലയിൽ നിന്നും താഴെ അച്ഛനും അമ്മയും ഉപയോഗിച്ചിരുന്ന മുറിയോട് ചേർന്നുള്ള മുറിയിലേക്ക് ഇരുവരും കിടപ്പ് മാറ്റി... ഭാനുമതി കൊണ്ടുകൊടുത്ത നേരിയതും കാച്ചിയ എണ്ണയും താളിയും അഷ്ടഗന്ധവും എല്ലാം അവൾക്കും പ്രിയപ്പെട്ടതായിമാറി... ഇഷ്ടങ്ങളും താല്പര്യങ്ങളും പലതും മാറി പുതിയവ വന്നു... ഒരിക്കൽ അത്രമേൽ കൊതിയായിരുന്ന അനന്ദുവിന്റെ വിയർപ്പിന്റെയും അത്തറിന്റെയും മിശ്രിത ഗന്ധം ഇന്നവൾക്ക് അരോചകമാണ്... അത്തറില്ലാതെ അനന്ദുവിന്റെ വിയർപ്പിന്റെ ഗന്ധത്തെ മാത്രം ഉള്ളിലേക്കാവാഹിച്ചുകൊണ്ട് അവന്റെ മൃദുസ്വരത്താലുള്ള ഗാനം കാതിലും ഹൃദയത്തിലും നിറച്ചുകൊണ്ട് ആ വിരലുകളുടെ സ്നേഹസ്പർശത്തിൽ നെഞ്ചോരം ചേർന്നുകൊണ്ട് ഓരോ ദിനവും രാത്രികളെ അവൾ വരവേറ്റു... കുഞ്ഞു ചുംബനങ്ങളിലും തഴുകലിലും അതിലേറെ സ്നേഹം നിറച്ചുകൊണ്ടോരച്ഛൻ തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരുന്നു... ***************** പതിവുപോലെ കുളി കഴിഞ്ഞു വന്ന് അപ്പു ഹരിയുടെ മുന്നിൽ നിന്ന് ചിണുങ്ങുകയാണ്... കോളേജ് അവധിയായ ദിവസങ്ങളിൽ മാത്രമാണ് അവനെ ഇങ്ങനെ കിട്ടുന്നത്... നിറഞ്ഞ വാത്സല്യത്തോടെ ഹരി തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ നോക്കി... പണ്ടത്തെ കുഞ്ഞി പെണ്ണിൽ നിന്നും ഒത്തിരി മാറ്റമാണവൾക്ക്...

അവളുടെ വയറിപ്പോ ഒത്തിരി വലുപ്പം വച്ചിട്ടുണ്ട്... ചെറുതായി താഴെക്കിരുന്നു വയറിന്റെ ഘടന... അതുകൊണ്ട് തന്നെ ഒരു കയ്യെപ്പോഴും വയറിൽ താങ്ങിയാണ് പെണ്ണിന്റെ നടപ്പ്... കവിളും മുഖവുമെല്ലാം തുടുത്തു...വല്ലാത്തൊരു കുട്ടിത്തമാണവളുടെ ഭാവങ്ങൾക്ക് ഇപ്പൊ... അവളുടെ കുറുമ്പുകൾക്ക് ഒപ്പം നിന്നുകൊടുത്തുകൊണ്ട് ഹരി പെണ്ണിന് നേരിയത് ചുറ്റി ഉടുപ്പിച്ചുകൊടുത്തു... വീർത്തുന്തി നിൽക്കുന്ന വയറിൽ ചുംബിച്ചുകൊണ്ട് പെണ്ണിനെ നോക്കി കണ്ണിറുക്കി... കുഞ്ഞിനോടെന്നപോലെ സംസാരങ്ങൾ തുടർന്നു... ഇടക്ക് കണ്ണിൽ കരിമഷി എഴുതികൊടുത്തു... സിന്ദൂരചെപ്പിൽ നിന്നും നുള്ളെടുത്തു നെറുകിൽ നീട്ടി വരയ്ക്കുമ്പോൾ ചുളിഞ്ഞു പോകുന്ന പെണ്ണിന്റെ മുഖം അവനിൽ പൊടുന്നനെയൊരു ഭീതിയുണർത്തി... " ടാ... ന്തേടാ... കുഞ്ഞാ... " വെപ്രാളത്തോടെ പെണ്ണിന്റെ മുഖത്തു തലോടിക്കൊണ്ട് വയറിലായ് ഒരു കൈയ് ചേർത്തുപിടിച്ചു ചോദിക്കുമ്പോൾ വാക്കുകൾ ഇടറിപോവുന്നുണ്ടായിരുന്നു... " ഹരിയേട്ടാ... നിക്ക്... വയ്യാ.... വാവ.... വേദനിക്കുന്നു ഏട്ടാ... " ചുരുങ്ങി പോകുന്ന കണ്ണുകൾക്കൊപ്പം വേദന കടിച്ചു പിടിച്ചുകൊണ്ടുള്ള സ്വരവും ഉയർന്നു... നിമിഷനേരംകൊണ്ട് വെട്ടിവിയർത്തു അവളുടെ ശരീരം തളർന്നു പോവുന്നുണ്ടായിരുന്നു... കണ്ണുകൾ ഇറുക്കിയടച്ചു ചുണ്ട് കൂട്ടി കടിച്ചുപിടിച്ചു അപ്പു ഹരിയുടെ തോളിൽ കയ്യമർത്തിക്കൊണ്ട് വേദനായാൽ കുനിഞ്ഞു പോയി...

" ഇല്ലടാ.. ഒന്നൂല്ല്യാടാ... ഏട്ടനില്ലേ... ഒന്നുല്ല്യാ കുഞ്ഞാ... ഇപ്പൊ... ഇപ്പൊ ഹോസ്പിറ്റലിൽ പോവാടാ... " പെണ്ണിന്റെ വേദന കണ്ടു നിൽക്കെ സ്വയം തളരും പോലെ തോന്നിയവന്.. അവളെ ഇരുകയ്യാലെയും ചുറ്റിപിടിക്കുമ്പോഴേക്കും കടിച്ചുപിടിച്ചിരിക്കുന്ന അവളുടെ അധരങ്ങൾക്കിടയിൽ നിന്നും വേദനയുടെ സ്വരവും ഉയർന്നു... ഹരിയിൽ മുറുകിയിരിക്കുന്ന പെണ്ണിന്റെ കൈയ്കളുടെ മുറുക്കം അവളിലെ വേദന എടുത്തുകാണിച്ചു... " ഇല്ലടാ... അപ്പൂട്ടാ... കരയല്ലേ.. ഒന്നുല്ല്യാടാ... " അവളെ കൈയ്കളിൽ കോരിയെടുത്തുകൊണ്ടവൻ പറഞ്ഞുകൊണ്ടിരുന്നു... വേദനയാൽ ചുളുങ്ങി പോവുന്ന അവളുടെ മുഖം അത്രമേൽ അവനെയും തളർത്തുമ്പോൾ എങ്ങനെയോ അവളെയും പൊക്കിക്കൊണ്ടവൻ പടികളിറങ്ങി... വേദനക്കിടയിലും കരഞ്ഞുകൊണ്ട് ഹരിയുടെ പേരും ചൊല്ലി എന്തൊക്കെയോ പേടിയാൽ പറയുന്ന പെണ്ണിനെ അവൻ നെഞ്ചിലേക്ക് മുറുക്കി ചേർത്തു... ഉറക്കെ അമ്മയെയും അച്ഛനെയുമെല്ലാം വിളിച്ചുകൊണ്ട് ഓടിവരുന്ന ഹരിയെയും അവന്റെ കൈയിൽ കിടന്നു പിടയുന്ന അപ്പുവിനെയും കാണെ രമയും ഒരു നിമിഷം നിശ്ചലയായിപ്പോയി... ശ്രീയുടെ കരച്ചിലും ഉയരുമ്പോഴാണ് അവർ ഹരിയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നത്... വെട്ടിവിയർത്തുകൊണ്ട് വേദനയിൽ പുളയുന്ന പെണ്ണിനെ കാണെ അവരും കരഞ്ഞുപോയിരുന്നു...

പുറത്തു പെയ്യുന്ന മഴ വകവെക്കാതെ മുറ്റത്തേയ്ക്ക് നടന്നുകൊണ്ടവളെ കാറിലെ പുറകിലെ സീറ്റിലേക്ക് കിടത്തി ഹരി വെപ്രാളം കാണിക്കുമ്പോൾ അപ്പു അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചുകൊണ്ടവനെ അടുപ്പിച്ചുകൊണ്ടിരുന്നു... വേദനയും ഭയവും ഒരുപോലെ അവളെ തളർത്തുമ്പോൾ ഉറക്കെ ഹരിയുടെ പേരും ചൊല്ലിക്കൊണ്ടവൾ നിലവിളിച്ചു... അടുത്ത ആഴ്ചയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവാൻ പറഞ്ഞതുപ്രകാരം തയ്യാറാക്കി വച്ചിരിക്കുന്ന ബാഗും എടുത്തുകൊണ്ടു വന്ന് ശ്രീ കാറിൽ വക്കുമ്പോൾ രമയും അപ്പുവിനോപ്പം കയറി ഇരുന്നു... മകന്റെ അപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൊണ്ട് തന്നെ കൃഷ്ണൻ വണ്ടി മുന്നോട്ടെടുത്തു... തന്നിൽ മുറുകുന്ന പെണ്ണിന്റെ കൈയ്കളും ഉയരുന്ന വേദനയുടെ സ്വരവും ഹരിയേ തളർത്തുമ്പോൾ അപ്പുവിനെ ചേർത്തുപിടിച്ചുകൊണ്ടവൻ കരഞ്ഞു... അവനാലാവും വിധം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു... നെറുകിൽ ചുണ്ട് ചേർത്തുകൊണ്ട് പെണ്ണിനെ അടക്കി പിടിക്കുമ്പോൾ അവളുടെ പേടിയോടുള്ള പുലമ്പലുകളും ഉയരുന്നുണ്ടായിരുന്നു... ***************** ശ്രീ വിളിച്ചു പറഞ്ഞതനുസരിച്ചു അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയതാണ് അനന്ദുവും അഭിയും... കടയിൽ നിന്നും നേരെ ശ്രീയെയും കൊണ്ട് ഇരുവരും ധൃതിയിൽ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ഒന്ന് വിളിച്ചു പറഞ്ഞിരുന്നു...

ഓട്ടോ ഇറങ്ങി ഹോസ്പിറ്റലിനുള്ളിലേക്ക് വെപ്രാളത്തോടെ പായുമ്പോൾ പാളിപ്പോവുന്ന വലതുകാലിന്റെ പാദങ്ങളെ വലിച്ചു വച്ചുകൊണ്ട് അനന്ദു മുന്നേറി... ആ ഏട്ടന്മാരുടെ ഉള്ളിലപ്പോഴും ഭയമായിരുന്നു... ഒരു കുഞ്ഞു മുള്ള് കൊണ്ടാൽ പോലും ചിണുങ്ങികരഞ്ഞുകൊണ്ടിരിക്കുന്ന പെണ്ണായിരുന്നു കണ്ണിൽ... അവരുടെ കുഞ്ഞനിയത്തി... നീണ്ടവരാന്തയുടെ അങ്ങേയറ്റത്തെ ഗ്ലാസ്സ്‌ഡോറിനരികെ നിൽക്കുന്നവരെ കണ്ടതും ഉള്ളിലൊരു തണുപ്പ് നിറഞ്ഞു... കാലുകൾ വലിച്ചു വച്ചുകൊണ്ട് അഭിയുടെ ഒപ്പം അനന്ദു നടന്നെത്തുമ്പോഴേക്കും ശ്രീമോൾ അവർക്കടുത്തേയ്ക്ക് ഓടിയിരുന്നു... ഇളം പിങ്ക് നിറത്തിലുള്ള ടർക്കിയിൽ പൊതിഞ്ഞുകൊണ്ട് ഹരി നെഞ്ചോരം ചേർത്തു പിടിച്ചിരിക്കുന്ന ഒരു സുന്ദരിവാവ... ആയിരം സൂര്യൻ ഒന്നിച്ചുദിച്ച തിളക്കമായിരുന്നു ഹരിയുടെ മുഖത്ത്... അവർക്കടുത്തെത്തിയ ശ്രീ വാവയുടെ നെറ്റിയിലും മുടിയിലുമെല്ലാം തലോടിക്കൊണ്ട് ഹരിയോട് ചേർന്നു തന്നെ നിൽക്കുന്നുണ്ട്... അനന്ദുവിന്റെയും അഭിയുടെയും കണ്ണുകൾ അവന്റെ കൈയിലെ വാവയിൽ പതിയുമ്പോൾ അറിയാതെ തന്നെയവ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു... ആദ്യമായി കണ്ട അപ്പുവിന്റെ അതെ രൂപം തന്നെയായിരുന്നു അവളുടെ കുഞ്ഞിനും... അവരുടെ കുഞ്ഞനിയത്തി അതേപോലെ തന്നെ വർഷങ്ങൾക്കിപ്പുറവും കണ്മുൻപിൽ വന്നതുപോലെ അനന്ദുവും അഭിയും കുഞ്ഞിനെ തന്നെ കണ്ണിമചിമ്മാതെ നോക്കി നിന്നു... " ഹരീ... അപ്പുമോള്... " അഭിയുടെ സ്വരത്തിൽ വിറയൽ... " മയക്കമാണ് ഏട്ടാ... കുഴപ്പമൊന്നുമില്ല... കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് മാറ്റുമെന്നാ പറഞ്ഞത്... "

നിറഞ്ഞ ചിരിയോടെ ഹരിയുടെ മറുപടി ആ സഹോദരങ്ങൾക്കുള്ളിൽ തണുപ്പ് പടർത്തി... ആശ്വാസം നിറച്ചു... ശ്രീമോൾ ഹരിയുടെ അടുത്തുനിന്നുകൊണ്ട് ഒന്ന് കുഞ്ഞി കവിളിൽ തൊട്ടപ്പോൾ കണ്ണുകളടച്ചുകൊണ്ട് തന്നെ വാവ പുഞ്ചിരിതൂകി... കണ്ടുനിന്നവരുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു... " മോളാടാ... അനന്ദൂ... ടാ... എടുക്കണ്ടെടാ നിനക്ക്??.. " ഹരിയുടെ സ്വരം... സന്തോഷം നിറഞ്ഞു നിൽക്കുന്നു ഓരോ വാക്കിലും... അവന്റെ വാക്കുകൾ കേട്ടതും അനന്ദുവിന്റെ ചുണ്ടുകൾ വിറച്ചു... ആഗ്രഹമുണ്ട്... അത്രമേൽ കൊതിയുണ്ട് ആ സുന്ദരിപ്പെണ്ണിനെ നെഞ്ചോരം ചേർത്തുപിടിക്കുവാൻ... എന്നാലും ഉള്ളിനുള്ളിൽ എന്തോ ഭയം... ഹരിയുടെ അരികെ നിൽക്കുന്ന കൃഷ്ണനിലും രമയിലും എല്ലാം കണ്ണുകൾ വെപ്രാളത്തോടെ പതിഞ്ഞു... അവർക്കൊക്കെ ഇഷ്ടാവോ... ദേഷ്യാവോ... കുഞ്ഞാവയെ തരാൻ പേടി തോന്നോ... അവനുള്ളം നൊന്തു... ഒരു പുഞ്ചിരിച്ചു ചുണ്ടിൽ വരുത്തിക്കൊണ്ട് കുഞ്ഞിന്റെ തലയിൽ പതിയെ തൊട്ടു... മുഖമടുപ്പിച്ചുകൊണ്ട് കുഞ്ഞി തലയിൽ മുത്തി... " എടുക്കെടാ... ആരും ഒന്നും പറയില്ല... നിന്റെ അപ്പൂന്റെ കുഞ്ഞാവായല്ലേടാ... " അവന്റെ ഉള്ളറിഞ്ഞ പോലെ ഹരി പിന്നെയും പറയുമ്പോൾ അനന്ദുവിന്റെ കണ്ണുകൾ പിന്നെയും കൃഷ്ണനിലേക്ക് നീണ്ടു.. അയാളും രമയും പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടതും ഹരിയോട് ചേർന്നു നിന്നുകൊണ്ടവൻ ശ്രദ്ധാപൂർവം കുഞ്ഞിനെ കയ്യിലെടുത്തു... ഒരു കുഞ്ഞു വാവ... അവന്റെ കയ്കൾക്കുള്ളിൽ കുട്ടികുറുമ്പി പതുങ്ങി കിടക്കുമ്പോൾ അവളുടെ കുഞ്ഞിക്കാലുകളിൽ അഭിയും മുത്തമിട്ടു... എല്ലാവരിലും നിറഞ്ഞ സന്തോഷം... *******

" മഴേത്ത് കളിക്കാനും വിട്ടില്ല... കുഞ്ഞാവേയെ കൊണ്ട് കാണിച്ചും ഇല്ലല്ലോ... അതാ ഈ പെണ്ണിനിത്ര വാശി..." കരഞ്ഞുകൊണ്ടിരിക്കുന്ന മിത്തുമോളെ തോളിലിട്ട് സമാധാനിപ്പിക്കുന്നതിനിടെ മധു ധ്വനിയോടായി പറയുന്നുണ്ട്... " നാളെ നമുക്കൊന്ന് പോവാം ഏട്ടത്തി... അപ്പൂനേം വാവനേം കാണാലോ... മിത്തുമോൾടെ വിഷമോം തീർക്കാം... " മധുവിനോട് പറഞ്ഞുകൊണ്ട് അവൾ അകത്തെ സോഫയിൽ വന്നിരുന്നു... പുറത്തെ മഴ ശക്തിയാർജിക്കുമ്പോൾ പുഞ്ചിരിയോടെ അനന്ദുവിന്റെ വാക്കുകളിൽ നിന്നും കേട്ട അപ്പുവിന്റെ കുഞ്ഞാവ എങ്ങനെയായിരിക്കും എന്നുള്ള ചിന്തകളിലേക്ക് കടന്നു... ഉള്ളിലൊരു കുഞ്ഞു സുന്ദരിയുടെ രൂപം മെനഞ്ഞു... കൈയ്കൾ അറിയാതെ തന്നെ വീർത്തിരിക്കുന്ന ഉദരത്തെ തലോടി... നേരിയത്തിന്റെ മറ നീക്കികൊണ്ട് കൈയ്കൾ ഉദരത്തെ പൊതിഞ്ഞു... ഇനിയൊരു നാലര മാസം കൂടി... അതുകഴിഞ്ഞാൽ ഇതുപോലെ ഞങ്ങളുടെ വാവയും... ആ ഓർമ പോലും അവളെ കുളിരണിയിപ്പിച്ചു... ന്റെ വാവ... ന്റെ അനന്ദൂന്റെ ജീവൻ... പുഞ്ചിരിച്ചുകൊണ്ടവൾ ഉദരത്തിൽ നോക്കിയിരുന്നു... പതിയെ തഴുകി... കുഞ്ഞിനോടെന്നപോലെ മനസ്സുകൊണ്ട് വിശേഷങ്ങൾ പങ്കുവച്ചു... " അമ്മേടെ കുഞ്ഞി വേഗം വാട്ടോ... അച്ഛ നോക്കിയിരിക്കാ... ന്റെ വാവേനെ.. സ്നേഹംകൊണ്ട് പൊതിയാൻ... നേരത്തെ വിളിച്ചപ്പോ കൂടി പറഞ്ഞേ ഉള്ളൂ... അച്ചേടെ പൊന്നിനെ ശ്രദ്ധിച്ചോളണേ ന്ന്... " അവളൊന്നു പുഞ്ചിരിച്ചു... താടിച്ചുഴി എത്തിനോക്കും പുഞ്ചിരി...

വാതിലിൽ ആരുടെയോ മുട്ട് കേട്ടതും മിത്തുമോളുമായി താഴെ മുറിയിലേക്ക് നടന്ന മധു എത്തി നോക്കി... " ഞാൻ നോക്കാം ഏട്ടത്തി... അവരാവും ചിലപ്പോ... " പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ധ്വനി പതിയെ എഴുന്നേറ്റു... വയറിനെ മറച്ചു മേൽമുണ്ട് വലിച്ചിട്ടുകൊണ്ട് വാതിൽ തുറന്നു... കണ്മുൻപിൽ കണ്ട ആളെ മനസ്സിലാവാതെ ഒരു നിമിഷം അവൾ നോക്കി നിന്നു... സുമുഖമായ ഒരു ചെറുപ്പക്കാരൻ... എന്നോ എപ്പോഴോ ഫോട്ടോ കണ്ടിട്ടുണ്ട്... " മാധവ്... " ആകാരണമായ ഭയം നിറയുന്നതിനൊപ്പം അപ്പുവിന്റെ സ്വരത്തിലായ് അവന്റെ പേരും ധ്വനിക്കുള്ളിൽ മുഴങ്ങി... നനഞ്ഞ നീളൻ മുടികളിൽ നിന്നും ഉറ്റുവീഴുന്ന വെള്ളത്തെ തട്ടിത്തെറിപ്പിച്ചുകൊണ്ടവൻ ധ്വനിയെ നോക്കി പുഞ്ചിരിച്ചു... നേരിയ ചുവപ്പ് പടർന്ന കണ്ണുകൾ അവളിൽ അലഞ്ഞു നടക്കുന്നത് കണ്ടതും അസ്വസ്ഥത തോന്നികൊണ്ടവൾ പുറകോട്ട് അല്പം നീങ്ങി നിന്നു... പിന്തിരിഞ്ഞുകൊണ്ട് മധുവിനെ നോക്കി... അപ്പോഴേക്കും അവർക്കടുത്തേയ്ക്ക് മധുവും എത്തിയിരുന്നു... " നീയോ... നീയെന്താ ഇവിടെ... അഭിയേട്ടൻ... ഈശ്വരാ... ഏട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും... നിനക്കെന്താ മാധവ്... നിങ്ങളോടൊക്കേം കൂടി അല്ലേ പറഞ്ഞേ എന്നെ തിരക്കി വന്നേക്കരുതെന്ന്... പിന്നേം എന്താ??.. " അവനെയവിടെ കണ്ടതിന്റെ ഞെട്ടൽ മധുവിന്റെ വാക്കുകളിൽ നിറയുമ്പോൾ ശബ്ദം ഉയർത്തികൊണ്ട് തന്നെയവൾ അവനോടു സംസാരിച്ചു...

മറുപടിയേതും പറയാതെ അവൻ പിന്നെയും ധ്വനിയിലേക്ക് തന്നെ കണ്ണുകൾ പായിച്ചു... ഒരു വശത്തേയ്ക്ക് ചുണ്ട് ചെരിച്ചുകൊണ്ടുള്ള അവന്റെ ചിരി പോലും ധ്വനിയിൽ അത്രമേൽ ഭയം നിറയ്ക്കുമ്പോൾ അവനെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ളിൽ മുഴങ്ങി... മധു ഓരോന്ന് പറഞ്ഞുകൊണ്ട് മടക്കി പറഞ്ഞയക്കാൻ ശ്രമിക്കുന്നുണ്ട് അവനെ... കരയുന്ന മിത്തുമോളെ കൊഞ്ചിച്ചുകൊണ്ട് ചേച്ചിയോട് സ്നേഹം പോലെ അവനും ഓരോ പരാതികളും പരിഭവങ്ങളും പറയുന്നുമുണ്ട്.. പക്ഷെ ഇടക്കുള്ള നോട്ടം... അത് ധ്വനിയിൽ പുഴുവരിക്കുന്ന അറപ്പ് ഉളവാക്കി... അവനിൽ നിന്നും രക്ഷപെടാൻ ധ്വനി അടുക്കളയിലോട്ട് നടന്നു... മഴ അതിന്റെ തീവ്രത ഓരോ നിമിഷവും വർധിപ്പിക്കുമ്പോൾ ഉള്ളിലെ ഭയവും അതുപോലെ കൂടി വരുന്നതായി തോന്നി അവൾക്ക്... ഇടക്കൊന്ന് അടുക്കള വാതിലിൽ വന്ന് ഉമ്മറത്തേയ്ക്ക് എത്തി നോക്കിയപ്പോൾ അയാളവിടെ നിന്ന് സംസാരിക്കുന്നുണ്ട്... പിന്നെയും അടുക്കളയിലേക്ക് തന്നെ ഉൾവലിഞ്ഞു... ചെറുതായി വേദന തോന്നിയ വയറിൽ തഴുകി... ഒന്നുല്ല്യാ... ഒന്നുല്ല്യാ... പേടിച്ചിട്ടാണ്... പേടിക്കണ്ട... ഒന്നുല്ല്യാ... ഒന്നുല്ല്യ വാവേ... പേടിക്കാൻ ഒന്നുല്ല്യാ... ആ പെണ്ണ് വെറുതെ സ്വയം സമാധാനപ്പെടുത്തിക്കൊണ്ടിരുന്നു... മനസ്സിലെ ഭയത്തെ മനപ്പൂർവ്വം മറന്നുകളയാൻ ഇല്ലാത്ത തിരക്കുകളിലേക്ക് ഊളിയിട്ടു... സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകി...

ചിന്തകളിൽ അനന്ദുവിനെയും അവരുടെ കുഞ്ഞിനേയും നിറച്ചു... പുഞ്ചിരിക്കാൻ ശ്രമിച്ചു... എപ്പോഴോ രൂക്ഷമായ എന്തോ ഗന്ധത്തോടൊപ്പം ആരുടെയോ സാമീപ്യം തിരിച്ചറിയുമ്പോഴേക്കും നഗ്നമായ വയറിലൂടെ ബലിഷ്ടമായ കൈയ്കൾ ഇഴഞ്ഞു വന്നിരുന്നു... തിരിഞ്ഞുനോക്കി നിലവിളിക്കും മുൻപേ തന്നെ ഒരു കൈയ് വയറിലും മറു കൈയ് വായിലുമായി പൊത്തിപിടിച്ചുകൊണ്ട് ആരോ ദേഹത്തേക്കമരുന്നതും അവൾ അറിഞ്ഞു... വീർത്തുനിൽക്കുന്ന വയറിൽ മുറുക്കെ പതിഞ്ഞിരിക്കുന്ന കയ്യെ ശക്തമായി വിടുവിച്ചുകൊണ്ടവൾ തന്നാൽ കഴിയും വിധം കുതറിമാറി നീങ്ങി നിൽക്കുമ്പോൾ ചോരചുവപ്പാർന്ന കണ്ണുകളാൽ തന്നെത്തന്നെ ഉഴിഞ്ഞുനോക്കി ചിരിക്കുന്നവനെയും കണ്ടു... ഒരു നിമിഷം ദേഹം തളരും പോലെ... വയറു വേദനിക്കുന്നു... ശബ്ദം പോലും നിലച്ച പോലെ... തോൽക്കരുത്... കുഞ്ഞ്... ന്റെ കുഞ്ഞ്... ന്റെ അനന്ദു... അവന്റെ ജീവൻ... ഉള്ളിനുള്ളിൽ അവൾ അലമുറയിട്ടു... തന്നിലേക്ക് അടുക്കുന്നവനെ തള്ളിമാറ്റി കരഞ്ഞു വിളിച്ചുകൊണ്ടവൾ അകത്തേയ്ക്ക് ഓടി.. തൊട്ടുപിന്നാലെ തന്നെ അവൻ വരുന്നുണ്ടെന്നറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അകത്തൊക്കെ മധുവിനെ തിരഞ്ഞു... ഉറക്കെ ഉറക്കെ കരഞ്ഞു വിളിച്ചു... മഴയുടെ സ്വരത്തിൽ ആരും കേൾക്കപോലും ചെയ്യാതവളുടെ സ്വരവും അലിഞ്ഞുപോയി... അടഞ്ഞുകിടക്കുന്ന താഴത്തെ മുറിയുടെ വാതിലിൽ തട്ടികൊണ്ടുള്ള ഒച്ച കേട്ടതും മധു അവിടെയുണ്ടെന്ന് ഉറപ്പിച്ചുകൊണ്ടവൾ അങ്ങോട്ട് നീങ്ങി...

അപ്പോഴേക്കും വയറിലൂടെ ചുട്ടിപിടിച്ചുകൊണ്ടവൻ ധ്വനിയെ പൊക്കിയുയർത്തിയിരുന്നു... അപ്പോഴും നേരിയ രീതിയിൽ മധുവിന്റെ ഒച്ചയും വാതിലിലുള്ള തട്ടലും കേൾക്കുന്നുണ്ട്... " ഒരുത്തി പോയാൽ അടുത്തത്... അത്രയേ ഉള്ളൂ... അടങ്ങി പോയേനെ ഞാൻ... എന്നെ വന്ന് തല്ലി കയ്യും കാലുമൊടിച്ചത് നിന്റെ കെട്ടിയോനും മറ്റവനും കൂടിയാ... അന്നേ ഉറപ്പിച്ചതാ മാധവ്... അവന്മാർ രണ്ടും ആശിച്ചു മോഹിച്ച് കൊണ്ടുനടക്കുന്ന നിന്നെ കട്ടെടുക്കണമെന്ന്... " വല്ലാത്തൊരു ഭാവത്തോടെ മാധവ് അട്ടഹസിച്ചുകൊണ്ട് പെണ്ണിനെ മുറുക്കെ ചുറ്റിവരിഞ്ഞു സോഫയിലേക്കെടുത്തിട്ടു... തടുക്കാൻ ശ്രമിച്ചുകൊണ്ട് കുതറി മാറുന്നവളുടെ മെൽമുണ്ടിൽ പിടിച്ചുവലിച്ചുകൊണ്ട് പറിച്ചെറിഞ്ഞു... " ഇതവനുള്ളതാ... നിന്റെ ഒന്നരാക്കലന്... " അവനെ തടുക്കാൻ ആവും വിധം ശ്രമിക്കുന്നവളുടെ കരണത്ത് വീശിയടിക്കുമ്പോൾ അവർ ഉറക്കെ അലറി... വയറ്റിൽ കുഞ്ഞുണ്ടെന്നും ഒന്നും ചെയ്യല്ലേയെന്നും പറഞ്ഞുകൊണ്ട് ആ പെണ്ണ് പിന്നെയും അവനെ തടഞ്ഞുകൊണ്ടിരുന്നു... ഉള്ളിലുള്ള അനന്ദുവിന്റെ ജീവൻ മാത്രമായിരുന്നു അവളുടെ ചിന്ത... മറുകരണത്തും കിട്ടിയ അടിക്കൊപ്പം വയറിൽ പതിഞ്ഞ അവന്റെ കാൽമുട്ടിന്റെ ബലത്തിൽ വേദനകൊണ്ട് പുളയുമ്പോൾ പതിയെ കണ്ണുകൾ അടഞ്ഞുപോവുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...

അടിവയറിൽ നിന്നും നട്ടെല്ലും തുളച്ചു കയറിക്കൊണ്ടൊരു മിന്നൽ പാഞ്ഞു... അപ്പോഴും കണ്ണിൽ തെളിഞ്ഞു നിന്നത് നുണക്കുഴി തെളിഞ്ഞു നിൽക്കുന്ന അവളുടെ പ്രാണന്റെ ചിരിയും മുഖമിനിയും വ്യക്തമല്ലാത്ത അവരുടെ കുഞ്ഞും ആയിരുന്നു... ***************** ഓട്ടോയിൽ വന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പതിവിലും വേഗത കാണിക്കുന്ന വലതുകാലിനെ അനന്ദുവൊന്നു നോക്കി... കൈയിലെ ചൂടുള്ള തട്ടുദോശയുടെ പൊതി മുറുക്കി പിടിച്ചു... എന്തോ ഉള്ളിലാകെ ഒരു അസ്വസ്ഥത നിറയുംപോലെ... അഭിയുടെ കൂടെ വീട്ടിലേക്കു കയറുമ്പോൾ മഴയുടെ സ്വരത്തെ വെല്ലുവിളിച്ചുകൊണ്ട് അകത്തുനിന്നും ഉയർന്നു കേട്ട നിലവിളിയിൽ ഇരുവരും ഒരു നിമിഷം നിശ്ചലരായി... അകത്തേയ്ക്ക് പാഞ്ഞുകയറിയ അനന്ദു തളംകെട്ടികിടക്കുന്ന രക്തം കണ്ട് അഭിയെ മുറുക്കെ പിടിച്ചു... രക്തത്തിനു നടുവിൽ കൊലുസ്സിട്ട വെളുത്ത കാലുകൾ കണ്ടതും അവനവിടെ തളർന്നിരുന്നുപോയിരുന്നു... കൈയിലെ പൊതി താഴെ വീണു... കണ്ണുകൾ നിറഞ്ഞു... ശ്വാസം ഒരു നിമിഷം നിലച്ചു.... ….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 30

 

Share this story