തോളോട് തോൾ ചേർന്ന്: ഭാഗം 10

തോളോട് തോൾ ചേർന്ന്: ഭാഗം 10

എഴുത്തുകാരി: ജിച്ചന്റെ കാവു

ഹരിയുടെ മുറിയിലെ കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന തന്റെ പ്രതിഭിംബത്തിൽ നോക്കിനിൽക്കുകയായിരുന്നു അപ്പു… വാടിതളർന്ന മുഖത്തെ ചമയമെന്നോണം ആകെയുണ്ടായിരുന്ന നെറ്റിയിലെ ചുവന്ന സിന്ദൂരവും കഴുത്തിൽ ചുറ്റി കിടക്കുന്ന താലിമാലയും അവളെ നോക്കി പരിഹസിക്കും പോലെ… ഒത്തിരി ആഗ്രഹിച്ചവന്റെ താലിയും സിന്ദൂരവും… അതിനു ഇന്നവളുടെ ചൊടികളിൽ നാണമോ പുഞ്ചിരിയോടെ വിരിയിക്കാനാവുന്നില്ല… വിറയലാർന്ന വിരലുകളോടെ നെറ്റിയിലെ സിന്ദൂരത്തിലൊന്നു തൊട്ട് നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു… താലി അണിയിച്ചു സിന്ദൂരം തൊടുവിക്കും നേരമുള്ള ഹരിയുടെ നിറഞ്ഞ കണ്ണുകളുടെ ഭാവം അവളെ ഇല്ലാതാകുന്നതായിരുന്നു… ഇന്നേരം വരെയുള്ള അവന്റെ അവഗണന പെണ്ണിനെ തോൽപ്പിക്കുകയായിരുന്നു… “അപ്പൂ…” തോളിൽ കൈയ് ചേർത്തുകൊണ്ടുള്ള ശ്രീമോളുടെ സ്വരം കെട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി… നിറക്കണ്ണുകളോടെ ശ്രീമോളെ ചുറ്റിപ്പിടിച്ചു നിൽക്കുമ്പോൾ അടക്കി വച്ചിരിക്കുന്ന സങ്കടങ്ങൾ എല്ലാം അണപ്പൊട്ടിയൊഴുകി…

” ന്നോട്… ന്നോട് ക്ഷമിക്കോ ശ്രീ…. എല്ലാർക്കും വെറുപ്പാവും ലേ… ഒരിക്കലും കല്യാണം മുടക്കണമെന്ന് കരുതീതല്ലടാ… നെഞ്ച് പൊട്ടിപോവുംന്ന് തോന്നീട്ടും മാറി നിന്നെ ഉള്ളൂ അപ്പു… എന്തോ… ഹരിയേട്ടനെ മണ്ഡപത്തിൽ കണ്ടപ്പോ ന്നെകൊണ്ട് സഹിക്കാൻ പറ്റീല ശ്രീ… കയ്യ്‌വിട്ടുപോയി… അടക്കി നിർത്താൻ നോക്കീട്ടും… ന്റെ മനസ്സ്… കയ്യ്‌വിട്ടുപോയി… ഞാൻ… മനപ്പൂർവം അല്ലടാ…. നിനക്കും ദേഷ്യാണോ ശ്രീ??.. ” കരച്ചിലിനിടയിലും വാക്കുകൾ കൂട്ടിപെറുക്കിക്കൊണ്ടുള്ള അപ്പുവിന്റെ സംസാരം ശ്രീയിലും നോവുണർത്തി… ഏങ്ങി കരയുന്ന പെണ്ണിന്റെ മുഖം പിടിച്ചുയർത്തി കൈവിരൽപാടുകൾ തിണർന്നു കിടക്കും കവിളിൽ തലോടി… ” ദേഷ്യം ഉണ്ടെടാ… നല്ലോണം… എത്ര തവണ പറഞ്ഞതാ അപ്പു ഹരിയേട്ടനോട് എല്ലാം പറയാമെന്നു… അന്നൊക്കെ എതിർത്തിട്ട് ഇപ്പോ…. അത് മാത്രോ… ധച്ചേച്ചി… അവർടെ അവസ്ഥ കണ്ടതല്ലേ നീ??… അനന്ദുവേട്ടന്റെയോ ചേച്ചിയുടെയോ ഇഷ്ടം നോക്കിയാണോ ഇന്നാ താലിക്കെട്ട് നടന്നത്???.. ധച്ചേച്ചിക്ക് സമ്മതാവും എന്ന് ഭാനുമ്മ പറഞ്ഞെങ്കിലും… എന്തോ… നീ കാരണം കല്യാണം മുടങ്ങിയ പെണ്ണിനെ നിന്റെ ഏട്ടൻ ഏറ്റെടുത്തു… അതല്ലേ നടന്നെ??..

ഇനിയവരുടെ ലൈഫ് എന്താവും??.. ന്റെ ഏട്ടനും അച്ഛനുമൊക്കെ എല്ലാവരുടെയും മുൻപിൽ നാണംകെട്ടില്ലേ… നിന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാതെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഹരിയേട്ടന്റെ പ്രണയമല്ലേ നഷ്ടമായത്… അതും കയ്യെത്തും ദൂരത്തുനിന്ന്… നിക്കറിയില്ലടാ… ഒക്കേം ഓർക്കുമ്പോ നിന്നോട് ദേഷ്യം തോന്നാ… ന്നാലും ന്റെ അപ്പൂന്റെ സങ്കടം കണ്ട്നിക്കാനും പറ്റണില്ല… പോട്ടെ… കഴിഞ്ഞില്ലേ… എല്ലാം ശരിയാവുമെന്ന് കരുതാം… ” നിറഞ്ഞൊഴുകുന്ന അപ്പുവിന്റെ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ശ്രീ പറയുമ്പോൾ പ്രണയം കാരണം അന്ധമായി പോയ നിമിഷങ്ങളിലൂടെ പിന്നെയും സഞ്ചരിക്കുകയായിരുന്നു അപ്പു… ” സാരല്ല്യ… പതിയെ ആണേലും എല്ലാരും മാറിക്കോളും… ഹരിയേട്ടനും… ഇപ്പൊ നീ കുളിച്ചൊന്നു ഫ്രഷ് ആവൂ അപ്പു… എന്തൊരു കോലാ ഇത്… ചെല്ല്… ” കവിളിൽ സ്നേഹത്തോടെയുള്ള ശ്രീയുടെ തട്ടൽ വലിയൊരു ആശ്വാസമായി മാറുകയായിരുന്നു ആ പെണ്ണിന്… എല്ലാം ശരിയാവും എന്നുള്ള അവളുടെ വാക്കുകൾ ഉള്ളിൽ പറഞ്ഞുകൊണ്ടിരുന്നു… ആധികളെ മറയ്ക്കാൻ ശ്രമിച്ചു…

തന്നോടൊന്നും മിണ്ടാതെ മുഖത്തേക്കുപോലും നോക്കാൻ തുനിയാതെ അകത്തും അടുക്കളയിലുമായി ഏന്തി വലിഞ്ഞു നടന്നുകൊണ്ട് ഓരോന്ന് ചെയ്യുന്ന അനന്ദുവിനെ തന്നെ ധ്വനി ഒരു നിമിഷം നോക്കി നിന്നു… അവളിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്ന മുഖത്തെ ഭാവങ്ങൾ തിരഞ്ഞു കാണാൻ കൊതിയേറി പെണ്ണിന്… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… മാറ്റാരുമില്ലാത്ത ആ വലിയ വീട്ടിൽ അവനും അവളും നിശബ്ദതയും ബാക്കി നിൽക്കെ എപ്പോഴോ അവന്റെ കണ്ണുകളും പെണ്ണിനെ തിരഞ്ഞെത്തിയിരുന്നു… എങ്കിലും മൗനത്തെ കൂട്ടുപിടിച്ചുകൊണ്ടവർ ഇരു ധ്രുവങ്ങളിലെന്നപോലെ തുടർന്നു… ചുവരിലെ മാലയിട്ടുവച്ചിരിക്കുന്ന അനന്ദുവിന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി ധ്വനി നിൽക്കുമ്പോൾ മനസ്സാൽ അമ്മയുടെ അനുഗ്രഹം തേടുകയായിരുന്നവൾ… അതിനൊപ്പം നന്ദി പറയുകയായിരുന്നു ആ അമ്മയോട്… വേദനിപ്പിക്കുന്നവരെ വരെ പുഞ്ചിരിയാൽ ചേർത്തുനിർത്താൻ ശ്രമിക്കുന്ന ഇങ്ങനെയൊരു മകന് ജന്മം നൽകിയതിൽ… ” ടീച്ചറൊരു ഊരക്കുടുക്കിലാട്ടോ പെട്ടിരിക്കുന്നത്… ന്റെ നശിച്ച ജന്മമാ ടീച്ചറേ… അച്ഛൻ പറയുംപോലെ…” തൊട്ടടുത്തായി വന്നുനിന്നവൻ അമ്മയുടെ ഫോട്ടോയിൽ കണ്ണെറിഞ്ഞുകൊണ്ട് തന്നെ അവളോടായി പറയുമ്പോൾ വാക്കുകളിൽ ഒളിപ്പിച്ചിരിക്കുന്ന വേദന അവളും തിരിച്ചറിഞ്ഞിരുന്നു…

” ഒത്തിരി ആഗ്രഹിച്ചതാ ഞാനീ ജീവിതം… ഒടുക്കം കയ്യ്‌വിട്ടുപോയെന്നുകരുതി… നെഞ്ച് പിടയുംനേരം തിരിച്ചു കിട്ടീതാ നിക്ക്… സ്വപ്നല്ല ന്ന് ഇപ്പോഴും വിശ്വാസം ആയിട്ടില്ല… ഊരാകുടുക്കല്ല ന്റെ പ്രാണനാണെന്ന് അമ്മയൊന്നു മോന് പറഞ്ഞുകൊടുക്കണേ… ” അമ്മയുടെ മുഖത്തു നിന്നും കണ്ണുകൾ ചലിപ്പിക്കാതവൾ പറയുമ്പോൾ വിടർന്ന അവന്റെ കണ്ണുകൾ ഒരുവേള എന്തിനോ കൊതിച്ചു.. ” ന്ത്‌ കണ്ടിട്ടാ ടീച്ചറെ… സഹതാപമാണോ ” കണ്ണുകളിലെ തെളിച്ചം മങ്ങുംനേരം അവളിലേക്ക് മുഖം ചരിച്ചുകൊണ്ടവൻ ചോദിച്ചിരുന്നു.. ” അല്ല… സ്നേഹമാണ്… ഇന്നലെ കളി പറഞ്ഞതല്ല ധ്വനി… നിക്ക് ഇഷ്ടാണ്… നിങ്ങളെ… നിങ്ങളുടെ സ്വരത്തെ…നിങ്ങളുടെ പുഞ്ചിരിയെ…കണ്ണുകളെ… ഈ കാലുകളെ… എല്ലാമെല്ലാം…” അവന്റെ കണ്ണുകളുടെ ആഴത്തിൽ മുങ്ങിക്കൊണ്ട് പെണ്ണ് തന്നിലേതുപോലുള്ള പ്രണയം ചികഞ്ഞു… ” കാലുകളെ… ” അവനൊന്നു ഏറ്റു പറഞ്ഞ് ചിരിച്ചു… ” നിക്ക് ആരുടേം സഹതാപം നിറച്ച സ്നേഹം വേണ്ട ടീച്ചറേ… എല്ലാരേംപോലെ ന്നെ ഒരു സാധാ മനുഷ്യനായി കാണാൻ പറ്റുവോ… ഇല്ലാ.. ആർക്കും പറ്റില്ല… ഇപ്പൊ ഈ കാലുകളെ പ്രേതേകിച്ചെടുത്തുപറഞ്ഞതുപോലും അനന്ദുവിന്റെ കാലിന് വിശേഷണം അർഹിക്കുന്നോണ്ടല്ലേ… ഇതും സഹതാപമാണെനിക്ക്…

” അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചുകൊണ്ട് വലതുകാൽ പൊക്കി നീട്ടി വലിച്ചുവച്ചു നടന്നവൻ പറയുമ്പോൾ അവന്റെ നോട്ടം സ്വന്തം കാലുകളിൽ തന്നെയായിരുന്നു… ” അനന്ദുവിനങ്ങനെയാണോ തോന്നുന്നത്?? ” പുറകിൽ നിന്നും പെണ്ണിന്റെ വേദനയുടെ സ്വരം… അനന്ദു ഒന്ന് നിന്നു… മറുപടിയേതും പറയാതെ… ” ധ്വനിക്ക് അനന്ദുവിനെ കൂടാതെ ഒരു ജീവിതമിനി ഇല്ല… ന്നേലും ഇയാൾക്കും അങ്ങനെ തോന്നും… ധ്വനിയെ കൂടാതെ ജീവിക്കാനാവില്ലെന്നു… നിക്കറിയാം… അത്രേം ആത്മാർത്ഥമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നോണ്ട ഇന്നീ താലി എനിക്ക് കിട്ടിയത്… അല്ലെലിപ്പോ ഹരിമാഷ്ടെ കൂടെ ജീവച്ഛവമായൊരു ധ്വനിയെ കാണായിരുന്നു… ” അനന്ദുവിനെ മുൻപിലേക്ക് ചെന്ന് നിന്ന് വലതുകയ്യാൽ താലിയുയർത്തിപിടിച്ചു അവൾ പറയുമ്പോൾ ആ കണ്ണുകളിൽ തളയ്ക്കപെടുകയായിരുന്നു അനന്ദു… പിൻവലിക്കാനാവാത്ത വിധം കാന്തിക ശക്തിയിലവ അവനെ അടുപ്പിച്ചുകൊണ്ടിരുന്നു… ” സഹതാപമല്ലനിക്ക് എന്ന് തോന്നും നേരം സ്നേഹിക്കാമോ ന്നെ…” പ്രേതീക്ഷയോടെ അവനെ നോക്കി ചോദിക്കുന്ന പെണ്ണിന്റെ നക്ഷത്രകണ്ണുകളിൽ ആദ്യമായവൻ പ്രണയത്തിളക്കം കാണുകയായിരുന്നപ്പോൾ… അവനു വേണ്ടി മാത്രം ഉദിച്ചൊരു പൊൻ തിളക്കം…

അടുക്കളവാതിലിൽ ചെന്നെത്തി നിന്നുകൊണ്ട് അപ്പു അകത്തേക്കു നോക്കി… രാത്രിയിലെ ഭക്ഷണം തയ്യാറാക്കുന്ന രമയെ കണ്ടതും അടുത്തു ചെല്ലാൻ ഉള്ളിൽ തോന്നുമ്പോഴും കുറ്റബോധം അത് വിലക്കി… സ്വന്തം അമ്മയെ പോലെ സ്നേഹം തന്ന സ്ത്രീയെ ഇത്തരത്തിൽ നോവിക്കേണ്ടി വന്നതിൽ സ്വയം പഴിച്ചുകൊണ്ടവൾ അവർക്കടുത്തേയ്ക്കുനടന്നു… ” രമയമ്മേ… ” പതിയെ വിളിക്കുമ്പോൾ അവരുടെ പ്രതികരണം എപ്പ്രകാരമാവുമെന്നുള്ള ഭയവും അവളിലുണ്ടായിരുന്നു… അവരൊന്നും തിരിഞ്ഞുകൊണ്ടവളെ നോക്കി തന്റെ പണികളിലേക്ക് പിന്നെയും കടന്നു… അവഗണന കാണെ ഉള്ളം പിടയുകയായിരുന്നു പെണ്ണിന്… “ന്നോട്… ന്നോട് ദേഷ്യാണോ രമയമ്മക്ക്??..” വാക്കുകളിൽ നോവിന്റെ വിറയൽ വെളിവാകുമ്പോൾ രമ ചെയ്യുന്ന പണി നിർത്തിവെച്ചുകൊണ്ട് അവളിലേക്ക് തിരിഞ്ഞു നിന്നു… പെണ്ണിന്റെ മുഖം കുനിഞ്ഞു പോയിരുന്നു… ” ആരേം.. ആരേം ചതിക്കണമെന്ന് കരുതിയതല്ല… നിക്ക്… അത്രേം പറ്റാതായപ്പോ…. കൊറേ നോക്കീതാ… മറന്നുകളയാൻ…. ന്റെ അല്ലെന്നു ഉള്ളിനെ പറഞ്ഞ് പഠിപ്പിക്കാൻ… ചിരിച്ചുകൊണ്ട് ഉള്ളിൽ കരയാൻ…. ഹരിയേട്ടൻ മണ്ഡപത്തിൽ നിൽക്കും വരെയേ അതിനൊക്കെ ആയുസുണ്ടായുള്ളൂ… ഞാനപ്പോ മരിച്ചുപോവുംപോലെ തോന്നീട്ടാ… ശ്വാസം വിലങ്ങിയോണ്ടാ അമ്മേ…

” ഇടർച്ചയോടെ അത്രേം പറഞ്ഞെത്തിയപ്പോഴേക്കും പെണ്ണൊന്നു ഏങ്ങിപോയിരുന്നു… തന്റെ മുൻപിൽ കുമ്പിട്ടുനിന്നുകൊണ്ട് വേദനയോടെ പറയുന്നവളെ രമ നെഞ്ചോരം ചേർത്തു പിടിച്ചു… ” വെറുക്കല്ലേ അമ്മേ… നിക്ക് ഹരിയേട്ടനെ കൂടാതെ പറ്റില്ലെന്ന് ആ നിമിഷാ മനസ്സിലായെ… അറിയാതെ ഇഷ്ടപ്പെട്ടു… പോയതാ… ബോധോം… ബുദ്ധീം….. ഉറയ്ക്കാത്ത കാലം തൊട്ട്… പക്ഷെ പറയാൻ പറ്റീല… നിങ്ങളെ ഒക്കെ നാണംകെടുത്തിക്കൊണ്ട് ഒരു ജീവിതം അപ്പു മോഹിച്ചിട്ടല്ല… ന്നെക്കൊണ്ട്… പറ്റീല… അന്നേരം… അങ്ങനെ… അങ്ങനെയൊക്കെ ചെയ്യാനാ തോന്നീത്… മനസ്സ് കയ്യ്‌വിട്ട്പോയോണ്ടാ… ദേഷ്യാവല്ലേ… ” അമ്മയുടെ നെഞ്ചോരം ചേർന്ന് ഇറുക്കെ പുണർന്നുകൊണ്ട് ഏങ്ങലുകൾക്കിടയിലും അവൾ പറഞ്ഞുകൊണ്ടിരുന്നു… ഉള്ളിലെ വേദനയ്ക്കാഴം കുറയ്ക്കാൻ ശ്രമിച്ചു… ആ അമ്മയുടെ കൈയ്കളും എപ്പോഴോ അവളെ ചേർത്തുപിടിച്ചു തലോടാൻ തുടങ്ങിയിരുന്നു… ” അപ്പൂ… മോള് ഇങ്ങനെ കരയാതെ… എല്ലാർക്കും വിഷമായെന്നുള്ളത് നേരാ കുഞ്ഞേ… നിന്നേം ശ്രീമോളെ പോലെ അല്ലേ ഞങ്ങളൊക്കെ കണ്ടിട്ടുള്ളൂ… ആ മോൾടെന്ന് ഇങ്ങനെ…. ആരും പ്രേതീക്ഷിക്കുന്നില്ലല്ലോ…. സ്നേഹിക്കുന്നതിൽ തെറ്റില്ല അപ്പു… പക്ഷെ മോൾക്കത് മുൻപേ പറയാമായിരുന്നു… അമ്മയോടെങ്കിലും…

എന്നാ ഇന്നവിടെ അങ്ങനെയൊന്നു നടക്കില്ലായിരുന്നു… എന്നോ എപ്പോഴോ ഞാനും ആഗ്രഹിച്ചതാ നിന്റെ ന്റെ നന്ദന്റെ പെണ്ണായിട്ട്…. പക്ഷെ അവനു നീയും ശ്രീയെ പോലെ ആണെന്ന് തോന്നിയതുകൊണ്ടാ അമ്മ മോഹം ഉപേക്ഷിച്ചത്… ഇനിപ്പോ പോട്ടെ… ഒക്കേം ഇങ്ങനെയാവനാവും വിധി… ന്റെ നന്ദന് നിന്നെയാവും ദൈവം കണ്ടുവച്ചിരുന്നത്… ഒന്നും ഓർത്ത് വേദനിക്കണ്ടാട്ടോ മോള്… എല്ലാം കഴിഞ്ഞില്ലേ… ഇനി ന്റെ മോളായി… നന്ദന്റെ പെണ്ണായി അപ്പു എന്നും കാണണം…. ” സ്നേഹത്തോടെയുള്ള അമ്മയുടെ വാക്കുകൾ അവളുടെ ഉള്ളിലെ തീകനലിലേക്കെത്തിയ മഴ പോലെയായായിരുന്നു… നോവിച്ചിട്ടും സ്നേഹത്തോടെ ചേർത്തുപിടിക്കുന്നൊരമ്മ… അവളവരെ ഇറുക്കെ പുണർന്നുകൊണ്ട് നിന്നു… ” അമ്മേ… ഹരിയേട്ടൻ.. ഏട്ടനെന്നെ… ” ഹരിയുടെ മുഖം ഉള്ളിൽ തെളിഞ്ഞതും വാക്കുകളിൽ പിന്നെയും വിറയൽ കടന്നു… പറയാനുളള്ളത് മുഴുവപ്പിക്കാനാവാതെ അവളുടെ മുഖം കുനിഞ്ഞു… ” നന്ദൻ പാവാ മോളെ… നിനക്കറിഞ്ഞൂടെ അവനെ… ഇപ്പൊ… ഇപ്പൊ ന്റെ മോന് ദേഷ്യോം സങ്കടോമൊക്കെ കാണും… അതൊക്കെ മാറിക്കോളും… നിന്റെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ലവന്… ഒക്കേം ശരിയായിക്കോളും…” അമ്മയുടെ കൈയ്കൾ അവളുടെ തലമുടികളിൽ തഴുകുമ്പോൾ വാക്കുകൾ വിങ്ങുന്ന ഹൃദയത്തെ തലോടുകയായിരുന്നു… പിന്നെയും ഇരുവരും സംസാരിച്ചു… ഒരു കൊച്ചു കുഞ്ഞെന്ന പോലെ അവളമ്മയുടെ മാറിൽ പതുങ്ങി…

ആദ്യമായനുഭവിക്കുന്ന അമ്മയുടെ ചൂടിൽ വേദനകളെല്ലാം മറന്നു… രാത്രിയിലെ ഭക്ഷണസമയത്തു അമ്മയവളെ നിർബന്ധപൂർവം എല്ലാവർക്കൊപ്പവും കൊണ്ടിരുത്തി… മുഖം കുനിച്ചുകൊണ്ട് പെണ്ണ് എന്തൊക്കെയോ കഴിച്ചെന്നു വരുത്തുമ്പോഴും എതിർവശത്തിരിക്കുന്ന ഹരിയുടെ ഓരോ അനക്കങ്ങളിലുമായിരുന്നു ശ്രദ്ധ… അറിയാതെപോലും ഒരു നോട്ടം തന്റെ നേർക്ക് ഉണ്ടാവില്ലെന്നു അറിഞ്ഞിട്ടും എന്തിനോ… എന്തിനോ അവളുടെ ഉള്ളം കൊതിച്ചു… ഊണുമേശയിലെ നിശബ്ദത എല്ലാവരുടെയും മനസ്സിന്റെ വിങ്ങൽ വിളിച്ചോതുമ്പോൾ വിരലോടിച്ചുകൊണ്ടിരുന്ന ഭക്ഷണം അവസാനിപ്പിച്ചുകൊണ്ടവൾ എഴുന്നേറ്റു… ” ഇവിടെ ആരും ഭക്ഷണം വേസ്റ്റ് ആക്കാറില്ല അർപ്പിത…. കഴിക്കാതെ എഴുന്നേറ്റുപോയാൽ പിന്നാലെ കൊണ്ടന്നു വാരി തരാൻ അനന്ദുവും ഇല്ല ഇവിടെ… അല്ലേലും അവനെയൊക്കെ നീ ഓർക്കുന്നോ??.. അവനെയെങ്കിലും ഓർത്തിരുന്നേൽ നീ ഇങ്ങനെ…” ” നന്ദാ… മതി… അവൾ കഴിച്ചോളും… കഴിഞ്ഞതിനെപ്പറ്റി ഇനിയൊരു സംസാരമിവിടെ വേണ്ട… എല്ലാവരോടും കൂടിയാ… ” എഴുന്നേൽക്കാൻ തുടങ്ങിയ അപ്പുവിനോട് മുഖത്തേയ്ക്ക് നോക്കാതെ തന്നെ ദേഷ്യത്തിൽ സംസാരിക്കുന്ന ഹരിനന്ദനെ കൃഷ്ണൻ തടഞ്ഞു…

അച്ഛന്റെ വാക്കുകളെ ബഹുമാനിച്ചുകൊണ്ടവൻ നിശബ്ദമായിരിക്കുമ്പോൾ നിറഞ്ഞ കണ്ണുകളെ തുടച്ചുകൊണ്ട് ആർക്കോ വേണ്ടിയെന്നപോലെ ഭക്ഷണം വാരി കഴിച്ചെഴുന്നേറ്റിരുന്നു അപ്പു… അപ്പോൾ പോലും ആ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യം പെണ്ണിനുണ്ടായിരുന്നില്ല… രാത്രിയിൽ ഇടറുന്ന കാലടികളോടെ ഹരിയുടെ മുറിയിലേക്ക് നടക്കുമ്പോഴും തളർന്നുപോവുന്നുണ്ടായിരുന്നവൾ… ശ്രീമോളുടെ കൈയിൽ ഇറുക്കി പിടിച്ചുകൊണ്ട് ഉള്ളിലെ സംഘർഷം പ്രകടിപ്പിക്കുമ്പോൾ ഇരു കണ്ണുകളുമടച്ചുകൊണ്ട് ശ്രീ സമാധാനിപ്പിച്ചു… ചാരി ഇട്ടിരുന്ന വാതിലിൽ തുറന്ന് അകത്തേക്ക് കടന്നതും കട്ടിലിലായി ഇരിക്കുന്ന ഹരിയേ കണ്ടവൾ നിശ്ചലയായി നിന്നുപോയി… മുറിയിലേക്കെത്തിയ അപ്പുവിനെ തന്നെ നോക്കികാണുകയായിരുന്നു ഹരി… ഭയത്തോടെ ദാവണി പാവാടയിൽ ഇരുകയ്കളും മുറുക്കെ പിടിച്ചിരിക്കുന്ന പെണ്ണിന്റെ കണ്ണുകളുടെ പിടപ്പും അധരത്തിന്റെ വിറയലും ഒരു നിമിഷം നോക്കി നിന്നുപോയവൻ… കണ്ണുകൾ പെണ്ണിന്റെ കവിളിൽ എത്തിയതും ചുവന്നു തിണർത്തുകിടക്കുന്ന കൈവിരൽപാടുകളും കണ്ടു… മണിക്കൂറുകൾ പുറകിലോട്ട് ഓർമ്മകൾ പോയി… മുഖം വലിഞ്ഞു… ദേഷ്യമേറി… ” ഇന്നുതന്നെ വേണമായിരുന്നോ അപ്പു???.. എല്ലാവരുടെയും മുൻപിൽ വച്ച്… ആ മണ്ഡപത്തിൽ എത്തി നിൽക്കെ ആണോ നിനക്കെന്നോടുള്ള സ്നേഹം കൂടിയത്??.. സങ്കടപ്പെട്ട് നടക്കുന്നത് കണ്ട് എത്ര വട്ടം വന്നു ചോദിച്ചിട്ടുണ്ട് ഞാൻ???.. ഒരു വട്ടം… ഒരു വട്ടമെങ്കിലും പറഞ്ഞൂടായിരുന്നോ???…

ഇവിടേം വരെ കാര്യങ്ങൾ എത്തിക്കണമായിരുന്നോ നിനക്ക്?? എത്ര പേരാ നീ കാരണം ഇന്നവിടെ കരയേണ്ടി വന്നത്??.. എത്ര പേരുടെ ഹൃദയം നോവിച്ചുകൊണ്ടാ നീ ഈ താലി സ്വന്തമാക്കിയത്???.. ആരേംനോക്കേണ്ട… നിന്റെ കുഞ്ഞേട്ടൻ… അവനവിടെ നിന്നെ പിന്തിരിക്കാൻ കാണിച്ചുകൂട്ടുന്നത് കണ്ടോ നീയ്??.. ആ കാലും വച്ച്… മോളെപോലെയല്ലെടി നിന്നെ കൊണ്ടുനടന്നിരുന്നേ… അവനോടെങ്കിലും പറഞ്ഞിരുന്നോ നീയ്??… ” അപ്പുവിനടുത്തേയ്ക്ക് പാഞ്ഞുവന്നുകൊണ്ട് ഹരി ചോദിക്കുമ്പോൾ മറുപടിയേതും പറയാനാവാതവൾ നിന്നുപോയി… അവന്റെ ഓരോ ചോദ്യവും കൂരമ്പ് കണക്കെ പെണ്ണിന്റെ ഉള്ളിൽ തളച്ചു… ” ഒരു പെണ്ണിന്റെ ജീവിതം വച്ചല്ലേ നീ കളിച്ചേ??.. അവളുടെ കാര്യം ഓർത്തോ നീ??… നിന്റെ ഏട്ടൻ കെട്ടിയ താലിയോട് അവൾക്കുള്ള വികാരമെന്താണെന്ന് അറിയോ ആർക്കേലും???.. പൊരുത്തപ്പെടാനാവോ അവർക്ക്??.. ” ഇരുകായ്യാലെയും സ്വന്തം മുടി പുറകിലോട്ട് കോന്തി വലിച്ചുപിടിച്ചുകൊണ്ട് സംസാരിക്കുന്ന ഹരിയുടെ വേദന നോക്കിക്കാണുകയായിരുന്നു അപ്പു… ധ്വനിയുടെ കാര്യത്തിൽ അവനിപ്പോഴുമുള്ള ആധി അവളെ കൂടുതൽ നോവിക്കുകയായിരുന്നു… ” ധച്ചേച്ചിയോട് തന്നെയാണോ ഇപ്പോഴും ഇഷ്ടം??..”

അവളെറിയാതെ തന്നെയാ ചോദ്യം ഉയരുമ്പോൾ ഒരു നിമിഷം മൗനമായി നിന്നവൻ പെണ്ണിന്റെ മുഖത്തെ ഭാവങ്ങൾ നോക്കികണ്ടു… ” എനിക്കവളെ ഇഷ്ടമായിരുന്നു അപ്പു.. ഇഷ്ടമാണ് ഇപ്പോഴും… അതിനേക്കാൾ ആരാധനയാണ്.. അവളുടെ സ്വഭാവത്തിനോട്… എന്നിട്ടും.. എന്നിട്ടും നിന്നെ ഞാൻ താലികെട്ടിയത് നിന്റെ ഈ സങ്കടം കാണാനെനിക് പറ്റാത്തതുകൊണ്ടാ… ഈ കണ്ണുനീരെന്നെ പൊള്ളിച്ചതോണ്ടാ… നീയെന്റെ ആരൊക്കെയോ ആണെന്ന്…” ” ന്നെ.. ന്നെ ഇഷ്ടാണോ അപ്പൊ ഹരിയേട്ടന്…” പരിഭവം നിറഞ്ഞ പെണ്ണിന്റെ മുഖത്തുനോക്കി ഹരി സംസാരിക്കൊണ്ടിരിക്കെ അവ വിടർന്നിരുന്നു… അവനെ മുഴുവൻ പറയാൻ സമ്മതിക്കാതെ ആകാംഷയോടെ ചോദിക്കുമ്പോഴും പെണ്ണിന്റെ കണ്ണുകൾ തുളുമ്പുകയായിരുന്നു… പെട്ടന്ന് കേട്ട അവളുടെ ചോദ്യത്തിനു അവന്റെ മനസ്സിനെ ഉലയ്ക്കാൻ ശേഷിയുണ്ടായിരുന്നു… ” അപ്പു ചെല്ല്… ശ്രീയുടെ മുറിയിൽ കിടന്നോ… എനിക്ക്.. എനിക്ക് അല്പം സമയം വേണം… പ്ലീസ്…” മറ്റൊന്നും പറയാനാവാതെ വാതിലിലേക്ക് കൈയ് നീട്ടി ഹരി പറഞ്ഞ് നിർത്തിയത് അവന്റെ ഉള്ളിലും അതെ ചോദ്യം നിലനിൽക്കുന്നത് കൊണ്ടുംകൂടെയാണ്… അവനെയൊന്നു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അപ്പു മുറിവിട്ടറങ്ങി ശ്രീമോളുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുമാറ്റികൊണ്ടിരുന്നു…

അനന്ദുവിന്റെ മുറിയാകമാനം ധ്വനി കണ്ണോടിക്കുമ്പോഴും എന്തോ വല്ലാത്തൊരു കുളിരുവന്നു പൊതിയുംപോലെ തോന്നി പെണ്ണിന്… ആവേശത്തോടെ കണ്ണുകൾ അടഞ്ഞുകിടക്കും ജനാലക്കരികിലെത്തിയതും അറിയാതെ തന്നെയവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നിരുന്നു… ജനലിനോട് ചേർന്ന് കിടക്കും മേശയിലും അതിൽ അടക്കി വച്ചിരിക്കും പുസ്തകങ്ങളിലുമെല്ലാം കൊതിയോടെ പെണ്ണ് വിരലോടിച്ചു… അവളുടെ താടിച്ചുഴിയൊന്നു തെളിഞ്ഞു… അടഞ്ഞ ജനാലകൾ തുറന്നിട്ടുകൊണ്ട് ഒരിക്കലും അടയ്ക്കാത്ത തന്റെ മുറിയിലെ ജനാലയിൽ നോട്ടമെറിഞ്ഞു… അനന്ദുവിന്റെ മൃദു സ്വരത്തിലെ ഗാനം ഉള്ളിൽ അലയടിച്ചു… അവന്റെ മുറിയിലെ ജനൽകമ്പികളിൽ പിടിച്ചുകൊണ്ടവൾ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി… പതിവിലും ശോഭയിൽ അവയെല്ലാം തങ്ങളുടെ അനുഗ്രഹം വർഷിക്കും പോലെ… അതെ ശോഭ പെണ്ണിന്റെ നക്ഷത്രകണ്ണുകളിലും വന്നു ചേർന്നു… ” ടീച്ചർ കിടന്നില്ലേ… ” പുറകിൽ പ്രിയപെട്ടവന്റെ സ്വരം… അതവളുടെ ഹൃദയത്തിലേക്കിറങ്ങി ചെല്ലുകയായിരുന്നു… ശരീരത്തിലാകമാനം കുളിര് നിറഞ്ഞു… മുഖത്തെ വെപ്രാളം മറച്ചു പിടിച്ചുകൊണ്ടവൾ പിന്തിരിഞ്ഞു… ഇല്ല എന്ന് വെറുതെ തലയനക്കി… അവന്റെ മുഖത്തെ പുഞ്ചിരിയിലൂടെ ഉള്ളിലേക്കിറങ്ങി ചെല്ലുവാൻ തോന്നി… അത്രമേൽ മനോഹരമായ പുഞ്ചിരി… പെണ്ണിന്റെ കണ്ണുകളെ പിടിച്ചെടുത്തു… ” കിടന്നോളൂ… ഞാൻ ലേറ്റ് ആവും… ”

പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൻ മേശയ്ക്കരുകിലേക്ക് നടക്കവേ ധ്വനി കട്ടിലിനടുത്തേക്ക് ചെന്ന് നിന്നു… മേശയിലെ പുസ്തകങ്ങളിൽ വിരലോടിച്ചു അവയിൽ ഒന്ന് എടുക്കുന്നവനെ നോക്കികൊണ്ട് തന്നെ പതിയെ കട്ടിലിൽ കിടന്നു… ” നിക്കറിയാം അനന്ദു… ഇനി നിങ്ങളാ പുസ്തങ്ങൾ ഒന്നിൽ എന്തൊക്കെയോ എഴുതിക്കൂട്ടും… കുറെ നേരം കസേരയിൽ ചാരി കിടന്നാലോചിക്കും… പിന്നെയും എഴുതും… പിന്നെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കണ്ണുചിമ്മും… പുഞ്ചിരിക്കും… ആ പുഞ്ചിരിയിൽ നിക്ക് എന്നെ തന്നെ നഷ്ടപ്പെടും… പിന്നെ… പിന്നെ പാടും… ന്റെ സിരകളിലൂടെ പടർന്നു കയറാൻ കഴിവുള്ള സ്വരത്താൽ… അങ്ങനെയല്ലേ… അങ്ങനെയല്ലേ നിങ്ങൾ ഈ പെണ്ണിന്റെ പ്രാണനായി തീർന്നത്… ” മൗനമായ് അവനോട് മൊഴിഞ്ഞുകൊണ്ടവൾ അവനിൽ തന്നെ കണ്ണുകളെ പതിപ്പിച്ചു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കൊപ്പം പെണ്ണിന്റെ താടിച്ചുഴി തെളിഞ്ഞുവന്നു…………..  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 9

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story