തോളോട് തോൾ ചേർന്ന്: ഭാഗം 21

തോളോട് തോൾ ചേർന്ന്: ഭാഗം 21

എഴുത്തുകാരി: ജിച്ചന്റെ കാവു

അച്ഛന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു മാറ്റവും കൂടാതെ രണ്ട് ദിവസങ്ങൾ കൂടെ പോകെ ഒരു വീട്ടിൽ ഇരു ദ്രുവങ്ങളിൽ അവർ തുടർന്നു… മനപ്പൂർവം നോവിപ്പിക്കുന്ന അയാളുടെ വാക്കുകളെ മുറിവേൽപ്പിക്കാൻ അനുവദികാതെ തരണം ചെയ്യാൻ അനന്ദു പരിശ്രമിച്ചുകൊണ്ടിരുന്നു… മൗനവും കണ്ണുകൾ കയ്യ്മാറിയ രഹസ്യങ്ങളും കടന്ന് പ്രണയം ചെറു മുത്തങ്ങളിൽ എത്തി നിന്നു… അവളവന്റെ ദേവയും അവനവളുടെ നന്ദനുമായി പ്രണയം പകർന്നു… സ്വപ്‌നങ്ങൾ നെയ്തു… *****************

നേരിട്ട് കാണുമ്പോൾ ഉള്ളതല്ലാതെ സംസാരങ്ങൾ ഭരതിനും ദേവൂട്ടിക്കും ഇടയിൽ വിരളമായിരുന്നു… അവളുടെ പഠനത്തെ പ്രണയം പ്രതികൂലമായി ബാധിക്കരുതെന്നുള്ളത് ഭരതിന്റെ നിർബന്ധം ആയതിനാൽ തന്നെ അവളും ആഴ്ചയിൽ ഒരിക്കെ ഉള്ള കൂടികാഴ്ചയിൽ മാത്രം പരസ്പരമുള്ള സംസാരം ഒതുക്കി… എന്നിരുന്നാലും ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളെയും മനസ്സിലിട്ട് താലോലിച്ചുകൊണ്ട് ഇരുവരും ദിവസങ്ങൾ തള്ളിനീക്കി… വീക്കെന്റ് ആയതും അതുവരെ അടക്കി നിർത്താൻ പാടുപെട്ടിരുന്ന പെണ്ണിനെ കാണാനുള്ള കൊതിയെ സ്വതന്ത്രമാക്കിക്കൊണ്ട് ഭരത് അവളുടെ വീട്ടിലേയ്ക്ക് പോകാൻ ഇറങ്ങിയതും ഭഗതും ഹാജർ വച്ചിരുന്നു…

ചേട്ടനെ കാണാണെന്ന വ്യാജേന ക്ലാസ്സ്‌ കഴിഞ്ഞു വെള്ളിയാഴ്ച വൈകുന്നേരം തന്നെ എത്തിചേരുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള സംശയം ഉള്ളിൽ പുകയെ ഭരതവനെ കൂർപ്പിച്ചു നോക്കി… ഒരു കള്ള ചിരിയോടെ കണ്ണുചിമ്മികാണിച്ചുകൊണ്ടവനും കൂടെ കൂടുമ്പോൾ പിന്നിടുന്ന വഴിയിലെ കാഴ്ചകൾക്കപ്പുറം ഇരുവരുടെയും കണ്ണിൽ നിറഞ്ഞു നിന്നിരുന്നത് അവരുടെ പ്രണയമായിരുന്നു… ***************** അവധിയായതുകൊണ്ട് തന്നെ രാവിലെ പിന്നാമ്പുറത്തെ പറമ്പിലേക്കിറങ്ങിയ കൃഷ്ണനും രമയ്ക്കും ഒപ്പം അപ്പുവും കൂടി…

അവരോടൊപ്പം ചേർന്ന് ചീരക്ക് തടമെടുക്കുവാനും പടർന്നു തുടങ്ങുന്ന പാവക്കയ്ക്ക് വള്ളി കെട്ടികൊടുക്കുവാനും ഒക്കെ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നവളിൽ… വെയിൽ എത്തിയിട്ടും അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് മാറി മാറി ഓടിനടന്നു പണിച്ചെയ്യുന്ന പെണ്ണിനെ ജനലിലൂടെ നോക്കികാണുകയായിരുന്നു ഹരി… “തലയിലൊരു തോർത്തെങ്കിലും കെട്ടിക്കൂടെ പെണ്ണിന്… അതെങ്ങനെയാ ആദ്യമായി മണ്ണിലിറങ്ങിയ കുഞ്ഞിന്റെ ആകാംഷയാണവളിൽ… ” അവനൊന്നു പുഞ്ചിരിച്ചു..

പെണ്ണിനെ നോക്കി… അവളുടെ ഉയർത്തികെട്ടിയ മുടിയിൽ നിന്നും വീണുകിടക്കുന്ന മുടിയിഴകൾ വെളുത്ത പുറം മേനിയിലെ വിയർപ്പിൽ ചുരുണ്ടുകൂടി പറ്റിപിടിച്ചു കിടക്കുന്നത് കണ്ടതും അവിടെയൊന്നു ചുണ്ട് ചേർക്കുവാൻ തോന്നി… അടുക്കളയിലോട്ട് അവൾ കയറുന്നതു കണ്ടതും തിടുക്കം പെട്ട് പടികളിറങ്ങി ഓടി… അതിനിടയിൽ ശ്രീയുടെ മുറിയിലേക്കൊന്നു നോക്കാനും മറന്നില്ല… പെണ്ണെന്തോ ഫോണിൽ നോക്കിയിരിക്കുകയാണ്… അടുക്കളവാതിലിനു പുറത്തെത്തി ഹരി ആഞ്ഞു ശ്വാസമെടുത്തുവിട്ടുകൊണ്ട് പിന്തിരിഞ്ഞു നിന്നു വെള്ളം കുടിക്കുന്നവളുടെ തൊട്ടുപുറകിൽ ചെന്നു നിന്നു…

പെണ്ണിന് മനസിലായി തിരിയും മുൻപേതന്നെ അവന്റെ കയ്കളവളുടെ വയറിനു ചുറ്റും പിടിമുറുക്കുന്നതിനോടൊപ്പം മുഖം വിയർത്തോട്ടിയ പുറംമേനിയിൽ പതിഞ്ഞിരുന്നു… അവളിൽ ഉണ്ടായ ഞെട്ടലിന്റെയും ഹരിയുടെ ചുടുനിശ്വാസം തീർക്കും മാന്ത്രികതയുടെയും ഫലമായി ചൊടികളിൽ നിന്നുയർന്ന സ്വരം അവനെ കൂടുതൽ വലിച്ചടുപ്പിക്കുമ്പോൾ പെണ്ണിന്റെ പുറത്തവന്റെ അധരങ്ങൾ പതിഞ്ഞു… ഉറ്റുനിൽക്കുന്ന ഓരോ വിയർപ്പുത്തുള്ളികളെ സ്വന്തമാക്കുന്നതിനോടൊപ്പം അരയിലെ കയ്കളവളുടെ ദാവണിക്കിടയിലേക്ക് നുഴഞ്ഞു കയറി… പെണ്ണൊന്നു ഏങ്ങിക്കൊണ്ട് അവനെ തടയാൻ ശ്രമിക്കുമ്പോൾ അവളെ തിരിച്ചു നിർത്തിക്കൊണ്ടവൻ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു…

” വേണ്ട…. ഹരിയേട്ടാ… ” ചെളിയും മണ്ണും പറ്റിയ വിരലുകളാൽ അവന്റെ മുടിയിൽ കോർത്തു പുറകിലോട്ട് വലിക്കുമ്പോൾ പെണ്ണ് പുലമ്പുന്നുണ്ടായിരുന്നു… ” നിക്ക് വേണം… ” കഴുത്തിടുക്കിൽ അലയുന്ന ചുണ്ടുകളിൽ നിന്നും അവന്റെ സ്വരം… ” ആരേലും… വരും… ഏട്ടാ…. പ്ലീസ്… ” പെണ്ണ് പിന്നെയും വെറുതെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉള്ളിനുള്ളിൽ അവളും ആഗ്രഹിക്കുകയായിരുന്നു അതെല്ലാം…. അത് തിരിച്ചറിഞ്ഞപോലെ ഹരിയൊന്നു മുഖമുയർത്തി അവളെ നോക്കി… വശ്യമായ അവന്റെ പുഞ്ചിരിയിൽ അവൾ അലിഞ്ഞു നിൽക്കുമ്പോൾ അവന്റെ കണ്ണുകളും പെണ്ണിന്റെ മുഖമാകെ അലഞ്ഞുനടന്നു…

വിയർത്തൊഴുകുന്ന അവളുടെ മുഖസൗന്ദര്യം മറ്റെന്തിനെക്കാളും ഭംഗിയേറിയതാണെന്നവന് തോന്നി… അവൾ കുഞ്ഞല്ലേയെന്നു കരുതി പ്രണയത്തെ ഉള്ളിലൊതുക്കാൻ പലപ്പോഴും ശ്രമിച്ചുനോക്കി… പക്ഷെ അതവളെ കൂടുതൽ വേദനിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞു… അല്ലേലും ഓർമ വെച്ച കാലം തൊട്ട് തന്നെ പ്രണയിക്കുന്ന പെണ്ണിന്റെ പ്രണയത്തിനാഴം തിരയാനോ അതിനൊപ്പം പ്രണയം പകരുവാനോ അവനും ശ്രമിച്ചിരുന്നില്ല… ഉള്ളിൽ നിറയുന്ന പ്രണയം അത് അതെ ഭാവത്തോടെ അവൾക്കു പകർന്നുനൽകുകയായിരുന്നവൻ… വിയർപ്പുത്തുള്ളികൾ ഉറ്റുനിൽക്കും പെണ്ണിന്റെ മേൽചുണ്ടിന് മുകളിൽ കണ്ണുകൾ തറഞ്ഞു നിൽക്കുമ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു മറ്റെന്തോ ഭാവം നിറയുന്നത് അവളും കണ്ടു…

അവന്റെ കണ്ണുകളിലും മുഖത്താകമാനവും നിറയുന്ന ഭാവത്തിൽ പിടയുന്ന കണ്ണുകളോടെ തളർന്നു അപ്പു നിൽക്കുമ്പോൾ പെണ്ണിന്റെ മേൽച്ചുണ്ട് നുകർന്നുകൊണ്ടവൻ വിയർപ്പുകണങ്ങളെ സ്വന്തമാക്കിയിരുന്നു… മിഴിഞ്ഞുപോയ അവളുടെ കണ്ണുകളെ കൂമ്പിയടപ്പിക്കും വിധം അവന്റെ അധരങ്ങൾ അവളിൽ മത്സരിക്കെ മൃദുവായി തുടങ്ങിയ ചുംബനം വന്യമാവുകയും ശീത്കാരങ്ങൾ ഉയരുകയും ചെയ്തു… തെല്ലൊരു നേരത്തിനപ്പുറം അവളെ സ്വതന്ത്രമാക്കികൊണ്ട് ഹരി പെണ്ണിന്റെ നെറ്റിയിൽ നെറ്റി ചേർത്ത് നിൽക്കുമ്പോൾ ഇരുവരും കിതപ്പടുക്കാൻ പാടുപെട്ടുകൊണ്ടിരുന്നു… ” ഐ ലവ് യൂ.. ” പതിഞ്ഞ അവന്റെ സ്വരം… അവളുടെ കവിളിണകൾ തുടുത്തു വന്നു… ” കുഞ്ഞാ… അനന്ദു വിളിച്ചിരുന്നു… അച്ഛൻ ഉണ്ട് അവിടെ..

. വന്നിട്ട് കുറച്ച് ദിവസായി… മോളോട് അച്ഛനെകാണാൻ വരുന്നില്ലേയെന്ന് ചോദിക്കുന്നുണ്ടവൻ…നമുക്കൊന്ന് പോയാലോ??..” തുടുത്ത കവിളിൽ ചുണ്ട് ചേർത്തുകൊണ്ടവൻ പറയുമ്പോൾ വിടർന്ന കണ്ണുകളോടെ അവളവനെ തന്നെ നോക്കി… “ഹരിയേട്ടൻ വരോ??..” പെണ്ണിന് സംശയം.. ഹരിയൊന്നു ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു… ” പിന്നെ വരാതെ… അമ്മായിയപ്പനെ കാണണ്ടേ??.. ” അവനുറക്കെ ചിരിക്കുമ്പോൾ അപ്പു കൈയാൽ അവന്റെ വായ പൊത്തി… ” പതുക്കെ ഹരിയേട്ടാ… ഈശ്വരാ… അമ്മയോ അച്ഛനോ കേട്ട് കാണാവോ ചിരി.. ” കണ്ണുരുട്ടികൊണ്ടവൾ വെപ്രാളപെട്ട് മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഹരിയവളെ ഇരു കൈയ്കളിലും കോരിയെടുത്തു…

പകച്ചുപോയവളുടെ ചുണ്ടിൽ ചെറുതായി മുത്തിക്കൊണ്ട് അവളെയും പൊക്കി മുറിയിലേക്ക് നടന്നു… ” ന്റെ കുഞ്ഞാ… നിന്റെ അച്ഛനായതുകൊണ്ട് പറയല്ല… ഇപ്പൊ അനന്ദൂനേം ധ്വനിയെയും ഇട്ടു കൊല്ലാകൊല ചെയ്യുന്നുണ്ടാവും… എന്തുണ്ടായാലും അനന്ദുവിന്റെ തലയിൽ കെട്ടി വെക്കുന്ന ശീലേ… പണ്ടത്തെ അതെ ഊള സ്വഭാവം ഇല്ലേ.. അതിനി മാറാനും പോണില്ല… ന്റെ അപ്പൂസ് അപ്പൊ ചെന്ന് മര്യാദക്ക് എല്ലാകാര്യങ്ങളും അച്ഛനോട് പറഞ്ഞു മനസ്സിലാക്കാൻ നോക്കിക്കോളോ… കേട്ടല്ലോ??.. നമ്മൾടെ കല്യാണം പോലും ആ ചെക്കന്റെ തലയിൽ കൊണ്ടിട്ടുകളയും ആള്.. ” അവളെയും പൊക്കി നടക്കുമ്പോൾ കിതപ്പടക്കിക്കൊണ്ട് സംസാരിക്കുന്നവനെ നോക്കി അവൾ പുഞ്ചിരിതൂകി… ” ഇതുകൊണ്ടാ… ഇതുകൊണ്ടാ ഹരിയേട്ടാ നിങ്ങളെന്റെ എല്ലാമെല്ലാമായി മാറിയത്…

ഇപ്പൊ പോലും ന്റെ കുഞ്ഞേട്ടനെ പറ്റി ഓർക്കുന്നില്ലേ… അതെന്നെയാ ഈ പെണ്ണിനെ നിങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നത്… ” അവന്റെ മുഖത്തുനോക്കി മൗനമായ് പറഞ്ഞുകൊണ്ടവൾ നെഞ്ചിൽ മുഖം ചേർത്തു… തൊട്ടടുത്ത മുറിയിൽ അപ്പോഴും നിർത്താതെ വന്നുകൊണ്ടിരിക്കുന്ന ഫേസ്ബുക് മെസ്സേജുകൾ കണ്ട് കണ്ണുതള്ളിയിരിക്കുകയായിരുന്നു ശ്രീമോൾ… ഓരോ പ്രൊഫൈൽ ആയി ബ്ലോക്ക്‌ ചെയ്യുമ്പോഴും പിന്നെയും മഴ എന്ന പേരിൽ പുതിയ പ്രൊഫൈലിൽ നിന്നും മെസ്സേജ് വന്നുകൊണ്ടിരിക്കുന്നു… ***************** മുകളിൽ മുറിയിൽ ഇരുന്നുകൊണ്ട് ഒരാഴ്ചയിലെ കടയിലെ കണക്കുകൾ നോക്കുകയായിരുന്നു അനന്ദു…

താഴെയായി ആരുടെയൊക്കെയോ ബഹളങ്ങൾ കേട്ടുകൊണ്ടവൻ സംശയത്താൽ മുഖം ചുളിച്ചു… ബില്ലുകൾ എല്ലാം അടക്കി വച്ചുകൊണ്ട് പതിയെ താഴേക്ക് നടക്കുമ്പോൾ ഉടുത്തിരുന്ന മുണ്ടവൻ മടക്കി കുത്തി… പടികൾ ഇറങ്ങും മുൻപേ തന്നെ വ്യക്തമായി കേൾക്കുന്ന സ്വരത്തിന്റെ ഉടമയെ തിരിച്ചറിയാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല… ‘ മധു ഏട്ടത്തി… ‘ അവരുടെ ഉയർന്നു കേൾക്കുന്ന സ്വരം ഒരു നിമിഷം അവനെ ഭയപ്പെടുത്തിയത് ധ്വനിയെ പിന്നെയും വേദനിപ്പിക്കാനുള്ള വരവാണോ എന്ന് ഓർത്തുകൊണ്ടായിരുന്നു… അച്ഛനും അവരും ഒന്നിച്ചു ചേർന്നാൽ ഇതുവരെ ഉണ്ടായത്തിലും വലിയ പ്രേശ്നങ്ങൾ ഉണ്ടാക്കിയെടുക്കുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ധൃതിയിൽ അവൻ പടികൾ ഇറങ്ങി…

ഊണു മേശയിൽ ചാരി ഇരുകയ്കളും മാറിൽ പിണച്ചുകൊണ്ട് മധുവിനെ നോക്കിനിൽക്കുകയാണ് ധ്വനി… അവൾക്കെതിരെ നിന്നുകൊണ്ട് മധു സ്ഥിരം പല്ലവികൾ തുടരുന്നുണ്ട്… ഇടയ്ക്കിടെ പുറത്തേക്ക് പോയി എത്തി നോക്കുകയും ചെയ്യുന്നു… സംസാരത്തിൽ അനന്ദുവിനോപ്പം തന്നെ അപ്പുവിന്റെ പേരും സ്ഥാനം പിടിക്കവേ അവരുടെ വെപ്രാളം എന്തുകൊണ്ടാണെന്ന് അവന് മനസ്സിലാവുന്നുണ്ടായി… അച്ഛൻ വീട്ടിലുണ്ടാവില്ല…പുറത്തേക്ക് പോയിക്കാണും… അച്ഛനുള്ളപ്പോൾ നല്ല പിള്ള ചമഞ്ഞിരിക്കുന്നതുകൊണ്ട് അപ്പോൾ വിളിച്ചു പറയാൻ പറ്റാത്ത ചീത്തയാണ് ഇപ്പോൾ വിളിക്കുന്നത്… അതാണ്‌ ഇടയ്ക്കിടെ വാതിലിൽ ചെന്നു പുറത്തേയ്ക്ക് എത്തി നോക്കുന്നതും.. അഥവാ അച്ഛൻ വരുന്നത് കണ്ടാൽ അഭിനയം തുടങ്ങാമല്ലോ…

വീറോടെ തോന്നിയതൊക്കെയും വിളിച്ചുകൂവികൊണ്ടിരിക്കുന്ന അവരുടെ കാട്ടായങ്ങൾ കണ്ടുകൊണ്ട് അനന്ദുവോന്നു പുഞ്ചിരിച്ചു… എന്തിനോ വേണ്ടി അവർ എന്തൊക്കെയോ പറയുന്നു…. മുഖത്തു യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ മധു പറയുന്നതെല്ലാം ധ്വനി കേട്ടുനിൽക്കുന്നത് കണ്ടതും അവനുള്ളിലും എന്തോ സംശയമുണർന്നു… പതിയെ പടികൾ ഇറങ്ങിക്കൊണ്ട് അവൾക്കടുത്തേയ്ക്ക് നടക്കുമ്പോൾ ധൃതി കാണിക്കുന്ന വലതുകാലിനെ പുഞ്ചിരിച്ചുകൊണ്ടവൻ നോക്കി… അല്ലേലും അവന്റെ പെണ്ണിനടുത്തേക്ക് നടക്കുമ്പോൾ ആ കാലിനുപോലും വല്ലാത്തൊരു ഉണവ് ആണ്… ” ആഹാ… ഇവിടെ ഉണ്ടായിരുന്നോ ചട്ടുകാലൻ…. കാണാതായപ്പോ ഞാനും വിചാരിച്ചു അച്ഛനെ പേടിച്ച് മുങ്ങികാണുമെന്ന്…

” അനന്ദുവിനെ കണ്ടതും മധുവിന്റെ ചാട്ടം അവന് നേരെ ആയി.. അപ്പോഴാണ് ധ്വനിയും അവനെ കാണുന്നത്… ചെറിയൊരു പുഞ്ചിരി നൽകികൊണ്ട് ധ്വനി അവനെ നോക്കി നിൽക്കുമ്പോൾ രണ്ട് അടിക്കുള്ള സമയം കഴിഞ്ഞിട്ടും അവളിൽ മാറ്റമേതും ഇല്ലാത്തത് എന്തുകൊണ്ടെന്ന് ചിന്തിക്കുകയായിരുന്നു അവനും… എന്തുപറ്റിയെന്നു ഒറ്റപുരികമുയർത്തി അവൻ മൗനമായ് ചോദിക്കുമ്പോൾ ഇരു കണ്ണുകളും അടച്ചുകാണിച്ചുകൊണ്ട് അവളും നിന്നു… ” ഇറങ്ങാറായില്ലേടാ നിനക്ക്???.. എനിക്ക് നന്നായി അറിയാം അച്ഛനിപ്പോ വന്നിരിക്കുന്നത് തന്നെ നിന്നേം ദേ ഈ മൂദേവിനേം അടിച്ചിറക്കാനാ… എന്നിട്ടും നാണമില്ലാതെ കടിച്ചു തൂങ്ങുന്നുണ്ടല്ലോ രണ്ടും..

കൊള്ളാം… ഈ വീട് കണ്ടിട്ട് ആരും തുള്ളാൻ നിക്കണ്ട… ഇതേ എന്റെ അഭിയേട്ടന് ഉള്ളതാ… നിന്നെ അല്ലേലും മോനായിട്ട് അങ്ങൊരു കണക്കാക്കിയിട്ടില്ലല്ലോ… ഉള്ള മോളോരെണ്ണം കണ്ണിൽകണ്ടവനെയും കെട്ടിപ്പോയി.. ഇനിപ്പോ അച്ഛൻ അവളെ അടുപ്പിക്കുമെന്ന് തോന്നുന്നുണ്ടോ??.. ഇനി അഥവാ അടുപ്പിച്ചാലും അങ്ങോരേം അവളേം തെറ്റിക്കാൻ നിന്റെ പേരൊന്നു ഇടയിൽ എടുത്തിട്ടാൽ മാത്രം മതി… ഈ മധു അത് വേണ്ട വിധം ചെയ്യേം ചെയ്യും… അങ്ങേരെക്കൊണ്ട് നിന്നേം ഇവളേം അടിച്ചിറക്കിപ്പിക്കേം ചെയ്യും… എന്നിട്ട് വേണം എനിക്കും മോൾക്കും ഈ വീട്ടിൽ വന്നു നിൽക്കാൻ… ” വീറോടെ പറഞ്ഞുകൊണ്ടവർ വാതുക്കലിൽ ചെന്നൊന്നു പുറത്തേയ്ക്ക് നോക്കി…

പിന്നെയും അനന്ദുവിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ അവരെ നോക്കുകപോലും ചെയ്യാതെ അവനവിടെയുള്ള കസേരയിൽ ഇരുന്നു… മേശയിൽ കിടക്കുന്ന പത്രമെടുത്തു കൈയിൽ പിടിച്ചു… യാതൊരു കൂസലുമില്ലാത്ത അനന്ദുവിന്റെ ആ ഭാവം അവർക്ക് അപരിചിതമായിരുന്നു… അതവരെ കൂടുതൽ ദേഷ്യത്തിലേക്ക് നയിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും കഠിനമായികൊണ്ടിരുന്നു… ” ന്നാലും എന്റെ അനന്ദു… നിന്റെയൊരു യോഗം നോക്കണേ… ആകെ നിനക്ക് ചുക്കാൻ പിടിക്കാനുള്ളത് അഭിയേട്ടനും അപ്പുവും അമ്മയുമാണ്… അതിൽ ഏട്ടനും അപ്പുവും ഈ വീട്ടിൽ തന്നെയില്ല… അമ്മയെ പിന്നെ നീ പണ്ടേ തെക്കോട്ടെടുത്തതുകൊണ്ട് ആ ഒരു പിടിവള്ളീം ഇല്ല… ഓരോരോ ജന്മങ്ങൾ…

” കളിയാക്കുംപോലെ സ്വരത്തിൽ വ്യത്യാസങ്ങൾ വരുത്തിക്കൊണ്ട് മധു പറഞ്ഞു പൂർത്തിയാക്കും മുൻപേ ചാടി എണീറ്റുകൊണ്ട് അനന്ദു ആഞ്ഞു കൈവീശിയിരുന്നു…നെറ്റിയിലെയും കഴുത്തിലെയും പിടച്ചു നിൽക്കുന്ന ഞെരമ്പുകൾ അവനുള്ളിലെ ക്രോധം എടുത്തുകാണിക്കുമ്പോൾ അടി കൊണ്ട കവിളിൽ കൈയ് വച്ചുകൊണ്ട് മധു പിന്നെയും അവനരികെ പാഞ്ഞെത്തി… ” ദേ… എന്റെ കൈയകലത്തിൽ നിന്നും മാറി നിന്നോ നിങ്ങൾ… തോന്നിയത് വിളിച്ചു പറയാൻ ആണേൽ അത് സ്വന്തം വീട്ടിൽ… കേട്ടില്ലേ??.. ” അവരെന്തേലും പറയും മുൻപേ തന്നെ അനന്ദുവിന്റെ സ്വരവും ഉയർന്നു… ” ഞാൻ പറഞ്ഞതാണോ കുഴപ്പം??.. നിന്റെ അച്ഛൻ നാഴികക്ക് നാല്പതുവട്ടം പറയുന്നുണ്ടല്ലോ… നീയാണയാളുടെ ഭാര്യയെ കൊന്നതെന്ന്… ഈ ശൗര്യം അയാളുടെ എടുത്ത് കാണിക്കേടാ…

ഈ ഒന്നരക്കാലും വെച്ച് അങ്ങോരുടെ മുൻപിൽ ചെന്നു നിൽക്കാൻ മുട്ടിടിക്കും നിന്റെ… ” മടക്കി കുത്തിയ മുണ്ടിന് കീഴെ കാണുന്ന ശോഷിച്ച വലതുകാലിൽ നോക്കി വെറുപ്പോടെ പറയുന്ന മധുവിന്റെ അടുത്ത കവിളിലും അടി വീഴുമ്പോൾ അവരെ പോലെ തന്നെ ധ്വനിയും അനന്ദുവും ഞെട്ടിയിരുന്നു… കയ്യ്കുടഞ്ഞുകൊണ്ട് ഹരി അവരുടെ മുഖത്തേയ്ക്ക് തന്നെ ഒരു നിമിഷം നോക്കിനിന്നു… ” ചോദിച്ചു വാങ്ങിയാൽ തരാതെ നിവർത്തിയില്ലല്ലോ… ഇത് ഞാൻ അന്നേ ഓങ്ങിവച്ചതാണ്… അനന്ദുവിനെ പറയുന്നതിന് മാത്രമല്ല… എന്റെ ഭാര്യയെ സ്വന്തം ആങ്ങളക്ക് മുൻപിൽ ഇട്ടുകൊടുത്തതിന്… അതിനും കൂടി വേണ്ടിയാ ഇപ്പൊ തന്നത്… പിന്നെ ആ മറ്റവന് ഉള്ളതും വൈകാതെ കൊടുക്കുന്നുണ്ട്… ”

ഹരിയുടെ വാക്കുകളിൽ ഒരു നിമിഷം മധു ഒന്ന് നിശ്ചലമായി പോയിരുന്നു… അവന് പുറകിൽ ദേഷ്യത്തോടെ നിൽക്കുന്ന അപ്പുവിനെ കണ്ടതും പിന്നെയുള്ള കുറ്റങ്ങൾ അപ്പുവിനെപ്പറ്റിയുള്ളതായി… എത്ര കിട്ടിയാലും നന്നാവില്ലെന്ന് ഉറപ്പിച്ചുകൊണ്ടവർ ഒരിക്കൽ കൂടി ധ്വനിയെയും ഹരിയെയും ചേർത്ത് മോശമായ രീതിയിൽ സംസാരിച്ചു തുടങ്ങിയതും പിന്നെയും അനന്ദുവിന്റെ കൈയ്കൾ ഒന്നുയർന്നു താണു… അതുവരെ യാതൊരു തരത്തിലും പ്രതികരിക്കാതിരുന്ന ധ്വനി അനന്ദുവിന്റെ കൈയ്കളിൽ കയ്യ്കോർത്തു പിടിച്ചുകൊണ്ട് ചേർന്നു നിന്നു… ദേഷ്യം നിറഞ്ഞു നിൽക്കും ആ മുഖത്തുനോക്കി കണ്ണ് ചിമ്മി… അവനും അവളെ ഉറ്റുനോക്കുമ്പോൾ കണ്ണുകൾ കൊണ്ട് ദൂരെ അച്ഛന്റെ മുറിയുടെ വാതുക്കലിലേക്കവൾ ചൂണ്ടി…

നടുമുറിയിൽ നടക്കുന്നതെല്ലാം കണ്ടുകൊണ്ട് അയാൾ മുറിയുടെ വാതിലിൽ നിൽക്കുന്നു… അച്ഛൻ പുറത്തെങ്ങോ പോയെന്നുള്ള വിശ്വാസത്തിൽ തനി സ്വഭാവം പുറത്തെടുത്തുകൊണ്ട് തുള്ളിയ മധുവിന്റെ എല്ലാ വാക്കുകളും അയാളും കേട്ടെന്നുള്ളത് ആ മുഖഭാവത്തിൽ നിന്നും തന്നെ വ്യക്തം… അനന്ദുവിനെ പറഞ്ഞതൊന്നും അയാളെ ബാധിച്ചില്ലെങ്കിൽ കൂടി അപ്പുവിനെ പറഞ്ഞതൊക്കെയും അയാളെയും നോവിക്കുമെന്ന് ധ്വനിക്കും ഉറപ്പായിരുന്നു… മധുവിന്റെയും ആങ്ങളയുടെയും സ്വഭാവ സവിശേഷതകൾ കൂടി ഹരി അതിനിടയിൽ വിളിച്ചു പറയുമ്പോൾ അയാളുടെ മുഖത്ത് പറ്റിക്കപെട്ടവന്റെ ഭാവമായിരുന്നു…

ആര് പറഞ്ഞാലും വിശ്വസിക്കാതെ അനന്ദുവിനെ മാത്രം കുറ്റപ്പെടുത്തുന്ന അയാൾക്ക് മുൻപിൽ സത്യങ്ങൾ വെളിവാക്കാൻ ഒത്തുവന്ന സാഹചര്യം വേണ്ട വിധം ധ്വനി ഉപയോഗിക്കുകയായിരുന്നു… മുറിയിൽ അച്ഛൻ ഉണ്ടെന്ന് അറിഞ്ഞു വച്ചുകൊണ്ട് തന്നെയാണ് അഭിനയവുമായി വന്ന മധുവിനോടവൾ അയാൾ പുറത്തുപോയെന്ന് കള്ളം പറഞ്ഞതും അവളെ പൂർണമായും സംസാരിക്കാൻ അനുവദിച്ചതും… താൻ പറയുന്നതൊന്നും അനന്ദുവിന് ഏൽക്കുന്നില്ലെന്ന് കണ്ടതും മധു വീറോടെ അപ്പുവിനടുത്തേയ്ക്ക് പിന്നെയും തിരിഞ്ഞു.. അപ്പോൾ മാത്രമാണവൾ ദൂരെ മുറിയുടെ വാതിലിൽ നിൽക്കുന്ന അച്ഛനെ കാണുന്നത്…

ഒരു നിമിഷം വല്ലാതായിപോയെങ്കിലും പുതിയ അഭിനയവുമായി അവൾ അയാൾക്കടുത്തേയ്ക്ക് കരഞ്ഞുകൊണ്ട് നടക്കാനായുമ്പോൾ ധ്വനിയുടെ കയ്യും അവളിൽ പതിഞ്ഞിരുന്നു… ” ചെല്ല്… അഭിനയിച്ചു തകർക്കാൻ പോവല്ലേ… ഇതൂടെ ചെന്ന് പറയ്… ” ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ തന്നെ ധ്വനി പറഞ്ഞു നിർത്തുമ്പോൾ കണ്ണുനിറച്ചുകൊണ്ട് മധു അച്ഛനടുത്തേയ്ക്ക് പായുന്നുണ്ടായിരുന്നു… അയാൾ എല്ലാം കേട്ടുകാണുമോ എന്നുള്ള ഭയം ഉള്ളിലുണ്ടെങ്കിലും അവൾ പാവം പോലെ അഭിനയിച്ചു എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു… വലതുകയ്യ് ഉയർത്തി അവളെ തടഞ്ഞുകൊണ്ട് അയാൾ രൂക്ഷമായി നോക്കി…

” മധുവിന് പോകാം… ” അത്രമാത്രം പറഞ്ഞുകൊണ്ടയാൾ മുറിയിൽ കയറി വാതിൽ ചാരുമ്പോൾ അയാൾക്ക്‌ പുറകെ അപ്പുവും മുറിയിലേക്ക് നടന്നു… എല്ലാവരെയും രൂക്ഷമായി നോക്കി വെല്ലുവിളിച്ചുകൊണ്ട് മധുവും അതോടൊപ്പം പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു…അവളുടെ കാട്ടായങ്ങൾ പുഞ്ചിരിയോടെ നോക്കികൊണ്ടിരുന്ന ധ്വനിയുടെ കൈയിൽ പിടിച്ചു അനന്ദു പുറകോട്ടുവലിച്ചു… അവളൊന്ന് ഞെട്ടികൊണ്ട് അവന്റെ നെഞ്ചിൽ തട്ടി നിന്നു… ചുണ്ടിലെ പുഞ്ചിരിയിൽ കുസൃതി നിറയുമ്പോൾ അവനവളെ തന്നെ നോക്കി നിന്നു… ” ഞാനും വിചാരിച്ചേ… ന്നെ പറയുമ്പോ പൊള്ളുന്ന പെണ്ണ് ഇന്നെന്താവോ ഒക്കേം കേട്ട് നിൽക്കണേ ന്ന്..

” പതിഞ്ഞ സ്വരത്തിൽ പറയുന്നവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു… പെണ്ണിന്റെ കൈയിൽ പിടിച്ചിരുന്ന അവന്റെ കൈയ് അരയിലൂടെ ഇഴഞ്ഞു… പെണ്ണിന്റെ കവിളുകളും ചുവന്നു വന്നു… കണ്ണുകൾ തമ്മിൽ കൊരുത്തുകൊണ്ട് പ്രണയം പകർന്നു… എപ്പോഴോ ഹരിയുടെ ചുമ കേൾക്കുമ്പോൾ ഇരുവരും ഞെട്ടികൊണ്ട് വിട്ടുമാറി… മറ്റൊന്നും നോക്കാതെ അടുക്കളയിലേക്ക് വലിഞ്ഞ ധ്വനിയും വെപ്രാളത്തിൽ എന്തെല്ലാമോ ചെയ്തുകൊണ്ട് മേശയിൽ ചാരി നിൽക്കുന്ന അനന്ദുവും ഹരിയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു………………………………  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 20

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story