തോളോട് തോൾ ചേർന്ന്: ഭാഗം 2

തോളോട് തോൾ ചേർന്ന്: ഭാഗം 2

എഴുത്തുകാരി: ജിച്ചന്റെ കാവു

“ധ്വനിമോള് ചായ കുടിച്ചില്ലല്ലോ??.. ” സ്നേഹം നിറഞ്ഞ രമയുടെ സ്വരം… “അവളെങ്ങനെയാ രമേ… ചൂടാറിയിട്ട് പതിയെ കുടിക്കുള്ളൂ…” ഭാനുമതി പറയുമ്പോൾ രമ അവളെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു… ഇടതുകവിളിൽ ചെറുതായി വീർത്ത് ചുവന്നു കിടപ്പുണ്ട്… കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ.. വല്ലാത്തൊരു തിളക്കം.. അവളൊന്നു രമയെ നോക്കി പുഞ്ചിരിച്ചു… അവർക്കടുത്തായി ഇരിക്കുന്ന നന്ദകൃഷ്ണനെ നോക്കി… ചുണ്ടിലെ പുഞ്ചിരിക്ക് മാറ്റ് കൂടി.. കൈയിലെ ചായ ഗ്ലാസ്സിൽ നിന്നും ഊതിക്കൊണ്ട് അൽപാല്പ്പമായി നുകർന്നു…. ” നിങ്ങൾടെ താമസം തറവാട്ടിൽ ശരിയാക്കാട്ടോ… ന്റെ തറവാടാ.. ഭാഗം വെച്ചപ്പോ അനിയനാ കിട്ടിയത്.. അവനാണേൽ പുറത്താ.. ഇപ്പോ ഞങ്ങൾ ഇടക്ക് ചെന്നു അടിച്ചു തുടച്ചിടും… വേറൊരു വാടക വീട് നോക്കുന്നതിലും നല്ലത് അതാ ഭാനു…

അതാവുമ്പോ വല്ല്യ വീടും ആണ്… നല്ല സൗകര്യങ്ങളും ഉണ്ട്… ” അത്രയും സ്നേഹത്തോടെയുള്ള കൃഷ്ണന്റെ വാക്കുകൾ… എരിഞ്ഞമരുന്ന ഉള്ളിലേക്കൊരു ചാറ്റൽമഴയായി അവ വന്നു പതിച്ചു… മൂന്ന് ഹൃദയങ്ങളിലും അവ കുളിര് പടർത്തി… ചുറ്റും ശൂന്യതമാത്രം നിറഞ്ഞ നിമിഷങ്ങളായിരുന്നു തറവാട്ടിൽ നിന്നും ഇറങ്ങുമ്പോൾ… രക്ഷപ്പെടണം… അമ്മയെയും അനിയത്തിയെയും രക്ഷപ്പെടുത്തണം… ജീവിക്കണം… അതുമാത്രമേ ചിന്തകളിൽ വന്നിരുന്നുള്ളൂ… പാലക്കാട്ടേക്കുള്ള ബസ്സിൽ കയറുമ്പോഴും വീടുവിട്ട് ഇറങ്ങേണ്ടി വന്ന മൂന്നു സ്ത്രീകളെ സംരക്ഷിക്കാൻ കൃഷ്ണമാമ തയ്യാറാവുമോ എന്നുള്ള ഭയവും നിറഞ്ഞിരുന്നു… ഉള്ളിലുള്ള ഭയത്തേയെല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാകും വിധമുള്ള അവരുടെ പെരുമാറ്റം കണ്ണും മനസ്സും ഒരുപോലെ നിറച്ചിരുന്നു… ”

ധ്വനിമോൾക്ക് ഞാൻ മുൻപ് പറഞ്ഞ ജോലിക്ക് നോക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലല്ലോ??.. നിക്ക് അത്രേം അടുത്തറിയാവുന്ന കൂട്ടരാ ആ കോളേജിന്റെ മാനേജ്മെന്റ്… അതാവുമ്പോ ദ്രുതിമോൾക്കും അവിടെ തന്നെ അഡ്മിഷൻ എടുക്കാലോ… അവിടെ തന്നെയാ ന്റെ പിള്ളേരും ഉള്ളത്… ” തന്നെയും ദേവൂട്ടിയെയും നോക്കിക്കൊണ്ട് പറയുന്ന ആ മനുഷ്യനിൽ തന്നെ നോട്ടം പതിപ്പിച്ചു ധ്വനി.. വാക്കിലും നോക്കിലും വരെ സ്നേഹം തുളുമ്പുന്ന പ്രകൃതം… അച്ഛന്റെ വിലമതിക്കാനാവാത്ത സൗഹൃദങ്ങളിൽ ഒന്ന്… നന്ദകൃഷ്ണൻ… ഒരു റിട്ടയഡ് സ്കൂൾ മാഷാണ്… ഭാര്യ രമയും അദ്ധ്യാപിക തന്നെയായിരുന്നു… ” ഇല്ല മാമേ… നിക്കൊരു എതിർപ്പുമില്ല… ഇപ്പൊ നിക്കൊരു ജോലി അത്യാവശ്യാ.. മാത്രല്ല… പഠിപ്പിക്കാൻ നിക്ക് അത്രേം ഇഷ്ടാ… കോളേജിൽ ആവുമ്പോ ദേവൂട്ടി ന്റെ കണ്മുന്നിൽ തന്നെ കാണുംലോ…

ഇതന്നെ നോക്കാം… ” അമ്മയെ നോക്കി മൗനാനുവാദം വാങ്ങിക്കൊണ്ടവൾ പറയുമ്പോൾ എല്ലാവരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു… എവിടെന്നോ വന്നെത്തിയ തണുപ്പ് ഉള്ളിലാകെ നിറയുംപോലെ… അവളൊന്നു ദീർഘമായി ശ്വസിച്ചുകൊണ്ട് ആ തണുപ്പിനെ ശരീരത്തിലാകമാനം നിറച്ചു… പുഞ്ചിരിച്ചു… ” ശ്രീമോളും നന്ദനുമൊക്കെ ആ കോളേജിൽ തന്നെയുണ്ടാവും മോളെ… ഒന്നുകൊണ്ടും പേടിക്കണ്ടി വരില്ല… എന്തിനും അവരും കാണും കൂടെ… ” ദേവൂട്ടിയുടെ അടുത്തു വന്നുനിന്നുകൊണ്ട് തലയിൽ തലോടി രമ പറയുമ്പോൾ ധ്വനി ഒരു സംശയത്തോടെ അവരെ തന്നെ നോക്കി നിന്നു…ദേവൂട്ടിയും മുഖമുയർത്തി അവരെ തന്നെ നോക്കുന്നുണ്ട്.. ” മക്കളാ… ഞാൻ പറഞ്ഞില്ലേ… നന്ദൻ അവിടെ പഠിപ്പിക്കുന്നുണ്ട്… മോള് കോമേഴ്‌സ് അല്ലേ??..

അവനും അതന്നെയാ… നിങ്ങളപ്പോ ഒരേ ഡിപ്പാർട്മെന്റിൽ വരുംലോ.. ” നിറപുഞ്ചിരിയോടെ പറയുന്ന അയാളെ നോക്കി അവളും പുഞ്ചിരിച്ചു… ഉള്ളിലൊരു ആശ്വാസം… ” ശ്രീമോൾ ഇളയതാ… അവിടെ ബി.കോം പഠിക്കുന്നു… ഇപ്പോൾ സെക്കന്റ്‌ഇയർ… ദേവൂട്ടിയും അതെ പ്രായമല്ലേ??.. അപ്പൊ ഒരു ക്ലാസ്സിൽ തന്നെ ആവുംലോ… ” കൃഷ്ണന്റെ വാക്കുകൾ കേട്ടതും പുതിയൊരു കൂട്ട് കിട്ടിയതിന്റെ തിളക്കം ദേവൂട്ടിയുടെ കണ്ണുകളിലും തെളിഞ്ഞിരുന്നു… എല്ലാവരും എല്ലാംകൊണ്ടും സംതൃപ്തരായി മാറുമ്പോൾ പുതിയൊരു ജീവിതത്തിനു മനസ്സാൽ ഒരുങ്ങുകയും ആയിരുന്നു… ” ന്നിട്ട് ശ്രീമോളേം നന്ദനേം കണ്ടില്ലല്ലോ കൃഷ്ണേട്ടാ… അവരൊക്കെ എന്തിയേ??..കണ്ടിട്ടില്ലല്ലോ ഇതുവരെ..” ഭാനുമതി ചോദിക്കുമ്പോൾ അതറിയാനുള്ള തിടുക്കം ദേവൂട്ടിയുടെ മുഖത്തും കാണാനുണ്ടായിരുന്നു… ”

അവരവിടെ തറവാട്ടിലേക്ക് പോയതാ… രണ്ടും ഒഴിവ് കിട്ടുമ്പോ അപ്പൊ ഓടും… അനന്ദുനേം അപ്പൂനേം കാണാൻ… നല്ല കൂട്ടാന്നെ.. ” “” അനന്ദുവും അപ്പുവും അടുത്ത വീട്ടിലെ കുട്ട്യോളാ… ഇപ്പൊ രണ്ടാളും തനിയെ ഉള്ളൂ അവിടെ… അനന്ദു നന്ദുട്ടന്റെ അടുത്ത കൂട്ടുകാരനാ… പിന്നെ ഞങ്ങൾ അന്നൊക്കെ തറവാട്ടിൽ ആയിരുന്നില്ലേ… ചെറുതിലെ ഉള്ള കൂട്ടാ… അപ്പുമോള് ശ്രീമോൾടെ കൂടെ പഠിക്കാ ഇപ്പോ… നല്ല കുട്ട്യോളാ… അവിടെ തറവാട്ടിലെ ഉമ്മറത്തിണ്ണ ആണ് അവരടെ ഒക്കെ വിഹാരാകേന്ദ്രം…” ഭാനുവിനോടായി രമ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ തന്നെ കൃഷ്ണൻ പറഞ്ഞു… സംസാരിക്കുന്ന വാക്കുകളിൽ സംശയങ്ങൾ ഏതും ബാക്കിനിർത്തിക്കാതെ വിശദമായി പറഞ്ഞുതരുന്ന അധ്യാപകന്റെ ശീലം അദ്ദേഹത്തിൽ എപ്പോഴും ഉണ്ട്… ” അതെന്തായാലും നന്നായി…

അടുത്തുപക്കത്തൊക്കെ നല്ല ആൾക്കാർ ഉള്ളത് ഒരുധൈര്യം ആണല്ലോ ഏട്ടാ… ഞങ്ങൾ മൂന്ന് സ്ത്രീകൾ അല്ലേ ഉള്ളൂ… ” ഭാനുവിന്റെ വാക്കുകൾക്കൊപ്പം ഉള്ളിലെ ആധിക്കുള്ള നേരിയ ആശ്വാസമെന്നോണം ഒരു നെടുവീർപ്പും വന്നു… അവരോടായി എന്തോ പറയാൻ മുതിർന്ന കൃഷ്ണന്റെ കണ്ണുകൾ വാതിലിലേക്ക് നീങ്ങുന്നതും അവ വിടരുന്നതും ചുണ്ടിൽ നിറഞ്ഞൊരു പുഞ്ചിരി സ്ഥാനം പിടിക്കുന്നതും നോക്കി നിന്ന ധ്വനിയുടെ കണ്ണുകളും വാതിലിനടുത്തേക്ക് പാഞ്ഞു… ” കുട്ട്യോള് വന്നൂലോ.. ” ഒരു നിമിഷം ചുറ്റുമുള്ളതെല്ലാം മറന്നുകൊണ്ട് ധ്വനി പടി കടന്നു വരുന്നവനിൽ തന്നെ കണ്ണുകളെ തച്ചിടുമ്പോൾ രമയുടെ സ്വരം കേൾക്കുന്നുണ്ടായിരുന്നു… എല്ലാവരെയും നോക്കി സംശയത്തോടെ ചുരുങ്ങിയ ആ പൂച്ചകണ്ണുകൾ തന്നിലേക്കെത്തിയ നിമിഷം ഇമചിമ്മാതായതും അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് കണ്ണുകളെ പിൻവലിച്ചു…

അവനൊപ്പം നിൽക്കുന്ന പെൺകുട്ടിയെ നോക്കികണ്ടു.. അവളുടെ മുഖത്തെ അമ്പരപ്പ് നോക്കി പുഞ്ചിരിതൂകി… തന്റെ മുന്നിൽ ഇരിക്കുന്ന പെണ്ണിനെ തന്നെയവൻ കണ്ണിമചിമ്മാതെ നോക്കിക്കൊണ്ടിരുന്നു… യാതൊരു ചമയങ്ങളുമില്ലാത്ത വെളുത്തു കൊലുന്നനെയുള്ള അവളുടെ അഴക് മുഴുവനും നെറ്റിയിലുള്ള ചെറിയ കറുത്ത പൊട്ടിൽ ആണെന്ന് തോന്നിപോയി… കണ്ണുകൾ ചെറിയ നക്ഷത്രങ്ങൾക്ക് സമം തിളങ്ങിക്കൊണ്ടിരിക്കുന്നു… പുഞ്ചിരിക്കുമ്പോൾ കൂടുതൽ മനോഹരമാവുന്ന അവളുടെ മുഖത്തിന്റെ മോടി താടിയിലുള്ള ചെറിയ ചുഴിയിൽ ആണെന്നുള്ളത് അത്ഭുതത്തോടെ അവൻ നോക്കി കണ്ടു… കവിളിൽ ചുവന്നു കിടക്കുന്ന വിരൽപാടുകൾ കണ്ട് കണ്ണൊന്നു ചുളുങ്ങി… “നന്ദൂ…” അച്ഛന്റെ സ്വരമാണവനെ സ്വബോധത്തിലേക്കെത്തിച്ചത്…

ചുറ്റുമുള്ളവരെ കുറിച്ച് ഒരു നിമിഷം മറന്നുപോയതിനെ സ്വയം പഴിച്ചുകൊണ്ട് ചെറിയൊരു ചമ്മലോടെ അവൻ അച്ഛനെ നോക്കി… ശ്രീമോള് അവളുടെ ഏട്ടന്റെ കൈയിൽ ചുറ്റിപ്പിടിച്ചുകൊണ്ട് എല്ലാവരെയും അപ്പോഴും മാറി മാറി നോക്കുന്നുണ്ടായിരുന്നു… അവളുടെ ആ നിൽപ്പ് ദേവൂട്ടിയിൽ ഭരതിന്റെ ഓർമ നിറച്ചു… എവിടേയ്ക്ക് പോകുമ്പോഴും അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചുകൊണ്ടിരുന്നിരുന്ന അവളുടെ കയ്യ്കളൊന്നു നോക്കി… നെഞ്ചം വിങ്ങി… അവന്റെ മണിക്കൂറുകൾ മാത്രം നീണ്ട അഭാവം പെണ്ണിന്റെ ഉള്ളിനുള്ളിൽ വേദന നിറച്ചു… ” ന്റെ കൂട്ടുകാരന്റെ ഭാര്യയും കുട്ട്യോളും ആണ് ഇവരൊക്കെ…. നമ്മൾടെ തറവാട്ടിൽ ഇനിയിവര് കാണും…” കൃഷ്ണൻ അയാളുടെ സംസാരം തുടർന്നു കൊണ്ടിരിക്കെ നന്ദു ഭാനുവിനെയും ദേവൂട്ടിയെയും നോക്കി പുഞ്ചിരിച്ചു…

ആ പൂച്ചകണ്ണുകൾ ചെറുതായിക്കൊണ്ട് അവനൊപ്പം ചിരിച്ചു…. “ധ്വനിമോൾക്ക് നിന്റെ കോളേജിൽ തന്നെ ജോലി നോക്കണം… ദ്രുതിമോൾക്കും ശ്രീമോൾടെ ക്ലാസ്സിൽ തന്നെ അഡ്മിഷൻ എടുക്കണം… ഇനി മുതൽ ഇവരിവിടെ കാണും…” നന്ദനോടായി കൃഷ്ണൻ പറഞ്ഞു നിർത്തുമ്പോൾ ശ്രീമോള് വിടർന്ന കണ്ണുകളോടെ ദ്രുതിയെ നോക്കി… പുതിയൊരു കൂട്ട് കിട്ടിയതിന്റെ അവളുടെ സന്തോഷം നിറഞ്ഞൊരു പുഞ്ചിരിയായി ദേവൂട്ടിയിൽ എത്തുമ്പോൾ അവളും മറ്റെല്ലാം മറന്ന് സന്തോഷത്തോടെ കണ്ണുചിമ്മി പുഞ്ചിരിച്ചു… നന്ദനും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… ധ്വനിക്ക് ഒപ്പം ഒരേ കോളേജിൽ ജോലി ചെയ്യാമെന്നും ഇനിയെന്നും ഇവരെല്ലാം അടുത്തു തന്നെ ഉണ്ടാവുമെന്നും ഓർക്കും തോറും ഉള്ളാകെ സന്തോഷം നിറയും പോലെ… പിന്നെയും സംസാരങ്ങൾ തുടർന്നു…

ശ്രീമോളും ദേവൂട്ടിയും മടിച്ചു മടിച്ചു തുടങ്ങിയ സംസാരം നാളുകളുടെ ബന്ധം ഉള്ളവരെപോൽ ആയിതീരാൻ അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല…നന്ദനുമായി ശ്രീമോൾ കളിയായി തല്ലിടുന്നതും അവന്റെ കൈയിൽ തൂങ്ങുന്നതും നെഞ്ചോരം ചേരുന്നതും കാണുമ്പോൾ ദേവൂട്ടി പിന്നെയും പിന്നെയും ഭരതിനൊപ്പമുള്ള നിമിഷങ്ങളിലേക്ക് ചേക്കേറുന്നത് അവളുടെ മുഖത്തെ നിരാശയിൽ നിന്നും ധ്വനിയും തിരിച്ചറിഞ്ഞിരുന്നു… ഒരു സഹോദരനായും കൂട്ടുകാരനായും എപ്പോഴും താങ്ങായി നിന്നവനോടുള്ള നിഷ്കളങ്കമായ സ്നേഹം തന്നെയായിരുന്നു അതെന്നു അവളുടെ കുഞ്ഞുമുഖം വിളിച്ചോതുമ്പോഴും കണ്ണുകളിലെ നീർത്തിളക്കം ധ്വനിയിലും ചെറുതായൊരു സംശയം നിറച്ചു… ദേവൂട്ടി ഇടയ്ക്കിടെ ശ്രീമോളുടെ ചിരി കേട്ട് ഓർമകളിൽ നിന്നു തിരിച്ചു വരികയും അവർക്കൊപ്പം കൂടുകയും ചെയ്തുകൊണ്ടിരുന്നു…

പുതിയതായി കിട്ടിയ കുഞ്ഞനിയത്തിയെയും ഒത്തിരി സ്നേഹത്തോടെ നന്ദൻ ചേർത്തു പിടിക്കുമ്പോൾ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… വാത്സല്ല്യപൂർവം അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് ശ്രീമോൾക്കൊപ്പം തന്നെ ചേർത്തു പിടിക്കുന്ന നന്ദനോട് ധ്വനിക്ക് ആ മാത്രയിൽ തന്നെ ആദരവ് തോന്നുകയായിരുന്നു… മറ്റാരും കാണാതെ സ്വയം പലപ്പോഴും അറിയാതെ തന്നെ നന്ദന്റെ കണ്ണുകൾ ധ്വനിയുടെ ചിരിക്കുമ്പോൾ വിരിയുന്ന താടിച്ചുഴിയിൽ തടഞ്ഞു നിന്നു.. ഇതുവരെ അറിയാത്ത എന്തൊക്കെയോ മാറ്റങ്ങൾ സ്വയം സംഭവിക്കുന്നത് തിരിച്ചറിയുമ്പോൾ ഉള്ളിൽ ഭയവും തോന്നുന്നുണ്ടായിരുന്നു അവന്… സ്വയം നിയന്ത്രണത്തിൽ നിന്നും വ്യതിചലിക്കുന്ന കണ്ണുകളെ പലപ്പോഴും ശാസനയോടെ പിൻവലിപ്പിക്കുമ്പോൾ നിമിഷം നേരംകൊണ്ട് അവളിലെക്കടുപ്പിച്ചതെന്ത് എന്ന് അവനുപോലും തിരിച്ചറിയാനാവുന്നില്ലായിരുന്നു…

മണിക്കൂറുകൾ മുൻപ് വരെ നോവോടെ വേദനിച്ചിരുന്ന മൂന്ന് ഹൃദയങ്ങളിൽ സന്തോഷം പടരുന്നുണ്ടായിരുന്നു… വേദനകളും ദുഖങ്ങളും നിറഞ്ഞിരുന്ന ദിവസങ്ങൾ ഉള്ളിനുള്ളിൽ മാഞ്ഞുപോവുന്നതവർ അറിഞ്ഞു.. വേവലാതിയോടെ കാലെടുത്തു വച്ച പുതിയ ജീവിതം ഒരുപാട് പ്രതീക്ഷകൾ നല്കുന്നുണ്ടായിരുന്നു അവർക്ക്… ആ പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കും വിധം താങ്ങായി ഹൃദയത്തിനാൽ കോർത്തിണക്കിയ ബന്ധങ്ങളും… രാത്രിയിൽ ഉറക്കം വരാതെ കിടക്കുകയായിരുന്നു ധ്വനി… ചിന്തകളിൽ രാവിലെ മുതലുള്ള സംഭവങ്ങൾ നിറഞ്ഞു നിൽക്കെ ദേവൂട്ടിയുടെ മുഖത്തെ സങ്കടവും തെളിഞ്ഞു വന്നു.. അവളോടൊന്നു സംസാരിക്കാതെ വയ്യെന്നായതും മുറിയിൽ നിന്നും പതിയെ ഇറങ്ങി.. എന്തു സംസാരിക്കണമെന്നോ എങ്ങനെ തുടങ്ങണമെന്നോ നിശ്ചയമില്ല…

എന്നിരുന്നാലും ദേവൂട്ടിയുടെ ഉള്ളിൽ ഉള്ള നോവിന്റെ ശരിയായ കാരണം മനസിലാക്കാതിരിക്കാൻ അവളിലെ സഹോദരിക്ക് കഴിയുമായിരുന്നില്ല… ഭരതിനു അവൾ നൽകിയിരിക്കുന്ന സ്ഥാനം തിരിച്ചറിയാതെ പോകുവാനോ അവളുടെ ലോലമനസ്സിനെ തെറ്റിദ്ധാരണകൊണ്ട് വേദനിപ്പിക്കാനോ കഴിയാത്തതിനാൽ കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ധ്വനി തൊട്ടടുത്ത മുറിയിലേക്ക് നടന്നു… നന്ദകൃഷ്ണന്റെ തറവാട് ഒത്തിരി വലിയ നാലുകെട്ട് തന്നെയായിരുന്നു… മുകളിലെ മുറികളിൽ പലതും അടഞ്ഞു കിടന്നിരുന്നെങ്കിലും അതിൽ ഒന്ന് ധ്വനിയും മറ്റൊന്ന് ദേവൂട്ടിയും എടുത്തു… താഴെയുള്ള മുറികളിലൊന്നിൽ അമ്മയും കൂടി… “ദേവൂട്ടി ഉറങ്ങിയില്ലേ ഇതുവരെ…” എങ്ങോ നോക്കി ചിന്തകളിൽ മുഴുകികൊണ്ട് കിടക്കുന്ന പെണ്ണിന്റെ തലയിൽ തഴുകി ധ്വനി ചോദിക്കുമ്പോൾ അവളൊന്നു ഞെട്ടിയിരുന്നു…

കണ്ണുകൾ ഭയത്തോടെ നാലുപാടും ചലിപ്പിച്ചുകൊണ്ട് അവ ധ്വനിയിലെത്തി നിൽക്കും നേരം ആ കുഞ്ഞ് മുഖത്തൊരു ആശ്വാസം നിറഞ്ഞു… “ധച്ചേച്ചി…” അവളൊന്നു കൊഞ്ചിക്കൊണ്ട് വിളിച്ചു… തൊട്ടടുത്തായി ഇരിക്കുന്ന ധ്വനിയുടെ മടിയിലേക്ക് തല വെച്ചു… ഇരു കയ്യാലെയും ചുറ്റിപ്പിടിച്ചു… ഇടക്കൊന്നു കുറുകികൊണ്ട് വയറിൽ മുഖം വെച്ചുരസി… ധ്വനി ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു… ” എന്താടി പെണ്ണെ??… ധച്ചേച്ചിടെ ദേവൂന് ഉറക്കം ഒന്നൂല്ല്യേ??.. ” കൊഞ്ചിച്ചുകൊണ്ടുള്ള പെണ്ണിന്റെ സ്വരം… മടിയിൽ കിടന്നാൽ ദേവൂട്ടി മുഖമുയർത്തി ചേച്ചിയെ നോക്കി.. കണ്ണു ചിമ്മി… പുഞ്ചിരിച്ചു… ആ പുഞ്ചിരിയിലെവിടെയോ വേദന… അത് തിരിച്ചറിഞ്ഞവണ്ണം ചേച്ചിയുടെ മുഖഭാവത്തിലും ആകുലത… ” ഉറക്കം വന്നില്ല… നിക്ക്… നിക്ക് എല്ലാരേം കാണാൻ തോന്നാ…

ഗീതമ്മേനേം… ഭഗതേട്ടനേം… ഭരതേട്ടനേം… എല്ലാരേം… നിക്ക്… സൻ… സങ്കടം… തോന്നുവാ ചേച്ചി… അവരെ… നിക്ക്… ” ഇടറിയ വാക്കുകൾ ഏന്തലുകളിൽ അവസാനിപ്പിച്ചുകൊണ്ടവൾ ചേച്ചിയുടെ മടിയിൽ മുഖം പൂഴ്ത്തി… ചുറ്റിപ്പിടിച്ച കയ്യ്കൾക്ക് മുറുക്കമേറി… ” വെഷമിക്കാതെ മോളെ… ഈ ഒരു അകൽച്ച നമുക്കിപ്പോ ആവശ്യാ… എവടെ ആയാലെന്താ… അവരൊക്കെ നമ്മൾടെ ഉള്ളിൽ തന്നെയില്ലേ??…” തന്റെ മടിയിൽ കിടക്കുന്ന ദേവൂട്ടിയെ ധ്വനി പതിയെ തഴുകികൊണ്ടിരുന്നു… “നോക്ക്… ചേച്ചിടെ ദേവൂസ് നോക്കിയേ.. ” പതിയെ അവളുടെ മുഖമുയർത്തി… നിറഞ്ഞ മിഴിയാലേ അവൾ ധ്വനിയെ നോക്കി… ” ഇത്രയും കൊല്ലത്തിനിടക്ക് ഭരതേട്ടന്റെയോ ഭഗതിന്റെയോ ഗീതമ്മയുടെയോ സ്വരം ഉയർന്നു കേട്ടിട്ടുണ്ടോ നമ്മൾ ആ വീട്ടിൽ??… ഇല്ലല്ലോ??… ഇന്ന് പക്ഷേ മോള് കണ്ടുവോ… ഭരതേട്ടൻ.. ഏട്ടൻ ആദ്യമായി മാമക്കെതിരെ സംസാരിച്ചത്… ” അവളൊന്നു നിർത്തി…

നിറഞ്ഞിരിക്കുന്ന ദേവൂട്ടിയുടെ കണ്ണുകൾ തുടച്ചു… ” അടിച്ചും തൊഴിച്ചും ശാസിച്ചും കാൽചുവട്ടിൽ ഇട്ടിട്ട് അച്ഛനെന്ന പേരും… പെറ്റമ്മയെ വച്ചുള്ള ഭീക്ഷണി….. അച്ഛനെന്ന സ്ഥാനത്തോടുള്ള ബഹുമാനവും…. നരകിപ്പിച്ചു മതിയായില്ല അയാൾക്ക്… സ്വന്തമായി കരുതിയതൊക്കെ നഷ്ടപെടുന്ന അവസാന നിമിഷത്തിൽ മാത്രേ ഇവരൊക്കെ എതിർക്കാൻ പഠിക്കൂ… മാറണം മോളെ… അവരെല്ലാം മാറണം… ” ആ കുഞ്ഞുമുഖം നെഞ്ചോട് ചേർത്തു… ദേവൂട്ടി ചേച്ചിയെ മുറുക്കി വരിയുമ്പോൾ ധ്വനി അവളുടെ നെറുകിൽ ചുംബിച്ചു… നെഞ്ചിലേക്ക് തന്നെ അമർത്തി പിടിച്ചു… ” വെറുതെ വിഷമിക്കല്ലെട്ടോ ചേച്ചീടെ കുട്ടി… ” വാത്സല്യത്തോടെയുള്ള അവളുടെ സ്വരം… ദേവൂട്ടിയൊന്നു മൂളി… ” ഭരതേട്ടൻ … ഏട്ടൻ ഗിഫ്റ്റ് തരാൻ വച്ചതാണല്ലേ ആ മോതിരം??.. ”

ചേച്ചിയുടെ മാറിൽ പതുങ്ങിക്കൊണ്ട് തന്നെ പതിയെ ചോദിച്ചു… ധ്വനിയൊന്നു ഞെട്ടി… നെഞ്ചിൽ ചേർന്നിരിക്കുന്നവളെ നോക്കി… തഴുകിയ കൈകൾ അറിയാതെ നിശ്ചലമായി… ” ധച്ചേച്ചി വാങ്ങീതാണെന്നു വിചാരിച്ചു ദേവു… രാവിലത്തെ ബഹളം കണ്ടപ്പോ മനസിലായി ഏട്ടന്മാർ ആരേലും ചെയ്ത പണിയാകും ന്ന്…” അവളൊന്നു നിർത്തി… ” ധച്ചേച്ചി… ഇന്ന്…. ഇന്ന് വേറൊരു ഭരതേട്ടനെ കണ്ടപോലെ… നിക്ക് അറിയാവുന്ന ഭരതേട്ടൻ ആയിരുന്നില്ല ഇന്ന്… ഏട്ടന്റെ മുഖത്തെ ഭാവങ്ങളൊക്കെ… ഒക്കെ ആദ്യായി കാണുംപോലെ… ചിലപ്പോ… ചിലപ്പോ പേടിച്ചിട്ടാവും ലേ… മാമൻ അറിയോന്ന്… ആവും… നിക്കും തോന്നി… ആ മുഖം കണ്ടപ്പോ… ഏട്ടൻ ആവും ഗിഫ്റ്റ് വച്ചതെന്നു… ന്നെ പറ്റിക്കാൻ ചെയ്തതാവും… സാരല്ല്യ… നമ്മടെ ഏട്ടനല്ലേ… ” ദേവൂട്ടി പിന്നെയും ചേച്ചിയെ മുറുക്കി വരിഞ്ഞു… പതിയെ മുഖമുയർത്തി വീർത്ത് കിടക്കുന്ന ഇടം കവിളിൽ മുത്തി… പതിയെ കയ്യ്കൊണ്ട് തഴുകി..

ചുളിഞ്ഞുപോയ ആ മുഖം കാണെ വേദന തിരിച്ചറിഞ്ഞപോൽ കൈയ് പിൻവലിച്ചു… ” നിക്ക് അടി കിട്ടാൻ നേരം മേലാൽ ഇടേൽ കേറരുത് ട്ടോ… ഇതൊരു പാഠം ആവട്ടെ ടീച്ചർക്ക്… ” വേദനയെ കുറുമ്പ് നിറഞ്ഞ സംസാരത്തിൽ തളച്ചിട്ടു… ചേച്ചിയുടെ മടിയിലേക്ക് കിടന്നുകൊണ്ട് പിന്നെയും ഇടുപ്പിനെ കൈയ്കളാൽ ചുറ്റിവരിഞ്ഞു.. ധ്വനി ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തഴുകി… ചുമരിനോട് ചാരി ഇരുന്നു കണ്ണുകളടച്ചു… കൂടുതൽ പറയാനോ ചോദിക്കാനോ തോന്നിയില്ല… ദേവൂട്ടിയുടെ വാക്കുകളിൽ വരുന്ന ഏട്ടൻ എന്നാ പദത്തിന് സഹോദരൻ എന്ന അർത്ഥം തന്നെയാണെന്ന് മനസുപറയുന്നു… എന്നിരുന്നാലും ഭരതേട്ടനിലെ ഭാവമാറ്റങ്ങൾ അവളും മനസിലാക്കിയിരിക്കുന്നു.. എന്തെന്തോ ഏതെന്നൊ അറിയാതെ…. തന്നോടുള്ള അടങ്ങാത്ത പ്രണയമാണെന്നറിയാതെ…

ഇരുപതു വയസ്സിലും പണ്ടത്തെ പത്തു വയസ്സുകാരിയെ പോലെ… ഭരതേട്ടൻ അവൾക്കായുള്ളത് ആണേൽ എന്നേലും അവളിലേക്ക് തന്നെ എത്തിച്ചേരട്ടെ… അവളെ സ്നേഹത്താൽ പൊതിയട്ടെ… മറ്റെന്തിനെയും ആരെയും എതിർത്തു നിന്നുകൊണ്ടായാലും അവളെ നെഞ്ചോരം ചേർത്തുപിടിക്കട്ടെ… നിറഞ്ഞൊരു പുഞ്ചിരിയോടെ ധ്വനി ആലോചനകളിൽ മുഴുകി ഉറക്കത്തിന്റെ പടിവാതിലേക്കെത്തി നിൽക്കുമ്പോൾ പുറത്ത് നിന്നും കേൾക്കുന്ന നേർത്ത പാട്ടിന്റെ വരികൾ അവളുടെ കാതുകളെ മൃതായി പുൽകിക്കൊണ്ടിരുന്നു… അറിയാതെ വിടർന്ന ചുണ്ടിലെ പുഞ്ചിരിക്കു മാറ്റ് കൂടുതലായിരുന്നു… “””””

…….കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം…… കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം…… പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം….. ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം…. ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം… ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ…. സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ….. നിൻ മൗനമോ പൂമാനമായ്….. നിൻ രാഗമോ ഭൂപാളമായ്…. എൻ മുന്നിൽ നീ പുലർകന്യയായ്……….  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 2

Share this story