തോളോട് തോൾ ചേർന്ന്: ഭാഗം 3

തോളോട് തോൾ ചേർന്ന്: ഭാഗം 3

എഴുത്തുകാരി: ജിച്ചന്റെ കാവു

” ധച്ചേച്ചി… അവരെത്തി… വേഗം വാ… ” പടിപ്പുര കടന്നു വരുന്ന ഹരിനന്ദനെയും ശ്രീനന്ദിതയെയും കണ്ട് ഉമ്മറത്തിണ്ണയിൽ ഇരുന്ന ദേവൂട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു… ” മതി ധച്ചേച്ചി…. വേഗം വാന്നെ… അമ്പലം അടക്കാവോ…” അകത്തുനിന്നും ധ്വനിയുടെ ശബ്ദം നേരിയ രീതിയിൽ കേൾക്കുന്നുണ്ടെങ്കിലും പറയുന്നതെന്തെന്ന് വ്യക്തമാകാത്തതുകൊണ്ട് പിന്നെയും ദേവൂട്ടി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തന്നെ ഇട്ടിരുന്ന ചുവന്ന പട്ടുപാവാട തെല്ലുയർത്തിപിടിച്ചു ശ്രീമോൾടെ അടുത്തേക്കൊടി… “എന്താടി കാ‍ന്താരി…. എന്തൊരു ഓട്ടാ ഇത്??.. ഞങ്ങൾ ഇങ്ങോട്ട് തന്നെ അല്ലേ പെണ്ണെ??..

” ഉമ്മറത്തിണ്ണയിൽ നിന്നും ചാടിയിറങ്ങി ഓടിവരുന്ന ദേവൂട്ടിയോടായി പറഞ്ഞുകൊണ്ട് നന്ദൻ പുഞ്ചിരിച്ചു…ദേവൂട്ടി ശ്വാസമെടുക്കാൻ പാടുപെട്ടുകൊണ്ട് കിതക്കുന്നത് കാൺകെ ശ്രീമോളും ചിരിയോടെ അവളെ തന്നെ നോക്കി ചേർത്തുപിടിച്ചു… ” ധ്വനി ചേച്ചി എന്തേ ദേവൂ??.. ” ഉമ്മറത്തേക്ക് നടക്കും വഴി അകത്തേക്ക് തന്നെ കണ്ണും നട്ടുകൊണ്ട് ശ്രീമോൾ ചോദിക്കുമ്പോൾ പ്രിയപ്പെട്ടതെന്തോ കാണാൻ തിടുക്കം കൂട്ടുകയായിരുന്നു നന്ദന്റെ കണ്ണുകൾ… ” ധച്ചേച്ചി അടുക്കളേൽ പണീലായിരുന്നു… അമ്മക്ക് എന്തോ ക്ഷീണം പോലെ… കിടക്കാ… ന്നിട്ടിപ്പോ ധച്ചേച്ചി റെഡിയാവാൻ ഓടിയിട്ടുണ്ട്.. ഇപ്പൊ വരുംട്ടോ.. ” വാക്കുകൾക്കൊപ്പം പെണ്ണിന്റെ കുഞ്ഞുമുഖത്തു വിരിയുന്ന ഭാവങ്ങൾ അവരിരുവരും നോക്കി നിന്നു… വല്ലാത്തൊരു കുട്ടിത്തമായിരുന്നു അവളുടെ ഓരോ ഭാവത്തിലും…

“അമ്മക്കെന്താ മോളെ പറ്റിയെ??..” നന്ദന്റെ സ്വരത്തിൽ ആകുലത നിറഞ്ഞു … ” അതോ… അത് ഇന്നലെ കൊറേ കരഞ്ഞില്ലേ… അതാ… തലവേദന… ഉറങ്ങാ ഇപ്പൊ… നന്നായി ഒന്നുറങ്ങിയാ ശരിയായിക്കോളും ഏട്ടാ… ” നന്ദനോട് പറഞ്ഞുകൊണ്ട് ദേവൂട്ടി പതിയെ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു… അവനു ഇഷ്ടപ്പെടുമോ എന്നറിയാത്തതിനാൽ മടിച്ചു മടിച്ചു തെല്ലൊരു ഭയത്തോടെ അവനെ നോക്കി… ഒത്തിരി വാത്സല്ല്യത്തോടെ നന്ദൻ അവളുടെ തലയിൽ തലോടി… ദേവൂട്ടി നിറഞ്ഞു പുഞ്ചിരിച്ചു…. അതെ ചിരിയോടെ ശ്രീമോളെ നോക്കിയൊന്നു കണ്ണുചിമ്മി… ” ശ്രീ… പിന്നേയ്… ധച്ചേച്ചി ന്ന് വിളിച്ചാൽ മതിട്ടോ ചേച്ചീനെ.. ധ്വനി ചേച്ചിന്നു ഒന്നും വിളിക്കാൻ നിക്കണ്ട… എല്ലാരും ധച്ചുന്നു വിളിക്കാ…

ഞാൻ മാത്രാ ധച്ചേച്ചി ന്ന് വിളിക്കാ… ഇനി നീയും വിളിച്ചോ.. ” കുസൃതിയോടെ ശ്രീമോളോടായി ദേവൂട്ടി പറയുമ്പോൾ ശ്രീ സന്തോഷത്തോടെ അവളുടെ കൈയിൽ കൈയ് കോർത്തു… ” അപ്പൊ നീ ന്റെ ഏട്ടനെ ഹരിയേട്ടാ ന്ന് വിളിച്ചോ… എല്ലാരും നന്ദുന്നു വിളിക്കാ… ഞാനും അപ്പൂം മാത്രാ ഹരിയേട്ടാന്നു വിളിക്കണേ… ഇനി തൊട്ട് ദേവൂസും അങ്ങനെ വിളിച്ചോ.. ” രണ്ട് പെങ്ങന്മാരുടെയും സന്തോഷവും സംസാരവും നോക്കികൊണ്ട് പുഞ്ചിരിയോടെ നന്ദൻ നിൽക്കുമ്പോഴാണ് വാതുക്കലിലായൊരു കാൽപ്പെരുമാറ്റവും കൊലുസ്സിന്റെ താളവും കേട്ടത്… മനസ്സിനു മുൻപേ കണ്ണുകൾ ധൃതിയിൽ അവിടേക്ക് പായുമ്പോൾ കണ്ടു ചെറിയ ഗോൾഡൻ ബോർഡറിലുള്ള കരിംപച്ച കളറിലെ സാരിയും ചുറ്റി മുടിത്തുമ്പ് കെട്ടിക്കൊണ്ട് നടന്നുവന്ന പെണ്ണിനെ…

ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ ആയിപോയി നന്ദന്… കട്ടിയായ പുരികങ്ങൾക്കിടയിൽ ഒരു ചെറിയ ചുവന്ന പൊട്ട് മാത്രം… അവളുടെ ഓരോ കാലടികൾക്കനുസരിച്ചു ചിരിക്കുന്ന കൊലുസും ആടിയുലയുന്ന സാരിഞ്ഞൊറികളും… നനഞ്ഞ മുടിത്തുമ്പ് മുൻപിലേക്കിട്ട് കെട്ടുന്നതിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് നടന്നു വരുന്ന പെണ്ണ് ഒരു നിമിഷം മുഖമുയർത്തി മുറ്റത്തുള്ളവരെ നോക്കിയതും അവളുടെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു.. ആ പുഞ്ചിരിക്കൊപ്പം ചിരിതൂക്കുന്ന താടിച്ചുഴിയിൽ ഒരിക്കൽ കൂടി സ്വയം മറന്നലിഞ്ഞു ചേർന്നുകൊണ്ട് നന്ദൻ അവളുടെ ആ രൂപം ഉള്ളിലേക്കാവഹിച്ചു… വല്ലാത്തൊരു ചൈതന്യമായിരുന്നു അവളിൽ… അവളെ മാത്രം നോക്കിനിന്നിരുന്ന പൂച്ചക്കണ്ണുകൾ തിളങ്ങി… ” ധച്ചേച്ചി… ”

ശ്രീമോൾ ഉറക്കെ വിളിച്ചുകൊണ്ടവളുടെ അടുത്തേക്ക് നടന്ന് കൈയ്കളിൽ കൈയ് കോർത്തു… ശ്രീയുടെ സ്വരം നന്ദനെ പിടിവിട്ടുപോവുന്ന ചിന്തകളിൽ നിന്നും ഉണർത്തുമ്പോൾ ചുണ്ടിലെ പുഞ്ചിരി തെളിമയോടെ തന്നെ നിന്നിരുന്നു… ” സോറിട്ടോ… കുറച്ച് തിരക്കിലായിപ്പോയി… ഒരുപാട് ലേറ്റ് ആക്കിയല്ലേ ഞാൻ..??.. ” ഒരു പുഞ്ചിരിയോടെ ധച്ചു ശ്രീമോളെയും ദേവൂട്ടിയ്ക്കടുത്തു നിൽക്കുന്ന നന്ദനെയും മാറി മാറി നോക്കി പറഞ്ഞുകൊണ്ട് കെട്ടിയ മുടിത്തുമ്പ് പുറകിലേക്കായി ഇട്ടു… നന്ദന്റെ കൈയിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന ദേവൂട്ടിയുടെ കൈയ്കളെ അത്ഭുതത്തോടെ നോക്കി… ”

ഇല്ലെടോ… എത്തിയെ ഉള്ളൂ ഞങ്ങൾ… വൈകിക്കണ്ട നമുക്ക് നടക്കാം… ” കണ്ണുകളെ അവളിൽ നിന്നും മടിയോടെ പിൻവലിച്ചുകൊണ്ടവൻ മുൻപിലായി നടക്കുമ്പോൾ ദേവൂട്ടിയും അവനോടൊപ്പം കൂടി… അവർക്കു പിന്നാലെ ധച്ചുവും ശ്രീയും കൂടി അമ്പലത്തിലേക്ക് നടന്നു… കതിരണിഞ്ഞു നിൽക്കും നെൽപാടത്തിനിടയിലൂടെ നടന്നുകൊണ്ട് നെല്ലോലകളിൽ മഞ്ഞിൻതുള്ളികളുടെ ഇളവെയിലേറ്റുകൊണ്ടുള്ള തിളക്കം ആസ്വദിച്ചു ദേവൂട്ടി കണ്ണു വിടർത്തുമ്പോൾ തൊട്ടു പുറകിലായി തന്നെ വന്നുകൊണ്ട് ശ്രീമോളും പുതിയ ഓരോ കാഴ്ചകൾ അവൾക്ക് കാണിച്ചുകൊടുത്തുകൊണ്ടിരുന്നു… ദേവൂട്ടിയെ പോലെ തന്നെ ധ്വനിയും ചുറ്റും കാണുന്ന സുന്ദര കാഴ്ചകൾ കണ്ണിലും മനസ്സിലും നിറച്ചുകൊണ്ട് ചുണ്ടിലൊരു ചെറു പുഞ്ചിരിയുമായി നടക്കുന്നത് ഇടയ്ക്കിടെ അവളിലേക്കെത്തുന്ന നന്ദന്റെ മിഴികളിലും പതിഞ്ഞു…

അകലെ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ഭക്തിഗാനങ്ങൾ അടുത്തുവരും തോറും വല്ലാത്തൊരു കുളിർമ ഏവരുടെയും മനസിനെ പൊതിഞ്ഞിരുന്നു… ” ദേവൂ… നിനക്കൊരു സർപ്രൈസ് ഉണ്ടിവിടെ… ” ദേവൂട്ടിയുടെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് ശ്രീമോൾ പറയുമ്പോൾ ദേവുവിനെ പോലെ തന്നെ ധ്വനിയും എന്താണെന്നറിയാതെ പുരികം ചുളുക്കി… ഹരിനന്ദനൊരു കള്ള ചിരിയോടെ അവരെ നോക്കികൊണ്ട് പാടവരമ്പത്തോട് ചേർത്തുള്ള ആൽമരത്തിണ്ണയിൽ കൈയ് കുത്തി ഉയർന്നു കയറിയിരുന്നു… “നിക്കോ??.. നിക്കെന്ത് സർപ്രൈസ്??..” ദേവൂട്ടി എല്ലാവരെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു..ചേട്ടന്റെയും അനിയത്തിയുടെയും ചുണ്ടിൽ കുസൃതി നിറഞ്ഞ ചിരി…

ധ്വനി ഒന്നും മനസിലാവാതെ നിൽക്കുമ്പോഴും തൊട്ടടുത്തായുള്ള അമ്പലത്തിൽ നിന്നുയിരുന്ന ഭക്തിഗാനം ഉള്ളിൽ മൂളിക്കൊണ്ടിരുന്നു… എന്തോ… വല്ലാത്തൊരു തണുപ്പ് അവൾക്കുള്ളിൽ നിറയും പോലെ… പാടവും… ആൽത്തറയും… അമ്പലവും… പാടത്തിനോട് ചേർന്ന് കാണുന്ന കുളവും… എല്ലാമെല്ലാം വല്ലാത്തൊരു കൊതിയോടവൾ നോക്കികണ്ടു… ഉള്ളിലപ്പോഴും പാട്ടിന്റെ വരികൾ… ചുറ്റുമുള്ളവരുടെ സംസാരങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ കൂടി മനസ്സെല്ലാം കാഴ്ചകളിൽ ഉടക്കിനിൽക്കുന്നു… എല്ലാം കൊതിയോടെ നോക്കികാണുന്ന പെണ്ണിനെ ഇടക്കൊന്നു ഒളിക്കണ്ണിട്ടു നോക്കി നന്ദൻ… കുസൃതി നിറഞ്ഞ ചിരി പിന്നെയും തെളിഞ്ഞു… ” ദേ… അതാണ്‌ സർപ്രൈസ്… ന്റെ അപ്പൂ… ”

നന്ദനടുത്തു നിന്ന ശ്രീമോൾ ദേവൂട്ടിയുടെ പുറകിലോട്ട്നോക്കി കണ്ണുകൊണ്ട് കാണിച്ചു പറഞ്ഞതും ദേവൂട്ടി തിരിഞ്ഞു നോക്കി.. അമ്പലത്തിൽ നിന്നും പാടത്തേക്കുള്ള പടികൾ ഇറങ്ങി വരുന്ന ഒരു സുന്ദരികൊച്ചു… അവളുടെ നീട്ടിയെഴുതിയ കണ്ണുകളിൽ ഒരായിരം പൂർണചന്ദ്രന്റെ ശോഭ… ശ്രീമോളെ കണ്ടതും അവളുടെ കണ്ണുകൾ വിടരുകയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു.. അതെ പുഞ്ചിരിയോടെ ഉടുത്തിരിക്കുന്ന ദാവണിയുടെ പാവാടത്തുമ്പ് ഒരുകയ്യാൽ പൊക്കി പിടിച്ചു മറുകയ്യിൽ പ്രസാദവുമായി പെണ്ണ് നടന്നടുക്കുമ്പോൾ ധ്വനിയും അവളെ തന്നെ ശ്രദ്ധിച്ചു… എല്ലാവരെയും മാറി മാറി നോക്കികൊണ്ടവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു… ”

നിക്ക് മനസ്സിലായിട്ടോ… ദേവൂട്ടിയും ധ്വനി ചേച്ചിയും അല്ലേ??.. കണ്ടില്ലേലും നിക്കറിയാം… ഈ പെണ്ണ് ഇന്നലെ നിങ്ങൾ വന്നപ്പോ തൊട്ട് ഫോണിൽ വിശേഷം പറച്ചിലായിരുന്നു… ” ദേവൂട്ടിയുടെ കയ്യും പിടിച്ചു ശ്രീയെ കാണിച്ചുകൊണ്ട് കുറുമ്പോടെ അപ്പു പറയുമ്പോൾ അവളെ നോക്കി മുഖം വീർപ്പിച്ചു നിൽക്കുകയായിരുന്നു ശ്രീമോൾ… അപ്പുവോന്നു കണ്ണുചിമ്മി ധ്വനിയെയും നോക്കി പുഞ്ചിരിച്ചു… നന്ദനടുത്തേക്ക് നടന്നു ചെന്ന് കൈയിലെ പ്രസാദം നീട്ടി… അവനവളെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് പ്രസാദം എടുത്തു നെറ്റിയിൽ തൊട്ടു.. ” ഈ ഹരിയേട്ടൻ അമ്പലത്തിൽ കേറില്ലാട്ടോ.. ഇവിടെ ഈ ആൽത്തറ വരെയേ വരുള്ളൂ… ” ധ്വനിയെ നോക്കി ചിരിയോടെ അപ്പു പറഞ്ഞു നിർത്തി.. ” ന്റെ അനന്ദുവേട്ടനും അതെ… രണ്ടും കണക്കാ… ഇന്നിപ്പോ മിത്തുമോൾ ഉള്ളോണ്ട് കേറീട്ടുണ്ട്… ”

അവൾ നന്ദനെ നോക്കി മൂക്ക് ചുളിച്ചു കാണിച്ചു… അവൻ അമ്പലത്തിൽ കേറാത്തത്തിലുള്ള പരിഭവം പോലെ മുഖം വീർപ്പിച്ചു.. പെണ്ണിന്റെ തലയിലൊന്നു കൊട്ടിക്കൊണ്ട് നന്ദൻ പതിയെ ആൽത്തറയിൽ നിന്നും ഇറങ്ങിക്കൊണ്ട് ധ്വനിക്കടുത്തേക്ക് ചെന്നു… അവളും ഒരു പുഞ്ചിരിയോടെ ശ്രീയുടെയും ദേവുവിന്റെയും ഒപ്പം സംസാരത്തിൽ പങ്കു ചേർന്നു… ഒരു കുഞ്ഞിന്റെ ചിരിയുടെ സ്വരം കേട്ടുകൊണ്ട് ധ്വനി കണ്ണുകൾ ചുറ്റും പായിക്കുമ്പോൾ പടിക്കൾക്കുമുകളിൽ ഒരു കുഞ്ഞിപ്പെണ്ണിനെ ഇരു കയ്യാലെയും നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്നവനിലേക്ക് അവ എത്തി നിന്നു…

അവന്റെ തിങ്ങി വളർന്നു നിൽക്കുന്ന താടിയിലൂടെ കുഞ്ഞികയ്യ് കൊണ്ട് തലോടിയും വലിച്ചും ചുണ്ട് ചേർത്തും കുഞ്ഞികുറുമ്പി കുടുകുടാ ചിരിച്ചുകൊണ്ടിരിക്കുന്നു… അവളുടെ ആ ചിരിക്കൊപ്പം പുഞ്ചിരി തൂകുന്ന അവന്റെ കണ്ണുകളിൽ ഒരു നിമിഷം അവളുടെ മനസ്സുടക്കി… കുഞ്ഞിനെപോലെ ചുണ്ടുകൊണ്ടും പുരികം കൊണ്ടും ഓരോന്ന് കാട്ടികൊണ്ട് കൈയിലെ കുറുമ്പിയെ ചിരിപ്പിക്കുമ്പോഴും അവൻ ഇടക്ക് തോളിലെ പാതി അഴിച്ച കറുത്ത ഷർട്ടും പിടിച്ചിടുന്നുണ്ട്… അറിയാതെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവരിൽ തന്നെ കണ്ണുകൾ പതിപ്പിച്ചുകൊണ്ടവൾ നിൽക്കുമ്പോൾ ചുറ്റുമുള്ളരെയൊന്നും ശ്രദ്ധിക്കാതെ അവനും കുഞ്ഞിന്റെ ലോകത്തായിരുന്നു..

ഒരിക്കൽ കൂടി തോളിലെ ഷർട്ട്‌ പിടിച്ചിട്ട് കുഞ്ഞിനെ ഇരു കയ്യാലെയും മുറുക്കെ പിടിച്ചുകൊണ്ടവൻ സൂക്ഷ്മതയോടെ പടികൾ ഇറങ്ങുമ്പോൾ ഒരു വശത്തേക്ക് ചെരിഞ്ഞും പിന്നെ നിവർന്നും പോകുന്ന ശരീരത്തോടൊപ്പം ആ കുഞ്ഞും പറ്റിപ്പിടിച്ചിരുന്നിരുന്നു… ഓരോ കാലടി വയ്ക്കുമ്പോഴും ആടിയുലയുന്നതിൽ രസം കണ്ടുകൊണ്ട് കുഞ്ഞ് ഉറക്കെ ഉറക്കെ ചിരിക്കുമ്പോൾ വിടർന്ന കണ്ണുകളോടെ അവനാ കുഞ്ഞിനെ നോക്കികൊണ്ടിരുന്നു… അവളുടെ ചിരി അവനിലും പകർന്നുകൊണ്ടിരുന്നു… കയ്യിലുള്ള കുഞ്ഞിന്റെ മുഖത്തേക്കാൾ വാത്സല്യം നിറഞ്ഞ മുഖവുമായി ഉടുത്തിരിക്കുന്ന മുണ്ടിൽ കാലുകൾ കുരുങ്ങാതെ വലിച്ചു വച്ചുകൊണ്ട് പടികൾ പതിയെ പതിയെ ഇറങ്ങുന്നവനെ ധ്വനി നോക്കികണ്ടു… വല്ലാത്തൊരു നിഷ്കളങ്കത നിറഞ്ഞു നിന്നിരുന്നു അവന്റെ മുഖത്തു…

പടികൾ ഇറങ്ങി കുഞ്ഞിനെ ചേർത്തു പിടിച്ചുകൊണ്ട് ചിരിയോടെ കിതപ്പടക്കുന്നവന്റെ നെഞ്ചിൽ ചാഞ്ഞു കുഞ്ഞുപെണ്ണും ചിരിക്കുന്നുണ്ട്…ഇടയ്ക്കവനെ ഒളികണ്ണിട്ട് നോക്കുന്നുണ്ട്.. ” അതാണ്‌ ആനന്ദ് കൃഷ്ണ…ഞങ്ങൾടെ അനന്ദു…” തൊട്ടടുത്തു നിന്നുള്ള നന്ദന്റെ സ്വരം… ധ്വനിയൊന്നു ഞെട്ടി… ഒരു വെപ്രാളത്തോടെ മുഖം ചെരിച്ചുകൊണ്ട് അവനെ നോക്കി… അവൾക്കടുത്തു നിന്നുകൊണ്ടവൻ അനന്ദുവിനെ തന്നെ നോക്കി നിൽക്കുകയാണ്… ചുണ്ടിൽ പുഞ്ചിരിയും… ധ്വനിയും ഒരിക്കൽ കൂടി അനന്ദുവിലേക്ക് കണ്ണുകൾ പായിക്കും നേരംതന്നെ കിതപ്പടക്കാൻ ശ്രമിച്ചുകൊണ്ട് അനന്ദുവും അവരെ നോക്കിയിരുന്നു… അവന്റെ ഇരു പുരികങ്ങളും ഒരു പ്രേതേക രീതിയിൽ ഉയർത്തിക്കൊണ്ട് ചെറുതായി തുറന്ന വായിലൂടെ ആഞ്ഞു ശ്വാസം വലിച്ച് കിതപ്പിനിടയിലും നന്ദനെ നോക്കി ചിരിച്ചു…

അവന്റെ ആ രൂപം പെണ്ണിൽ ആഴത്തിൽ പതിയുകയായിരുന്നു.. അത്രമേൽ വാത്സല്ല്യമേറുംപോലെയായിരുന്നു അവന്റെ ഓരോ ഭാവവും… കുഞ്ഞിനെ ഒന്നുകൂടി ഉയർത്തിയെടുത്തു ചേർത്തു പിടിച്ചുകൊണ്ട് ഇടതുകാൽ കുത്തി വലതുകാൽ പതിയെ വലിച്ച് വച്ചു ചെരിച്ചു കുത്തി ചെരിഞ്ഞു നടന്നു വരുന്നവന്റെ കാലുകളിലേക്കും ഒരുവേള അവളുടെ നോട്ടം ചെന്നെത്തി… കണ്ണുകളിൽ വാത്സല്യം നിറഞ്ഞു… സ്നേഹം തുളുമ്പി… പിന്നെയും അവന്റെ ശരീരത്തോടൊപ്പം ആഞ്ഞുകൊണ്ട് കുഞ്ഞിപ്പെണ്ണ് കുടുകുടെ ചിരിച്ചുകൊണ്ടിരുന്നു… “പാവം…” എപ്പോഴോ കാതിൽ നന്ദന്റെ സ്വരം പതിയുമ്പോഴും അനന്ദുവിന്റെ മുഖത്തുനിന്നും കണ്ണുകൾ മാറ്റാൻ കഴിയുന്നുണ്ടായില്ല അവൾക്ക്… എന്തിനാണ് പാവത തോന്നേണ്ടത്??… വലുപ്പ വ്യത്യാസമുള്ള കാലുകൾ കണ്ടോ??..

അതോ വലതുകാലിന്റെ ശോഷിച്ചു മടങ്ങിയ കാല് വിരലുകളാലോ??.. അതോ കാല് നീട്ടി വലിച്ച് വച്ചു നടക്കുമ്പോൾ ചെരിഞ്ഞും ഉലഞ്ഞും പോവും ശരീരം കണ്ടോ??… പാവതയല്ല… സ്നേഹമാണ് തോന്നുന്നത്… ആ ചെറിയ മുഖവും കണ്ണുകളും ഒരിക്കലും മായാത്ത പോലെ നിലനിൽക്കുന്ന പുഞ്ചിരിയും…. കണ്ണിൽ ഒരായിരം കാര്യങ്ങൾ ഒളിപ്പിക്കും പോലെ…. വല്ലാത്തൊരു ഐശ്വര്യം അവനിലാകെ… ആൽത്തറയിൽ ചാരി നിന്നുകൊണ്ട് സംസാരിക്കുന്നവരെയും അവരിൽ നിന്നും നീങ്ങി നിൽക്കുന്ന നന്ദനെയും ധ്വനിയെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അനന്ദു അവർക്കടുത്തേക്ക് ചെന്നു… ” ആഹാ… എന്താ സന്തോഷം… ചെക്കന്റെ ചിരി നോക്കിയേ…

മിത്തുമോളെ കിട്ടിയൊണ്ടല്ലെടാ ഈ ചിരിക്ക് ഇത്ര പവർ… ” അനന്ദുവിന്റെ തോളിൽ തട്ടികൊണ്ട് നെഞ്ചിൽ ചാരി കിടക്കും മിത്തുമോളുടെ കവിളിൽ മുത്തി നന്ദൻ ചോദിക്കുമ്പോൾ അവൻ കണ്ണുചിമ്മി ചിരിച്ചു കാണിച്ചു… മിത്തുമോൾ ഒന്ന് കുറുകി… ” നിക്കും ഇങ്ങനെ ഇടക്ക് സന്തോഷിക്കണ്ടേ ഹരിമാഷേ… ” കളിയായി പറഞ്ഞുകൊണ്ട് അനന്ദു മോളുടെ നെറുകിൽ ചുണ്ട് ചേർക്കുമ്പോൾ അവൾ ചെറിയച്ഛന്റെ താടിയിൽ പിടിച്ചു കളി തുടങ്ങി… അവന്റെ സ്വരത്തിലെ മൃതുലതയിൽ പെണ്ണിന്റെ ഉള്ളിലൊരു കുളിര് പടർന്നു… കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കെ ധ്വനിയെ ഒന്ന് മുഖമുയർത്തി നോക്കിയവൻ… ” ആഹ്… പറഞ്ഞില്ലല്ലോ… അനന്ദു‌ ഇതാട്ടോ നമ്മൾടെ താവളത്തിലെ പുതിയ അതിഥികൾ… ” അനന്ദുവിനെയും അവന്റെ മുഖത്തെ നിഷ്കളങ്ക ഭാവങ്ങളെയും തന്നെ നോക്കിക്കൊണ്ട് ധ്വനി നിൽക്കുമ്പോൾ അവളെ കണ്ണുകൊണ്ട് കാണിച്ച് നന്ദൻ പറഞ്ഞു… ” ആനന്ദ്… ”

അനന്ദു സ്വയം പരിചയപ്പെടുത്തുംപോലെ പേര് പറഞ്ഞുകൊണ്ട് അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു… അവന്റെ ചെറിയ കറുത്ത കണ്ണുകളും അവനൊപ്പം തന്നെ പുഞ്ചിരിക്കുന്നത് നോക്കി നിൽക്കെ അവളുടെ കണ്ണുകളും വിടർന്നു… ” ദേവ…. ദേവധ്വനി… ” അവന്റെ കണ്ണുകളിൽ നോക്കി തന്നെ പറയുമ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ അവളുടെ താടിച്ചുഴികളും പങ്കു ചേർന്നു… ശരീരത്തിനും മനസ്സിനും കുളിർമയേകികൊണ്ട് ഇളംകാറ്റ് അവരെ തഴുകി കടന്നുപോകുമ്പോഴും മുഴങ്ങി കേൾക്കുന്ന മണിയൊച്ചകളോ ചുറ്റുമുള്ള ശബ്ദങ്ങളോ അവളുടെ കാതുകളിൽ പതിഞ്ഞിരുന്നില്ല.. പതിഞ്ഞതത്രെയും കിതപ്പടക്കാൻ പാടുപെടുന്നവന്റെ നിശ്വാസങ്ങളും പുഞ്ചിരി തൂകുന്ന ചുണ്ടുകളിൽ നിന്നുതിരുന്ന മൃതുവാർന്ന സ്വരവും മാത്രം……..  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 3

Share this story