തോളോട് തോൾ ചേർന്ന്: ഭാഗം 5

തോളോട് തോൾ ചേർന്ന്: ഭാഗം 5

എഴുത്തുകാരി: ജിച്ചന്റെ കാവു

വെയിലിന്റെ കാഠിന്യത്തിലും ചെറുങ്ങനെയുള്ള കാറ്റിനാൽ ഇളക്കിയുലയുന്ന നെല്ലോലകളിൽ നോട്ടമെറിഞ്ഞുകൊണ്ട് ധ്വനി ഇരുന്നു… വീടിനു പുറകുവശത്തായി പറമ്പ് തീരുന്നതിനപ്പുറം ഒരു ചെറിയ തോടാണ്… അതിനപ്പുറം നോക്കെത്താദൂരത്തോളം വയലും… നട്ടുച്ചനേരത്തും ഇളം തണുപ്പിൽ ഒഴുകുന്ന കണ്ണീരുപോലെ തെളിഞ്ഞ വെള്ളത്തിൽ ഇരുകാലുകളുമിട്ടുകൊണ്ടവൾ കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ തടി പാലത്തിൽ ഇരിക്കുമ്പോഴും മനസ്സ് നിറഞ്ഞു നിൽക്കുന്ന അനന്ദുവിന്റെ കണ്ണുകളിൽ തന്നെ ഉടക്കികിടക്കുകയായിരുന്നു… വെള്ളത്തിന്റെ ഇളം തണുപ്പോ ചെറു മീനുകളുടെ ചുംബനങ്ങളോ തണലേകുന്ന വലിയ മരങ്ങളെയും തോൽപ്പിച്ചുകൊണ്ട് കടന്നുവരുന്ന സൂര്യന്റെ ചൂടോ ഒന്നും തന്നെ അറിയാൻ പോലും പറ്റാത്ത രീതിയിൽ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു…

ഉള്ളിലെ നോവിനെ മറച്ചുപിടിച്ചുകൊണ്ട് ചെറു പുഞ്ചിരി ചുണ്ടിണിഞ്ഞു വീട്ടിലേക്ക് വന്നുകയറുന്നവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിക്കുന്ന ആ മനുഷ്യൻ ധ്വനിക്കൊരു അത്ഭുതമാവുകയായിരുന്നു… ഒന്നും നടന്നിട്ടില്ലെന്ന മട്ടിലുള്ള അവന്റെ പെരുമാറ്റം കണ്ടുകൊണ്ട് നിൽക്കാൻ കെൽപ്പില്ലെന്നു തോന്നിയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ പിന്തിരിഞ്ഞു നടന്നിരുന്നു… പുറകിൽ നിന്നുമുള്ള അമ്മയുടെ വിളിയോ തനിക്കു നേരെ അന്നേരം അവിശ്വസനീയതയോടെ നീളുന്ന അവന്റെ മിഴികളോ ഒന്നും തന്നെ അവളെ പിന്തിരിപ്പിച്ചിരുന്നില്ല… പിടിച്ചു നിർത്തിയിട്ടും നിറഞ്ഞൊഴുകുന്ന മിഴികളെ സ്വാതന്ത്രമാക്കിവിടണമെന്ന് തോന്നി… ഉള്ളിലെ നോവ് ഉറക്കെ കരഞ്ഞുകൊണ്ട് ശമിപ്പിക്കണമെന്ന് തോന്നി…

കാലുകൾക്ക് വേഗത കൂടി… കിതപ്പേറി… ഓടി… പുറകിലെ പറമ്പിനറ്റത്തെ തോടിൻകരയിൽ എത്തി നിന്നു… കണ്ണുനീരിനെ സ്വതന്ത്രമാക്കി… അവനൊരു മൂടുപടമാക്കിയെടുത്ത പുഞ്ചിരി പിന്നെയും തെളിമയോടെ ഉള്ളിൽ നിറഞ്ഞു… ഇറുക്കിപ്പിടിച്ച കണ്ണുകളുമായവൾ അവിടെയിരുന്നു…. അനന്ദുവിന്റെ വേദന ഇത്രത്തോളം അവളിലും പടരുന്നത് എന്തിനെന്നറിയില്ല… അവനാരാണ്??.. മണിക്കൂറുകൾ മാത്രം പരിചയമുള്ള ഒരാൾ… നിഷ്കളങ്കമായ പുഞ്ചിരിയാൽ ആരെയും ആകർഷിക്കുന്നവൻ… അത്തരത്തിലൊരു ആകർഷണമാണോ തനിക്കു തോന്നുന്നത്??.. വെറുമൊരു ആകർഷണതിനു ഇത്രത്തോളം അവന്റെ നോവിനെയും ഏറ്റെടുക്കാനാവുമോ??… പിന്നെ… പിന്നെ സഹതാപമാണോ??… കാലിനു വയ്യാത്ത ഒരുവനോട് ആർക്കും തോന്നാവുന്ന സഹതാപം???… അതാണോ??.. അതുകൊണ്ടാണോ ഇങ്ങനെ???…

മറ്റുള്ളവരാൽ അവന്റെ ഹൃദയം മുറിവേൽക്കുമ്പോൾ…. ആ കണ്ണുകൾ നിറഞ്ഞിരിക്കുമ്പോഴും പുഞ്ചിരികൊണ്ടവ മറയ്ക്കുമ്പോൾ… എന്തുകൊണ്ടാണ് തന്റെ കണ്ണുകളും നിറഞ്ഞത്… ഹൃദയം വിങ്ങിയത്??… കരഞ്ഞുകൊണ്ട് ഓടിവന്നത്??… മറ്റുള്ളവരെ പോലെ സഹതാപംകൊണ്ട് അവനിലേക്കാടുക്കുവാൻ ശ്രമിക്കുകയാണോ ഉള്ളം???… അറിയാനാവുന്നില്ലായിരുന്നവൾക്ക്… ഒന്നും… എന്തിനിത്ര നോവുന്നെന്നോ എന്തിനിത്ര അവനുവേണ്ടി ഹൃദയം തുടിക്കുന്നെന്നോ… ഒന്നും…. ” ഭരതേട്ടാ… അതെ… അതുണ്ടല്ലോ… ദേവൂട്ടിയെ എത്രക്ക് ഇഷ്ടാ??.. ” ഭരതിനോടായി ദേവൂട്ടി ചോദിക്കുമ്പോൾ തന്റെ കൈയിൽ പിടിച്ചുകൊണ്ടു കൊഞ്ചുന്ന പെണ്ണിന്റെ വിടർന്ന കണ്ണുകളിൽ അവൻ നോക്കി നിന്നു…. ”

ഒത്തിരി ഇഷ്ടാലോ വാവേ… ” അവളുടെ തുടുത്ത കവിളിലായി തട്ടിക്കൊണ്ട് സ്നേഹത്തോടെ പറഞ്ഞു… അത് കേട്ടതും പെണ്ണിന്റെ കണ്ണുകർ ഒന്നുകൂടെ വിടരുന്നത് വല്ലാത്തൊരു ആവേശത്തോടെ നോക്കി കണ്ടു… ” ന്നലെ… ഞാനെന്ത് പറഞ്ഞാലും ചെയ്യോ??.. ” പിന്നെയും പെണ്ണിന്റെ കൊഞ്ചിക്കൊണ്ടുള്ള സ്വരം… ” ആടി പെണ്ണെ… ” അവനവളുടെ കൊഞ്ചലുകൾക്കൊപ്പം നിന്നുകൊടുത്തു.. ചുണ്ടിൽ അവൾക്കായി മാത്രമുള്ള പുഞ്ചിരി… ” ന്നാലെ… ഈ മീശയൊന്നു പിരിച്ചു വെച്ചേ… നിക്ക് കാണാനാ… ” കുലുങ്ങി ചിരിച്ചോണ്ട് പെണ്ണ് പിന്നെയും പറയുമ്പോൾ അവളോടുള്ള പ്രണയംകൊണ്ട് അലമുറയിടുന്ന ഹൃദയത്തെ നിയന്ത്രിക്കാനാവാതവൻ നിന്നു…

പെണ്ണിന്റെ മുഖത്തെ ഉത്സാഹം കണ്ടതും ആ കുഞ്ഞുമുഖം കയ്യിൽകോരിയെടുത്തു ചുംബിക്കുവാൻ കൊതിച്ചു… സിരകളിൽ പ്രണയം പടർന്നു… ഒരു കള്ള ചിരിയോടെ അവളിലേക്ക് നടന്നുകൊണ്ട് മീശതുമ്പൊന്നു പിടിച്ചു പിരിച്ചു… മറു ഭാഗത്തെ മീശത്തുമ്പിൽ കൈയ് ചേർത്തു പിരിച്ചുകൊണ്ട് അവളിലെക്കടുത്തു… ചുണ്ടിലെ പുഞ്ചിരിയിൽ പ്രണയം നിറഞ്ഞു… കണ്ണിലും മുഖത്തും സന്തോഷം നിറച്ചുകൊണ്ടവൾ അവനെ ഇറുക്കിപുണർന്നു… ” ന്റെ ഏട്ടൻ സൂപ്പറാ… ” പെണ്ണിന്റെ സ്വരം കാതുകളിൽ പതിഞ്ഞു… അവളിലെക്കടുത്തുകൊണ്ടിരുന്നവനിലെ വാത്സല്യം പ്രണയത്തെ വകഞ്ഞുമാറ്റി മുന്നേറി… അവളുടെ തലയിൽ തഴുകിക്കൊണ്ടിരുന്നു… ഒത്തിരി വാത്സല്യത്തോടെ…… ” ഇന്നും ഇങ്ങനെ കിടക്കാനാണോ ഏട്ടാ തീരുമാനം ??.. ”

മുകളിൽ ദേവൂട്ടി ഉപയോഗിച്ചിരുന്ന മുറിയിലെ കട്ടിലിലായി കമഴ്ന്നു കിടക്കുന്ന ഭരതിന്റെ തോളിൽ തട്ടി ഭഗത് ചോദിക്കുമ്പോൾ അവനൊന്നു ഞെട്ടിക്കൊണ്ട് കണ്ണുതുറന്നു… മുഖമുയർത്തി ആവേശത്തോടെ ദേവൂട്ടിയെ തിരഞ്ഞു… കഴിഞ്ഞുപോയ നാളുകളിലെ ഓർമകളായിരുന്നെന്നു തിരിച്ചറിഞ്ഞതും നെഞ്ചം വിങ്ങി… വീർത്തിരിക്കുന്ന കൺപോളകളും ചുവന്ന മൂക്കും തളർച്ച ബാധിച്ച മുഖവുമെല്ലാം അവനുള്ളിലെ വേദന വിളിച്ചോതുന്നുണ്ടായിരുന്നു… ” നിക്ക് ഒന്നും വേണ്ടാ… കുറച്ച്… കുറച്ച് നേരം ഞാനൊറ്റക്ക്… ” ” ഒറ്റക്ക് അല്ലേ ഇതുവരെ കിടന്നത്… മതി… മതി ഏട്ടാ… എഴുന്നേറ്റേ…. എത്ര ദിവസം ഊണും ഉറക്കവുമില്ലാത്തിങ്ങനെ കിടക്കും??.. ” അത്രമേൽ പതിയെ എന്തോ പറയാൻ തുടങ്ങിയ ഭരതിനെ ഭഗത് തടഞ്ഞുകൊണ്ട് സംസാരം തുടർന്നു… വേദനയിലും ഭരത് ഒന്ന് പുഞ്ചിരിച്ചു…

തന്നോട് തന്നെയുള്ള പുച്ഛം പോലെ… പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു… വലതുകയ്യാൽ അവളുടെ കിടക്കയിൽ ഒന്ന് തലോടി… തൊട്ടടുത്തുള്ള കണ്ണാടിയിലെ ചുവന്ന പൊട്ടിൽ കണ്ണുകളിൽ ഉറപ്പിച്ചു… കണ്ണാടിയിൽ അവളുടെ മുഖം… കുഞ്ഞു മുഖം… കണ്ണുകളിൽ കുസൃതി… ചുണ്ടിലെ ചിരിയിൽ വല്ലാത്ത ലാളിത്യം… ” അത്രേം ഇഷ്ടായിരുന്നോ ഏട്ടാ ദേവൂനെ??.. ” ഭരതിന്റെ ചോദ്യം കേട്ടവൻ ഞെട്ടിപിടഞ്ഞുകൊണ്ടവനെ ഉറ്റുനോക്കി… പിന്നെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു… ” ഒരുപാട്… ” ഉള്ളിൽ പെണ്ണിന്റെ കുഞ്ഞുമുഖം കൂടുതൽ മികവോടെ തെളിഞ്ഞതും പറഞ്ഞു… ” നിക്ക് വേണം ടാ… ന്റെ ദേവൂട്ടിയെ… വേണം… ഇനിയും വൈകികൂടാ… അവളില്ലാതെ… എന്നെക്കൊണ്ടാവില്ലടാ… നിനക്കറിയോ… മരിച്ചു പോവും പോലെ തോന്നാടാ… ന്റെ കൈയിൽ തൂങ്ങി എപ്പോഴും ഉണ്ടാവുന്നതല്ലേ??..

ന്റെ ജീവന്റെ ഒരു ഭാഗം ആയിരുന്നെടാ… ഇപ്പൊ.. ഇപ്പൊ എനിക്ക്… അറിയില്ല… വല്ലാത്തൊരു പെടപ്പ്… ദേ ഈ നെഞ്ചിൽ… അവള്… ന്റെ ദേവൂട്ടി… അവള് മാത്രം നിറഞ്ഞു നിക്കാടാ ഭഗതെ… ” കണ്ണു നിറച്ചുകൊണ്ട് ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരിയോടെ തളർന്ന സ്വരത്തിലും ആവേശം നിറച്ചുകൊണ്ട് പറയുന്ന ഏട്ടനെ തന്നെ നോക്കി ഭഗത് ഇരുന്നു… ആ മനുഷ്യന്റെ കൈയ്കളിൽ മുറുക്കി പിടിച്ചു… ഏട്ടന്റെ വിഷമം മനസിലാക്കാൻ ശ്രമിച്ചു… ആ മനുഷ്യനുള്ളിൽ ദേവൂട്ടിയുടെ സ്ഥാനം കൂടുതൽ മികവോടെ തിരിച്ചറിഞ്ഞു… ” നിക്ക് നഷ്ടപ്പെടുത്താനാവില്ലടാ… ഇത്രേം സഹിച്ചില്ലേ… ഇനിയും വയ്യാ… ഞാൻ എനിക്കുവേണ്ടി ജീവിക്കാൻ പോവാ… ഈ വീടിന്റെ പടിയിറങ്ങിയിട്ടാണെങ്കിൽ അങ്ങനെ… ” പതിയെ ആയിരുന്നെങ്കിലും ഉറപ്പേറിയ ഭരതിന്റെ സ്വരം… അവന്റെ കൈയ്കളിൽ ഭരതിന്റെ വിരലുകളും മുറുകി…

അനന്ദുവിന്റെ വീട്ടിൽ നിന്നും വന്നതിൽ പിന്നെ അവിടെ ചെന്നപ്പോൾ കേട്ടതും കണ്ടതുമായ കാര്യങ്ങളെ പറ്റിയുള്ള ചർച്ചയിലായിരുന്നു ഭാനുമതിയും ദേവൂട്ടിയും… പലപ്പോഴും സംസാരത്തിൽ സങ്കടം കലരുന്നതും അനന്ദുവിനോടുള്ള സഹതാപവും സ്നേഹവും നിറയുന്നതും കേട്ടുകൊണ്ട് ഒന്നിലും ഇടപെടാതെ ഒന്നിനും മറുപടി പറയാതെ ധ്വനി മനപ്പൂർവം ഉൾവലിഞ്ഞു… അവളുടെ ഉള്ളിൽ ഒരു പിടിവലി നടക്കുകയായിരുന്നു… അവൾക്ക് അനന്ദുവിനോട് തോന്നുന്നത് ആകർഷണമാണോ അതോ സഹതാപമാണോ അതോ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്തതുപോലെ… അതിനെക്കാളുപരി ആ മനുഷ്യന്റെ വൈകല്യവും അതിന്റെ പേരിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും പിന്നെയും മറ്റുള്ളവരുടെ വാക്കുകളാൽ കേൾക്കുവാൻ അവള് ആഗ്രഹിച്ചിരുന്നില്ല…

അവനെ പിന്നെയും പാവം എന്ന് പറഞ്ഞുകൊണ്ട് സഹതാപം നിറഞ്ഞ വാക്കുകളാൽ വർണ്ണിക്കുന്നത് അവളെ തളർത്തിക്കൊണ്ടിരുന്നു… “നിക്ക് അകത്തോട്ടുകേറാമോ??.. ” പുറത്തുനിന്നുള്ള അപ്പുവിന്റെ സ്വരം കേട്ടതും ദേവൂട്ടി അകത്തുനിന്നും ഓടിപിടഞ്ഞുവന്നു… പടിക്കെട്ടിനു താഴെ നിൽക്കുന്നവളുടെ കൈയിൽ കയ്യ്കോർത്തു… ” വാ അപ്പൂ… എന്തിനാ ചോദിക്കണേ… ” രണ്ടാളും പുഞ്ചിരിച്ചുകൊണ്ട് അകത്തേക്കിരുന്നു… അടുക്കളയിൽ നിന്നും ധ്വനി ഒന്ന് എത്തിനോക്കി… അനന്ദുവിനെ തിരക്കുവാൻ ഉള്ളം വെമ്പി… കണ്ണുകൾ വാതിലിലേക്ക് നീണ്ടു… നിരാശയോടെ മുഖം കുനിഞ്ഞു… എന്തിനെന്നറിയാതെ… ” അനന്ദുവേട്ടൻ??… ” ദേവൂട്ടിയുടെ സ്വരം കേട്ടതും ധ്വനി ഞെട്ടിപിടഞ്ഞുകൊണ്ട് പിന്നെയും കണ്ണുകളെ ചുറ്റും പായിച്ചു… ” ഏട്ടൻ കവലയിലോട്ട് ഇറങ്ങി…

കടയിൽ സ്റ്റോക്ക് വരും ഇന്ന്… അവിടെ ബസ്സ്സ്റ്റോപ്പിനടുത്തു ഏട്ടനൊരു കടയുണ്ട്… പലചരക്ക്… ” പുഞ്ചിരിയോടെ ദേവൂന്റെ ചോദ്യത്തിനുള്ള ഉത്തരം അപ്പു നൽക്കുമ്പോൾ മുറിക്കുള്ളിൽ നിന്നും വന്ന് അമ്മയും അവർക്കൊപ്പം കൂടി… നിരാശയെ ഒരിക്കൽ കൂടി ധ്വനിയുടെ കണ്ണുകൾ ഏറ്റുവാങ്ങിക്കൊണ്ട് പണികളിലേക്ക് കടന്നു… എങ്കിലും കാതുകൾ പിന്മാറാൻ തയ്യാറായിരുന്നില്ല.. അവനെ കുറിച്ചുള്ള ഓരോ വാക്കുകൾക്കായും അവ പിന്നെയും അലമുറക്കൂട്ടി… ” മധു… അവരില്ലേ മോളെ അവിടെ??.. ” സ്വരത്തിൽ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണെങ്കിലും ഭാനുമതി ചോദിക്കുമ്പോൾ അപ്പുവിന്റെ ചുണ്ടിലെ പുഞ്ചിരിയിൽ പുച്ഛം കലർന്നു കൂടി… ദേവൂട്ടിയുടെ മുഖത്തും ദേഷ്യം നിറഞ്ഞു… ” പോയി… അവരല്ലേലും വീട്ടിൽ നിൽക്കാറില്ല അമ്മേ…

ഏട്ടന്റെ പൈസ വരാറാവുമ്പോ എത്തും… പൈസയും വാങ്ങിക്കൊണ്ട് സ്വന്തം വീട്ടിൽ പോവേം ചെയ്യും… മാസിൽ ഒന്നോ രണ്ടോ തവണ വരുന്നത് തന്നെ പൈസ വാങ്ങാനും കുഞ്ഞേട്ടനെ നോവിക്കാനും മാത്രാ… ” സ്വരത്തെ ഗദ്ഗദം വിഴുങ്ങി… കണ്ണുകൾ നിറഞ്ഞു… ഭാനുമതി അവളുടെ കൈയ്കളിൽ മുറുക്കെ പിടിച്ചു… ” അപ്പൂന്റെ അച്ഛൻ… അച്ഛൻ വരാറില്ലേ??.. ” മടിച്ചു മടിച്ചാണേലും അൽപനേരം കഴിഞ്ഞു ദേവൂട്ടി ചോദിക്കുമ്പോൾ നിറഞ്ഞിരുന്ന അപ്പുവിന്റെ കണ്ണിൽ നിന്നും നീർതുള്ളികൾ ഒഴുകി… മുഖം കുനിഞ്ഞു… ” മ്മ്മ്… ” പതിയെ മൂളി… ” ഇടക്ക്… ഇടയ്ക്കു വരും… പോവും… എവിടെക്കാ പോണെന്നു അറിയില്ല… ചോദിച്ചാലും പറയെമില്ല… അമ്മയില്ലാത്ത വീട്ടിൽ നിൽക്കില്ലെന്നു പറയുമായിരുന്നു ആദ്യം… ഇപ്പോ… ഇപ്പൊ ഒക്കെ പറയുന്നത് കുഞ്ഞേട്ടൻ ഉള്ള വീട്ടിൽ നിൽക്കില്ലെന്നാ…. ”

പതിഞ്ഞ സ്വരത്തിൽ പെണ്ണ് പറഞ്ഞു നിർത്തുമ്പോൾ ഏവരിലും മൂകതയായിരുന്നു… അടുക്കള വാതിലിൽ ചാരി നിന്നിരുന്ന പെണ്ണിന്റെ നെഞ്ചം പിടഞ്ഞു… ” ഞാൻ ജനിച്ചപ്പോ അല്ലേ അമ്മ ഞങ്ങളെവിട്ട് പോയത്… ന്നിട്ട് എന്നോടില്ല ദേഷ്യം…ആർക്കും… ന്നെ എന്തിഷ്ടാന്നോ അച്ഛന്… പെൺകൊച്ചുങ്ങളെ അച്ഛന് അത്രേം ഇഷ്ടാണത്രേ… അതോ അമ്മയുടെ അതേ മുഖഛായ നിക്കും ഉള്ളോണ്ടാണാവോ… അറിയില്ല… ന്ത്‌ തെറ്റ്‌ ചെയ്തിട്ടാവോ… കുഞ്ഞേട്ടൻ… പാവല്ലേ ഏട്ടൻ… കാലിനു വയ്യാത്തത് ഏട്ടന്റെ കുറ്റമാണോ??.. അച്ഛൻ എപ്പോഴും പറയും… ഏട്ടന്റെ ദോഷംകൊണ്ടാ അമ്മ പോയതെന്ന്… ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ട് ഏട്ടൻ… ഈ കുറ്റപ്പെടുത്തൽ എല്ലാം കേട്ട്… ഇത്രേം കൊല്ലായില്ലേ… ന്നിട്ടും… ന്നിട്ടും ന്തേലും മാറ്റമുണ്ടോ…

എല്ലാരും നോവിക്കല്ലേ… പിന്നേം… പിന്നേം…. ” അത്രയും കേൾക്കാനേ ധ്വനിക്ക് ആയുള്ളൂ… അപ്പുവിന്റെ തുടർന്നുള്ള പതംപറഞ്ഞുകൊണ്ടുള്ള കരച്ചിൽ കേൾക്കാനാവാത്ത വിധം കാതുകൾ സ്വയം കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു… ഇറുക്കിയടച്ച കണ്ണുകളിൽ തെളിഞ്ഞതത്രെയും ചേർത്തുപിടിച്ചു താലോലിക്കേണ്ട അച്ഛനാൽ നോവിക്കപ്പെടുന്ന കുരുന്ന്… മനസ്സും ശരീരവും ഒരുപോലെ തളരുമ്പോഴും പുഞ്ചിരിയാൽ വിസ്മയം തീർക്കുന്നവൻ… രാത്രി ഭക്ഷണം കഴിച്ച് പണികളെല്ലാം ചെയ്തു അമ്മയെ മരുന്ന് കൊടുത്തു കിടത്തുമ്പോഴും അവളുടെ ശരീരം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ… മനസപ്പോഴും വേർതിരിച്ചറിയാനാവാത്ത വികാരങ്ങളാൽ കെട്ടുപിണഞ്ഞുകിടക്കുകയായിരുന്നു..

അവളതിൽ ഓരോ കെട്ടും അഴിച്ചുകൊണ്ടൊരു ഉത്തരത്തിനായി തേടുമ്പോൾ അവ കൂടുതൽ കുരുക്കുകൾ ആകുംപോലെ… മുറിയിൽ എത്തി കിടന്നിട്ടും ഉറങ്ങാനാവുന്നുണ്ടായില്ലാവൾക്ക്… അന്നത്തെ ദിവസം അനന്ദുവിനെ പിന്നെ കണ്ടിട്ടില്ല… അതൊരുതരത്തിൽ അവൾക്കൊരു അനുഗ്രഹമായിരുന്നു… മറ്റൊരു തരത്തിൽ നോക്കിയാൽ വേദനയും… ഒരു ദിവസംകൊണ്ട് അവനെത്രത്തോളം അവളുടെ ചിന്തകളിൽ നിറഞ്ഞെന്നുള്ളത് സഹതാപം എന്നപേരിലേക്ക് മാറ്റിനിർത്തുവാൻ ഉള്ളം അനുവദിക്കാത്തപോലെ… ചിന്തകൾ അവനിൽ നിന്നും മാറ്റാൻ ശ്രമിക്കുംതോറും കൂടുതൽ ആഴത്തിൽ പതിഞ്ഞുപോയിക്കൊണ്ടവ അവളെ കുഴപ്പിച്ചു… മുറിയിലെ വെട്ടമെല്ലാം കെടുത്തിക്കൊണ്ട് ജനലോരം ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ വന്നിരുന്നു അവൾ പുറത്തേക്ക് കണ്ണുനട്ടു…

ജനൽ കമ്പികളിൽ കവിളിൽ ചേർത്തു… ആരെയോ തിരഞ്ഞെന്നോണം അനുവാദമില്ലാതെ കണ്ണുകൾ തൊട്ടടുത്ത വീട്ടിലെ മുറ്റത്തും ഓരോ മുറിയുടെ അടച്ചിട്ടിരിക്കുന്ന ജനൽപാളികളിലും പതിഞ്ഞു… നിരാശയോടെ അവ പിൻവാങ്ങി… ദൂരെ ആകാശത്തിൽ നിറഞ്ഞിരിക്കും നക്ഷത്രങ്ങളെ നോക്കി ജനൽ കമ്പികളിൽ കൈയ് മുറുക്കി… ഇടതുകാലിനു ഈണം നൽകിക്കൊണ്ട് വലതുകാൽ പൊക്കി വെച്ചു ചെരിച്ചുകുത്തി ചരിഞ്ഞു നടക്കുന്നവന്റെ മുഖത്തെ പുഞ്ചിരി മുന്നിൽ തെളിഞ്ഞു… ഒപ്പം നടത്തത്തിനനുസരിച്ചു ആടിയുലയുന്ന ശരീരവും… അറിയാതെ തന്നെയവളുടെ കണ്ണുകൾ തിളങ്ങി… ചുണ്ടിൽ പുഞ്ചിരിയൊന്നു എത്തിനോക്കി… അതേ പുഞ്ചിരിയോടെ കണ്ണുകളടച്ചു കിടന്നു..

എപ്പോഴോ ആരോ മൂളും ഗാനം കേട്ടു… അതിനവന്റെ സ്വരമായിരുന്നു… ഉള്ളം നിറഞ്ഞു… ദിനങ്ങൾ പിന്നെയും പൊഴിയവേ പാലക്കാട്ടുള്ള പുതിയ ജീവിതം അവരെല്ലാം ആസ്വദിച്ചു തുടങ്ങിയിരുന്നു… കോളേജ് മാനേജ്മെന്റിലുള്ള നന്ദകൃഷ്ണന്റെ പിടിപാടുകൊണ്ട് പുതിയ അദ്ധ്യായാന വർഷത്തിന്റെ ആരംഭം മുതൽ ഹരിയോടൊപ്പം ധ്വനിയും കോളേജിൽ ടീച്ചറായി ചേർന്നിരുന്നു… അതേ കോളേജിലെ തന്നെ രണ്ടാം വർഷ ബി.കോം ക്ലാസ്സിൽ അപ്പുവിനും ശ്രീമോൾക്കുമൊപ്പം ദേവൂട്ടിക്കും അഡ്മിഷൻ എടുക്കുവാനും നന്ദകൃഷ്ണന്റെ സഹായംകൊണ്ട് അവർക്ക് കഴിഞ്ഞിരുന്നു… ഒരേ കുടുംബം പോൽ മാറിക്കഴിഞ്ഞിരുന്നു അവരെല്ലാം… അച്ഛനെ നഷ്ടപെട്ട ധച്ചുവിനും ദേവൂട്ടിക്കും കൃഷ്ണൻ സ്വന്തം അച്ഛനെപ്പോലെ ആയിത്തീരുമ്പോൾ അവർക്കു തണലായി ഭാനുമതിയും രമയും നിന്നിരുന്നു…

ഒപ്പം അമ്മയില്ലാത്ത അനന്ദുവിനും അപ്പുവിനും അവർ ഇരുവരും സ്വന്തം അമ്മയായി തന്നെ മാറുകയായിരുന്നു… അന്നത്തെ കൂടിക്കാഴ്ചയ്‌ക്കുശേഷം പിന്നീട് പലപ്പോഴും അനന്ദുവിനെ കണ്ടിരുന്നെങ്കിൽ കൂടി ഒന്നും നടക്കാത്ത രീതിയിൽ മുഖത്തെ പുഞ്ചിരികൊണ്ട് അവനെല്ലാരേം ചേർത്തുപിടിക്കുന്നത് നോക്കിക്കാണുകയായിരുന്നു ധ്വനി… പറമ്പിന്റെ അതിരിലുള്ള തോടും അതിനോട് ചേർന്നുള്ള മുത്തശ്ശിമാവിൻ തണലും അവരെല്ലാവരുടെയും പുതിയ താവളമായി മാറുമ്പോൾ സന്തോഷവും സ്നേഹവും കളിതമാശകളുമായി അവരാ ചെറിയ നിമിഷങ്ങൾ മനോഹരമാക്കികൊണ്ടിരുന്നു…

അറിയാതെ തന്നെ അവളുടെ മനസ്സ് പലപ്പോഴും അനന്ദുവിന്റെ ചുറ്റും വട്ടമിട്ടുപറക്കും പൂമ്പാറ്റയായി മാറുമ്പോൾ ധ്വനിയുടെ ചിരിക്കുമ്പോൾ ചുഴി വിരിയുന്ന താടിത്തുമ്പിൽ കണ്ണുകൾ ലയിപ്പിച്ചുകൊണ്ട് ഹരിയും അവനുള്ളിൽ മൊട്ടിട്ടുവിരിയുന്ന വികാരങ്ങളെ താലോലിച്ചുകൊണ്ടിരുന്നു… അവിടെ അപ്പോഴും മറ്റു രണ്ടുപേർ അവരുടെ ഉള്ളിലെ മോഹങ്ങൾക്ക് വർണ്ണചിറകുകൾ നൽക്കുകയായിരുന്നു………  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 4

Share this story