തോളോട് തോൾ ചേർന്ന്: ഭാഗം 6

തോളോട് തോൾ ചേർന്ന്: ഭാഗം 6

എഴുത്തുകാരി: ജിച്ചന്റെ കാവു

“അനന്ദു… ” പുറകിൽ നിന്നും ഉയർന്ന പെണ്ണിന്റെ സ്വരം കേൾക്കുമ്പോൾ ആഞ്ഞു നടക്കുന്നതിനിടയിൽ ഒന്ന് നിന്നുകൊണ്ട് അനന്ദു തിരിഞ്ഞുനോക്കി.. ” ഞാനും കവലയിലേക്കാട്ടോ…” ഉടുത്തിരിക്കുന്ന ഇളം നീല കോട്ടൺ സാരി ചെറുതായൊന്നു പൊക്കി പിടിച്ചുകൊണ്ടു മാറുകയ്യാൽ തോളിലെ ബാഗിൽ പിടുത്തം ഇട്ട് ഓടി വരുന്ന പെണ്ണിനെ നോക്കി അനന്ദു പുഞ്ചിരി തൂവി… ഓടിപെടഞ്ഞുകൊണ്ട് ധ്വനി അവനു മുൻപിൽ വന്നുനിന്നു ശ്വാസം ആഞ്ഞു വലിച്ചു കിതച്ചു… പതിയെ കിതപ്പോടെ ചിരിച്ചു… താടിച്ചുഴിക്ക് തെളിമയേറി… ” അനന്ദു ലേറ്റ് ആയല്ലേ… ഞാനും ഉണ്ട്… ഒന്നിച്ചു നടന്നാലോ… ” കിതപ്പടക്കുന്നതിനിടയിൽ അവന്റെ കണ്ണുകളിൽ നോട്ടമെറിഞ്ഞുകൊണ്ട് പെണ്ണ് ചോദിക്കുമ്പോൾ ചെറുതായി അവന്റെ കണ്ണുകൾ വിടർന്നു… ” ന്റെ ഒപ്പോ??… നന്നായിണ്ട്… ടീച്ചർ നടന്നോളൂ…

ന്റെ കൂടെ നടന്നാ ഇപ്പൊ ഒന്നും കവലേൽ എത്തില്ല… ” പുഞ്ചിരിയോടെ തന്റെ കുറവവൻ തുറന്നു പറയുമ്പോൾ അവളവനെ നോക്കി ചുണ്ട് കൂർപ്പിച്ചു… ” എത്തുമ്പോൾ എത്തട്ടെ… ബസ്സിന്‌ ഇനിയും സമയമുണ്ടല്ലോ… താൻ നടക്കെടോ… ഒന്നിച്ചു പോവാന്നെ… ” അവനോടായി പറഞ്ഞുകൊണ്ടവൾ മുൻപോട്ട് കണ്ണുകൾ കാണിച്ചു… ഒരു ചെറുപുഞ്ചിരിയോടെ അതിലേറെ തിളങ്ങിയ കണ്ണുകളുമായി അവൻ വലതുകാൽ നീട്ടി വലിച്ചു വച്ചു നടന്നു… ഓരോ കാലടിക്കൊപ്പം ആടിയുലഞ്ഞുകൊണ്ട് ചലിക്കുന്ന ശരീരത്തിന്റെ ചലനത്തിനനുസരിച്ചു അവളും പതിയെ നടന്നു… കോളേജിൽ പോയി തുടങ്ങിയിട്ടിപ്പോ ഒരു മാസത്തോളമായിരിക്കുന്നു… ദേവൂട്ടിയും അപ്പുവും ശ്രീമോളുമെല്ലാം തൊട്ട് മുൻപേയുള്ള ബസ്സിലാണ് പോക്ക്…

അമ്മയെ അടുക്കളയിൽ സഹായിക്കാനും പുറം പണികൾ ഒതുക്കാനും നിൽക്കുന്നതുകൊണ്ട് ആ ബസ്സിന്‌ പോവാൻ ധ്വനിക്ക് പറ്റാറില്ല… പലപ്പോഴും ബസ്സും കാത്ത് നിൽക്കുമ്പോൾ കാണാറുണ്ടായിരുന്നു ഏന്തി വലിഞ്ഞു നടന്നുകൊണ്ട് കടയിൽ ഓരോന്നും ഒതുക്കി വെക്കുന്നവനെ…അവനിലെ മായാത്ത പുഞ്ചിരിയെ… ഇന്നിപ്പോ ആദ്യമായാണ് അവനോടൊപ്പം ഒറ്റയ്ക്ക്… ഇത്രയും അടുത്തു… ആ ചിന്തപോലും അവളിൽ പുഞ്ചിരി നിറച്ചു… എന്തൊക്കെയോ പറയണമെന്നുണ്ട്… കഴിയുന്നില്ല… ആഞ്ഞു നടക്കുന്നവന്റെ വിയർപ്പിന്റെയും ദേഹത്തുപൂശിയ അത്തറിന്റെയും സമ്മിശ്ര ഗന്ധം നാസികയിലൂടെ അവളുടെ ഹൃദയത്തിലേക്കുള്ള പാതയിൽ സഞ്ചരിക്കവേ തൊട്ടടുത്തായി നടക്കുന്നവനെയൊന്നു നോക്കുവാൻ തോന്നി… ഉള്ളിൽ വിടരുന്ന മോഹത്തെ അടക്കി നിർത്തിക്കൊണ്ട് തലതാഴ്ത്തി…

നടത്തത്തിനൊപ്പം ഉലയുന്ന മുണ്ടിന്റെ തുമ്പിൽ കണ്ണുകൾ പതിപ്പിച്ചു.. അവ ഉലയുന്നതിനനുസരിച്ചു പുറത്തേക്ക് കാണുന്ന വലതുകാലിനെ ആദ്യമായി അത്രയും അടുത്ത് കണ്ടു… ഓരോ അടി വയ്ക്കുമ്പോഴും ചെരിഞ്ഞുപോവുന്ന പാദങ്ങളെ നോക്കി… ഒരു വേള അവയിലൊന്നു തൊടാൻ തോന്നി… തലോടാൻ തോന്നി പെണ്ണിന്… എന്തിനോ… ഇടക്കെപ്പോഴോ മുഖമുയർത്തി അവനെ നോക്കുമ്പോൾ ചെറുതായി തുറന്നു പിടിച്ച വായയിലൂടെ ശ്വാസം ആഞ്ഞെടുത്തുകൊണ്ട് കാലുകൾ നീട്ടി വലിച്ചുവച്ചു നടക്കുന്നതാണ് കണ്ടത്… ആ കണ്ണുകൾ ചെറുതാക്കി പിടിച്ചിരുന്നു… ചുണ്ടിലെ പുഞ്ചിരി മായാതെ… അവന്റെ നെറ്റിയിലെ കളഭകുറിക്കുപോലും വല്ലാത്ത വശ്യത തോന്നുന്നു…

കണ്ണുകൾ അവനിൽ നിന്നും പിൻവലിക്കാനാവാതെ സ്വപ്നലോകത്തിലെന്ന പോലെ ധ്വനി നടന്നു… ഇടക്കെപ്പോഴോ അനന്ദുവും അവളെ നോക്കുമ്പോൾ വെപ്രാളത്തോടെ മുഖം തിരിച്ചുകൊണ്ടവൾ ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… ” വൈകീലോ ടീച്ചറെ… ദാ… ബസ്സ് വരുന്നുണ്ട്… ” ഇടവഴിയിൽ നിന്നും റോഡിലേക്ക് കടക്കവേ അകലെ നിന്നും വരുന്ന ബസ്സിലേക്ക് കണ്ണുകളെറിഞ്ഞുകൊണ്ട് അവൻ പറയുമ്പോൾ അവളൊന്നു ഞെട്ടികൊണ്ട് അവനെ തന്നെ നോക്കി നിന്നു… നടന്നുകൊണ്ട് കവലയിൽ എത്തിയതൊന്നും തിരിച്ചറിയാൻ കഴിയാത്ത വിധം ആ പെണ്ണിന് ഉള്ളം പലവിധമായ ചിന്തകളിൽ കുരുങ്ങി കിടക്കുകയായിരുന്നു… ” പോട്ടെ… ” അനന്ദുവിൽ നിന്നും വമിക്കുന്ന ഗന്ധത്തെ… അവന്റെ ആ സാമീപ്യത്തെ…

പിരിയാനാവതെയവൾ അവനിൽ നിന്നും മടിയോടെ മുൻപോട്ട് നടക്കും മുൻപേ കണ്ണുകളിൽ നോട്ടമെറിഞ്ഞു പറഞ്ഞു… നിറഞ്ഞ പുഞ്ചിരിയോടെ അതിലുപരി പുഞ്ചിരി തിളങ്ങും കണ്ണുകളോടെ അവനവളെ നോക്കി തലയനക്കി… ” കാണാം… ” അത്രമേൽ മൃതുവാർന്നു അവനിലെ സ്വരവും… ഹൃദയത്തിൽ പതിഞ്ഞുപോയ ആ സ്വരം അവളെ തൂവൽസ്പർശം പോൽ തഴുകുമ്പോൾ ചുണ്ടുകളിൽ ഒളിപ്പിച്ച പുഞ്ചിരിയുടെ മറ്റൊരു ഭാവവുമായവൾ ബസ്സിനടുത്തേക്ക് ഓടി… ധൃതിയിൽ കയറി ഇരുന്നു… മുൻപോട്ട് ചലിക്കുന്ന വണ്ടിയിൽ നിന്നും എത്തിവലിഞ്ഞു പുറകിലോട്ട് നോക്കുമ്പോൾ കടയുടെ ഷട്ടർ കൊളുത്തു തുറന്ന് ഉയർത്താൻ ആഞ്ഞു ശ്രമിക്കുന്നവനെ കണ്ടു…. ********

തനിക്കെതിരെ നടന്നുവരുന്ന പെണ്ണിൽ തന്നെ കണ്ണുകളെയും മനസ്സിനെയും പതിപ്പിച്ചുകൊണ്ട് ഹരി നടന്നു… ഇളം നീല നിറത്തിലെ അവളുടെ കോട്ടൺ സാരിതുമ്പ് വളച്ചു ചുറ്റി പിടിച്ചുകൊണ്ട് ഇടതുകയ്യിലെ പുസ്തകം നെഞ്ചോടടുക്കി ചേർത്തിരുന്നു.. നീളമേറിയ മുടിയിഴകൾ കാറ്റിന്റെ താളത്തിൽ ആടിയുലയുമ്പോൾ കുളിർക്കാറ്റായി അവളെ പൊതിയാൻ വെമ്പുകയായിരുന്നവൻ… കട്ടിയായ പുരികകൊടികൾക്കിടയിലെ ചെറിയ കറുത്ത പൊട്ടിൽ അവളുടെ സൗന്ദര്യം ഉദിച്ചുനിന്നിരുന്നു… ആ പുരികങ്ങൾക്കിടയിലൊന്നു ചുണ്ട് ചേർക്കാൻ… എപ്പോഴും പുഞ്ചിരി നിറഞ്ഞു നിൽക്കും മുഖത്തൊന്നു തലോടാൻ… നെഞ്ചിൽ ചേർത്തുകൊണ്ട് ഹരിയുടെ ധ്വനിയാണെന്ന് ഉറക്കെ വിളിച്ചു പറയാൻ അവനുള്ളം കൊതിച്ചു…

ആ പൂച്ചക്കണ്ണിൽ പ്രണയം നിറഞ്ഞു… ചുണ്ടിൽ അവൾക്കായി മാത്രം പുഞ്ചിരി വിരിഞ്ഞു… ” ന്താ ഹരിമാഷേ… ഇവിടെയൊന്നും അല്ലെ…??.. ” നിറഞ്ഞ പുഞ്ചിരിയോടെയുള്ള പെണ്ണിന്റെ ചോദ്യം… അവനൊന്നു ഞെട്ടികൊണ്ട് അവളെ തന്നെ ഉറ്റുനോക്കി… പുഞ്ചിരിച്ചു… ” അല്ലന്നെ… സ്വപ്നലോകത്തായിരുന്നു… ധ്വനിടീച്ചർ കൂടുന്നോ??.. ” കുറുമ്പോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവളൊന്നു കണ്ണുരുട്ടി… ഇരുകണ്ണുകളും ചിമ്മിക്കൊണ്ട് ഹരിനന്ദൻ ചിരിച്ചു… ആ പൂച്ചക്കണ്ണുകളുടെ സന്തോഷത്തിൽ അവളും ചേർന്നു… ” പോട്ടെ മാഷേ … ഈ പീരീഡ് ക്ലാസ്സുണ്ട്… ” പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ നടന്നകന്നു… അവളൊരു ദേവതയാണെന്നവന് തോന്നി… ഇതുവരെ കണ്ടിട്ടുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തയായവൾ…

ആദ്യകാഴ്ചയിൽ തന്നെ ഉള്ളിനുള്ളിൽ കയറികൂടാൻ മാത്രം നൈർമല്യമേറിയവൾ… നക്ഷത്രകണ്ണുകളുള്ള പെണ്ണ്… പുഞ്ചിരിയിൽ മറുപടി പലതും ഒതുക്കുന്നവൾ… പ്രണയമല്ലേ അവളോട്??…. അതെ… പ്രണയമാണ്… അതിലുപരി ഒരു ആരാധനയാണ് തോന്നുന്നത്… പ്രണയിക്കുവാനോ പ്രണയിക്കപെടുവാനോ ആഗ്രഹിക്കാതിരുന്നവന്റെ ഉള്ളിൽ എന്തുകൊണ്ടോ പതിഞ്ഞുപോയവൾ…. ഹരിനന്ദനൊന്നു കണ്ണുള്ളകടച്ചുകൊണ്ട് ആഞ്ഞു ശ്വാസം വലിച്ചു… ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചുകൊണ്ടിരുന്നു… *********** ” അപ്പൂ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ നീയ്??.. ” ശ്രീമോളുടെ മുറിയിലെ ചുവരിൽ പതിപ്പിച്ചിരിക്കുന്ന ഫോട്ടോകളിൽ കണ്ണോടിച്ചുകൊണ്ടിരിക്കുന്ന അപ്പുവിനോടായി ശ്രീ ചോദിക്കുമ്പോൾ അവൾ ഒറ്റ പുരികം പൊക്കി തിരിഞ്ഞു നോക്കി… ”

അത്… ചിലപ്പോൾ നിക്ക് തോന്നുന്നതാവും… ന്നാലും ചോദിക്കാതെ വയ്യ… ” പിന്നെയും ശ്രീമോൾ തുടരവേ ഒന്നും മനസ്സിലാവാതെ അപ്പു അവളെ തന്നെ ഉറ്റുനോക്കി… ” ന്നോട് ന്തേലും ചോദിക്കാൻ ഇത്രേമൊക്കെ ആമുഖം വേണോടി ശ്രീ??.. ” അപ്പുവിന്റെ വാക്കുകളിൽ പരിഭവം… ” അതല്ല… എന്തോ… നിനക്ക്… നിനക്ക് ഹരിയേട്ടനോട് എന്തെങ്കിലും??.. എനിക്കെന്തോ… നീ ഉള്ളിൽ എന്തൊക്കെയോ ഒളിപ്പിക്കും പോലെ തോന്നാ… ” അപ്പുവിന്റെ കണ്ണുകളിൽ തന്നെ നോക്കി ശ്രീ ചോദിക്കുമ്പോൾ അവളൊന്നും ഞെട്ടിയിരുന്നു.. മുഖത്തെ വിറയൽ മറയ്ച്ചുപിടിക്കാനെന്നോണം ചുണ്ടിലൊരു പുഞ്ചിരി വരുത്തിതീർത്തു… കണ്ണുകളിൽ അപ്പോഴും ഭയം.. ” ഏയ്… അങ്ങനെ ഒന്നും… ”

” കള്ളം പറയല്ലേ അപ്പൂ… നീ എത്ര കള്ളം പറഞ്ഞാലും നിന്റെ ഈ കണ്ണുകൾ എന്നോട് കള്ളം പറയില്ല… ” അപ്പു പരിഭ്രമത്തോടെ ശ്രീയുടെ സംശയത്തെ എതിർക്കാൻ തുടങ്ങുമ്പോഴേക്കും ശ്രീമോൾ പിന്നെയും സംസാരം തുടർന്നു… അപ്പുവിന്റെ മുഖം കുനിഞ്ഞു… കണ്ണുകൾ നിറഞ്ഞു വന്നു… ഉള്ളിൽ വരർഷങ്ങളായി ഒളിപ്പിക്കുന്ന പ്രണയം ആദ്യമായൊരാൾ തിരിച്ചറിഞ്ഞിരിക്കുന്നു… അതൊന്നു വെറുതെ എതിർത്തുകൊണ്ട് നിൽക്കാൻ പോലും ആവാത്ത വിധം ആ പെണ്ണ് നിശ്ചലയായി നിന്നുപോയി… ഉള്ളിൽ ശ്രീമോളോടൊപ്പം തന്നെയും നെഞ്ചോടു ചേർത്തുപിടിച്ചവന്റെ മുഖം… അവളുടെ മാത്രം ഹരിയേട്ടന്റെ മുഖം… ശ്രീമോൾ പതിയെ അവൾക്കടുത്തേക്ക് ചേർന്ന് നിന്ന് തോളിൽ കയ്യ് ചേർക്കുമ്പോൾ അപ്പു അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു…

ഉയർന്നു താഴുന്ന അവളുടെ ഹൃദയമിടിപ്പിനൊപ്പം കരച്ചിലിന്റെ ഏന്തലുകളും ഉയരവേ ശ്രീ അവളുടെ പുറത്തു പതിയെ തട്ടി… ” കരയുന്നതെന്തിനാ പെണ്ണെ??… ഏഹ്??.. ഞാൻ എനിക്ക് തോന്നിയതോണ്ട് ചോദിച്ചതല്ലേ??… നീ ന്റെ ഹരിയേട്ടനെ സ്നേഹിക്കുന്നുണ്ടേൽ ഏറ്റോം സന്തോഷിക്ക ഞാൻ അല്ലെ… നീ ന്റെ ചങ്കല്ലേ അപ്പൂ… ” സ്നേഹത്തോടെ പറഞ്ഞുകൊണ്ട് ശ്രീ അപ്പുവിന്റെ പുറത്തു തട്ടി… പെണ്ണ് പിന്നെയും ശ്രീയെ മുറുക്കി വരിഞ്ഞു… തോളിൽ മുഖമമർത്തി… കരച്ചിൽ ചീളുകൾ പുറത്തേക്കു വന്നു.. ” ഒത്തിരി…ഒത്തിരി ഇഷ്ടായോണ്ടാ ശ്രീ… ഞാൻ കൊറേ…നോക്കീതാ… മറക്കാൻ… ഏട്ടനാണെന്ന് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചതാ… ന്റെ മനസ്സിനെ… പറ്റുന്നില്ലടാ.. നിക്ക്… നിക്ക് അത്രേം ഇഷ്ടാ ഹരിയേട്ടനെ… ന്റെ അഭിയേട്ടനോടും അനന്ദുവേട്ടനോടും അല്ലാതെ അപ്പു ആരോടേലും അടുത്ത് ഇടപെട്ടിട്ടുണ്ടോ??..

നിനക്കറിഞ്ഞൂടെ… നിക്ക് അത്രേം ജീവനായുണ്ടല്ലേ ഹരിയേട്ടനോട് ചേർന്ന് നിൽക്കാൻ നോക്കണേ… എപ്പോഴും… ആരേം അറിയിക്കാതെ ആണേലും ഞാൻ ഒത്തിരി നാളായി… ശ്രീ… ഹരിയേട്ടനെ ഈ നെഞ്ചിൽ കൊണ്ടുനടക്കാൻ തുടങ്ങീട്ട്… കൊറേ ഇഷ്ടാ.. കൊറേ… ” തോളിൽ പതിയുന്ന ചുടുകണ്ണീരിനൊപ്പം ഏന്തലുകൾക്കിടയിൽ വിറയാർന്ന അവളുടെ സ്വരവും കേൾക്കെ അപ്പു അവളെ മേത്തുനിന്നും അടർത്തിമാറ്റി… താഴ്ന്നിരിക്കുന്ന മുഖം പിടിച്ചുയർത്തി കണ്ണീർ തുടച്ചു… ” അതിനെന്താടാ… എന്തിനാ കരയണേ???… ന്റെ ഹരിയേട്ടന് നിന്നെക്കാൾ നല്ല പെണ്ണിനെ വേറെ കിട്ടോടി??… അത്രേം ബെസ്റ്റാ നീയ്… ഇമ്മാതിരി ന്റെ ഏട്ടനെ വേറെ ആര് പ്രണയിക്കാനാ അപ്പു …

ഏട്ടന്റെ ഭാഗ്യം ആണ് പെണ്ണെ നീ… നീ നോക്കിക്കോ… ഏട്ടനും ഉറപ്പായും നിന്നെ ഇഷ്ടാവും… ” ഒരു കയ്യ്കൊണ്ടവളുടെ കവിളിൽ കയ്യ് ചേർത്ത് മൊഴിഞ്ഞു… അപ്പുവിന്റെ നിറഞ്ഞ മിഴികളിൽ സന്തോഷം… ആശ്വാസം.. പ്രേതീക്ഷ… പിന്നെയും ശ്രീമോളെ ഇറുക്കെ പുണർന്നു… ഉള്ളിലെ പ്രണയത്തിന്റെ വർണചിറകുകൾ കൂടുതൽ ബലമാവുന്നത് അപ്പു അറിഞ്ഞു… കണ്ണീരിനിടയിലും അവൾ ചിരിച്ചു… സന്തോഷത്തോടെ… ******** രാത്രിയിൽ കിടക്കാൻ മുറിയിലേക്ക് കടക്കുമ്പോഴും അറിയാതെ തന്നെ ധ്വനിയുടെ കണ്ണുകൾ തുറന്നു കിടന്ന ജനലിലൂടെ അടുത്ത വീട്ടിലേക്ക് നീണ്ടിരുന്നു… ഇരുട്ടുമൂടിയ വീടിനെ തന്നെ നോക്കി ഒരു നിമിഷം അവൾ നിന്നു… ” ധച്ചേച്ചി…” പുറകിൽ ദേവൂട്ടിയുടെ സ്വരം കേൾക്കെ പിന്തിരിഞ്ഞു നോക്കി…

കണ്ണുകൾ നിറച്ചുകൊണ്ട് വാതിൽപടിയിലായി വന്നുനിൽക്കുകയാണ് ദേവു… നിറഞ്ഞിരിക്കും അവളുടെ കണ്ണുകളിലേക്ക് നോക്കി ധ്വനി ഒരു സംശയത്തോടെ അവളെ കൈയ് കാട്ടി വിളിക്കുമ്പോൾ ഒട്ടും മടിക്കാതവൾ ധ്വനിയോട് ചേർന്ന് നിന്നു… ” എന്തേയ്… ധച്ചേച്ചിയുടെ ദേവൂട്ടിക്ക് എന്തുപറ്റി??..” പെണ്ണിന്റെ നിറഞ്ഞു നിൽക്കും കണ്ണുകളെ അമർത്തി തുടച്ചുകൊണ്ട് ധ്വനി ചോദിക്കുമ്പോൾ അവൾ മറുപടിയേതും പറയാതെ ചേച്ചിയുടെ മാറിൽ പതുങ്ങി… അവളെയും കൊണ്ട് ധ്വനി കട്ടിലിൽ വന്നിരുന്നു… നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടവളുടെ തലയിൽ തഴുകി… ” എന്തോ… വല്ലാത്ത വിഷമം… നിക്ക് എല്ലാരേം കാണാൻ തോന്നുവാ… ” പതിഞ്ഞ സ്വരത്തിൽ നെഞ്ചിൽ മുഖമോളിപ്പിച്ച ദേവൂട്ടി പറയുമ്പോൾ ഒരു പുഞ്ചിരിയോടെ ധ്വനി ഇരുന്നു… ” ആരെ കാണാൻ??.. ”

അവളോടായി ചോദിക്കുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലായി ദേവൂട്ടിയിൽ കണ്ടുകൊണ്ടിരിക്കുന്ന ചെറിയ രീതിയിലുള്ള മാറ്റങ്ങളുടെ കാരണം ചികയുകയായിരുന്നു ധ്വനിയുടെ ഉള്ളം… നെഞ്ചിൽ നിന്നും മുഖമുയർത്തി ദേവൂട്ടി ചേച്ചിയെ നോക്കി.. അപ്പോഴും കൈയ്കളാൽ ധച്ചേച്ചിയുടെ അരയിലൂടെ ചുറ്റിപ്പിടിച്ചിരുന്നു… ” എല്ലാരേം…ഗീതമ്മേനേം.. ഏ.. ഏട്ടൻമാരേം… ഒക്കെ… ” കലങ്ങിയ കണ്ണുകളോടെ ചേച്ചിയെ ഉറ്റുനോക്കി… ഒരു പുഞ്ചിരിയോടെ ധ്വനി ദേവൂട്ടിയുടെ തുടുത്ത കവിളിൽ കൈയ് ചേർത്തു… ” നോക്ക് ദേവൂ… ചേച്ചി മുൻപേ പറഞ്ഞതല്ലേ… നമുക്ക് ഇപ്പൊ ഈ മാറ്റം ആവശ്യമാണ്… അവർക്കും അതെ… ന്നാലും എന്നും അവരൊക്കെ നമ്മൾടെ ഉള്ളിൽ തന്നെയില്ലേ??.. വെഷമിക്കാൻ എന്താ ഉള്ളേ പെണ്ണെ??.. ഏഹ്??…” സ്നേഹത്തോടെ ചേച്ചി പറയുന്നത് കേട്ടുകൊണ്ട് ദേവൂട്ടി ചേച്ചിയെ മുറുക്കെ പുണർന്നു…

പിന്നെയും കണ്ണുകൾ പെയ്തു.. എന്തിനെന്നോ ആർക്കെന്നോ അറിയാതെ… ” നമ്മളെ കാണണമെന്നുണ്ടേൽ അവരിങ്ങോട്ട് വരട്ടെ മോളെ… അതിനുള്ള ധൈര്യമെങ്കിലും കാണിക്കട്ടെ… ” വാത്സല്യത്തോടെ അവളുടെ നെറുകിൽ ചുംബിച്ചു… കിടക്കയിൽ കിടത്തിക്കൊണ്ട് അവളെ മുറുക്കെ ചേർത്തുപിടിച്ചു… ദേവൂട്ടി തിരിച്ചറിയാൻ മടിക്കുന്ന ചിന്തകളുടെ കൂട്ടികുഴച്ചിലിൽ ഉഴറിക്കൊണ്ട് ചേച്ചിയുടെ ചൂടിൽ പതുങ്ങി… ” ഉറങ്ങിക്കോട്ടോ… ” അത്രമേൽ വാത്സല്യം നിറഞ്ഞ ചേച്ചിയുടെ സ്വരം… ദേവൂട്ടിയുടെ കണ്ണുകൾ അടയും വരെ ചേച്ചിയുടെ കയ്യ്കളവളെ തഴുകി… മുറിയിലും പുറത്തും ഇരുട്ട് നിറഞ്ഞു… കിടന്നുകൊണ്ട് തന്നെ ധ്വനി പതിവുപോലെ ആകാശത്തേയ്ക്ക് നോക്കി…

ഗീതമ്മയെയും ഭരതേട്ടനെയും ഭഗതിനെയും കാണാനും സംസാരിക്കുവാനും അവളെപ്പോലെ തനിക്കും ആഗ്രഹമുണ്ട്… എന്നിരുന്നാൽ കൂടി ഇത്രത്തോളം ദേവൂനെ അവരുടെ അഭാവം വേദനിപ്പിക്കണമെങ്കിൽ അവളുടെ ചിന്തകൾ പോലും ഇപ്പോഴും അവരെ മാത്രം ചുറ്റിപറ്റി നടക്കുന്നതുകൊണ്ടാവില്ലേ??.. അത് ഒന്നിച്ചുണ്ടായിരുന്ന കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിനപ്പുറം എന്തേലും ഘടകം കൊണ്ടായിരിക്കുമോ??… അതൊന്നു തുറന്നു ചോദിക്കുവാൻ ആഗ്രഹിക്കുമ്പോഴും ദേവൂട്ടിയുടെ ഉള്ളിൽ അത്തരത്തിൽ ചിന്തകളൊന്നും ഇല്ലെങ്കിൽ ചോദ്യം ചെയ്യൽ അവളെ എത്രമാത്രം നോവിക്കുമെന്നുള്ളത് ധ്വനിയെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു… ആ ചിന്തകളിൽ കൂടി ദിക്കറിയാതെ സഞ്ചരിക്കുമ്പോൾ നിഷ്കളങ്കമായ മറ്റൊരു പുഞ്ചിരി ഉള്ളിൽ തെളിഞ്ഞു…

അനന്ദു… അവനിലെ വിയർപ്പിന്റെയും അത്തറിന്റെയും കൂടികലർന്നുള്ള ഗന്ധം നിറഞ്ഞു… കണ്ണുകളിൽ ഒളിപ്പിച്ചിരിക്കുന്ന ഒരായിരം കാര്യങ്ങൾ തെളിഞ്ഞു… വേദനയിലും ചിരിക്കുന്ന അധരങ്ങൾ മിഴിവോടെ ഉള്ളിൽ നിറഞ്ഞു… പിന്നെയും ചിന്തകൾ അവനിൽ തന്നെ ചുറ്റിപറ്റി പിണഞ്ഞുകയറി… അവളിലെ ശ്വാസനിശ്വാസത്തിൽ പോലും മാറ്റങ്ങൾ നിറഞ്ഞു… അവനെ ആദ്യമായി കണ്ടതുമുതൽ ഓരോന്നും ഉള്ളിൽ തെളിഞ്ഞു… അവന്റെ വേദനകൾ… ഏറ്റുവാങ്ങേണ്ടി വരുന്ന പരിഹാസങ്ങൾ… നീറുമ്പോഴും പുഞ്ചിരിയാൽ തീർക്കുന്ന വിസ്മയം… അതിനവളുടെ ഹൃദയത്തെ പിടിച്ചുലയ്ക്കാൻ കെൽപ്പുണ്ടായിരുന്നു… എന്തിനോ എപ്പോഴും അവനവളുടെ ഉള്ളിനെ തൊട്ടുണർത്തികൊണ്ടിരുന്നു… ചിലപ്പോൾ പുഞ്ചിരികൊണ്ട്… ചിലനേരം മൃതുസ്വരം കൊണ്ട്…

മറ്റുചിലപ്പോൾ വേദനകൊണ്ട്… എതിർവശത്തെ വീട്ടിലെ ജനൽപാളികളിലൊന്നു തുറക്കപ്പെട്ടു… ഇരുട്ടിലും വെപ്രാളത്തോടെ അവളുടെ കണ്ണുകൾ അങ്ങോട്ട് പാഞ്ഞു… നേരെയുള്ള മുറിയിലെ ചെറിയ മഞ്ഞവെളിച്ചമുള്ള ടേബിൾ ലൈറ്റിൽ അവന്റെ മുഖം തെളിഞ്ഞു കണ്ടു… അനന്ദു… ശ്വാസം പോലുമെടുക്കാതെ പെണ്ണവനിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു… അവ നിറഞ്ഞു വന്നു… കയ്യിലുള്ള പുസ്തകത്തിൽ എന്തോ കുത്തിക്കുറിക്കുകയായിരുന്നവൻ… ചുണ്ടിലെ പുഞ്ചിരി അതേപടി നിലനിൽക്കുന്നു… ഇടയ്ക്കു കണ്ണുകളടച്ചും ഇടക്ക് തുറന്നും ഇടക്ക് കസേരയിൽ ചാരി കിടന്നും ഓർത്തോർത്തെടുത്തുകൊണ്ട് അവനെന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു… കയ്യില്ലാത്ത വെള്ളബനിയനിൽ വന്നു പതിയുന്ന ലൈറ്റ്റിന്റെ ചെറിയ മഞ്ഞ വെളിച്ചം അവന്റെ മുഖത്തെ കൂടുതൽ എടുത്തുകാണിക്കുമ്പോൾ ആ പെണ്ണ് മതിമറന്നു നോക്കിനിന്നുപോയി…

ഉള്ളിലെ സംഘർഷങ്ങൾ മാറുന്നതും അവിടെ അവന്റെ പുഞ്ചിരി മാത്രം ഇടംപിടിക്കുന്നതും അവളറിഞ്ഞു… ഇളം തണുപ്പ് ശരീരമാകെ പൊതിയുംപോലെ… അവന്റെ ആ നിഷ്കളങ്ക മുഖം ഇരുകായ്യാലെയും കോരിയെടുത്തുകൊണ്ട് നെറ്റിയിൽ ചുണ്ട് ചേർക്കുവാൻ അവൾക്കുള്ളം വെമ്പി… “””” അതെ… സഹതാപമല്ല… സ്നേഹമാണ് അനന്ദു… നിന്റെ ഈ പുഞ്ചിരിയോട്… ചിരിക്കുമ്പോൾ ആയിരം അർത്ഥം ഒളിപ്പിക്കും കണ്ണുകളോട്… മറ്റാരും കാണാത്ത കണ്ണീരിനെ ഒളിപ്പിക്കും താടിരോമങ്ങളോട്…. വലുപ്പ വ്യത്യാസമുള്ളകാലുകളോട്… അവയെ പിണക്കാതെ ഉലയും ശരീരത്തോട്… എല്ലാമെല്ലാം… ഈ പെണ്ണിന് സ്നേഹമാണ് അനന്ദു… ഒരിക്കലും നിലയ്ക്കാത്ത… അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഭ്രാന്തമായ സ്നേഹം… എന്നെ തന്നെ പിടിച്ചുലയ്ക്കുന്ന സ്നേഹം… ”'””

കണ്ണിലും മനസ്സിലും അവന്റെയാ രൂപം നിറച്ചുകൊണ്ടവൾ മൗനമായ് മൊഴിഞ്ഞു… ഒന്നുമറിയാതെ അവൻ എഴുത്തിൽ മാത്രം ശ്രദ്ധ ചെലുത്തി… എപ്പോഴോ പുറത്തെ ഇരുട്ടിലേക്ക് കണ്ണെറിഞ്ഞു… ഒരു പുഞ്ചിരിയോടെ പെണ്ണ് അവനെ തന്നെ നോക്കി കണ്ടു… ഇരുട്ടിലേക്ക് നോക്കികൊണ്ടവൻ പതിയെ മൂളി… “””‘”കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ…. മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ…. അവളുടെ മിഴിയില്‍ കരിമഷിയാലേ കനവുകളെഴുതിയതാരേ‍….. നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ…. മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരേ… ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ…. അവളുടെ കവിളിലില്‍ തുടു വിരലാലേ കവിതകളെഴുതിയതാരേ…. മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ………  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 5

Share this story