തോളോട് തോൾ ചേർന്ന്: ഭാഗം 7

തോളോട് തോൾ ചേർന്ന്: ഭാഗം 7

എഴുത്തുകാരി: ജിച്ചന്റെ കാവു

” ധ്വനിമോളെ ഹരിക്കുവേണ്ടി ചോദിക്കാനാ ഭാനു ഞങ്ങളിപ്പോ വന്നത്… ” നന്ദകൃഷ്ണന്റെ വാക്കുകൾ കേട്ട് ഒരു അമ്പരപ്പോടെ ഭാനുമതി നിശ്ചലയായി നിൽക്കുമ്പോൾ രമ അവരുടെ അടുത്തേക്ക് നിന്നു കൈയ്കളിൽ കൈയ് കോർത്തു പിടിച്ചു… ” ന്റെ മോന്റെ ഭാര്യയായിട്ടല്ല… സ്വന്തം മോളായിട്ട് തന്നെ ഞാൻ കണ്ടോളാം… ഞാൻ മാത്രല്ല… കൃഷ്ണേട്ടനും… അവളെ ഞങ്ങളുടെ വീട്ടിലേക്ക് തന്നേക്കാവോ ഭാനു??.. ” ചേർത്തുപിടിച്ചുകൊണ്ട് രമ പറയുമ്പോൾ അറിയാതെ തന്നെ ഭാനുമാതിയുടെ കണ്ണുകൾ നിറഞ്ഞത് സന്തോഷംകൊണ്ടായിരുന്നു… വാക്കുകളേതും പറയാനാവാതെ അവർ നിറമിഴിയാലെ ഇരുവരെയും നോക്കി… ” നിക്ക്… നിക്ക് എന്താ പറയണ്ടേ ന്ന് അറിയുന്നില്ല ഏട്ടാ… ”

അവരെങ്ങനെയോ പറഞ്ഞൊപ്പിച്ചു… ചുവരിലെ ശേഖരന്റെ ഫോട്ടോയിൽ കണ്ണുറപ്പിച്ചു തീരുമാനത്തിനായി അയാളോട് ഉള്ളാലെ അനുവാദം ചോദിച്ചുകൊണ്ട് നെഞ്ചിൽ കൈയ് ചേർത്തു നിന്നു… അദൃശ്യമായ അയാളുടെ സാന്നിധ്യം അവരെ പൊതിഞ്ഞു… ” തിടുക്കപ്പെട്ട് ഒന്നും പറയണ്ട ഭാനു… മോളോട് കൂടെ ചോദിച്ചിട്ട് മതി… നന്ദനോട് ഞങ്ങൾ സംസാരിച്ചിരുന്നു.. അവനും താല്പര്യം ഉള്ളതുകൊണ്ടാ ഇവിടെ വന്ന് സംസാരിക്കാമെന്നു കരുതിയത്… കുട്ടികൾക്ക് രണ്ടാൾക്കും സമ്മതം ആണേൽ വൈകിക്കണ്ട… താഴെ പെൺകുട്ട്യോള് നിക്കല്ലേ രണ്ട് വീട്ടിലും… ” കൃഷ്ണൻ പുഞ്ചിരിയോടെ അവരുടെ താല്പര്യം കൂടുതൽ വ്യക്തമാക്കി… പിന്നെയും സംസാരങ്ങൾ തുടർന്നു… ഹരിയുടെ താല്പര്യവും ധ്വനിയോടുള്ള കൃഷ്ണന്റെയും രമയുടെയും സ്നേഹവും വിവാഹത്തിനായുള്ള അവരുടെ ആഗ്രഹവുമെല്ലാം സംസാരത്തിൽ തെളിഞ്ഞു നിൽക്കെ ഭാനുമതിയിലും സന്തോഷം നിറഞ്ഞു…

ഒരിക്കലും സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ജീവിതാവസ്ഥയിലും ഇത്രയും നല്ലൊരു ബന്ധം കിട്ടിയതിൽ അവർ ഈശ്വരനോട് നന്ദി പറഞ്ഞുകൊണ്ടിരുന്നു… മകളുടെ ജീവിതത്തിലെ നിറമുള്ള നിമിഷങ്ങൾ അവരും സ്വപ്നം കണ്ടുതുടങ്ങി.. ” ധച്ചുനോട് സമ്മതം ചോദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല ഏട്ടാ… നിക്ക് അറിയാം അവളെ… മോൾക്കും സമ്മതം ആയിരിക്കും… ” നിറഞ്ഞ മനസ്സോടെ നന്ദകൃഷ്ണനോടായി ഭാനു പറയുമ്പോൾ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങളുടെ കണക്കുകൂട്ടലുകളിൽ ആയിരുന്നു ആ മാതാപിതാക്കൾ… “അമ്മ… അമ്മ എന്താ ഈ പറയണേ??..” കേട്ടത് വിശ്വസിക്കാനാവാതെ ഇരുന്നിരുന്ന കസേരയിൽ നിന്നും ചാടിയെഴുന്നേറ്റുകൊണ്ട് ധ്വനി ചോദിക്കുമ്പോൾ ശബ്ദം ഇടറിയത് ഉള്ളിലെ പിടച്ചിൽകൊണ്ടായിരുന്നു… ” സത്യാ മോളെ…

ഇന്ന് കൃഷ്ണേട്ടനും രമയും വന്നിരുന്നു… അവർ ഇങ്ങോട്ട് പറഞ്ഞതാ ഈ കല്യാണക്കാര്യം… കേട്ടപ്പോ തൊട്ട് അമ്മയ്ക്കും വിശ്വസിക്കാനാവുന്നില്ലടാ… ന്റെ കുട്ടീടെ ഭാഗ്യാ.. ” നിറഞ്ഞ ഉള്ളിന്റെ പ്രതിഫലണമെന്നവണ്ണം മിഴിനീർ തുടിച്ച കണ്ണുകൾ അവളിലായി പതിപ്പിച്ചുകൊണ്ട് ആ അമ്മ മകളെ തഴുകി… കല്യാണക്കാര്യം കേട്ടതിന്റെ സന്തോഷത്തിൽ ദേവൂട്ടി നിറഞ്ഞ പുഞ്ചിരിയുമായി ചേച്ചിയെ പുറകിൽ നിന്നും കെട്ടിപിടിക്കുമ്പോൾ മറ്റേതോ ലോകത്തിലെന്ന പോലെ ധ്വനി നിശ്ചലയായി നിന്നുപോയി… ചിന്തകളിൽ പല മുഖങ്ങളും സംഭവങ്ങളും തെളിഞ്ഞു… കൂടുതൽ മിഴിവോടെ നിറഞ്ഞ മുഖങ്ങളിലൊന്നിലെ പുഞ്ചിരി അവൾ കൊതിയോടെ ഉള്ളിൽ നിറയ്ക്കാനായുമ്പോൾ മാഞ്ഞു മാഞ്ഞു പോവുകയായിരുന്നു… ചങ്ക് പിടഞ്ഞു… ” അമ്മേ… ഹരിമാഷോട്…

നിക്ക് അങ്ങനെ ഒന്നും…” ആ പെണ്ണെന്തൊക്കെയോ പറയാൻ ശ്രമിക്കവേ വാക്കുകൾ മുറിഞ്ഞുപോയികൊണ്ടിരുന്നു… ” അതെനിക്കറിയാം ധച്ചു… ഹരിയോടെന്നല്ല ന്റെ കുഞ്ഞിന് ആരോടും ഒരു പ്രേതേക ഇഷ്ടോ താല്പര്യോ ഒന്നൂല്ല്യാന്ന് അമ്മക്കറിയാം മോളെ… അതോണ്ടല്ലേ അമ്മ അവർക്ക് വാക്ക് കൊടുത്തത്… ന്റെ കുഞ്ഞിന് ഹരിയേ ചേരൂ… ” ധച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് അമ്മ നെറ്റിയിൽ ചുണ്ട് ചേർത്തു… വാത്സല്യത്തോടെ കവിളിൽ തഴുകി… ” ഹരിയേട്ടനപ്പോ ചേച്ചിയെ ഇഷ്ടാ???… അങ്ങനെ പറഞ്ഞോ അമ്മേ??.. ” വിടർന്ന കണ്ണുകളോടെ ധ്വനിയുടെ കൈയിൽ മുറുക്കെ പിടിച്ചു തുള്ളിച്ചാടികൊണ്ട് ഉള്ളിലെ സന്തോഷം പ്രകടിപ്പിച്ചു ദേവൂട്ടി ചോദിക്കുമ്പോഴും പ്രതിമ കണക്കെ ധ്വനി നിന്നു… ” പിന്നെ ഇഷ്ടാവാതെ… ന്റെ മോളെ ആർക്കാ ഇഷ്ടാവാതിരിക്കാ…

ഹരിക്ക് ഈ ബന്ധത്തിന് നല്ല താല്പര്യം ഉണ്ടെന്ന കൃഷ്ണേട്ടൻ പറഞ്ഞേ… നിങ്ങൾക്കറിയോ അവരെല്ലാം എത്ര സന്തോഷത്തിലാണെന്നോ… ” അമ്മയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു നിൽക്കുന്നത് കാണെ നെഞ്ചിൽ വല്ലാത്ത നോവ് തോന്നി ധ്വനിക്ക്… എതിർക്കണമെന്നുണ്ട്… ഇത് നടക്കില്ലെന്നു ഉറക്കെയുറക്കെ വിളിച്ചുപറയണമെന്നുണ്ട്… പൊട്ടികരഞ്ഞുകൊണ്ട് അമ്മയുടെ മാറിൽ പതുങ്ങണമെന്നുണ്ട്… കഴിയുന്നില്ല… ഒന്നിനും… ഉള്ളിലെ സംഘർഷങ്ങൾ മുഖത്ത് തെളിഞ്ഞു വരുമ്പോൾ അമ്മയും തെല്ലൊരു പകപ്പോടെ അവളെ നോക്കി… ” നിക്കറിയാം ധച്ചു… ന്റെ കുഞ്ഞിന്റെ ഉള്ളിലിപ്പോ ഭയമായിരിക്കും ലേ??.. ഒന്നുല്യാടാ… ഹരിക്ക് മോളെ ഇഷ്ടാ… പതിയെ ന്റെ കുഞ്ഞും അവനെ ഇഷ്ടപ്പെടാൻ തുടങ്ങും… അല്ലേലും താലികെട്ടുന്ന പുരുഷനെ സ്നേഹിക്കാൻ ഏത് ഭാര്യക്കാ പറ്റാത്തത്??…

അതും ഹരിയെപ്പോലെ നല്ലൊരാൾ ആവുമ്പോ ന്തായാലും ന്റെ കുഞ്ഞിന് നല്ല ജീവിതം ആയിരിക്കും… ” പിന്നെയും പ്രേതീക്ഷകളും മോഹങ്ങളും നിറച്ച വാക്കുകളാൽ അമ്മ അവളെ തോൽപ്പിച്ചുകൊണ്ടിരുന്നു.. അതിലേറെ സന്തോഷംകൊണ്ടവളെ പിരിമുറുക്കത്തിലാക്കികൊണ്ടിരുന്നു… “നിക്ക്… നിക്കിപ്പോ കല്യാണം വേണ്ടമ്മേ…” മുഖമുയർത്തി അമ്മയെ നോക്കാനാവാതെ കുനിഞ്ഞ മുഖവുമായവൾ പറഞ്ഞത് അമ്മയുടെ മുഖത്തിനേൽക്കുന്ന മങ്ങൽ കാണാൻ കെൽപ്പില്ലാത്തതിനാലായിരുന്നു… ” അതെന്താ… ഹരിയേട്ടൻ നല്ല ഏട്ടനല്ലേ??.. ” ഒന്നും മനസിലാവാതെ ധ്വനിയെയും അമ്മയെയും മാറി മാറിനോക്കി ദേവൂട്ടി ചോദിക്കുമ്പോൾ അമ്മയുടെ മുഖത്തെ അമ്പരപ്പ് മാറി ചെറുതായൊരു ഭയം നിറഞ്ഞു… ” കല്യാണം വേണ്ടെന്നോ??.. ന്താ പറയണെന്ന് ഓർത്തിട്ടാണോ പറയണത് ധച്ചു??.. ഇപ്പൊ എന്താ കല്യാണം വേണ്ടാത്തേ??..

നോക്ക് ധച്ചു… നമ്മൾടെ അവസ്ഥ മോള് മറന്നിട്ടില്ലല്ലോ??.. സ്വന്തം ന്ന് പറയാൻ ഒരു കിടപ്പാടം പോലും ഇല്ലാതെ നിൽക്കാ… ഒന്നും ഇല്ലാതെ കയ്യും വീശി വീട്ടിന്നു ഇറങ്ങിയപ്പോ താങ്ങായും തണലായും ആ മനുഷ്യനും ഭാര്യയും ഉണ്ടായുള്ളൂ നമ്മൾക്ക്… ഇപ്പോഴും… ഇപ്പോഴും അവരെ ഉള്ളൂ… അവരുടെ ഔദാര്യത്തിൽ ഉള്ള ജീവിതാ ഇപ്പൊ… മറക്കണ്ട… ന്നിട്ട് അവരോരു മോഹം വന്ന് പറയുമ്പോ ഇങ്ങനെയാ പറയണ്ടേ??.. ഇങ്ങനെയാണോ നിന്നെ പഠിപ്പിച്ചിരിക്കുന്നത്???… ” തെല്ലൊരു പരിഭവത്തോടെ സ്വരം ഉയർത്തി ഭാനുമതി പറയുമ്പോൾ അമ്മയെ നോക്കാനോ മറുപടി പറയാനോ കഴിയാതവൾ നിന്നു… കണ്ണുകൾ നിറഞ്ഞു… അല്ലേലും എന്ത് പറയാനാണ്??.. ഇതുവരെ പറയാത്തൊരിഷ്ടം ഉള്ളിനുള്ളിൽ ഒളിപ്പിക്കുന്നുണ്ടെന്നോ??..

” ധച്ചൂട്ടി… ” സ്നേഹത്തോടെയുള്ള അമ്മയുടെ സ്വരത്തോടൊപ്പം കവിളിൽ തലോടുന്ന കൈയ്കളുടെ ചൂടും… അവളമ്മയെ മുഖമുയർത്തി നോക്കാതെ തന്നെ ഇറുക്കി പുണർന്നു… ” വിഷമിക്കല്ലേ മോളെ… ഇതെന്റെ മോൾക്ക് കിട്ടാവുന്നതിൽ ഏറ്റോം നല്ല ആലോചനയാ… അമ്മക്ക് വിശ്വാസം ഉണ്ട്… ഹരിമോൻ ന്റെ മോളെ പൊന്ന് പോലെ നോക്കും… നിക്ക് മോനായും ദേവൂന് ഏട്ടനായും നമുക്ക് അവന്റെ കാണും മോളെ… മോൾ ആലോചിക്ക്… കൃഷ്ണേട്ടൻ ഉള്ളോണ്ട് മാത്രാ ഇന്നും നമ്മൾ ഇങ്ങനെ ജീവിക്കണേ… അതുകൂടെ ഓർത്തോളൂ… ” സൗമ്യമായി പറഞ്ഞുകൊണ്ടവർ ധ്വനിയുടെ മുടിയിൽ തഴുകി… മുഖത്തൊരു പിണക്കം നടിച്ചുകൊണ്ട് ദേവൂട്ടിയും അവർക്കടുത്തു ചുറ്റിപറ്റി നിൽക്കുമ്പോൾ അമ്മ അവളെ കണ്ണുകൾക്കൊണ്ടടുത്തു വിളിച്ചു… നിറഞ്ഞ ചിരിയോടെ ധ്വനിയുടെ പുറകിലൂടെ ചുറ്റിപിടിച്ചുകൊണ്ടവളും അവർക്കൊപ്പം കൂടി…

അമ്മയെ ചുറ്റിപ്പിടിച്ച ധ്വനിയുടെ കയ്യ്കൾക്ക് മുറുക്കം കൂടി… ആ ഹൃദയത്തിന്റെ പിരിമുറുക്കം പോൽ… രാത്രിയിൽ അത്താഴവും കഴിച്ചുകൊണ്ട് ഊണുമേശയ്ക്ക് ചുറ്റും ഇരിക്കുകയായിരുന്നു നന്ദകൃഷ്ണനും കുടുംബവും… ഭക്ഷണം കഴിക്കുന്നെങ്കിൽ കൂടി മറ്റേതോ ലോകത്തെന്നപോലെയായിരുന്നു ഹരിയുടെ അവസ്ഥ… ധ്വനിയെ അവനു വേണ്ടി കല്യാണം ആലോചിക്കുവാൻ വീട്ടുകാർ മുതിരുമെന്നോ അതിനവന്റെ അഭിപ്രായം ചോദിച്ചുവരുമെന്നോ കരുതിയിരുന്നില്ല… എങ്ങനെ വീട്ടിൽ ധ്വനിയോടുള്ള താല്പര്യം അവതരിപ്പിക്കുമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വീട്ടുകാരായി തന്നെ അതെ കാര്യവുമായി മുന്നോട്ടുവന്നത്… അവളിൽ അടിമപ്പെട്ടുപോയ കാര്യം അച്ഛനോടും അമ്മയോടും പറയുന്നതിനുള്ള ചമ്മലിൽ പ്രണയത്തിന്റെ കാര്യം അവരെ അറിയിക്കാതെ വച്ചുകൊണ്ട് ചെറിയൊരു താല്പര്യം തോന്നിയിട്ടുണ്ടെന്ന മട്ടിൽ മാത്രം സമ്മതമറിയിക്കുമ്പോഴും ചുറ്റും നടക്കുന്നതെല്ലാം സത്യമോ മിഥ്യയോ എന്നറിയാനാവുന്നില്ലായിരുന്നു അവനു…

അന്നേരം മുതൽ മറ്റേതോ ലോകത്തെന്നപോലെയാണ്… ആദ്യമായി ആരാധന തോന്നിയ ദേവീശില്പം സ്വന്തമാക്കാൻ പോവുന്നതിന്റെ ആകാംഷയായിരുന്നു അവനിൽ… “ഹരീ… ഞങ്ങളിന്ന് പോയി ഉറപ്പിച്ചുട്ടോ..” അച്ഛന്റെ സ്വരം കേട്ടുകൊണ്ടവൻ ചിന്തകളിൽ നിന്നും ഞെട്ടി മുഖമുയർത്തി അവരെ നോക്കി… കല്യാണകാര്യം ആണെന്ന് മനസ്സിലായതും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തത്തിക്കളിച്ചു… ” എന്താ അച്ഛാ??..എന്താ ഉറപ്പിച്ചേ?? ” അമ്മയുടെയും അച്ഛന്റെയും മുഖത്തെ സന്തോഷവും ചേട്ടന്റെ കണ്ണിലെ കുസൃതിയും കണ്ടുകൊണ്ട് ഒന്നും മനസ്സിലാവാതെ ശ്രീമോൾ ചോദിച്ചു… ” ഇതാപ്പോ നന്നായെ… ചെക്കന്റെ ഒറ്റ പെങ്ങളാ… ന്റെ ശ്രീയേ നീയൊന്നും അറിഞ്ഞില്ലെടി?? ” കൃഷ്ണന് നേരെ കണ്ണുചിമ്മികാണിച്ചുകൊണ്ട് രമ അവളെ നോക്കി കളിയാക്കും പോലെ പറയുമ്പോൾ ശ്രീ മുഖം കൂർപ്പിച്ചു പിടിച്ചിരുന്നു… ” നന്ദന്റേം ധ്വനിയുടേം കല്യാണകാര്യാ മോളെ…

അതങ്ങു ഉറപ്പിച്ചു ഞങ്ങൾ…” ചിരിയോടെ കൃഷ്ണൻ അവൾക്കായി മറുപടി നൽക്കുമ്പോൾ നന്ദന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ഏഴഴകായിരുന്നു… കേട്ടത് വിശ്വസിക്കാനാവാതെ കണ്ണും തള്ളി ഇരിക്കുകയായിരുന്നു ശ്രീമോൾ അപ്പോൾ… ഹരിയേട്ടനോടുള്ള പ്രണയം പറഞ്ഞു കരഞ്ഞ അപ്പുവിന്റെ മുഖം മനസ്സിൽ നിറയുമ്പോൾ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതവൾ അച്ഛനെ തന്നെ നോക്കിയിരുന്നു… കണ്ണുകൾ പതിയെ കുസൃതി ചിരിയോളിപ്പിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന ഏട്ടനിലേക്ക് നീണ്ടു… ” ഏട്ടന്… ഏട്ടന് ഇഷ്ടാണോ ധചേച്ചിയെ??.. ” ദയനീയമായവൾ ചോദിക്കുന്നതിനു ഹരിയൊന്നു കണ്ണുചിമ്മി പുഞ്ചിരിച്ചു… കണ്ണുകളിൽ ആശിച്ചതെന്തോ കൈവന്ന തിളക്കം… അത് കണ്ടതും ശ്രീമോളുടെ ഉള്ളൂ പിടഞ്ഞു… അവനെ മാത്രം ഉള്ളിൽ നിറച്ചുകൊണ്ട് വർഷങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന അപ്പു ഇതറിഞ്ഞാലുള്ള അവസ്ഥ ഓർക്കാനാവാതെ കണ്ണുകൾ ഇറുക്കിപൂട്ടി…

രാത്രിയിൽ പിന്നെയും നക്ഷത്രങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് ഉലയുന്ന ഹൃദയവുമായി ധ്വനി കിടന്നു… കണ്ണുകൾ ഇരുട്ടിലെ വെട്ടമേകും നക്ഷത്രങ്ങളിൽ പതിപ്പിച്ചു… കൺപോളകളെ വെല്ലുവിളിച്ചുകൊണ്ട് മിഴിനീർക്കണങ്ങൾ ചെന്നിയിലൂടോഴുകിയിറങ്ങി… ഇടയ്ക്കിടെയുള്ള ശ്വാസനിശ്വാസങ്ങൾ തടസ്സപ്പെടും നേരം ഏന്തലുകൾ ഉയർന്നു… നെഞ്ചം വിങ്ങി… ഒരു ഏട്ടൻ എന്ന സ്ഥാനത്തിനപ്പുറം ഇന്നേവരെ ഹരിമാഷെ മറ്റൊരു തരത്തിൽ കണ്ടിരുന്നില്ല.. പലപ്പോഴും താങ്ങും തണലും ആയി നിലകൊള്ളുമ്പോൾ സ്വന്തം ഏട്ടനെപോലെ തന്നെ തോന്നിയുള്ളൂ… അതുകൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തോടെ ആളോട് ഇടപെട്ടിരുന്നത്… ഇങ്ങനെയൊരു കല്യാണആലോചന സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല… അതും ഇത്രയും പെട്ടന്ന്.. പരിചയപ്പെട്ട് മാസങ്ങൾക്കുള്ളിൽ…

ഉള്ളിൽ ഹരിയോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളും ഓർത്തോർത്തെടുത്തുകൊണ്ട് അവൾ അവന്റെ കണ്ണുകളിൽ സ്നേഹത്തിനപ്പുറം മറ്റെന്തേലും ഭാവം നിറഞ്ഞിരുന്നോ എന്ന് ചികഞ്ഞു… ഇല്ലാ… അങ്ങനെയൊന്നു ഇന്നേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല… അല്ലേലും എപ്പോഴാണ് താൻ ഹരിമാഷെ അത്രയേറെ ശ്രദ്ധിച്ചിരിക്കുന്നത്??.. കോളേജിൽ കാണും നേരങ്ങളിലാണ് പിന്നെയും സംസാരിക്കുന്നത്… അല്ലാത്തപ്പോഴോ… എല്ലാരും കൂടും നേരങ്ങളിലെല്ലാം കണ്ണും മനസ്സും അനന്ദുവിൽ മാത്രമായിരുന്നില്ലേ… അനന്ദു… ഇടതുകാൽ കുത്തി വലതുകാൽ പൊക്കിവലിച്ചു വെച്ചുകൊണ്ടുള്ള അവന്റെ നടത്തം കണ്ണിൽ തെളിഞ്ഞു… കാലുകളിൽ നിന്നും മനസ്സാലെ സഞ്ചരിച്ചുകൊണ്ട് ആ മുഖത്തെത്തി നിൽക്കുമ്പോൾ വേദനയെ മറച്ചുവച്ചുകൊണ്ടുള്ള ചുണ്ടിലെ പുഞ്ചിരി തെളിഞ്ഞു…

ധ്വനി ഇറുക്കി കണ്ണുകളടച്ചു… കാതിൽ അവന്റെ മൃതു സ്വരം… അവൻ തനിക്കായി മാത്രം പാട്ടുമൂളുന്നു… ആ പാട്ടിലൂടെ തന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു… സിരകളിലേക്ക് പടർന്നു കയറുന്നു… ഇറുക്കിയടച്ച കൺപോളകൾ വലിച്ചു തുറന്നുകൊണ്ടവൾ ആകാശത്തേക്കുറ്റു നോക്കി… ഓരോ നക്ഷത്രത്തിലും അനന്ദുവിന്റെ മുഖം… ആ പുഞ്ചിരി… ആ കണ്ണുകൾ… കൊതിയോടെ പിന്നെയും പിന്നെയും അവയിലൂടെയെല്ലാം കണ്ണു പായിച്ചു… ചുറ്റും അനന്ദുവിന്റെ മുഖം മാത്രം… അവളുടെ കണ്ണിൽ നിന്നോഴുകിയ കണ്ണുനീരിൽ വേദനയുടെ ഉപ്പുരസം… നോവിന്റെ കയ്യ്പ്പ്… “” അറിയുന്നുണ്ടോ അനന്ദു??… നിന്നെ മാത്രം ഉള്ളിൽ നിറച്ചുകൊണ്ട് ഞാനിവിടെ ഉരുകുന്നത്??.. കേൾക്കാനാവുന്നോ നിനക്ക്??..

ഉറക്കെയുറക്കെ നിന്നോടുള്ള പ്രണയം വിളിച്ചു പറഞ്ഞുകൊണ്ടെന്റെ ഹൃദയം കേഴുന്നത്??.. എങ്ങനെയാടോ… എങ്ങനെയാ നീയെന്റെ ഉള്ളിൽ ഇങ്ങനെ കയറിക്കൂടിയത്??..”” അവന്റെ ഓർമപോലും പെണ്ണിനെ അവളല്ലാതാക്കിക്കൊണ്ടിരുന്നു… ഒരിക്കെ മാത്രം തിരിച്ചറിഞ്ഞ അവന്റെ ഗന്ധം അവളെ പുണർന്നുകൊണ്ടിരുന്നു… പാടുമ്പോഴുള്ള അവന്റെ മൃതു സ്വരമവളെ തഴുകികൊണ്ടിരുന്നു… പലപ്പോഴായി അവളുടെ കണ്ണുകളുമായി കൊരുത്ത അവന്റെ കണ്ണുകൾ പെണ്ണിനെ വിവശയാക്കുകൊണ്ടിരുന്നു…. തമ്മിൽ പറഞ്ഞ വിരലിലെണ്ണാവുന്ന വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു… ഹൃദയം അവന്റെ പേരിൽ മിടിച്ചുകൊണ്ടിരിക്കുന്നു… ഇതോന്നുമറിയാതെ അനന്ദുവും… ഒഴുകിയിറങ്ങുന്ന അവളുടെ കണ്ണീരിനിടയിലും അവന്റെ പുഞ്ചിരി മാത്രം കണ്ണിൽ തെളിഞ്ഞു …

പതിയെ അത് മങ്ങി മങ്ങി വന്നു… ചിമ്മും നക്ഷത്രങ്ങൾ മാത്രം വാനിൽ അവശേഷിക്കേ വെപ്രാളത്തോടെ അവൾ ചാടി എഴുന്നേറ്റു… അതെ വെപ്രാളത്തോടെ അടുത്ത വീട്ടിലെ അടഞ്ഞിരിക്കും ജനലിലേക്ക് നോക്കി.. നെഞ്ചം വിങ്ങിക്കൊണ്ടിരുന്നു… “”പറയാനായില്ലല്ലോ അനന്ദു… നിക്ക് പറ്റിയില്ലല്ലോ… ന്റെ ഉള്ളിലെ മോഹം… ന്റെ മാത്രം പ്രണയം… നിന്നോട് പറയാനായില്ലല്ലോ… ധ്വനി തോറ്റുപോവാ… എല്ലായിടത്തും… എപ്പോഴും… എത്രയൊക്കെ ധൈര്യം കാണിച്ചു മുന്നേറിയാലും ധ്വനിയെ എല്ലാവരും തോൽപ്പിച്ചുകൊണ്ടിരിക്കും…”” ഇരുകായ്യാലെയും മുഖം പൊത്തി കരഞ്ഞുകൊണ്ടവൾ ചുമരിൽ ചേർന്നിരുന്നു… അമ്മയുടെ ഓരോ വാക്കും ഉള്ളിൽ മുഴങ്ങി… പ്രണയത്തിനേക്കാൾ അമ്മയ്ക്കും അനിയത്തിക്കും മുൻ‌തൂക്കമേറി… ആരും അറിയാതെ..ആരോടും പറയാതെ.. അവൻ പോലും അറിയാതെയുള്ള പ്രണയം ഹൃദയത്തിന്റെ ഏതോ കോണിൽ ബന്ധിക്കാൻ നിർബന്ധിതയായി…

ചുരുങ്ങിയ കാലംകൊണ്ട് ഉള്ളിൽ വേരൂന്നിയ പ്രണയത്തിനാഴം ആദ്യമായി തിരിച്ചറിഞ്ഞു… ശരീരം തളർന്നു… ഹൃദയം മുറിഞ്ഞു… ഒരിക്കൽ കൂടിയവൾ വേഷമണിയാൻ പോവുന്നു… അനന്ദുവിനെപോലെ ചുണ്ടിലെ പുഞ്ചിരിയിൽ വേദന ഒളിപ്പിക്കാൻ പോകുന്നു… ജീവനുറ്റും കണ്ണുകളെ നിർജീവമാക്കാൻ തയ്യാറാവുന്നു… തകർച്ചയിലും കയ്പിടിച്ചു കയറ്റിയവർക്കായി… അമ്മയ്ക്കും അനിയത്തിക്കുമായി… മുറിവേറ്റ ഹൃദയത്തിന്റെ പിടച്ചിൽ കരച്ചിൽ ചീളുകളാക്കി പുറത്തേക്കൊഴുക്കിവിട്ടു തളർന്നുകൊണ്ടവൾ കണ്ണുകളടക്കുമ്പോൾ തൊട്ടടുത്തവീട്ടിൽ ഉള്ളിനുള്ളിൽ വർഷങ്ങളായി ഒളിപ്പിച്ചിരുന്ന പ്രണയം നൽക്കും വേദന ഒരുവളെ കാർന്നുതിന്നുകൊണ്ടിരുന്നു… ഇരുഹൃദയങ്ങളും പിടഞ്ഞുകൊണ്ടിരുന്നു… പ്രണയത്താൽ മുറിവേറ്റുകൊണ്ടിരുന്നു… ആ നോവിനെ പോലും പ്രണയിക്കുവാൻ നിർബന്ധിതരായിക്കൊണ്ടിരുന്നു……..  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 6

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story