🍂തൊട്ടാവാടി🥀: ഭാഗം 12

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

കടും നീല നിറത്തിലുള്ള ആ സാരിയും മിതമായ ആഭരണങ്ങളും വാലിട്ടെഴുതിയ ആ മിഴികളും അതിലെല്ലാമുപരി ആ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിയും ഒക്കെ റയാൻഷ് സ്വയം മറന്ന് നോക്കി നിന്നു... "ചുറ്റുമുള്ളതൊന്നും കാണുന്നില്ല... അല്ലേ മോനേ റയാനേ...?" റയാൻഷിന് നേരെ വിരൽ ഞൊടിച്ചു കൊണ്ട് തരുൺ അത് പറഞ്ഞപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്... "റയാനേ... എന്നാ ഗ്ലാമറാടാ നിനക്ക്.. അങ്ങ് സുന്ദരൻ ആയല്ലോ.. നിന്നെ ഇപ്പോൾ കണ്ടിട്ട് എനിക്ക് തന്നെ ഒന്ന് പ്രേമിക്കാൻ തോന്നുന്നു..." അനു തമാശയായി പറഞ്ഞു... ങും ഹും... ങും ഹും... അത് കേട്ടതും തരുൺ ഒന്ന് ചുമച്ചു.. "എങ്ങനെ ആവാതിരിക്കും ഞാനല്ലേ ഒരുക്കിയത്..." തരുൺ പറഞ്ഞു.. "ഹാ... അതായിരുന്നു ഒരേ ഒരു കുറവ്.." അനു പ്രത്യേക താളത്തിൽ പറഞ്ഞു.. "അന്നാൽ ഇറങ്ങിയാലോ..?" കുഞ്ഞിനെയും കരങ്ങളിൽ എടുത്തു കൊണ്ട് ധാനിക്കരികിലേക്ക് നടന്ന് റയാൻഷ് ചോദിച്ചു... ധാനി തലയനക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "അതേ റയാനും ധാനിയും കൂടെ ഒന്ന് പ്രദക്ഷിണം ചെയ്തിട്ട് വാ..." കുഞ്ഞിനെ വാങ്ങിക്കൊണ്ട് അനു പറഞ്ഞു.. ധാനി ഒന്ന് റയാൻഷിൻ്റെ മുഖത്തേക്ക് നോക്കി.. നിലാവുദിച്ചത് പോലെ അവൻ്റെ മുഖം തിളങ്ങുന്നതെന്തിനാണെന്ന് അവൾക്ക് സംശയം തോന്നി.. "വാ ധാനീ..." റയാൻഷ് തൻ്റെ കരങ്ങൾ നീട്ടി അവളെ വിളിച്ചതും ധാനിക്ക് അവൻ്റെ കരങ്ങളോട് കരം ചേർക്കാതിരിക്കാൻ ആയില്ല.... ഇരുവരും പ്രദക്ഷിണം ചെയ്യുന്നതും നോക്കി അനുവും തരുണും പുഞ്ചിരിയോടെ നിന്നു...

"നമ്മുക്കും ഒന്ന് പ്രദക്ഷിണം ചെയ്താലോ..?" തരുൺ ചോദിച്ചു.. "അതിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല..." അനു ചിരിയോടെ പറഞ്ഞു... "ഹാ... വേണ്ടെങ്കിൽ വേണ്ട... ഒരു offer തന്നപ്പോൾ വേണ്ടാന്ന്... അതും ഇത്രേം discount ൽ..." "അയ്യടാ ഒരു discount... കേട്ടില്ലെ വാവേ നിൻ്റെ മാമൻ പറയുന്നെ..." അനു കുഞ്ഞിനോട് പറഞ്ഞു... കുഞ്ഞ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 റയാൻഷും ധാനിയും എല്ലായിടവും പ്രാർത്ഥിച്ചിട്ട് വന്നു... പൂജിച്ച താലി തിരുമേനി ഒരു വാഴയിലയിൽ വെച്ച് റയാൻഷിൻ്റെ കൈകളിലേക്ക് കൊടുത്തു.... ധാനിയാണെങ്കിൽ കുഞ്ഞിനെ ശ്രദ്ധിച്ച് അനുവിൻ്റെ അടുത്ത് നിൽക്കുകയായിരുന്നു... റയാൻഷ് ധാനിയുടെ അടുക്കലേക്ക് വരുന്നത് കണ്ട് അനു കുഞ്ഞിനെ തരുണിൻ്റെ കൈകളിലേക്ക് കൊടുത്ത് പുറകിൽ നിന്ന് ധാനിയെ ഇറുകെ പിടിച്ചു... എന്ത് പറ്റിയെന്ന് ധാനി തല ചെരിച്ച് അനുവിനെ നോക്കിയതും റയാൻഷ് അവളുടെ കഴുത്തിലേക്ക് താലി കെട്ടിയതും ഒരുമിച്ചായിരുന്നു... റയാൻഷ് ആദ്യത്തെ കെട്ട് കെട്ടിയതും അനു അകന്ന് നിന്നു... ധാനി സ്തംഭിച്ച് റയാൻഷിനെ നോക്കി... റയാൻഷ് അവൾക്കൊന്ന് കൺചിമ്മാനുള്ള സമയം പോലും കൊടുക്കാതെ മൂന്നാമത്തെ കെട്ടും കെട്ടി....

ധാനി കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് ഞെട്ടലോടെ നോക്കി.. റയാൻഷ് ഒരു പുഞ്ചിരിയോടെ ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ സീമന്തരേഖയിലേക്ക് ചാർത്തി... ആ കാഴ്ച കണ്ട് കുഞ്ഞ് എന്താണ് കാര്യമെന്നൊന്നും മനസ്സിലാകാതെ ആഹ്ലാദത്താൽ ചിരിക്കുന്നുണ്ടായിരുന്നു... ഇവിടെ എന്താണ് നടന്നതെന്ന് മനസ്സിലാവാതെ ധാനി മൂവരെയും മാറി മാറി നോക്കി.... റയാൻഷിൻ്റെ മിഴികളിലേക്കവൾ നോക്കിയതും പണ്ട് തൻ്റെ പിറകെ നടന്നപ്പോൾ അവനിൽ നിറഞ്ഞ് നിന്ന പ്രണയം എന്ന ഭാവം ധാനി വീണ്ടും കാണുകയായിരുന്നു... ധാനിയുടെ മിഴികൾ നിറഞ്ഞൊഴുകി... മൂവരെയും അവൾ സങ്കടത്തോടെ നോക്കി... "എന്നെ എല്ലാവരും പറ്റിക്കുവായിരുന്നല്ലേ...?" അവൾ റയാൻഷിനെ നോക്കി ചോദിച്ചു... റയാൻഷൊന്നും മിണ്ടിയില്ല... സത്യത്തിൽ അവനൊന്നു തുള്ളിച്ചാടാൻ തോന്നി... പക്ഷേ സാഹചര്യം അനുകൂലമല്ലാത്തതിനാൽ റയാൻഷ് നിശ്ചലനായി നിന്നു... "ധാനി..." അനു അവളെ വിളിച്ചു.. "എന്താ നിനക്ക് ഇവൻ്റെ സ്നേഹം മാത്രം കാണാൻ കഴിയാത്തെ..? ങേ...? നിനക്കത് മനസ്സിലാക്കാൻ കഴിയാത്തതാണോ അതോ നീ മനസ്സിലാക്കാൻ ശ്രമിക്കാത്തതോ..?" അനു ചോദിച്ചു... ധാനി വേദനയോടെ മൂവരെയും നോക്കി.. "നമ്മൾ വീട്ടിലേക്ക് പോവാണ് ധാനീ... താലികെട്ട് കഴിഞ്ഞാൽ നീ വലതുകാൽ വെച്ച് ആദ്യം എൻ്റെ വീട്ടിലേക്ക് തന്നെ കയറണം എന്നെനിക്ക് ആഗ്രഹമുണ്ട്..." റയാൻഷ് ധാനിയെ നോക്കി പറഞ്ഞു..

തരുണും അനുവും കൂടി കുഞ്ഞിനെ വാത്സല്യത്താൽ ചുംബിച്ച് റയാൻഷിൻ്റെ കരങ്ങളിലേക്ക് നൽകി... കുഞ്ഞിനെ പിരിയുന്നതിൻ്റെ വേദന ഇരുവരിലും പ്രകടമായിരുന്നു... റയാൻഷ് തരുണിനെ കെട്ടിപ്പിടിച്ചു.. അനു ധാനിയെയും ചേർത്ത് പിടിച്ചു.. "നീ സങ്കടപ്പെടെണ്ട ധാനീ... നിന്നോട് കള്ളം പറയേണ്ടി വന്നത് നീ ഇതിന് ഒരിക്കലും സമ്മതിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്... റയാന് നിൻ്റെ മാനസികാവസ്ഥ നന്നായി മനസ്സിലാവും... അവൻ നിന്നെയും വാവയേയും പൊന്ന് പോലെ നോക്കിക്കോളും... ഇപ്പോൾ അവൻ്റെ കൂടെ വീട്ടിലേക്ക് ചെല്ല്..." ധാനി സങ്കടത്താൽ അനുവിനെ കെട്ടിപ്പിടിച്ചു... "അയ്യേ... ഈ ധാനിക്കൊച്ചെന്താ ഇങ്ങനെ..? കരയാതെ പെണ്ണേ.. ദേ നിൻ്റെ കരച്ചില് കണ്ട് കുഞ്ഞ് വരെ ചിരിക്കുന്നു..." അനു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... "അപ്പോൾ ധാനീ... പോയിട്ട് വാ... സന്തോഷമായി ഇരിക്ക് കേട്ടോ.." തരുൺ പറഞ്ഞു... "റയാനെ എങ്കിൽ ശരിയെടാ.. നീ ചെല്ല്..." അനു പറഞ്ഞു... അനുവും തരുണും കൂടി കുഞ്ഞിൻ്റെ കവിളിൽ ഒന്നും കൂടെ ചുംബിച്ചു... ധാനിയുടെ കാഴ്ചകളെ മിഴിനീർ മറച്ചിരുന്നു.. അവൾക്ക് റയാൻഷിൻ്റെ പ്രവർത്തി ഒട്ടും ഉൾക്കൊള്ളാൻ ആയില്ല.. റയാൻഷ് കുഞ്ഞിനെ എളിയിൽ വെച്ചു കൊണ്ട് മറു കൈയ്യാൽ ധാനിയുടെ വലം കൈയ്യിൽ മുറുകെ പിടിച്ചു മുൻപോട്ട് നടന്നു...ധാനി ഒരു വികാരവും ഇല്ലാതെ അവൻ്റെ ഒപ്പം ചലിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀

വീടെത്തുന്നത് വരെ ധാനിയും റയാൻഷും പരസ്പരം ഒന്നും സംസാരിച്ചില്ല... ധാനി അവൻ്റെ മുഖത്തേക്കൊന്ന് നോക്കി പോലും ഇല്ല.. അവർ വീട്ടിൽ എത്തിയതും സമയം ഉച്ചയായി... കുഞ്ഞപ്പോഴേക്കും റയാൻഷിൻ്റെ തോളിൽ കിടന്ന് ഉറക്കം പിടിച്ച് തുടങ്ങിയിരുന്നു... അവൻ ധാനിയെയും കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറിയതും ഹാളിൽ തന്നെ ഇരിക്കുന്ന പത്മിനിയെയും രവീന്ദ്രനെയും കണ്ടു... രവീന്ദ്രൻ സന്തോഷത്തോടെ ഇരുവരെയും നോക്കി... ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന് പത്മിനിക്കും മനസ്സിലായി... കുഞ്ഞിനെ രവീന്ദ്രൻ കൈകളിൽ വാങ്ങി... കുഞ്ഞിനെ കണ്ട നിമിഷം തന്നെ അത് ആദർശിൻ്റെ കുഞ്ഞാണെന്ന് പത്മിനിക്ക് മനസ്സിലായി... ആദർശ് കുഞ്ഞിലെ ഇരുന്നത് പോലെ തന്നെ ഇളം റോസ് നിറത്തിലുള്ള തുടുത്ത കവിളുകളും അതേ മിഴികളും എന്തിന് ആ നെറ്റിയിലെ മറുക് പോലും കുഞ്ഞിന് അതേ സ്ഥാനത്ത് ഉണ്ടായിരുന്നു... പക്ഷേ പത്മിനി അവരുടെ ഞെട്ടൽ പുറത്ത് കാണിച്ചില്ല... കുഞ്ഞുറങ്ങിയതു കൊണ്ട് തന്നെ റയാൻഷ് കുഞ്ഞിനെയും വാങ്ങി ധാനിയുടെ കൈയ്യും പിടിച്ച് പത്മിനിയുടെ മുൻപിൽ കൂടി അവൻ്റെ മുറിയിലേക്ക് നടന്ന് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀 ധാനി മുറിയിൽ ചെന്നതും റയാൻഷിനെ വേദനയോടെ ഒന്ന് നോക്കി... അവൾക്കെന്തൊക്കെയോ ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും മൗനം പാലിച്ചു... അവനും ഒന്നും സംസാരിച്ചില്ല... കുഞ്ഞിനെ ബെഡിൽ കിടത്തിയിട്ട് റയാൻഷ് പുറത്തേക്ക് പോയി...

ധാനിക്കും കുഞ്ഞിനും വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിട്ടാണ് അവൻ തിരികെ വീട്ടിലേക്ക് വന്നത്.... "ഇനിയും മുതൽ ഇതാണ് നിൻ്റെ മുറി... നമ്മുടെ ലോകം... ഇവിടെ സങ്കടങ്ങൾക്കൊന്നും സ്ഥാനമില്ല... സന്തോഷത്തിനും പ്രണയത്തിനും മാത്രമാണ് സ്ഥാനം... ഇത് നിൻ്റെ ബെഡ്.. ഇത് നിൻ്റെ കബോർഡ്.. അത് നിൻ്റെ ബാത്ത് റൂം... അങ്ങനെ ഈ മുറിയിലുള്ളതെല്ലാം ഇനീം മുതൽ നിൻ്റെയും കൂടെയാണ്... ഇവിടെ ഞാനോ നീയോ എന്നൊരു വേർത്തിരിവ് ഒന്നിലും ഉണ്ടാകില്ല...നമ്മൾ മാത്രം..." റയാൻഷ് ധാനിയോടായി പറഞ്ഞു.. അവൾ ഒന്നിനും മറുപടി നൽകാതെ മിണ്ടാതെ നിന്നതേയുള്ളൂ... എല്ലാം ആദർശ് പറഞ്ഞ വാക്കുകൾക്ക് നേർ വിപരീതം... "അപ്പോൾ ഞാനൊന്ന് കുളിച്ചിട്ട് വരാട്ടോ.." ചിരിയോടെ അതും പറഞ്ഞ് റയാൻഷ് ബാത്ത് റൂമിലേക്ക് കയറി..🥀🥀🥀🥀🥀🥀🥀🥀🥀 സമയം വൈകുന്നേരം ആയി... കുഞ്ഞ് ഹാളിൽ ഇരുന്ന് കളിക്കുകയാണ്.. തറയിൽ ഒരു ഷീറ്റ് വിരിച്ചിട്ടുണ്ട്... കുഞ്ഞ് അതിന്മേൽ ഇരുന്ന് ഉരുളുകയും തിരിയുകയും ഒക്കെ ചെയ്യുന്നു... പുറത്തേക്ക് പോയ ആദർശും ഭാര്യയും അപ്പോഴാണ് വീട്ടിലേക്ക് വന്നത്... അകത്തേക്ക് കയറിയതും ഹാളിൽ ഇരിക്കുന്ന കുഞ്ഞിനെ ഇഷാനി സംശയത്തോടെ നോക്കി... "ഈ കുഞ്ഞേതാ ആദീ..?" ഇഷാനി ആദർശിനോട് ചോദിച്ചു.. "എനിക്കറിയില്ല..." ആദർശ് പറഞ്ഞു.. "നല്ല cute വാവ അല്ലേ..?' ഇഷാനി ചോദിച്ചു... ആദർശ് ഒന്ന് മൂളി അവൻ്റെ മുറിയിലേക്ക് പോയി... പരിചയമില്ലാത്ത മുഖങ്ങളെ കുഞ്ഞ് ഉറ്റു നോക്കി... കുഞ്ഞിൻ്റെ മിഴികൾ നിറഞ്ഞു..

"അച്ചൊടാ വാവേ... കരയെണ്ടാട്ടോ..." അതും പറഞ്ഞ് ഇഷാനി ഓടിപ്പോയി കുഞ്ഞിനെ കൈകളിൽ എടുത്തു.. അവൾ കുറച്ച് നേരം കുഞ്ഞിനെ കൊഞ്ചിച്ചിട്ട് തറയിൽ ഇരുത്തി... ശേഷം അടുക്കളയിലേക്ക് നടന്നു.. "അല്ല അമ്മേ... ആ കുഞ്ഞേതാ..?" ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചു കൊണ്ട് ഇഷാനി പത്മിനിയോട് ചോദിച്ചു.. "അത്.. അത് പിന്നെ.. ആദിയുടെ അനിയനും ഭാര്യയും ബാംഗ്ലൂരിൽ നിന്ന് വന്നിട്ടുണ്ട്... അവരുടെ കുഞ്ഞാ.." "ഓഹ്.. അവര് വന്നല്ലേ... ഞങ്ങളുടെ കല്ല്യാണത്തിന് പോലും വരാൻ പറ്റാത്ത തിരക്കായിരുന്നല്ലോ..." ഇഷാനി അതും പറഞ്ഞ് മുറിയിലേക്ക് നടന്നു.. പോകും വഴി അവൾ കുഞ്ഞിനെയും പിന്നെ ഹാളിൽ വെച്ചിരിക്കുന്ന ആദർശിൻ്റെ കുഞ്ഞിലത്തെ ഫോട്ടോയും വെറുതെ ഒന്ന് മാറി മാറി നോക്കി... "അല്ല ആദീ ഇതെന്താ തൻ്റെ അനിയൻ്റെ കുഞ്ഞിനെ തനിക്ക് അറിയില്ലെ..?" അവൾ മുറിയിലെത്തിയതും ആദർശിനോട് ചോദിച്ചു... ആദർശ് ഒന്നും മിണ്ടിയില്ല... "എന്തായാലും നല്ല വല്യച്ഛൻ തന്നെ..." ഇഷാനി ചിരിയോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇഷാനി ഒന്ന് ഫ്രഷായിട്ട് താഴേക്ക് ചെന്നു... റയാൻഷ് കുഞ്ഞിനെയും മടിയിൽ വെച്ച് സോഫയിൽ ഇരിക്കുന്നതവൾ കണ്ടു... ഓഹ്... അപ്പോൾ ഇതാണ് ആദിയുടെ അനിയൻ...ആള് നല്ല സുന്ദരനാണല്ലോ.. ഇഷാനി അതും ഓർത്ത് റയാൻഷിൻ്റെ അടുത്തേക്ക് നടന്നു... "ഹലോ..." അവൾ റയാൻഷിനോട് പറഞ്ഞു.. റയാൻഷ് മുഖമുയർത്തി ഇഷാനിയെ നോക്കി..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story