🍂തൊട്ടാവാടി🥀: ഭാഗം 20

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"I love you...." റയാൻഷ് കൺചിമ്മിക്കൊണ്ട് അവളോട് പറഞ്ഞു.. മിഴികൾ നിറഞ്ഞൊഴുകിയതും ധാനി പെട്ടെന്ന് അവനിൽ നിന്നും മുഖം തിരിച്ചു... അവൾ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു... അവൾ അല്പ സമയം വിദൂരതയിലേക്ക് മിഴികൾ പായിച്ചിരുന്നു... ആദർശുമൊത്തുള്ള നിമിഷങ്ങൾ മനസ്സിലേക്ക് വന്നതും അവൾക്ക് ഉള്ളുരുകുന്ന വേദന തോന്നി.... താൻ റയാൻഷിൻ്റെ സ്നേഹത്തിന് അർഹയാണോ എന്നൊരു തോന്നൽ... ഹൃദയം പലപ്പോഴും പലതാണ് പറയുന്നത്.. ചിലപ്പോൾ റയാൻഷിൻ്റെ പ്രണയത്തെ സ്വീകരിക്കാൻ... മറ്റു ചിലപ്പോൾ അതിനെ തിരസ്കരിക്കാൻ... അരികിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ ധാനി വേദനയോടെ നോക്കി... "ധാനീ..." റയാൻഷ് അവളുടെ ചുമലിലേക്ക് കൈ വെച്ചു കൊണ്ട് വിളിച്ചു... അവൾ കരയുകയാണെന്ന് അവന് മനസ്സിലായി.... "എന്ത് പറ്റി ധാനീ...? എന്തിനാ നീ ഇപ്പോൾ സങ്കടപ്പെടുന്നത്...?" റയാൻഷ് വ്യാകുലതയോടെ ചോദിച്ചു.. "ഏതാ ശരി...?"

അവൾ ചോദിച്ചതും അവൻ പൊരുൾ മനസ്സിലാവാത്തത് പോലെ നോക്കി.... "എന്ത് ശരിയാണോന്ന്..?" "അത്... പിന്നീടെപ്പോഴെങ്കിലും ഞാനും കുഞ്ഞും ബാധ്യതയാണെന്ന് തോന്നിയാൽ...." അവൾ വിക്കി വിക്കി ചോദിച്ചു... റയാൻഷ് ഒന്ന് പുഞ്ചിരിച്ചു... "എനിക്കങ്ങനെ തോന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? നീ എന്നെ ഇനിയും മനസ്സിലാക്കിയിട്ടില്ലേ...?" "പിന്നീടൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നിയാൽ...? ഒരാവേശത്തിന് എടുത്ത തീരുമാനങ്ങൾ ഒക്കെയും തിരുത്തപ്പെടേണ്ടിയിരുന്നതാണെന്ന് തോന്നിയിൽ...? എന്നെ സ്വീകരിക്കണ്ടായിരുന്നു എന്ന് തോന്നിയാൽ...?" "അങ്ങനെ എനിക്ക് തോന്നില്ല..." "ഇപ്പോഴത്തെ തോന്നലുകൾ മാറില്ലേ സർ...? സാറിൻ്റെ മുൻപിൽ നല്ലൊരു ജീവിതമുണ്ട്... എനിക്ക് വേണ്ടി അത് ബലി കഴിപ്പിക്കണോ...? " "അല്ല ധാനീ... നീ ഇങ്ങനെയൊക്കെ പറയാൻ മാത്രം നിനക്കെന്താ കുറവുള്ളത്...?

നിൻ്റെ കൂടെ ജീവിച്ചാൽ അതെങ്ങനെയാ ധാനീ എൻ്റെ ജീവിതം ബലി കഴിപ്പിക്കുന്നത് പോലെ ആവുന്നത്...?" "സാറിന് തരാൻ എൻ്റെ കൈയ്യിൽ പവിത്രമായ ഒരു ശരീരം പോലുമില്ല..." "ഞാൻ സ്നേഹിച്ചത് നിൻ്റെ ശരീരത്തെ അല്ല... നിൻ്റെ മനസ്സിനെ ആണ് ധാനീ... അത്രയും പവിത്രമായ ഒന്നില്ലേ നിൻ്റെ കൈയ്യിൽ...? പിന്നെ ആദി മോൻ എൻ്റെ സ്വന്തം മോൻ അല്ലെന്ന രീതിയിൽ എപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ ഞാൻ...? എൻ്റെ നെഞ്ചിൽ കിടന്നല്ലേ അവൻ വളർന്നത്..? എൻ്റെ ഹൃദയതാളം കേട്ടല്ലേ അവൻ ഉറങ്ങിയിരുന്നത്..? എൻ്റെ കൈകളിൽ പിടിച്ചല്ലേ അവൻ ആദ്യമായ് പിച്ചവെച്ചത്...? ഇനിയും ഞാനെന്താ ചെയ്യുക... നിനക്കെന്നെ മനസ്സിലാവില്ല ഒരിക്കലും... എൻ്റെ ചേട്ടനെ പോലെ സ്വാർത്ഥനായ ഒരു മനുഷ്യനെ പോലും സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞു.... പക്ഷേ എനിക്ക് മാത്രം നിൻ്റെ മനസ്സിൽ ഒരിടം തരില്ല അല്ലേ...?

നിൻ്റെ പുറകെ ഇങ്ങനെ നടക്കുന്നോണ്ടല്ലേ നിനക്കെന്നെ ഒരു വിലയും ഇല്ലാത്തത്... ഇനിയും ഞാൻ വരില്ല... നിന്നെ ശല്ല്യം ചെയ്യാൻ....!!" ദേഷ്യത്തിൽ അതും പറഞ്ഞ് പുറത്തേക്ക് പോകുന്ന റയാൻഷിനെ ധാനി സങ്കടത്തോടെ നോക്കി നിന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 സന്ധ്യ ആയതും റയാൻഷ് കുഞ്ഞുമായി ഹാളിൽ ഇരിക്കുകയാണ്... ഇഷാനിയും കുഞ്ഞിൻ്റെ അരികിൽ തന്നെയുണ്ട്... അപ്പോഴാണ് ആദർശ് അങ്ങോട്ടേക്ക് കടന്ന് വന്നത്.... അത് കണ്ടതും റയാൻഷ് കുഞ്ഞിനെ എടുത്തുയർത്തി... "എൻ്റെ ഏട്ടത്തീ... കുഞ്ഞുണ്ടാകാൻ ഒരു വഴിയുണ്ട്..." എന്തോ കണ്ടു പിടിച്ച ഉത്സാഹത്തോടെ റയാൻഷ് മിഴികൾ കൂർപ്പിച്ച് കൊണ്ട് പറഞ്ഞു... "ങേ... എന്ത് വഴി...?" ഇഷാനി ചാടിക്കയറി ചോദിച്ചു...

ഒരു വേള ആദർശും ചെവി കൂർപ്പിച്ചു... "അതോ... ഒരമ്പലം ഉണ്ട്... സന്താനസമൃദ്ധി അമ്പലം..." റയാൻഷ് കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് പറഞ്ഞു.. "ങേ... അതേത് അമ്പലം..? ഞാൻ കേട്ടിട്ടില്ലല്ലോ..." "ഉണ്ട് ഏട്ടത്തീ.... ആ അമ്പലത്തിൽ ചെന്ന് ഒരു ഉരുളിച്ച നടത്തണം..." "ഉരുളിച്ചയോ..?" "അതേ നൂറ്റൊന്ന് തവണ ഉരുളണം..." "ങേ അത് ശയനപ്രദക്ഷിണം അല്ലേ...?" ഇഷാനി ചോദിച്ചു.. "ഹാ... വേണമെങ്കിൽ അങ്ങനെയും പറയാം... പക്ഷേ ഒരു പ്രശ്നമുണ്ട്... ആണുങ്ങൾക്കേ ഇത് ചെയ്യാൻ പറ്റുള്ളൂ..." റയാൻഷ് ഒളികണ്ണിട്ട് ആദർശിനെ നോക്കി പറഞ്ഞു.. അത് കേട്ടതും ആദർശ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു.. ഇവനിത് കുറച്ച് കൂടുന്നുണ്ട്... ആദർശ് കോപത്തോടെ ചിന്തിച്ചു.. "ങേ... അത്രേ ഉള്ളോ..? ആദി ഉരുണ്ടോളും..."

ഇഷാനി സന്തോഷത്തോടെ പറഞ്ഞു... "ആ അമ്പലത്തിൽ ഉരുണ്ട എൻ്റെ ഒരു സുഹൃത്തിൻ്റെ ഭാര്യ അഞ്ച് പെറ്റു ഏട്ടത്തീ... അഞ്ച്....!!" റയാൻഷ് കണ്ണും തള്ളിക്കൊണ്ട് പറഞ്ഞു... "അഞ്ചോ...?" ഇഷാനി അത്ഭുതത്തോടെ ചോദിച്ചു... "അതേ ഏട്ടത്തീ അഞ്ച്... അതും കൃത്യം പത്ത് മാസം കഴിഞ്ഞപ്പോൾ തന്നെ..." "ഹോ...!! എനിക്കത്രെയും ഒന്നും വേണ്ട.. ഒരു രണ്ട് മതി..." ഇഷാനി നാണത്തോടെ പറഞ്ഞു... ഇവൻ പറയുന്ന പൊട്ടത്തരങ്ങളൊക്കെ ഇവളല്ലാതെ ആരേലും വിശ്വസിക്കുവോ.. ആദർശ് മുഷിച്ചിലോടെ ഓർത്തു... ഇവനാണ് ഓരോന്ന് ഇവൾക്ക് ഓതി കൊടുത്തിട്ട് എൻ്റെ സ്വസ്ഥത നശിപ്പിക്കുന്നത്... ക്ഷമിക്കുന്നേന് ഒരു പരിധിയില്ലേ.... ആദർശ് അതും ഓർത്ത് ദേഷ്യത്തിൽ മുറിയിലേക്ക് നടന്നു...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എനിക്കെത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടായേ മതിയാകൂ.... എങ്കിൽ മാത്രമേ റയാൻഷിൻ്റെ പരിഹാസത്തിൽ നിന്നും ഇഷാനിയുടെ സംശയത്തിൽ നിന്നും ഒരു രക്ഷപെടൽ ഉണ്ടാവുകയുള്ളൂ... എനിക്കെന്തോ കുഴപ്പമുണ്ടെന്നാ അവളുടെ ധാരണ.. ആദർശ് ചിന്തിച്ചു... അല്ല എന്താ എനിക്ക് കുട്ടികൾ ഉണ്ടാവാത്തത്...? ഇഷാനിക്കും കുഴപ്പമൊന്നും ഇല്ലല്ലോ... പിന്നെ.. പിന്നെയെന്താ...!! ഇഷാനിക്ക് ഏത് നേരവും കുഞ്ഞുങ്ങളെ പറ്റി പറയാനേ നേരമുള്ളൂ...ഇപ്പോൾ ഞാനും വല്ലാതെ ആഗ്രഹിക്കുന്നു ഒരച്ഛനാവാൻ.... സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർക്കാൻ.... ആദർശ് അതൊക്കെ ഓർത്തതും മുറിയിലേക്ക് കടന്ന് വരുന്ന ഇഷാനിയെയാണ് കാണുന്നത്...

ഇഷാനി വന്നത് ആദി മോനേയും എടുത്തു കൊണ്ടാണ്.... എത്ര നോക്കണ്ട എന്ന് കരുതിയിട്ടും ആദർശിൻ്റെ മിഴികൾ അറിയാതെ കുഞ്ഞിൻ്റെ മേലേക്ക് പതിച്ചു... ആ കവിളുകളും മിഴികളും ചിരിയും ഒക്കെ.... താൻ തന്നെ അല്ലേ അത്...? ആദർശ് ഒരു വേള ചിന്തിച്ചു... എത്ര വേണ്ടായെന്ന് വെയ്ക്കാൻ ശ്രമിച്ചാലും സ്വന്തം ചോരയാണത്.... ഉള്ളിൻ്റെ ഉള്ളിൽ എവിടെയെങ്കിലും ഒരല്പം സ്നേഹം ഉണ്ടാകാം... പ്രകടിപ്പിക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും അറിയാതെ മനസ്സിൽ വാത്സല്യം നിറയുന്നത് പോലെ.... ആദർശ് സ്വയം നിയന്ത്രിക്കാൻ ഒരു പാഴ്ശ്രമം നടത്തി... "വാവേ... വല്ല്യമ്മേടെ വാവേ..." ഇഷാനി കുഞ്ഞിനെ ബെഡിലേക്ക് ഇരുത്തിക്കൊണ്ട് നേരത്തെ എടുത്തു വെച്ചിരുന്ന കുറുക്ക് കൈയ്യിൽ എടുത്തു.. കുഞ്ഞ് കൈയ്യിലുള്ള കാറ് ഉരുട്ടിയും മറിച്ചും ഒക്കെ കളിച്ചു കൊണ്ടിരുന്നു... "ദാ ഇത് കഴിച്ചേ വാവേ..." ആദി മോൻ പതിയെ വാ തുറന്ന് കുറുക്ക് കഴിച്ചു കൊണ്ടിരുന്നു...

ആ കാഴ്ച കാൺകെ അറിയാതെ ആദർശിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ആദർശ് ഏറെ നേരം അത് തന്നെ നോക്കിയിരുന്നു... "ആദീ... ഞാൻ kitchen വരെ ഒന്ന് പോയിട്ട് വരാമേ... കുഞ്ഞിനെ ഒന്ന് നോക്കിക്കോണേ..." ഇഷാനി അതും പറഞ്ഞ് കാലിയായ ബൗളും എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു... കുഞ്ഞ് കളിക്കുന്നതും പതിയെ നടക്കുന്നതും തിരിയുന്നതും ഒക്കെ ആദർശ് കൗതുകത്തോടെ നോക്കി.. താനിതതൊക്കെ ശ്രദ്ധിക്കാൻ വൈകിയോ...? തന്നെ ഉറ്റു നോക്കുന്ന ആദർശിനെ കുഞ്ഞ് നോക്കി... അന്നത്തെ ദിവസം കുഞ്ഞ് എടുക്കാനായി കൈ ഉയർത്തിയതും റയാൻഷ് പെട്ടെന്ന് വന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയതും ആദർശ് ഓർത്തു... ഹും... അവനാരാ എന്നെ തടയാൻ...?

എൻ്റെ കുഞ്ഞിനെ ഞാൻ എടുക്കും... ആദർശ് അതും ഓർത്ത് കുഞ്ഞിനെ കൈകളിൽ എടുത്തു... "മോനേ..." ആദർശ് ആദ്യമായി വിളിച്ചു... കുഞ്ഞ് ആദർശിൻ്റെ കൈക്കുള്ളിൽ അടങ്ങി ഇരുന്നു... കുഞ്ഞിൻ്റെ മൂളലുകളും ശബ്ദങ്ങളും ഒക്കെ ആദർശ് ശ്രദ്ധയോടെ ശ്രവിച്ചു.. കുഞ്ഞിൻ്റെ തലമുടിയും ഇളം റോസ് നിറത്തിലുള്ള ആ കവിളുകളും കൈയ്യും കാലും അങ്ങനെ ഓരോന്നും ആദർശ് വാത്സല്യത്തോടെ നോക്കി... കുഞ്ഞിൻ്റെ കവിളിൽ ചുംബിച്ചു... കുഞ്ഞിനെ നെഞ്ചോട് ചേർത്തു... "ങേ..? ഞാനെന്താ ഈ കാണുന്നത്..?" മുറിയിലേക്ക് കടന്ന് വന്നതും അവിടുത്തെ കാഴ്ച കണ്ട് ഇഷാനി ഞെട്ടി... ആദർശ് കുഞ്ഞിൻ്റെ ഒപ്പം കളിക്കുന്നു... പതിവിലും വിപരീതമായി അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയും ഉണ്ട്... കുഞ്ഞിൻ്റെ ചെറിയ ചെറിയ കുസൃതികൾ ആസ്വദിക്കുന്ന ആദർശിനെ ഇഷാനി അത്ഭുതത്തോടെ നോക്കി...

"ആഹാ... ഇത് കൊള്ളാലോ... ഞാനൊന്ന് മാറി നിന്നപ്പോഴേക്കും വല്ല്യച്ഛനും കുഞ്ഞും കൂട്ടായോ...? കുഞ്ഞ് പെട്ടെന്നാണല്ലോ ആദിയുമായി അടുത്തത്..." ഇഷാനി സന്തോഷത്തോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ശെ!...ധാനിയോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു... അപ്പോഴത്തെ ഒരു സങ്കടത്തിൽ പറഞ്ഞ് പോയതാ ഇനീം അവളെ ശല്യം ചെയ്യില്ലെന്ന്... പക്ഷേ ഇതിപ്പോൾ അവളെ ശല്യം ചെയ്യാതെ ഇരിക്കാൻ വയ്യെന്നായി... നിലാവിനെ നോക്കിക്കൊണ്ട് റയാൻഷ് ഓർത്തു... പോയി അവളോടങ്ങ് മിണ്ടിയാലോ... ഇത്രേം നേരമായിട്ട് ഒരു കിസ്സടിക്കാൻ പോലും സാധിച്ചിട്ടില്ല... പോയി മിണ്ടിയേക്കാം... റയാൻഷ് അതും ചിന്തിച്ചു കൊണ്ട് എഴുന്നേറ്റു... ഹും... അല്ലേൽ വേണ്ട... എപ്പോഴും ഞാനല്ലേ അവളുടെ പിന്നാലെ നടക്കുന്നത്... അവൾക്കൊന്ന് മിണ്ടിയാൽ എന്താ..? അതും ശരിയാണല്ലോ...അവള് മിണ്ടാതെ ഇനീം ഞാൻ അവളോട് മിണ്ടില്ല...

ഈശ്വരാ അവള് ഇപ്പം തന്നെ എന്നോട് വന്ന് എന്തേലും ഒന്ന് മിണ്ടണേ... ഈ സർ എന്താ ഇതുവരെയും എന്നോടൊന്നും മിണ്ടാത്തത്... ഇത്രേം നേരമായിട്ടും ഒരക്ഷരം സംസാരിച്ചിട്ടില്ല.. ധാനി ചിന്തിച്ചു... അവൾ റയാൻഷിനെ അന്വേഷിച്ച് വെളിയിലേക്ക് ചെന്നതും അവൻ മാനത്തോട്ടും നോക്കി ഇരിപ്പാണ്... ഞാൻ പറഞ്ഞത് ആൾക്ക് സങ്കടമായെന്നാ തോന്നുന്നത്... ധാനി ഓർത്തു... അവൾ അവൻ്റെ അടുത്ത് ചെന്നിരുന്നിട്ടും അവൻ മൈൻ്റ് ചെയ്തില്ല... ഇനീം എന്നോട് ദേഷ്യമായിരിക്കും... ആഹ്... ദേഷ്യപ്പെട്ടോട്ടെ അതാ നല്ലത്.. എന്നെ പോലൊരു രണ്ടാം കെട്ടുകാരിയെ സാറിന് വേണ്ട... ധാനി അതും ഓർത്ത് നടന്നകന്നു... അത് കാൺകെ റയാൻഷിന് വല്ലാത്ത സങ്കടം തോന്നി... ഞാൻ അങ്ങനെ പറഞ്ഞോണ്ട് അവൾക്കിനിയും സങ്കടമായോ...? അതാണോ ഒന്നും മിണ്ടാതെ പോയത്... റയാൻഷ് ചിന്തിച്ചു... എന്തായാലും ശരി അവൾ ആദ്യം വന്ന് മിണ്ടാതെ ഞാൻ മിണ്ടില്ല...

അവൾക്കെന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടോന്ന് അറിയണമെല്ലോ.. അല്ല കുഞ്ഞ് കുറേ നേരമായി ഏട്ടത്തിയുടെ കൈയ്യിൽ ആണല്ലോ... സാധാരണ ഇത്രേം നേരം എൻ്റെ അടുത്ത് നിന്നും അകന്ന് നിന്നാൽ മോൻ കരയും... റയാൻഷ് അതും ഓർത്ത് അകത്തേക്ക് കയറി.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആദർശിൻ്റെ കരങ്ങളിൽ ഇരുന്ന് കളിക്കുകയാണ് കുഞ്ഞ്... ആ കുഞ്ഞിക്കൈകൾ ആദർശ് തൻ്റെ ഉള്ളം കൈയ്യിൽ ചേർത്ത് പിടിച്ചിട്ടുണ്ട്... "ഇതിപ്പോൾ ഞാൻ എടുത്തോണ്ട് വന്നിട്ട് എൻ്റെ കൈയ്യിൽ തരാത്തതെന്താ ആദീ... ?" ഇഷാനി പരിഭവത്തോടെ പറഞ്ഞു.... "ഇവൻ നമ്മുടെ മോൻ ആയി ജനിച്ചാൽ മതിയായിരുന്നു... അല്ലേ ആദീ...?"

"അതെ... അവർക്ക് ഈ കുഞ്ഞിൽ ഉള്ള അതേ അവകാശം നമ്മൾക്കും ഉണ്ട്..." ആദർശ് നിഗൂഢമായ ചിരിയോടെ പറഞ്ഞു... "ങേ...? അതെങ്ങനെ..? ആദിയല്ലേ പറഞ്ഞത് വല്ലവരുടെയും കുഞ്ഞ് എങ്ങനെ നമ്മുടെയാകും എന്നൊക്കെ... എന്നിട്ടിപ്പോൾ എന്താ ഇങ്ങനെ പറയുന്നത്..?" "ഒന്നുമില്ല ഇഷാനി ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ..." റയാൻഷ് മുറിയിലേക്ക് കടന്ന് വന്നതും കുഞ്ഞുമായി ഇരിക്കുന്ന ആദർശിനെ ആണ് കാണുന്നത്... അത് കാൺകെ റയാൻഷിൽ കോപം ഇരച്ചു കയറി... അവൻ ദേഷ്യത്തിൽ അകത്തേക്ക് കയറി കുഞ്ഞിനെ പിടിച്ച് വാങ്ങി... കുഞ്ഞ് ചിണുങ്ങി... റയാൻഷിൻ്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ആദർശും ഇഷാനിയും സ്തംഭിച്ചു...

റയാൻഷ് ദേഷ്യത്തിൽ ഇരുവരെയും നോക്കിയിട്ട് കുഞ്ഞിനെ നെഞ്ചോട് ചേർത്തു കൊണ്ട് പുറത്തേക്ക് പോയി... തൻ്റെ കൈയ്യിൽ നിന്നും കുഞ്ഞകന്നതും ആദർശിന് ഉള്ളിൽ എന്തോ വല്ലായ്മ തോന്നി... തനിക്ക് ഒരു അവകാശവും ഇല്ലെന്ന മട്ടിൽ കുഞ്ഞിനെ പിടിച്ച് വാങ്ങിയതവന് ഉൾക്കൊള്ളാൻ സാധിച്ചില്ല... "അല്ല റയാന് പെട്ടെന്നെന്താ പറ്റിയത്..? കുഞ്ഞിനെ എന്താ ദേഷ്യത്തിൽ എടുത്തോണ്ട് പോയത്...?" ഇഷാനി ആദർശിനോട് ചോദിച്ചു... ആദർശ് ഒന്നും മിണ്ടാതെ ബാൽക്കണിയിലേക്ക് നടന്നു... അല്പ സമയം അവൻ ചിന്തയിലാണ്ടു... "എന്നെ നിനക്കറിയില്ല റയാൻ....!!" ആദർശ് കോപത്തോടെ പറഞ്ഞു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story