🍂തൊട്ടാവാടി🥀: ഭാഗം 24

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ധാനിയുടെ കരങ്ങൾ കുഞ്ഞിൻ്റെ മേലേ എത്ര മാത്രം മുറുകുന്നുവോ അത്ര മാത്രം കുഞ്ഞ് അവളുടെ കരവലയത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു... തനിക്ക് നേരെ നീണ്ട ആദർശിൻ്റെ കരങ്ങളിലേക്ക് കുഞ്ഞ് തൻ്റെ വിരലുകൾ അടുപ്പിച്ചു... ധാനി നിർവികാരതയോടെ മിഴികൾ താഴ്ത്തി... മനസ്സിൽ നിന്നും മായിച്ചു കളഞ്ഞ ആ മുഖം കാണാൻ അവൾക്ക് താത്പര്യം ഉണ്ടായിരുന്നില്ല... ആ മുഖഭാവങ്ങൾ ഒരിക്കൽക്കൂടി മനസ്സിൽ പതിയാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.... കുഞ്ഞിൽ മാത്രം മിഴികൾ നട്ടിരുന്ന ആദർശിനും എന്തു കൊണ്ടോ അവളെ അഭിമുഖീകരിക്കാൻ കഴിഞ്ഞില്ല... ഉള്ളിലെ വികാരത്തെ ഒരു പേരു ചേർത്ത് വിളിക്കാൻ ഇരുവർക്കും സാധിച്ചില്ല... പരസ്പരം കാണാൻ പോലും ആഗ്രഹിക്കാത്ത രണ്ട് വ്യക്തിത്വങ്ങൾ... കുഞ്ഞ് ആദർശിന് നേരെ ചാഞ്ഞ് കൊണ്ടിരുന്നു... ധാനിയുടെ കരബന്ധനത്തെ ഇഷ്ടമാകാത്ത കുഞ്ഞ് ഞെരുങ്ങിക്കൊണ്ട്

തൻ്റെ അനിഷ്ടം പ്രകടിപ്പിച്ചു... കുഞ്ഞിൻ്റെ മനം വേദനിക്കുന്നത് ധാനിയുടെ ഉള്ളത്തെ നോവിച്ചു.. കുഞ്ഞ് ചിണുങ്ങി തുടങ്ങിയതും യാന്ത്രികമായി ധാനിയുടെ കരങ്ങൾ അയഞ്ഞു... ആദർശ് നിഷ്പ്രയാസം കുഞ്ഞിനെ അവളിൽ നിന്നും അടർത്തി എടുത്തപ്പോഴും നിസ്സംഗയായി ഇരിക്കാനേ അവൾക്കായുള്ളൂ.... അപ്പോഴും അവൾ മുഖമുയർത്തി അവനെ നോക്കിയില്ല... തൻ്റെ കുഞ്ഞിൻ്റെ ചിണുങ്ങൽ ആഹ്ലാദത്തിന് വഴിമാറിയത് മാത്രമേ അവൾ അറിഞ്ഞിരുന്നുള്ളൂ.. അത് മാത്രമേ അവൾക്ക് വേണ്ടിയിരുന്നുള്ളൂ... "മോനേ... ആദി മോനേ..." ഉള്ളിൽ താൻ പോലും അറിയാതെ വാത്സല്യം നിറയുന്നതും അധരങ്ങൾ പുഞ്ചിരിയെ പുൽകുന്നതും ആദർശ് അറിഞ്ഞു...

"എൻ്റെ മോൻ... എൻ്റെ പൊന്ന് മോൻ..!!" ആദർശ് കുഞ്ഞിനെ തൻ്റെ നെഞ്ചോട് ചേർത്തു... കുഞ്ഞ് ആ നെഞ്ചിലെ ചൂട് പറ്റി ഒരു ചിരിയോടെ ഇരുന്നു... ആ കുഞ്ഞി വിരലുകൾ തൻ്റെ മുഖമാകെ ഇഴയുന്നത് ആദർശ് വാത്സല്യത്തോടെ നോക്കി കണ്ടു... ആ കരങ്ങളെ തൻ്റെ ചുണ്ടോട് അടുപ്പിച്ചു... ആ കുഞ്ഞി കാലുകളിൽ പതിയെ മുത്തി... കുഞ്ഞിനെ കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ ആദർശ് നോക്കി... എല്ലാം തന്നെ പോലെ തന്നെ.. അതേ ചിരി... അതേ മിഴി... !! പിന്നെ തൻ്റെ മകൻ തന്നേപ്പോലെ അല്ലാതെ വേറെ ആരേ പോലെ ആവാൻ..? ആദർശ് ചിന്തിച്ചു... കുഞ്ഞിൻ്റെ ഒപ്പമുള്ള നിമിഷങ്ങളിൽ താൻ അവൻ്റെ അച്ഛൻ മാത്രമായി മാറുന്നത് ആദർശ് അറിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀

ധാനി മുറിയിൽ ചെന്ന് വെറുതെ ആ ജനൽക്കമ്പികളിൽ മുറുകെ പിടിച്ച് നിന്നു... തൻ്റെ നെഞ്ചകം പിടയുന്നതവൾ അറിഞ്ഞു... ഒന്ന് ഉള്ള് തുറന്ന് സന്തോഷിക്കാൻ തനിക്കെന്നാണോ ആവുന്നത്..? അവൾ വ്യഥയോടെ ഓർത്തു... നീർത്തിളക്കം ആ മിഴികളിൽ പ്രകടമായതും ആ ചുണ്ടുകൾ വിതുമ്പി.... എന്തിനാണ് ഇപ്പോൾ സങ്കടം തോന്നുന്നത്..? കുഞ്ഞിനെ കൊടുക്കേണ്ടി വന്ന ഗതികേടോർത്തിട്ടോ..? അവൾക്ക് സ്വയം പുച്ഛം തോന്നി... പുറകിലൊരു കാൽ പെരുമാറ്റം കേട്ടതും റയാൻഷ് വന്നെന്നവൾക്ക് മനസ്സിലായി.. അവൾ തിരിഞ്ഞ് നോക്കിയില്ല... "ആദി മോനേ...." റയാൻഷ് തുടരെ തുടരെ വിളിക്കുന്ന കേട്ടിട്ടും ധാനിക്കൊന്നും ഉരിയാടാൻ ആയില്ല... ഇനീം ഏട്ടത്തി എടുത്തിട്ടുണ്ടാവുമോ..? അവൻ ചിന്തിച്ചു... ഇവൾക്കിത് എന്ത് പറ്റി..? വിദൂരതയിലേക്ക് മിഴികൾ പായിച്ച് നിൽക്കുന്ന ധാനിയെ കണ്ടതും അവൻ ഓർത്തു... "ഇന്നെന്താണ് ഈ വിഷാദം ഉണ്ടാവാൻ കാരണം...?

ഓ ഞാൻ മറന്ന് പോയി... നിനക്ക് കണ്ണ് നിറയാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ടല്ലോ..." അവൻ ചിരിയോടെ പറഞ്ഞു... "അതേ ധാനീ... ഞാൻ വന്നു... ഒന്ന് തിരിഞ്ഞെങ്കിലും നോക്കെടീ... നിന്നെ കാണാൻ ഞാൻ ഓടി വന്നതല്ലേ..." "ഞാൻ ചായ എടുക്കാം.." അത്ര മാത്രം പറഞ്ഞവൾ അവൻ്റെ മുഖത്തേക്ക് പോലും നോക്കാതെ ധൃതിയിൽ പുറത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഇഷാനി പറമ്പിലെ വാഴയുടെ ചുവട്ടിൽ നിന്ന് മുകളിലേക്കും നോക്കി ഒറ്റ നിൽപ്പാണ്... ഒരു കൈ എളിയിൽ കുത്തി വെച്ചിട്ടുണ്ട്... ഈശ്വരാ ഇതൊന്ന് കിട്ടീട്ട് വേണം മുഴുവനും ആദിയെ കൊണ്ട് കഴിപ്പിക്കാൻ.... അവൾ ചിരിയോടെ ഓർത്തു... പക്ഷേ ഇത് എത്തുന്നില്ലല്ലോ... ഇനീം വാഴയുടെ മണ്ടയ്ക്ക് കയറാൻ ഏണി വേണ്ടി വരുമോ..? ഇഷാനി ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് ചിന്തിച്ചു... റയാൻ കുഞ്ഞിനെ അന്വേഷിച്ച് സിറ്റ് ഔട്ടിൽ ചെന്നതും പറമ്പിൽ നിൽക്കുന്ന ഇഷാനിയെയാണ് കാണുന്നത്...

ഇതെന്താണാവോ വാഴയുമായി ഒരു കൈ കോർക്കൽ..? അതും ചിന്തിച്ചവൻ അവളുടെ അടുത്തേക്ക് നടന്നു... "അല്ല എന്താ ഏട്ടത്തീ... ബഹിരാകാശത്തേക്ക് റോക്കറ്റ് വല്ലോം പോയോന്ന് നോക്കുവാണോ..?" "ഓ ഈ റയാൻ്റെ തമാശ കൊണ്ട് ഞാൻ തോറ്റു... മനുഷ്യനെ ചിരിപ്പിച്ച് ഒരു വഴിയാക്കും... എന്തായാലും റയാൻ വന്നത് നന്നായി... ഇത് ഒന്ന് പറിച്ച് തരുമോ...? എനിക്ക് എത്തുന്നില്ല..." ഇഷാനി വാഴയുടെ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... "പറിച്ച് തരാനോ എന്ത്...?" റയാൻഷ് വാഴയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... "ദാ അത്... വാഴയുടെ മൊട്ട്..." "വാഴയുടെ മൊട്ടോ..?" "Yes...that violet thing.... അതിൻ്റെ name അറിഞ്ഞൂടാ... അത് വിടരില്ലേ... കുറച്ച് days കഴിയുമ്പോൾ...?" ഈശ്വരാ വാഴക്കൂമ്പ്....!! റയാൻഷ് ചിന്തിച്ചു.. ങേ... ഇതെന്തിനാ ഇപ്പോൾ...?! വാഴക്കൂമ്പിനെ പറ്റി ഞാൻ ഒന്നും ഏട്ടത്തിയുടെ അടുത്ത് പറഞ്ഞില്ലല്ലോ...

എൻ്റെ ലിസ്റ്റിൽ പാവയ്ക്കയും കാന്താരിയും മുരിങ്ങയ്ക്കയും ഒക്കയെ ഉണ്ടായിരുന്നുള്ളല്ലോ... അവൻ ഓർത്തു... "അല്ല ഏട്ടത്തീ... ഇതിപ്പോൾ എന്തിനാ..?" "ഓ റയാൻ്റെ ചേട്ടന് തന്നെ കൊടുക്കാൻ ആണ്... എൻ്റെ ഒരു ഫ്രണ്ടാ പറഞ്ഞത്.. ഇത് ബെസ്റ്റ് ആണെന്ന്.... അവൾ ഇതിൻ്റെ പിക് അയച്ച് തന്നു.. എന്തോ പേരും പറഞ്ഞിരുന്നു... but ഞാൻ name അങ്ങ് മറന്നു.." "അല്ല ഇത് എന്തിന് ബെസ്റ്റ് ആണെന്നാ..?" "ഓ അതൊക്കെ ഉണ്ടെന്നേ... ഇപ്പോൾ ഇതൊന്നു പറിച്ച് താ റയാൻ..." അടുത്ത ഒരാഴ്ച ചേട്ടന് വാഴക്കൂമ്പ് തിന്നാൻ ആയിരിക്കും യോഗം... അതും ഓർത്തവൻ കൂമ്പ് പറിച്ച് ഇഷാനിക്ക് കൊടുത്തു.... കുഞ്ഞ് ഏട്ടത്തീടെ കൈയ്യിലും ഇല്ല... ഇനീം അമ്മ എടുത്തിട്ടുണ്ടാകുമോ..? ഏയ്... അമ്മ അങ്ങനെ മോനെ എടുക്കാറില്ല... പിന്നിനീം എവിടെ പോയി..? റയാൻഷ് ഓർത്തു... "അല്ല ഏട്ടത്തീ... ആദി മോനെ കണ്ടിരുന്നോ...?" "ആഹ്... ആദിയുടെ കൈയ്യിൽ ഉണ്ട്..."

"ചേട്ടൻ്റെ കൈയ്യിലോ...?" ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെ റയാൻഷ് ഞെട്ടലോടെ ചോദിച്ചു... "അതെ...." ഇഷാനി അത് പറഞ്ഞതും റയാൻഷിന് പെരു വിരൽ മുതൽ ദേഷ്യം ഇരച്ചു കയറി... അവൻ കോപത്തോടെ അകത്തേക്ക് കയറി... "ധാനീ...." അവൻ അലറി... ധാനി നിർവികാരതയോടെ അവൻ്റെ അരികിലേക്ക് നടന്നു... "എൻ്റെ മോൻ എവിടെടീ...?" ധാനി ഒന്നും മിണ്ടിയില്ല... "ധാനീ... ഞാൻ ചോദിച്ചത് കേട്ടില്ലേടീ നീ...?" അവളെ പിടിച്ചുലച്ച് കൊണ്ടവൻ ചോദിച്ചതും അവളുടെ മിഴികളിൽ നിന്നടർന്ന് വീണ നീർത്തുള്ളികൾ റയാൻഷിൻ്റെ കരങ്ങളെ ഈറനണിയിച്ചു.... "എൻ്റെ മുഖത്തേക്ക് നോക്ക് ധാനി..." അവൻ പ്രയാസപ്പെട്ട് കോപം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു... "എനിക്ക്... എനിക്ക്... ഒന്നും പറയാൻ പറ്റിയില്ല.... കഴിഞ്ഞില്ല... കുഞ്ഞിനെ കൊടുക്കാതിരിക്കാൻ....!! " അവൾ ഇടറുന്ന സ്വരത്തിൽ പറഞ്ഞതും റയാൻഷിൻ്റെ ഉള്ളത്തെ അത് വേദനിപ്പിച്ചു...

അവൻ ഒന്നും മിണ്ടാതെ ദേഷ്യത്തിൽ ആദർശിൻ്റെ മുറിയിലേക്ക് നടന്നു... റയാൻഷ് കാണുന്നത് കുഞ്ഞുമായി കളിക്കുന്ന ആദർശിനെ ആണ്... അവൻ രോഷത്തോടെ അകത്തേക്ക് കയറി കുഞ്ഞിനെ ആദർശിൻ്റെ കരങ്ങളിൽ നിന്നും പിടിച്ച് വാങ്ങി... ഒരു വേള ഞെട്ടിപ്പോയ കുഞ്ഞ് റയാൻഷിൻ്റെ കരങ്ങളിൽ ഇരുന്ന് ചിണുങ്ങാൻ തുടങ്ങി... റയാൻഷ് എരിയുന്ന മിഴികളോടെ ആദർശിനെ നോക്കി.. "അത്... കുഞ്ഞ് കരയുന്നു..." റയാൻഷിൻ്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ സ്തംഭിച്ച ആദർശ് അവനോട് പറഞ്ഞു... "ഹാ... എൻ്റെ കുഞ്ഞാവുമ്പോൾ ചിലപ്പോൾ കരഞ്ഞെന്നും ചിരിച്ചെന്നും ഒക്കെ വരും..." അവൻ ശബ്ദം കനപ്പിച്ച് പറഞ്ഞു... "മോനേ... അച്ഛൻ്റെ മോൻ കരയെണ്ടാട്ടോ..." കുഞ്ഞിനെ സമാധാനിപ്പിച്ചു കൊണ്ട് റയാൻഷ് പറഞ്ഞു... "റയാൻ....!!!" ആദർശ് ദേഷ്യത്തിൽ വിളിച്ചു... "എന്താ...? ങേ..??" "കുഞ്ഞിനെ തരാൻ..." "തരില്ല..." "അത് പറയാൻ നിനക്കെന്ത് അവകാശം..?"

"ഇത് ചോദിക്കാൻ നിനക്കെന്ത് അവകാശം...?" "ഈ കുഞ്ഞിൻ്റെ അച്ഛനെന്ന അവകാശം..!!" ആദർശ് കടുപ്പത്തിൽ പറഞ്ഞു... അത് കേട്ടതും റയാൻഷ് പൊട്ടിച്ചിരിച്ചു.. "എന്തോന്ന്...? ഞാൻ ശരിക്ക് കേട്ടില്ല..." അവൻ പരിഹാസത്തോടെ പറഞ്ഞു... "ധൈര്യമുണ്ടോ എന്നോട് പറഞ്ഞത് എല്ലാവരുടെയും മുൻപിൽ വിളിച്ചു പറയാൻ... എങ്ങനെ ഉണ്ടാവാനാ അല്ലേ..? ചിലപ്പോൾ അഭിമാനത്തിന് കളങ്കം വന്നാലോ... ജനിപ്പിക്കാൻ നേരം ഇല്ലാതിരുന്ന അഭിമാനം ആണല്ലോ അത് ഏറ്റു പറയാൻ നേരം പൊട്ടി മുളച്ചത്... എന്നിട്ട് അച്ഛനാണെന്ന് പോലും..." റയാൻഷ് പുച്ഛത്തോടെ പറഞ്ഞതും ആദർശ് ദേഷ്യത്തിൽ മുഖം തിരിച്ചു.. "പിന്നെ ഒരു കാര്യം... എൻ്റെ കുഞ്ഞിന് ഒന്നിൽ കൂടുതൽ തന്തമാർ ഇല്ല... ഒരാളെ ഉള്ളൂ... അത് ഈ റയാൻഷ് മാത്രമാണ്... മനസ്സിലായോ...??" റയാൻഷ് ദേഷ്യത്തിൽ പറഞ്ഞ് പുറത്തേക്ക് നടന്നു... റയാൻ നീ എന്തൊക്കെ പറഞ്ഞാലും ആദി എൻ്റെ മകനാണ്... എൻ്റെ മാത്രം..!!

അതാണ് സത്യം...ആ സത്യത്തിന് മുകളിൽ നിൻ്റെ ഈ അച്ഛൻ പട്ടത്തിന് ഒരു സ്ഥാനവും ഉണ്ടാവില്ല...!! തന്നിൽ നിന്നും അകലുന്ന ആദി മോനെ നോക്കിക്കൊണ്ട് ആദർശ് നിറമിഴികളോടെ ഓർത്തു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "മോനേ.... ആദിക്കുട്ടാ കരയാതെ... അച്ഛൻ്റെ പൊന്ന് മോനല്ലേ..." റയാൻഷ് കുഞ്ഞിനോട് പറഞ്ഞു... "എന്തിനാ മോൻ അയാള് വിളിച്ചപ്പോൾ പോയേ..? ങേ...? അച്ഛൻ്റെ പൊന്നല്ലേ... ഇനീം പോവരുത്... കേട്ടോ..." അവൻ കുഞ്ഞിനെ തോളത്തിട്ട് മുറ്റത്തൂടെ നടന്നു... പൂക്കളെയും പൂമ്പാറ്റകളെയും കാണിച്ച് കൊടുത്തു... കുഞ്ഞിൻ്റെ ചിണുങ്ങൽ മാറി... എങ്കിലും ആദി മോൻ്റെ മുഖത്ത് പരിഭവം തളം കെട്ടി നിന്നു.. ധാനി വല്ലാത്ത വേദനയിൽ മുറിയുടെ ഒരു മൂലയിലായി കാൽ മുട്ടിൽ മുഖം ചേർത്തിരിക്കുകയായിരുന്നു... റയാൻഷ് വന്നെന്നറിഞ്ഞിട്ടും അവൾ അതേ ഇരുപ്പ് തുടർന്നു...

എണ്ണമയമില്ലാതിരുന്ന അവളുടെ മുടിയിഴകൾ ജനൽ വഴി വരുന്ന കാറ്റിൽ വെറുതെ പറന്നുയരുന്നുണ്ടായിരുന്നു... എന്തിരുപ്പാ ഇത്...? അവൻ ചിന്തിച്ചു... "അല്ല ആദി മോനേ... നിൻ്റെ അമ്മയ്ക്ക് ഇപ്പോൾ നിന്നെ നോക്കാൻ തീരെ സമയമില്ലെന്ന് തോന്നുന്നു... അതാ കണ്ടവർ ഒക്കെ നിന്നെ എടുത്തോണ്ട് പോകുന്നത്... ഇനീം ഒരു ആയയെ നിർത്തേണ്ടി വരുമോ ആവോ...?" റയാൻഷ് ഒളികണ്ണിട്ട് ധാനിയെ നോക്കിക്കൊണ്ട് കുഞ്ഞിനോടെന്ന പോലെ പറഞ്ഞു... അവൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായിട്ടും അവൾ മൗനം പാലിച്ചു.. അവൾ പതിയെ മുഖമുയർത്തി എങ്ങോട്ടോ മിഴികൾ പായിച്ചിരുന്നു... "നമ്മൾ എപ്പോഴാ ബാംഗ്ലൂരിലേക്ക് തിരിച്ച് പോകുന്നത്...?" അല്പ സമയത്തെ മൗനം ഭേദിച്ചവൾ അവശതയാർന്ന സ്വരത്തിൽ അവനോട് ചോദിച്ചു... "തിരിച്ച് പോകാനോ...? എന്തിന്..?" "അത്...അത് പിന്നെ..." "മുഖത്തേക്ക് നോക്കി സംസാരിക്കെടീ..." അവൻ കപട ഗൗരവത്തിൽ പറഞ്ഞു.

"അല്ല അത്...ഒരുപാട് നാൾ ആയില്ലേ അനു ചേച്ചിയെ ഒക്കെ കണ്ടിട്ട്..." "അത് മാത്രമാണോ കാരണം..?" റയാൻഷ് പുരികം ഉയർത്തി ഒരു ചിരിയോടെ ചോദിച്ചു.. ഇനിയും ഇവിടെ നിന്നാൽ ഒരു പക്ഷേ എൻ്റെ കൈയ്യിൽ നിന്നും വീണ്ടും കുഞ്ഞിനെ എടുത്തോണ്ട് പോയെന്ന് വരാം... എനിക്കത് തടയാൻ ആയില്ലെന്നും വരാം.... ധാനി വേദനയോടെ ഓർത്തു.. "സത്യം പറഞ്ഞാൽ ബാംഗ്ലൂർ അല്ല... എനിക്കൊന്നു കുളു മണാലി വരെ പോയാൽ കൊള്ളാമെന്നുണ്ട്...." അവൻ ചിരിയോടെ പറഞ്ഞു... ധാനി എന്തിനാണെന്ന മട്ടിൽ അവനെ നോക്കി... "അല്ല... അവിടിപ്പോൾ ഭയങ്കര തണുപ്പാണെന്നേ..." "അതിന്..?" ധാനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... "അല്ല നമ്മുടെ ഹണിമൂൺ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ..." റയാൻഷ് ഒരു കള്ളച്ചിരിയോടെ പറഞ്ഞതും അവൾ മിഴിച്ചു കൊണ്ട് അവനെ നോക്കി... അവൻ അവളെ കൈകളിൽ എടുത്തുയർത്തിയതും അവൾ സ്തംഭിച്ചു...

ധാനി പിടച്ചിലോടെ അവനെ നോക്കി... "നിനക്ക് വിഷാദ രോഗം വല്ലോം ഉണ്ടോടീ...?" അവളെ ബെഡിലേക്ക് കിടത്തിക്കൊണ്ട് റയാൻഷ് ചോദിച്ചു... "നല്ല കോലം... മുഖമൊക്കെ വാടി തളർന്നത് പോലെയുണ്ട്... ഇങ്ങോട്ട് ഒന്ന് നോക്കെടീ...." അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ടവൻ പറഞ്ഞു... അവൾ ഭാവ വ്യത്യാസം ഒന്നുമില്ലാതെ അവനെ നോക്കി... ക്ഷീണത്താൽ അവളുടെ മിഴികൾ കൂമ്പിയടയുന്നുണ്ടായിരുന്നു... റയാൻഷ് അവളുടെ നെറ്റിയിൽ പതിയെ തലോടി... "ഒന്നുറങ്ങി എഴുന്നേല്ക്കുമ്പോൾ എല്ലാം ശരിയാവും... വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടി മനസ്സ് വേദനിപ്പിക്കണ്ട..." അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചിട്ട് അവൻ വിദൂരതയിലേക്ക് മിഴികൾ നട്ടു.. എന്നാ ധാനീ... നിൻ്റെ മനസ്സൊന്ന് നേരെ ആവുന്നത്..? എന്നാ നിനക്ക് പൂർണ്ണമായും എന്നെ ഒന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നത്..?

നിൻ്റെ ഉള്ളിലും എന്നോട് സ്നേഹമുണ്ടെന്ന് എനിക്കറിയാം... പലപ്പോഴായി ഞാനത് മനസ്സിലാക്കിയതാണ്... പക്ഷേ നിൻ്റെ മനസ്സിലെ നോവുകൾ....അതെന്നാണോ പൂർണ്ണമായും എനിക്ക് തുടച്ചു മാറ്റാൻ സാധിക്കുന്നത്... അന്ന് മാത്രമേ എൻ്റെ പ്രണയം പൂർണ്ണമാകൂ.... അവൻ ചിന്തിച്ചു ... 🥀🥀🥀🥀🥀🥀🥀🥀🥀🥀 "അല്ല ഇനിയും നമ്മൾ കുഞ്ഞുങ്ങൾ ഇല്ലാത്തതോർത്ത് വിഷമിക്കണോ ഇഷാനീ...?" ആദർശ് ചോദിച്ചു... "അതെന്താ ആദീ.. താൻ അങ്ങനെ ചോദിച്ചത്...?" "അല്ല ആദി മോൻ ഉണ്ടല്ലോ... പിന്നെന്താ..." "അത്... റയാൻ്റെയും ധാനിയുടെയും മകനല്ലേ... ഞാൻ ഉദ്ദേശിച്ചത് നമ്മുടെ സ്വന്തം കുഞ്ഞ്... ആദിക്ക് ആഗ്രഹമില്ലേ തൻ്റെ രക്തത്തിൽ ഒരു കുഞ്ഞിനെ..?" "അതിന് ആദിയും എൻ്റെ രക്തം തന്നെയാണല്ലോ..." ആദർശ് അർത്ഥം വെച്ച് പറഞ്ഞു... "ആഹ്... അതൊക്കെ ശരിയാ... നിങ്ങള് സഹോദരങ്ങൾ ആയതു കൊണ്ട് ആദി മോനും ആദിയുടെ രക്തം തന്നെ... എന്നാലും...

എനിക്ക് മനസ്സിലായൊരു കാര്യം എന്താണെന്ന് വെച്ചാൽ റയാന് ഈയിടെയായി നമ്മൾ കുഞ്ഞിനെ എടുക്കുന്നതൊന്നും ഇഷ്ടമല്ലെന്ന് തോന്നുന്നു... ഇന്നലെ ഞാൻ ആദി മോനെ റൂമിൽ കൊണ്ട് വന്നോട്ടെ എന്ന് ചോദിച്ചിട്ട് റയാൻ എനിക്ക് തന്നില്ല... അതാ അമ്മ ഇന്നലെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടും എനിക്ക് വീണ്ടും സങ്കടമായത്..." "ങേ...? അങ്ങനൊരു സംഭവം ഉണ്ടായോ..? നീ ചോദിച്ചിട്ട് അവൻ മോനേ തന്നില്ലേ... എന്നിട്ട് നീയെന്താ അത് എന്നോട് പറയാഞ്ഞത്...?" ആദർശ് ദേഷ്യത്തിൽ ചോദിച്ചു... "അല്ല ആദീ.... ഞാൻ കരുതി വെറുതെ എന്തിനാ... താൻ റയാനോട് ചോദിക്കാൻ ഒന്നും പോവണ്ട... അത് സാരമില്ല... ഇപ്പോൾ എനിക്ക് സങ്കടമൊന്നുമില്ല..." എൻ്റെ ഭാര്യ ചോദിച്ചിട്ട് എൻ്റെ കുഞ്ഞിനെ അവൻ കൊടുത്തില്ല... ഇഷാനിക്കത് എത്ര സങ്കടമായിട്ടുണ്ടാവും... അവളുടെ മനസ്സ് വീണ്ടും വേദനിക്കാൻ അത് കാരണമായില്ലേ... ആദർശ് രോഷത്തോടെ ഓർത്തു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

സമയം രാത്രിയായി... പുറത്താകെ തമസ്സ് പടർന്നു... നിലാവും നക്ഷത്രക്കൂട്ടങ്ങളും വിണ്ണിൽ സ്ഥാനം പിടിച്ചു.. "നാളെ നമ്മുക്ക് ഒരു യാത്രയുണ്ട്..." റയാൻഷ് ധാനിയുടെ മടിയിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു... "നീ പേടിക്കണ്ട... കുളു മണാലി ഒന്നുമല്ല.. വെറുതെ പുറത്തൊക്കെ ഒന്ന് ചുറ്റിയിട്ട് വരാം.." അവളുടെ മുഖത്തെ വെപ്രാളം കണ്ടതും അവൻ പറഞ്ഞു... "എൻ്റെ തലയൊന്ന് തടവുമോ ധാനീ....?" അവൻ പറഞ്ഞതും അവൾ ആ ശിരസ്സിൽ പതിയെ തലോടി... "അല്ല ധാനീ... നമ്മുക്ക് എത്ര മക്കൾ വേണം..? നാലോ അഞ്ചോ..?" അവൻ ചിരിയോടെ ചോദിച്ചതും അവൾ കണ്ണും തള്ളി നോക്കി... "അഞ്ചിൽ ഉറപ്പിക്കാം... അല്ലേ...?" അവൻ പുരികം ഉയർത്തിക്കൊണ്ട് വല്ല്യ കാര്യത്തോടെ ചോദിച്ചു... "ഹാ... ഈ പോക്ക് പോയാൽ അഞ്ചല്ല അമ്പതും ഉണ്ടാവും..." അവൻ നിരാശയോടെ സ്വയം പറഞ്ഞു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story