🍂തൊട്ടാവാടി🥀: ഭാഗം 26

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഈ ആദി എന്താ ഇങ്ങനെ സൗത്തിലോട്ടും നോർത്തിലോട്ടും നടക്കുന്നെ... കുറേ നേരമായല്ലോ... ഇഷാനി ചിന്തിച്ചു... "ഗേറ്റിലോട്ടും നോക്കിയാണല്ലോ നിൽപ്പ്... ഇനീം വല്ല പെൺപിള്ളേരേം വായി നോക്കാനുള്ള പരിപാടി ആയിരിക്കുമോ..? ഹേയ്... ആദി ആ ടൈപ്പ് അല്ല... എന്നെ പോലും നേരെ ചൊവ്വേ നോക്കാറില്ല... പിന്നല്ലേ നാട്ടിലുള്ളവരെ..." ഇഷാനി സ്വയം പറഞ്ഞു... ഇനീം എന്താണാവോ...?! "ആദീ.... ഇവിടെ വന്നിരിക്ക്... ഇനീം അത്ര നിർബന്ധം ആണെങ്കിൽ ഒരു chair ഇട്ട് മുറ്റത്തോട്ട് ഇരിക്ക്... വെറുതെ leg pain വരുത്തി വെയ്ക്കണ്ട..." ഇഷാനി പറഞ്ഞു... "എനിക്ക് സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല ഇഷാനീ..." ആദർശ് അസ്വസ്ഥമായ മനസ്സോടെ പറഞ്ഞു.. ങേ...!! ഈശ്വരാ...

ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയേ... ഒരു അസുഖം ഉണ്ടായിരുന്നല്ലോ... ഇരിക്കാൻ പറ്റാത്തെ... ഇനീം അതെങ്ങാണം ആവുമോ ആദിക്ക്...? ശെ! ചോദിക്കാമെന്ന് വെച്ചാൽ അതിൻ്റെ പേരും അറിയില്ലല്ലോ... ഗൂഗിളിൽ ഒന്ന് നോക്കിയാലോ... ഇഷാനി ചിന്തിച്ചു... ആഹ് കിട്ടിപ്പോയി... ഇതായിരുന്നല്ലേ അതിൻ്റെ മലയാളം നെയിം... ഇതാണോ എന്ന് ആദിയോട് ചോദിച്ചാലോ...? ഇഷാനി അതോർത്തതും ഗേറ്റ് കടന്ന് വരുന്ന റയാൻഷിൻ്റെ കാർ കണ്ടു.. ആദർശ് പെട്ടെന്ന് അകത്തേക്ക് കയറി.. ഇവിടെ നിന്ന് കുഞ്ഞിനെ കാണാം... ഞാൻ അവരെ കാത്തിരിക്കുകയായിരുന്നെന്ന് റയാൻ അറിയണ്ട... അതും ഓർത്തവൻ ഗൗരവത്തിൽ സോഫയിലേക്ക് ഇരുന്നു... "ആഹ് അവര് വന്നല്ലോ..."

ഇഷാനി അതും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി... "സന്തോഷിക്കാൻ ഉള്ള വകയുണ്ടോ ധാനീ...? അല്ലേലും റയാൻ സൂപ്പർ ഫാസ്റ്റ് ആണല്ലോ.." ഇഷാനി പറഞ്ഞതും ധാനിയും റയാൻഷും കാര്യം എന്തെന്ന് മനസ്സിലാവാതെ പരസ്പരം നോക്കി... "അല്ല ഞാൻ എന്തിൽ ഫാസ്റ്റ് അണെന്നാ ഏട്ടത്തി ഉദ്ദേശിച്ചെ..?" റയാൻഷ് ചോദിച്ചു... "അല്ല നിങ്ങൾ ഹോസ്പിറ്റലിൽ പോയതല്ലേ..?" "ഹോസ്പിറ്റലിലോ...? ഞാൻ എന്നും അങ്ങോട്ടല്ലേ പോകുന്നെ.. ഇന്നൊരു change ആവെട്ടെന്ന് കരുതി ഞങ്ങൾ ഒന്ന് ബീച്ച് വരെ പോയതാ.." "ഹോ അതായിരുന്നോ... ഞാൻ വെറുതെ അങ്ങ് തെറ്റിദ്ധരിച്ച്..." ആദർശ് പതിയെ കുഞ്ഞിനെ കാണാൻ എന്നോണം ഇഷാനിയുടെ അരികിലായ് വന്നു നിന്നു.... "അന്നാ ഞങ്ങൾ റൂമിലേക്ക് പോവട്ടെ ഏട്ടത്തീ...

ഒന്ന് ഫ്രഷ് ആവട്ടെ..ആകെ tired ആണ്..." ആദർശിനെ കണ്ടതും റയാൻഷ് പറഞ്ഞു.. "അല്ല റയാൻ കുഞ്ഞിനെ ഞാൻ കുളിപ്പിക്കട്ടെ...?" ഇഷാനി ചോദിച്ചു... അത് കേട്ടതും ആദർശിന് വല്ലാത്ത സന്തോഷം തോന്നി... ആദി മോനെ ഞങ്ങളുടെ റൂമിൽ കൊണ്ടു വരാം.. ഇഷാനി ചോദിച്ചത് നന്നായി.. ആദർശ് ഓർത്തു... "അയ്യോ അത് വേണ്ട ഏട്ടത്തീ...!!" ആദർശിനെ നോക്കിക്കൊണ്ട് റയാൻഷ് പറഞ്ഞതും ആദർശിൻ്റെ മുഖത്ത് നിരാശ പടർന്നു... "എന്ത് പറ്റി റയാൻ...? ഞാൻ നന്നായി ശ്രദ്ധിച്ചോളാം..." ഇഷാനി പറഞ്ഞു... "കൈ മാറിയാൽ കുഴപ്പം ആണേ..." റയാൻഷ് പ്രത്യേക താളത്തിൽ പറഞ്ഞു... ഇഷാനിക്ക് അവൻ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായില്ല... "റയാൻ...ഇഷാനി പറഞ്ഞത് നീ കേട്ടീല്ലേ..?"

കുഞ്ഞിനെ ഒന്ന് കൈയ്യിൽ കിട്ടാൻ വേണ്ടി ആദർശ് സോഫ്റ്റായി റയാൻഷിനോട് പറഞ്ഞു... "എന്തോ...? ഞാൻ ശരിക്ക് കേട്ടില്ല ചേട്ടാ... എൻ്റെ ചെവിക്ക് ഈയിടെ ആയി ഒരു കുഴപ്പം ഉണ്ട്... വേണ്ടത് മാത്രമേ അത് കേൾക്കുന്നുള്ളൂ... ആവശ്യമില്ലാത്തതൊക്കെ ഒരു ചെവിയിൽ കൂടെ കയറി മറു ചെവിയിൽ കൂടെ പോവാണെന്നേ..." റയാൻഷ് ചിരിയോടെ പറഞ്ഞതും അവൻ തന്നെ പരിഹസിച്ചതാണെന്ന് ആദർശിന് മനസ്സിലായി... ആദർശ് പിന്നെ ഒന്നും മിണ്ടിയില്ല... എന്നാൽ പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന ഇഷാനിയെ കണ്ടതും റയാൻഷിന് ഉള്ളിൽ നേരിയ സങ്കടം തോന്നി... അവളുടെ കൺ കോണിൽ എവിടെയോ ഒരു നേരിയ നനവനുഭവപ്പെട്ടത് പോലെ...

തൻ്റെ മുൻപിൽ നിൽക്കുന്ന ഇഷാനിക്ക് നേരെ കുഞ്ഞ് കരങ്ങൾ നീട്ടിയതും കുഞ്ഞിൻ്റെ സന്തോഷം തല്ലിക്കെടുത്താൻ റയാൻഷിനായില്ല... "ആഹ് ഏട്ടത്തീ... നമ്മുക്ക് ഒരു കാര്യം ചെയ്യാം... കുഞ്ഞിനെ കിണറ്റിൻ കരയിൽ വെച്ച് കുളിപ്പിക്കാം.. അതാവുമ്പോൾ നല്ല തണുത്ത കാറ്റും കിട്ടും..." റയാൻഷ് പറഞ്ഞതും ഇഷാനിയുടെ മുഖം പൂർണ്ണചന്ദ്രൻ ഉദിച്ചത് പോലെ തിളങ്ങി... "ആഹ്... അത് മതി റയാൻ... വാ നമ്മുക്ക് പോകാം..." ഇഷാനി കുഞ്ഞിനെ വാങ്ങിക്കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... ഇഷാനിയോടൊപ്പം പോകുന്ന റയാൻഷിനെ കണ്ടതും ആദർശിന് നിരാശ തോന്നി... അവൻ അവിടെ ഉണ്ടെങ്കിൽ എനിക്ക് കുഞ്ഞിനെ എടുക്കാൻ പറ്റില്ല... മനപൂർവ്വമാ അവൻ കുഞ്ഞിനെ തന്ന് വിടാഞ്ഞത്...

ആദർശ് രോഷത്തോടെ ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ആ സൂര്യകിരണങ്ങൾ നക്ഷത്രക്കൂട്ടങ്ങൾക്ക് വഴിമാറിയതും വിടരാൻ വെമ്പൽ കൊണ്ട നിശാഗന്ധി പൂക്കൾ തൻ്റെ സുഗന്ധം നാലു ദിക്കിലും പടർത്തി... ധാനി മുറിയിൽ ചെന്നതും റയാൻഷിനെ അവിടെ കണ്ടില്ല.... ബാൽക്കണിയിൽ നിന്നവൻ നിലാവിൻ്റെ ഭംഗി ആസ്വദിക്കുന്നതവൾ കണ്ടു.. ആദി മോൻ എപ്പോഴേ നിദ്രയെ പുൽകിയിരുന്നു.... ബെഡിൻ്റെ സൈഡിലായി സ്വർണ്ണക്കരയുള്ള ഒരു സെറ്റ് സാരി ഇരിക്കുന്നത് ധാനി കണ്ടു... അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ദു:ഖം നിറഞ്ഞ ഓർമ്മകൾ ഇനിയും തന്നെ വേട്ടയാടാനനുവദിക്കാതെ മറവിയെന്ന ചിതയിൽ എരിഞ്ഞടക്കാൻ അവൾ ശ്രമിച്ചു...

അർത്ഥശൂന്യമായ ദിനങ്ങൾ കൊഴിഞ്ഞു പോയിരിക്കുന്നു.. എൻ്റെ ജീവിതത്തിൽ നിന്നെന്ന പോലെ എൻ്റെ മനതാരിൽ നിന്നും ആ ഓർമ്മകൾ വേരോടെ പിഴുതെറിയപ്പെടണം... ഇനിയും വസന്തം മാത്രം....!! ഹൃദയത്തിൽ വീണ്ടും പ്രണയത്തിൻ്റെ മൊട്ടുകൾ തളിരിടാൻ വെമ്പൽ കൊള്ളുന്നതവൾ അറിഞ്ഞു... അവയിൽ ഓരോന്നിലും റയാൻഷെന്ന നാമം മാത്രം..!! അവൾ സാരി ഞൊറിഞ്ഞുടുത്തു... കുങ്കുമ ചെപ്പ് കൈയ്യിൽ എടുത്തവൾ സീമന്തരേഖയിലേക്ക് സിന്ദൂരം ചാർത്തിയപ്പോൾ ആ ചുവപ്പു രാശി പതിയെ കവിൾത്തടങ്ങളിലേക്കും പടർന്നു... ടേബിളിന് മുകളിൽ മുല്ലമൊട്ടുകൾ ഇരിക്കുന്നു.. ചുറ്റിനും മനം മയക്കുന്ന മുല്ല പൂക്കളുടെ സുഗന്ധം...

അൽപം മൊട്ടുകൾ കൊരുത്ത് മുടിയിഴകളിൽ തിരുകിയതും മിഴികൾ എഴുതണമെന്നും ആദ്യമായി അവൾക്ക് തോന്നി... അല്പം കരിമഷി എഴുത്തവൾ വെറുതെ മിഴികളിൽ എഴുതി... കണ്ണാടിയുടെ മുൻപിൽ ചെന്നവൾ സ്വയം ഒന്ന് വിലയിരുത്തി... താൻ സുന്ദരിയാണല്ലോ എന്നവൾക്ക് ആദ്യമായി തോന്നി... ഈ രൂപം തന്നെയായിരുന്നില്ലേ തനിക്ക് പണ്ടും...? എന്നിട്ട് ഇന്ന് മാത്രമെന്തേ താൻ തന്നിൽ സൗന്ദര്യം കണ്ടെത്തി...? മനസ്സാണ് പ്രധാനമെന്നവൾക്ക് ബോധ്യമായി... നമ്മളാണ് നമ്മളെ സ്നേഹിക്കേണ്ടത്... ആദ്യമായി ഇഷ്ടപെടേണ്ടത്... അല്ലാതെ അപകർഷതാ ബോധം ഉള്ളിൽ വെച്ചു പുലർത്തിയിട്ടെന്ത് കാര്യം..? നമ്മുടെ സൗന്ദര്യം നമ്മൾ തന്നെ കണ്ടെത്തണം..

റയാൻഷിൻ്റെ വാചകങ്ങളിൽ കൂടെ മാത്രം അറിഞ്ഞ തൻ്റെ ഭംഗി അവളും മനസ്സിലാക്കി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഈ രാവ് എന്ത് സുന്ദരിയാണ്... ഈ താരകക്കുഞ്ഞുങ്ങൾ കൺ ചിമ്മുന്നതത്രെയും എൻ്റെ ആഗ്രഹസാഫല്യത്തിനാണോ...? ആ പൊൻകിരണങ്ങൾ രാവിൻ്റെ മടിത്തട്ടിൽ ഒളിച്ചതും എനിക്ക് വേണ്ടിയാണോ..? റയാൻഷ് ചിന്തിച്ചു... പുറത്തെ ചെമ്പകം ഇളം കാറ്റിൽ ശിരസ്സനക്കിയതും ആ സുഗന്ധം അവിടമാകെ പടർന്നു... പിന്നിൽ ഒരു പാദസരക്കിലുക്കം കേൾക്കുന്നു... റയാൻഷ് ഒന്ന് തിരിഞ്ഞ് നോക്കി.... അവൻ്റെ മിഴികൾ വിടർന്നു... ഇമ വെട്ടാതെ തന്നിൽ മിഴികൾ നട്ടിരിക്കുന്ന റയാൻഷിനെ നോക്കിയവൾ പുഞ്ചിരിച്ചു... നിഷ്കളങ്കമായ പുഞ്ചിരി..!!

കൈയ്യിൽ ഒരു ഗ്ലാസ്സ് പാലും ഉണ്ട്... അവ തുളുമ്പാതെ ശ്രദ്ധയോടെയവൾ പിടിച്ചിരിക്കുന്നു... റയാൻഷ് പതിയെ അവളിലേക്ക് നടന്നടുത്തു... "ഈ പുഞ്ചിരിക്ക് പിന്നിൽ നീ ഒളിപ്പിച്ച വിറയാർന്ന അധരങ്ങൾക്ക് ഞാൻ നല്കിയ ചുംബനത്തേക്കാൾ മധുരമായി മറ്റൊന്ന് ഇന്നോളം അനുഭവവേദ്യമായിട്ടുണ്ടോ..?! ഈ നോട്ടത്തിന് പിന്നിൽ നീ ഒളിപ്പിച്ച പിടയ്ക്കുന്ന നേത്ര ഗോളങ്ങൾ ഇത്ര മനോഹരമായി ഇന്നോളം പ്രണയത്തെ അനുഭവിച്ചിട്ടുണ്ടോ..?! ഈ ഹൃദയമിടിപ്പുകൾ എൻ്റെ ഹൃദയതാളത്തിനപ്പുറം മറ്റൊന്നിലേക്ക് സഞ്ചരിക്കാനിന്ന് ഒരു മാത്രയെങ്കിലും വെമ്പുന്നുണ്ടോ..?!" "ഇല്ല...!!" അവളുടെ മറുപടിയിൽ ഉണ്ടായിരുന്നു എല്ലാം...

തൻ്റെ ആത്മാവിനെ പോലും കട്ടെടുക്കും വിധമവർ മിഴികൾ കൊരുത്തതും മൗനമവർക്കിടയിൽ തളം കെട്ടി നിന്നു.. വാക്കുകളാൽ അനിർവ്വചനീയമാവും ചില നിമിഷങ്ങൾ...!! ഒരു നിശ്വാസങ്ങൾക്കപ്പുറം മിഴികൾ കൊരുത്തതും വേർപ്പെടുവാൻ ഉടലുകൾ പോലും വിസമ്മതിച്ചു....ധാനിയുടെ ഹൃദയത്തിൽ തറച്ച മുള്ളുകളും അവ ഏൽപ്പിച്ച മുറിപ്പാടുകളും റയാൻഷിൻ്റെ പ്രണയമാകുന്ന ഔഷധത്തിൽ അലിഞ്ഞില്ലാതായി... അഴിഞ്ഞുലത്ത അവളുടെ മുടിയിഴകളും ചിന്നി ചിതറി കിടക്കുന്ന മല്ല മൊട്ടുകളും കഴിഞ്ഞു പോയ നിമിഷങ്ങളെ ഇരുവരെയും ഒർമ്മിപ്പിച്ചു... അപ്പോഴും റയാൻഷിൻ്റെ ചൊടികളിൽ പുഞ്ചിരി ഉണ്ടായിരുന്നു... ചുവന്ന് തുടുത്ത ആ കവിൾത്തടങ്ങളിൽ കൂടി അവൻ വിരലുകൾ ഓടിച്ചപ്പോൾ ഒരു നിമിഷത്തെ കാമം കൊണ്ട് തന്നെ പ്രാപിച്ചവനെയും പ്രണയത്താൽ തൻ്റെ മനസ്സിനേയും ശരീരത്തേയും ഒരേ പോലെ നേടിയെടുത്തവനെയും അവൾ ഓർത്തു...

ധാനി അവളുടെ കരങ്ങൾ അവൻ്റെ കവിളിൽ ചേർത്തു കൊണ്ട് ആ മൂർദ്ധാവിൽ ചുംബിച്ചു... അവൻ്റെ നെറ്റിയിൽ പറ്റിച്ചേർന്ന സിന്ദൂരച്ചുവപ്പ് കണ്ടതും അത് മായിച്ച് കൊണ്ടവൾ നാണത്തോടെ മിഴികൾ താഴ്ത്തി... "ധാനീ...." "ഉം...." പാതിയടഞ്ഞ മിഴികളോടെ അവനോട് പറ്റിച്ചേർന്ന് കൊണ്ടവൾ മൂളി.... "I love you...." അവൾ ഒരു പുഞ്ചിരിയോടെ മിഴികളടച്ചു... അവൻ്റെ കരങ്ങൾ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു... പുറത്തപ്പോഴും വിടരാൻ വെമ്പൽ കൊണ്ട മുല്ലമൊട്ടുകൾ അവയുടെ സുഗന്ധം പരത്തുന്നുണ്ടായിരുന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "അല്ല റയാനെയും ധാനിയേയും ഒന്നും കണ്ടില്ലല്ലോ..." രാവിലെ breakfast കഴിക്കാൻ ഇരുന്നതും ഇഷാനി ചോദിച്ചു... ആദർശിൻ്റെ ഉള്ളിലും അതേ ചോദ്യമായിരുന്നു....

ആദി മോനെ കാണാൻ മിഴികൾ വെമ്പിയപ്പോൾ ഹൃദയത്തിൽ ഉടലെടുത്ത ചോദ്യം... "ആഹ്... അവര് വരുമായിരിക്കും..." പത്മിനി പറഞ്ഞു.. "അല്ല നേരം കുറേ ആയില്ലേ... സാധാരണ ധാനിയെ എങ്കിലും രാവിലെ ഈ വഴിക്കൊക്കെ കാണാറുള്ളതാണല്ലോ.. ഇനീം അവര് ഇതുവരെ എഴുന്നേറ്റിട്ടില്ലേ..?" ഇഷാനി സ്വയം പറഞ്ഞു... "ഇഷാനീ... നീ... നീയൊന്ന് പോയി വിളിച്ച് നോക്കുമോ...?" കുഞ്ഞിനെ കാണാനുള്ള ഉൾപ്രേരണയാൽ ആദർശ് ചോദിച്ചു... "അയ്യേ... ഈ ആദിയെന്താ ഇങ്ങനെ പറയുന്നത്...? അവരെ പോയി വിളിക്കാനോ...? സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ എനിക്കെങ്ങും വയ്യ... അത്ര നിർബന്ധം ആണെങ്കിൽ താൻ പോയി വിളിക്ക്.... തൻ്റെ അനിയൻ അല്ലേ..."

പ്ലേറ്റിലേക്ക് അൽപം കൂടി കറി ഒഴിച്ചു കൊണ്ട് ഇഷാനി അലസ ഭാവത്തിൽ പറഞ്ഞതും അവൻ്റെ മുഖത്ത് വീണ്ടും നിരാശ പടർന്നു.... അല്പ നേരം കൂടി കഴിഞ്ഞു...കുഞ്ഞിൻ്റെ മുഖം കാണാതെ ആദർശിന് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു... എങ്കിലും അവനത് പുറത്ത് പ്രകടിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 നേരമേറെ ആയിട്ടും ധാനിയുടെ മുടിയിഴകൾ വകഞ്ഞ് മാറ്റി ആ പിൻകഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു കൊണ്ട് കിടക്കുകയാണ് റയാൻഷ്... ചൊടികളിലെ കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് അപ്പോഴും മങ്ങലേറ്റിരുന്നില്ല.... "എഴുന്നേൽക്കണ്ടേ..?" അവൻ്റെ അധരങ്ങൾ വീണ്ടും കുസൃതി കാട്ടി തുടങ്ങിയതും അവൾ നേർത്ത സ്വരത്തിൽ ചോദിച്ചു... "വേണോ...?"

അവൻ അതേ ശാന്തതയിൽ ചോദിച്ചു... "പിന്നല്ലാതെ...." അവൾ ചിരിയോടെ പറഞ്ഞു... "എൻ്റെ aim അഞ്ചാണേ..." അവൻ കുറുമ്പോടെ പറഞ്ഞതും അവൾ പൊരുൾ മനസ്സിലാവാതെ നോക്കി.. "അല്ല... അഞ്ച് പൊന്നോമന മക്കൾ...!! നീ മറന്ന് പോയോ..? ഇനീം നാലെണ്ണം കൂടെ ഒപ്പിക്കണ്ടേ...?" അവൻ കുസൃതി ചിരിയോടെ പറഞ്ഞതും അവൾ മിഴികൾ പൊത്തി പുതപ്പെടുത്ത് മൂടി... ആ പുതപ്പിനുള്ളിലേക്ക് പതിയെ റയാൻഷിൻ്റെ കരങ്ങളും കടന്ന് ചെന്നു... ഒരിക്കൽക്കൂടിയവർ പ്രണയമാകുന്ന ചരടിൽ ബന്ധിക്കപ്പെട്ടു....

വേർപ്പെടുത്താനാവാത്ത വിധം ആത്മാവുകൾ പോലും ഒന്നായി കൊരുത്തത് പോലെ....!! 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 വെകുന്നേരം വരെ കുഞ്ഞിനെ ഒന്ന് കൈയ്യിൽ കിട്ടാനായി ആദർശ് ഒരവസരം കാത്തിരിക്കുകയായിരുന്നു... കുഞ്ഞിൻ്റെ അരികിൽ ഏതു നേരവും ഉള്ള റയാൻഷിൻ്റെ സാമിപ്യം ആദർശിനെ അലോസരപ്പെടുത്തി.. അവൻ നിമിഷാർദ്ധങ്ങൾ എണ്ണി ഇരുന്നു... റയാൻഷ് കുഞ്ഞിനെ ഒന്ന് താഴെ വെയ്ക്കുന്നതിനായി...!! നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം ഉള്ള പോലെ... സമയം സസ്യയോടടുത്തതും ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ഹാളിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ ആദർശ് ഓടിപ്പോയി എടുത്തു.... "ഇപ്പോഴാടാ അച്ഛന് സമാധാനമായത്... മോനേ..."

കുഞ്ഞിനെ നെഞ്ചോടടുപ്പിച്ചു കൊണ്ട് ആദർശ് പറഞ്ഞു... അവൻ കുഞ്ഞിനെ ആവോളം നോക്കിക്കണ്ടു... വാത്സല്യത്താൽ ചാലിച്ച ചുംബനങ്ങൾ നൽകി... കുഞ്ഞ് ആദർശിൻ്റെ മീശയിലും മൂക്കിൻ തുമ്പിലും എന്തൊക്കെയോ പരതി... "മോനെ അച്ഛന് നോവുന്നെടാ..." ആ കുഞ്ഞി വിരലുകൾ തൻ്റെ മീശ മേൽ പിടിച്ച് വലിച്ചപ്പോൾ ആദർശ് ചെറു ചിരിയോടെ പറഞ്ഞു.... "മോനൂട്ടാ... മോൻ അച്ഛാന്ന് ഒന്ന് വിളിച്ചേടാ...." എന്നാൽ കുഞ്ഞത് ശ്രദ്ധിക്കാതെ കൗതുകത്തോടെ ആദർശിൻ്റെ മീശയിൽ പിടിച്ച് ഒന്നും കൂടെ വലിച്ചു... "മോനേ... അച്ഛൻ....!! വിളിക്ക് മോനേ അച്ഛാന്ന്... ഞാൻ മോൻ്റെ അച്ഛനാ... വിളിക്ക്... അച്ഛാന്ന് വിളിക്ക്..." ആദർശ് കുഞ്ഞിനെ നോക്കി പറഞ്ഞു...

"മോനേ വിളി... അച്ഛാന്ന് വിളി മോനേ..." ആദർശ് തുടരെ തുടരെ പറഞ്ഞതും കുഞ്ഞ് ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ടായിരുന്നു... "അച്ഛ... ച്ഛൻ...!!" കുഞ്ഞ് പറഞ്ഞതും ആദർശ് ഒരു വേള സന്തോഷിച്ചു... അവൻ്റെ മനസ്സ് നിറഞ്ഞു... എന്നാൽ തന്നെയല്ല വരാന്തയിൽ നിൽക്കുന്ന റയാൻഷിനെ ചൂണ്ടിയാണ് കുഞ്ഞത് പറഞ്ഞതെന്നുള്ള തിരിച്ചറിവ് ആദർശിൻ്റെ ഉള്ളത്തെ ആഴത്തിൽ വേദനിപ്പിച്ചു... താൻ ചെയ്ത തെറ്റിൻ്റെ ആഴം എത്രമാത്രമാണെന്ന് ഒരൊറ്റ നിമിഷം കൊണ്ട് തിരിച്ചറിഞ്ഞ പോലെ...!! ഞാനാ നിൻ്റെ അച്ഛൻ...!! ഹൃദയം ഒരായിരം തവണ അലമുറയിട്ടപ്പോഴും ഉള്ളിലെ തേങ്ങലുകൾ തൊണ്ടയിലെവിടെയോ ഒരു ഗദ്ഗദമായി കുടുങ്ങി കിടന്നതല്ലാതെ പുറത്തേക്ക് വന്നില്ല...

"മോനേ... ആ... ദി... മോനേ.." നിലയറ്റ വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു പോയി... അച്ഛൻ..!! ആ വാക്കിന് ഇത്ര മാത്രം അർത്ഥങ്ങളോ...? വേദനയോടെ അവൻ ഓർത്തപ്പോൾ ഈ കാഴ്ചകളെല്ലാം കണ്ട് നിന്ന മറ്റ് രണ്ട് മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... അവിശ്വസനീയമായ എന്തോ കേട്ട പോൽ ആ ഹൃദയത്തിന് കാഠിന്യമേറി.... ഒന്നും ഉരിയാടാനാവാതെ നിലയുറക്കാത്ത കാലടികളോടെ അവൾ നടന്നകന്നു... "ഞാനാ... ഞാനാ മോൻ്റെ അച്ഛൻ...!! സ്വയം തട്ടിയെറിഞ്ഞതാ ഞാനാ അവകാശത്തെ... ഈശ്വരാ... എത്ര വല്ല്യ തെറ്റാ ഞാൻ ചെയ്തെ... എൻ്റെ പൊന്ന് മോനേ..." ആദർശ് കുഞ്ഞിനെ നെഞ്ചോടുക്കി കൊണ്ട് വിതുമ്പിയപ്പോൾ അവൻ്റെ മിഴിനീർ കുഞ്ഞിൻ്റെ മേലെ പതിയുന്നുണ്ടായിരുന്നു.... അവൻ തകർന്ന മനസ്സോടെ കുഞ്ഞിനെ താഴെ ഇരുത്തിയിട്ട് മുറിയിലേക്ക് നടന്നകന്നു... ആഹ്ലാദത്തിൽ കുഞ്ഞ് ഓടി നടന്നപ്പോൾ അസ്വസ്ഥമായ ഇരു മനസ്സുകൾ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ഇരിപ്പുണ്ടായിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story