🍂തൊട്ടാവാടി🥀: ഭാഗം 27

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ആദി മോൻ ആഹ്ലാദത്തിൽ കളിച്ചു കൊണ്ടിരിക്കുകയാണ്... നിരത്തി ഇട്ടിരിക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ പരതിക്കൊണ്ട് അവൻ ഒരു കാർ കൈയ്യിൽ എടുത്തു.... പുറത്ത് നിന്ന ഇഷാനി അപ്പോഴാണ് കുഞ്ഞിൻ്റെ അരികിലേക്ക് വന്നത്... അവൾ ഒരു ചിരിയോടെ കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചു... കുഞ്ഞ് കൈയ്യിലുള്ള കാർ മുൻപോട്ട് ഉരുട്ടി വിട്ടതും അങ്ങോട്ടേക്ക് ധൃതിയിൽ നടന്ന് വന്ന പത്മിനി അറിയാതെ അതിൽ ചവിട്ടിയതും ഒരുമിച്ചായിരുന്നു... കാല് വഴുതി അവർ നടുവടിച്ച് വീണു... "അയ്യോ... അമ്മേ..." തറയിൽ നിന്നും എഴുന്നേല്ക്കാൻ ആവാതെ പത്മിനി വേദനയാൽ നിലവിളിച്ചു... "അയ്യോ എന്തേലും പറ്റിയോ അമ്മേ..?" ഇഷാനി ചാടിയെഴുന്നേറ്റു കൊണ്ട് ചോദിച്ചു...

"ഇതിൽ കൂടുതൽ എന്ത് പറ്റാനാ...??" അത് പറയുമ്പോൾ പത്മിനിയുടെ സ്വരം വേദനയിൽ മുറിയുന്നുണ്ടായിരുന്നു.. "അയ്യോ...ആദീ... റയാൻ...ധാനീ.... ഓടി വാ... അമ്മ വീണേ...." ഇഷാനി ഉറക്കെ വിളിച്ചു പറഞ്ഞു... "എടീ കൊച്ചേ... കിടന്ന് നിലവിളിക്കാതെ എന്നെ ഒന്ന് പിടിച്ച് പൊക്കെടീ..." ഇഷാനി അത് വക വെയ്ക്കാതെ വീണ്ടും ഉറക്കെ വിളിച്ചതും സംഭവം എന്തെന്നറിയാതെ റയാൻഷ് ഓടി വന്നു... "എന്ത് പറ്റി ഏട്ടത്തീ...?? അയ്യോ ഇതെന്ത് പറ്റി..? അമ്മയെന്താ നിലത്തൊക്കെ കിടക്കുന്നെ..?" കാര്യം മനസ്സിലായിട്ടും അത് പുറത്ത് പ്രകടിപ്പിക്കാതെ റയാൻഷ് അടക്കി ചിരിച്ചു കൊണ്ട് ചോദിച്ചു... "അമ്മ താഴെ വീണു റയാൻ..." "അടി തെറ്റിയാൽ ആനയും വീഴുമേ..." റയാൻഷ് ചിരിയോടെ പറഞ്ഞു...

"അയ്യോ എന്നിട്ട് എട്ടത്തി എന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ...? ഒന്ന് ചിരിക്ക് ഏട്ടത്തീ...." "ചിരിക്കാനോ...?" "അതെ ഏട്ടത്തീ... ആരേലും വീണിട്ട്‌ നമ്മൾ ചിരിച്ചില്ലെങ്കിൽ അവർ നമ്മുടെ ശത്രുവാണെന്നാ അർത്ഥം..." "ആണോ...?" "അതെ ഏട്ടത്തീ..." പത്മിനി ഈ സമയം വേദന കൊണ്ട് പുളയുവായിരുന്നു... "മോനേ.... ആദി... ആദി മോനേ..." പത്മിനി ഉറക്കെ വിളിച്ചു... അല്ല ചേട്ടനിത് എവിടെ പോയി..? ഇത്രയൊക്കെ നിലവിളി കേട്ടിട്ടും ഒന്നും അറിഞ്ഞില്ലേ..? റയാൻഷ് ചിന്തിച്ചു... "ടാ ചെറുക്കാ നിന്ന് കിണിക്കാതെ എന്നെ പിടിച്ച് എഴുന്നേല്പ്പിക്കെടാ...." പത്മിനി അരിശത്തിൽ റയാൻഷിനോട് പറഞ്ഞതും ഉള്ളിലെ സന്തോഷം പുറത്ത് പ്രകടിപ്പിക്കാതെ റയാൻഷ് പത്മിനിയെ പതിയെ എഴുന്നേല്‌പ്പിച്ച് സോഫയിലേക്ക് ഇരുത്തി.... അപ്പോഴേക്കും ആദർശ് മെല്ലെ താഴേക്ക് ഇറങ്ങി വന്നു...

പതിവായുള്ള ഗൗരവ ഭാവം മുഖത്തിനന്യമായിരുന്നു.. ഒരു തരം നിസ്സംഗത മാത്രം... ഉള്ളിൽ അലയടിക്കുന്ന അസ്വസ്ഥമായ ഭാവങ്ങളെ എപ്പോഴത്തെയും പോലെ തന്നെ പുറമെ പ്രകടിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്... "എ... എന്താ പറ്റിയെ...?" മൂവരുടെയും മുഖത്ത് നോക്കി അത് ചോദിക്കുമ്പോൾ അവൻ്റെ സ്വരം ഇടറുന്നുണ്ടായിരുന്നു.. "ഞാൻ... ഞാനൊന്ന് വീണു മോനേ..." പത്മിനി പറഞ്ഞു... "അമ്മേ... എന്നിട്ട്... എന്തേലും പറ്റിയോ..?" ആദർശ് പത്മിനിയുടെ അരികിൽ ഇരുന്നു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു..... "Fracture ഉണ്ടെന്ന് തോന്നുന്നു..." റയാൻഷ് കൂളായി പറഞ്ഞു... "ങേ... ആണോ...?" റയാൻഷിനെ നോക്കി ആദർശ് പരിഭ്രമത്തോടെ ചോദിച്ചു.. "അതെ.... കാലിന് പൊട്ടൽ ഉണ്ടെന്നാ തോന്നുന്നെ..."

"അയ്യോ...!!" ആദർശ് പത്മിനിയുടെ കാലിൽ നോക്കി... "അന്നാലും ഇതെങ്ങനെ വീണതാണാവോ...?" റയാൻഷ് ആത്മഗദം പറഞ്ഞു.. "കുഞ്ഞിൻ്റെ കളിപ്പാട്ടത്തെ ചവിട്ടിയതാ..." തറയിൽ കിടക്കുന്ന കാറ് ചൂണ്ടിക്കാട്ടി ഇഷാനി സങ്കട ഭാവത്തിൽ പറഞ്ഞു... "ശൊ ! അന്നാലും ഈ കളിപ്പാട്ടത്തിനൊക്കെ ഇത്ര പവറോ... ഹോ..!! അത്ഭുതം തന്നെ..." റയാൻഷ് കാറ് കൈയ്യിൽ എടുത്ത് സൂക്ഷ്മമായി നോക്കിക്കൊണ്ട് പറഞ്ഞു.. "മോനേ ആദിക്കുട്ടാ... ഇങ്ങ് വന്നേടാ... പലരും വീഴ്ത്താൻ നോക്കിയ മുതലാണേ... എന്നിട്ടൊന്നും വീണില്ലെന്ന് മാത്രമല്ല പലർക്കും കുഴിയും തോണ്ടിയതാണേ... ആ മുതലിനെ അല്ലേ അച്ഛൻ്റെ പൊന്ന് മോൻ കാലൊടിച്ചിട്ടെ...എന്നാലും അച്ഛൻ്റെ ചക്കര വാവ അത് ചെയ്തു തന്നല്ലോടാ... തങ്കക്കുടം...." കുഞ്ഞിനെ കരങ്ങളിൽ എടുത്തു റയാൻഷ് ചിരിയോടെ പറഞ്ഞു... "റയാൻ...stop this..!! ഇതാണോ നിനക്ക് തമാശ പറയാൻ പറ്റിയ സമയം...? ങേ..?"

ആദർശ് ചോദിച്ചു... "ഈ സമയത്തിനെന്താ കുഴപ്പം..? ഏഴ് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ് ആയിട്ടുണ്ട്... ക്ലോക്ക് ഫാസ്റ്റ് അല്ലല്ലോ അല്ലേ...?" റയാൻഷ് സമയം നോക്കിക്കൊണ്ട് ചിരിയോടെ പറഞ്ഞതും ആദർശ് അമർഷത്തോടെ എഴുന്നേറ്റു... "അമ്മ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..." ആദർശ് പത്മിനിയെ പിടിച്ചെഴുന്നേല്പ്പിച്ചു കൊണ്ട് പറഞ്ഞു... "ഇഷാനീ... നീയെന്താ നോക്കി നില്ക്കുന്നെ...? അമ്മേ പിടിക്ക്..." ആദർശ് പറഞ്ഞതും ഇഷാനി ഓടിപ്പോയി പത്മിനിയെ താങ്ങി.... അവർ ഇരുവരും പത്മിനിയെയും കൂട്ടി കാറിൽ കയറി പോകുന്നത് റയാൻഷ് നോക്കി നിന്നു... അവൻ എന്തോ ഓർത്ത് അൽപ സമയം ചിരിച്ചു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുറച്ച് മുൻപ് കേട്ട വാചകങ്ങൾ ഉള്ളത്തെ വീണ്ടും ആഴത്തിൽ വേദനിപ്പിക്കുന്നത് ധാനി അറിഞ്ഞു... "അറിയാമായിരുന്നില്ലേ... സ്വന്തം ചോരയാണെന്ന്... എന്നിട്ടും..എന്നിട്ടും.." അതും പറഞ്ഞ് ധാനി പൊട്ടിക്കരഞ്ഞു... ഹൃദയത്തിൽ വീണ്ടും ദു:ഖങ്ങളുടെ തിരമാലകൾ അലയടിക്കുന്ന പോലെ... ഉള്ളിൽ തളിർത്ത വസന്തം കരിഞ്ഞുണങ്ങി വറ്റി വരണ്ട മരുഭൂമി ആയ പോലെ... മനസ്സാകെ വ്യസനത്തിൻ്റെ തീരാക്കടൽ ആർത്തിരമ്പി ഒരിക്കൽക്കൂടി ഹൃദയത്തിൽ വിള്ളലുകൾ ഏൽപ്പിച്ചപ്പോൾ സ്വന്തം വിധിയെ സ്വയം പഴിച്ചവൾ...!! ഇത്രയൊക്കെ ബഹളം കേട്ടിട്ടും നീയൊന്നും അറിഞ്ഞില്ലേ തൊട്ടാവാടീ...? മേശ മേൽ തല വെച്ച് കിടക്കുന്ന ധാനിയെ നോക്കിക്കൊണ്ട് റയാൻഷ് ഓർത്തു... ഇതെന്ത് പറ്റി..?

വീണ്ടും ഇവൾക്ക് വിഷാദം പിടിപെട്ടോ..? "ധാനീ...ധാനീ..." അവളുടെ മുടിയിൽ തഴുകിക്കൊണ്ട് റയാൻഷ് അവളെ ശാന്തമായി വിളിച്ചു... വീർത്ത കൺപോളകൾ പ്രയാസപ്പെട്ടവൾ തുറന്നപ്പോൾ കവിൾത്തടങ്ങൾ രണ്ടിലും മിഴിനീർപ്പാടുകൾ പ്രകടമായിരുന്നു... മുഖം തിരിച്ചു കൊണ്ട് റയാൻഷിൽ നിന്നും അത് മറച്ച് വെയ്ക്കാനൊരു പാഴ്ശ്രമം നടത്തിയവൾ...!! "എന്താ പറ്റിയെ...?" അവൻ സംശയത്തോടെ ചോദിച്ചു... "ഒന്നുമില്ല...!!" ഇടുന്ന സ്വരത്തിൽ അവളത് പറയുമ്പോൾ ധാനിയുടെ ഉള്ളിലുള്ള ദുഃഖത്തിൻ്റെ കയങ്ങളെ പറയാതെ തന്നെ മനസ്സിലാക്കിയിരുന്നവൻ.... അവളുടെ മുഖമൊന്നു വാടിയാൽ അതിൻ്റെ അർത്ഥ തലങ്ങളെ അവൻ്റെ ഹൃദയം പലപ്പോഴും വായിച്ചെടുത്തിരുന്നു....

"എന്തോ നിന്നെ വീണ്ടും വേദനിപ്പിച്ചെന്ന് എനിക്ക് മനസ്സിലായി ധാനീ... എന്നെ കൊണ്ട് പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ പരിഹരിക്കാം... എന്താന്ന് വെച്ചാൽ പറ..." അവൾ വേദനയോടെ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല... "നിനക്ക് എന്നോട് എന്തും തുറന്ന് പറയാം ധാനീ... നിൻ്റെ മനസ്സിനെ ഇങ്ങനെ പിൻവലിക്കുന്നതെന്താ..?" "എന്നോട്... എന്നോടൊന്നും ദയവായി ചോദിക്കല്ലെ..." ഉറച്ച സ്വരത്തിൽ അവളത് പറയുമ്പോൾ അറിയേണ്ട എന്നവനും ഒരു വേള തോന്നി.. "ശരി ധാനി.... നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല... പിന്നീടെപ്പോഴെങ്കിലും നിൻ്റെ മനസ്സ് ശാന്തമാവുമ്പോൾ നിനക്ക് എന്നോട് പറയാം...ഒരു കാര്യം ഞാൻ നിൻ്റെടുത്ത് പറയട്ടെ.. ചിലർക്ക് മുൻപിൽ മനസ്സൊരു പുസ്തക താള് പോലെ തുറന്ന് വെച്ച് കൊടുത്താലും അവർ അക്ഷരത്തെറ്റുകൾ മാത്രം തേടിക്കൊണ്ടിരിക്കും... അത് നമ്മുടെ കുഴപ്പമല്ല... അവരുടെ കഴിവില്ലായ്മയാണ്..."

റയാൻഷ് അതും പറഞ്ഞ് പോകാൻ തിരിഞ്ഞതും ധാനി അവൻ്റെ കൈയ്യിൽ പിടിച്ചു... അവൾ അവൻ്റെ നെഞ്ചിലേക്ക് വീണു കൊണ്ട് വിതുമ്പി.. റയാൻഷ് ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... ഒന്നും ഉരിയാടാതെ അവളുടെ ശിരസ്സിൽ തഴുകി അവളെ ആശ്വസിപ്പിക്കുമ്പോൾ കാച്ചി കുറുക്കിയ വാക്കുകളേക്കാൾ മനോഹരം അവൾക്കായുള്ള അവൻ്റെ ഹൃദയമിടിപ്പുകളായിരുന്നു... "മാറിയോ നിൻ്റെ വിഷമം...?" അവൻ അല്പ സമയം കഴിഞ്ഞതും ചോദിച്ചു... അവൾ മിഴിനീർ തുടച്ചു കൊണ്ട് അതെയെന്ന് തലയനക്കി... "ഇനീം ഒന്ന് പുഞ്ചിരിക്ക്... എനിക്ക് ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട്.." അവൾ എന്താണെന്ന മട്ടിൽ നോക്കി... "അമ്മ നടുവടിച്ച് വീണു തൊട്ടാവാടീ...!!

ഹോ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ... ചേട്ടനിട്ടല്ലേ എനിക്ക് പണിയാൻ പറ്റൂ.... അമ്മയ്ക്കിട്ട് ഒന്നും കൊടുക്കാൻ പറ്റാത്തതിൻ്റെ നിരാശ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു.. ഇപ്പോൾ ഓക്കെയായി... നമ്മുടെ ആദിക്കുട്ടൻ അതും ചെയ്തു തന്നു... ഫുൾ ഹാപ്പി..." റയാൻഷ് പറഞ്ഞത് കേട്ടതും ധാനിയുടെ മുഖം മങ്ങി.... "ദേ ഇനീം ഇതും പറഞ്ഞ് മോങ്ങാൻ ഇരുന്നാൽ ഉണ്ടല്ലോ... വെറുതെ എൻ്റെ മൂഡ് കളയാതെ..." അവളുടെ കവിളിലേക്ക് കവിൾ ഉരസിക്കൊണ്ട് അവൻ കുറുമ്പോടെ പറഞ്ഞതും അവളുടെ ചൊടികളും പുഞ്ചിരിയെ പുൽകി... ഭൂമിയെ പുൽകാൻ വെമ്പൽ കൊണ്ട മഴത്തുള്ളികളെ നോക്കിക്കൊണ്ട് ഇരുവരും വിരൽ കോർത്തിരുന്നു...

ഈനടിയേറ്റ് ആ വരാന്തയിൽ തോളോട് തോൾ ചേർന്നിരുന്നവർ നക്ഷത്രക്കൂട്ടങ്ങളുടെ കണക്കെടുത്തു... "എന്തായാലും അച്ഛൻ ബിസിനസ്സ് ട്രിപ്പ് എന്നും പറഞ്ഞ് പോയത് നന്നായി... ഇപ്പോൾ ഇവിടെ നമ്മളും നമ്മുടെ മോനും മാത്രം..." ധാനിയെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കാതോരം അവൻ പറഞ്ഞതും അവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു... "ഇവിടെ നിന്നും രണ്ട് താരകക്കുഞ്ഞുങ്ങൾ മറഞ്ഞത് നീ ശ്രദ്ധിച്ചുവോ..? അവ എവിടെ പോയെന്ന് നിനക്കറിയുമോ..?" അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് റയാൻഷ് ചോദിച്ചതും ധാനി സംശയ ഭാവത്തിൽ നോക്കി... "അവയാണ് ഇപ്പോൾ നിൻ്റെ ഇരു മിഴികളിലും തിളങ്ങുന്നത്..." അവൻ ചിരിയോടെ പറഞ്ഞതും അവളുടെ മനസ്സ് നിറഞ്ഞു... "നിന്നോടുള്ള പ്രണയം എങ്ങനെ നിർവ്വചിക്കണമെന്ന് ചോദിച്ചാൽ എനിക്കതിനുത്തരമില്ല....

നിന്നിൽ തുടങ്ങി നിന്നിൽ തന്നെ അവസാനിക്കാൻ ആഗ്രഹിക്കുന്ന എൻ്റെ ഹൃദയമിടിപ്പുകളെയും നിന്നിലലിയാൻ മാത്രം കൊതിക്കുന്ന എൻ്റെ ശ്വാസനിശ്വാങ്ങളെയും നിന്നെ പുൽകാൻ മാത്രം വെമ്പൽ കൊള്ളുന്ന എൻ്റെ അധരങ്ങളെയും മാത്രമേ എനിക്കറിയൂ... നിന്നോടുള്ള പ്രണയമാകുന്ന ചങ്ങലയിൽ നീയെന്നെ ബന്ധിച്ച നാൾ മുതൽ ഞാൻ നിൻ്റെയാണ് ധാനീ.... നിൻ്റെ മാത്രം...!!" അവൻ്റെ വാക്കുകൾ കേൾക്കെ അല്പം മുൻപ് താൻ പഴിച്ച സ്വന്തം വിധിയെ ഒരു വേള അവൾ ഓർത്തെടുത്തു... ജഗദീശ്വരനോട് നന്ദി പറഞ്ഞു റയാൻഷിൻ്റെ രൂപത്തിൽ നിറം മങ്ങിയ തൻ്റെ ജീവിതത്തിൽ വർണ്ണങ്ങൾ വാരി വിതറിയതിന്... നഷ്ടപ്പെട്ടതോർത്ത് വിലപിച്ചു കൊണ്ട് കൈയ്യിൽ തന്ന സൗഭാഗ്യത്തെ സ്വീകരിക്കാൻ വൈകിയതോർത്തവൾ ഒരു മാത്ര ക്ഷമയാചിച്ചു.... റയാൻഷിനെ ഒരിക്കലും തന്നിൽ നിന്നും വേർപ്പെടുത്തരുതേ എന്നു മാത്രമവൾ ആഗ്രഹിച്ചു...

അവന് സദാ സന്തോഷം നൽകണമേ എന്ന് മാത്രമവൾ പ്രാർത്ഥിച്ചു... "ധാനീ..." "ഉം..." "I love you...." ചെറുതായി പുഞ്ചിരിച്ചു കൊണ്ടവൾ അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... "നിൻ്റെ മടിയിൽ തലചേർത്ത് വെച്ച് വേണം എനിക്കെന്നും നിദ്രയെ പുൽകാൻ... നിൻ്റെ രൂപം മാത്രമായിരിക്കണം എൻ്റെ സ്വപ്നങ്ങളിലുടനീളം.... നിൻ്റെ മുഖം കണ്ട് വേണം എനിക്കെന്നും പ്രഭാതത്തിൽ മിഴികൾ തുറക്കാൻ.... നിൻ്റെ പ്രണയവും വാത്സല്യവും ഒരേ പോലെ വേണമെനിക്ക്...." പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൻ്റെ അധരങ്ങൾ പതിയെ അതിൻ്റെ ഇണയെ നുകർന്നു.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ശൊ എത്ര നേരമായി ഇവിടെ ഇങ്ങനെ വന്ന് നിൽക്കാൻ തുടങ്ങിയിട്ട്... എനിക്ക് കാല് കഴയ്ക്കുന്നു ആദീ...."

ഇഷാനി മുഷിച്ചിലോടെ പറഞ്ഞു... "അങ്ങോട്ടേക്ക് ഇരിക്ക് ഇഷാനീ..." മുൻപിലുള്ള കസേര ചൂണ്ടിക്കാട്ടി ആദർശ് പറഞ്ഞു.... "ഞാനുദ്ദേശിച്ചത് അതല്ല.... എനിക്ക് വയ്യ ഈ ഹോസ്പിറ്റലിൽ ഇങ്ങനെ നിൽക്കാൻ... എനിക്ക് വീട്ടിൽ പോണം ആദീ... ഈ atmosphere എനിക്ക് തീരെ പറ്റുന്നില്ല... " "ഇഷാനീ please try to understand the situation...!! എനിക്കും അത്ര ഇഷ്ടമുണ്ടായിട്ടല്ല... പക്ഷേ അമ്മയെ admit ചെയ്യേണ്ടി വന്നില്ലേ... ആരേലും ഇല്ലാതെ പറ്റില്ലല്ലോ..." "അന്നാലും രാത്രി മുഴുവനും ഇവിടെ ഇരിക്കാനെന്ന് വെച്ചാൽ..." "ഇഷാനീ നീ മാത്രമല്ലല്ലോ ഞാനും ഇല്ലേ..." "ആഹ്... ശരി..." ഇഷാനി മുഷിച്ചിലോടെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀

രാവിലെ ആദി മോൻ്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് ധാനി ഉണരുന്നത്... മുടി വാരിക്കെട്ടിയവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും തൻ്റെ ഉദരത്തിനു മേൽ മുഖം ചേർത്തുറങ്ങുന്ന റയാൻഷിനെ കണ്ടു... "എഴുന്നേൽക്കണ്ട..." അവൻ ഉറക്ക ചുവയോടെ പറഞ്ഞു... "കുഞ്ഞ് കരയുന്നു...." "അച്ഛൻ്റ മോനെ കരയാതെടാ... കുറച്ച് നേരം കൂടി അച്ഛൻ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നോട്ടെടാ..." മിഴകൾ തുറക്കാതെ തന്നെ അവൻ കുഞ്ഞിനോട് കൊഞ്ചലോടെ പറഞ്ഞതും ധാനിക്ക് ചിരി വന്നു.... "അതെ... മതി... മതി... ഈശ്വരാ സമയം എട്ട് മണി... മാറിക്കേ ഞാൻ എഴുന്നേൽക്കട്ടെന്നേ..." ധാനി ധൃതിയിൽ എഴുന്നേറ്റ് കുഞ്ഞിനെ കരങ്ങളിൽ എടുത്തു... കുളിച്ചിറങ്ങിയവൾ അടുക്കളയിൽ കയറി...

റയാൻഷ് പത്രവും നോക്കി വരാന്തയിൽ ഇരുന്നതും ആദർശും ഇഷാനിയും വരുന്നത് കണ്ടു... തലേന്ന് ഹോസ്പിറ്റലിൽ ആയിരുന്നതിനാൽ ഇരുവരുടെയും മുഖത്ത് ഉറക്ക ക്ഷീണം പ്രകടമാണ്... "ദേ നോക്ക് ആദീ...!! ഇനീം മേലാ എന്നെ വിളിച്ചേക്കരുത് ഹോസ്പിറ്റലിൽ നിൽക്കാൻ... ഞാൻ daily ഇടുന്ന പപ്പായ ഫേഷ്യൽ എനിക്ക് ഇന്നലെ ഇടാൻ പറ്റിയില്ല തനിക്കറിയുമോ അത്...? പിന്നെ എൻ്റെ night cream... ഇന്നലെ അത് apply ചെയ്യാൻ പറ്റിയില്ല..." കാറിൽ നിന്നിറങ്ങിയതും ഇഷാനി പരിഭവം പറഞ്ഞു... "ഇഷാനി ഇതാണോ ഇത്ര വല്ല്യ കാര്യം..?" ആദർശ് മുഷിച്ചിലോടെ ചോദിച്ചു... "അതെ വല്ല്യ കാര്യമാ... തൻ്റെ അമ്മയ്ക്ക് നോക്കി നടന്നൂടെ..." "ഇഷാനി എന്താ ഇത്...? നീയെന്താ കൊച്ച് കുട്ടികളെ പോലെ..." ആദർശ് അവളെ ഒരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു.. ഇരുവരുടെയും തർക്കം കണ്ടതും റയാൻഷിനു ചിരി വന്നു.. പാവം ഏട്ടൻ... എങ്ങനെ നടന്നതാ...

അതും ഓർത്തവൻ പത്രം ഒന്നും കൂടെ നിവർത്തി പിടിച്ചു... "തൻ്റെ ഒരു കാര്യം... ഒരു നല്ല ഡ്രസ്സ് പോലും ഇടാതെയാ എന്നേം കൊണ്ട് ഇന്നലെ പോയത്...? ഇത്രേം നേരമായി... കുറച്ചും കൂടി നേരത്തെ ഇറങ്ങാൻ തന്നോട് ഞാൻ പറഞ്ഞതല്ലേ..." ഇഷാനി ദേഷ്യത്തിൽ പറഞ്ഞു... "ഇഷാനീ... എന്താ ഇത്..?!" അടക്കി ചിരിച്ചു കൊണ്ടിരുന്ന റയാൻഷിനെ കണ്ടതും ആദർശ് സംഭാഷണം നിർത്തി... അവൻ ഒന്നും മിണ്ടാതെ ധൃതിയിൽ മുറിയിലേക്ക് നടന്നു... "ഓ എന്തൊരു കഷ്ടമാ ഇത്..." പിറു പിറുത്ത് കൊണ്ട് ഇഷാനിയും അകത്തേക്ക് കയറി... 🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇഷാനീ... നീ പോയി ഒരു ഗ്ലാസ്സ് കാപ്പി ഇട്ടിട്ട് വാ..." കുളിച്ചിറങ്ങി വന്ന ആദർശ് പറഞ്ഞു... "എനിക്ക് വയ്യ... ഞാൻ ആകെ tired ആണ്..."

"അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും..വല്ലോം കഴിച്ചിട്ട് വേഗം വാ... അമ്മയുടെ അടുത്ത് ആരും ഇല്ലല്ലോ..." "എൻ്റെ ആദി തന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് വയ്യ ഹോസ്പിറ്റലിൽ വരാൻ... ഒരു കാര്യം ചെയ്യ്... ഇന്നലെ നമ്മൾ അല്ലേ നിന്നത്... ഇന്ന് റയാനും ധാനിയും പോട്ടെ..." "അത്... അത് റയാൻ... അവനോട് ഞാനെങ്ങനെ പറയും..?" "വാ കൊണ്ട് പറയണം... പിന്നെ കാപ്പി... അടുക്കളയിൽ ധാനി ഉണ്ട്... ധാനിയോട് ചോദിച്ചാൽ മതി..." "ഇഷാനീ... പ്ലീസ്... ഒരു ഗ്ലാസ്സ് കാപ്പി ഇട്ടിട്ട് വാ..." "എൻ്റെ ആദീ... താൻ ധാനിയോട് ഒരു ഗ്ലാസ്സ് കാപ്പി ചോദിച്ചതെന്ന് കരുതി അവൾ തന്നെ തല്ലി കൊല്ലത്തൊന്നും ഇല്ല...." "അന്നാ നീ പോയി ചോദിക്ക്..." "തനിക്കാണോ എനിക്കാണോ കാപ്പി വേണ്ടത്...? ഞാൻ ചെന്നപ്പോൾ അവൾ കാപ്പി ഇടുന്നുണ്ടായിരുന്നു... തനിക്ക് അങ്ങോട്ടൊന്ന് ചെന്നാൽ പോരേ..?" ഇഷാനി അതും പറഞ്ഞ് ബെഡിലേക്ക് ഇരുന്നു... ആദർശ് പതിയെ അടുക്കളയിലേക്ക് നടന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story