🍂തൊട്ടാവാടി🥀: ഭാഗം 3

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

കൈയ്യിൽ നിലവിളക്കുമായി വലതുകാൽ വെച്ച് വീട്ടിലേക്ക് കയറുമ്പോൾ ധാനിയുടെ മനസ്സാകെ ശൂന്യമായിരുന്നു... അവൾക്കൊഴികെ മറ്റുള്ളവർക്കെല്ലാം ഈ ചടങ്ങുകൾ ഒക്കെ വെറും കാട്ടിക്കൂട്ടലുകൾ മാത്രമായിരുന്നു... ആരൊക്കെയോ എഴുതിക്കൂട്ടിയ ജീവിതമെന്ന നാടകത്തിൽ ധാനി സ്വയമറിയാതെ ജീവിച്ചു കൊണ്ടിരുന്നു.. ഇതൊക്കെ വെറും പ്രഹസനങ്ങൾ ആണെന്നറിയാതെ... നേരം പോകും തോറും കല്ല്യാണ പെണ്ണിനെ കാണാൻ പലരും വന്നു പോയി... ഒരു പ്രദർശന വസ്തു പോലെ ധാനി ആദ്യമായി അവിടുത്ത പതു പതുത്ത സോഫയിൽ ഇരുന്നു... ചിലർ അവളെ കണ്ട് മുക്കത്ത് വിരൽ വെച്ചു... എന്തോ മഹാ ഭാഗ്യം അവൾക്ക് വന്നപോലെ അവർ ആശ്ചര്യത്തോടെ നോക്കി.. മറ്റു ചിലർ ഇതേ കിട്ടിയുള്ളോ എന്ന മട്ടിൽ അവളെ കണ്ട് മുഖം ചുളിച്ചു... തന്നെ കണ്ടിട്ട് പോയതിന് ശേഷമുള്ള മറ്റുള്ളവരുടെ മറഞ്ഞ് നിന്നുള്ള കുശുകുശുക്ക് ഒന്നും ധാനി അറിഞ്ഞില്ല... ഇനിയെന്തെന്നറിയാതെ അവൾ ചുറ്റിനും പരിചിതമായ മുഖങ്ങളെ തേടി... നിവികയും അവളുടെ കുറച്ച് കൂട്ടുകാരികളും അകത്തേക്ക് കയറി വന്നപ്പോൾ ധാനി നിർവികാരതയോടെ മറ്റെങ്ങോ മിഴികൾ പായിച്ചിരിക്കുകയായിരുന്നു... ധാനിയെ കണ്ടതും അവളുടെ കൂട്ടുകാരികൾ കളിയാക്കി ചിരിച്ചു... ധാനി അവരെ കണ്ടതും സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു... "നിനക്കെന്താ ഇന്ന് പണി ഒന്നും ഇല്ലേ.. ആ ജാനി ഒറ്റയ്ക്ക് അടുക്കളയിൽ കഷ്ടപ്പെടുവാണല്ലോ.. എന്നിട്ട് നീ ഇവിടെ സ്വപ്നോം കണ്ടോണ്ട് ഇരിക്കുവാണോ..." നിവിക ഉറക്കെ ചോദിച്ചതും ധാനി പെട്ടെന്ന് ഇരുന്നിടത്തും നിന്നും എഴുന്നേറ്റു...

"ചെന്ന് ഞങ്ങൾക്കെല്ലാം കുടിക്കാൻ ജ്യൂസ് എടുത്തോണ്ട് വാ..." അത് കേട്ടതും വിവാഹ വസ്ത്രം പോലും മാറാതെ ധാനി അടുക്കളയിലേക്ക് നടന്നു.. "അയ്യോ മോളെന്താ ഈ ചെയ്യുന്നേ... അവിടേക്ക് ചെല്ല് കുട്ടീ..." അടുക്കളയിൽ വന്ന് ജ്യൂസ് ഉണ്ടാക്കുന്ന ധാനിയെ കണ്ടതും ജാനി ചേച്ചി പറഞ്ഞു.. "അത് സാരമില്ല ചേച്ചി.. ഞാൻ ചെയ്തോളാം.." അതും പറഞ്ഞ് ധാനി ജ്യൂസുമായി പുറത്തേക്ക് പോയി... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എടാ ആദർശേ നീ കണ്ണ് കെട്ടിക്കോണ്ട് ആണോ അവളെ താലി കെട്ടിയത്..? നിന്നെ ഓർത്ത് വല്ലാത്ത സഹതാപം തോന്നുന്നെടാ..." കൂട്ടുകാരുടെ പരിഹാസങ്ങൾക്കിടയിൽ ആദർശ് അപമാനിതനായി നിന്നു... ധാനിയോടുള്ള വിദ്വേഷം അവൻ്റെ മനസ്സിൽ ഇരട്ടിയായി വർദ്ധിച്ചു... "ശെ! അന്നാലും ആ കൃതിക നിനക്ക് തന്നത് വല്ലാത്ത ഒരു പണി ആയി പോയെടാ... അതു കൊണ്ടല്ലേ ഈ വേലക്കാരി നിൻ്റെ തലയിൽ ആയത്... ഏതേലും രീതിയിൽ നിൻ്റെ ഭാര്യ ആവാൻ അവൾക്ക് യോഗ്യത ഉണ്ടോടാ... പാടത്ത് വെയ്ക്കുന്ന കോലം പോലെ ഉണ്ട്... ആഹ് പിന്നെ ഒരു ഉപകാരം ഉണ്ട്... അവളേം കൊണ്ട് പുറത്ത് പോയാൽ നിനക്ക് കണ്ണ് തട്ടില്ല..." അതും പറഞ്ഞ് അവർ ആർത്ത് ചിരിച്ചതും ആദർശ് ക്ഷുഭിതനായി... "Stop it!! " ദേഷ്യത്തിൽ അതും പറഞ്ഞ് അവൻ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "എന്താടീ ഒരു ജ്യൂസ് ചോദിച്ചിട്ട് കൊണ്ട് വരാൻ നിനക്കിത്ര താമസം..? ഒറ്റ ദിവസം കൊണ്ട് ഇവിടുത്തെ കെട്ടിലമ്മ ആയെന്ന് കരുതിയോ നീ..." നിവിക കാലിൻമേൽ കാൽ വെച്ച് ചോദിച്ചു... ധാനി ഒന്നും മിണ്ടാതെ അവരെ എല്ലാം നോക്കി നിന്നു... നിവിക കണ്ണ് കൊണ്ട് കാണിച്ചതും അവളുടെ ഒരു കൂട്ടുകാരി ജ്യൂസ് എടുക്കാൻ മുന്നോട്ട് ആഞ്ഞു... മനപൂർവ്വം തന്നെ അവൾ ജ്യൂസ് ധാനിയുടെ മേലേക്ക് തട്ടി... "അയ്യോ... ജ്യൂസ് നിൻ്റെ മേലെ വീണല്ലോ... ഇനിയെന്ത് ചെയ്യും...

ഡ്രസ്സിൽ എല്ലാം ആയല്ലോ.." "അത് സാരമില്ല... അറിയാതെ അല്ലേ.." ധാനി സൗമ്യമായി പറഞ്ഞു... "അറിഞ്ഞോണ്ട് ആണെങ്കിൽ നീയെന്ത് ചെയ്യും..? ങേ..?" നിവിക ചോദിച്ചതും ധാനി ഒന്നും മിണ്ടാതെ ശിരസ്സ് കുനിച്ച് നിന്നു.. "നീ ഒരു കാര്യം ചെയ്യ് പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വാ.....അല്ല നീ എവിടെ പോയി മാറ്റും..? "നിവിക ചോദിച്ചു.. "ആ ചോദ്യത്തിൻ്റെ ആവശ്യം എന്താ നിവി.. നിൻ്റെ ചേട്ടൻ്റെ റൂമിൽ തന്നെ.." അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു.. "അത് ശരിയാണല്ലോ... ആഹ് ധാനി നീ വാ.. ഞാൻ നിന്നെ ആദർശേട്ടൻ്റെ റൂമിലേക്ക് കൊണ്ട് വിടാം.." നിവിക പറഞ്ഞു.. അത് കേട്ടതും ധാനിക്ക് വല്ലാത്ത വെപ്രാളം തോന്നി... കൈകാലുകൾ വിറയ്ക്കുന്നതായി അവൾ അറിഞ്ഞു.. "നീയിങ്ങ് വാ ധാനി.." അതും പറഞ്ഞ് നിവിക ധാനിയെ നിർബന്ധിച്ച് ആദർശിൻ്റെ മുറിയിലേക്ക് കൊണ്ട് പോയി... വാതിലിൽ തുടർച്ചയായി കൊട്ടിയതിന് ശേഷം നിവിക ധാനിയെ ഒറ്റയ്ക്കാക്കി അവിടെ നിന്നും മുങ്ങി... നടന്നു നീങ്ങിയെ നിവികയേയും നോക്കി ധാനി നിന്നതും ആരാ അതന്ന് ചോദിച്ചു ദേഷ്യത്തിൽ ആദർശ് വാതിൽ തുറന്നു... മുൻപിൽ നിൽക്കുന്ന ധാനിയെ കണ്ടതും ആദർശ് അമർഷത്തോടെ നോക്കി... "എന്താ..?" അവൻ ദേഷ്യത്തിൽ ചോദിച്ചു.. "അ..അത്... ഡ്രസ്സ് മാറാൻ... സാരിയിൽ ജ്യൂസ് വീണു..." "അതിന്..? നീ ഇവിടെ വന്നാണോ എന്നും ഡ്രസ്സ് മാറുന്നത്.." അതു കേട്ടതും അല്ലെന്നുള്ള മട്ടിൽ ധാനി തലയനക്കി.. "പിന്നെ..? പിന്നെന്തിനാടീ നീ ഇങ്ങോട്ട് കെട്ടിയെടുത്തത്... ഹേ..? പോ ഇവിടുന്ന്.. ഞാൻ ആകെ സമനില തെറ്റി ഇരിക്കുവാ..." ആദർശ് ആക്രോശിച്ചതും ധാനി വന്നതിനേക്കാൾ വേഗത്തിൽ തിരികെ നടന്നു... "ശെ! ഞാനൊരു അടി പ്രതീക്ഷിച്ചു..."

മറഞ്ഞ് നിന്ന് എല്ലാം കണ്ട നിവിക കൂട്ടുകാരികളോട് പറഞ്ഞു.. "സാരമില്ലെടീ.. ഇനീം സമയമുണ്ടല്ലോ..." 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാത്രി ആയതും റയാൻഷ് സങ്കടത്തോടെ കൺചിമ്മുന്ന താരകക്കൂട്ടങ്ങളെ നോക്കി ടെറസ്സിൽ കിടന്നു... ധാനി.... നീയെൻ്റെ പ്രാണനാടീ... എങ്ങനെ തോന്നി നിനക്ക് സമ്മതിക്കാൻ.... അവൻ വേദനയോടെ ഓർത്തു.. "ഹൃദയത്തിൻ അറകളിൽ നിനക്കായ് ഒഴിഞ്ഞ് വെച്ചിടങ്ങളൊക്കെയും ശൂന്യതയിലേക്കുള്ള പാതകളായിരുന്നുവെന്ന് തിരിച്ചറിയാൻ വൈകിയതായിരുന്നു എന്നിലെ ഏറ്റവും വല്ല്യ പിഴവുകൾ...!!" അവൻ സ്വയം പറഞ്ഞു.. ധാനിയുടെ നോട്ടവും ചിരിയും ഒക്കെ റയാൻഷിൻ്റെ മനസ്സാകെ നിറഞ്ഞു.... ശെ! എന്താ ഇത്.. സ്വന്തം ചേട്ടൻ്റെ ഭാര്യയെ പറ്റിയാണല്ലോ താനിങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കുന്നതെന്ന് ഓർത്തപ്പോൾ അവന് സ്വയം ലജ്ജ തോന്നി.... ഇന്നലെ വരെ തൻ്റേതെന്ന് കരുതി ഹൃദയത്തോട് ചേർത്ത് നിർത്തിയവൾ ഇന്ന് മുതൽ മറ്റൊരാൾക്ക് സ്വന്തം... ഹൃദയം പകുത്തു നല്കിയവൾ മറ്റൊരാളുടെ പാതിയായിരിക്കുന്നു എന്നവന് ഉൾക്കൊള്ളാൻ ആയില്ല... കഴിയുന്നില്ല എനിക്ക് നിന്നെ എൻ്റെ ഏട്ടത്തി ആയി കാണാൻ... ഇന്നലെ വരെ പറഞ്ഞ പ്രണയം നിറഞ്ഞ വാചകങ്ങൾ...മനസ്സറിഞ്ഞ് തന്ന പ്രണയോപഹാരങ്ങൾ... നിന്നെ ഓർത്ത് നിദ്രയെ പുൽകാഞ്ഞ രാവുകൾ... നിനക്കായ് മാത്രം താണുയർന്ന ഹൃദയമിടിപ്പുകൾ.... എല്ലാം എങ്ങനെയാ ഞാൻ മറക്കുന്നത് എൻ്റെ തൊട്ടാവാടീ... എന്താ ചെയ്യുക ഞാൻ... ഈശ്വരാ എനിക്ക് ഒരു വഴി കാട്ടി തരണേ.... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിന് മുൻപിൽ ഇരുന്നു... മാറി ഉടുക്കാൻ ആരും പുതിയ വസ്ത്രങ്ങൾ ഒന്നും നൽകാഞ്ഞത് കൊണ്ട് ധാനി പഴയ കരി പിടിച്ച ദാവണി തന്നെ ഉടുത്തു വന്നു... ആ കാഴ്ച തൻ്റെ ഹൃദയം പലതായി പിളർക്കുന്ന പോലെ റയാൻഷിന് തോന്നി...

ആർക്കും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ല... ആഗ്രഹിച്ച വിവാഹം നടക്കാതിരുന്നതിനാൽ എല്ലാവർക്കും പതിവ് പോലൊരു ദിനം മാത്രം... ധാനി എല്ലാവർക്കും ഭക്ഷണം വിളമ്പി... "മോളും കൂടി ഇരിക്ക്.." രവീന്ദ്രൻ പറഞ്ഞു.. "അതിൻ്റെ ആവശ്യം എന്താ... എന്നും ഇവൾ നമ്മുടെ കൂടെ ആണോ കഴിക്കുന്നെ..?" പത്മിനി ചോദിച്ചു... ധാനി പ്രതീക്ഷയോടെ ആദർശിൻ്റെ മുഖത്തേക്ക് നോക്കി... ആദർശ് ഈ സംഭാഷണങ്ങളൊന്നും ശ്രദ്ധിക്കാതെ അവൻ്റേതായ ലോകത്തിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... പിന്നീടാരും ഒന്നും മിണ്ടിയില്ല... ധാനി ആദർശിൻ്റെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി നിന്നു... എന്നാൽ ആദർശ് ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കാഞ്ഞത് പ്രണയം നിറഞ്ഞ ആ മിഴികളിൽ വേദനയുളവാക്കി... ദയനീയമായി ആദർശിൽ നിന്നും പിൻവലിച്ച അവളുടെ നോട്ടം ചെന്നവസാനിച്ചത് തന്നിൽ തന്നെ മിഴികൾ നട്ടിരിക്കുന്ന റയാൻഷിൽ ആയിരുന്നു... തൻ്റെ ഉള്ളിലെ വേദന റയാൻഷിൻ്റെ മിഴികളിൽ പ്രതിഫലിക്കുന്നത് പോലെ ധാനിക്ക് തോന്നി... അവളെ തനിക്ക് നഷ്ടമായ വേദന ആയിരുന്നില്ല റയാൻഷിൽ... മറിച്ച് ആദർശ് അവളെ അവഗണിക്കുന്നതായിരുന്നു അവനെ കൂടുതൽ തളർത്തിയത്... "എന്താടീ നീ നോക്കി നിൽക്കുന്നത്... വെള്ളം എടുത്തോണ്ട് വാ..." നിവിക പറഞ്ഞതും ധാനി പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു... റയാൻഷ് കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പകുത്തിക്ക് മതിയാക്കി ദേഷ്യത്തിൽ എഴുന്നേറ്റ് പോയി... "ഇവനിത് എന്ത് പറ്റി..?" പത്മിനി ആരോടെന്നില്ലാതെ പറഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 എല്ലാവരും മുറിയിലേക്ക് കിടക്കാനായി പോയതും എങ്ങോട്ട് പോകണമെന്നറിയാതെ ധാനി ശങ്കിച്ച് നിന്നു.. ആരും വന്ന് വിളിക്കാഞ്ഞത് കൊണ്ട് അവൾ അടുക്കളയിലേക്ക് തന്നെ നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "

ആ വേലക്കാരിയെ എല്ലാവരും കൂടെ എൻ്റെ തലയിൽ കെട്ടി വെച്ചപ്പോൾ സമാധാനമായല്ലോ... എനിക്കെന്തൊക്കെ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു... എല്ലാം നശിപ്പിച്ചു..." ആദർശ് രോഷത്തോടെ പത്മിനിയോടും നിവികയോടും പറഞ്ഞു... "എൻ്റെ മോനേ നീയൊന്ന് അടങ്ങ്... നീ നാളെ തന്നെ ഡിവോഴ്സിനുള്ള കാര്യങ്ങൾ എന്തൊക്കെയാന്ന് വെച്ചാൽ ചെയ്യ്.. രഹസ്യമായിരിക്കണമെന്ന് മാത്രം..നമ്മൾ മൂന്ന് പേരുമേ അറിയാവൂ. നിൻ്റെ ആഗ്രഹം പോലൊരു പെണ്ണിനെ ഞാൻ കണ്ടെത്താം..." പത്മിനി ആദർശിനെ സമാധാനിപ്പിച്ചു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ചേട്ടൻ നല്ല ചൂടിൽ ആണ്... ഇത് തന്നെ അവൾക്കിട്ട് പണി കൊടുക്കാൻ പറ്റിയ സമയം... അതും ഓർത്ത് നിവിക നാല് പാടും ധാനിയെ അന്വേഷിച്ചു.. ഒടുവിൽ അടുക്കളയിൽ ഒരു മൂലയ്ക്ക് കാൽമുട്ടിൽ മുഖം ചേർത്തിരിക്കുന്ന ധാനിയുടെ അടുത്തേക്കവൾ നടന്നു.. "ധാനീ.. നീയെന്താ ഇവിടെ വന്ന് ഇരിക്കുന്നെ... ആദർശേട്ടൻ നിന്നെ അവിടെ കാത്തിരിക്കുവാ... ഒരു ഗ്ലാസ്സ് പാലുമായി അങ്ങോട്ട് ചെല്ലാനുള്ളതിന് നീ ഇവിടെ വന്നിങ്ങനെ ഇരിക്കുവാണോ..?" "എന്നെ കാത്തോ..?" ധാനി സന്തോഷത്തോടെ ചോദിച്ചു.. "പിന്നല്ലാതെ വേറെ ആരേ കാത്തിരിക്കാനാ ചേട്ടൻ.... ഇന്ന് നിങ്ങളുടെ ആദ്യരാത്രി അല്ലേ..?" "പക്ഷേ നേരത്തെ ചെന്നപ്പോൾ എന്നോട്ട് ദേഷ്യപ്പെട്ടല്ലോ..." "അത് അപ്പോഴല്ലേ... ഇപ്പോൾ നീ ചെല്ല്... ചേട്ടനാ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്.." അതു കേട്ടതും പാലുമായി മുകളിലേക്ക് നടന്ന് പോകുന്ന ധാനിയെ നോക്കി നിവിക ചിരിയടക്കി നിന്നു.. ഇന്നവിടെ എന്തെങ്കിലുമൊക്കെ നടക്കും... അവൾ ചിരിയോടെ ഓർത്തു....................................................തുടരും…………

തൊട്ടാവാടി : ഭാഗം 2 

Share this story