🍂തൊട്ടാവാടി🥀: ഭാഗം 31

thottavadi

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഈ തെണ്ടി ഇവിടെ ഇല്ലെന്നല്ലേ മറ്റേവൻ പറഞ്ഞത്...?! അനൂപ് ഞെട്ടലോടെ ഓർത്തു.... "ആഹാ......!! ആരൊക്കെയാ ഈ വന്നേക്കുന്നെ..? അളിയൻ വനവാസത്തിൽ വല്ലോം ആയിരുന്നോ..? അല്ല കുറേ നാൾ ആയേ ഈ വഴിക്കൊക്കെ കണ്ടിട്ട്...." റയാൻഷ് അനൂപിനരികിലേക്ക് നടന്നു കൊണ്ട് ചിരിയോടെ പറഞ്ഞു... ഹും... വന്നിട്ടുണ്ട്... ഇനീം എന്തോണാവോ ഇന്നത്തെ പെർഫോമൻസ്...?!! മുഖം തിരിച്ചു കൊണ്ട് നിവിക പുച്ഛത്തിൽ ഓർത്തു.. ധാനി ആരേയും ശ്രദ്ധിക്കാതെ മുറിയിലേക്ക് നടന്നു... "ആഹ് അളിയോ... എന്തേലും ഒന്ന് മിണ്ടന്നേ..." അനൂപിൻ്റെ തോളിൽ ഒന്നമർത്തി തട്ടിക്കൊണ്ട് റയാൻഷ് പറഞ്ഞു... "അളിയൻ എൻ്റെ കൈയ്യീന്ന് സത്കാരം മേടിക്കാൻ ധൃതിയിൽ വന്നതാണല്ലേ...

ഒട്ടും കുറയ്ക്കാതെ തന്നെ തരാമേ..." റയാൻഷ് ചിരിയോടെ പറഞ്ഞതും അനൂപ് അവനെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് ചൊടികളിൽ ഒരു പുഞ്ചിരി വരുത്തി... ആദർശ് ഒന്നിനും ചെവി കൊടുക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... "അല്ല ഈ ഫുഡൊക്കെ ആരാ നിവിയാണോ ഉണ്ടാക്കിയെ..?" റയാൻഷ് ടേബിളിൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... "ആര് നിവിയോ..? ഇങ്ങനെ തമാശ പറയല്ലേ റയാൻ... എനിക്ക് വല്ല heart അറ്റാക്കും വരും... ഇതാ ഡാലിയാ ഹോട്ടലിൽ നിന്ന് ആദി ഓർഡർ ചെയ്തതാ..." ഇഷാനി ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു... "ഓഹ് ശരിയാ ഏട്ടത്തീ... ഇവൾക്ക് പണ്ടേ അടുക്കളയും അടുക്കളക്കാരേയും ഒക്കെ അലർജി ആണ്...

പക്ഷേ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ വെട്ടി വിഴുങ്ങുമ്പോൾ ഒരലർജിയും ഇല്ലെന്ന് മാത്രം...." റയാൻഷ് ചിരിയോടെ പറഞ്ഞതും ഇഷാനിക്കും അതിഷ്ടപ്പെട്ടു.. ഇഷാനി ഒരു പൊട്ടിച്ചിരിയോടെ നിവികയെ നോക്കി..നിവിക മനസ്സിൽ റയാൻഷിനെ പ്രാകിക്കൊണ്ടിരുന്നു... "പിന്നെ അളിയോ... ഭക്ഷണം കഴിക്കുന്ന നേരത്ത് കൈയ്യെങ്കിലും വായിലോട്ട് ഒന്ന് കൊണ്ട് പോണേ... കാരണം അളിയൻ്റെ കണ്ണോ ഭക്ഷണത്തിൽ അല്ല... മറ്റു പലിടത്തും ആണ്...സൂക്ഷിച്ചു കഴിച്ചാൽ ദു:ഖിക്കണ്ട എന്നാണേ... പിന്നെ വല്ല എല്ലോ മറ്റോ അളിയൻ്റെ തൊണ്ടയിൽ കുടുങ്ങിയെന്നും അളിയൻ്റെ ദേഹത്തെ എല്ലും രണ്ടായും നാലായും അങ്ങ് ഒടിഞ്ഞെന്നും ഒക്കെ വരാം...

വെറുതെ എന്തിനാ കണ്ട ഡോക്ടർമാർക്ക് ഒക്കെ ഡോക്ടറായ എന്നെക്കൊണ്ട് തന്നെ പണി ഉണ്ടാക്കിക്കുന്നെ...?" റയാൻഷ് അർത്ഥം വെച്ച് പറഞ്ഞു... ഓഹ്... ഈ അളിയനോട് റയാന് എന്ത് സ്നേഹമാണ്... അളിയനും അളിയനും കട്ട ചങ്ക്സ് ആണെന്നാ തോന്നുന്നത്.. ഇഷാനി ഓർത്തു... അനൂപ് ഇരുന്ന് വിയർക്കുകയായിരുന്നു.. "ആഹ് പിന്നെ ചേട്ടാ... ഫുഡിൽ തന്നെ concentrate ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല... പക്ഷേ ഇത്രയ്ക്കങ്ങ് ആത്മാർത്ഥത ഭക്ഷണത്തോട് വേണോ..? നമ്മുടെ അളിയനെ പോലെ മൊത്തം concentration ഉം ഫുഡിൽ നിന്ന് കളയാതെ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും... പിന്നെ ഇടയ്ക്കെങ്കിലും ആ തിരുമോന്ത പ്ലേറ്റിൽ നിന്നൊന്നു ഉയർത്തണേ പ്ലീസ്... മറ്റു പല കാഴ്ചകളും കാണാം..."

ആദർശിൻ്റെ അരികിൽ ചെന്ന് റയാൻഷ് സ്വകാര്യം പോലെ പറഞ്ഞു... "ആഹ്... പിന്നെ ഏട്ടത്തീ... ഏട്ടത്തി കുറച്ച് ദിവസത്തേക്ക് ഒന്ന് ചേട്ടൻ്റെ പാൻ്റ് ഒക്കെ ഇട്ട് നടന്നോ കേട്ടോ..." "ങേ...? അതെന്താ റയാൻ.. ഈ skirt എനിക്ക് ചേരുന്നില്ലേ..? ഞാൻ കഴിഞ്ഞാഴ്ച ഓൺലൈനിൽ നിന്ന് വാങ്ങിയതാ... കണ്ടോ ഈ ലൈറ്റ് പിങ്ക് shade എൻ്റെ favourite ആ... ഒത്തിരി കഷ്ടപ്പെട്ട് select ചെയ്തതാ..." ഇഷാനി പാവാട കാട്ടിക്കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... "ഏട്ടത്തി ലൈറ്റോ ഡാർക്കോ എന്താന്ന് വെച്ചാൽ ഇട്ടോ... പക്ഷേ കുറച്ച് ദിവസം വല്ല പടച്ചട്ടയും അണിഞ്ഞ് നടന്നോ... നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കണമേ..." റയാൻഷ് അനൂപിനെ നോക്കി പറഞ്ഞു.. "പടച്ചട്ടയോ..? അതെന്താ...?

പുതിയ വല്ല മോഡലും ആണോ...? ഞാൻ ഇന്ന് തന്നെ ഓർഡർ ചെയ്യാം..." ഇഷാനി ഉത്സാഹത്തോടെ പറഞ്ഞു... "ഓഹ്... അത്ര പുതിയതൊന്നും അല്ല... ലേശം പഴയ മോഡലാ...ചേട്ടനോട് ചോദിച്ചാൽ മതി... വാങ്ങി തന്നോളും.." റയാൻഷ് അതും പറഞ്ഞ് മുകളിലേക്ക് നടന്നു... "പിന്നെ എട്ടത്തീ... ഈ അളിയന് പാതിരാത്രീ വെള്ളം കുടിക്കുന്ന ഒരു ശീലം ഉണ്ടേ... വെറും വെള്ളമല്ല ചൂടു വെള്ളം... രാത്രി പന്ത്രണ്ട് മണിക്കൊക്കെ അടുക്കളയിൽ കണ്ടെന്ന് വരാം... ഏട്ടത്തിക്ക് വെള്ളം ഒക്കെ വേണേൽ നേരത്തെ റൂമിൽ കൊണ്ട് വെച്ചേക്കണേ.. രാത്രിയിൽ അടുക്കളയിലേക്കൊന്നും പോവാൻ നിൽക്കല്ലേ... അതവാ പോയാലും ചേട്ടനേയും കൂട്ടിയേ പോകാവൊള്ളേ...

അല്ലെങ്കിൽ ചിലപ്പോൾ ഏട്ടത്തി പേടിച്ച് അലറിയെന്നൊക്കെ വരാം..." റയാൻഷ് തിരിഞ്ഞു നിന്ന് ചിരിയോടെ പറഞ്ഞതും ഇഷാനി ഒന്നും മനസ്സിലാവാതെ നോക്കി... ആദർശ് അർത്ഥം മനസ്സിലായിട്ടും ഒന്നും മിണ്ടാതിരുന്നപ്പോൾ അനൂപ് അസ്വസ്ഥതയോടെ സ്വല്പം വെള്ളം കുടിച്ചു... "ഈ റയാനെന്താ അങ്ങനെ പറഞ്ഞത് ആദീ....?" റയാൻഷ് നടന്നകന്നതും ഇഷാനി ആദർശിനോട് ചോദിച്ചു.. "ആഹ്... എനിക്കെങ്ങനെ അറിയാം..?! അവനല്ലേ പറഞ്ഞത്... അവനോട് തന്നെ ചോദിക്കണം..." ആദർശ് ഗൗരവത്തിൽ പറഞ്ഞു... ഇഷാനിയോട് അങ്ങനെ പറഞ്ഞെങ്കിലും ആദർശിൻ്റെ മനസ്സും റയാൻഷ് പറഞ്ഞ വാചകങ്ങളിൽ തന്നെ കുടുങ്ങി കിടന്നു.. ഇഷാനിയുടെ ഡ്രസ്സിനെന്താ കുഴപ്പം..?

ആദർശ് അതും ഓർത്ത് തിരക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഇഷാനിയെ ഒന്ന് നോക്കി... മുട്ടറ്റം വരെ ഇറക്കമുള്ള ഒരു പാവാട... കാലിൻ മേൽ കാൽ കയറ്റി വെച്ചിരിക്കുന്നതിനാൽ പാവാട സ്വല്പം കൂടി മുകളിലേക്ക് കയറി കിടക്കുന്നു... ഇഷാനിയിൽ നിന്നും പിൻവലിച്ച സംശയത്തോടെയുള്ള ആദർശിൻ്റെ നോട്ടം ചെന്ന് പതിച്ചത് അവളിൽ തന്നെ മിഴികൾ നട്ടിരിക്കുന്ന അനൂപിൽ ആയിരുന്നു... റയാൻഷ് പറഞ്ഞതിൻ്റെ യഥാർത്ഥ അർത്ഥം ആദർശിന് അപ്പോഴാണ് മനസ്സിലായത്... ഇഷാനിയെ അടിമുടി നോക്കി ഇരിക്കുന്ന അനൂപിനെ കണ്ട് ആദർശിൻ്റെ ഉള്ളിൽ കോപം ഇരച്ചു കയറിയെങ്കിലും അവൻ സംയമനം പാലിച്ചു... "ഇഷാനീ... ഇഷാനീ..." ആദർശ് പതിയെ വിളിച്ചു... "എന്താ ആദീ...?"

ഒരു ചിക്കൻ പീസും കൂടെ വായിലേക്ക് വെച്ചു കൊണ്ട് ഇഷാനി ചോദിച്ചു... "കാല് താഴ്ത്തി ഇട്..." അവൻ പതിയെ പറഞ്ഞു... "ങേ..? എന്താ..?" "കാല് താത്ത് ഇടാൻ..." "ഹേ... അതെന്തിനാ..?" "നിൻ്റെ അച്ഛന് വായ്ക്കരി ഇടാൻ...!! മര്യാദയ്ക്ക് പറഞ്ഞത് കേൾക്കടീ..." ആദർശ് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞതും ഇഷാനി ഇളിച്ചു കൊണ്ട് കാല് താഴ്ത്തി വെച്ചു... ആ ഫ്ലോ പോയെന്ന മട്ടിൽ അനൂപിൻ്റെ മുഖത്ത് നിരാശ പടർന്നു... ഈ തെണ്ടി ഇനീം ഇവിടെ ഇരുന്നാൽ ശരിയാവില്ല... ഇവനെ പറഞ്ഞ് വിട്ടേ മതിയാവൂ... ആദർശ് അനൂപിനെ നോക്കി ഓർത്തു.. "ഓഹ്... റയാൻ ഭക്ഷണം കഴിക്കാൻ ഇപ്പോൾ ഇങ്ങോട്ട് വരുവായിരിക്കും..." ആദർശ് സ്വയം പറഞ്ഞു.. അത് കേട്ടതും അനൂപ് കഴിച്ചിട്ട് ധൃതിയിൽ എഴുന്നേറ്റു...

പിന്നാലെ ആയി നിവികയും... ഇരുവരും കൈ കഴുകാനായി നീങ്ങിയതും റയാൻഷ് താഴേക്ക് വന്നു... "അല്ല മോളെ നിവീ.... അവിടെ നിന്നേടീ.. ഇതൊക്കെ ആർക്കെടുക്കാൻ വെച്ചേക്കുവാ..? ങേ..??" ടേബിളിൽ ഇരിക്കുന്ന കാലിയായ രണ്ട് പ്ലേറ്റുകളും നോക്കി റയാൻഷ് ചോദിച്ചതും നിവിക ഒന്നും മനസ്സിലാവാതെ നോക്കി... "എന്താ മനസ്സിലായില്ലേ...? നീയും നിൻ്റെ ഭർത്താവും കഴിച്ചിട്ട് വെച്ച ഈ പാത്രം ആർക്കെടുക്കാൻ വെച്ചേക്കുവാണെന്ന്..?" അവൻ ദേഷ്യത്തിൽ ചോദിച്ചു... അത് കേട്ടതും നിവികയുടെ മിഴികൾ ചുറ്റിനും ധാനിയെ പരതി... "അല്ല നീ എന്താ നോക്കുന്നെ..?" "എന്നും ഇത് ഇവിടെ ആരാ എടുക്കുന്നെ..?" നിവിക അമർഷത്തോടെ ചോദിച്ചു... "അതിന് എന്നും നീ ഇവിടുന്നാണോ കഴിക്കുന്നെ...? ങേ..?

നീയെന്താടീ ഇവിടെ വേലക്കാരേ വല്ലോം നിർത്തീട്ടുണ്ടോ നിൻ്റേം നിൻ്റെ കെട്ടിയോൻ്റേം എച്ചിൽ പാത്രം കഴുകാൻ...?? ഉണ്ടോടീ...?" റയാൻഷ് ശബ്ദമുയർത്തി ചോദിച്ചു... സ്തംഭിച്ച് പോയ നിവിക ടേബിളിന് അരികിലേക്ക് നടന്ന് പ്ലേറ്റ് രണ്ടും എടുത്തു...ശേഷം അതുമായി അടുക്കളയിലേക്ക് നടന്നു... അനൂപ് റയാൻഷിന് മുഖം കൊടുക്കാതെ നേരെ മുറിയിലേക്കും പോയി... "കലക്കി റയാൻ... കലക്കി..." ഇഷാനി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു... "ഹോ... റയാനെങ്കിലും ഒന്ന് പറഞ്ഞല്ലോ... ഈ ആദിയാണെങ്കിലോ ഒരക്ഷരം മിണ്ടില്ലെന്നേ... തനിക്ക് റയാനെ കണ്ട് പഠിച്ചൂടേടോ ആദി..? അല്ലേലും നിവിക്ക് കുറച്ച് അഹങ്കാരം കൂടുതലാ..." ഇഷാനി പറഞ്ഞു... "കുറച്ചല്ല ഏട്ടത്തീ... കുറച്ചധികം.." "അതെ.. ഹോ...!!

അന്ന് ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ സമയത്ത് ഒരാഴ്ച ഇവിടെ ഉണ്ടായിരുന്നു.. അന്ന് റയാൻ ഇവിടെ ഇല്ലായിരുന്നല്ലോ... ആ സമയം കൊണ്ട് തന്നെ നിവിയുടെ സ്വഭാവം എനിക്ക് മനസ്സിലായി... എങ്ങനെ സഹിക്കുന്നു ഇതിനെയൊക്കെ..? എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഇതേ പോലൊരു സാധനത്തെ..." ആദർശ് മൗനം പാലിച്ചു കൊണ്ട് കൈ കഴുകാനായി വാഷ് ബേസിൻ്റെ അടുത്തേക്ക് നടന്നു... "ആഹ്... പിന്നെ ഏട്ടത്തീ... നിവിയെ മാത്രമല്ല... അനൂപളിയനേം കൂടെ ഒന്ന് സൂക്ഷിച്ചേക്കണേ.." കഴിച്ചിട്ട് എഴുന്നേറ്റ ഇഷാനിയോടായി റയാൻഷ് പറഞ്ഞു... "ആണോ..? എനിക്കും ചെറിയ ഒരു വശപ്പിശക് തോന്നിയിരുന്നു... ആളൊരു കോഴിയാണല്ലേ...?" ഇഷാനി ചിരിയോടെ ചോദിച്ചു...

"വെറും കോഴിയല്ല ഏട്ടത്തീ... കുറച്ച് മുന്തിയ ഇനം കോഴിയാണ്... മെരുക്കാൻ സ്വല്പം പാടാ..." അത് കേട്ടതും ഇഷാനി പൊട്ടിച്ചിരിച്ചു... ഇവൻ ഇനീം എന്ത് വളിച്ച തമാശ പറഞ്ഞിട്ടാണാവോ ഇവളീ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചോണ്ട് നിൽക്കുന്നത്...? ആദർശ് അരിശത്തോടെ ഓർത്തു... "ഇഷാനീ..." "എന്താ ആദീ..?" "ഇങ്ങോട്ട് വരുന്നുണ്ടോ നീ.." ആദർശ് മുകളിലേക്ക് കയറിക്കൊണ്ട് വിളിച്ചതും ഇഷാനി പെട്ടെന്ന് അവൻ്റെ അടുത്തേക്ക് ചെന്നു.. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അന്നാലും ആ ധാനിയെ ഒരു മിന്നായം പോലെ കണ്ടുള്ളൂ... ഒന്ന് നേരെ ചൊവ്വേ കാണും മുമ്പേ അവള് കയറി പോയി... ങും... ഇപ്പോൾ നല്ല ഡ്രസ്സൊക്കെ ഇട്ട് നേരത്തത്തേക്കാളും കൊള്ളാം... അനൂപ് ഒരു വഷളൻ ചിരിയോടെ ഓർത്തു.. പക്ഷേ അപ്പോഴും ഒരു സംശയം ബാക്കിയാണ്... അവളുടെ കൈയ്യിലിരിക്കുന്ന ആ കൊച്ച് ആരുടെയാ..? മൂത്ത അളിയൻ്റെയോ..

അതോ.. ഇളയ അളിയൻ തെണ്ടിയുടേയോ..? മനസ്സിലാവുന്നില്ലല്ലോ അങ്ങോട്ട്... അനൂപ് തല പുകഞ്ഞ് ആലോചിച്ചു... അവളുടെ പുറകെ ഒലിപ്പിച്ചോണ്ട് നടക്കുന്നത് ഇളയവൻ ആണെന്നല്ലേ കേട്ടത്...? അപ്പോൾ അവൻ്റെ ആകുമോ..? അതോ ഇനീം മൂത്ത അളിയൻ കാര്യം കണ്ടിട്ട് കൈ ഒഴിഞ്ഞതോ..? എന്താവും..? ഇനീം അവളോട് തന്നെ ചോദിക്കേണ്ടി വരുമോ കൊച്ചിൻ്റെ അച്ഛൻ ആരാണെന്ന്..? എന്തായാലും കണ്ടെത്തണം... അനൂപ് മിഴികൾ കൂർപ്പിച്ചു കൊണ്ട് വന്യമായ ചിരിയോടെ ഓർത്തു.. "നിവീ..." "എന്താ അനൂപേട്ടാ...?" "അല്ല നിങ്ങളുടെ എല്ലാവരുടെയും കുഞ്ഞിലത്തെ ഫോട്ടോ ഉള്ള album വല്ലോം ഇവിടെയുണ്ടോ..?" "ഹാ.. ഉണ്ട്... പക്ഷേ ഞാൻ തരില്ല..." "അതെന്താ..?"

"ഓഹ്... എന്നെ അതിൽ കാണാൻ ഒരു ഭംഗിയും ഇല്ല..." നിവിക നിരാശയോടെ പറഞ്ഞു.. ഹും... പറയുന്ന കേട്ടാൽ തോന്നും ഇപ്പോഴങ്ങ് ഭയങ്കര ഭംഗിയാണെന്ന്... അനൂപ് ഓർത്തു... "ആഹ്... പിന്നെ ആദിയേട്ടൻ്റെ കുഞ്ഞിലത്തെ ഒരു ഫോട്ടോ ഹാളിൽ ഇരിപ്പുണ്ടല്ലോ..." "ആണോ..?" "അതെ... ഇങ്ങോട്ട് കയറി വന്നപ്പോൾ കണ്ടില്ലേ..?" അത് കേട്ടതും അനൂപ് ധൃതിയിൽ ഹാളിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 "ഇഷാനീ... ഇനീം മുതൽ കുറച്ച് നാൾ സ്ലീവ് ലെസ്സ് ടോപ്പോ അല്ലെങ്കിൽ ഇതേ പോലെ മുട്ടറ്റം വരെ മാത്രം ഉള്ള ഡ്രസ്സുകളോ ഒന്നും ഇട്ടേക്കരുത്.. കേട്ടല്ലോ..?" ആദർശ് പറഞ്ഞു... "അതെന്താ... ഇത്ര നാളും ഞാൻ ഇതൊക്കെ തന്നെയല്ലേ ഇട്ടിരുന്നത്..? പിന്നെ പെട്ടെന്നെന്ത് പറ്റി...? ഈ pattern കൊള്ളില്ലേ... അതാണോ..?"

ഇഷാനി കണ്ണാടിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു... "അത്... അതല്ല..." "ഹാ... ഇപ്പോൾ മനസ്സിലായി... ഇതിൻ്റെ ഒരു നേവി ബ്ലൂ ഉണ്ട്... അതാണല്ലേ ഈ പിങ്കിനേക്കാളും മാച്ച്...? അതല്ലേ..?" "മണ്ണാങ്കട്ട...!! അതൊന്നുമല്ല...നിന്നോട് ഇടണ്ടാന്ന് പറഞ്ഞാൽ ഇടണ്ട..." ആദർശ് അസ്വസ്ഥതയോടെ പറഞ്ഞു.. "ഇതെന്താ എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാനും സ്വാതന്ത്ര്യം ഇല്ലേ ഇവിടെ..?" "നിന്നോട് ഞാൻ പറഞ്ഞത് അതാണോ..? നീ ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ധരിച്ചോ... പക്ഷേ ഇപ്പോൾ കുറച്ച് നാളത്തേക്ക് നീ ഇതൊന്ന് മാറ്റി ഇടയ്ക്ക് ഇടുന്ന പോലത്തെ ഗൗണോ അല്ലെങ്കിൽ ചുരിദാറോ ധരിക്കണം... അതാണ് ഞാൻ ഉദ്ദേശിച്ചത്.." ഇഷാനി വിമ്മിഷ്ടത്തോടെ നോക്കി... "ഞാൻ പറയുന്നത് നീ കേൾക്കണം ഇഷാനീ...

ഈ കാര്യത്തിൽ എതിര് പറയാൻ നിൽക്കണ്ട...." "അന്നാൽ താൻ എനിക്കൊരു പറുദ മേടിച്ച് താടോ.. ഞാൻ മുഖവും കൂടി മറച്ച് നടക്കാം.." "ആഹ്.. ഇങ്ങനെ പോയാൽ ചിലപ്പോൾ അതും വേണ്ടി വരും...എന്തായാലും വേഗം ഡ്രസ്സ് മാറി വാ.." ആദർശ് അതും പറഞ്ഞ് മുറിക്ക് പുറത്തേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 താഴേക്ക് വന്ന ആദർശ് കാണുന്നത് ഹാളിൽ ഇരിക്കുന്ന തൻ്റെ ചെറുപ്പത്തിലെ ഫോട്ടോയിലേക്ക് കിഴിഞ്ഞ് നോക്കുന്ന അനൂപിനെ ആണ്.... ഇവനെന്താ ഇതിൽ ഇത്ര നോക്കാൻ..? ആദർശ് ചിന്തിച്ചു... ശെ! കൊച്ചിനെ ശരിക്ക് കാണാതെ എങ്ങനെയാ ഇവൻ്റെ ഛായ ഉണ്ടോന്ന് അറിയുന്നത്..? ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് അനൂപ് ഓർത്തു.. "എന്താ അളിയാ..? ങേ..?

എന്താ ഇങ്ങനെ ഫോട്ടോ ഒക്കെ നോക്കുന്നത്..?" ആദർശ് ചോദിച്ചു... "അല്ല... അളിയനെ കുഞ്ഞിലെ കാണാൻ നല്ല ഭംഗിയാണെന്ന് നിവി പറഞ്ഞ് കേട്ടിട്ടുണ്ടേ... അപ്പോൾ വെറുതെ ഒന്ന് വന്ന് നോക്കിയതാ... അവള് പറഞ്ഞത് ശരിയാ.. എന്താ ഗ്ലാമറാ...!!" അനൂപ് പറഞ്ഞത് ആദർശ് തെല്ലും വിശ്വസിച്ചില്ല.... ആദർശ് പിൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും എന്തോ ഓർത്ത് നിശ്ചലനായി... ഈശ്വരാ ആദി മോനും ഇതേ പോലെ തന്നെയാണല്ലോ ഇരിക്കുന്നെ...!! എൻ്റെ ഫോട്ടോ കണ്ടിട്ട് എൻ്റെ മോനെ എങ്ങാനും ഈ തെണ്ടി കണ്ട് കഴിഞ്ഞാൽ ആകെ കുഴപ്പമാകുമല്ലോ... ആദർശ് പരിഭ്രമത്തോടെ ഓർത്തു.... "മതി അളിയാ ഭംഗി കണ്ടാസ്വദിച്ചത്..." ആദർശ് ഒരു ചിരിയോടെ അതും പറഞ്ഞ് പെട്ടെന്ന് ഫോട്ടോ എടുത്ത് മാറ്റി...

ശേഷം അതുമായി ധൃതിയിൽ മുറിയിലേക്ക് നടന്നു... ഇവനെന്തിനാ ഈ ഫോട്ടോയും എടുത്തോണ്ട് പോയത്...?! ഓഹ്... ഇനീം ഞാൻ ഒന്ന് നോക്കിയതിനായിരിക്കും.. ഇവൻ്റെ പെണ്ണും പിള്ളയെ നോക്കീട്ട് ഇവനൊരു കുലുക്കവും ഇല്ല... ഇവൻ്റെ ഫോട്ടോ ഒന്ന് നോക്കിയപ്പോഴോ...? അത് അപ്പോൾ തന്നെ എടുത്തോണ്ടും പോയി.. വല്ലാത്ത ജീവി തന്നെയാണല്ലോ ഇവൻ... അനൂപ് ഓർത്തു... അപ്പോഴേക്കും ഇഷാനി ഒരു റെഡ് കളർ ചുരിദാറും ഇട്ട് താഴേക്ക് ഇറങ്ങി വന്നു... മഞ്ഞയും റെഡും ഇടകലർന്ന ഷാളും ധരിച്ചിട്ടുണ്ട്... "ആഹ്... ഏട്ടത്തീ... ഇത് കൊള്ളാം കേട്ടോ... പക്ഷേ ഒരു മാസ്കും കൂടി വെയ്ക്കാമായിരുന്നു..." റയാൻഷ് ചിരിയോടെ പറഞ്ഞു... "ങും മാസ്ക്...!! അതിൻ്റെ ആവശ്യം ഇനീം വരുമെന്ന് തോന്നുന്നില്ല..

ആദി മിക്കവാറും എനിക്കൊരു പറുദ വാങ്ങി തരാൻ ചാൻസ് ഉണ്ട്.." "ങും അത് കൊള്ളാം... ചേട്ടന് ഇപ്പോഴെങ്കിലും ലേശം വക തിരിവ് ഉണ്ടായല്ലോ..." റയാൻഷ് ഒരു പുഞ്ചിരിയോടെ പറഞ്ഞു... ഇരുവരുടെയും സംഭാഷണം കേട്ട് കൊണ്ടാണ് അനൂപ് അങ്ങോട്ടേക്ക് നോക്കുന്നത്... ഇഷാനിയെ കണ്ടതും അവൻ ഞെട്ടി... ഛെ!... ഇവളെന്താ ഇങ്ങനാ.. ഈ ഡ്രസ്സിൽ...?? ആകെയുള്ളൊരു കണി ആയിരുന്നു... അതും നശിപ്പിച്ചു... മൂത്ത അളിയന് ബോധം വെച്ചോ ആവോ..?? അനൂപ് മുഖം ചുളിച്ചു കൊണ്ട് ഓർത്തു... 🥀🥀🥀🥀🥀🥀🥀🥀🥀🥀 പകൽ രാത്രിക്ക് വഴി മാറി... വിണ്ണിലാകെ താരകക്കുഞ്ഞുങ്ങൾ കൺചിമ്മി.. ആദർശ് പതിയെ നിവികയുടെ മുറിയിലേക്ക് നടന്ന് വാതിലിൽ തട്ടി... "എന്താ ചേട്ടാ...??"

വാതിൽ തുറന്ന് കൊണ്ട് നിവിക ചോദിച്ചു.. "അല്ല നിവീ... അമ്മയുടെ മുറിയിൽ ആരും ഇല്ലല്ലോ... നീ ചെല്ല്..." ആദർശ് പറഞ്ഞു... "ഞാനോ..?!" "അതെ നീയൊന്ന് ചെല്ല്... കൂടെ കിടക്കാൻ..." "അത്... ഞാൻ...ഏട്ടത്തി ഇല്ലേ...?" "അത് പിന്നെ... ഇഷാനി ആണെങ്കിൽ ഉറങ്ങി കഴിഞ്ഞാൽ പിന്നെ ഭൂമി കുലുക്കം വന്നാലും അറിയില്ല... അങ്ങനെ ഉള്ളപ്പോൾ അവളെ വിട്ടാൽ ശരിയാവില്ല.." "എൻ്റെ ചേട്ടാ... ഏട്ടത്തി ആണെങ്കിൽ വെള്ളത്തിൽ കൊണ്ടിട്ടാൽ എങ്കിലും ഉണർന്നോളും... എനിക്കാണെങ്കിലോ ബോധമേ ഉണ്ടാവില്ല..." തലയൂരാനായി നിവിക പറഞ്ഞു.. നിനക്ക് ബോധമില്ലെന്ന് എനിക്കറിയാമെടീ... അതു കൊണ്ടാണല്ലോ ഈ ചെറ്റേടെ യഥാർത്ഥ മുഖം അവൻ്റെ കൂടെ കഴിഞ്ഞിട്ടും നിനക്കിതുവരെ മനസ്സിലാവാത്തത്... ആദർശ് ഓർത്തു.. "എങ്കിൽ ശരി..." നിവികയെ കൂടുതൽ നിർബന്ധിക്കാൻ നിൽക്കാതെ ആദർശ് നടന്നകന്നു...

"അല്ല നിവീ... നിനക്കൊന്ന് പോയിക്കൂടാരുന്നോ..?" അനൂപ് ചോദിച്ചു.. "സ്വന്തം ഭാര്യയെ നിർബന്ധിക്കാൻ വയ്യാത്തോണ്ട് എൻ്റെ അടുത്തോട്ട് വന്നതാ ചേട്ടൻ... അവള് പോകത്തില്ലെന്ന് ചേട്ടന് നന്നായി അറിയാം... വേണവെങ്കിൽ അവളെ പറഞ്ഞ് വിടട്ടെ... എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് വയ്യ..." നിവിക അതും പറഞ്ഞ് പുതപ്പെടുത്ത് തലവഴി മൂടി... ആദർശ് പത്മിനിയുടെ മുറിയിലേക്ക് ചെന്നപ്പോൾ പത്മിനി നല്ല ഉറക്കത്തിൽ ആയിരുന്നു... ഇത്രയൊക്കെ ആയിട്ടും റയാൻ ഇതു വരെ അമ്മയ്ക്ക് എങ്ങനെയുണ്ടെന്ന് പോലും ചോദിച്ചിട്ടില്ല... പത്മിനിയെ നോക്കി നിസ്സംഗതയോടെ അതും ഓർത്തവൻ വാതിൽ ചാരി റൂമിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഇഷാനി രാവിലെ തന്നെ മുറ്റത്ത് നിന്ന് പല പോസിലായി സെൽഫി എടുക്കുകയായിരുന്നു... അനൂപ് ബാൽക്കണിയിൽ നിന്നു കൊണ്ട് ഇഷാനിയെ തന്നെ നോക്കി നിൽക്കുന്നു... ഹും... ഇവൾക്കാണോ കാലിന് വേദന..?? കള്ളി... ഒരു വേദനയും ഇല്ല.. നിൻ്റെ കാല് ശരിക്കും ഉളുക്കിച്ച് ഞാൻ കാണിച്ച് തരാമെടീ... നിവിക താഴെ നിന്ന് ഇഷാനിയെ നോക്കിക്കൊണ്ട് ഓർത്തു... "ഏട്ടത്തീ..." നിവിക വിളിച്ചതും ഇഷാനി അകത്തേക്ക് കയറി... "എന്താ നിവീ..?" "അല്ല ഇവിടെ പുറകിലായി ഒരു കുളക്കടവ് ഉള്ളത് ഏട്ടത്തിക്ക് അറിയുമോ..?" "ആഹ്... അറിയാം..." "നമ്മുക്കൊന്ന് പോയാലോ...?" "എനിക്ക് നീന്താൻ അറിയില്ല നിവി..." "ഓ നീന്തുവേം ഒന്നും വേണ്ട ഏട്ടത്തി... വെറുതെ ഒന്ന് എൻ്റെ കൂടെ വന്നാൽ മതി..."

"ആഹ് വരാം..." നിവികയും ഇഷാനിയും കൂടെ കുളക്കടവിലേക്ക് നടന്നു... "വാ ഏട്ടത്തീ... വെള്ളത്തിലേക്ക് ഇറങ്ങാം..." നിവിക പടിക്കെട്ടുകൾ ഇറങ്ങി ഇഷാനിയെ വിളിച്ചു... "അയ്യോ വേണ്ട നിവീ... അങ്ങോട്ട് വേണ്ട.. എനിക്ക് പേടിയാ..." "ഓഹ്... ഒരു പേടി... ഒന്നിങ്ങോട്ട് വാ.." നിവിക ഇഷാനിയെ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു... "അങ്ങോട്ട് ചെല്ല് ഏട്ടത്തീ...." പുറകിൽ നിന്നും ഇഷാനിയെ തള്ളിക്കൊണ്ട് നിവിക പറഞ്ഞതും ഇഷാനി പതിയെ അവസാനത്തെ പടിയിൽ നിന്നു കൊണ്ട് വെള്ളത്തിലേക്ക് കാൽ വെച്ചു... നിനക്കുള്ള പണി ഞാൻ ഇപ്പോൾ തരാമെടീ.... നിവിക ചിരിയോടെ ഓർത്തു...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story