അറിയാതെ: ഭാഗം 11

ariyathe

രചന: THASAL

"നീ തൊഴുതിട്ട് വാ... ഞാൻ ഇവിടെ ഉണ്ടാകും... " ആൽതറയിലേക്ക് കയറി ഇരുന്നു കൊണ്ട് ഹർഷൻ പറഞ്ഞു... എങ്കിലും അല്പം പേടിയാലും മടിയാലും തന്നെ നോക്കി നിൽക്കുന്ന നിലയെ കണ്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു... "എന്താ നില കൊച്ചേ... തൊഴുന്നില്ലേ... " "മ്മ്മ്... പോകുവാ.... " കണ്ണുകളിലെ ഭയം പുറമെ കാണിക്കാതെ അവൾ ഒരു തവണ കൂടി അവനെ ഒന്ന് നോക്കി കൊണ്ട് മെല്ലെ പിന്തിരിഞ്ഞു നടന്നു... ഇടയ്ക്കിടെ തന്നെ തിരിഞ്ഞു നോക്കി നടക്കുന്നവളെ കണ്ടു അവൻ പുഞ്ചിരിയോടെ ആൽതറയിൽ നിന്നും ഇറങ്ങി അവൾക്ക് അടുത്തേക്ക് നടന്നു... തന്നിലെക്ക് പായുന്ന കണ്ണുകളെ കണ്ടു അല്പം ഭയത്തോടെ തല താഴ്ത്തി നടക്കുമ്പോൾ ആരോ തനിക്ക് അടുത്ത് വന്നു നിൽക്കുന്നത് പോലെ തോന്നിയതും അവൾ മെല്ലെ ഒന്ന് മുഖം ചെരിച്ചു നോക്കിയതും തനിക്ക് അടുത്ത് നടക്കുന്ന ഹർഷനെ കണ്ടു അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു...

"എന്റെ നില കൊച്ചേ.... എന്നാ നിന്റെ പേടിയെല്ലാം മാറുന്നത്.... " ചുറ്റും നോക്കുമ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ പിടപ്പ് അറിഞ്ഞ പോലുള്ള അവന്റെ സംസാരത്തിൽ അറിയാതെ തന്നെ അവളുടെ തല താഴ്ന്നു പോയിരുന്നു... അത് കണ്ടു അവൻ പുഞ്ചിരിയോടെ അവളുടെ തലയിൽ ഒന്ന് മേടി... "മുന്നേ നോക്കി നടക്കഡി... " അവന്റെ വാക്കുകൾ കേട്ടു തലയിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൾ മുന്നോട്ട് നോക്കി... നടയിൽ ഉണ്ണി കണ്ണന് മുൻപിൽ കൈകൂപ്പി നിൽക്കുമ്പോഴും അവൾക്ക് ചോദിക്കാനോ പറയാനോ ഒന്നും ഉണ്ടായിരുന്നില്ല.... ഒരു തരം മരവിപ്പ്.... ഉള്ളിലെ ആഗ്രഹങ്ങൾ എല്ലാം കെട്ടടങ്ങി ഉണങ്ങിയ മരുഭൂമി കണക്കെ ഒരു ഹൃദയം..... ഓർമ്മകൾ നഷ്ടപ്പെട്ടവളെ പോലെ....

തിരുമേനി തന്ന പ്രസാദം കൈകളിൽ സ്വീകരിച്ചു കൊണ്ട് അവൻ ഒന്ന് തല ചെരിച്ചു നോക്കിയതും കണ്ടു അല്പം മാറി സുഹൃത്ത് ജിതിനോട് സംസാരിച്ചു നിൽക്കുന്ന ഹർഷനെ.... അവൾ ചുറ്റും ഒന്ന് നോക്കി ആരുടേയും കണ്ണ് തന്നിലേക്ക് നീളുന്നില്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.... "ആ... നില മോളെ.... " അവളെ കണ്ടതോടെ പുഞ്ചിരിയോടെ ജിതിൻ വിളിച്ചതും അതിന് അവളും ചെറു പുഞ്ചിരി അവന് നൽകി... "നിങ്ങളുടെ വിവാഹത്തിന്റെ അന്നായിരുന്നു ദേവുനെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടിയിരുന്നത് അത് കൊണ്ടാണ് വരാൻ കഴിയാഞ്ഞത്..... " അവൻ ആദ്യം തന്നെ പറഞ്ഞതും അവൾ മൗനമായി പുഞ്ചിരിച്ചു... "അത് സാരല്യാന്നെ.... "

കുഞ്ഞ് ശബ്ദം മാത്രം പുറത്തേക്ക് വന്നു.... വിവാഹത്തിന് ആരൊക്കെ വന്നു വന്നില്ല എന്ന് പോലും അവൾക്ക് അറിയുമായിരുന്നില്ല.... അന്ന് അവൾ ഒന്നും കണ്ടിരുന്നില്ല ഹൃദയത്തിലെ മരവിപ്പ് കണ്ണുകളിലെ കാഴ്ചയും മറച്ചിരുന്നു.... "ഒരൂസം രണ്ടാളും കൂടി അത്രേടം വരെ ഒന്ന് ഇറങ്ങ്.... അമ്മ ചോദിച്ചിരുന്നു.... പിന്നെ ദേവു ഇങ്ങനെ വീട്ടില് ഇരിക്കുന്നത് കാരണം ആണ് അമ്മക്ക് അങ്ങോട്ട്‌ വരാൻ പറ്റാത്തത്.... " അതിന് അവൾ ഒന്ന് മെല്ലെ തലയാട്ടി... "ദേവു ചേച്ചിക്ക് എത്രയാ മാസം.... " "എട്ട് കഴിഞ്ഞു ഒൻപതിലേക്ക് കടന്നു... അതാണ്‌ ഒരു പേടി.... പിന്നെ ചെറുത് വീട്ടിൽ ഉണ്ടേ.... ദേവു ഇങ്ങനെ നിൽക്കുന്നതോണ്ട് എപ്പോഴും അവൾക്ക് അമ്മ കൂടെ വേണം... അല്ലേൽ ദേവുനെ നിൽക്കാനോ ഇരിക്കാനോ സമ്മതിക്കില്ല.... "

അവന്റെ വാക്കുകൾ പുഞ്ചിരിയോടെ കേട്ടു നിൽക്കുകയായിരുന്നു നില.... ഹർഷന്റെ കണ്ണുകൾ ഒരു വേള അർത്ഥമില്ലാതെ നിലയിലേക്ക് പാഞ്ഞു.... "എന്നാ ശരിയഡാ.... ഒരൂസം അങ്ങോട്ട്‌ വന്നോളാം... " ഹർഷൻ പറഞ്ഞതും ജിതിൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.... ഹർഷൻ പിന്തിരിഞ്ഞു നടന്നതും നില ജിതിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനോടൊപ്പം നടന്നു... "അച്ചേട്ടാ..... " അവളുടെ വിളി കേട്ടതും അവൻ ഒന്ന് തല ചെരിച്ചു നോക്കിയതും അവൾ അവന് നേരെ ഇലചീന്ത്‌ നീട്ടി.... അവൻ ചുണ്ടിൽ ഒതുക്കിയ പുഞ്ചിരിയുമായി ഒന്ന് കണ്ണ് ചിമ്മി കൊണ്ട് മുന്നോട്ട് തന്നെ നടന്നു.... അവൾക്ക് കാര്യങ്ങൾ മനസ്സിലായ കണക്കെ ചിരിയോടെ ഒരു നുള്ള് ചന്ദനം എടുത്തു സ്വയം നെറ്റിയിൽ ചാർത്തി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "പോകും വഴി നമുക്ക് ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് ഒന്ന് കയറിയാലോ.... "

ഇടുങ്ങിയ റോഡിലൂടെ നടക്കുമ്പോൾ ആണ് അവന്റെ ചോദ്യം... നില മൗനമായി ഒന്ന് തല താഴ്ത്തി... "രാമേട്ടൻ കാണണമെന്ന് പറഞ്ഞിരുന്നു... പിന്നെ നിനക്ക് ശ്രീകുട്ടിയെയും കാണണ്ടേ... " അവന്റെ ചോദ്യം അവളിൽ വല്ലാത്തൊരു അസ്വസ്ഥത തീർത്തു... എന്തൊ എതിർത്തില്ല എങ്കിലും ഉള്ളിൽ ഒരു വേദന....മാസങ്ങൾ കടന്ന് പോയി എങ്കിലും ഉള്ളിലെ നീറ്റലിന് തെല്ലു ശമനം പോലും ആയിട്ടുണ്ടായിരുന്നില്ല.... "അച്ചേട്ടാ.... " അസ്വസ്ഥതയോടെയുള്ള വിളിയിൽ ഹർഷൻ ഒന്ന് തല ചെരിച്ചു നോക്കി... "നിക്ക് കാണണ്ട... നമുക്ക് തിരിച്ചു പോകാം..." അവൾ ഉള്ളിലെ വെപ്രാളം മറച്ചു വക്കാൻ ആകാതെ ഒരു പിടച്ചിലോടെ പറഞ്ഞു... "ഇത് വരെ വന്നതല്ലേ നില കൊച്ചേ... " "പ്ലീസ്.... "

അവളുടെ കണ്ണുകളിൽ പോലും ദയനീയയത അവന്റെ ഉള്ളിലേക്കും ആഴ്ന്ന് ഇറങ്ങി..... "നില കൊച്ചിന് വേണ്ടെങ്കിൽ പോകുന്നില്ല... പക്ഷെ എന്നും അങ്ങനെ ആകുമെന്ന് കരുതരുത്... പതുക്കെ എങ്കിലും എല്ലാം മനസ്സിൽ നിന്നും മായ്ക്കാൻ ശ്രമിക്കണം... എല്ലാവരെയും ഫേസ് ചെയ്യാൻ തയ്യാറാകണം... " അവന്റെ വാക്കുകൾക്ക് കഴിയുമോ എന്ന് പോലും അറിയില്ലെങ്കിലും അവൾ ഒന്ന് തലയാട്ടി..... അവൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി.... പഴയ വാത്സല്യത്തോടെ തന്നെ... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "അമ്മാ...." നിലത്ത് തലക്ക് പിറകിൽ കൈ ചേർത്ത് കിടന്നു കൊണ്ട് ഹർഷൻ അടുത്ത് ഇരിക്കുന്ന അമ്മയെ വിളിച്ചതും അത് വരെ പുറമെക്ക് മാത്രം കണ്ണുകൾ അയച്ചു ഇരുന്നിരുന്ന സീത അവനെ പുഞ്ചിരിയോടെ നോക്കി... "മ്മ്മ്..." "അച്ഛൻ പോയപ്പോൾ അമ്മ കരഞ്ഞിരുന്നോ.... " അവന്റെ ചോദ്യത്തിൽ അവരുടെ കൈകൾ അവന്റെ മുടിയിലൂടെ തലോടി...

പിന്നെ മെല്ലെ ഒന്ന് തലയാട്ടി... "എന്റെ ജീവിതം അല്ലേ മോനെ പോയത്.....അന്ന് നിനക്ക് വയസ്സ് രണ്ടാ....ഇത്തിരി പോന്ന നിന്നെയും കൊണ്ട് എങ്ങോട്ട് പോകണം എന്ന് പോലും അറിയാതെ നിന്ന ഒരു നിൽപ്പ് ഉണ്ട്.... ഇപ്പോഴും ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു വേദനയാ.... " അവരുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞു.... അവൻ ഒരിക്കൽ പോലും അവരെ നോക്കിയില്ല..... അവന് അറിയാമായിരുന്നു മനസ്സ് പിടയുന്നത്....ആ രണ്ട് വയസ്സുകാരനെ ഒറ്റയ്ക്ക് നോക്കി വളർത്തിയതും വലിയ എംബിഎ കാരൻ ആക്കിയതും അവസാനം മണ്ണിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ യാതൊരു എതിർപ്പും കൂടാതെ തനിക്കൊപ്പം നിന്നതും എല്ലാം അമ്മയാണ്....

അവൻ കണ്ണുകൾ അടച്ചു കൊണ്ട് അമ്മയുടെ മടിയിലേക്ക് കയറി കിടന്നു.... "അമ്മക്ക് വല്ലാതെ വയസ്സായി പോയി.... " കള്ള ചിരിയോടെ അവൻ അവരുടെ വയറിലേക്ക് മുഖം പൂഴ്ത്തി.... അപ്പോൾ അവൻ ചെറിയ കുഞ്ഞ് ആയി മാറിയിരുന്നു.... അമ്മയുടെ ചൂടിൽ ഒതുങ്ങി കിടക്കുന്ന കുഞ്ഞ്....അമ്മ കുഞ്ഞ് ചിരിയോടെ അതിനേക്കാൾ വാത്സല്യത്തോടെ അവന്റെ മുടി ഇഴകളിലൂടെ വിരലുകൾ പായിച്ചു..... "ഇത്രയും വലിയ ചെക്കന്റെ അമ്മയല്ലെ.... വയസ്സാകില്ലേ.... " അവരുടെ മറുപടിയിൽ അവൻ ഇരു കൈകൾ കൊണ്ടും അവരെ ഒന്ന് ചുറ്റി വരിഞ്ഞിരുന്നു... അമ്മയെ കാണാതെ അന്വേഷിച്ചു വന്ന നില കാണുന്നത് അമ്മയിലേക്ക് ഒതുങ്ങി കിടക്കുന്ന ഹർഷനെയും അവരുടേതായ ലോകത്ത് എന്തെല്ലാമോ സംസാരിച്ചു ഇരിക്കുന്ന അമ്മയെയും ആണ്.... അവൾ പെട്ടെന്ന് തന്റെ അമ്മയെ ഓർത്ത് പോയി....

നിറയെ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിലെ വേദന അടക്കാൻ കഴിയാതെ വരുമ്പോൾ എപ്പോഴും അഭയം പ്രാപിക്കുന്നത് അമ്മയുടെ മടിതട്ടിൽ തന്നെ ആയിരുന്നു.... അവളുടെ കണ്ണുകളിൽ നനവ് പടർന്നു... എങ്കിലും അമ്മയെയും മകനെയും കാണും തോറും ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉടലെടുത്തു... അവൾ അവരെ ശല്യം ചെയ്യാതെ ഉള്ളിലേക്ക് തന്നെ നടക്കാൻ ഭാവിച്ചു... "നില കൊച്ചേ.... " പെട്ടെന്നുള്ള ഹർഷന്റെ വിളിയിൽ അവൾ ഒന്ന് ഞെട്ടി കൊണ്ട് പിന്തിരിഞ്ഞു നോക്കിയതും അപ്പോഴും അവൻ അതെ കിടത്തം തന്നെയാണ്.......അവളുടെ വിടർന്ന കണ്ണുകൾ ഒന്ന് പിടഞ്ഞു...... "മോളെന്താ അവിടെ നിൽക്കുന്നെ.... ഇവിടെ വന്നിരിക്ക്.... "

അമ്മയുടെ വിളിയിൽ അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് അമ്മയുടെ അരികിൽ ചെന്നിരുന്നു... അവൻ അപ്പോഴും അമ്മയിൽ നിന്നും തല ഉയർത്തിയിരുന്നില്ല.... എങ്കിലും അവളുടെ സാനിധ്യം അറിഞ്ഞ പോലെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... അവൾ കൈകൾ രണ്ടും കൂട്ടി പിണച്ചു കണ്ണുകൾ മുന്നിലേക്ക് തന്നെ നീട്ടി ഇരുന്നു... മനസ്സിൽ പലതരം ചിന്തകൾ കടന്നു പോയി കൊണ്ടിരിക്കുന്നു.... അച്ഛ കടയിൽ നിന്ന് വന്നിട്ടുണ്ടാവോ....!!?...അമ്മ എന്തെടുക്കുവായിരിക്കും.... !!?....ഞാൻ ഇല്ലാത്തോണ്ട് സങ്കടായി കാണോ...!!?... പ്രിയപ്പെട്ട ഓരോരുത്തരിലേക്കും ചിന്തകൾ നീണ്ടു.... കൈയിൽ എന്തോ അരിക്കും പോലെ തോന്നിയതും ചെറു ഞെട്ടലോടെ അവൾ പെട്ടെന്ന് കണ്ണുകൾ കൈകളിലേക്ക് മാറ്റിയതും കണ്ടു തന്റെ കൈകൾക്ക് അത്രയും ചാരെ കിടക്കുന്ന അച്ചേട്ടനെ....

കൈ വിരലുകളിൽ അവന്റെ കറുത്ത മുടി ഇഴകൾ തലോടുന്നുണ്ട്.... കിടത്തത്തിൽ ഇളകിയപ്പോൾ പറ്റിയത് ആകാം...... അല്ലാതെ മനഃപൂർവം തന്നിലെക്ക് വരില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.. ...അവൾ മൗനമായി അവനിലേക്ക് ഒന്ന് കണ്ണുകൾ പായിച്ചു....കണ്ണുകൾ അടച്ചുള്ള കിടപ്പാണ്.... "ഇടക്കുള്ളതാ ഇങ്ങനെ ഒരു കിടത്തം....ചിലപ്പോൾ ഇങ്ങനെ തന്നെ ഉറങ്ങും.... " അമ്മ അവന്റെ മുടിയിൽ നിന്നും കൈ മാറ്റി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് അനങ്ങി കൊണ്ട് അമ്മയുടെ കൈകൾ മെല്ലെ പിടിച്ചു വീണ്ടും അത് മുടിയിലേക്ക് തന്നെ താഴ്ത്തി.... അമ്മ ഒരു പരാതിയും കൂടാതെ മെല്ലെ വിരലുകൾ ഒന്ന് മുടി ഇഴകളെ തലോടി കൊണ്ടിരുന്നു... അതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി ഇരിക്കുകയായിരുന്നു നില... തനിക്ക് മുന്നിൽ കർശനകാരൻ അല്ല എങ്കിലും വളരെ പക്വതയാർന്ന ഒരു വ്യക്തിയായാണ് ഇത് വരെ അവനെ കണ്ടിട്ടുള്ളത്...

പക്ഷെ അമ്മയുടെ മടിയിൽ അവൻ ചെറിയ കുഞ്ഞിനെ പോലെ തോന്നിക്കുന്നു.... അവൾ ചെറുതിലെ ഒന്ന് ചിരിച്ചു.... "ഡാ ചെക്കാ... സമയം ഒരുപാട് ആയി... പോയി കിടക്കാൻ നോക്ക്....മോൾക്ക്‌ ഉറക്കം വരുന്നുണ്ടാകും.... " അവന്റെ കയ്യിൽ തട്ടി അമ്മ വിളിക്കുന്നുണ്ടായിരുന്നു... അവൻ അതൊന്നും കാര്യമാക്കാതെ അമ്മയെ വീണ്ടും ചുറ്റി പിടിക്കുന്നത് കണ്ടു അവൾ മൗനമായി ഒന്ന് പുഞ്ചിരിച്ചു....അവൾ മെല്ലെ അമ്മയുടെ തോളിലേക്ക് ചാരി കിടന്നു.... അമ്മ അവളെ കണ്ണുകൾ ചെരിച്ചു കൊണ്ട് നോക്കുമ്പോൾ അവൾ മെല്ലെ കണ്ണുകൾ അടച്ചു.... അത് അറിഞ്ഞ കണക്കെ ഹർഷന്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നിന്റെ ഡിഗ്രിയുടെ സിർട്ടിഫിക്കറ്റും കാര്യങ്ങളും എല്ലാം എടുത്തു കൊണ്ട് വരണം ട്ടൊ.... " ഹാങ്ങറിൽ നിന്നും ചുളിവ് വീണ ഷർട്ട് ഒന്ന് കുടഞ്ഞു എടുത്തു അത് ഇട്ടു കൊണ്ട് ഹർഷൻ പറഞ്ഞതും അത് വരെ അവനെ നോക്കാൻ കഴിയാതെ അല്പം മാറി പുറത്തേക്ക് നോക്കി നിന്നിരുന്ന നില മെല്ലെ ഇടം കണ്ണിട്ട് അവനെ നോക്കി.... അവൻ ഷർട്ട്‌ ഇട്ടു എന്ന് കണ്ടതും അവനരികിലേക്ക് ചെരിഞ്ഞു നിന്നു.... "ഞാൻ പോയപ്പോൾ എടുത്തായിരുന്നു.... " "ഓഹ്....നിനക്ക് പിജി ചെയ്യണ്ടേ... അതിന്റെ അഡ്മിഷൻ ശരിയാക്കാൻ ആണ്....ഉച്ചക്ക് ശേഷം അത് എടുത്തു പാടത്തേക്ക് വന്നാൽ മതി... നമുക്ക് അവിടുന്ന് തന്നെ പോകാം... ന്താ... " അവന്റെ വാക്കുകൾ കേട്ടു അവളുടെ ഉള്ളിൽ കുഞ്ഞു ഒരു സന്തോഷം മുള പൊട്ടി...

ഒരുപാട് കൊതിച്ചിരുന്നു പഠിക്കാൻ... പക്ഷെ സ്വന്തം പ്രണയത്തിനായി എല്ലാം ഉപേക്ഷിച്ച പൊട്ടിയായി മാറി.... പിന്നീട് അച്ഛനോട് ചോദിക്കാൻ ഉള്ള മനസ്സ് ഉണ്ടായില്ല.... സ്വയം ഏറ്റെടുത്ത വിധിയല്ലെ കരുതി.... "ന്താ പോവണ്ടെ...... " അവൻ കള്ള ചിരിയോടെ ചോദിച്ചതും അവൾ ആവേശത്തോടെ തലയാട്ടി... അവളുടെ സന്തോഷം കണ്ടപ്പോൾ തന്നെ അവൻ ചുണ്ട് കടിച്ചു അവളെ ഒന്ന് നോക്കി.... "എന്നാ റെഡി ആയിക്കോട്ടാ..... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നതും അവൾ ഉള്ളിലെ സന്തോഷത്തിൽ ഒന്ന് രണ്ട് കയ്യും കൂട്ടി പിടിച്ചു ഒന്ന് ചിരിച്ചു....പുറമെക്ക് ശബ്ദം വരാതിരിക്കാൻ ചുണ്ട് കടിച്ചു പിടിച്ചിരുന്നു... "ആ ചിരി എങ്കിലും പുറത്തേക്ക് വന്നോട്ടെ ന്റെ നില കൊച്ചേ.... "

കുസൃതി കലർന്ന അച്ചേട്ടന്റെ ശബ്ദം.... അവൾ ഒരു പിടപ്പോടെ അവനിലേക്ക് നോട്ടം എറിഞ്ഞു... അവൻ കുഞ്ഞ് ചിരിയോടെ ചാർജിന് ഇട്ട ഫോൺ അഴിച്ചു ഷിർട്ടിന്റെ പോക്കറ്റിൽ ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു..... അവൾ ആകെ ചമ്മിയ രീതിയിൽ മുഖം പൊത്തി പോയി.... "അയ്യേ..." ചടപ്പോടെ അവൾ സ്വയം പറഞ്ഞു... "അമ്മാ....ഞാൻ ഇറങ്ങി... " പുറത്ത് നിന്നും ഹർഷന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോഴും ഹർഷൻ ഒരു നിമിഷം ഉള്ളിലേക്ക് എത്തി നോക്കി.... തന്നെ നോക്കുന്ന രണ്ട് കണ്ണുകളെ തിരഞ്ഞു... ഉണ്ടാകില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു... പക്ഷെ വെറുതെ ഒരു മോഹം... ഉള്ളിൽ ചെറു നോവ് പടരുമ്പോഴും പുഞ്ചിരിയോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു.... ഗേറ്റ് കടക്കും വരെ വെറുതെ മിററിലൂടെ പുറകിലേക്ക് നോക്കി കൊണ്ടിരുന്നു....... ഇടക്ക് തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടു.... അത് മതിയായിരുന്നു അവനും.... അവൻ ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ മുന്നിലേക്ക് നോക്കി........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story