അറിയാതെ: ഭാഗം 12

ariyathe

രചന: THASAL

"അവളോട്‌ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്.... ഇവിടുന്ന് ഞങ്ങൾ രണ്ടാളും പൊയ്ക്കോളാം... മനു പറഞ്ഞു ശരിയാക്കിട്ട്ണ്ട് എന്നാ പറഞ്ഞേ... " "പാടത്തു നിന്ന് ആണോഡാ ചെക്കാ നേരിട്ട് പോകുന്നെ... അതും അവൻ പോയ ഒരു കോലം കാണണേ.... കുട്ടിക്ക് അതെല്ലാം ഇഷ്ടാവോന്ന് നിനക്ക് അറിയോ.... ആ ചേറിന്റെ മണവും വെച്ചാണോ നീ കോളേജിലേക്ക് ഒക്കെ പോവാൻ പോണേ.... " അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അവനും അത് ഓർമ്മ വന്നത്...ശരിയാണ്... ഇപ്പോഴത്തെ കുട്യോളാ....എതിർത്ത് ഒന്നും പറയാത്ത സ്വഭാവ നിലക്ക്.... ഇഷ്ടകേട് പോലും മുഖത്ത് കാണിക്കാൻ മടിക്കും... അവളുടെ നിസ്സഹായാതയാണോ മുഖത്ത് കണ്ടത്...

"അമ്മ നിലക്ക് ഒന്ന് ഫോൺ കൊടുത്തേ... " അവൻ പറഞ്ഞതും അമ്മ കുറച്ചു അപ്പുറം എന്തോ അരിഞ്ഞു നിൽക്കുന്ന നിലയുടെ കയ്യിൽ ഫോൺ കൊടുത്തു... അവൾ ഒന്നും മിണ്ടിയിരുന്നില്ല... അവളുടെ കുഞ്ഞ് നിശ്വാസത്തിൽ നിന്ന് തന്നെ മറുവശത്ത് അവളാണ് എന്ന് അവന് മനസ്സിലായിരുന്നു... "നില കൊച്ചേ.... നീ അമ്മയെ കൂട്ടി പൊയ്ക്കോട്ടൊ...മനുവേട്ടൻ നിങ്ങളെ വിളിക്കാൻ വരും... ഞാൻ അവനെ പറഞ്ഞയച്ചോളാം... " അവന്റെ ഉള്ളിൽ ചെറിയൊരു നോവ്... എങ്കിലും അതിനേക്കാൾ കൂടുതൽ അപകർഷതാ ബോധം അവനെ പിടി കൂടിയിരുന്നു... "മ്മ്മ്ഹും... " മെല്ലെ എതിർത്ത് കൊണ്ട് ചെറിയ ശബ്ദം... അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...

"ന്താ.... !!?" "ന്നെ അച്ചേട്ടൻ കൊണ്ടോയാൽ മതി... " അവളുടെ വാക്കുകൾ ഉള്ളിൽ ഒരു കുളിർമഴയായി മാറി... "ആ നേരത്ത് നിക്ക് ഒഴിവ് ഉണ്ടാവുംന്ന് തോന്നണില്ലല്ലോ കൊച്ചേ... " "ന്ന നമുക്ക് നാളെ പോകാം... " അവളും വിട്ട് കൊടുക്കാതെ പറഞ്ഞു... ഉള്ളിൽ കുഞ്ഞ് സങ്കടം ഉടലെടുത്തിരുന്നു.... ഈ ജോലിയും ഈ മണ്ണിന്റെ മണവും തന്നിൽ ഇഷ്ടകേട് ഉണ്ടാക്കും എന്ന് കരുതിയവനോടുള്ള കുഞ്ഞ് പരിഭവവും.... "ഈ പെണ്ണ്.... ന്ന ഞാൻ നേരത്തെ വരാൻ നോക്കാം... " "വേണ്ടാ.... ഞാൻ അങ്ങട് വന്നോളാം... " വീണ്ടും തർക്കിക്കും പോലെ അവളുടെ വാക്കുകൾ... അവൻ ചിരിച്ചു പോയി... "ഞാൻ ഈ മണ്ണും ചെളിയും വെച്ചിട്ട് ആണോ നിന്റെ കൂടെ വരേണ്ടത്... "

"കഴുകി കളയാൻ അവിടെ വെള്ളം ഇല്ലേ... നിക്ക് കൊഴപ്പം ഇല്ലെങ്കിലോ....." അവളുടെ വാക്കുകൾക്ക് അവൻ ഒരു മൂളലോടെ ഉത്തരം നൽകി.... "മിണ്ടാപൂച്ച ആണേലും വാശിക്ക് ഒരു കൊറവും ഇല്ല...." അവൻ പതിയെ പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഫോണിലേക്ക് ഒന്ന് നോക്കി കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഹർഷ.... നിന്റെ കെട്ടിയോൾ വരുന്നുണ്ടല്ലോ.... " ചെളിയിൽ കൈകോട്ട് കൊണ്ട് കൊത്തി ഇളക്കുമ്പോൾ ആരുടെയോ വാക്കുകൾ കേട്ടു അവന്റെ കണ്ണുകൾ വരമ്പിലേക്ക് നീണ്ടു.... കുറച്ചു ദൂരെ ആയി കയ്യിൽ ഒരു ബാഗും പിടിച്ചു ചുറ്റും നോക്കി വരുന്ന നിലയെ കണ്ടു ഒരു നിമിഷം അവന്റെ ചുണ്ടിൽ പുഞ്ചിരി തങ്ങി...

"നീ ഈ ചെളിയിലും മുങ്ങി നിൽക്കുന്നത് അവള് കാണണ്ട.... " കൂട്ടത്തിൽ ആരുടെയോ വാക്കുകൾക്ക് അവൻ കുഞ്ഞ് പുഞ്ചിരി സമ്മാനിച്ചു... "ഈ ചെളിയും മണ്ണും ഒന്നും എന്റെ കൊച്ചിന് ഒരു പ്രശ്നം അല്ല... " പറയുമ്പോൾ അവനിൽ വല്ലാത്തൊരു ആത്മ വിശ്വാസം ഉടലെടുത്തിരുന്നു... അവൻ പയ്യെ വരമ്പിലേക്ക് കയറിയപ്പോഴേക്കും നില അവനരികിലേക്ക് എത്തിയിരുന്നു... "നില കൊച്ചു നേരത്തെ വന്നോ.... ഒരു അഞ്ച് മിനിറ്റ് അച്ചേട്ടൻ കയ്യും മുഖവും കഴുകീട്ടു വരാം... " അവളോടായി പറഞ്ഞു കൊണ്ട് അവൻ കയ്യിലെ കൈകോട്ട് വയലിലേക്ക് തന്നെ ഇട്ടു കൊണ്ട് അല്പം മാറിയുള്ള കനാലിന്റെ അരികിലേക്ക് നടന്നു...

അവൻ തിരികെ വരുമ്പോൾ നില വരമ്പത്തു തന്നെ ഇരുന്നു പാടത്ത് പണി എടുക്കുന്നവരോട് സംസാരത്തിൽ ആയിരുന്നു... സംസാരം എന്ന് പറയാൻ ഒക്കില്ല... അവർ പറയുന്നതിന് തലയാട്ടലും പുഞ്ചിരിയും മാത്രം..... "ഈ പാടം മുഴുവൻ ഒറ്റയ്ക്ക് വിത്തിറക്കാൻ വരെ എനിക്ക് പറ്റുമന്നെ.... " കൂട്ടത്തിൽ ഏറ്റവും ഇളയവന്റെ വീമ്പു കേട്ടിട്ടാണ് ഹർഷൻ അങ്ങോട്ട്‌ ചെന്നത്... "ടാ ടാ മതി.....ഇവിടെ വിത്ത് ഇറക്കുന്നത് ഒക്കെ നിൽക്കട്ടെ....കിട്ടിയ സപ്ലി എല്ലാം ആദ്യം തീർക്കാൻ നോക്ക്..... " ഷിർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ടു അങ്ങോട്ട്‌ നടന്നു വരുന്ന ഹർഷന്റെ സംസാരത്തിൽ അവൻ ഒന്ന് പിൻവലിഞ്ഞു... ആരൊക്കെയോ അവനെ കളിയാക്കുന്നുണ്ട്... അവന്റെ ചമ്മിയ മുഖം കണ്ടു നില പോലും വാ പൊത്തി ചിരിച്ചു പോയി.... "പോകാം കൊച്ചേ.... " അവന്റെ ചോദ്യത്തിന് അവൾ മെല്ലെ ഒന്ന് തലയാട്ടി... "സിർട്ടിഫിക്കറ്റ് എല്ലാം എടുത്തില്ലേ... "

"മ്മ്മ്... " "ഒന്നെങ്കിൽ തലയാട്ടൽ അല്ലേൽ മ്മ്മ്... ഇതെല്ലാതെ നിന്റെ കയ്യിൽ വേറൊന്നും ഇല്ലേ എന്റെ നില കൊച്ചേ... " "മ്മ്മ്... " "ദേ വീണ്ടും... ഫോണിലൂടെ എന്താ വാശി... നേരിട്ട് കാണുമ്പോൾ ഏഹേ....നടക്ക് അങ്ങട്..." അവൻ അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞതും അവൾ വിടർന്ന കണ്ണുകൾ കൊണ്ട് ഒരു നോട്ടം അവനിലേക്ക് പായിച്ച് കൊണ്ട് മെല്ലെ അവിടെ ഒന്ന് തടവി..... "വേദനിച്ചു ട്ടൊ അച്ചേട്ടാ.... " അവളുടെ പരാതി അവനിൽ തെല്ലു സന്തോഷം സൃഷ്ടിച്ചു...കുഞ്ഞ് പരാതിയെങ്കിലും തന്നോട് പറയുന്നുണ്ടല്ലോ എന്നൊരു സന്തോഷം... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "പോയ കാര്യം എന്തായി... !!?" "എന്താകാൻ അഡ്മിഷൻ ഒക്കെ ശരിയായിട്ട്ണ്ട്.... അടുത്ത ആഴ്ച മുതൽ ക്ലാസും തുടങ്ങും... "

ഉള്ളിലേക്ക് കയറി കൊണ്ട് ഹർഷൻ പറഞ്ഞു... അമ്മയുടെ കണ്ണുകൾ നിലയിലേക്ക് പോയി... അവൾ ഇന്ന് വരെ കാണാത്ത അത്രയും സന്തോഷത്തിൽ ആണെന്ന് ചുണ്ടിലെ പുഞ്ചിരിയിൽ നിന്ന് അവർക്ക് മനസ്സിലായിരുന്നു.... അമ്മ ചിരിയോടെ അവളെ ഒന്ന് ചേർത്തു പിടിച്ചു... "ഇനി അധികം ദിവസം ഒന്നും ഇല്ലല്ലോടാ....കുട്ടിക്ക് കോളേജിൽ പോകുമ്പോൾ ഉള്ള ഡ്രസും ബാഗും എല്ലാം വാങ്ങണ്ടെ...." "അത് നില കൊച്ച് പൊയ്ക്കോളും.... " അവൻ ടേബിളിൽ വെച്ചിരുന്ന ജെഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകർന്നു കൊണ്ട് പറഞ്ഞു.... "അതിന് മോൾക്ക്‌ ഒറ്റയ്ക്ക് ടൗണിൽ പോകാൻ ഒക്കെ അറിയാവോ... !!?" അമ്മയുടെ ആധി കലർന്ന ചോദ്യം... "നിക്ക് അറിയില്ല... "

അവൻ എന്തെങ്കിലും പറയും മുന്നേ വീർപ്പിച്ചു വെച്ച മുഖവുമായി നില അവനെ തടഞ്ഞു.. "കൊച്ചിന് അറിയത്തില്ലെന്ന്.... " "അങ്ങനെ ഒക്കെയല്ലേ പഠിക്കാ...അറിയില്ല ചെയ്യില്ല എന്നും പറഞ്ഞു എപ്പോഴും വീട്ടില് തന്നെ ഇരുന്നാൽ ജീവിക്കാൻ പറ്റോ നില കൊച്ചേ... നിനക്ക് വേണ്ടത് നീ തന്നെ തിരഞ്ഞെടുക്കേണ്ടെ... അമ്മയും വരും... നിങ്ങള് പോയി വാങ്ങി വരണം.... " അവൻ അത് മാത്രം പറഞ്ഞതും ഒരു ആശ്രയം കണക്കെ അമ്മയെ ഒന്ന് നോക്കി... "ടാ... ചെക്കാ... അതിനെ ഇങ്ങനെ ആധി കയറ്റാതെ....ഞാൻ കഴിഞ്ഞ തവണ പോയതിന്റെ ക്ഷീണം നിനക്ക് മാറിയോ...വെറുതെ ഓരോന്ന് പറയാതെ നീ തന്നെ കൊണ്ടോവ് അതിനെ... " "ഇല്ല എന്ന് ഞാൻ പറഞ്ഞു.....ഇതെല്ലാം പഠിക്കേണ്ട കാര്യങ്ങൾ അല്ലേ കൊച്ചേ...

അവള് പൊയ്ക്കോളും.... " അവൻ ഒരു കള്ള ചിരിയോടെ ഉള്ളിലേക്ക് പോയതും അവളുടെ ചുണ്ടുകൾ കൂർത്തു....ഉള്ളിൽ ഒരു പേടിയാണ്.... നിറയെ ആളുകൾ ഉള്ള ഇടങ്ങളിൽ തനിയെ പോകാൻ ഒരു മടിയും... എല്ലാ കാര്യങ്ങൾക്കും ചെറുപ്പം തൊട്ടേ അച്ഛയോ അച്ചേട്ടനോ ഒപ്പം ഉണ്ടാകും...ഇത് ആദ്യമായി ആണ് പറ്റില്ല എന്ന് പറയുന്നത്... "അതെ... " റൂമിൽ ടേബിളിൽ വാച്ച് അഴിച്ചു വെക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി.... അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു മുഖവും വീർപ്പിച്ചു കൊണ്ട് സങ്കടം മറക്കാൻ കഷ്ടപ്പെട്ടു നിൽക്കുന്ന നിലയെ... അവന്റെ ഉള്ളിൽ ചിരി പൊട്ടി.... "ന്താ കൊച്ചേ... " "ന്നെ ഒന്ന് കൊണ്ടോവോ..." ദയനീയമായ ചോദ്യം....

അവൻ ചുണ്ടിലെ പുഞ്ചിരി മറക്കാതെ തന്നെ ഇല്ല എന്ന് തലയാട്ടി... "സത്യായിട്ടും ഞാൻ ശല്യം ഒന്നും ചെയ്യില്ല.... " "അതിന് നീ എപ്പോഴാ ശല്യം ചെയ്തത്... ആ വാ പോലും ഒന്ന് തുറക്കുന്നത് വല്ലപ്പോഴുമാ..." അവന്റെ വാക്കുകൾക്ക് ബധിൽ എന്ന പോൽ അവളുടെ ചുണ്ടുകൾ കൂർത്തു... "ന്ന ഞാൻ മിണ്ടിക്കോളാം....അപ്പൊ കൊണ്ടോവോ...." അവളുടെ ചോദ്യം കേട്ടു അറിയാതെ തന്നെ അവൻ ചിരിച്ചു പോയി... ഉള്ളിൽ കുഞ്ഞ് ആനന്ദം.... "ന്റെ നില കൊച്ചേ.... " അവന്റെ വിളിയിൽ അവൾ ഒന്ന് കണ്ണ് വിടർത്തി അവനെ നോക്കി... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ മെല്ലെ തട്ടി... "അപ്പൊ നിനക്ക് ഒറ്റയ്ക്ക് പോയി പഠിക്കണ്ടെ..." "അത് ഞാൻ വേറൊരു ദിവസം പഠിച്ചോളാം.... "

അവളുടെ മറുപടിക്ക് അവൻ ഒന്ന് തലയാട്ടി... അവളുടെ നിഷ്കളങ്കതയിൽ ഉള്ളിൽ തോന്നിയ കുഞ്ഞ് വാശി പോലും അലിഞ്ഞു ഇല്ലാതായി പോകുന്നുണ്ടായിരുന്നു.... അവളുടെ ചുണ്ടിലും ഒരു കുഞ്ഞ് പുഞ്ചിരി തങ്ങി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഞാൻ വല്ലാതെ നോവിക്കുന്നുണ്ടോ അച്ചേട്ടാ.... " ഉറക്കം കണ്ണുകളെ തലോടുമ്പോൾ ആണ് നിലയുടെ ചോദ്യം.... ഹർഷന്റെ ഉള്ളിലൂടെ ഒരു നിമിഷം ഒരു പിളർപ്പ് കടന്ന് പോയി... ഉള്ളിന്റെ ഉള്ളിൽ നോവ് തന്നെയാണ്.... പക്ഷെ ഒരിക്കലും അവളിലേക്ക് ആ നോവിനെ തുറന്ന് വിടാൻ അവന് കഴിയുമായിരുന്നില്ല.... അവള് കുഞ്ഞല്ലേ എന്ന ചിന്ത മാത്രം പ്രണയത്തേ പോലും ബേധിച്ച് ഹൃദയത്തിലെക്ക് കടന്ന് വന്നു.... "അച്ചേട്ടാ.... "

മറുപടി പ്രതീക്ഷിച്ചത് കാരണം ആകാം വീണ്ടും വിളിച്ചത്... "നില കൊച്ചേ.... ഇങ്ങനെയുള്ള വേണ്ടാത്ത ചോദ്യം നിർത്തി... ഉറങ്ങാൻ നോക്ക്.... " അവൻ കണ്ണുകൾ അടച്ചു തന്നെ പറഞ്ഞു... "നിക്ക് അറിയാം നോവിക്കുന്നുണ്ട് എന്ന്.... എല്ലാരും ന്നോട് പറയുന്നതിന്റെ അർത്ഥം ഒക്കെ നിക്ക് മനസ്സിലാകും അച്ചേട്ടാ.... " ആ ഒരു വാക്കിൽ അവൻ ഒന്ന് ഞെട്ടിയിരുന്നു.... ഹൃദയമിഡിപ്പ് വർധിച്ചു.... അവൻ കയ്യെത്തിച്ച് ലൈറ്റ് ഇട്ടതും കണ്ടു തന്നിലെക്ക് നോട്ടവും എറിഞ്ഞു കണ്ണുകൾ നിറച്ച് കൊണ്ട് കിടക്കുന്ന നിലയെ.... "കൊച്ചേ.... " "ന്തിനാ അച്ചേട്ടാ.... ന്നോട് ഒന്നും പറയാതിരുന്നെ...അമ്മ പറഞ്ഞപ്പോൾ അല്ലേ ഞാൻ അറിഞ്ഞേ.... ഇങ്ങനെ നോവുന്നുണ്ട്... ന്ന്... അറിഞ്ഞപ്പോൾ.... "

അവൾക്ക് ബാക്കി പറയാൻ പോലും ആകുന്നുണ്ടായിരുന്നില്ല... കരച്ചിൽ ചീളുകൾ വാക്കുകൾക്ക് മുൻപേ പുറത്തേക്ക് വന്നു... അവന്റെ ഉള്ളം നൊന്തു.... തെറ്റാണോ ചെയ്തത്...ഉള്ളിൽ തോന്നിയ മോഹം അത് ഇത്രമാത്രം അവളെ വേദനിപ്പിക്കും എന്ന് കരുതിയില്ല.... "നില കൊച്ചേ.... ഞാൻ.... " "ന്തിനാ ന്നെ ഇങ്ങനെ സ്നേഹിക്കുന്നെ....നില ആർക്കും വേണ്ടാത്തവൾ അല്ലേ.... എല്ലാർക്കും വേദനയല്ലേ.... അച്ചേട്ടനെ പോലും വേദനിപ്പിച്ചിട്ടല്ലേ ഒള്ളൂ.... പിന്നെ ന്തിനാ...." അവളുടെ കവിളുകളിലെ കണ്ണുനീർ തുടക്കാൻ ആഞ്ഞ കൈകൾ ബലമായി പിടിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് അവന് ഒരു ഉത്തരം ഉണ്ടായിരുന്നില്ല.... അവനിലെ മൗനം അവളിലെ തേങ്ങലിനെയും ഉയർത്തി....

അവൻ മെല്ലെ അവളുടെ കവിളിൽ ഒന്ന് തലോടിയതും അവൾ ഒന്ന് അവനിലേക്ക് നിറഞ്ഞ കണ്ണുകൾ അയച്ചു... അവൻ മൗനമായി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു....പക്വത ഏറിയവന്റെ മൗനമായ പ്രണയം.... "നില കൊച്ച് അതൊന്നും ഓർത്ത് കിടക്കേണ്ട....എല്ലാം ശരിയാകും ന്ന് കരുതിയാൽ മതി... " "നിക്ക് കുറച്ചു സമയം തരോ... അച്ചേട്ടാ.... " സങ്കടത്തിന്റെ അങ്ങേ പുറത്തുള്ള അവളുടെ ചോദ്യം.... അവൻ ഒന്ന് പുഞ്ചിരിച്ചു... "ന്തിനാ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ ആണോ... അതാ ഞാൻ പറഞ്ഞേ... ഒന്നും ആലോചിക്കണ്ടാ എന്ന്.... ഉറങ്ങാൻ നോക്ക്...അച്ചേട്ടന് ഒരു വിഷമോം ഇല്ല.... " അവളുടെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു...

അവളിലെ വേദന വിട്ടകന്നിട്ടില്ല എന്ന് അവനും ബോധ്യം ഉണ്ടായിരുന്നു.... "ഞാനെ പുറത്ത് സോഫയിൽ കിടന്നോളാം... നില കൊച്ചു ഉറങ്ങാൻ നോക്ക്... " നിലത്ത് വിരിച്ച ബെഡ്ഷീറ്റും പുതപ്പും എടുത്തു കൊണ്ട് അവൻ പറഞ്ഞതും അവൾ ഉണ്ട കണ്ണുകളിൽ വെള്ളം നിറച്ചു കൊണ്ട് അവൾ ഒരു നിമിഷം അവനെ നോക്കി.... "ന്നോട് പിണങ്ങി പോവാണോ... !!?" " അല്ലടി കൊച്ചേ.... ഇവിടെ കിടന്നാൽ രണ്ടാളേം ഉറക്കം പോകത്തേ ഒള്ളൂ.... " അവൻ കുഞ്ഞ് ചിരിയോടെ പറഞ്ഞു... "ന്ന....ഞാനും വരും... " പുതപ്പ് വലിച്ചു കയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് മിഴിച്ചു നോക്കി.... "സോഫയിൽ കിടക്കാനോ... പിന്നെ ഞാൻ ന്തിനാ പോണേ... "

ചിരി കടിച്ചു പിടിച്ചു കൊണ്ടുള്ള അവന്റെ ചോദ്യത്തിന് അനുസരിച്ച് അവളുടെ മുഖവും വീർത്തു വന്നു.... "നിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ.... ദേഷ്യം ഇല്ല എങ്കിൽ അച്ചേട്ടൻ ന്തിനാ പോണേ.... " അവളുടെ ചോദ്യത്തിന് മറുപടി എന്നോണം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... "നിക്ക് പേടിയാ കൊച്ചേ.... ഞാൻ ഇവിടെ കിടന്നാൽ നീ ഉറങ്ങാതെ ഓരോന്ന് പറയാൻ നിൽക്കും... അവസാനം നേരം വെളുത്തു നോക്കുമ്പോൾ മോന്ത മത്തങ്ങ കണക്കെ ആയിട്ടുണ്ടാകും...

കരയിക്കില്ല എന്ന് കരുതി കെട്ടിയിട്ട് ഇപ്പോൾ നിന്നെ ഏറ്റവും കൂടുതൽ കരയിക്കുന്നത് ഞാനാണോ എന്നാ പേടി... " അവന്റെ സംസാരത്തിലെ സങ്കടം അറിഞ്ഞു കൊണ്ട് തന്നെ അവൾ ഇരു കൈകൾ കൊണ്ടും മുഖം അമർത്തി തുടച്ചു... "ഇനി ഞാൻ കരയത്തില്ല....അച്ചേട്ടൻ ഇവിടെ കിടന്നോ..." കൊച്ച് കുഞ്ഞിനെ പോലുള്ള അവളുടെ സംസാരം കേട്ടു അവന് ചിരി വരുന്നുണ്ടായിരുന്നു.... അടുപ്പമുള്ളവരോട് മാത്രം അവൾ കാണിക്കുന്ന കുഞ്ഞ് കുഞ്ഞ് ചേഷ്ടകൾ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story