അറിയാതെ: ഭാഗം 14

ariyathe

രചന: THASAL

"അവനുണ്ടേൽ നല്ല രസവാ....അമ്മാ... അമ്മാ എന്നും വിളിച്ചു പിന്നിൽ നിന്നും മാറില്ല....ഞാൻ ഒറ്റയ്ക്ക് ആകുംന്നും പറഞ്ഞു ഇരുട്ടി തുടങ്ങും മുന്നേ തന്നെ വീട്ടില് എത്തും... നിക്ക് ആകെ ഉള്ളവൻ അല്ലേ.... ചെറുപ്പം തൊട്ടേ കണ്ടു വളർന്നത് കൊണ്ടാകും ന്റെ കുട്ടിക്ക് അതെല്ലാം അറിയാം.... " ഉമ്മറ തിണ്ണയിൽ ഇരുന്നു കഥ പറയുന്ന അമ്മയിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് താടിയിൽ കയ്യൂന്നി നിലത്ത് തന്നെ ഇരിക്കുകയായിരുന്നു നില...... ഹർഷനെ ഓർത്ത് അമ്മയുടെ ഉള്ളിൽ അഭിമാനം മാത്രമേ ഒള്ളൂ... ഒരു കുഞ്ഞ് നോവു പോലും അവനാൽ ആർക്കും നൽകിയിട്ടില്ല എന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു... എന്നാൽ താനോ... !!?... ഈ ജീവിതം പോലും ഒരുപാട് പേരുടെ നോവാണ്...

എന്തോ അമ്മയുടെ വാക്കുകളിലൂടെ ഹർഷനെ അറിയാൻ അവൾക്ക് കൊതി തോന്നി.... താൻ കണ്ട അച്ചേട്ടനിൽ നിന്നും ഒരുപാട് മാറി കുസൃതികൾ നിറഞ്ഞ ഒരു അച്ചേട്ടൻ ആണ് അവൻ വീട്ടിൽ എന്ന് അവൾക്ക് തോന്നിയിരുന്നു... അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി തങ്ങി... "ന്റെ കൊച്ചന് രണ്ട് വയസ്സ് ഉള്ളപ്പോഴാ അവന്റെ അച്ഛൻ മരിക്കുന്നെ.... അവനെ പോലെ തന്നെ ആയിരുന്നു അച്ഛനും... രൂപം കൊണ്ടും സ്വഭാവം കൊണ്ടും... സ്നേഹിച്ചാൽ എന്തും കൊടുക്കുന്ന സ്വഭാവാ.... " എന്തോ ഓർത്ത കണക്കെ അവർ ചിരിക്കുന്നുണ്ട്... അവളും മൗനമായി അവരുടെ വാക്കുകളെ ശ്രവിച്ചു.... ഗേറ്റ് കടന്ന് വരുന്ന ബൈക്കിന്റെ ശബ്ദം ആണ് അവരിൽ നിന്നും അവളുടെ കണ്ണുകളെ വേർപെടുത്തിയത്...

അവൾ മെല്ലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... ഹർഷൻ ബൈക്ക് നിർത്തി ഹാൻഡിൽ തൂക്കിയ കവർ എടുത്തു ചെറു പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നടന്നു... "ന്റെ ഹർഷ... വീട്ടില് രണ്ട് പെണ്ണുങ്ങൾ മാത്രമേ ഒള്ളൂ എന്ന ബോധം നിനക്ക് ഇല്ലേ.... അല്ലേൽ തന്നെ ഉത്തരവാദിത്തം എന്ന് പറയണ സാധനം നിനക്ക് ഇല്ലല്ലോ.... " അമ്മയുടെ പരാതി കേട്ടു നില അന്തം വിട്ട് കൊണ്ട് അമ്മയെ നോക്കി.... ഇത് വരെ മകന്റെ നന്മ പറഞ്ഞ അമ്മയാണ്... അമ്മ കണ്ണിറുക്കി കൊണ്ട് ചിരിച്ചു കാണിച്ചു... അവൾക്കും ചിരി പൊട്ടിയിരുന്നു.... ചുണ്ടിൽ ഊറിയ ചിരി ഒളിപ്പിച്ചു കൊണ്ട് അവൾ ഹർഷന്റെ നേരെ തിരിഞ്ഞു... ഹർഷൻ പുഞ്ചിരിയോടെ കയ്യിലെ കവർ അവളെ ഏൽപ്പിച്ചു അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് ഉള്ളിലേക്ക് നടന്നു.... "വീട്ടില് ഒരു ജാൻസി റാണി ഇരിക്കുമ്പോൾ എനിക്ക് പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ അമ്മേ....... "

അമ്മയുടെ താടി തുമ്പിൽ പിടിച്ചു കൊഞ്ചിച്ചു പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നവന് പിന്നാലെ ഓരോന്ന് പറഞ്ഞു നടന്നു പോകുന്ന അമ്മയെ നില നോക്കി നിന്നു... അമ്മയും മകനും തമ്മിൽ വലിയ ബന്ധമാണ്..... ആരെക്കാളും ഏറെ പരസ്പരം മനസിലാക്കുന്നുണ്ട് അവർ.... "നില കൊച്ചേ... ഇങ്ങ് കയറി പോര്... " ഉള്ളിൽ നിന്നും ഹർഷന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്... അവൾ ചമ്മിയ ചിരിയുമായി ഉള്ളിലേക്ക് നടന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "അച്ചേട്ടാ.... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... " അവന് നേരെ തിരിഞ്ഞു കിടന്നു കൊണ്ടുള്ള നിലയുടെ ചോദ്യത്തിൽ ഹർഷൻ കണ്ണ് തുറന്ന് കൊണ്ട് അവളെ ദയനീയമായി നോക്കി... "ഈ രാത്രി ഓരോന്ന് ആലോചിച്ചു കിടക്കാതെ ഉറങ്ങിക്കൂടെ എന്റെ കൊച്ചേ...." ഹർഷന്റെ ചോദ്യത്തിൽ അവളുടെ മുഖം ഒന്ന് വാടി... അത് അറിഞ്ഞ പോലെ ഹർഷൻ പുഞ്ചിരിയോടെ കൈ നീട്ടി അവളുടെ കവിളിൽ ഒന്ന് തട്ടി...

"നീ ചോദിക്ക്... " "അച്ചേട്ടന് വിഷമാവോ...!!?" "അച്ഛനെ പറ്റിയാണോ.... !!?" അവളുടെ ചോദ്യം എന്താണെന്ന് അവന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല.... അവൾ മെല്ലെ ഒന്ന് തലയാട്ടി..... ചോദിക്കാൻ ഒരു പേടി ആയിരുന്നു.... ഹർഷൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈകൾക്ക് മീതെ തല വെച്ചു കറങ്ങുന്ന ഫാനിലേക്ക് നോട്ടം തിരിച്ചു... "എനിക്ക് കണ്ട ഓർമ്മയില്ല.... എന്റെ രണ്ടാം വയസ്സിലാ ആള് പോയത്.....എന്തോ വലിയ എന്തോ അസുഖം ആയിരുന്നു എന്നോ....ആരോടും പറഞ്ഞില്ല എന്നോ എന്തൊക്കെയോ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... " അവന്റെ വാക്കുകൾ ശാന്തമായിരുന്നു... അവൾ ചെരിഞ്ഞു ഡിം ലേറ്റിന്റെ വെളിച്ചത്തിൽ അവനെ നോക്കി കിടന്നു....

"അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു.... അമ്മയുടെ വീട്ടുകാർക്ക് ആദ്യമേ ഞങ്ങളോട് താല്പര്യം ഇല്ലായിരുന്നു എങ്കിലും അച്ഛൻ മരിച്ചതോടെ അച്ഛന്റെ വീട്ടുകാരും കൈ ഒഴിഞ്ഞു... ബാധ്യത ആകോ എന്ന് പേടിച്ചിട്ട് ആയിരിക്കും.... അവിടുന്ന് ഇറങ്ങുമ്പോൾ അമ്മക്ക് ആകെ ഉള്ളത് കൈ പിടിക്കാൻ ഞാനും വയറ്റിൽ അച്ഛൻ സമ്മാനിച്ച ഒരു കുഞ്ഞ് തുടിപ്പും മാത്രമായിരുന്നു.... " അവന്റെ കണ്ണുകൾ മെല്ലെ നിറയാൻ തുടങ്ങി... അവൾക്ക് ഉള്ളിൽ ഒന്ന് ആളി.... "അമ്മ.... !!?" "മ്മ്മ്... ഒരാള് കൂടെ ഉണ്ടായിരുന്നു.... അമ്മയുടെ കഷ്ടപാട് കൊണ്ട് ഒരു കുഞ്ഞ് വീട് തരപ്പെട്ടു....ആരൊക്കെയോ ചേർന്നു അമ്മക്ക് ഒരു ജോലിയും വാങ്ങി കൊടുത്തു.... തരക്കേടില്ലാതെ ജീവിച്ചു പോകുമ്പോൾ ആണ് ഞങ്ങൾക്കിടയിലേക്ക് അവള് കയറി വന്നത്... എനിക്ക് ഇപ്പോഴും ഓർമയുണ്ട്.... കുഞ്ഞ് മുഖം ആയിരുന്നു......ഒരു കുഞ്ഞ് പെണ്ണ്....

പക്ഷെ ആ സന്തോഷവും നിലക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല.....ഒരു വയസ്സ് തികയാൻ ദിവസങ്ങൾ ഉള്ളപ്പോൾ ഒരു ശ്വാസം മുട്ടൽ അതിൽ തീർന്നു എല്ലാം..... ഒരു തുള്ളി ശ്വാസത്തിന് ന്റെ അടുത്ത് കിടന്ന ന്റെ കുട്ടി പിടഞ്ഞത്.....അന്നത്തെ നാല് വയസ്സ് കാരന് എന്ത് ചെയ്യാൻ കഴിയും.... കുറെ കരഞ്ഞു... അമ്മയെ വിളിച്ചു.....അമ്മ വന്നപ്പോഴേക്കും....." കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞു തൂവി....അത് ചെന്നിയിലൂടെ ചെവി ഇടുക്കിലേക്ക് ഒഴുകുന്നത് നില കാണുന്നുണ്ടായിരുന്നു... ആദ്യമായി അവന്റെ കണ്ണുനീർ കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ.... "അമ്മയും അതോടെ തളർന്നു പോയി.... മുന്നിൽ വെച്ചു നീട്ടിയ ഒന്ന് പാതി വഴിയിൽ തട്ടി എറിയുമ്പോൾ ഉള്ള വേദനയില്ലേ അത് തന്നെ.... പിന്നെ എനിക്ക് വേണ്ടിയുള്ള ജീവിതം ആയിരുന്നു..... എന്നെ പഠിപ്പിക്കാനും മറ്റുമായുള്ള ഓട്ടപാച്ചിൽ.....

ഇന്ന് കാണുന്ന ജീവിതം എനിക്ക് മുന്നിൽ ഉണ്ടെങ്കിൽ അതിനൊരു കാരണം എന്റെ അമ്മയാ.... ഇപ്പോഴും വേദനിക്കുന്നുണ്ട്.... അച്ഛനെ ഓർത്തും... നൊന്തു പ്രസവിച്ച മോളെ ഓർത്തും......." അവൻ കണ്ണുകൾ മെല്ലെ അടച്ചു.... ഉള്ളിൽ എന്തോ കുത്തുന്ന നോവ്....ഓർമയിൽ നിന്നും പാതിയും മാഞ്ഞു പോയിട്ടുണ്ട് എങ്കിലും അമ്മയുടെ ആ കണ്ണുനീർ മാഞ്ഞു പോകുന്നില്ല....... കൺതടത്തിൽ എന്തോ തണുപ്പ് തോന്നിയപ്പോൾ അവൻ മെല്ലെ കണ്ണുകൾ തുറന്നു.... കൈകൾ എത്തിച്ചു നില അവന്റെ കൺകളിൽ പറ്റിയ കണ്ണുനീർ തുടച്ചു നീക്കുകയായിരുന്നു..... അവൻ ഒന്ന് തല ചെരിച്ചു നോക്കി... ആ മങ്ങിയ വെളിച്ചത്തിലും പെണ്ണിന്റെ ഉണ്ട കണ്ണുകളിലെ നനവ് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു.....

"അയ്യേ.... നീ കരയാ...." അവൻ അവളെ സമാധാനിപ്പിക്കും കണക്കെ അവളുടെ കവിളിൽ ഒന്ന് കൈ ചേർത്ത് കൊണ്ട് പറഞ്ഞതും അവൾ മൂക്ക് വലിച്ചു കൊണ്ട് ഇല്ല എന്ന് തലയാട്ടി കൊണ്ട് അവന്റെ കയ്യിൽ ഒന്ന് പിടുത്തമിട്ടു.... "അച്ചേട്ടൻ ഇനി കരയല്ലേട്ടൊ.... " ഉള്ളിലെ നോവിനാൽ ശബ്ദം ഒന്ന് ഇടറി...അവൻ പുഞ്ചിരിയോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "നിക്ക് ഒറ്റയ്ക്ക് ആകും പോലെ തോന്നുമ്പോൾ ന്തേലും സംസാരിക്കാൻ വേണ്ടി ചോദിച്ചതാ.... അത് അച്ചേട്ടനെ ഇത്രേം വേദനിപ്പിക്കുംന്ന് അറിഞ്ഞില്ല.... സോറി... " ഉള്ളിൽ കുത്തുന്ന നോവ്....കുറ്റബോധം.... അവൾ ഉരുകി തീരും പോലെ തോന്നി....അവൻ ഒന്ന് മന്ദഹസിച്ചു.... "ഉള്ളിൽ അടക്കി പിടിക്കുമ്പോൾ ആണ് നില കൊച്ചേ കൂടുതൽ നോവുന്നത്....

എനിക്ക് ഇത് വരെ ഇതെല്ലാം പറയാനും കരയാനും സ്വന്തമായി ആരും ഇല്ലായിരുന്നു... ആകെ ഉണ്ടായിരുന്ന അമ്മയോട് പറയാനും കഴിയുമായിരുന്നില്ല.... ഇപ്പോൾ നീ ഉണ്ടല്ലോ.... " അവന്റെ വാക്കുകളിൽ പ്രതീക്ഷ ആയിരുന്നു... "മോഹിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല.....നിന്നെക്കാൾ പ്രായവും ഒരുപാട് കൂടുതലാ... പക്ഷെ... സ്വന്തമാണ് എന്ന ഒരു തോന്നൽ വന്നു പോയി... " അവൻ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു... അവളുടെ ശരീരം ഒരു നിമിഷം വിറച്ചു....അവൾ മൗനമായി കണ്ണുകൾ അടച്ചു.... "ഉള്ളം കൊണ്ട് എങ്കിലും സ്വന്തമായി കരുതിക്കോട്ടേ.... !!?" വേദനക്കിടയിലും പ്രതീക്ഷകൾ ചാലിച്ച ഹർഷന്റെ ചോദ്യം.... അവൾ ഒരു നിമിഷം കണ്ണുകൾ തുറന്ന് നോക്കി....

തന്നെയും നോക്കി കിടക്കുകയായിരുന്നു അവൻ.... അവൾ മെല്ലെ മറുവശം മുഖം ചേർത്ത് കിടന്നു... "നിക്കും സ്വന്തമെന്ന് പറയാൻ അമ്മേം അച്ഛയും അല്ലാതെ ങ്ങളല്ലേ ഒള്ളൂ അച്ചേട്ടാ.... ന്റെ സങ്കടങ്ങൾ പറയാൻ.... " ചോദ്യത്തിനൊരു മറു ചോദ്യം... അതിൽ ഉണ്ടായിരുന്നു അവളുടെ മറുപടിയും....അവൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി മറുവശത്തേക്ക് ചെരിഞ്ഞു കിടന്നു.... അവൾക്ക് അറിയാമായിരുന്നു അവന്റെ ഉള്ളിലെ നോവ്....കൂടുതൽ അടുക്കാൻ ഉള്ളം കൊതിക്കുന്നുണ്ട്.... പക്ഷെ ഹൃദയം വീണ്ടും ഒരു വേദന കൂടി താങ്ങില്ല... അതിന് പുറമെ അവന് താൻ ചേർന്നവൾ അല്ല എന്ന അപകർഷതാ ബോധവും.... അച്ചേട്ടൻ തന്റെ ഭാഗ്യമാണ് എന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു....

പക്ഷെ ആ മനുഷ്യനെ എന്തോ ആ സ്ഥാനത്തേക്ക് പൂർണമായും പ്രതിഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല.... അച്ചേട്ടന്റെ മുന്നിൽ താൻ ഇപ്പോഴും ആ കുഞ്ഞ് പെണ്ണ് ആയി മാറുകയാണ്... "കൊച്ചേ.... ഉറങ്ങിക്കോ... " ഇടക്ക് കേൾക്കുന്ന ശബ്ദത്തിൽ പ്രണയത്തേക്കാൾ ഭാര്യ എന്ന പതവിയെക്കാൾ മുന്നിട്ടു നിന്നത് പഴയ വാത്സല്യം തന്നെ ആയിരുന്നു.... ഹൃദയങ്ങൾ പരസ്പരം അടുക്കാൻ വെമ്പുമ്പോഴും അദൃശമായ എന്തോ ഒന്ന് അവർക്കിടയിൽ മറ തീർത്തു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്നേം... ചേർത്തിട്ടുണ്ട്....പക്ഷെ നീ വരണ കാര്യം ന്നോട് പറഞ്ഞില്ലല്ലോ.... " ഹർഷന്റെ ഫോണിൽ ശ്രീക്കുട്ടിയെ കട്ടുള്ള വിളിയിൽ ആണ് നില... ഇടയ്ക്കിടെ പറമ്പിൽ വന്നു നിൽക്കുന്ന പെട്ടിഓട്ടോയിൽ പച്ചക്കറി കയറ്റുന്ന ഹർഷനെ ഒന്ന് നോക്കും.....അവന്റെ നോട്ടം എത്തും മുന്നേ ജനൽപാളിക്ക് പിന്നിൽ മറഞ്ഞു നിൽക്കും....

ഹർഷൻ പിന്നെയും പണി എടുക്കാൻ വന്ന കുഞ്ഞ് ചെക്കന്റെ തലയിൽ ഒന്ന് മേടി ഓരോന്ന് കാണിച്ചു കൊടുക്കുമ്പോഴും കൊട്ടയിൽ പച്ചക്കറികൾ കയറ്റി വെക്കുമ്പോഴും അവളുടെ നോട്ടം കള്ള തരത്തിൽ അവനിൽ പതിയും... "മനുവേട്ടൻ ആണ് ശരിയാക്കിയത് എന്നാ ന്നോട് പറഞ്ഞത്.....ആണോ... ന്ന നമുക്ക് ഒരുമിച്ച് പോകാം....." അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ട് ജനലിലൂടെ വീണ്ടും ഹർഷനെ തിരഞ്ഞതും പറമ്പിൽ അവനെ കാണാതെ വന്നതോടെ അവൾ ഒരു സംശയത്തോടെ ജനലിനോട് ചേർന്നു നിന്നു ചുറ്റും ഒന്ന് പരതി... "അയ്യോ... ഇത് എവിടെ പോയി... " ഉള്ളിലെ ആധി കുഞ്ഞ് ശബ്ദത്തോടെ പുറത്തേക്ക് വന്നതും ആരോ പെട്ടെന്ന് ജനലിനപ്പുറം പൊങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു.... "അമ്മേ... "

പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി... ചിരിച്ചു കൊണ്ട് ഇരു കയ്യും പിണച്ചു നെഞ്ചിൽ കെട്ടി നിൽക്കുന്ന ഹർഷനെ കണ്ടതും ഒരു നിമിഷം കൊണ്ട് തന്നെ പേടി പരിഭവമായി മാറിയിരുന്നു... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... "എന്താടി.... ന്റെ ഫോണിൽ എന്താ പരിപാടി..." അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് പതറി... കയ്യിലെ ഫോണിലേക്ക് ഒന്ന് നോക്കി കൊണ്ട് വേഗം തന്നെ കാൾ കട്ട്‌ ചെയ്തു വെപ്രാളത്തിൽ ചുമല് ഒന്ന് കൂച്ചി... "പിന്നെ എന്തിനാ ഫോൺ എടുത്തെ... !!?" ചുണ്ടിലെ ചിരി മറച്ചു പിടിച്ചു ഗൗരവം കലർത്തിയ അവന്റെ ചോദ്യം... അവൾ യാതൊന്നും മൊഴിയാതെ ഉണ്ട കണ്ണുകൾ നാല് പാടും ചലിപ്പിച്ചു അവനെ നോക്കി കൊണ്ട് തന്നെ കയ്യിലെ ഫോൺ ബെഡിലേക്ക് വെച്ചു കൊണ്ട് ഒറ്റ ഓട്ടം ആയിരുന്നു ഉള്ളിലേക്ക്.... അവളുടെ പോക്ക് കണ്ടു അവൻ ചിരിച്ചു പോയി... "ഇവളെ കൊണ്ട്.... "

അവൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഒരു വേള ബെഡിൽ കിടന്നിരുന്ന ഫോണിലേക്ക് കണ്ണുകൾ പോയി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "മോളെ.... ആ പാത്രം ഒന്ന് കഴുകി വെക്കോ.... ആ ചെക്കൻ മുറ്റം നിറച്ച് ഓല തുന്ന് കൊണ്ട് ഇട്ടു വെച്ചിട്ടുണ്ട്.... ഞാൻ അതൊക്കെ ഒന്ന് അടിച്ചു വാരട്ടെ.... " അടുക്കളയുടെ പുറത്ത് നിന്നും അമ്മയുടെ വാക്കുകൾ... നില മൗനമായി തന്നെ ദാവണി ശീല ഇടുപ്പിൽ കുത്തി മുടി ഒന്ന് മുകളിലേക്ക് കെട്ടി വെച്ചു കൊണ്ട് അടുക്കളയിൽ പരന്നു കിടക്കുന്ന ഓരോ പാത്രങ്ങളും സിങ്കിലേക്ക് ഇട്ടു കൊണ്ട് കഴുകാൻ തുടങ്ങി.... "ഒന്ന് മാറ് എന്റെ അമ്മേ... കഴിഞ്ഞ തവണ മുട്ട് വേദന എന്നും പറഞ്ഞു ന്നെ ഒരുപാട് ഇട്ടു ഒടിച്ചതാ.... " പുറത്ത് നിന്നും ഹർഷന്റെ ശബ്ദം എത്തിയിരിരുന്നു... അവൾ മെല്ലെ ജനൽ പാളിയിലൂടെ മുറ്റത്തേക്ക് ഒന്ന് എത്തി നോക്കി.... അമ്മയുടെ കയ്യിൽ നിന്നും ചൂല് പിടിച്ചു വാങ്ങുന്ന ഹർഷൻ....

"ഈ ചെക്കനെ കൊണ്ട്.... ടാ... ഇത് ഞാൻ ചെയ്തോളാം....എനിക്കിപ്പോൾ മുട്ട് വേദന ഒന്നും ഇല്ലല്ലോ... " "ഇപ്പോ അത് പറയും... കിടക്കാൻ നേരം കരയാൻ അല്ലേ.... അങ്ങ് മാറി നിൽക്ക്.... പുറം പണി ഒക്കെ എനിക്ക് അറിയാം.... ടാ...ചെക്കാ.... ആ പച്ചക്കറി വേസ്റ്റ് ബയോ ബിന്നിൽ ഇട്ടാൽ മതി.... " പാതി അമ്മയോട് ആണെങ്കിൽ പാതി അല്പം മാറി പച്ചക്കറി വേസ്റ്റ് ഇടാൻ കുഴി കുത്തുന്ന ചെറിയ ചെക്കനെ നോക്കി അവൻ വിളിച്ചു പറഞ്ഞു.... "ഹർഷേട്ടാ.... ഇത് കൊറേ ണ്ട്.... " "അതിന് അല്ലേടാ... പിന്നാം പുറത്ത് വലിയ ഒന്ന് ണ്ടാക്കി വെച്ചേക്കുന്നേ.... അമ്മ ഒന്ന് കാണിച്ചു കൊടുത്തേ.... " ഹർഷൻ നിർദ്ദേശം കൊടുത്തതും അമ്മ കൈ രണ്ടും തുടച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു...

"ടാ സൈനു.... ആഞ്ഞു കൊത്തടാ.... തടം എടുക്കുന്നത് ഇങ്ങനെ ആണോ... " ചുറ്റും നോക്കി കൊണ്ട് ആരോടെക്കെയോ വലിയ വായിൽ പറയുന്നുണ്ട് അവൻ... കൂടെ തന്നെ മുറ്റം തൂക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്... നില തനിക്കും കേൾക്കോ എന്ന പേടിയിൽ വേഗം തന്നെ പത്രം കഴുകാൻ തുടങ്ങി.... അവൻ എപ്പോഴും അങ്ങനെയാണ്... ചെയ്യുന്ന ജോലി വൃത്തിയായിരിക്കണം എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു... അത് താൻ ആയാലും തനിക്ക് ചുറ്റും ഉള്ളവർ ആണെങ്കിലും.... "കൊച്ചേ... ഒളിഞ്ഞു നോക്കുന്നത് അത്ര നല്ല ശീലം ഒന്നും അല്ലട്ടാ.... " ജനലിൽ ഒന്ന് തട്ടി കൊണ്ടുള്ള ഹർഷന്റെ വാക്കുകൾ.... അവൾ ആകെ നാണം കെട്ട പോലെ കണ്ണുകൾ ഇറുകെ അടച്ചു പോയി... "ഇങ്ങനെ അലറി വിളിച്ചാൽ ആരായാലും നോക്കൂലെ... " അവൻ കേൾക്കാത്ത രീതിയിൽ പരിഭവത്തോടെ ചുണ്ട് കോട്ടി കൊണ്ട് അവൾ മെല്ലെ പിറു പിറുത്തു....പാത്രങ്ങൾ ഉരച്ചു കൊണ്ടിരിക്കുന്നു...

"ഈ അലറൽ ശീലം ആയ്ക്കോളും.... " ചിരിക്കു പുറമെ അവനും തിരികെ മറുപടി പറഞ്ഞപ്പോൾ ആണ് പറഞ്ഞത് കേട്ടു എന്ന് അവൾക്ക് മനസ്സിലായത്... "ന്റെ ഈശ്വരാ... " അവൾ ചമ്മിയ രീതിയിൽ വിളിച്ചു പോയി... "ടാ... നിന്നോടല്ലേ ഞാൻ പറയണേ.... നോക്കീം കണ്ടും ചെയ്യടാ...." പെട്ടെന്നുള്ള അലറലിൽ അവൾ ഒന്ന് വിരണ്ടു...കയ്യിലെ പത്രം അറിയാതെ താഴെ വീണു പോയി.... ആരോടോ ഉള്ള നിർദ്ദേശം ആണ്.... "ന്റെ ഹർഷ.... നീ എന്തിനാടാ... ഇങ്ങനെ അലറി വിളിക്കുന്നത്....അകത്തു ഉള്ളത് പേടിച്ചുന്ന തോന്നുന്നേ.... അവന്റെ ഒരു... " അമ്മയുടെ ചീത്ത കേൾക്കുന്നുണ്ട്.... "നില കൊച്ചേ... " അവൻ മെല്ലെ ഒന്ന് വിളിച്ചു നോക്കി... "നിക്ക് കുഴപ്പല്യാ സീതാമ്മേ... പെട്ടെന്ന് കേട്ടപ്പോൾ ഞെട്ടിയതാ... "

അവൾ നെഞ്ചിൽ കൈ വെച്ചു തടവി കൊണ്ട് പറഞ്ഞു... "ആരായാലും ഞെട്ടുലെ... അത് പോലെ അല്ലേ അവന്റെ ശബ്ദം... നിനക്ക് ഒന്ന് ശബ്ദം കുറച്ചൂടെ.... അല്ലാത്ത സമയത്ത് അടുത്ത് നിന്ന് വർത്തമാനം പറഞ്ഞാൽ പോലും കേൾക്കില്ല... അല്ലേൽ....കാണാ...ആൾക്കാരെ പേടിപ്പിക്കാൻ..... നിന്നോട് ഞാൻ പല തവണ പറഞ്ഞതാ വെടിക്കെട്ട്‌ പോലുള്ള ശബ്ദം ണ്ടാക്കരുത് ന്ന്.... " അവന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു കൊണ്ട് അമ്മ പറഞ്ഞതും അവൻ ചമ്മിയ രീതിയിൽ ഒന്ന് ചിരിച്ചു... പുറം പണിക്ക് വന്ന എല്ലാവരും ചിരിയിൽ ആണ്....ഉള്ളിൽ നിന്നും കുഞ്ഞ് ശബ്ദത്തിൽ ചിരിയുടെ ശബ്ദം കേൾക്കുന്നുണ്ട്... "ന്റെ അമ്മേ വിട്.... "

അവൻ അവരുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു...അമ്മ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു... ഇപ്പോഴും അവൻ അവർക്ക് കുഞ്ഞ് ചെക്കൻ തന്നെ ആയിരുന്നു... വഴക്ക് പറയാനും വേണേൽ രണ്ട് തല്ലു കൊടുക്കാനും തനിക്ക് മാത്രം അവകാശം ഉള്ള തന്റെ കുഞ്ഞ് ചെക്കൻ... "നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... " അവൻ മെല്ലെ ഉള്ളിലേക്ക് എത്തി നോക്കി കൊണ്ട് പറഞ്ഞതും നില ചുണ്ടിൽ ഊറിയ ചിരി കടിച്ചു പിടിച്ചു കൊണ്ട് പാത്രങ്ങളിലേക്ക് ശ്രദ്ധ നൽകി... അവളിലെ പുഞ്ചിരി കാണും തോറും അവന്റെ ചുണ്ടിലും ഒരു കുസൃതി ചിരി പിറന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story