അറിയാതെ: ഭാഗം 15

ariyathe

രചന: THASAL

"അച്ഛ... " ഗേറ്റ് കടന്നു വരുന്ന അച്ഛയെ കണ്ടതും ഉമ്മറത്ത് അമ്മയോടൊപ്പം പത്രം വായിച്ചു ഇരുന്നിരുന്ന നില പതുക്കെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... അമ്മയും പത്രം മടക്കി വെച്ചു എഴുന്നേറ്റു അദ്ദേഹത്തിന് നേരെ ഒരു പുഞ്ചിരി നൽകി കൊണ്ട് മെല്ലെ ഉള്ളിലേക്ക് കയറി നിന്നു.... "ഇതാരാ വന്നിരിക്കുന്നെ.... സഖാവേ കയറി ഇരിക്ക്.... " പുഞ്ചിരിയോടെ അമ്മ പറഞ്ഞതും അച്ഛൻ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന നിലയുടെ നെറുകയിൽ ഒന്ന് തലോടി ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു മറു കയ്യിനാൽ സ്റ്റിക്ക് പിടിച്ചു ഉമ്മറത്തേക്ക് കയറി... അവളും അദ്ദേഹത്തിന്റെ കൈകളിൽ ബലമായി പിടിച്ചിരുന്നു..... "ടാ ഹർഷ.... " അമ്മ പറമ്പിലേക്ക് നോക്കി കൊണ്ട് ഉറക്കെ വിളിച്ചു...

"പറമ്പില് പണിയിലാ.... അവൻ ഇപ്പോ അങ്ങോട്ട്‌ ഇറങ്ങിയതെയൊള്ളു..... " അമ്മ അച്ഛനെ നോക്കി ചിരിയോടെ പറഞ്ഞു... "ഇപ്പോൾ കൃഷിക്ക് പറ്റിയ സമയം അല്ലേ... എനിക്ക് മനസ്സിലാകും അവന്റെ തിരക്ക്... " അദ്ദേഹവും മറുപടി എന്ന പോലെ പറഞ്ഞു.... "അച്ഛ ഒറ്റയ്ക്ക് ഒള്ളൂ... അമ്മയെ കൂടി കൊണ്ട് വരായിരുന്നില്ലേ... " നില അദ്ദേഹത്തേ ഉമ്മറത്തെ കസേരയിൽ ഇരിക്കാൻ സഹായിച്ച് കൊണ്ട് ചോദിച്ചു.... "അമ്മക്ക് ഇന്ന് ഒരു കല്യാണം ഉണ്ട്... നമ്മുടെ തെക്കേലെ കുട്ടിയുടെ.... അല്ലേൽ അമ്മയും വന്നേനെ.... " അവരുടെ സംസാരം കേട്ടു പുഞ്ചിരിയോടെ അമ്മ ഉള്ളിലേക്ക് പോകാൻ ഒരുങ്ങി... "അമ്മ സംസാരിക്ക്.... ഞാൻ ചായ എടുക്കാം... " അത് അറിഞ്ഞ പോലെ നില തന്നെ ഉള്ളിലേക്ക് നടന്നു....

"ഇങ്ങോട്ട് ഇറങ്ങണംന്ന് കുറെ ദിവസായി കരുതുന്നു... കടേൽ തിരക്ക് ഒഴിയണ്ടെ.... " അച്ഛന്റെ വാക്കുകൾ മൗനമായി ചെറു പുഞ്ചിരിയോടെ കേട്ടു നിൽക്കാൻ ആയിരുന്നു നിലക്കും ഇഷ്ടം... "ദാ ഹർഷൻ വന്നല്ലോ... " കയ്യിൽ തൂമ്പയും പിടിച്ചു പറമ്പിൽ നിന്നും വരുന്ന ഹർഷനെ കണ്ടു അമ്മ പറഞ്ഞതും പെട്ടെന്ന് സഖാവിനെ കണ്ടതിന്റെ പകപ്പ് അവന്റെ മുഖത്തും ഉണ്ടായിരുന്നു... അവൻ വേഗം തന്നെ തൂമ്പ ഒന്ന് ഒതുക്കി വെച്ചു.... "സഖാവ് എപ്പോഴാ വന്നേ... " അവന്റെ ചോദ്യത്തിന് അദ്ദേഹം ഒന്ന് ചിരിച്ചു... "ഇപ്പോ വന്നതേ ഒള്ളൂ ഹർഷ... " "പറമ്പില് നിറയെ കാട് പിടിച്ചു കിടപ്പാ....അതൊന്നു വൃത്തിയാക്കുകയായിരുന്നു... ഇപ്പോ വരാട്ടോ സഖാവെ... "

ഉമ്മറത്തേ പൈപ്പിൽ നിന്ന് തന്നെ കയ്യും കാലും മുഖവും എല്ലാം കഴുകി കൊണ്ട് കയറാൻ നിന്നതും അപ്പോഴേക്കും ഉണങ്ങിയ തോർത്തുമായി നില വന്നിരുന്നു.... അവൻ അച്ഛനെ ഒന്ന് നോക്കിയ ശേഷം അവളുടെ കയ്യിൽ നിന്നും അത് വാങ്ങി മുഖം ഒന്ന് തുടച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചാരെ ചെന്ന് ഇരുന്നു.... "ഒറ്റയ്ക്ക് എല്ലാം നോക്കി നടത്തണം ല്ലേ ഹർഷ.... " അദ്ദേഹം പുഞ്ചിരിയോടെ ചോദിച്ചതും ഹർഷനും ഒന്ന് ചിരിച്ചു... "എനിക്ക് ഇതൊന്നും ഭാരമല്ല സഖാവെ.... " അവന്റെ വാക്കുകൾ അദ്ദേഹത്തിൽ അല്പം അഭിമാനം ഉയർത്തി... എന്തും ഒറ്റയ്ക്ക് നേടാം എന്ന് ആത്മവിശ്വാസം ഉള്ളവനെ പുഞ്ചിരിയോടെ നോക്കി കൊണ്ട് മെല്ലെ കണ്ണുകൾ നിലയിലേക്ക് പാഞ്ഞു...

അവളും അച്ഛനെയും ഹർഷനെയും നോക്കി ഇരിക്കുകയായിരുന്നു... ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി തങ്ങിയിരുന്നു.... "ആ... ഞാൻ വന്ന കാര്യം അങ്ങ് വിട്ടു.... ഇന്നലെ സാവിത്രി പറയായിരുന്നു....ഇവളെ കാണാൻ കൊതിയായി തുടങ്ങീന്ന്..... " അച്ഛൻ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു... ഹർഷന്റെ ഉള്ളിൽ ഒരു വിറയൽ.... അവൻ മെല്ലെ തല ഉയർത്തി നിലയെ നോക്കി.... അവൾ അച്ഛനെ നോക്കി ഇരിപ്പായിരുന്നു....എത്ര കണ്ടിട്ടും മതിയാകാത്ത പോലെ.... "ഇവള് കുറച്ചൂസം...അവിടെ വന്നു നിന്നോട്ടെ... ന്താ ഹർഷന്റെ അഭിപ്രായം... " അച്ഛൻ ചോദിച്ചു പൂർത്തിയായതും നിലയുടെ കണ്ണുകൾ തെല്ലു പിടപ്പോടെ ഹർഷനെ നോക്കി...

ഹർഷൻ അപ്പോഴേക്കും നോട്ടം അവളിൽ നിന്നും മാറ്റി കളഞ്ഞിരുന്നു... "അതിന് അവനോട് ന്തിനാ സഖാവെ അഭിപ്രായം ചോദിക്കണേ.... നിലയുടെ സ്വന്തം വീട്ടിലേക്ക് അല്ലേ... പോന്നോട്ടെ... ഇഷ്ടം ഉള്ള അത്രേം നിന്നോട്ടെ... അവനൊരു കുഴപ്പോം ണ്ടാവില്ല... അല്ലേടാ... " അമ്മയുടെ വാക്കുകൾ.... ഹർഷൻ പ്രയാസപ്പെട്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.... അവളുടെ സ്വന്തക്കാരെ കാണാൻ അല്ലേ.... അവൾക്കും ആഗ്രഹം ഉണ്ടാകില്ലേ എന്ന് തലച്ചോർ പറയുമ്പോൾ അവളെ കാണാതെ തനിക്ക് പറ്റുമോ എന്ന് ഹൃദയം പല തവണ അലമുറ ഇട്ടു ചോദിക്കുന്നു.... "നില കൊച്ചിന്റെ ഇഷ്ടം എന്താണോ... അത് നടക്കട്ടെ.... " അവൻ ഒരു ആശ്രയത്തിനെന്ന പോൽ നിലയെ നോക്കി....

അവൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "ഞാൻ... ഞാൻ വരാം അച്ഛേ... " ധൃതി ഏതും കൂടാതെയുള്ള അവളുടെ വാക്കുകൾ.... അവന് ഒരു നിമിഷം വേണ്ടാ എന്ന് പറയാൻ തോന്നി... പക്ഷെ.... ഇതാണ് ശരി... അവൾക്കും ആഗ്രഹം കാണില്ലേ.... ഈ വീട് വിട്ട് മറ്റൊരു വീട്ടിൽ താമസിക്കുമ്പോൾ ഒരു രാത്രി ആണെങ്കിൽ കൂടി താൻ അനുഭവിക്കുന്ന ഒരു അസ്വസ്ഥത ഒരുപാട് നാളായി അവൾ അനുഭവിക്കുന്നതല്ലേ.... "അത് തന്നെയാ നല്ലത്.... ഇനി കോളേജ് തുടങ്ങാൻ പോവല്ലേ... അതിന് മുന്നേ നിന്നിട്ട് വരട്ടെ... " അവനും സമ്മതം കണക്കെ പറഞ്ഞതും നില മെല്ലെ കണ്ണുകൾ ഒരു വേള അവനിലേക്ക് പായിച്ചു.... എന്തെങ്കിലും ഒരു ഇഷ്ടകേട് മുഖത്ത് കാണാൻ അവൾ ഒരു നിമിഷം ആഗ്രഹിച്ച് പോയിരുന്നു....

താലി കെട്ടിയവൻ അല്ലേ....തന്നെ ഇഷ്ടമാണ് എന്ന് പറയാതെ പറഞ്ഞവൻ അല്ലേ....ഹൃദയത്തിൽ കുഞ്ഞ് സ്ഥാനം എങ്കിലും തനിക്ക് നൽകുന്നുണ്ട് എന്ന് പറഞ്ഞവൻ അല്ലേ... പക്ഷെ ആ മുഖത്ത് നിറഞ്ഞ സന്തോഷം മാത്രം ..ഉള്ളിൽ ഒരു വേദന... വീട്ടിൽ പോകാനും അമ്മയുടെയും അച്ഛന്റെയും കൂടെ നിൽക്കാനും കൊതിയുണ്ട്.... പക്ഷെ രാത്രിയിൽ തന്റെ ഉള്ളിലെ നിശബ്ദതയെ ബേധിച്ചു വരുന്ന ഓർമ്മകളെ മായ്ച്ചു കളയാൻ അച്ചേട്ടന് മാത്രമേ സാധിക്കൂ എന്ന് അവൾക്ക് അറിയാമായിരുന്നു.... എപ്പോഴോ ആ മുഖം എന്നെന്നേക്കുമായി ഉള്ളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു... "നില കൊച്ച് എന്ത് നോക്കി നിൽക്കുകയാ.... പോയി ബാഗ് എടുത്തിട്ട് വാ... പോണ്ടേ... " കുസൃതിയിൽ നിറഞ്ഞ ഹർഷന്റെ വാക്കുകൾ...

ഒരു നിമിഷം അവൾ അച്ഛനെ നോക്കി... അച്ഛൻ പുഞ്ചിരിയോടെ തന്നെ നോക്കുന്നുണ്ട്.... അമ്മയെ നോക്കി കണ്ണുകൾ കൊണ്ട് സമ്മതം വാങ്ങി കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു.... കയ്യിൽ കിട്ടിയ വസ്ത്രങ്ങൾ ബാഗിൽ നിറക്കുമ്പോൾ എന്ത് കൊണ്ടോ അവൾക്ക് ഒരു സന്തോഷം ഇല്ലായിരുന്നു.... ഒരുതരം വാശി ഉള്ളിൽ നിറയും പോലെ.... "ന്നെ പറഞ്ഞയച്ചിട്ട് സുഖിച്ചു കിടന്നുറങ്ങാൻ ആകും.... ഞാൻ ശല്യായി കാണും... " ഉള്ളിലെ കുഞ്ഞ് സങ്കടം ചുണ്ടിൽ അടക്കിയ പിറുപിറുക്കലായി അവൾ തീർത്തിരുന്നു... "ദാ ഇത് വെച്ചോ... " പെട്ടെന്ന് പിന്നിൽ നിന്നും ഹർഷന്റെ ശബ്ദം കേട്ടു അവൾ പിടഞ്ഞു തിരിഞ്ഞു... കയ്യിൽ കുറച്ചു ക്യാഷ് നീട്ടി നിൽക്കുകയായിരുന്നു അവൻ...

അവൾ അവനെയും അവന്റെ കയ്യിലെ കാശും മാറി മാറി നോക്കി.... "ന്താ നില കൊച്ചേ വേണ്ടേ... " "മ്മ്മ്ഹും.... ഇത് വരെ ന്നെ നോക്കിയത് ന്റെ അച്ഛയല്ലേ... ഇനിയും നോക്കാൻ ന്റെ അച്ഛക്ക് ആരുടേയും പൈസ ഒന്നും വേണ്ടാ... " സ്വരത്തിൽ കുഞ്ഞ് പരിഭവം ഉടലെടുത്തിരുന്നു... "ഹേ..." അവൻ അത്ഭുതത്തോടെ അവളെ നോക്കി... "മാറങ്ങോട്ട്... " ബാഗും പിടിച്ചു അവനെ തോളു കൊണ്ട് തള്ളി മാറ്റി കൊണ്ട് അവൾ പുറത്തേക്ക് പോകുന്നത് അവൻ അന്തം വിട്ട് കൊണ്ട് നോക്കി നിന്നു... "അങ്ങനെ നിങ്ങൾ ഇപ്പോ സമാധാനത്തിൽ കിടക്കണ്ടാ... " പോയ പോലെ തന്നെ ഉള്ളിലേക്ക് വന്ന പെണ്ണ് തലയണക്കടുത്ത് വെച്ച ഷീറ്റും തലയണയും എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു... "നില കൊച്ചേ..."

അവൻ വിളിച്ചപ്പോൾ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.... ചുണ്ടുകൾ കൂർത്തിരുന്നു... അവൻ ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് കയ്യിലെ കാശ് അവളുടെ ബാഗിൽ ബലമായി വെച്ചു.... "ഇത് എന്റെ അവകാശാ....ന്തേലും ആവശ്യം ണ്ടായാൽ വിളിച്ചാൽ മതി.... ഞാൻ അവിടെ എത്തിക്കോളാം..." പുഞ്ചിരിയോടെ തന്നെ അവൻ പറഞ്ഞതും ഉണ്ട കണ്ണുകൾ വിടർത്തി അവൾ ഒരു നിമിഷം അവനെ നോക്കി... ഉള്ളിൽ ഒരു കുഞ്ഞ് നോവ്... "ഇനി ഞാൻ ന്റെ സങ്കടം ആരോടാ പറയാ..." ഉള്ളിലെ സങ്കടം അത് പോലെ തന്നെ പുറമെ പ്രകടിപ്പിക്കുന്നവളോട് അവന് ഇഷ്ടം തോന്നി...ചുണ്ടിൽ കുഞ്ഞ് ഒരു പുഞ്ചിരി നിറഞ്ഞു... "ന്ന പോവണ്ട... " "അത് പറ്റത്തില്ല... നിക്ക് ന്റെ അമ്മയെ കാണണം... "

"എന്നാ പൊക്കോ... " "അയ്യോ... ആകെ കുഴപ്പം ആയല്ലോ... " നഖം കടിച്ചു കൊണ്ട് നിൽക്കുന്ന പെണ്ണിന്റെ തലയിൽ അവൻ മെല്ലെ ഒന്ന് മേടി.... "നില കൊച്ച് പോയിട്ട് വാ... അച്ഛയും അമ്മയും ഒരുപാട് കൊതിച്ചു വിളിച്ചതല്ലേ... ന്ത്‌ സങ്കടം ണ്ടായാലും കേൾക്കാൻ ഇവിടെ ഞാൻ ണ്ടാകും... " അവൻ പുഞ്ചിരിയോടെ പറഞ്ഞു...അവളുടെ കണ്ണുകൾ ഒരു വേള നിറഞ്ഞു... പ്രണയം അല്ല... സ്നേഹമാണ് ഈ മനുഷ്യനോട്... ആരാധനയാണ്.... എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കാൻ കഴിയുന്നവനോട് അസൂയയാണ്.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്ന... ഞങ്ങൾ ഇറങ്ങേട്ടൊ.... " പതർച്ചയോടെ കാലടികൾ വെച്ച് കൊണ്ട് അച്ഛൻ ഇറങ്ങുമ്പോൾ ആ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് തന്നെ അവളും ഇറങ്ങി...

ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ട് അമ്മയോട് സമ്മതം വാങ്ങി... കണ്ണുകൾ മാറ്റും മുന്നേ കണ്ടു പുഞ്ചിരിയോടെ തന്നെ നോക്കുന്ന അച്ചേട്ടനെ.... ഉള്ളിൽ കുഞ്ഞ് നോവ്...പൊട്ടു പോലെ.... അവൾ മെല്ലെ തിരിഞ്ഞു നടന്നു... "കാലേലൊക്കെ നീര് കെട്ടിയിട്ടുണ്ടല്ലോ അച്ഛേ....കുഴമ്പ് ഒന്നും ഇടാറില്ലേ.... " ഇടക്ക് ശബ്ദം താഴ്ത്തി എന്നാൽ അധികാരത്തോടുള്ള നിലയുടെ വാക്കുകൾക്ക് മുന്നിൽ ആ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു.... "ന്റെ വൈദ്യരെ ഞാൻ കെട്ടിച്ചു പറഞ്ഞയച്ചില്ലേ... അതോണ്ട... " അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ കുഞ്ഞു പുഞ്ചിരി നൽകുകയായിരുന്നു അവൾ... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "അച്ചേട്ടാ.... "

ഉറക്കം കെടുത്തും വിധം കൊഞ്ചി കൊണ്ടുള്ള നിലയുടെ കുഞ്ഞ് ശബ്ദം വീണ്ടും കാതുകളിൽ പതിക്കും പോലെ.... അവൻ പുഞ്ചിരിയോടെ കറങ്ങുന്ന ഫാനിലേക്ക് നോക്കി.... പിന്നീട് അത് നീർത്തിയിട്ട ഷീറ്റിലേക്ക് നീണ്ടു... എന്തോ അതിലേക്കു കിടക്കാൻ തോന്നിയില്ല... അടുത്ത് അവൾ ഉള്ളത് പോലെ... പെട്ടെന്ന് റൂമിൽ വെളിച്ചം തെളിഞ്ഞപ്പോൾ കണ്ണുകൾ ആദ്യം ഒന്ന് മഞ്ഞളിച്ചു എങ്കിലും മെല്ലെ ഒന്ന് കണ്ണ് ഉയർത്തി നോക്കിയതും ടേബിളിൽ വെള്ളം കൊണ്ട് വെക്കുന്ന അമ്മയെ കണ്ടു.... "ന്താ... അമ്മ ഇപ്പോഴും ഉറങ്ങിയില്ലേ... !!?" അവന്റെ ചോദ്യത്തിന് അവർ ഒന്ന് പുഞ്ചിരിച്ചു... "ഉറങ്ങാൻ പോവായിരുന്നടാ.... നീ വെള്ളം എടുത്തിലല്ലോ... അത് കൊണ്ട് വന്നതാ... "

അമ്മയുടെ മറുപടിക്ക് അവൻ ഒന്ന് കൂർപ്പിച്ചു നോക്കി... "ഇല്ലാത്ത അസുഖം ഇല്ല... ന്നാലും നേരത്തെ കിടക്കരുത്.... പോയി കിടക്കാൻ നോക്കിയെ.... " അവന്റെ കണ്ണുരുട്ടലിൽ നിന്നും ഒഴിവാകും വിധം ചുണ്ട് ഒന്ന് കോട്ടി കൊണ്ട് പോകുന്ന അവരെ അവൻ ചുണ്ടിലെ കള്ള ചിരി പിടിച്ചു നിർത്തി കൊണ്ട് നോക്കി... "അല്ല... ഈ ഷീറ്റും വിരിച്ചു വെച്ചു നീ ന്തിനാ നിലത്ത് കിടക്കുന്നെ.... " പിന്നെയും എന്തോ ഓർത്ത പോലെ അമ്മ വീണ്ടും തിരിഞ്ഞു കൊണ്ട് ചോദിച്ചതും ഒരു നിമിഷം അവൻ ഒന്ന് പതറി... എന്ത് പറയണം എന്നറിയാതെ അവൻ നെറ്റി ഉഴിഞ്ഞു അമ്മയിൽ നിന്നും കണ്ണ് മാറ്റിയതും അമർത്തിയൊരു മൂളൽ ആയിരുന്നു അമ്മയുടെ മറുപടി....

"മ്മ്മ്.... ന്റെ മോൻ അധികം തണുപ്പത്ത് കിടക്കാതെ കയറി കിടക്കാൻ നോക്ക്... " അമ്മയുടെ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയ പോലെ അവൻ മെല്ലെ ചെരിഞ്ഞു കിടന്നു... അമ്മയിലും കുഞ്ഞ് ചിരി ആയിരുന്നു...എന്തോ അവന്റെ കുഞ്ഞ് കുഞ്ഞ് ചമ്മലുകളും കാട്ടായങ്ങളും ആ അമ്മയിൽ സന്തോഷം നിറക്കാൻ പാകത്തിന് ഉള്ളതായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "അമ്മ കിടക്കോ ന്റെ ഒപ്പം.... " മുറിയിൽ നിന്നും ഇറങ്ങാം നേരം നിലയുടെ മടിച്ച് മടിച്ചുള്ള ചോദ്യം കേട്ടു അമ്മ കണ്ണുകൾ വിടർത്തി അവളെ ഒരു നിമിഷം നോക്കി.... അവളിലെ അങ്ങനെയുള്ള ചോദ്യങ്ങൾ ഒക്കെ ആദ്യമായിരുന്നു.... ഉള്ളിൽ തോന്നുന്നത് പോലും പുറമെ പ്രകടിപ്പിക്കാത്ത പ്രകൃതമാണ്....

"ആഹാ.... ഇത് ആദ്യമായിട്ടാണല്ലോ.... " ലൈറ്റ് ഓഫ് ചെയ്തു അവൾക്ക് ചാരെ വന്നു കിടന്നു കൊണ്ട് അമ്മ ചോദിക്കുമ്പോൾ അവൾ മെല്ലെ ചെരിഞ്ഞു കിടന്നു കൊണ്ട് അവരെ ഒന്ന് കെട്ടിപിടിച്ചു.... ഉള്ളിൽ ഒരു ശ്വാസം മുട്ടൽ... ന്തൊക്കെയോ പറയണംന്ന് തോന്നുന്നുണ്ട്... പക്ഷെ പറയാൻ കഴിയുന്നില്ല.... കേൾക്കാൻ അമ്മക്ക് ഇഷ്ടം ഇല്ലെങ്കിലോ.... ഉള്ളിൽ ഒരു ആധി... പക്ഷെ ഇതൊന്നും അച്ചേട്ടനെ ഓർക്കുമ്പോൾ തോന്നുന്നില്ല.... തോന്നുമ്പോൾ ഒക്കെ സംസാരിക്കാനും പുഞ്ചിരിക്കാനും കേട്ടു നിൽക്കാനും കഴിയുന്ന ഒരു സുഹൃത്ത്... സ്നേഹം മാത്രം ഉള്ളിൽ വെക്കുന്ന നല്ലൊരു മനുഷ്യൻ.... "നിനക്ക് അവിടെ സുഖല്ലേ മോളെ.... "

ചോദ്യം ആ അമ്മയുടെ ആവലാതിയായിരുന്നു... അവൾ അവരുടെ മാറിലേക്ക് ഒതുങ്ങി കൂടി... "ന്നെ ഒരുപാട് ഇഷ്ട..." അവൾ ഈ ലോകത്ത് ഒന്നും അല്ലായിരുന്നു... അമ്മ മെല്ലെ കണ്ണ് താഴ്ത്തി അവളെ നോക്കി...അവൾ അവരെ ഒന്ന് കൂടെ മുറുകെ പിടിച്ചു... "നല്ലൊരാ അമ്മാ...." ആ വാക്കുകൾ മതിയായിരുന്നു ആ അമ്മയുടെ മനസ്സ് നിറയാൻ... അവർ അവളുടെ നെറുകയിൽ ഒന്ന് തലോടി... ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story