അറിയാതെ: ഭാഗം 16

ariyathe

രചന: THASAL

"നിലാ.....മോളെ.... " പുറത്ത് നിന്നും അച്ഛന്റെ ഉറക്കെയുള്ള വിളി കേട്ടു നനഞ്ഞ മുടിയിൽ തോർത്ത്‌ കെട്ടി കൊണ്ട് അവൾ അതിവേഗം തന്നെ പുറത്തേക്ക് നടന്നു.... "ദാ വരണു.... " ഇനിയും ഒരു വിളി കേൾക്കാതിരിക്കാൻ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.... അടുക്കളയിൽ നിന്നും അമ്മ മെല്ലെ ഒന്ന് ഉള്ളിലേക്ക് എത്തി നോക്കി.... കുഞ്ഞ് ശബ്ദം ആണെങ്കിലും ഒരിക്കൽ പോലും അത് ഉയർന്നു കേട്ടിട്ടില്ല.... അമ്മ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു... "ന്താ അച്ഛേ.... " അവൾ അഴിഞ്ഞു വീഴാൻ ഒരുങ്ങിയ തോർത്ത്‌ ഒന്ന് കൂടെ മുടിയിൽ കെട്ടി വെച്ചു കൊണ്ട് അവൾ ഉമ്മറത്തെക്ക് നടന്നു... കയ്യിൽ എന്തോ പൊതിയും പിടിച്ചോണ്ട് ഇരിപ്പായിരുന്നു അച്ഛൻ....... "ഇതെന്താ അച്ഛേ... "

അവൾ അയാൾക്ക്‌ അഭിമുഗമായി തിണ്ണയിൽ ഇരുന്നു അയാൾ നീട്ടി വെച്ച കാലുകളിൽ തലോടി പൊതിയിലേക്ക് കണ്ണ് നീട്ടി കൊണ്ട് ചോദിച്ചു.... "ഇത് ഹർഷൻ കൊണ്ട് തന്നതാ.... നിനക്ക് തരാൻ പറഞ്ഞു... " അച്ഛൻ അവൾക്ക് നേരെ പൊതി നീട്ടി കൊണ്ട് പറഞ്ഞു.... അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... "അച്ചേട്ടനോ... അച്ചേട്ടൻ വന്നായിരുന്നോ... ന്നിട്ട് എവിടെ... !!?" വെപ്രാളത്തോടെ തിണ്ണയിൽ നിന്നും എഴുന്നേറ്റു ചുറ്റും വിടർന്ന കണ്ണുകളോടെ പരതുന്ന മകൾ ആ അച്ഛന് ഒരു ആശ്വാസം ആയിരുന്നു... അവളിലെ ഓരോ മാറ്റവും ആ അച്ഛൻ അത്രമാത്രം കൊതിച്ചിരുന്നു... "അവൻ പോയി.... പറമ്പില് ആൾക്കാർ ഉണ്ട് എന്ന് പറഞ്ഞു.... നിന്നെ കാണാൻ നിന്നാൽ വൈകുംന്ന് പറഞ്ഞ പോയത്... നീ ഇത് വാങിക്കെ... "

അച്ഛൻ പുഞ്ചിരിയോടെ പറയുമ്പോൾ ആ നിമിഷം അവളുടെ ഉള്ളിൽ ഒരു നോവ് പടർന്നു... ഇത്രേം വന്നിട്ട് ഒന്ന് കാണാൻ തോന്നിയില്ലല്ലോ... അവൾ മെല്ലെ കൈ നീട്ടി അച്ഛൻ നീട്ടിയ പൊതി വാങ്ങി...മെല്ലെ കണ്ണുകൾ പാടത്തേക്ക് നീണ്ടു.. കുഞ്ഞ് പൊട്ടു പോലെ ആരോ നടന്നു നീങ്ങുന്നത് കാണാം... അത് അവളുടെ അച്ചേട്ടൻ ആണെന്ന് വിശ്വസിച്ചു കൊണ്ട് അല്പ നേരം നോക്കി നിന്നു... "ഇതെന്താ നിന്റെ കയ്യിൽ... " അടുക്കളയിൽ നിന്നും വന്ന അമ്മ ചോദിച്ചപ്പോൾ ആണ് അവളുടെ ശ്രദ്ധ ആ പൊതിയിലേക്ക് നീണ്ടത്.... അവൾ മെല്ലെ പൊതി അഴിച്ചതും അതിലെ ബോക്സ്‌ കണ്ടു അവൾ അത് മെല്ലെ തുറന്നു.... ഫോൺ ആണ്... ഏറ്റവും പുതിയ മോഡൽ അല്ലെങ്കിലും തരക്കേടില്ലാത്ത ഒന്ന് തന്നെ....

അവൾക്ക് സന്തോഷം അല്ല തോന്നിയത്.... എന്തോ ഒരു പരിഭവം... ഒന്ന് കാണാൻ നിന്നില്ലല്ലോ... അച്ചേട്ടന് കാണണ്ടാ എങ്കിലും നിലക്ക് കാണാൻ ആഗ്രഹം ഉണ്ടാകില്ലേ.... ഉള്ളിലെ പരിഭവം മുഖത്തും പ്രകടമായിരുന്നു... "കോളടിച്ചല്ലോ .. " അമ്മ പുഞ്ചിരിയോടെ അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി കൊണ്ട് ഉള്ളിലേക്ക് നടന്നു... അമ്മ അച്ഛനെ നോക്കി എന്താണ് എന്ന് കൈ കാണിച്ചതും അച്ഛൻ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചു... "ഹർഷൻ അവളെ കാണാൻ നിൽക്കാതെ പോയതിന് ആണ്... " അച്ഛന്റെ വാക്കുകൾ കേട്ടു അമ്മയും വാ പൊത്തി ചിരിച്ചു...

"നിന്റെ അല്ലേ മോള്.... കാണാൻ വരുന്നില്ല എന്നും പറഞ്ഞു അമ്മേനെയും അച്ഛനെയും കൊണ്ട് ചീത്ത വിളിപ്പിച്ചവൾ അല്ലേ നീ... " അച്ഛന്റെ കുസൃതി നിറഞ്ഞ വാക്കുകൾ കേട്ടു പഴയ ഓർമയിൽ അമ്മ ചമ്മലോടെ അദ്ദേഹത്തിന്റെ തോളിൽ ഒന്ന് തട്ടി... "ഒന്ന് പോ മനുഷ്യ.... " അമ്മയുടെ ആ പ്രവർത്തിയിൽ അച്ഛനും ഒന്ന് മനസ്സറിഞ്ഞു ചിരിച്ചു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഇനി നില കൊച്ചേന്നും വിളിച്ചു ഇങ് വരട്ടെ...നിക്കും സങ്കടം കാണില്ലേ.... മിണ്ടില്ല എന്ന് വെച്ചു..... കാണാൻ ആഗ്രഹം കാണില്ലേ... അല്ലേൽ ഏതു നേരവും ഈ പാടത്തു ആയിരിക്കും... ഇപ്പോൾ ഇങ്ങോട്ട് വരെ ഇല്ല... സ്നേഹം ഒന്നും ഇല്ല... കാണുമ്പോൾ ള്ള ഇഷ്ടെ ഒള്ളൂ.... "

ഉള്ളിലെ സങ്കടം ചുണ്ടിൽ പിറു പിറുത്തു കൊണ്ട് സിം ഫോണിൽ ഇട്ടു കൊണ്ട് ഫോൺ ചാർജിന് വെച്ചു... ഇനി ഫോണിൽ വിളിക്കാൻ ആയിരിക്കോ... !!? അവൾ കുഞ്ഞ് ഒരു പ്രതീക്ഷയോടെ ഫോൺ ഓൺ ചെയ്യാൻ നോക്കിയതും അതിൽ ചാർജ് ഇല്ല എന്ന് ഓർമ്മയിൽ മുഖം കൂർപ്പിച്ചു കൊണ്ട് ഫോൺ അവിടെ തന്നെ വെച്ചു... തിരക്ക് ഉള്ളത് കൊണ്ടാകും.... സ്വയം ഒരു ആശ്വാസം നൽകി...എങ്കിലും ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നു... ന്റെ ശബ്ദം കേൾക്കാൻ അല്ലേ ഫോൺ തന്നെ... പിന്നെ ഞാൻ ന്തിനാ സങ്കടപ്പെടുന്നെ... ഉള്ളിൽ പലതും ചിന്തിച്ചു കൂട്ടി കൊണ്ടിരുന്നു... ഉള്ളിൽ എന്തോ സന്തോഷം പടരും പോലെ... പക്വത ഏതും ഇല്ലാത്ത പെണ്ണിന്റെ ഉള്ളിലെ കുഞ്ഞ് സന്തോഷവും പരിഭവങ്ങളും... അവൾ മെല്ലെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു..... കണ്ണ് കറുപ്പിക്കാൻ പോലും മടിയുള്ള തന്റെ കണ്ണുകൾക്ക് ഇന്ന് വരമ്പുകൾ തീർന്നു കഴിഞ്ഞിരിക്കുന്നു...

ഇന്നലത്തെ കണ്മഷിയുടെ അവശേഷിപ്പുകൾ ഇന്നും മാഞ്ഞു പോയിട്ടില്ല... അവൾ കരിമഷി പെട്ടിയിൽ കുഞ്ഞ് വിരൽ മുക്കി മെല്ലെ ഇരു കണ്ണുകളും കട്ടിയിൽ കറുപ്പിച്ചു.... ബാക്കി വന്നത് മുടിയിൽ ചേർത്ത് ഉരസി.... കയ്യിൽ കരുതിയ കുഞ്ഞ് ചെപ്പിൽ നിന്നും സിന്ദൂരം എടുത്തു സീമന്ത രേഖയിൽ ചാർത്തി... കണ്ണാടിയിലൂടെ കാണുന്ന തന്റെ രൂപത്തിലേക്ക് ഒന്ന് നോക്കി... എന്തോ പൂർണമാകാത്ത പോലെ.... വീണ്ടും സിന്ദൂര ചെപ്പു തുറന്ന് കുറച്ചു സിന്ദൂരം വിരലുകളാൽ എടുത്തു... സിന്ദൂര രേഖ കട്ടിയിൽ ചുവപ്പിച്ചു.... അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിരിഞ്ഞു... ഇത് പ്രണയമാണോ.... അറിയില്ല... പക്ഷെ ഈ സിന്ദൂരത്തിന്റെയും താലിയുടെയും അവകാശി അത്രമാത്രം ഉള്ളിൽ തറഞ്ഞു കിടപ്പുണ്ട്.... സ്നേഹം കൊണ്ട് നോവുകൾ മായ്ച്ചു കളഞ്ഞ ആ മായജാലക്കാരൻ പെണ്ണിന്റെ മനസ്സിനെ അത്രമാത്രം കീഴ്പെടുത്തി കഴിഞ്ഞിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"പോയിട്ട് നീ മോളെ കണ്ടില്ലേടാ.... " അടുക്കളയിലെ കൂജയിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകർന്നു കുടിക്കുന്ന ഹർഷനെ നോക്കാതെ തന്നെ കറിക്ക് അരിയുന്ന അമ്മ ചോദിച്ചു... "ഇല്ല.... ഫോൺ സഖാവിനെ ഏൽപ്പിച്ചു പോന്നു... " അവന്റെ വാക്കുകൾക്കൊപ്പം അമ്മയുടെ കൂർപ്പിച്ചു ഒരു നോട്ടവും അവനിൽ പതിഞ്ഞു.. "ഇവനെ കൊണ്ട്.... നീ എന്താടാ ഇങ്ങനെ ആയി പോയത്... അത്രെടം വരെ പോയിട്ട് മോളെ കാണാതെ ആണോ വരാ...നീ താലി കെട്ടിയ പെണ്ണല്ലേടാ അവള്... നിനക്ക് അവളെ കാണാൻ കൊതി ഇല്ലെങ്കിലും ആ കുട്ടിക്ക് ഉണ്ടാവില്ലേ... " എത്രയൊക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ടേബിളിൽ അടുക്കിയ പത്രങ്ങൾ സ്റ്റാന്റിൽ തൂക്കുന്ന ഹർഷനെ കണ്ടു അമ്മ ദേഷ്യത്തോടെ ചോദിച്ചതും അവന്റെ ചുണ്ടിൽ ചെറിയൊരു ചിരി നിറഞ്ഞു...

"ന്റെ അമ്മേ....അല്ലേൽ തന്നെ കൊച്ചിന് പോകാൻ വലിയ താല്പര്യം ഒന്നും ഇല്ല... മുഖവും വീർപ്പിച്ചാ ഇറങ്ങിയെ.... ഇനി ഞാൻ അവളെ കാണാൻ കൂടി നിന്നാൽ ഞാൻ ചിലപ്പോൾ അവളെ വിളിച്ചു എന്നും വരും... ആ പൊട്ടി ഇറങ്ങി വന്നൂന്നും വരും... ന്തിനാ വെറുതെ... കുറച്ചൂസം അവിടെ നിന്നോട്ടെ.... പിന്നെ... എപ്പോഴും കണ്ടു നിൽക്കണതാണോ സ്നേഹം... " അവന്റെ ചോദ്യത്തിന് മുന്നിൽ അമ്മ ഒരു നിമിഷം അവനെ നോക്കി എങ്കിലും പിന്നെ ഒന്നും മിണ്ടാതെ പണി തുടർന്നു... "അല്ലേലും നീ നിന്റെ അച്ഛനെ പോലെയാ... പറഞ്ഞു ജയിക്കാൻ ഒക്കത്തില്ലല്ലോ.... ഇനി... ന്റെ മോൻ ഇതും ആലോചിച്ചു ആ കൊച്ചിനെ സ്നേഹിക്കാൻ മറക്കരുത്.... " അമ്മയുടെ വാക്കുകളിൽ വല്ലാത്തൊരു വേവലാതി കൂടി കലർന്നു...

അവൻ നിശബ്ദമായി തന്നെ മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി.... "അമ്മ... ഞാൻ പറമ്പിലോട്ട് പോയി... ഞാൻ ഇല്ലാത്തോണ്ട് അവന്മാര് ഒക്കെകൂടി എന്താ കാട്ടി വെച്ചേക്കണതാവോ...." പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു... "ടാ ചെക്കാ... ആ വെള്ള മുണ്ട് മര്യാദക്ക് മാറ്റി ഇട്ടോണം.... അതിൽ എങ്ങാനും ആയാൽ പിന്നെ തുടങ്ങും രാത്രി ആകും വരെ സോപും ഇട്ടു മിനുക്കി നിൽക്കാൻ...." അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൻ ഒന്ന് കടുപ്പത്തിൽ മൂളി... "ഹർഷേട്ടന് വൃത്തിയുടെ അസുഖംണ്ട് സീതാമ്മേ.... " പുറത്ത് നിന്നും ജോലിക്ക് വന്ന ചെക്കന്റെ ചിരിയോടെയുള്ള ശബ്ദം കേൾക്കുന്നുണ്ട്... അമ്മയും ഒന്ന് ചിരിച്ചു... "എനിക്ക് വൃത്തിയുടെ മാത്രം അല്ലടാ..

. മറ്റു പല അസുഖവും ണ്ട്.... ഒരു തടം നേരെ എടുക്കാൻ കഴിയാത്തവൻ ആണ്.... നേരെ നിന്ന് കൊത്തടാ.... ടാ മുരുഖ.... നിന്നോട് ഞാൻ മണ്ണിനെ തലോടാൻ അല്ല പറഞ്ഞത്....ആഞ്ഞു കിളക്കടാ.... " പുറത്ത് നിന്നും ഹർഷന്റെ അലറൽ... "ഇവന്റെ ശബ്ദം കൊണ്ട് അപ്പുറത്തെ വീട്ടിലെ പട്ടി പോലും പേടിച്ചു കൂട്ടിൽ കയറി കാണും.... ടാ ഹർഷ.... നീ ആയിട്ട് ശബ്ദം കുറച്ചില്ലേൽ ഇത്രേം പ്രായം ആയിന്നു ഒന്നും നോക്കില്ല.... എന്റെ കയ്യീന്ന് അടി വാങ്ങുവേ...." അമ്മയിൽ വല്ലാത്തൊരു അധികാരം ആയിരുന്നു... അത് ആസ്വദിച്ചു എന്ന പോലെ അവനും പുഞ്ചിരിയോടെ പണിക്കാരോടൊപ്പം കൂടി... അവന്റെ ഉള്ളിൽ മെല്ലെ തനിക്ക് വേണ്ടി മാത്രം മിഴി നട്ടു നിൽക്കുന്ന പെണ്ണിന്റെ മുഖം കടന്നു വന്നു...

ഉള്ളിൽ കുഞ്ഞ് സന്തോഷം.... അമിതമായി മുഖത്ത് പ്രകടിപ്പിച്ചില്ല എങ്കിലും അത് മതിയായിരുന്നു ആ ഹൃദയം നിറക്കാൻ... അവന്റെ പ്രണയം അതാണ്‌... നിശബ്ദമായി...പരിഭവങ്ങൾക്കോ പരാതികൾക്കോ സ്ഥാനം ഇല്ലാത്ത അവനിലെ പക്വതയാർന്ന പ്രണയം.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "നില... നിന്റെ ഫോൺ അടിക്കുന്നുണ്ട്... " ഉമ്മറത്തു ഇരുന്നു കൊണ്ട് അമ്മ വിളിച്ചു പറഞ്ഞതും രാധയുടെ അടുത്ത് സംസാരിച്ചു ഇരിക്കുകയായിരുന്ന നിലയുടെ കണ്ണുകൾ ഒന്ന് വിടർന്നു... "ഞാൻ പോയി ചേച്ചി... " അവൾ രാധയുടെ മടിയിൽ കൊഞ്ചി കൊണ്ട് ഇരിക്കുന്ന കുഞ്ഞ് പെണ്ണിന്റെ കവിളിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് ദാവണി പാവാടയും പൊക്കി പിടിച്ചു കൊണ്ട് വീട്ടിലേക്കു ഓടി... നടക്കുമ്പോൾ പോലും ഭൂമിക്ക് വേദനിക്കുമോ എന്ന് നോക്കും പോലെ പതിയെ നടക്കുന്നവൾ ആണ്.....എപ്പോഴും ആ പേരിൽ അവളെ എല്ലാവരും കളിയാക്കാറുണ്ട്...

ആ നില കൊച്ച ഭൂമിയിൽ കാലുറക്കാതെ ഓടുന്നത്... രാധ പുഞ്ചിരിയോടെ ഓർത്തു... ഓടി കിതച്ചു കൊണ്ട് വീട്ടിലേക്ക് ഓടി കയറുമ്പോൾ അമ്മ കയ്യിൽ ഫോൺ അവളെ ഏൽപ്പിച്ചിരുന്നു... ആ നിമിഷം റിങ് നിന്നതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് അമ്മയെ നോക്കി... അമ്മ ചിരിക്കുകയായിരുന്നു... "ആവശ്യമുള്ളവർ ആണേൽ വിളിച്ചോളും മോളെ... " സമാധാനിക്കാൻ എന്ന പോലെ അമ്മയുടെ വാക്കുകൾ... അവൾ ഫോണും പിടിച്ചു ഉമ്മറത്തു തന്നെ ഇരുന്നു... അവൾക്ക് അറിയാമായിരുന്നു ഇതിലേക്ക് വിളിക്കുന്നത് അച്ചേട്ടൻ മാത്രമായിരിക്കും എന്ന്...... ഇടയ്ക്കിടെ ഫോണിലേക്കും പാടത്തേക്കും നോട്ടം മാറ്റി ഇരിക്കുന്ന മോളെ കണ്ടു കള്ള ചിരിയോടെ അമ്മ ഉള്ളിലേക്ക് വലിഞ്ഞു...

എന്തോ ഉള്ളിൽ ഒരു സന്തോഷം.... തന്റെ മോളുടെ ഉള്ളിലും ഇങ്ങനെയുള്ള കുഞ്ഞ് പരിഭവങ്ങളും കുസൃതിയും ഉടലെടുക്കുന്നത് ആ അമ്മയിൽ ആനന്ദം തന്നെ ആയിരുന്നു... കുറെ നേരം ആയിട്ടും വീണ്ടും വിളിക്കാതെ വന്നപ്പോൾ ഉള്ളിൽ കുഞ്ഞ് പരിഭവങ്ങൾ മൊട്ടിട്ടു തുടങ്ങിയിരുന്നു.... ഇത് വരെ അനുഭവിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു പിടച്ചിൽ ഉള്ളിൽ വന്നു നിറയുന്നു... അവിടെ നിന്നും വന്നിട്ട് രണ്ട് ദിനരാത്രങ്ങൾ കഴിഞ്ഞു... ഒരു വട്ടം പോലും അമ്മയുടെയോ അച്ചേട്ടന്റെയോ ശബ്ദം പോലും കേട്ടിട്ടില്ല... ആകാശം ചെഞ്ചായം പൂശി തുടങ്ങിയിരിക്കുന്നു....ദൂരെ വയലിലേക്ക് നോക്കിയാൽ കാണാം... ആ ചെഞ്ചോപ്പിനെ കീറി മുറിച്ചു കൂടണയാൻ പോകുന്ന പക്ഷികളെ.....

അവൾ ഫോൺ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി... വെറുതെ പാടത്തേക്ക് ഇറങ്ങുന്ന സ്റ്റെപിൽ പോയി ഇരുന്നു.... താടിയിലും വലതു കയ്യിന്റെ ഉള്ളം ചേർത്തു ദൂരെ ഏറുമാടത്തിലേക്ക് നോക്കി ഇരുന്നു... പലപ്പോഴും രാത്രിയിൽ അച്ചേട്ടന്റെ വീടാണ് അത്... വയലിലൂടെ പോകുന്ന ചില രാത്രി സഞ്ചാരികളുടെ ശല്യം ചുറ്റു വട്ടത്തുള്ളവർക്ക് ഏറി വന്നപ്പോൾ ഒരു കാവൽകാരനായി എപ്പോഴും അവൻ അവിടെ ഉണ്ടാകും... കളിയാലെ അവളും അവനോട് പറയുമായിരുന്നു അത് അവന്റെ രണ്ടാം വീട് ആണെന്ന്... ഇന്ന് മനുവേട്ടൻ ആണെന്ന് തോന്നുന്നു... വയലിലൂടെ നടന്നു വരുന്ന മനുവിനെ കണ്ടു അവൾ ഒരു നിമിഷം ചുണ്ട് ചുളുക്കി കൊണ്ട് ഓർത്തു...

"ന്താ മോളെ... ഇവിടെ ഇരിക്കണേ... " അച്ഛന്റെ ശബ്ദം കേട്ടു അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...പറമ്പിൽ നിന്നും വന്നതായിരുന്നു ആ മനുഷ്യൻ... അവൾ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് മെല്ലെ ചുമലു കൂച്ചി... "മ്മ്മ്ഹും... " "ന്ന..വീട്ടിലേക്ക് നടക്ക്... തൃസന്ധ്യക്ക് ആണോ പുറത്ത് ഇറങ്ങി നടക്കുന്നെ... " അതൊരു ശകാരം അല്ലായിരുന്നു... ഒരു കുഞ്ഞ് ഓർമ്മപെടുത്തൽ... അവൾ മെല്ലെ മുകളിലേക്ക് കയറി ഒരു കൈ കൊണ്ട് അച്ഛന്റെ കയ്യിൽ ചേർത്ത് പിടിച്ചു... അദ്ദേഹത്തേ നടക്കാൻ സഹായിക്കാൻ എന്ന പോലെ.... അദ്ദേഹവും ചെറു ചിരിയോടെ മകളെയും ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു... ഇടക്ക് അവളുടെ കണ്ണുകൾ പിന്നിലേക്ക് ഒന്ന് പരതി കൊണ്ട് മുന്നിലേക്ക് തന്നെ നീണ്ടു... അപ്പോഴേക്കും നീണ്ടു വളർന്ന നെൽകതിരുകൾക്കിടയിലൂടെ ഹർഷൻ ചുണ്ടിൽ കുഞ്ഞ് ചിരിയോടെ നടന്നു വരുന്നുണ്ടായിരുന്നു... ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story