അറിയാതെ: ഭാഗം 17

ariyathe

രചന: THASAL

അപ്പോഴേക്കും നീണ്ടു വളർന്ന നെൽകതിരുകൾക്കിടയിലൂടെ ഹർഷൻ ചുണ്ടിൽ കുഞ്ഞ് ചിരിയോടെ നടന്നു വരുന്നുണ്ടായിരുന്നു... "ടാ... ഹർഷ... " മനു വിളിച്ചതോടെ അവൻ മെല്ലെ ഏറുമാടത്തിലേക്ക് നോക്കി പുഞ്ചിരിയോടെ മുകളിലേക്ക് കയറി... "നീ നേരത്തെ വന്നോ... " "ആഹ്ടാ... നിന്റെ വിവാഹം കഴിഞ്ഞതോടെ എനിക്കാണല്ലോ ഡ്യൂട്ടി... വീട്ടിൽ ഒന്ന് കിടക്കാൻ പോലും പറ്റില്ല... ചെറിയ പെണ്ണിന്റെ ബഹളമെ... ഞാൻ അപ്പൊ നേരത്തെ ഇങ്ങ് വരും... കാറ്റും കൊണ്ട് കിടക്കാലോ.... " മനുവിന്റെ വാക്കുകൾക്ക് മുന്നിൽ അവന്റെ ഉള്ളിൽ ഒരു നിമിഷം നിലയുടെ മുഖം തെളിമയോടെ നിറഞ്ഞു... കണ്ണുകൾ ഒരു നിമിഷം ആ വീട്ടിലേക്ക് നീണ്ടു... വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്.... ആരോ അതിന് മുന്നിൽ ഇരിക്കും പോലെ... നില ആയിരിക്കും...അവൻ ഉള്ളിൽ സ്വയം പറഞ്ഞു... "ഡാ... അമ്മയെ നീ വീട്ടിലേക്ക് കൊണ്ട് ചെന്ന് ആക്കിയില്ലേ... "

"മ്മ്മ്...ആളുടെ കൂട്ടുകാരിയെ കാണാൻ ഉള്ള ത്രില്ലിൽ ഓടി പോയിട്ടുണ്ട്.... " ഹർഷനും പുഞ്ചിരിയോടെ പറഞ്ഞു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഫോൺ വാങ്ങിച്ചു തന്നത് എന്തിനാ എന്ന് അറിയില്ലേ... അതിലേക്കു വെറുതെ നോക്കി ഇരിക്കാൻ... വേണേൽ രണ്ട് കുത്തും കൊടുക്കാം... " കണ്ണാടിയിൽ നോക്കി സ്വയമെ പരിഭവം പറയുകയായിരുന്നു നില... എത്ര നിയന്ത്രിച്ചാലും പ്രിയപ്പെട്ടവരോടുള്ള പെണ്ണിന്റെ കുശുമ്പിനും പരിഭവത്തിനും ഒരു കുറവും വരില്ല... ഹർഷൻ വിളിക്കുമ്പോൾ പറയാൻ ഉള്ള സങ്കടത്തിന്റെയും വിശേഷങ്ങളുടെയും കെട്ട് അവൾ ഉള്ളിൽ കുറിച്ച് വെച്ചിട്ടുണ്ട്... "ന്നാലും വിളിച്ചില്ലല്ലോ.... നിക്ക് സങ്കടം തോന്നിയാൽ പിന്നെ ആരാ കേൾക്കാ... " മെല്ലെ റൂമിന്റെ ജനലോരം ചെന്ന് മുട്ടിൽ കവിള് ചേർത്ത് വെച്ചു കൊണ്ട് ഇരുന്നു...

വയലിൽ നിന്നും ചെറു കാറ്റ് തുറന്നിട്ട ജനവാതിലിലൂടെ ഉള്ളിലേക്ക് കടന്നു പെണ്ണിന്റെ പിന്നിയിട്ട മുടി ഇഴകളിൽ ചെന്ന് ഒളിക്കുന്നുണ്ട്... മെല്ലെ അവളുടെ ചുണ്ടുകൾ ഒന്ന് വിടർന്നു... കുഞ്ഞ് പുഞ്ചിരി... എന്തോ ഓർത്ത പോലെ... പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൾ ഒരു ഞെട്ടലോടെ മുഖം ഉയർത്തി കൊണ്ട് വേഗം അവിടെ നിന്നും ഇറങ്ങി മേശയിൽ വെച്ചിരുന്ന ഫോൺ ഒന്ന് എടുത്തു... ഉള്ളിൽ ഒരു കിതപ്പ്... പക്ഷെ അവന്റെ ശബ്ദം എങ്കിലും കേൾക്കണം എന്ന് ഹൃദയം അലമുറ ഇടുന്നു.... അവൾ ഒരു നിമിഷം പോലും വൈകിക്കാതെ ഫോൺ അറ്റന്റ് ചെയ്തു... ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടൊപ്പം ഒരു പിടപ്പ്.... എന്തോ ഒന്നും സംസാരിക്കാൻ കഴിയുന്നില്ല... മറുവശത്ത് അവൻ ആണോ എന്ന് പോലും ഉറപ്പില്ല... "കൊച്ചേ... " ഹെലോ പോലും ഇല്ലാതെയുള്ള ആ വിളിയിൽ അവളുടെ ശ്വാസം ഉയർന്നു...

എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് പോലും അറിയുന്നുണ്ടായിരുന്നില്ല.... ഇത് വരെ വിളിക്കാത്തതിൽ ഉള്ള പരിഭവം കൂടി അതിന് മാറ്റേകി... "ഞാൻ.. " "നാളെ മനു വീട്ടിലേക്ക് വരും... അവൻ തരുന്ന പേപ്പറിൽ ഒന്ന് ഒപ്പിട്ടു കൊടുക്കണം ട്ടൊ... നിന്റെ അഡ്മിഷന്റെ കാര്യ... " അവളെ പറയാൻ പോലും അനുവദിക്കാതെ കുറുകെയുള്ള അവന്റെ വാക്കുകൾ... അവളുടെ ഉള്ളിൽ പരിഭവം ഏറി വന്നു... ന്നോട് എന്തേലും ചോദിക്കട്ടെ... അപ്പൊ സംസാരിക്കാം.... ഉള്ളിൽ ഒരു കുഞ്ഞ് വാശി... "ന്നാ... ഉറങ്ങിക്കോട്ടൊ കൊച്ചേ... ഉറക്കം ഒഴിച്ചു അസുഖം വരുത്തി വെക്കേണ്ട... " പറയലും ഫോൺ കട്ട്‌ ആവലും കഴിഞ്ഞു... അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു... അപ്പൊ ഞാൻ സംസാരിക്കണ്ടെ.... ന്റെ ശബ്ദം കേൾക്കണ്ടെ... ഉള്ളിൽ നോവ് ഉണർന്നു... ചുളുക്കിയ ചുണ്ടുകളിൽ പോലും പരിഭവം നിറഞ്ഞു നിൽക്കുന്നു... "ഡാ... അതിനെ എന്തേലും പറയാൻ അനുവദിച്ചുടെ.....

എല്ലാം ഒറ്റ ശ്വാസത്തിൽ അങ്ങ് പറഞ്ഞു ഫോൺ ഓഫ് ചെയ്യുകയാ ചെയ്യാ.... നീ എന്ത് ഭർത്താവ് ആണെടാ... " മനു മലർന്നു നെഞ്ചിൽ ഫോൺ വെച്ചു ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ കിടക്കുന്നവനോട് ആയി ചോദിച്ചു... അവൻ മെല്ലെ തല ചെരിച്ചു മനുവിനെ ഒന്ന് നോക്കി മെല്ലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.... ഹൃദയം പൊട്ടി പോകും വിധം മിഡിക്കുന്നുണ്ട്... അവളിലെ ചെറു നിശ്വാസങ്ങൾ പോലും അവന്റെ ഉള്ളിലെ കാമുകനെ ഉണർത്താൻ കഴിവുള്ളതായിരുന്നു... അവൻ പഴയ പതിനെട്ടു കാരൻ ആവുകയായിരുന്നു... അപ്പോൾ അവളുടെ ചെറു ശബ്ദം കൂടി കേട്ടാലോ.... കഴിയില്ല... നിയന്ത്രിക്കാൻ.... കാണാൻ കൊതി തോന്നും....

അവളിലെ കൊച്ച് കുറുമ്പുകളോട് ആഗ്രഹം തോന്നും... വയ്യ... അകറ്റാനും... എന്നാൽ ചേർത്ത് പിടിക്കാനും... അവളുടെ ഉള്ളിലെ നോവ് പൂർണമായും മായും വരെ അവൾക്ക് തന്നിൽ കൊച്ച് ഭയം ഉണ്ടാകും.....അത് മായും വരെ കാത്തിരുന്നെ പറ്റൂ... ഉള്ളിലെ നോവിനിടയിലും പെണ്ണിന്റെ കാട്ടായങ്ങൾ മനസ്സിനെ തലോടുന്നു... ഉള്ളം നിറക്കുന്നു... മുന്നിലെ രണ്ട് യക്ഷി പല്ലും പുറത്ത് കാണിച്ചു ഉണ്ട കണ്ണുകൾ കുറുക്കിയുള്ള ആ പുഞ്ചിരിയോട് കൊതി തോന്നുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ ഇറുകെ അടച്ച കൺപോളകൾക്കിടയിലൂടെ കണ്ണുനീർ അനുസരണ ഇല്ലാതെ പെയ്യുന്നു... ഉള്ളിൽ ഒരു വേദന... ഇനി തന്നെ മനഃപൂർവം ഒഴിവാക്കുന്നതാണെങ്കിലോ.... പക്ഷെ ഒഴിവാക്കുന്നില്ലല്ലോ...

സ്നേഹത്തോടെ നില കൊച്ചേ എന്ന് മാത്രമല്ലേ വിളിക്കുന്നെ... തന്റെ കാര്യങ്ങൾ പറയാതെ തന്നെ ചെയ്തു തരുന്നില്ലേ.... പക്ഷെ... അത് സ്നേഹം ആണോ... അതോ.... സഹതാപമോ.... ഉള്ളിൽ വീണ്ടും എന്തൊക്കെയോ കടന്ന് വരുന്നു.... എന്തിനാ വേദനിക്കുന്നത്...ആ മനുഷ്യന് ചേർന്ന പെണ്ണ് അല്ല എന്നല്ലേ ഓരോ നിമിഷം ഉള്ളിൽ മൊഴിഞ്ഞത്....ഇത് വരെ സ്നേഹത്തോടെ അച്ചേട്ടനെ നോക്കിയിട്ടുണ്ടോ... തന്റെ സങ്കടങ്ങൾ തീർക്കാൻ ഒരാൾ എന്ന രീതിയിൽ മാത്രമല്ലേ അദ്ദേഹത്തേ പരിഗണിച്ചിട്ടൊള്ളൂ... അപ്പോൾ തന്റെ അവഗണന ആ മനുഷ്യനും നൊന്തു കാണില്ലേ... ഉള്ളിൽ പല തരം ചിന്തകൾ.... ഒരു ദിവസം പോലും അച്ചേട്ടനെ കാണാതിരിക്കാൻ കഴിയാത്ത പോലെ... മനസ്സിൽ വേറൊന്നും വരുന്നില്ല... അവൾക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ മാറ്റങ്ങൾ... അവൾ ജനലോരം മുഖം ചേർത്ത് വെച്ചു ദൂരെ വയലിലേക്ക് നോട്ടം തെറ്റിച്ചു ഇരുന്നു....

ഇന്ന് വരെ തോന്നാത്ത ഒരു വീർപ്പു മുട്ടൽ..... "ഇത് വരെ ഉറങ്ങീലെ നീ... " അമ്മയുടെ ശബ്ദം കേട്ട് അവൾ ഒരു പിടപ്പോടെ തിരിഞ്ഞു നോക്കി... വാതിൽ കടന്നു വരുന്ന അമ്മയെ കണ്ടതും അവൾ നിറഞ്ഞ കണ്ണുകളെ വേഗത്തിൽ തന്നെ തുടർച്ചു നീക്കി... പക്ഷെ മകളെ നന്നായി മനസ്സിലാക്കിയ ആ അമ്മ അത് കണ്ടിരുന്നു...ആ അമ്മയുടെ ഉള്ളം ഒന്ന് പിടഞ്ഞു... എങ്കിലും അവർ അത് പുറമെ പ്രകടിപ്പിക്കാതെ ഡോർ അടച്ചു കൊണ്ട് അവൾക്ക് അടുത്ത് ചെന്ന് ഇരുന്നു.... "അമ്മ ഇവിടെയാണോ... !!?" അവളുടെ ചോദ്യത്തിന് ചെറു തലയാട്ടലോടെ അവർ മറുപടി നൽകി... "മ്മ്മ്... ഇന്നലെ നീ ഹാളിൽ വന്നിരിക്കുന്നത് ഞാൻ കണ്ടായിരുന്നു.... ഇപ്പോൾ ഒറ്റയ്ക്ക് പേടി ആണല്ലേ... "

അമ്മയുടെ ചോദ്യത്തിന് അവൾക്ക് എന്തോ ചമ്മൽ തോന്നി... പുതിയ ശീലങ്ങൾ ആണ്....എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാനും സമയം ചിലവഴിക്കാനും ആഗ്രഹിച്ചിരുന്ന അവൾക്ക് ഇന്ന് എന്തോ ചുറ്റും ഒരു ശൂന്യത അനുഭവപ്പെടുന്നു... മൗനം അവൾക്ക് എന്തിനെക്കാളും വെറുപ്പ് ആയി തുടങ്ങിയിരിക്കുന്നു.... "നിക്ക്... പേടി ഒന്നും ഇല്ല... " "മ്മ്മ്... പേടി ഇല്ലാന്ന് നീ പറഞ്ഞാൽ വിശ്വസിക്കോ.... നിന്റെ മുഖത്തെ പിടപ്പ് കണ്ടാൽ മനസ്സിലാകില്ലേ... നീ ജനൽ അടച്ചു കിടക്കാൻ നോക്ക്.... " പറയുന്നതിനോടൊപ്പം അവർ കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് കിടന്നു... നില അപ്പോഴും അതെ ഇരിപ്പ് ആയിരുന്നു.... ഉള്ളിൽ ഒരു പിടപ്പ്.... "മോളെ... " നേർത്ത രീതിയിൽ ഉള്ള അമ്മയുടെ സ്വരം കേട്ടു അവൾ മെല്ലെ ഒന്ന് തല ചെരിച്ചു അവരെ നോക്കി... അമ്മ കണ്ണുകൾക്ക് കുറുകെ കൈ വെച്ചു കിടക്കുകയായിരുന്നു... "എപ്പോഴും കണ്ടു കൊണ്ട് ഇരിക്കുന്നതോ....

സംസാരിച്ചു കൊണ്ട് ഇരിക്കുന്നതോ മാത്രമാണ് ഇഷ്ടവും സ്നേഹവും എന്ന് എന്റെ കുട്ടി തെറ്റിദ്ധരിക്കരുത്....ഓരോരുത്തരുടെയും ഉള്ളിൽ ഉള്ള സ്നേഹം വ്യത്യസ്തമായിരിക്കും....ന്റെ കുട്ടിക്ക് തെറ്റി പോയതും അവിടെയായിരുന്നു.... അത് നിന്റെ പക്വത കുറവാ... ഇനിയും അങ്ങനെ ഒരു തെറ്റിദ്ധാരണയിൽ ജീവിതം കളയരുത്... " അമ്മയുടെ വാക്കുകളുടെ അർത്ഥം തിരയുകയായിരുന്നു അവൾ... എപ്പോഴോ ബെഡിൽ മുഖം അമർത്തി കിടക്കുമ്പോഴും മനസ്സ് ആ വാക്കുകളിൽ കുടുങ്ങി കിടന്നു... ശരിയാണ്... അമ്മയുടെ വാക്കുകളിലൂടെ താൻ അറിഞ്ഞ അച്ചേട്ടന്റെ പ്രണയം... സ്നേഹം... തന്നോട് കാണിച്ച വാത്സല്യം... എല്ലാം നിശബ്ദമായിരുന്നു...

ഒരിക്കൽ പോലും തന്നെ ഒരു നോട്ടം കൊണ്ട് പോലും അറിയിക്കാതെ ഇന്നും മൗനത്തിന്റെ കൂട്ടിൽ ഒളിച്ചു വെച്ച പ്രണയം.... അറിയുന്നുണ്ടായിരുന്നു ഓരോ രാത്രിയിലും ഉറങ്ങി കിടന്ന തനിക്ക് നേരെ നീണ്ടു വരുന്ന അവന്റെ വിരലുകളെയും തന്നിലെ പിടപ്പ് മനസ്സിലാക്കി പുഞ്ചിരിയോടെ നെറുകയിൽ ഒരു തലോടൽ മാത്രം നൽകി കടന്നു പോകുന്ന ആ സ്നേഹ സ്പർശത്തേയും.... അതാണോ അവന്റെ ഉള്ളിലെ പ്രണയം... !!?... അപ്പോൾ തന്റെ ഉള്ളിലും പ്രണയം ആണോ... അതോ വെറും സ്നേഹമോ....??? സംശയങ്ങൾ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു... സ്നേഹമാണ് ആരാധനയാണ് എന്ന് വിശ്വസിക്കാൻ ശ്രമിക്കുമ്പോഴും ആ മനുഷ്യൻ ഇല്ലാത്ത ആ പരുപരത്ത തഴമ്പു വെച്ച കൈകൾ കൊണ്ടുള്ള നെറുകയിലെ തലോടൽ ഇല്ലാതെ...

ചുണ്ടിൽ കടിച്ചു പിടിച്ചു കുസൃതിയോടുള്ള ആ പുഞ്ചിരി ഇല്ലാതെ ഇനി മുന്നോട്ട് ഒരു ജീവിതം സാധ്യമാകില്ല എന്ന് ഹൃദയം അലമുറ ഇടുന്നു... ഈ രണ്ട് മാസം കൊണ്ട് അത്രമാത്രം അവളുടെ കുഞ്ഞ് ഹൃദയത്തിൽ അവൻ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു... *നട്ട ചെടിക്ക് രണ്ട് ദിവസത്തേ വാട്ടമുണ്ടാകും... പിന്നീട് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും.... അത് പോലെ തന്നെയാ ഓരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്... 💙* ~മാധവകുട്ടി ഉള്ളിലെ വികാരങ്ങൾ തരം തിരിച്ചു മനസ്സിലായില്ല എങ്കിൽ കൂടി അവളുടെ ചുണ്ടിൽ കുഞ്ഞ് ഒരു പുഞ്ചിരി നിറഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ ഉറക്കം വിട്ട് ഒന്ന് കണ്ണ് തുറക്കുമ്പോൾ നില അമ്മയുടെ കൈ കുഴിക്ക് താഴെയായി മുഖം ചേർത്ത് കിടക്കുകയായിരുന്നു... ഒരു കൈ കൊണ്ട് അവളുടെ പുറത്തും മറു കയ്യിനാൽ അവളുടെ നെറുകയിലും കൈ ചേർത്ത് ചെരിഞ്ഞു കിടന്നു ഉറങ്ങുകയാണ് അമ്മ...

അവൾ ഉറക്ക ചടവോടെ എണീറ്റു മെല്ലെ ഇരു കൈകൾ കൊണ്ടും കണ്ണ് ഒന്ന് അമർത്തി തിരുമ്മി കൊണ്ട് ജാനാലയുടെ കൊളുത്ത് അഴിച്ചു തള്ളി തുറന്നു.... ഇരുട്ട് വിട്ട് മാറാത്ത ആകാശം.... ദൂരെ നിന്ന് പൊട്ടു പോലെ പ്രകാശം കടന്ന് വരുന്നുണ്ട്... ഇരു കൈകൾ കൊണ്ടും പുറം മൂടി കിടക്കുന്ന മുടി ഇഴകളെ മുകളിലേക്ക് കെട്ടി വെച്ചു കൊണ്ട് കട്ടിലിന്റെ കാൽ ഭാഗത്തേക്ക് നിരങ്ങി നീങ്ങി താഴേക്ക് ഇറങ്ങി... അമ്മയെ വിളിക്കാൻ തോന്നിയില്ല... കുടിക്കുന്ന മരുന്നിന്റെ ക്ഷീണം ആളെ നന്നായി ബാധിച്ചു കാണും എന്ന് അവൾക്ക് അറിയാമായിരുന്നു... അടുക്കള വാതിലിന്റെ കൊളുത്ത് അഴിച്ചു പുറത്ത് കെട്ടിയ ബാത്‌റൂമിൽ നിന്നും മുഖം കഴുകൽ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി... കൈകൾ പോലും കോച്ചി പിടിക്കും വിധം മകര തണുപ്പ്... ഇരു കൈകളും ഒന്ന് കൂട്ടി തിരുമ്മി കൊണ്ട് അല്പ നേരം പുറത്തെ അലക്കു കല്ലിൽ ചെന്നിരുന്നു....

മനസ്സിന് ഒരു കുളിർമ വരുത്താൻ എന്ന പോലെ... പിന്നെ എഴുന്നേറ്റു അടുക്കളക്ക് പിന്നിൽ മറച്ചു വെച്ച ചൂല് എടുത്തു മുറ്റം ഒന്ന് അടിച്ചു വാരി... ഉള്ളിലും അടിച്ചു തുടച്ചു.... ഒരു കുളിയും കഴിഞ്ഞു... അടുക്കളയിൽ കയറി ചായയും ഇട്ടു... അപ്പോഴേക്കും വെളിച്ചം വന്നു തുടങ്ങിയിരുന്നു... ഉമ്മറത്തു ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ മുന്നിലെ തിണ്ണയിൽ ഒരു കപ്പ്‌ കട്ടൻ വെച്ചു അച്ഛന്റെ കയ്യിലെ പത്രത്തിൽ നിന്നും ഒന്ന് വലിച്ചു എടുത്തു ഉമ്മറ പടിയിൽ തന്നെ ഇരുന്നു വായിക്കുന്ന മകളെ അദ്ദേഹം ഒരു നിമിഷം നോക്കി... പിന്നീട് ചിരിയോടെ അദ്ദേഹം നോട്ടം പത്രത്തിലേക്ക് തന്നെ നീക്കി.... ഇടക്ക് ചൂട് കട്ടൻ മെല്ലെ ഊതി കുടിച്ചു... അതും സ്നേഹമാണ്....

നോട്ടം കൊണ്ട് ഒരു അച്ഛൻ നൽകുന്ന സ്നേഹം... അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി അമ്മയും എഴുന്നേറ്റു കാണും എന്ന്....എന്ത് ജോലി ആര് ചെയ്താലും അമ്മക്ക് കുഴപ്പം ഇല്ല... പക്ഷെ അച്ഛനുള്ള ഭക്ഷണം തന്റെ കൈ കൊണ്ട് ആകണം എന്ന് അമ്മക്ക് നിർബന്ധം ഉണ്ടായിരുന്നു.... അത് കൊണ്ട് തന്നെ ആരെയും അടുക്കളയിലേക്ക് അവർ അടുപ്പിക്കില്ല... പണി ഒരു വിധം ഒതുങ്ങിയത് കൊണ്ടാകാം അല്പം കഴിഞ്ഞപ്പോൾ തന്നെ അച്ഛന്റെയും മകളുടെയും കൂടെ അമ്മയും കൂടിയിരുന്നു... ഉമ്മറതിണ്ണയിൽ ഇരുന്നു കൊണ്ട് തന്നെ താഴെ പടിയിൽ ഇരിക്കുന്ന നിലയുടെ നനവ് പടർന്ന മുടി ഇഴകളിൽ തലോടി കൊണ്ടിരുന്നു അമ്മ... അതും ഒരു സ്നേഹമാണ്.... മൗനമായി സ്പർശം കൊണ്ട് തന്നിലെ സ്നേഹം അറിയിക്കുന്നവർ... സ്നേഹത്തിന് പലരുടെയും ഉള്ളിൽ പല രൂപങ്ങൾ ആണ്... ചിലർ അത് പ്രകടമാക്കുമ്പോൾ ചിലർ അത് ഹൃദയത്തിൽ ഒതുക്കി വെക്കുന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story