അറിയാതെ: ഭാഗം 18

ariyathe

രചന: THASAL

സ്നേഹത്തിന് പലരുടെയും ഉള്ളിൽ പല രൂപങ്ങൾ ആണ്... ചിലർ അത് പ്രകടമാക്കുമ്പോൾ ചിലർ അത് ഹൃദയത്തിൽ ഒതുക്കി വെക്കുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്താ മനുവേട്ടാ പാടത്തു വലിയ ബഹളം... " ഒപ്പിട്ട പേപ്പർ തിരികെ ഏൽപ്പിക്കുമ്പോൾ നില ചോദിച്ചു... മനു പേപ്പർ മടക്കി കൊണ്ട് കയ്യിൽ പിടിച്ചു... "അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ... പാടത്തേ അങ്ങേ തലക്കൽ ഹർഷൻ വിത്തിറക്കുകയാ... അവിടെ പുല്ല് കെട്ടി നിന്നിട്ട്.... അതൊക്കെ ഒന്ന് ചെത്താൻ വന്നതാ...ന്ന... ഞാൻ ഇറങ്ങട്ടെ... " അവളെ നോക്കി കുഞ്ഞ് ഒരു പുഞ്ചിരി നൽകി കൊണ്ട് അവൻ പറയുമ്പോൾ നിലയുടെ കണ്ണുകൾ അധിവേഗത്തിൽ പാടത്തേക്ക് പാഞ്ഞു..... ആരൊക്കെയോ രാവിലെ മുതൽ കൂടി നിൽക്കുന്നത് കാണുന്നുണ്ടായിരുന്നു എങ്കിലും എന്താണെന്ന് നോക്കിയില്ല... മെല്ലെ ഉമ്മറത്തേ തിണ്ണയിൽ കയറി നിന്നു പാടത്തേക്ക് എത്തി നോക്കി... ഒരു നോക്ക് കണ്ടാലോ.... "ഡി.... "

അമ്മയുടെ വിളി കേട്ടു ആണ് അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞില്ല നോക്കിയത്... ഊരയിൽ കയ്യൂന്നി അന്തം വിട്ട് തന്നെ നോക്കുന്ന അമ്മയെ കണ്ടു ചമ്മിയാ ഒരു ചിരിയോടെ അവൾ താഴെക്ക് ഇറങ്ങി... "ഇത് എന്താ സംഭവം... താഴെ നിൽക്കാൻ സ്ഥലം ഇല്ലാത്തോണ്ട് ആണോ തിണ്ണയിൽ കയറി നിൽക്കുന്നെ.... " "അത്... ആ... ഓടിൽ എന്തോ.. കണ്ടപ്പോൾ... " "ഓടിൽ എന്ത് കാണാൻ... നോക്കട്ടെ... " അമ്മ സംശയത്തോടെ അങ്ങോട്ട്‌ നടന്നതും അവൾ കള്ളം പിടിക്കപ്പെട്ട കണക്കെ ഒന്ന് നഖം കടിച്ചു... "ഞാൻ രാധേച്ചിയുടെ അടുത്ത് പോവാട്ടൊ... " പറഞ്ഞു തീരും മുന്നേ അവൾ അവിടെ നിന്നും പുറത്തേക്ക് ഓടിയിരുന്നു... "ഈ കൊച്ചിന് ഇതെന്തു പറ്റി..." അമ്മ താടിയിൽ കൈ കൊടുത്തു അവൾ പോകും വഴിയേ നോക്കി ചിന്തിച്ചു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "രണ്ടും കൂടി അവിടെ എന്താ പരിപാടി.... "

റോഡിലേക്ക് ചെറുതിലെ ചാഞ്ഞു നിൽക്കുന്ന കാശുമാവിന്റെ ചുവട്ടിൽ മറഞ്ഞു നിന്നു വയലിൽ പണി എടുക്കുന്നവർക്കിടയിൽ ഹർഷൻ ഉണ്ടോ എന്ന് നോക്കുന്ന തിരക്കിൽ ആണ് നില... അവൾക്ക് തൊട്ടടുത്തായി തന്നെ ചാഞ്ഞ കൊമ്പിൽ കയ്യിൽ മിട്ടായിയും പിടിച്ചു അവളെ പോലെ തന്നെ മറഞ്ഞു നോക്കുന്നുണ്ട് കൊച്ച് കുറുമ്പിയും.... രാധയുടെ ചോദ്യത്തിൽ ആദ്യം തന്നെ നില ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... മെല്ലെ ഒന്ന് ചുമലു കൂച്ചി ഒന്നും ഇല്ലാന്ന് കാണിച്ചു... "അമ്മാ..അച്ചേറ്റനെ.... " കൊച്ച് കുറുമ്പി എന്തോ പറയാൻ ഒരുങ്ങിയതും നില അവളെ വാ പൊത്തി എടുത്തു ഒക്കത്ത് വെച്ചിരിക്കുന്നു.... അവളുടെ മുഖത്ത് എന്തോ കള്ളത്തരം... അത് അറിഞ്ഞു എന്ന പോലെ രാധ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി...

"സ്വന്തം കെട്ടിയോൻ അല്ലേഡി..... ഇങ്ങനെ മറഞ്ഞു നിൽക്കണോ.... നീ കൊച്ചിനെ ഒന്ന് നോക്കിയെക്കണെ.... ഞാൻ ഈ വെള്ളം ഒന്ന് അവർക്ക് കൊടുത്തിട്ടു വരാം... " രാധ കയ്യിലെ വലിയ വെള്ള പത്രം താങ്ങി പിടിച്ചു കൊണ്ട് നടക്കാൻ ഒരുങ്ങി... "ഞാൻ കൊണ്ട് കൊടുത്തോട്ടെ രാധേച്ചി... " നേർത്ത ശബ്ദം... എന്നാൽ ശബ്ദത്തിൽ നിറയെ പ്രതീക്ഷകൾ... രാധ ഒരു നിമിഷം അവളെ ഒന്ന് നോക്കി... പറഞ്ഞതിന്റെ ചമ്മൽ മുഴുവൻ മുഖത്ത് ഉണ്ട്... രാധ ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി... "അല്ലേലും നിന്റെ കെട്ടിയോന് വെള്ളം കൊടുക്കൽ അല്ലേ എനിക്ക് പണി...അവനെ കാണുമ്പോൾ പറഞ്ഞേക്ക് ഇനി വെള്ളം വേണേൽ കെട്ടിയോളോട് വിളിച്ചു പറയാൻ..." ഒരു പ്രത്യേക ഈണത്തോടെ രാധ പറഞ്ഞതും ഒക്കത്ത് വെച്ച കുഞ്ഞിന്റെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ താഴെ നിർത്തി കൊണ്ട് നില രാധയുടെ കയ്യിൽ നിന്നും പത്രം വാങ്ങി....

"ഇനി രാധേച്ചിയെ വിളിച്ചു പറയുമ്പോൾ നേരിട്ട് പറഞ്ഞാൽ മതീട്ടോ... " ചുണ്ടിൽ കുഞ്ഞ് ഒരു കള്ള ചിരി... രാധയും അവളുടെ പുഞ്ചിരിയിൽ പങ്ക് ചേരും പോലെ അവളുടെ തലയിൽ ഒന്ന് തട്ടി... വരമ്പിലൂടെ പുല്ല് വെട്ടുന്നവരുടെ അടുത്തേക്ക് നടക്കുമ്പോൾ അവളുടെ ഹൃദയം പഴയതിലും വേഗതയിൽ മിഡിക്കുന്നുണ്ടായിരുന്നു... ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിറയൽ.... അവളുടെ കാലുകളുടെ വേഗതയും മെല്ലെ കുറഞ്ഞു വന്നു.... പണിയിൽ ഏർപ്പെട്ടു നിൽക്കുന്നവർക്കിടയിൽ നിന്നും അവളുടെ അച്ചേട്ടന്റെ മുഖം തേടി.... "ഇതാര് നില മോളോ..." കൃഷ്ണേട്ടന്റെ ചോദ്യം കേട്ടാണ് ഹർഷൻ ഒന്ന് തല ഉയർത്തി നോക്കിയത്... കയ്യിൽ വെള്ളത്തിന്റെ പത്രവും പിടിച്ചു കൃഷ്ണേട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന നില.... കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ആ ഉണ്ട കണ്ണുകൾ ഒന്ന് കൂടെ വിടർന്നിരുന്നു...

കണ്ണുകളിൽ വരമ്പ് തീർത്ത കണ്മഷിക്കും കറുപ്പ് കൂടിയ പോലെ... "ഡാ ചെക്കാ.... പുല്ലിന് വേദനിക്കുവൊന്നും ഇല്ല... ചെത്തി എടുക്കഡാ...." തന്നിലെക്ക് നോട്ടം വരാൻ വേണ്ടി ഹർഷൻ മനഃപൂർവം ശബ്ദം ഉണ്ടാക്കി... പിടച്ചിലോടെ തനിക്ക് നേരെ വരുന്ന കണ്ണുകളെ കള്ള ചിരിയോടെ നോക്കി... അവളുടെ കണ്ണുകൾ തന്നിൽ എത്തി എന്നറിഞ്ഞതും മനഃപൂർവം നോട്ടം മാറ്റി... "ഈ മനുഷ്യനെ കൊണ്ട്..... ഞാൻ പിന്നെ എന്താ ചെയ്യുന്നേ ന്റെ ഹർശേട്ടാ..." കൂടെ സഹായത്തിനു നിൽക്കുന്ന പയ്യന്റെ ദയനീയമായ സ്വരം... "അതെനിക്ക് അറിയാലോ... " ഹർഷൻ മെല്ലെ അവന്റെ പുറത്ത് ഒന്ന് തട്ടി... നില അവനിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു കൊണ്ട് നിന്നു... ഒരു നോട്ടം എങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ....

"നില കൊച്ചേ... ആ വെള്ളം അവിടെ തന്നെ വെച്ചിട്ടു പൊയ്ക്കോട്ടൊ... മേല് ചെളി തെറിക്കും..." പുല്ല് ചെത്തുന്നതിനിടയിൽ മുഖം പോലും ഉയർത്താതെയുള്ള അവന്റെ ശബ്ദം... അവളുടെ ഉള്ളിൽ ഒരു നോവ്... ഒന്ന് നോക്കിക്കൂടെ.... തൊണ്ട കുഴി മുതൽ ഹൃദയത്തിൽ വരെ നീറുന്ന പോലെ... മെല്ലെ ചുണ്ടുകൾ വിറച്ചു... അവൾ വെള്ളം താഴെ വെച്ചു കൊണ്ട് വരമ്പിലൂടെ തന്നെ മുന്നോട്ട് നടന്നു... ചെറുതല്ലാത്ത ഒരു വാശി അവളിലും പടർന്നിരുന്നു... ന്നെ കാണാൻ ഇഷ്ടം അല്ലാഞ്ഞിട്ടാണോ... !!?.. അവളുടെ ഉള്ളം ചോദിച്ചു കൊണ്ടിരുന്നു... "ഇനി ഒന്നും വേണ്ടായിരുന്നു ന്ന് തോന്നി കാണോ.... ന്നെ കല്യാണം കഴിച്ചത് അബദ്ധം ആയി എന്ന് തോന്നീട്ടുണ്ടാവോ....."

ചുണ്ടിൽ അടക്കിയ പിറു പിറുക്കലോടെ ഉള്ളിലെ സങ്കടത്തേ നിയന്ത്രിക്കാൻ കഴിയാതെ അവൾ കുളപുരയുടെ ഏറ്റവും താഴെ പടവിൽ ഇരുന്നു... എന്തോ അവന്റെ പെരുമാറ്റം അവൾക്ക് അത്രകണ്ടു സങ്കടം ആയിരുന്നു...ബഹളം വെച്ചോ.... വാശി പിടിച്ചോ... അത് പ്രകടിപ്പിക്കാൻ അറിയാത്തതു കൊണ്ട് മാത്രം മൗനത്തോടെ അവൾ ഒതുങ്ങി കൂടുന്നു... ഉള്ളം കയ്യിൽ ചേർത്ത് പിടിച്ച മീൻ തീറ്റയിലൂടെ മറു കയ്യിന്റെ വിരലുകൾ പായിപ്പിച്ചു കൊണ്ടിരിക്കുന്നു... ഉള്ളിൽ പരിഭവം ഉണ്ടായിരുന്നു....ആ ഉണ്ട കണ്ണുകളിൽ നിറഞ്ഞ കണ്ണുനീരും.... "ന്താ കൊച്ചേ ഇവിടെ വന്നിരിക്കുന്നത്...." പെട്ടെന്ന് കേട്ട ഹർഷന്റെ ശബ്ദത്തിൽ അവൾ ഒന്ന് ഞെട്ടി പിടഞ്ഞു പിറകിലേക്ക് കണ്ണുകൾ പായിച്ചു.... പടവ് ഇറങ്ങി തനിക്ക് അടുത്തേക്ക് വരുന്ന അച്ചേട്ടൻ....

അവൾ പെട്ടെന്ന് തന്നെ മുഖം അവനിൽ നിന്നും തിരിച്ചു ഒരു കയ്യിന്റെ പുറം കൊണ്ട് കണ്ണുകൾ ഒന്ന് തുടച്ചു കൊണ്ട് കയ്യിലെ തീറ്റ കുളത്തിലെക്ക് ഇട്ടു കൊണ്ട് എഴുന്നേറ്റു... മീനുകൾ കൂട്ടമായി വന്നു അത് കൊത്തി എടുത്തു... തനിക്ക് അടുത്തേക്ക് വരുന്നവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ മറികടന്നു പോകാൻ നിന്നതും ഇടതു കയ്യിൽ അവന്റെ ഇടതു കരം പതിഞ്ഞിരുന്നു... അവൾ തല ഉയർത്തി നോക്കിയില്ല... വാശി... സങ്കടം... എല്ലാം സമിശ്രമായ ഒരു ഭാവം... ഒരു വട്ടം പോലും നോക്കിയില്ലല്ലോ എന്ന സങ്കടം... "നില കൊച്ച് പിണക്കത്തിൽ ആണോ... " കാതോരം ചേർന്നു നിൽക്കുന്ന അവന്റെ നേർത്ത ശബ്ദം... ഉള്ളം ഒന്ന് വിറച്ചു എങ്കിലും അവൾ മൗനമായി നിന്നു...

അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു പടവിൽ തന്നെ ഒരുത്തി... അവളിൽ നിന്നും ഒരു എതിർപ്പ് പ്രതീക്ഷിച്ചു എങ്കിലും അതും ഉണ്ടായില്ല... അവളോട്‌ ചേർന്നു തന്നെ അവനും ഇരുന്നു... "നിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല കൊച്ചേ... " കള്ള ചിരിയോടുള്ള അവന്റെ വാക്കുകൾ... അവൾ ഒരു പിടച്ചിലോടെ അവനെ നോക്കി.. "അല്ലേ... ഈ കണ്ണും കണ്ണും നോക്കി ഇരിക്കാനും.... മതില് ചാടി വരാനും... ഒന്നും അറിയത്തില്ല എന്ന്..." അവളുടെ മുഖം കൂർത്ത് വന്നു... "അതിന് അച്ചേട്ടൻ ന്റെ കാമുകൻ അല്ലല്ലോ... ഭർത്താവ് അല്ലേ.... " അവളുടെ സംസാരം കേട്ടു അവന് ചിരിയാണ് വന്നത്... "ഭർത്താവ് ആയിരുന്നോഡി... " "ദേ... അച്ചേട്ടാ... നിക്ക് സങ്കടം വരും എന്ന് അറിഞ്ഞൂടെ...

നിക്ക് സംസാരിക്കാൻ അല്ലേ... ന്നിട്ട് ന്തിനാ ന്നെ അവഗണിക്കുന്നെ... സത്യായിട്ടും ഞാൻ കരുതി ന്നെ വേണ്ടാത്തോണ്ട് ആണെന്ന്... " അവളുടെ വാക്കുകൾ ഒന്ന് വിറച്ചു... അവൻ ചുണ്ടിലെ ചിരി മറക്കാതെ അവളുടെ തലയിൽ ഒന്ന് മേടി... "അതിന് നീ പറഞ്ഞ മറുപടിയെ നിക്കും പറയാൻ ഒള്ളൂ... ഒഴിവാക്കാൻ നീ എന്റെ കാമുകി അല്ലല്ലോ... ഭാര്യയല്ലേ...." അവൾ പറഞ്ഞ അതെ സ്വരം... പക്ഷെ വ്യത്യസ്തമായ വികാരം...ചുമലുകൾ തമ്മിൽ പ്രണയിക്കുമ്പോഴും ഇരുവരും കണ്ണുകൾ പരസ്പരം കൊരുത്തില്ല.... "ന്നെ തിരിച്ചു കൊണ്ട് പോവോ അച്ചേട്ടാ..." അവളുടെ ചോദ്യത്തിൽ അവൻ കണ്ണ് വിടർത്തി അവളെ ഒന്ന് നോക്കി... "നീ നിക്കണേ നിന്റെ വീട്ടിൽ അല്ലേ..." "നിക്ക് ഇങ്ങനെ നിക്കാൻ തോന്നണില്ല... ഉറക്കം കിട്ടണില്ല.... ഞാൻ തിരികെ വന്നോളാം... " അവളുടെ സ്വരം ഒന്ന് നേർത്തു... അതൊരുതരം വാശിയായിരുന്നു... അവൻ അവളെ ചേർത്ത് പിടിച്ചില്ല...

ആശ്വസിപ്പിച്ചില്ല... പുഞ്ചിരിയോടെ കൈ എത്തിച്ചു നെറുകയിൽ ഒന്ന് തലോഡി... അത് മതിയായിരുന്നു അവൾക്കും... ഉള്ളിലെ വേദന മായ്ക്കാൻ.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നിന്നെ കൊണ്ട് വരാൻ ഞാൻ പറഞ്ഞതാ... അപ്പൊ ഇവനാ പറഞ്ഞേ... രണ്ടൂസം കൂടി നിന്നോട്ടെന്ന്... ന്നിട്ട് ഇവൻ തന്നെ വിളിച്ചു കൊണ്ട് വന്നിരിക്കുന്നു... അല്ലേലേ ഇവനെ വിശ്വസിക്കാൻ കൊള്ളത്തില്ല.... " അമ്മ ഹർഷന്റെ നെറ്റിയിൽ വിരൽ വെച്ചു തട്ടി...നില വാ പൊത്തി ചിരിച്ചു കൊണ്ട് അവനെ നോക്കി... "ആഹാ... മോള് വന്നപ്പോൾ എന്നെ വേണ്ടാ... ആയ്ക്കോട്ടെ.... നാളെ പിറ്റേന്നാൾ ഇവളങ്ങ് പോയാൽ ന്റെ അടുത്തേക്ക് വരണം... അപ്പോൾ ഞാൻ കാണിച്ചു തരുന്നുണ്ട്... " അവൾ തെല്ലു ശബ്ദം ഉയർത്തി തമാശ രൂപേണ പറഞ്ഞു... അമ്മ ഒന്ന് ചിരിച്ചു എങ്കിലും നിലയുടെ ചുണ്ടിലെ പുഞ്ചിരി മെല്ലെ മാഞ്ഞു വന്നു... ഞാൻ എങ്ങോട്ട് പോകാൻ ആണ്.... ന്തിനാ അച്ചേട്ടൻ അങ്ങനെ പറഞ്ഞേ... !!?

ഉള്ളിൽ കുഞ്ഞ് സങ്കടം... അത് അറിഞ്ഞു എങ്കിലും ഹർഷൻ അവളെ നോക്കിയില്ല... "നിങ്ങള് പോയി കിടക്കാൻ നോക്ക്....ഇന്ന് പറമ്പില് പണിക്ക് ഇവൻ ഇല്ലാത്തോണ്ട് ഞാൻ തന്നെ നിൽക്കേണ്ടി വന്നു... ഇപ്പോൾ ഭയങ്കര ക്ഷീണം... ഞാൻ ഒന്ന് കിടക്കട്ടെ... " അമ്മ എഴുന്നേറ്റു റൂമിലേക്ക്‌ നടന്നു കൊണ്ട് പറഞ്ഞു... "മരുന്ന് കുടിക്കാതെയാണോ കിടക്കുന്നെ... വാ... ഞാൻ എടുത്തു തരാം... നില കൊച്ച് കിടന്നോട്ടൊ... " അമ്മയുടെ പിന്നാലെ നടക്കുന്നതിനിടയിൽ അവൻ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... അവൾക്ക് എന്തോ ഉള്ളിൽ ഒരു അസ്വസ്ഥത.... എന്തെല്ലാമോ പറയണം എന്ന് മനസ്സിൽ കണക്ക് കൂട്ടിയിരുന്നു.... കുഞ്ഞ് ഇഷ്ടം ഇപ്പോൾ തന്നെക്കാൾ വലുതായി എന്ന് പറയണം എന്ന് ആഗ്രഹം തോന്നി.... അന്ന് അരുണിനെ സ്നേഹിച്ചതിലും കൂടുതൽ ഇന്ന് അച്ചേട്ടനെ പ്രണയിക്കുന്നുണ്ട് എന്ന് പറയാൻ മനസ്സ് വെമ്പി... പക്ഷെ തനിക്ക് പിടി തരാതെ നടക്കുന്നവനോട് പരിഭവം നിറഞ്ഞു...

പുറത്തേക്ക് ഉന്തിയ ചുണ്ടുമായി മൗനമായി അവൾ റൂമിലേക്ക്‌ നടന്നു... ഹർഷൻ റൂമിലേക്ക്‌ ചെല്ലുമ്പോൾ കട്ടിലിൽ ചുമരിനോട് ചാരി മുഖം ചേർത്ത് കിടക്കുന്ന നിലയെയാണ് കണ്ടത്...അവൾ ഉറക്കം പിടിച്ചു എന്ന് അവന് തോന്നി... കയ്യിൽ കെട്ടിയ വാച്ച് അഴിച്ചു വെച്ചു... വെള്ള മുണ്ട് മാറ്റി കാവി മുണ്ട് എടുത്തണിഞ്ഞു കൊണ്ട് അവൾക്ക് അപ്പുറം ചുമരിൽ ചേർത്ത് വെച്ചിട്ടുള്ള ഷീറ്റ് എടുക്കാൻ ഒരുങ്ങിയതും അവൾ പൊടുന്നനെ അതും ചേർത്ത് പിടിച്ചു ഒന്നു കൂടെ ചുമരിലേക്ക് ചാരി കിടന്നു... "നില കൊച്ചേ... ഇങ് തന്നെ അത്... നിക്ക് ഉറങ്ങണ്ടെ... " "അച്ചേട്ടൻ ഇവിടെ കിടന്നോ.... ഞാൻ ഒന്നും ചെയ്യത്തില്ല... " ഉറക്കചടവിലും കുസൃതി കലർത്തിയ അവളുടെ വാക്കുകൾ... ഉറക്കം കണ്ണുകളെ തലോടുമ്പോഴും തനിക്ക് വേണ്ടി അവൾ കാത്തിരിക്കുകയായിരുന്നു എന്ന് അവന് തോന്നി... "ഇത് ചെറിയ കട്ടിൽ അല്ലേ കൊച്ചേ... " "ഞാനും ചെറുതാ....ഞാൻ നീങ്ങി കിടന്നോളാം... "

അവളും വിട്ട് കൊടുക്കാൻ ഉദ്ദേശം ഇല്ലാത്ത മട്ടെ പറഞ്ഞു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നത് അറിഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു... അത്രയും ഇഷ്ടം അല്ലേ എന്നെ... !!?.. ചോദിക്കാൻ ധൈര്യം ഇല്ലായിരുന്നു... ഉള്ളിൽ വിങ്ങുന്നു...അരുണേട്ടനെ സ്നേഹിക്കണ്ടായിരുന്നു... ഉള്ളിൽ സ്വയം കുറ്റപെടുത്തി... ലൈറ്റ് ഓഫ് ആകുന്നത് അറിയുന്നുണ്ടായിരുന്നു... കൂടെ ഡോർ അടയുന്നതും... നേർത്ത കരച്ചിൽ ചീളുകൾ അതോടെ പുറത്തേക്ക് വന്നു... പെട്ടെന്ന് തനിക്ക് അടുത്ത് ആരോ കിടക്കുന്നത് പോലെ തോന്നിയതും അവൾ ഞെട്ടി കൊണ്ട് പുറം തിരിഞ്ഞു നോക്കി.... തനിക്ക് അത്രയും ചാരെ തലക്ക് പിന്നിൽ കൈ ചേർത്ത് ചുണ്ടിൽ പുഞ്ചിരിയുമായി കിടക്കുന്നവനെ നിറഞ്ഞ കണ്ണോടെ ഒരു നിമിഷം നോക്കി.... "ഉണ്ട കണ്ണ് കൊണ്ട് നോക്കി പേടിപ്പിക്കാതെ ഉറങ് കൊച്ചേ... "

തനിക്ക് നേരെ കണ്ണ് പോലും ചലിപ്പിക്കാതെ പുഞ്ചിരിയോടുള്ള അവന്റെ വാക്കുകൾ... ആ നിമിഷം തന്നെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ തിരിഞ്ഞ് കിടന്നു... "നിനക്ക് ഇത് വരെ പക്വത ആയിട്ടില്ലട്ടൊ കൊച്ചേ... " ചിരി കടിച്ചു പിടിച്ചു കൊണ്ടുള്ള അവന്റെ വാക്കുകൾ... തനിക്ക് അടുത്ത് കിടക്കുന്നവനെ പരിഭവത്തോടെ ആ പെണ്ണ് കയ്യിന്റെ മുട്ട് കൊണ്ട് തള്ളി നീക്കി... അപ്പോഴും കേൾക്കാമായിരുന്നു അടക്കി പിടിച്ചുള്ള ചിരി... ആ രാത്രി അവന് ഉറങ്ങാൻ കഴിയുമായിരുന്നില്ല... ഉള്ളം നിറയെ ആനന്ദം... എന്നോ മനസ്സിൽ കയറി കൂടിയ തനിക്ക് കിട്ടാകനിയാണ് എന്ന് സ്വയം വിശ്വസിച്ച ആ കുഞ്ഞ് പെണ്ണിന്റെ ഉള്ളിൽ തന്നോടുള്ള സ്നേഹം ഉണ്ട് എന്ന് തിരിച്ചറിഞ്ഞവനുള്ള ആനന്ദം....അവൾ മറച്ചു വെക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തിളക്കത്തോടെ അത് തനിക്ക് മുന്നിൽ എത്തുന്നു എന്ന സന്തോഷം.... അവൻ മെല്ലെ തല ചെരിച്ചു അവളെ ഒന്ന് നോക്കി...

മെല്ലെ കൈ ഉയർത്തി ആ നെറുകയിൽ ഒന്ന് തലോഡി.... അത് അറിഞ്ഞെന്ന പോൽ അവളുടെ ശരീരത്തിൽ ഒരു നിമിഷം വിറച്ചു... അവൻ കൈ വേർപ്പെടുത്താൻ ശ്രമിക്കുമ്പോഴേക്കും ആ കൈ കുമ്പിളിലേക്ക് കയറി കവിൾ ആ കൈ തണ്ടയിൽ അമരും വിധം അവൾ കിടന്നിരുന്നു.... കണ്ണുകൾ തുറക്കാതെ കിടക്കുന്നവളെ അവൻ ഒരു നിമിഷം സ്തംബിച്ചു നോക്കി... മെല്ലെ കൈകൾ പിൻവലിക്കാൻ ശ്രമിച്ചപ്പോഴേക്കും ഇടതു കരം കൊണ്ട് രോമം നിറഞ്ഞ ആ കയ്യിൽ പിടിച്ചു വെച്ചതും അവൻ അവളെ ശല്യം ചെയ്യാതെ അവിടെ ഒതുങ്ങി കിടന്നു.... "നില കൊച്ചേ...... ഉറങ്ങിയില്ലേ.... " അവന്റെ സ്വരം അത്രയും ആർദ്രമായിരുന്നു....

അവൾ കണ്ണുകൾ തുറന്നില്ല... ആ അധരങ്ങളിലെ വിറ മാത്രം മതിയായിരുന്നു അവളിലെ പരിഭ്രമം അറിയാൻ.... "ഞാൻ ഇട്ടിട്ട് പോവൂലട്ടൊ അച്ചേട്ടാ...." ഇടക്ക് എപ്പോഴോ കുഞ്ഞ് ശബ്ദത്തോടുള്ള അവളുടെ വാക്കുകൾ... അവൻ അവളെ നോക്കിയില്ല... അവന് അറിയാമായിരുന്നു അവളുടെ ഉള്ളം നിറയെ തന്നോടുള്ള പ്രണയത്തേക്കാൾ വേറൊരുത്തനെ പ്രണയിച്ചതിലുള്ള കുറ്റബോധം ആണെന്ന്... തന്നോട് ഒന്ന് അകന്നു നിന്നാൽ പോലും തന്നെ നഷ്ടപ്പെടുമോ എന്ന് അവൾ ഭയപെടുന്നുണ്ട് എന്ന്... "കൊച്ചേ... കാത്തിരുന്നോളാം... " അവനും അതെ സ്വരത്തിൽ മറുപടി പറഞ്ഞു...അവന്റെ കൈ തണ്ടയിൽ അവളുടെ കണ്ണുനീരന്റെ നനവ് പടർന്നു... അത് രോമങ്ങൾക്കിടയിൽ പതിഞ്ഞു കിടന്നു.... .................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story