അറിയാതെ: ഭാഗം 19

ariyathe

രചന: THASAL

"അമ്മാ.... ഞാൻ ഇറങ്ങി... " അടുക്കളയിൽ അമ്മയോടൊപ്പം നിൽക്കുമ്പോൾ ആണ് പുറത്ത് നിന്നും അച്ചേട്ടന്റെ നീട്ടിയുള്ള വിളി കേട്ടത്... "ടാ... ചായ കുടിച്ചിട്ട് പോടാ... " "വേണ്ടാ... ഞാൻ വന്നിട്ട് കുടിച്ചോളാം... പാടത്തു ആ ചെറുക്കൻ മാത്രം ഒള്ളൂ എന്നും പറഞ്ഞു വിളിച്ചായിരുന്നു... ഇനി അവിടെ എന്തൊക്കെ ഉണ്ടാക്കും എന്ന് പറയാൻ ഒക്കത്തില്ല... " ഇടക്ക് ശബ്ദം ഒന്ന് താഴ്ത്തി ആധിയോടെ പറയുന്നുണ്ട്... നിലക്ക് എന്ത് കൊണ്ടോ അവന്റെ അരികിലേക്ക് പോകണം എന്ന് തോന്നി... പക്ഷെ തനിക്ക് അടുത്ത് നിൽക്കുന്ന അമ്മയെ കണ്ടു അവൾ പോകാൻ കഴിയാതെ ഒരു പിടപ്പോടെ അവിടെ തന്നെ നിന്നു... ഇടക്ക് അമ്മയെ ഒന്ന് ഇടം കണ്ണിട്ട് നോക്കുമ്പോൾ അമ്മ ജോലിയിൽ മുഴുകിയിരിക്കുകയാകും... എങ്കിലും പോകുന്നത് മോശമാല്ലേ... "അമ്മാ....ഞാൻ ഇറങ്ങിട്ടൊ... " വീണ്ടും അവന്റെ ശബ്ദം ഉയർന്നു... പക്ഷെ ഇപ്രാവശ്യം വാക്കുകൾക്ക് പതിവിലും കനം. .

"നീ ഒരു പ്രാവശ്യം പറഞ്ഞത് അല്ലേടാ... വീണ്ടും വീണ്ടും പറയാൻ ന്റെ ചെവിക്ക് കുഴപ്പം ഒന്നും ഇല്ല... പോകാൻ നോക്കടാ... " അമ്മയുടെ വാക്കുകൾ ഉയർന്നു... അവൾ അമ്മയെ ഒന്ന് നോക്കി... ഉള്ളിൽ ഒരു പരിഭ്രമം... "മോള് പോയി ഇതൊന്ന് ഉമ്മറത്തു വെയിലത്തു വെച്ചിട്ടു വാ... " അമ്മയുടെ നോട്ടം തന്നിൽ പതിയും മുന്നേ നോട്ടം മാറ്റി എങ്കിലും അമ്മയുടെ വാക്കുകളിൽ നിന്നും വ്യക്തം ആയിരുന്നു തന്റെ നോട്ടം കണ്ടു എന്ന്... കണ്ണുകൾ ഒന്ന് പിടഞ്ഞു... എന്തെങ്കിലും മനസ്സിലായി കാണോ... "ചെല്ല് മോളെ... " അമ്മ ചുണ്ടിൽ ഊറിയ ചിരി ഒതുക്കി നിർത്തി കൊണ്ട് പറഞ്ഞു... പുറത്ത് നിന്നും ബൈക്കിന്റെ ശബ്ദം കേട്ടതും അവൾ വേറൊന്നും ആലോചിക്കാതെ അമ്മയുടെ കയ്യിൽ നിന്നും കഴുകിയ മഞ്ഞൾ പരത്തി വെച്ച മുറവും വാങ്ങി ധൃതിയിൽ ഉമ്മറത്തേക്ക് നടന്നു.... പോയി കാണോ... ഉള്ളിൽ ഒരു ആധി... ഓടി ചെന്നപ്പോഴേക്കും ബൈക്കിന്റെ ശബ്ദം നിന്നിരുന്നു...

അവൾ നിരാശയോടെ റോഡിലേക്ക് നോക്കി കൊണ്ട് തന്നെ മുറ്റത്തേക്ക് ഇറങ്ങിയതും കണ്ടു മതിലിന് മുകളിലൂടെ തനിക്ക് നേരെ നീളുന്ന രണ്ട് കണ്ണുകളെ.... അത് കണ്ടതോടെ അവളിൽ ചെറു പരിഭ്രമം... അവൾ ചുറ്റും ഒന്ന് നോക്കി കൊണ്ട് വിടർന്ന കണ്ണുകളുമായി അവനെ ഒന്ന് നോക്കി... ഹൃദയത്തിൽ പതിഞ്ഞ തണുപ്പ് ശരീരത്തിലേക്കും പടർന്ന പോലെ... അവളിലെ പരിഭ്രമം അറിഞ്ഞ പോലെ അവനും പുഞ്ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... മെല്ലെ അവളിലേക്കും ആ പുഞ്ചിരി പടർന്നു... കയ്യിലെ മുറത്തിലെ മഞ്ഞൾ ഒരു കൈ കൊണ്ട് പരത്തുകയാണ് എന്ന വ്യാജെനെ നിന്നു അവളിലേക്ക് തന്നെ നോക്കി നിശബ്ദമായി ഒന്ന് പുഞ്ചിരിച്ചു.... വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവന്റെ ഉള്ളിലും മുന്നിലെ യക്ഷി പല്ലും പുറത്ത് കാട്ടി ചിരിക്കുന്ന പെണ്ണിന്റെ മുഖം ആയിരുന്നു... അവളുടെ ഉള്ളം തന്റെ അച്ചേട്ടൻ തന്നിൽ എത്ര മാത്രം പതിഞ്ഞു കഴിഞ്ഞു എന്ന് തേടുകയായിരുന്നു....

▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ടാ... ചെറ്ക്കാ... വേണ്ടാത്ത ഓരോന്ന് പറഞ്ഞാൽ മോന്തക്കിട്ട് കുത്തും ഞാൻ... ഞാൻ പറയണത് കേട്ടാൽ മതി... മര്യാദക്ക് പോയി ഫീസ് അടച്ചു കോളേജിൽ പോകാൻ നോക്ക്... രാഘവേട്ടനോട് എല്ലാം ഞാൻ പറഞ്ഞോളാം... ഇത് പിടിക്ക്... " മുണ്ടിന്റെ തലയിൽ കെട്ടി വെച്ച പേഴ്സിൽ നിന്നും കുറച്ചു നോട്ടുകൾ മടക്കി അവന്റെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് ഹർഷൻ പറഞ്ഞതും അവന്റെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു... "ന്ന.... ഞങ്ങളും കോളജിലേക്ക് വാ... രണ്ടാൾക്കും ഒരുമിച്ച് ഇരുന്നു പഠിക്കാം... " അവന്റെ സംസാരം കേട്ടു അവന് ചിരി പൊട്ടി... "എനിക്ക് അതിന്റെ ആവശ്യം ഒന്നും ഇല്ല... നീ നിന്റെ കാര്യം നോക്ക്... പഠിച്ചു വല്ല ജോലിയും സമ്പാധിക്കാൻ നോക്കടാ... " അവൻ കിളക്കുന്നതിനിടെ പറഞ്ഞു... ചേറ് അവന്റെ കയ്യിലും കാലിലും എല്ലാം തെറിക്കുന്നുണ്ട്... "നിങ്ങക്ക് വേണ്ടേൽ പിന്നെ എനിക്ക് എന്തിനാ...

ഞാൻ നിങ്ങടെ കൂടെ കൂടിക്കോളാം.... " അവന്റെ സംസാരം കേട്ടു ഹർഷൻ ദേഷ്യത്തോടെ കൈകോട്ട് ഒന്ന് പൊക്കി അവനെ തല്ലും വിധം കാണിച്ചതും അവൻ പേടിച്ചു കൊണ്ട് വരമ്പിലേക്ക് ചാടി കയറിയിരുന്നു... "ഇനി ഒരു പറച്ചിൽ ഉണ്ടാവില്ല.... നാളെ തന്നെ പൊയ്ക്കോണം... പഠിപ്പും നിർത്തി അവൻ വന്നേക്കുന്നു... ഇപ്പോ നീ പഠിക്കേണ്ട പ്രായ... പഠിച്ചു ഒരു നിലയിൽഎത്തിയിട്ടും നിനക്ക് ഇതിനോട് ആണ് താല്പര്യം എങ്കിൽ ആയിക്കോ... അല്ലാതെ പഠിപ്പ് നിർത്തിയിട്ട് വന്നാൽ നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും... വീട്ടിലേക്ക് പോടാ... " അലറി കൊണ്ടുള്ള ഹർഷന്റെ ശബ്ദം... പാടത്ത് നിൽക്കുന്ന കുമാരെട്ടൻ മുതൽ മുറുക്കി ഇരിക്കുന്ന നാണി തള്ള വരെ പതുങ്ങി ചിരിക്കുന്നുണ്ട്... ചെക്കൻ ചുണ്ടും കൂർപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ ചവിട്ടി തുള്ളി വരമ്പിലൂടെ നടന്നു... "ടാ... ചെക്കാ... നാളെ ഞാനും വരാം... നിന്റെ പ്രിൻസിപ്പാളിനെ ഞാനും ഒന്ന് കാണട്ടെ... " "നിങ്ങള് പോടോ... "

അവൻ അതും പറഞ്ഞു കൊണ്ട് പോകുന്നുണ്ട്.. ഹർഷൻ ചിരിയോടെ കൈകോട്ട് കൊണ്ട് ചെളിയിൽ ആഞ്ഞു കൊത്തി... "നീ പോവാനായോ.... " വെള്ളം കൊണ്ട് വന്ന നില ദേഷ്യത്തോടെ നടന്നു പോകുന്ന ചെറുക്കനെ നോക്കി ചോദിച്ചു.. "നിങ്ങടെ കെട്ടിയോൻ ഇല്ലേ... പറയാതിരിക്കാൻ പറ്റില്ല കാല്മാറിയാ... ഇത് വരെ ന്നെ ഒപ്പം നിർത്തിയിട്ട്... ഇപ്പോ ഞാൻ കോളേജിൽ പോകണത്രെ... " മുഖത്ത് അല്പം സങ്കടം വാരി എറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു... "പോണത് നല്ലതല്ലേ... " നില നിഷ്കളങ്കമായി ചോദിച്ചു... അത് വരെ ചിരി കടിച്ചു പിടിച്ചു അവരെ നോക്കി നിന്ന ഹർഷൻ അറിയാതെ ചിരിച്ചു പോയി... "അയ്... ഇവരെ ഒക്കെ കൊണ്ട്... ഞാൻ ഒന്നും പറയുന്നില്ല... നോക്കിക്കോ ഒരൂസം ഇതിനുള്ളത് എല്ലാം കൂടി ഞാൻ തരണണ്ട്... " ദേഷ്യത്തോടെ ഓരോന്ന് പെറുക്കി പറഞ്ഞു പോകുന്നവനെ നില ഒന്നും മനസ്സിലാകാതെ അത്ഭുതത്തോടെ നോക്കി... "കൊച്ചേ... ഇങ്ങ് പോര്...

ആ കുട്ടി തേവാങ്കിന് ഭ്രാന്ത... " ഹർഷൻ പറഞ്ഞതും അവൾ മെല്ലെ അവന്റെ അടുത്തേക്ക് നടന്നു... "ഭ്രാന്ത് നിങ്ങൾക്ക് തന്നെയാ മനുഷ്യ... " അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു... അത് നിലയും ചെറിയ ഒരു ചിരി വരുത്തി... ഹർഷൻ ചിരിച്ചു കൊണ്ട് വരമ്പിലേക്ക് കയറി ഇരുന്നു നിലയുടെ കയ്യിൽ നിന്നും വെള്ളപത്രം വാങ്ങി താഴെ വെച്ചു അതിൽ നിന്നും ഒരു ഗ്ലാസ്‌ എടുത്തു കുടിച്ചു... അവളും വെറുതെ അവനെ നോക്കി... ഒന്നും പറയാൻ ഇല്ല.. നോട്ടം പോലും തന്നിലെക്ക് നീളുന്നില്ല... പക്ഷെ ആ ചുണ്ടിൽ ഒളിച്ചു വെച്ച പുഞ്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം... "നാളെ നിനക്കും ക്ലാസ്സ്‌ തുടങ്ങുവല്ലേ.....നില കൊച്ചേ... ന്തേലും ആവശ്യം ണ്ടേൽ അമ്മേനേം കൂട്ടി പുറത്ത് പൊയ്ക്കോട്ടൊ... ന്റെ സമ്മതം കിട്ടാൻ കാത്തു നിൽക്കണ്ട... " അവന്റെ വാക്കുകൾക്ക് മെല്ലെ ഒന്ന് തലയാട്ടി... "ന്നാ കൊച്ച് അമ്മേനേം സഖാവിനേം കണ്ടിട്ട് വീട്ടിൽ പോയാൽ മതി... ഇത്രേടം വന്നതല്ലേ... "

വരമ്പിൽ നിന്നും എഴുന്നേറ്റു വയലിലേക്ക് ഇറങ്ങി കൊണ്ടുള്ള അവന്റെ വാക്കുകൾ... അവളുടെ നോട്ടം അവനിൽ തന്നെ പതിഞ്ഞു കിടന്നു... എന്തോ ആഗ്രഹിക്കുന്ന പരിഗണന കിട്ടാത്ത മട്ടെ.... അവളുടെ നിർത്തം കണ്ടു എന്ന പോലെ അവൻ അവളെ ഒന്ന് തല ഉയർത്തി നോക്കി..... "ചെല്ല് പെണ്ണെ... " കള്ള ചിരിയോടെ ആ വാടിയ മുഖത്തേക്ക് കണ്ണെറിഞ്ഞുള്ള അവന്റെ വാക്കുകൾ... ഒരു നിമിഷം അവളുടെ കണ്ണുകളും വിടർന്നു... മെല്ലെ അവനെ നോക്കി പുഞ്ചിരിച്ചു... പിന്നെ കണ്ണിൽ കുസൃതി ഒളിപ്പിച്ചു കൊണ്ട് അവനെ നോക്കി... പുഞ്ചിരിയോടെ തന്നെ നോക്കുന്നന് നേരെ ഒന്ന് പിരികം പൊക്കി കാണിച്ചതും അവൻ എന്തോ അറിഞ്ഞു എന്ന പോലെ ചുറ്റും ഒന്ന് നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പിച്ചു മീശ ഒന്ന് ഉഴിഞ്ഞു മുകളിലെക്ക് പിരിച്ചു കൊണ്ട് തലയാട്ടി... അവൾ വാ പൊത്തി ചിരിച്ചു കൊണ്ട് വരമ്പിലൂടെ മുന്നോട്ട് ഓടി.... "ടാ ഹർഷ... " മനുവിന്റെ വിളി...

ഹർഷൻ മെല്ലെ തല ചെരിച്ചു കൊണ്ട് മനുവിനെ നോക്കി.... "മതിയടാ..." അവൻ ചുണ്ടിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും ഹർഷൻ ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് നോട്ടം മെല്ലെ വരമ്പത്തു കൂടി ഓടുന്ന നിലയിലേക്ക് പായിച്ചു... ഉള്ളിൽ ഒരു സന്തോഷം... സമാധാനം... നിറഞ്ഞ ആധി ആ ചെറു പുഞ്ചിരിയോടെ മാഞ്ഞു പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "മതി അമ്മാ... " "ഇത് കുടിച്ചിട്ട് പോയാൽ മതി... " പാൽ ഗ്ലാസ്‌ അവളുടെ ചുണ്ടോട് മുട്ടിച്ചു കണ്ണുരുട്ടി കൊണ്ട് അമ്മ പറഞ്ഞതും ചുണ്ട് ചുളുക്കി കൊണ്ട് അവൾ അതിൽ നിന്നും ലേശം കുടിച്ചു... "ഇനി മതി... " "നില ന്റെ കയ്യീന്ന് വാങ്ങിക്കാൻ നിൽക്കണ്ട... " ആ ഭീഷണിയിൽ അവൾ പെട്ടെന്ന് അത് കുടിച്ചു തുടങ്ങി.. "സാവിത്രി... ഞാൻ ഇറങ്ങി... " അടുക്കള വാതിലിലൂടെ ഉള്ളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് അച്ഛന്റെ വാക്കുകൾ... "ഞാനും വരുന്നു അച്ഛേ... " പാൽ മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു വലതു കയ്യിന്റെ പുറം കൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് അവൾ അതും പറഞ്ഞു കൊണ്ട് അമ്മയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു...

"ഞാൻ പോയി വരാട്ടൊ അമ്മാ... ഞാൻ വരണത് വരെ ന്റെ അച്ഛയെ നോക്കിക്കോണം... " കുറുമ്പോടെ പറയുന്നവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി അവർ... "പിന്നെ നീ പറഞ്ഞിട്ട് വേണല്ലോ എനിക്ക് എന്റെ ഭർത്താവിനെ നോക്കാൻ... പോകാൻ നോക്ക് പെണ്ണെ... പിന്നെ നന്നായി പഠിച്ചോണം....അതിന്റെ പേരിൽ ആരുടേയും മുഖം ചുളിയരുത് കേട്ടല്ലോ... " "കേട്ടു അമ്മാ... ഞാൻ പഠിച്ചോളാം... " അവൾ പുഞ്ചിരിയോടെ അവരുടെ കവിളിനെ മെല്ലെ ഒന്ന് തഴുകി കൊണ്ട് ഓടി പോയി അച്ഛന്റെ കയ്യും പിടിച്ചു ഇറങ്ങി... അമ്മ ഉമ്മറത്തേക്ക് ചെന്ന് അച്ഛനെയും മോളെയും നോക്കി നിൽക്കുകയായിരുന്നു... അച്ഛന്റെ വാക്കുകൾക്ക് കുഞ്ഞ് ചിരിയോടെ അദ്ദേഹത്തോട് ചേർന്നു നിൽക്കുകയും കുസൃതി കാണിക്കുകയും ചെയ്യുന്ന നില...

ഇന്ന് വരെ തങ്ങൾക്കു മുന്നിൽ പോലും മൗനമായി നിന്നിരുന്ന നിലയുടെ ഈ ഒരു മാറ്റം എല്ലാവരിലും അത്ഭുതവും അതെ സമയം സന്തോഷവും ആയിരുന്നു.... തങ്ങളുടെ മകളുടെ ചുണ്ടിൽ വറ്റാത്ത പുഞ്ചിരി കണ്ടുള്ള സന്തോഷം... നില മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി അമ്മയെ നോക്കി കൈ വീശി കാണിച്ചു... അമ്മയും പുഞ്ചിരിയോടെ കൈ വീശി... "നോക്കി പോകണം രണ്ടും... " ഒരു അമ്മയുടെ കരുതൽ നിറഞ്ഞ വാക്കുകൾ... പാടം കടന്നു പോകുമ്പോൾ അവർക്കൊപ്പം അച്ഛന്റെ മറു കൈ പിടിക്കാൻ ഹർഷൻ വന്നതും എന്തോ പറഞ്ഞു ചിരിക്കുന്നതിനിടെ അച്ഛന്റെ പിന്നിലൂടെ അവളുടെ തലക്ക് മേടുന്നതും എല്ലാം ആ അമ്മ കാണുന്നുണ്ടായിരുന്നു... അവരിൽ സന്തോഷം ആയിരുന്നു.... ഇന്ന് വരെ അനുഭവിച്ചത് എല്ലാം മായ്ച്ചു കളയാൻ പാകത്തിന് ഉള്ള സന്തോഷം...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story