അറിയാതെ: ഭാഗം 20

ariyathe

രചന: THASAL

"നില കൊച്ചേ.... " ബൈക്കിൽ കയറി ഇരുന്നു കൊണ്ട് തന്നെ ഹർഷൻ ഉള്ളിലേക്ക് എത്തി നോക്കി കൊണ്ട് നീട്ടി വിളിച്ചു... "അമ്മാ.... ഞാൻ ഇറങ്ങാട്ടൊ... " ചുരിദാർ ഷാൾ ഒരു ഭാഗത്ത്‌ ആയി പിൻ ചെയ്തു മുടി ഒന്ന് മെടഞ്ഞു ഇട്ടു ബാഗും നെഞ്ചോട് ചേർത്ത് പിടിച്ചു ഇറങ്ങുന്നതിനിടയിൽ അവൾ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... അപ്പോഴേക്കും നനഞ്ഞ കൈ നേരിയതിന്റെ തലയിൽ തുടച്ചു കൊണ്ട് അമ്മയും ഉമ്മറത്തേക്ക് വന്നിരുന്നു... "ന്റെ കൊച്ചേ.... ആ ബസ് എങ്ങാനും പോയാൽ പിന്നെ എങ്ങനെയാ... നേരത്തെ ഇറങ്ങണ്ടെ... " ഹർഷനിൽ വെപ്രാളം... നില ചിരിച്ചു കൊണ്ട് അവന് പിന്നിൽ കയറി ഇരുന്നു... "ബസ് എടുക്കാൻ ഇനിയും ഒരു അരമണിക്കൂർ ബാക്കി ഇല്ലെടാ ഹർഷ... ഇവിടുന്ന് ആണേൽ പത്ത് മിനിറ്റും... നീ എന്തിനാ അതിനെ ഇങ്ങനെ പിടപ്പിക്കുന്നെ... " "നേരത്തെ ഇറങ്ങിന്ന് വെച്ചു എന്താ... ആദ്യ ദിവസം അല്ലേ അമ്മ... വൈകിക്കണ്ടാ എന്ന് വെച്ചു...

നില കൊച്ചേ പിടിച്ചു ഇരുന്നോണെ... " ഒരു കുഞ്ഞിനോട് എന്ന പോലെ തനിക്ക് നിർദ്ദേശം നൽകുന്നവനോട് അവൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി... അവൻ വണ്ടി മുന്നോട്ട് എടുക്കുമ്പോഴും അവൾ കണ്ണാടിയിലൂടെ കാണുന്ന അവന്റെ മുഖത്തെക്ക് ഉറ്റു നോക്കുകയായിരുന്നു.... താടി രോമങ്ങൾ വളർന്ന ആ കവിളുകളിൽ ചെറുതായി മാത്രം പുറത്തേക്ക് കാണുന്ന ആ ഗർത്തത്തിലേക്കും.... കുറുകിയ കണ്ണുകളിലേക്കും എല്ലാം അവളുടെ കണ്ണുകൾ കൊതിയോടെ തേടി നടന്നു... തിരികെ ഒരു നോട്ടം കിട്ടാൻ ആ കൊച്ച് പെണ്ണ് ആഗ്രഹിച്ചു കാണണം... ഇടക്ക് വാച്ചിലേക്ക് നോട്ടം മാറ്റി പിന്നെയും മുന്നിലേക്ക് നോക്കുന്നവനെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി... പിന്നെ ഒരു കൈ ഉയർത്തി ആ ചുമലിൽ ഒന്ന് പിടി മുറുക്കി കൊണ്ട് എങ്ങോട്ടോ നോക്കി ഇരുന്നു.... അവളെ നോക്കിയില്ല എങ്കിൽ കൂടി അവന്റെ ചുണ്ടിലും കുഞ്ഞ് പുഞ്ചിരി നിറഞ്ഞു...

ഇടക്ക് അവൾക്ക് കോളേജിനെ പറ്റിയും അവിടുത്തെ കാര്യങ്ങളും അവൻ പറഞ്ഞു കൊടുത്തു... ഇടക്ക് കുഞ്ഞ് കുഞ്ഞ് നിർദ്ദേശങ്ങളും.... ആരെങ്കിലും വല്ലതും പറഞ്ഞാൽ മിണ്ടാതെ നിൽക്കരുത്.... എല്ലാം ചോദിച്ചു മനസ്സിലാക്കണം... പ്രതികരിക്കെണ്ടിടത്ത് പ്രതികരിക്കണം... തുടങ്ങി ഒരുപാട് കാര്യങ്ങൾ... അവളുടെ ചിന്തകൾ ആദ്യമായി ഡിഗ്രിക്ക് ചേർന്ന സമയം തന്നെ ബസ് കയറ്റാൻ വന്നപ്പോൾ അവൻ പറഞ്ഞ കാര്യങ്ങളിലേക്ക് നീണ്ടു പോയിരുന്നു.... ഇതേ കാര്യങ്ങൾ തന്നെ... പക്ഷെ അന്ന് ഒരു ബഹുമാനത്തോടെ കണ്ടിരുന്ന ആളോട് ഇന്ന് തനിക്ക് ബഹുമാനത്തേക്കാൾ ഉപരി പ്രണയം ആണ്.... "ആരെങ്കിലും തട്ടി കയറിയാൽ... " "കരഞ്ഞു നിൽക്കരുത്... " "നിനക്ക് ചോദിക്കാനും പറയാനും... " "ആളുണ്ട് എന്ന് ഓർക്കണം... " അവൻ പറഞ്ഞു തുടങ്ങുന്നത് അവൾ പൂർത്തിയാക്കും... അവൻ മിററിലൂടെ അവളെ നോക്കി ഒന്ന് ചിരിച്ചു...

അവളും ചുണ്ടിൽ അടക്കിയ പുഞ്ചിരിയുമായി അവനെ നോക്കി... "എല്ലാം ഓർമ്മ ഉണ്ടല്ലേ... " "ഇതൊക്കെ ന്നോട് അച്ചേട്ടൻ ഇന്നും ഇന്നലേം പറഞ്ഞു തുടങ്ങിയത് അല്ലല്ലോ... നിക്ക് ഓർമ്മ വെച്ച കാലം മുതൽ ഞാൻ കേൾക്കണതല്ലേ... " അവൾ ചിരിയോടെ തന്നെ മറുപടി നൽകി... "മടുത്തു തുടങ്ങിയോ കൊച്ചേ... " അവന്റെ സ്വരത്തിൽ കുസൃതി... പക്ഷെ അവൾക്കത് എന്തോ തമാശ അല്ലായിരുന്നു... മുഖം പരിഭവത്താൽ വീർത്തു വന്നു... ഒന്നും മിണ്ടിയില്ല എങ്കിൽ കൂടി ചെറുതായി നീണ്ടു വളർന്ന നഖം അവന്റെ തോളിൽ അമർന്നു... അവന് നൊന്തില്ല എങ്കിൽ കൂടി അവളിലെ പരിഭവം അറിയിക്കാൻ അത് മതിയായിരുന്നു... അവൻ മെല്ലെ അവൾ തോളിൽ വെച്ച കൈക്ക് മുകളിൽ കൈ ചേർത്തു... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടിയിരുന്നു... ഹൃദയത്തിലൂടെ ഒരു പിളർപ്പ്... ഹൃദയത്തിന്റെ വേഗത പോലും അത് ഉയർത്തി...

മെല്ലെ ആ നീണ്ടു വളർന്ന വിരലുകളിൽ ഒന്ന് തലോടി കൊണ്ട് പരുപരുത്ത കൈ താഴ്ന്നു...അവളുടെ നഖങ്ങൾ മെല്ലെ തോളിൽ നിന്നും ഉയർന്നു.... അവൾ അപ്പോഴും ഹൃദയമിഡിപ്പ് നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു... "നില കൊച്ചേ... ഞാൻ ഒരു തമാശ പറഞ്ഞതാട്ടൊ... " എല്ലാം അറിയാം എങ്കിൽ കൂടി ആ വാക്കുകൾ മനസ്സിനെ കുളിർപ്പിക്കുന്നു... ഉള്ളിലെ പ്രണയം പുറമെക്ക് ഒഴുകുന്നു... കണ്ണുൾ പോലും അവനിൽ നിന്നും മടക്കം ഇല്ലാത്ത മട്ടെ അവനിൽ കൊരുക്കുന്നുണ്ട്..... ഇതല്ലേ തന്റെ ഉള്ളിലെ പ്രണയം... !!?.. അവൾ പല തവണ അവളോട്‌ തന്നെ ചോദിച്ചു... ആർക്ക് മുന്നിലും ദേഷ്യം കാണിക്കാനും അതിലുപരി ഒരുപാട് സ്നേഹിക്കാനും പുഞ്ചിരിക്കാനും കരയാനും ഒന്നും മടി ഇല്ലാത്ത പാവം മനുഷ്യനോടുള്ള പ്രണയം... സ്റ്റോപ്പ്‌ എത്തിയതും നില വണ്ടിയിൽ നിന്നും ഇറങ്ങി... "ശ്രീക്കുട്ടി എത്തിയിട്ടില്ലാന്ന് തോന്നുന്നു... " അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...

ബസ് നിർത്തി ഇട്ടിട്ടുണ്ട്... പക്ഷെ ഒന്നോ രണ്ടോ ആളുകൾ മാത്രം കയറി ഇരുന്നിട്ടൊള്ളൂ... "നില.... " ബസിൽ നിന്നും ശ്രീക്കുട്ടിയുടെ ശബ്ദം... നില ബസിന്റെ ഉള്ളിലേക്ക് നോട്ടം എറിഞ്ഞതും ശരീരം പാതിയും പുറത്തേക്ക് ഇട്ടു കൈ വീശി കാണിക്കുന്ന ശ്രീക്കുട്ടി... നിലയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു വന്നു... ഒരുകാലത്തു ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തവർ ആണ്... തനിക്ക് വേണ്ടി ആരോട് വേണമെങ്കിലും സംസാരിക്കാനും തട്ടി കയറാനും തയ്യാറയവൾ...ഒരു വിധത്തിൽ കോളേജിലെ പിള്ളേര് പറയും പോലെ *നിലയുടെ നാവ് *...പക്ഷെ തന്റെ ഉള്ളിൽ തോന്നിയ ഒരു തെറ്റ് കാരണം അവളെ തന്നിൽ നിന്നും അകറ്റി മാറ്റിയിട്ട് മാസങ്ങൾ ആയി.... ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങളിൽ ഒന്നായ തന്റെ വിവാഹത്തിന് പോലും വരാൻ അവൾക്ക് അനുവാദം ലഭിച്ചില്ല... അവളുടെ വാക്കുകളിൽ പരോൾ ലഭിച്ചില്ല...

നിലയുടെ കണ്ണുകൾ ചെറുതിലെ നിറഞ്ഞു... "കൊച്ച് പോയി ബസിൽ കയറിക്കോ.... പിന്നെ സീറ്റ്‌ കിട്ടില്ല...അത് വരെ നിൽക്കാൻ ഒക്കത്തില്ലല്ലോ... " ശ്രീകുട്ടിയെ നോക്കുന്ന നിലയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു കൊണ്ട് തന്നെ അവൻ പറഞ്ഞു... നില മെല്ലെ ചെറു നോട്ടം അവന് നൽകി....മൗനമായി ഒന്ന് പരിഭവിച്ചു... പുഞ്ചിരിയോടെ നോക്കുന്നവനിൽ നിന്നും ബലമായി കണ്ണുകളെ പിൻവലിച്ചു കൊണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോഴേക്കും ചെറു വിരലിൽ അവന്റെ ചെറു വിരൽ കോർത്തിരുന്നു... ബലമായി അല്ലെങ്കിൽ കൂടി ആ സ്പർശത്തിൽ അവളുടെ ഉള്ളം ഒന്ന് വിറച്ചു... മെല്ലെ കണ്ണുകൾ വിടർത്തി കൊണ്ട് തിരിഞ്ഞ് നോക്കുമ്പോൾ അവൻ കള്ള ചിരിയോടെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു അതിൽ നിന്നും കുറച്ചു നോട്ടുകൾ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു... അപ്പോഴും ചെറിയ വിരലുകൾ പ്രണയ ചൂടിൽ ആയിരുന്നു...

"കോളേജ് കഴിഞ്ഞാൽ വിശന്നു ഇരിക്കണ്ടാ... ക്യാന്റീനിൽ നിന്നും എന്തെങ്കിലും കഴിച്ചിട്ട് വന്നാൽ മതി.... " അവൻ സൗമ്യമായി പറഞ്ഞു.. അവൾ മെല്ലെ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി... "ഞാൻ പറയുന്നത് കേൾക്ക് നില കൊച്ചേ... " ക്യാഷ് തിരികെ കൊടുക്കാൻ നോക്കിയ നിലയെ ചെറുതിലെ ശാസന എന്ന പോലെ അവന്റെ ശബ്ദവും ഉയർന്നു... "നിക്ക് വേണ്ടാത്തോണ്ട് അല്ലേ.... " അവളുടെ നോട്ടം ഒന്ന് കൂർത്തതും അവൻ പുഞ്ചിരിച്ചു... "നിനക്ക് വേണ്ടെങ്കിൽ ശ്രീക്കുട്ടിക്ക് വേണ്ടി വരും... നമ്മുടെ കല്യാണത്തിന് അവൾക്ക് വരാൻ കഴിഞ്ഞില്ലല്ലോ... അതിനുള്ളത് കൂടി വാങ്ങി കൊടുത്തേക്കണം... കേട്ടല്ലോ..." ചെറുതിലെ മൂക്കിൽ തുമ്പിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ അവൻ തട്ടിയ ഇടം ഒന്ന് ഉഴിഞ്ഞു കൊണ്ട് തലയാട്ടി... മെല്ലെ അവന്റെ ഷിർട്ടിന്റെ അറ്റത്തു ഒന്ന് വിരൽ മടക്കി പിടിച്ചു... "അമ്മേനെ നോക്കിക്കോണെ..." വാക്കുകളിൽ സ്നേഹം നിറഞ്ഞു...

അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടലോടെ അവളുടെ നെറ്റിയിൽ വിരൽ മടക്കി തട്ടി... "ഞാൻ നോക്കിക്കോളാം... കൊച്ച് ചെല്ലാൻ നോക്ക്... " അവന്റെ വാക്കുകൾക്ക് ബധിൽ എന്ന പോലെ തിരിഞ്ഞു നടക്കുന്നവളെ അവൻ പ്രണയത്തോടെ നോക്കി... ഇടക്ക് അവളുടെ കണ്ണുകളും പുറകിലേക്ക് മാറി... കള്ള ചിരിയോടെ നിൽക്കുന്നവനെ കണ്ടു വിടർന്ന കണ്ണുകൾ ചുരുക്കി യക്ഷി പല്ലും പുറത്ത് കാട്ടി പുഞ്ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി... അവന്റെ ഹൃദയം ഒരു നിമിഷം അവളിലെ പ്രണയത്താൽ നിന്ന് പോകും എന്ന് തോന്നിയത് കൊണ്ടാകാം ഒരു നിമിഷം കൈ നെഞ്ചിലേക്ക് നീണ്ടു... എല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു ശ്രീകുട്ടി... പ്രണയം മനുഷ്യനെ ഇത്രയും മാറ്റി കളയുമോ....!!? ബസ് മുന്നോട്ട് എടുക്കുമ്പോഴും കണ്ണുകൾ കൊണ്ട് യാത്ര പറയുന്ന നിലയെ പുഞ്ചിരിയോടെ നോക്കി ഹർഷൻ....

പിന്നെ തനിക്ക് നേരെ കൈ വീശി കാണിക്കുന്ന ശ്രീക്കുട്ടിക്ക് നേരെ കൈ വീശി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഡി... നിലമ്മോ.... " കൊഞ്ചലോടെയുള്ള ശ്രീക്കുട്ടിയുടെ വിളിയിൽ പുഞ്ചിരിയോടെ അവൾ ഒന്ന് തല ചെരിച്ചു ശ്രീക്കുട്ടിയെ നോക്കി... ശേഷം സന്തോഷം അറിയിക്കും മട്ടിൽ അവളുടെ വിരലുകളിൽ ഒന്ന് അമർത്തി പിടിച്ചു... ശ്രീക്കുട്ടിയിലും സന്തോഷം ആയിരുന്നു... ഇനി പഠിക്കാൻ പോകുന്നില്ല എന്ന് ഉറപ്പിച്ച അവൾ വീണ്ടും പഠനം തുടർന്നത് പോലും തന്റെ നിലക്ക് വേണ്ടി മാത്രമായിരുന്നു... "ഞങ്ങടെ ഹർഷേട്ടനെ ഇഷ്ടല്ലേഡി..." പുഞ്ചിരിയോടെ ശബ്ദം താഴ്ത്തി കൊഞ്ചലോടെ ചോദിക്കുമ്പോൾ നാണം നിറഞ്ഞ നിലയുടെ മുഖം ഒന്ന് ചുവന്നു... മെല്ലെ നോട്ടം മാറ്റി പുറത്തേക്ക് നോക്കി പുഞ്ചിരിയോടെ ഇരുന്നു... ജീവനാണ് എന്ന് പറയണം എന്ന് ഉള്ളം കൊതിച്ചു... പക്ഷെ വാക്കുകൾക്ക് ക്ഷാമം... പ്രണയം തുറന്ന് പറയാൻ എന്തോ ഒരു ചമ്മൽ..

. ആ മൗനത്തിൽ പോലും അവനോടുള്ള പ്രണയം നിറഞ്ഞു നിൽക്കുകയായിരുന്നു... "ചമ്മണ്ടാ... നിക്ക് അറിയാം... നിന്റെ മുഖം കണ്ടാൽ മനസ്സിലാകത്തില്ലേ.... " ശ്രീക്കുട്ടിയും ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി പറയുമ്പോൾ നിലക്കുള്ളിൽ അത്ര ധൃടമായി തന്നെ തന്റെ അച്ചേട്ടൻ വേരിറങ്ങിയിരുന്നു... ഉള്ളിൽ പ്രണയം മാത്രം... ▶▶▶▶▶▶▶▶▶▶▶▶▶▶ "അല്ല... എങ്ങോട്ടാ രണ്ട് പേരും... " വരമ്പിലൂടെ നടന്നു പോകുന്ന ശ്രീക്കുട്ടിയുടെ അച്ഛൻ രാമനെയും അമ്മ ഇന്ദിരയെയും കണ്ടു ഒരു പരിഭവവും കൂടാതെ ഹർഷൻ ചോദിച്ചു... രാമന്റെ ഉള്ളിൽ ചെറുതായി ഒരു മടി തോന്നി എങ്കിലും പുഞ്ചിരിച്ച് നിൽക്കുന്നവനെ നോക്കി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... ഇന്ദിര അവനെ നോക്കാതെ നിൽക്കുകയായിരുന്നു... ഏതൊരു പെറ്റമ്മക്കും എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും തന്റെ മക്കളോളം പ്രാധാന്യം വേറെ ആർക്കും ഉണ്ടാകില്ല...

"ആ.. ഹർഷ... ഒരു കല്യാണം ണ്ടായിരുന്നു....അത് വരെ ഒന്ന് പോവാ... " രാമേട്ടൻ ആയിരുന്നു പറഞ്ഞത്... "കുമാരെട്ടന്റെ മോൾടെ അല്ലേ... നമ്മുടെ കുഞ്ഞി പാറുവിന്റെ... എനിക്കും ണ്ട്... ഇവരെ ഒക്കെ ഒന്ന് ഒഴിവാക്കിയിട്ട് വേണം അവിടെ ഒന്ന് മുഖം കാണിക്കാൻ... നില കൊച്ചിന് ഇന്ന് കോളേജ് അല്ലേ... അമ്മ ആണേൽ ഒറ്റയ്ക്ക് പോകില്ല... " അവനും നന്നായി തന്നെ സംസാരിച്ചു... ഇടക്ക് ഇന്ദിരയെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവരുടെ നോട്ടം പോലും അവനെ അവഗണിച്ചു... അവന് പരാതികൾ ഇല്ലായിരുന്നു.. ദേഷ്യം ഇല്ലായിരുന്നു... നിലയുടെ പേര് കേട്ടത് കൊണ്ടാകാം രാമേട്ടന്റെ മുഖത്ത് ഒരു നോവ്...അവൻ ഒന്ന് പുഞ്ചിരിച്ചു... "ന്ന ങ്ങള് നടന്നോ... ഞാൻ അങ്ങ് എത്തിയെക്കാം... " അവൻ വിഷയം മാറ്റി കൊണ്ട് പറഞ്ഞു... അവർ നടന്നകന്നതും ഒരു നിമിഷം അവൻ അവരെ നോക്കി നിന്നു... കൂട്ടുകാരന്റെ അച്ഛനും അമ്മയും എന്നതിൽ ഉപരി സ്വന്തമായി കണ്ടവർ ആണ്.... പക്ഷെ അവരുടെ ഉള്ളിൽ തനിക്ക് അത്രയും സ്ഥാനം ഉണ്ടായിരുന്നില്ല എന്ന് അവൻ നോവോടെ തിരിച്ചറിഞ്ഞു.... "ന്റെ ഹർഷേട്ടാ.... ഇത് എത്ര കൊത്തിയിട്ടും പോകുന്നില്ല... "

പിന്നിൽ നിന്നും ആരുടയോ ശബ്ദം... ഹർഷൻ ഒന്ന് തിരിഞ്ഞു നോക്കി... കയ്യിൽ കൈകോട്ടും പിടിച്ചു നിൽക്കുന്ന ചെക്കൻ... കാലിൽ മാത്രം ചെറുതിലെ ചെളി പിടിച്ചിട്ടുണ്ട്...കണ്ടാൽ തന്നെ അറിയാം ഇപ്പൊ ഇറങ്ങിയിട്ടുള്ളൂ എന്ന്... ഹർഷൻ അറിയാതെ പിന്നിലൂടെ വന്നത് ആണ് ആള്... ഹർഷൻ അവനെ നോക്കി കണ്ണുരുട്ടി... "ഡാ... നീ ഇന്ന് കോളേജിൽ പോയില്ലേഡാ... " ഹർഷൻ ഒന്ന് അലറി...അതോടെ അവൻ ഒന്ന് പതറുകയും ചെയ്തു... "നാളെ പോയാൽ പോരെ ഹർഷേട്ടാ.... " ഹർഷൻ അവന് നേരെ നടന്നു അവന്റെ ചെവിക്കു പിടിച്ചു കൊണ്ട് വരമ്പിലേക്ക് കയറ്റി... "നടക്കഡാ... " ഹർഷൻ ശബ്ദം ഉയർത്തി... "ആ... ഹർഷേട്ടാ... വേദനിക്കുണു... " അവൻ നിന്ന് താളം ചവിട്ടിയതും ചെറുതിലെ ഒന്ന് പിടി അയച്ചു... "മര്യാദക്ക് വീട്ടിൽ പോയി യൂണിഫോമും മാറി ന്റെ വീട്ടിലേക്ക് വന്നോണം... ഞാൻ കൊണ്ടാക്കി തരാം കോളേജിലേക്ക്.... "

അവൻ ശാസനയോടെ പറഞ്ഞു... "നിങ്ങക്ക് ബുദ്ധിമുട്ട് ആകുലെ ഹർഷേട്ടാ... കല്യാണത്തിന് പോവേണ്ടതല്ലേ... " "ന്റെ ബുദ്ധിമുട്ട് ഒന്നും മോൻ നോക്കണ്ട.... മര്യാദക്ക് ചെന്നോണം നീ... ചെല്ലഡാ ചെക്കാ... " അവന്റെ ആ അലർച്ചയിൽ തന്നെ ചെക്കൻ ചെവിയും തടവി കൊണ്ട് തിരിഞ്ഞു നടന്നിരുന്നു... "കൃഷിപണിക്ക് രണ്ട് ബംഗാളികളെ കിട്ടിയപ്പോൾ എന്നെ ഡിവോഴ്സ് ചെയ്തല്ലേ.... നോക്കിക്കോഡോ... ഇവന്മാര് നാട്ടിലേക്ക്‌ പോകുമ്പോൾ നിങ്ങൾ തന്നെ എന്റെ അടുത്തേക്ക് വരും... ചെക്കാ.... വാടാന്നും പറഞ്ഞു കൊണ്ട്... " അല്പം മുന്നോട്ട് നടന്നു അവന്റെ കൈ എത്താത്ത ഇടത്ത് നിന്നും അവൻ വാദിച്ചു... "ഓടടാ..." കയ്യിലെ കൈകോട്ട് ഒന്നും വീശും പോലെ കാണിച്ചു കൊണ്ടുള്ള ഹർഷന്റെ ശബ്‌ദത്തിൽ അവൻ ഓടി കഴിഞ്ഞിരുന്നു... "അജയേട്ട...ഇവരെ ഒക്കെ ഒന്ന് ശ്രദ്ധിച്ചോണെ...ഞാൻ പോയിട്ട് വരാം... " ഒരു നിമിഷം കൊണ്ട് തന്നെ സൗമ്യമായ രീതിയിൽ അവൻ അജയേട്ടനോട് പറഞ്ഞു.. അദ്ദേഹവും അതിന് പുഞ്ചിരിയോടെ തലയാട്ടി.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story