അറിയാതെ: ഭാഗം 24

ariyathe

രചന: THASAL

റോഡിലൂടെ നടന്നു വരുന്ന നിലയെയും ശ്രീക്കുട്ടിയെയും കണ്ടു അതിൽ രണ്ട് പേരുടെ കണ്ണുകൾ ഒരുപോലെ തിളങ്ങി.... ഹർഷന്റെ കണ്ണുകൾ ഒരു വേള ചെക്കനെ നോക്കി പേടിപ്പിച്ചു എങ്കിലും അവൻ പറഞ്ഞത് കേട്ട നിമിഷം മുതൽ പതുങ്ങി വരുന്ന നിലയിൽ കണ്ണുകൾ എത്തിയതും മെല്ലെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു.... "ഈ ചെക്കന്... ഒരു നാണവും മാനവും ഇല്ലല്ലോ.." ശ്രീക്കുട്ടി മെല്ലെ നിലയോടായി പറഞ്ഞു കൊണ്ട് മുന്നോട്ട് വന്നു അവന്റെ ചെവിയിൽ ഒന്ന് പിടിച്ചു തിരിച്ചു... "ഇത്രേം ആള്ക്കാര് നിൽക്കുമ്പോൾ ആണോടാ നിന്റെ ഇമ്മാതിരി വർത്തമാനം... " ശബ്ദം നന്നേ താഴ്ത്തി കൊണ്ട് പാടത്ത് പണി എടുക്കുന്നവരിലേക്ക് ഒന്ന് കണ്ണ് എറിഞ്ഞു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞതും അവൻ എരിവ് വലിച്ചു കൊണ്ട് അവളുടെ കൈ എടുത്തു മാറ്റി... "ചേച്ചി... ഞാൻ നിങ്ങളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ... ന്റെ കൊച്ചേച്ചിയെയും ഹർഷേട്ടനേം പറ്റിയല്ലേ... അതിന് നിങ്ങക്ക് എന്താ... " അവൻ മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചതും കിച്ചുവിന്റെ ഉറക്കെയുള്ള ചിരി അവിടെ മുഴങ്ങി...

"അങ്ങനെ അങ്ങ് ചോദിക്കടാ ചെക്കാ... " അവൻ തമാശയോടെ പറഞ്ഞു... കിച്ചുവിനുള്ളതും ചേർത്ത് ചെക്കന്റെ കൈ നുള്ളി എടുത്തു ശ്രീക്കുട്ടി... "ന്റെ നിലയെ പറ്റിയല്ലേ...." "ആരുടേ നില....അതൊരു പാവം കൊച്ചാ... അതിനെ കൂടി വഷളാക്കല്ലേ... " കിച്ചു അവളെ വിടാൻ താല്പര്യം ഇല്ലാത്ത മട്ടെ പറഞ്ഞു... അപ്പോഴും അവരുടെ വഴക്ക് കാണുമ്പോഴും കുഞ്ഞ് പുഞ്ചിരിയോടെ ഹർഷന്റെ കണ്ണുകൾ തന്റെ നില കൊച്ചിൽ എത്തി നിന്നിരുന്നു... അവൾ ഒന്ന് മുഖം വീർപ്പിച്ചു കാണിക്കുമ്പോൾ അവൻ പുഞ്ചിരിയോടെ ഒന്ന് കണ്ണടച്ചു കാണിക്കും... "എന്നാ നില പറയട്ടെ.... നിലക്ക് ന്നെ ആണോ... ഈ മാങ്ങാ തലയനെ ആണോ ഇഷ്ടംന്ന്... " ശ്രീക്കുട്ടിയുടെ മുഖം കൊട്ട കണക്കെ ആയിരുന്നു.... "മാങ്ങാ തലയൻ... നിന്റെ വീട്ടില് ഇരിക്കുന്നില്ലേ... നിന്റെ തന്തപിടി... " "ന്റെ അച്ഛനെ പറയുന്നോ... " ശ്രീക്കുട്ടി വരമ്പിലേക്ക് ഇറങ്ങാൻ നിന്നതും നില അവളുടെ കയ്യിൽ പിടിച്ചു വെച്ചു... "മതി... നീ വന്നേ... " അപ്പോഴേക്കും മനുവിന്റെയും ഹർഷന്റെയും കൈ ഒരുപോലെ കിച്ചുവിന്റെ തലയിൽ പതിഞ്ഞിരുന്നു...

ഹർഷൻ അവനെ നോക്കി കണ്ണുരുട്ടി... "പോടാ പട്ടി... " ഇടക്ക് ദേഷ്യം കൊണ്ട് വിറച്ച ശ്രീക്കുട്ടിയുടെ ശബ്ദവും എത്തി... എല്ലാവരും ചിരി കടിച്ചു പിടിച്ചു നോക്കുമ്പോൾ ഉണ്ടകണ്ണുകൾ ഉരുട്ടി കിച്ചുവിന്റെ പേടിപ്പിക്കുന്ന ശ്രീക്കുട്ടിയെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന നില... "ഓഹ്... ഞാൻ അങ്ങ് പേടിച്ചു... " കിച്ചുവും ചുണ്ട് കോട്ടി... ഇടക്ക് നിലയുടെ കണ്ണുകൾ ഹർഷനിൽ പതിഞ്ഞു എങ്കിലും ശ്രീക്കുട്ടിയുടെ ചീത്തയും ഉയർന്നതോടെ ചിരി ചുണ്ടിൽ ഒതുക്കി കൊണ്ട് മിണ്ടാതെ നടന്നു... "എല്ലാം ഒപ്പിച്ചു വെച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ... കുരുത്തം കെട്ടവൻ... " ഹർഷൻ വരമ്പത്തു കിടന്നിരുന്ന ചകിരി പൊളി എടുത്തു ചെക്കന് നേരെ എറിഞ്ഞു കൊണ്ട് പറഞ്ഞതും അത് ദേഹത്തു തട്ടും മുന്നേ ചെക്കൻ ഓടി.... "ഇനി ഈ ഭാഗത്ത്‌ കണ്ടാൽ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും... " "ഒന്ന് പോ മനുഷ്യ അവിടുന്ന്... " അവൻ ദേഷ്യം കൊണ്ട് വിറക്കുമ്പോഴും ചെക്കന്റെ മനുഷ്യ എന്നുള്ള വിളിയിൽ അവന്റെ ചുണ്ടിൽ പുഞ്ചിരി എത്തി നോക്കും... ചില മനുഷ്യർ അങ്ങനെയാണ്...രക്തബന്ധത്തിന്റെ ആവശ്യം ഇല്ലാതെ തന്നെ ഉള്ളിൽ വലിയ സ്ഥാനം നേടി എടുക്കും...

ഒപ്പം ജനിക്കാതെ പോയ കൂടപിറപ്പ് ആയും... കൂട്ടുകാർ ആയും... പിന്നെ ഒരു കുഞ്ഞനിയൻ ആയും... ▶▶▶▶▶▶▶▶▶▶▶▶▶▶▶ കണക്ക് പുസ്തകവും കയ്യിൽ പിടിച്ചു കൊണ്ട് ഹർഷൻ റൂമിലേക്ക്‌ കയറിയതും കാണുന്നത് അവന്റെ ടേബിളിൽ ഇരുന്നു നോട്ട് എഴുതുന്ന നിലയെയാണ്.... അവൻ ഒരു നിമിഷം അവളെ ഒന്ന് നോക്കി പിന്നെ ശല്യം ചെയ്യാതെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി... "അച്ചേട്ടൻ..... കണക്ക് നോക്കാൻ വന്നതാണോ... " പുസ്തകത്തിൽ നിന്നും നോട്ടം മാറ്റാതെ തന്നെയുള്ള അവളുടെ ചോദ്യത്തിന് അവന്റെ ചുണ്ടിൽ ഒരു അത്ഭുതം കലർന്ന ചിരി നിറഞ്ഞു.. "നിനക്ക് പിന്നിലും കണ്ണുണ്ടോ... " "ന്റെ കെട്ടിയോനും ഉണ്ടല്ലോ... അപ്പൊ നിക്കായിട്ട് ഇല്ലാതിരിക്കോ... " പുസ്തകം ഒന്ന് നീക്കി ടേബിളിന്റെ മറു വശത്തെക്ക് കസേര നീക്കി ഇരുന്നു കൊണ്ട് അവൾ പറയുമ്പോൾ അവൻ ചുണ്ട് കടിച്ചു അവളെ ഒരു നിമിഷം നോക്കി... "കണ്ട പോലെ ഒന്നും അല്ലല്ലോ... ദിവസം ചെല്ലും തോറും പെണ്ണിന്റെ നാക്കിന് നീളം വെച്ചു വരുന്നുണ്ട്... "

അതും പറഞ്ഞു അവൻ പുസ്തകം കൊണ്ട് അവളുടെ തലയിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി... "അവിടെ ഇരുന്നോ ന്റെ അച്ചേട്ടാ... ഞാൻ ഒന്നും ചെയ്യത്തില്ല.... " തല ഒന്ന് ഉഴിഞ്ഞു ചുണ്ടിൽ കുസൃതി ചിരിയുമായി പറയുന്നവളെ പുഞ്ചിരിയോടെ നോക്കി കൊണ്ട് അവൻ അവൾക്ക് എതിർവശം കട്ടിലിൽ ഇരുന്നു കൊണ്ട് മേശയിൽ പുസ്തകം വെച്ചു ഇരുന്നു.... കയ്യിലെ പൈസ കൂട്ടിയും കുറച്ചും ചിലത് മാറ്റി വെച്ചും... ഇടക്ക് ആരെയോ വിളിച്ചു കണക്ക് ചോദിച്ചും അവൻ എന്തൊക്കെയോ ബുക്കിൽ കുത്തി കുറിക്കുമ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി... തികച്ചും ഗൗരവം ആയിരുന്നു അവനിൽ... "പുസ്തകത്തിൽ നോക്കി എഴുതഡി.... " ഇടക്ക് ഫോണിൽ എന്തോ കണക്ക് കൂട്ടുന്നതിനിടയിൽ തന്നെ അവന്റെ ശബ്ദം ഉയർന്നു... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പുസ്തകത്തിലേക്ക് കണ്ണ് മാറ്റുമ്പോൾ പുഞ്ചിരിയോടെ അവന്റെ നോട്ടം അവളിൽ എത്തിയിരുന്നു.... "നിങ്ങക്കും പുസ്തകത്തിലോട്ട് നോക്കാട്ടോ അച്ചേട്ടാ.... " കുസൃതിയിൽ ചാലിച്ചതായിരുന്നു അവളുടെ വാക്കുകൾ...

അവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയുടെ സൈഡിൽ ആയി വിരൽ മടക്കി ഒന്ന് തട്ടി... "ശ്രദ്ധ മുഴുവനും ഇങ്ങോട്ടാ... ന്നിട്ടാ വലിയ പഠിപ്പ്കാരിയായി അഭിനയിക്കുന്നെ.... " അവൻ കളിയാലെ പറഞ്ഞു... വീർത്തു വരുന്ന ആ കുഞ്ഞ് മുഖവും ആ വിടർന്ന കണ്ണുകളും അവൻ മനസ്സിലേക്ക് എടുക്കുകയായിരുന്നു.... അവൻ പരിഭവത്തോടെ നോട്ടം മാറ്റുമ്പോൾ അവൻ വെറുതെ ടേബിളിൽ വെച്ചിരുന്ന അവളുടെ ഇടതു കരത്തിലെ ചെറു വിരലിൽ വെറുതെ ഒന്ന് വിരൽ കോർത്തു... ആ പെണ്ണിലെ പിടച്ചിലിനെ നോക്കി കണ്ടു... തന്നോടുള്ള പ്രണയം തുളുമ്പുന്ന കണ്ണുകളെ കൊതി തീരാതെ നോക്കി... മെല്ലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... പെട്ടെന്ന് തന്നെ മുഖം താഴ്ത്തി ചുണ്ടിലെ ചിരി ഒളിക്കാൻ കഷ്ടപ്പെട്ടു കൊണ്ട് എഴുതുന്നവളെ പുഞ്ചിരിയോടെ നോക്കി കൊണ്ട് തന്നെ അവൻ ഫോണിലേക്ക് നോട്ടം മാറ്റി.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നേരം പതിനൊന്നു കഴിഞ്ഞു ന്റെ നില കൊച്ചേ... ഉറങ്ങാൻ നോക്ക്.... " ബെഡിൽ കണ്ണടച്ചു കിടക്കുമ്പോൾ ഹർഷൻ പറഞ്ഞു... നില നോട്ട് ഒന്ന് മടക്കി കൊണ്ട് അത് ബാഗിലേക്ക് വെച്ചു... "നാളെ നോട്ട് വല്ലതും വെക്കാൻ ണ്ടോ കൊച്ചേ... " "മ്മ്മ്ഹും.... ഞാൻ ശ്രീകുട്ടിടെ നോട്ട് എഴുതായിരുന്നു.... " അവൾ കള്ള ചിരിയോടെ പറഞ്ഞു... അവൻ അതോടെ കണ്ണ് തുറന്ന് കൊണ്ട് അവളെ ഒന്ന് നോക്കി... "ഇച്ചിരി ഒള്ളൂവായിരുന്നു അച്ചേട്ടാ... ന്റെ ശ്രീക്കുട്ടി അല്ലേ... " അവൾ കൊഞ്ചി കൊണ്ട് പറയുന്നത് കേട്ടതും അവന്റെ ചുണ്ടിലും പുഞ്ചിരി തങ്ങി... "മ്മ്മ്... " എങ്കിലും അവൻ ഒന്ന് അമർത്തി മൂളിയതും അവൾ വേഗം തന്നെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അവന്റെ കാൽ ഭാഗത്തു കൂടി കട്ടിലിലേക്ക് നുഴഞ്ഞു കയറി കിടന്നു... കിടന്ന നിമിഷത്തിൽ തന്നെ അവന്റെ കൈകൾ അവളെ ചുറ്റി പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് അവളുടെ കവിൾ വരും വിധം ചേർത്ത് വെച്ചിരുന്നു...

അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി... അവൾ സംശയത്തോടെ താടി ഒന്ന് അവന്റെ നെഞ്ചിൽ കുത്തി തല ഉയർത്തി നോക്കിയതും ആ ചുണ്ടിൽ കുഞ്ഞ് ചിരി ഉണ്ടായിരുന്നു.... "കൊച്ചേ.... ഞാൻ ഉറങ്ങീട്ട് ന്റെ നെഞ്ചിൽ ഇടിച്ചു കയറി കിടക്കാൻ അല്ലേ.... ഇനി ഇപ്പൊ അത് വേണ്ടാ... " അവന്റെ വാക്കുകളിൽ കുസൃതി... ഒരു നിമിഷം കൊണ്ട് തന്നെ അവളുടെ മുഖം ചുവന്നിരുന്നു...അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു... "നിക്ക് ഇഷ്ടായിട്ട അച്ചേട്ടാ..." ഇടക്ക് അവൾ കുഞ്ഞ് ശബ്ദത്തോടെ പറയുമ്പോൾ അവളുടെ കൈകളും അവനെ വട്ടം പിടിച്ചിരുന്നു... "അത് നിക്ക് അറിയാലോ കൊച്ചേ.... " "ഞാൻ കൊച്ചല്ല അച്ചേട്ടാ... വലിയ കുട്ടി ആയിട്ട്ണ്ട്... " അവൻ വീണ്ടും വീണ്ടും കൊച്ചേ എന്ന് വിളിക്കുന്നത് കേട്ടു പരിഭവത്തോടെ പുറത്തേക്ക് ഉന്തിയ ചുണ്ടുമായി പറയുന്നവളെ കണ്ടു അവൻ ചെറു ചിരിയോടെ അവളുടെ നെറ്റിയുടെ സൈഡിൽ ആയി ഒന്ന് ചുണ്ടമർത്തി....

രണ്ട് പേരുടെയും ആത്മാവിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ചുംബനം.... "നീ എത്ര വലുതായാലും.... നീ ന്റെ നില കൊച്ചല്ലേ... ന്റെ മാത്രം... " കാതോരം ചേർന്നു പൊതിയുന്ന നിശ്വാസത്തിൽ അവൾ ഒന്ന് കഴുത്ത് വെട്ടിച്ചു.... "ന്നെ ഇഷ്ടാണോ ഇയാൾക്ക്.... " അവളുടെ ചോദ്യത്തിൽ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു.... "അച്ചേട്ടാ.... " കുഞ്ഞ് ശബ്ദത്തിൽ ഉള്ള വിളി വന്നതും മെല്ലെ ഒന്ന് കണ്ണുകൾ തുറന്നു ആ കുഞ്ഞ് അധരങ്ങളിൽ നേർമയായി ഒന്ന് മുത്തി.... അവൾ ഒന്ന് ഞെട്ടി പോയിരുന്നു... അവൾ ഒന്ന് ശ്വാസം വലിച്ചതും അവൻ ചിരിയോടെ അവളുടെ മുഖം തന്റെ കഴുത്തിടുക്കിലേക്ക് ചേർത്ത് വെച്ചു... "നിക്ക് വാക്കുകൾ കൊണ്ട് പ്രണയം അറിയിക്കാൻ ഒന്നും അറിയത്തില്ല കൊച്ചേ....ഇഷ്ടവും പ്രണയവും ഒക്കെ ഇങ്ങനെ പ്രകടിപ്പിക്കാനെ അറിയൂ.... നീ ഓരോന്ന് ചോദിക്കാതെ ഉറങ്ങാൻ നോക്കടി... "

അവളുടെ നെറുകയിൽ ഇട തടവില്ലാതെ ഒഴുകി നടക്കുന്ന വിരലുകൾ അവളോടുള്ള വാത്സല്യം പറയുന്നുണ്ടായിരുന്നു... ഇടക്ക് മാത്രം അവളുടെ നെറുകയിലും നെറ്റിയിലും ആയി പതിയുന്ന അവന്റെ ചുണ്ടുകൾ അവളോടുള്ള പ്രണയം പറയുന്നുണ്ടായിരുന്നു.... കൊച്ചേ എന്നുള്ള വിളിയിൽ ഉണ്ടായിരുന്നു അവളോടുള്ള അടങ്ങാത്ത സ്നേഹം.... അവളുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞു... അവളുടെ ചുണ്ടുകൾ ആദ്യമായി അവന്റെ താടിതുമ്പിൽ പതിഞ്ഞു.... അത് അറിഞ്ഞു എങ്കിലും അവൻ ഒന്ന് കണ്ണ് തുറന്നില്ല.... അവളുടെ കൈകൾ ഒരിക്കൽ കൂടി അവനെ ചുറ്റി വരിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "ന്റെയാ.... " ഇടക്ക് എപ്പോഴോ അവളുടെ നേർത്ത സ്വരം അവന്റെ കാതുകളെ കുളിർ അണിയിക്കുന്നുണ്ടായിരുന്നു.... വാക്കുകൾ കൊണ്ട് പ്രണയിക്കാൻ ആർക്കും സാധിക്കും....ഒരു നോക്കും പ്രണയം ആക്കാൻ അത് ചിലർക്ക് മാത്രമേ കഴിയൂ....

മൗനം പ്രണയത്തിന്റെ ഭാഷയാക്കാനും... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്ശ്... ശ്ശ്.... " എവിടെ നിന്നോ ഉള്ള കുഞ്ഞ് ശബ്ദം കേട്ടു ജനാലക്കരികിൽ ഇട്ടിരുന്ന ടേബിളിൽ ഇരുന്നു എന്തോ എഴുതുക ആയിരുന്ന ശ്രീക്കുട്ടി ഒന്ന് ഞെട്ടി ജനാലയിലൂടെ ഒന്ന് എത്തി നോക്കി... ഒന്നും കാണാതെ വന്നതോടെ തലക്ക് ഒരു മേട്ടവും കൊടുത്തു പിന്നെയും എഴുതാൻ തുടങ്ങി... "ശ്ശ്...... " വീണ്ടും ശബ്ദം കേട്ടതും അവൾ വേഗം തന്നെ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു... "ന്റെ ദേവ്യെ.....കാത്തോണേ... " പറയുന്നതിനോടൊപ്പം ജനാല അടക്കാൻ കൈ എത്തിച്ചതും ആരോ മുന്നിലേക്ക് ചാടി വീണതും ഒരുമിച്ച് ആയിരുന്നു.... "അമ്മേ... " അവൾ അറിയാതെ വിളിച്ചു പോയി...അപ്പോഴേക്കും മുന്നിൽ ചിരിയോടെ നിൽക്കുന്ന കിച്ചുവിനെ കണ്ടു മുഖം ദേഷ്യം കൊണ്ട് ചുവന്നു... "നിങ്ങൾ എന്താടോ ഇവിടെ ചെയ്യുന്നേ... " അവൾ അലറിയതും അവൻ തലയിൽ കൈ വെച്ചു കൊണ്ട് എരിവ് വലിച്ചു... "കോപ്പേ മിണ്ടാതെ നിൽക്കടി.... നിന്റെ കയ്യീല് അരുണിമ തന്ന ലെറ്റർ ഇങ്ങ് എടുക്കടി പൊടി കുപ്പി... " അവൻ ശബ്ദം താഴ്ത്തി കൊണ്ട് സ്വകാര്യം പോലെ പറഞ്ഞു...

"അത് വാങ്ങാൻ ആണോഡോ രാത്രി മതിലും ചാടി വന്നത്..... " "പിന്നെ... നിന്നെ കാണാനോ... നിനക്ക് ഒരു ഉത്തരവാദിത്തം ഇല്ലാതായി പോയി... വിഷ്ണു എത്ര നേരം നിന്നെയും വെയിറ്റ് ചെയ്തു നിന്നു... എന്നിട്ട് ലെറ്ററും പിടിച്ചു അവള് വീട്ടിലേക്ക് വന്നിരിക്കുന്നു.... ഇങ്ങ് താടി... " അവന്റെ സംസാരം കേട്ടു അവൾ ഒന്ന് കണ്ണു കൂർപ്പിച്ചു കൊണ്ട് ബാഗിൽ നിന്നും പുസ്തകം എല്ലാം എടുത്തു അതിൽ ഒരു പുസ്തകത്തിൽ നിന്നും ലെറ്റർ എടുത്തു അവന് നൽകി.... ഇടക്കുള്ള അവളുടെ കൂർപ്പിച്ചുള്ള നോട്ടം കള്ള ചിരിയോടെ കമ്പിയിലും മുഖം വെച്ചു നോക്കി നിൽക്കുകയായിരുന്നു കിച്ചു.... "ഡോ.... " അവളുടെ വിളിയിൽ അവൻ ഒന്ന് ഞെട്ടി കൊണ്ട് അവൾ നീട്ടിയ ലെറ്റർ വാങ്ങിച്ചു... "പിന്നെ നിന്റെ ഏട്ടനെ ഒന്ന് കാണണമല്ലോ... ഞാൻ മുന്നിലൂടെ വരട്ടെ... " അവൻ കുസൃതിയോടെ ചോദിച്ചു... "ഇങ്ങ് വാ... അല്ലേൽ തന്നെ മൂപ്പര് വാലിൽ തീ പിടിച്ചു നടക്കുകയാ... അതിനിടയിൽ തന്നെ തല വെച്ചു കൊടുക്ക്.... " അവൾ താല്പര്യം ഇല്ലാത്ത മട്ടെ മുഖം ചെരിച്ചു കൊണ്ട് പറഞ്ഞു... "അല്ലേലും നിന്റെ അല്ലേ ഏട്ടൻ.... അത് അത്രയേ കാണൂ..." അവനും ചിരിയോടെ പറഞ്ഞു... "ഡോ... "

അവൾ ശബ്ദം ഉയർത്തിയതും അവൻ വേഗം തന്നെ അവിടെ നിന്നും ഓടി... പെണ്ണിന്റെ ശബ്ദത്തിൽ ആരെങ്കിലും വരും എന്ന് അവന് ഉറപ്പ് ആയിരുന്നു.... അവൾ അവൻ പോകുന്ന വഴിയേ നോക്കി ജനാല കൊട്ടി അടച്ചു... "നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ... ഇതൊന്നും വേണ്ടാന്ന്..." മതില് ചാടിയപ്പോൾ പറ്റിയ മുറിവിൽ ഊതി കൊണ്ട് വരുന്ന കിരണിനെ കണ്ടു വിഷ്ണു ചോദിച്ചതും കിരൺ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു... "നിനക്ക് മാത്രം മതിയോടാ ഈ റൊമാൻസ് ഒക്കെ.... ഞാനും ഒന്ന് റൊമാസിക്കോട്ടെടാ... ഇതാ നിന്റെ ലെറ്റർ...." അവൻ വിഷ്ണുവിന് നേരെ ലെറ്റർ നീട്ടി... "അയ്യോ വേണ്ടായെ.... ന്റെ പെണ്ണിനെ കൊണ്ട് കാലി കടലാസും ആ പെണ്ണിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞിട്ട്... അവന്റെ ചീഞ്ഞ അഭിനയം.... ഹർഷേട്ടൻ അറിയണ്ട... കൂട്ടുകാരന്റെ ചുറ്റികളി... കൂട്ട് നിൽക്കണത് ഞാൻ ആണെന്ന് അറിഞ്ഞാൽ ന്നെ പിടിച്ചു ഭിത്തിയിൽ കയറ്റും.... " കിരണിന്റെ ബൈക്കിന് പിന്നിൽ കയറി ഇരിക്കുമ്പോൾ വിഷ്ണു പറഞ്ഞു.... കിച്ചു ചെറുതിലെ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി..... "അല്ലേൽ ആ പൊടികുപ്പി അടുപ്പിക്കത്തില്ലാന്നെ.... സ്വഭാവം മുഴുവൻ ഇവിടുത്തെ മൂശെട്ട് തള്ളയുടെയാ.... " അവൻ ചിരിയോടെ പറഞ്ഞതും വിഷ്ണു അവന്റെ തലയിൽ ഒന്ന് മേടി.... "വേണ്ടാ.... " അവൻ ശാസനയോടെ പറഞ്ഞു... എങ്കിലും കിരൺ ചിരിയിൽ ആയിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story