അറിയാതെ: ഭാഗം 26

ariyathe

രചന: THASAL

"നിനക്ക് ഞാൻ ഒപ്പിച്ചു തരാടാ... വെറുതെ ആ പെണ്ണിനെ ശല്യം ചെയ്യാതെ... " പാടത്ത് നിന്നും മനുവിന്റെയും അതിന് ബദിൽ എന്ന കണക്കെ കിച്ചുവിന്റെയും ശബ്ദം കേട്ടു നില ഹർഷന്റെ തോളിൽ നിന്നും എഴുന്നേറ്റു... മെല്ലെ പുറത്തേക്ക് നോക്കിയതും കണ്ടു കിച്ചുവിന്റെ കഴുത്തിൽ വട്ടം പിടിച്ചു കൊണ്ട് വരുന്ന മനുവിനെ അവൾക്ക് ചിരി വന്നിരുന്നു... ഇവരുടെ ഈ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നവനാണ് അരുണും... എന്നോ ഇല്ലാതായി പോയ സൗഹൃദം... "ഇവനെ കൊണ്ട് വല്ലാത്ത ശല്യം ആണ് ട്ടോ ഹർഷ... ആ പെണ്ണിനെ ഒന്ന് പുറത്ത് ഇറങ്ങി നടക്കാൻ പോലും സമ്മതിക്കുന്നില്ല.... അവളുടെ ഏട്ടൻ കണ്ടാൽ അത് മതിയാകും... " മുകളിലേക്ക് കയറി വരും വഴി മനു പറഞ്ഞു... ഹർഷൻ കൂർപ്പിച്ചു ഒരു നോട്ടം കിച്ചുവിലേക്ക് പായിച്ചതും അവൻ അതൊന്നും കാര്യല്ല എന്ന കണക്കെ കവറിൽ നിന്നും പൊതി എടുത്തു തുറന്നു കഴിക്കാൻ തുടങ്ങി... "കിച്ചു.... " "ഹർഷ... ഇവൻ പറയുന്ന പോലെ ഒന്നും അല്ലടാ... ഈ ഇരിക്കണ നിലയോട് ചോദിച്ചു നോക്ക് എപ്പോഴെങ്കിലും ഞാൻ അവളുടെ പിന്നാലെ നടന്നിട്ടുണ്ടോന്ന്... "

നിലയെ ചൂണ്ടി കൊണ്ട് കിച്ചു പറഞ്ഞതും നില കുസൃതിയോടെ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി... അവൻ പറയല്ലേ എന്നൊരു ആക്ഷനും... "അവള് പറയില്ല എന്ന് നിന്നെക്കാൾ നന്നായി ഞങ്ങൾക്ക് അറിയാലോ കിച്ചു.... ഇനി ഞങ്ങൾ പറയുന്നില്ല... തല്ലു കിട്ടുമ്പോൾ പഠിച്ചോളും... " ഹർഷനും ഇച്ചിരി ഗൗരവത്തോടെ പറഞ്ഞു.. "ആഹാ... എല്ലാരും നിന്നെ പോലെയാ... ഞാൻ കുറച്ചു റൊമാന്റിക് ആണ്... അതിനു അസൂയപ്പെട്ടിട്ട് കാര്യമില്ല... " അവൻ ചോറു കുഴച്ചു വായിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു... മനു അവന്റെ തലയിൽ ഒന്ന് കൊട്ടി കണ്ണുരുട്ടലോടെ നിലയെ കാണിച്ചു കൊടുത്തു... നില ചുണ്ട് ഉള്ളിലേക്ക് പിടിച്ചു ചിരി ഒതുക്കുകയായിരുന്നു... "നീയും വല്ലാതെ പറയണ്ട... രണ്ട് കൊല്ലം പിന്നാലെ നടന്നു വളച്ചു എടുത്ത പെണ്ണ് ഒരുത്തിയല്ലേ നിന്റെ വീട്ടില് കൊച്ചുങ്ങളെയും നോക്കി ഇരിക്കുന്നത്... ആർക്കും പറയാൻ അവകാശം ഇല്ല... "

അവൻ വാശിയോടെ പറഞ്ഞു... "ശവം... " പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായതും മനു ചുണ്ടിൽ ഇട്ടു ഒതുക്കി കൊണ്ട് പറഞ്ഞു... "ഞാൻ ന്നാ പോയിട്ടോ.... നിക്ക് വീട്ടിലേക്കും ഒന്ന് പോണം... " നില പോകാൻ എണീറ്റു കൊണ്ട് പറഞ്ഞതും മനു ഒരു പുഞ്ചിരിയോടെ തലയാട്ടി... "നില മോളെ... ആ പൊടി കുപ്പിയോട് ഒന്ന് പറഞ്ഞു മനസ്സിലാക്കടി എന്റെ വിഷമം... " കിച്ചു പറയുന്നുണ്ടായിരുന്നു... നില അവനെ ഒന്ന് നോക്കി തലയാട്ടാൻ നിന്നതും ഹർഷൻ അവളുടെ തലയിൽ മെല്ലെ മേടി..അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ടൊരു നോട്ടം അവനിലേക്ക് എറിഞ്ഞു... "വേണ്ടാത്ത ഓരോന്നിന് തലയാട്ടാൻ നിൽക്കണ്ട... വേലിയിൽ കിടന്ന പാമ്പിനെ കഴുത്തിൽ ചുറ്റിയ കണക്കെ ആകും... " അവൻ ശാസനയോടെ പറഞ്ഞു.... അവൾ ചുണ്ട് കൂർപ്പിച്ചു ഏണിയിൽ ചവിട്ടി താഴെ ഇറങ്ങിയതും കൈകഴുകാൻ എന്ന വ്യാജെന ഹർഷനും ഇറങ്ങി വന്നിരുന്നു... "കൊച്ചേ... "

ആ ഒരൊറ്റ വിളിയിൽ അവൾ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... ആ ചുണ്ടിലെ കള്ള ചിരി കാണുവോളം മാത്രം നില നിന്ന കുഞ്ഞ് പരിഭവം... "ദാ..." മുണ്ടിന്റെ മടക്കിൽ സൂക്ഷിച്ച രണ്ട് മൂന്ന് ചുവന്നു ചാമ്പക്ക കൈ വെള്ളയിൽ ഒതുക്കി അവൾക്ക് നേരെ നീട്ടി കൊണ്ടുള്ള അവന്റെ വാക്കുകൾക്ക് കുറുമ്പ് നിറഞ്ഞ നോട്ടം ആയിരുന്നു അവളുടെ മറുപടി... മെല്ലെ അവനരികിലേക്ക് നടന്നു കൊണ്ട് അവന്റെ വലിയ കയ്യിൽ നിന്നും കുഞ്ഞ് വിരലുകൾ മടക്കി അത് സ്വീകരിക്കുമ്പോൾ അവന്റെ നോട്ടവും ആ വിരലുകളിലേക്ക് ആയി ചുരുങ്ങിയിരുന്നു.... പുഞ്ചിരിയോടെ തന്നെ നോക്കുന്നവന് നേരെ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവൾ ആ വരമ്പിലൂടെ മുന്നോട്ട് നടന്നു... ഇടക്ക് ചുവന്ന ചാമ്പക്ക മെല്ലെ ഒന്ന് കടിച്ചു കൊണ്ട് മെല്ലെ തിരിഞ്ഞു തന്റെ അച്ചേട്ടനെ നോക്കാനും അവൾ മറന്നില്ല.... "അവൻ നിന്നെക്കാൾ റൊമാന്റിക് ആട കോപ്പേ.... " പുച്ഛിച്ചു കൊണ്ടുള്ള മനുവിന്റെ വാക്കുകൾക്ക് മുന്നിൽ കിച്ചു അറിയാതെ ചിരിച്ചു പോയി... "അല്ലേലും ന്നെക്കാളും കള്ളനാ... " അവനും പറഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"നില...." തൊടിയിലേക്ക് നോക്കി കൊണ്ട് അമ്മ ഉറക്കെ വിളിച്ചു... കയറി ചെന്ന പാടെ രാധേച്ചിയുടെ അടുത്തേക്ക് കുഞ്ഞ് മോളെ കളിപ്പിക്കാൻ ഓടിയതാ കക്ഷി... "ന്താ അമ്മാ..." "അവിടുത്തെ അമ്മ വിളിച്ചായിരുന്നു... അവർക്ക് ഒരു മരണം ണ്ടത്രെ... ഹർഷനേം കൂട്ടി പോയേക്കുവാന്ന്.... നിന്നോട് ഇവിടെ തന്നെ നിൽക്കാൻ... മനുന്റെ കയ്യിൽ നിന്റെ ഫോൺ കൊടുത്തയക്കാന്ന്... " അമ്മ വിളിച്ചു പറഞ്ഞതും കുഞ്ഞി പെണ്ണിനെ രാധയുടെ മടിയിൽ വെച്ചു കൊടുത്തു കൊണ്ട് അവൾ ധൃതിയിൽ എഴുന്നേറ്റു... "ഞാൻ ഇപ്പൊ വരാട്ടോ രാധേച്ചി.... " അതും പറഞ്ഞു കൊണ്ട് ഓടുന്നവളെ രാധ പുഞ്ചിരിയോടെ നോക്കി നിന്നു... "നിന്റെ കൊച്ചേച്ചിക്ക് വന്നൊരു മാറ്റമെ...." കുഞ്ഞി പെണ്ണിന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് രാധ കളിയാലെ പറഞ്ഞു... "വേറെ എന്തേലും പറഞ്ഞോ അമ്മാ..." "വേറെ ഒന്നും പറഞ്ഞില്ല.... ഇന്ന് ഇവിടെ നിക്കേണ്ടി വരുംന്ന തോന്നുന്നേ....

നിനക്ക് എന്തേലും എടുക്കാനോ മറ്റോ ഉണ്ടോ... " അമ്മയുടെ വാക്കുകളിൽ ഒരു കുഞ്ഞ് സങ്കടം വന്നു എങ്കിലും അവൾ മെല്ലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... പിന്നെയും അനുവാദം ഇല്ലാതെ കണ്ണുകൾ പാടത്തിന്റെ അങ്ങേ തലയിൽ ഉള്ള ഏറുമാടത്തിലെക്ക് പാഞ്ഞു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നില മോളെ.... ഫോൺ ഇതാട്ടോ...അവര് വരുമ്പോൾ വൈകും ന്ന പറഞ്ഞത്... " ഫോൺ കൊടുക്കുന്നതിനിടയിൽ മനു പറഞ്ഞു... നില ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോൺ വാങ്ങി.... അവൻ ഒന്ന് തലയാട്ടി കൊണ്ട് തിരികെ നടക്കുമ്പോഴും നിലയുടെ കണ്ണുകൾ ഫോണിലേക്ക് പതിഞ്ഞു കിടന്നിരുന്നു... എങ്ങോട്ടാണ് പോയത് എന്നോ....എപ്പോഴാ വരുക എന്നോ ഒന്നും അറിഞ്ഞിട്ടില്ല... ഉള്ളിൽ ഒരു സങ്കടം... അവൾ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു... സ്വന്തം വീട്ടിൽ ആണ് വന്നത്... ആരെക്കാളും തന്നെ സ്നേഹിക്കാൻ കഴിയുന്ന അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക്... പക്ഷെ ആ മനുഷ്യനെ കാണാതെ ഒന്ന് മനസ്സ് അറിഞ്ഞു സന്തോഷിക്കാൻ പോലും കഴിയുന്നില്ല... ആ കള്ള നോട്ടവും....

മനസ്സിനെ തണുപ്പിക്കാനും പരിഭവങ്ങൾ തീർക്കാനും കെൽപ്പുള്ള ആ പുഞ്ചിരിയും കാണാതെ വയ്യന്നായി... അവളുടെ ചുണ്ടുകൾ മനോഹരമായി ഒന്ന് വിടർന്നു...തന്റെ അച്ചേട്ടനോട് തനിക്ക് ഉള്ള സ്നേഹം എത്രമാത്രം ആണെന്നുള്ള തിരിച്ചറിവോടെ.... "കുട്ടിയെ സന്ധ്യ ആയീലെ പടിയിൽ നിന്നും ഇങ്ങ് കയറി ഇരിക്ക്.... " പിന്നിൽ നിന്നും അച്ഛന്റെ വാക്കുകൾക്ക് അവൾ ഒന്ന് പുഞ്ചിരിച്ചു... "പാല പൂവിന്റെ ഗന്ധം ണ്ടല്ലോ അച്ഛേ.... " അവൾ കുഞ്ഞ് ചിരിയോടെ തല ചെരിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... "രാത്രി ഏതേലും ഗന്ധർവ്വൻ ഇറങ്ങാൻ ണ്ടാവും കുട്ട്യേ....." അച്ഛനും ചിരി കടിച്ചു പിടിച്ചു അമ്മയെ നോക്കി കളിയാക്കലോടെ പറഞ്ഞു... അമ്മ അദ്ദേഹത്തേ നോക്കി ഒന്ന് കണ്ണുരുട്ടി... അവൾ മെല്ലെ പടിയിൽ നിന്നും കയറി അദ്ദേഹത്തിന്റെ മടിയിൽ തല വെച്ചു കിടന്നു... "അച്ഛക്ക് പണ്ട് മുത്തശി പറയാറുള്ള കഥകൾ എന്തേലും അറിയാവോ.... "

കുഞ്ഞ് ശബ്ദത്തോടെ അത്രയും സമാധാനത്തോടെയുള്ള വാക്കുകൾ... അച്ഛൻ ഒന്ന് ചിരിച്ചു... ആ ചിരി അമ്മയിലേക്കും വ്യാപിച്ചു... "നിന്റെ മുത്തശ്ശി കഥ പറയാറുണ്ടോ എന്ന് പോലും അറിയാത്ത ആളോടാ ചോദ്യം... ന്റെ കുട്ടി... ന്നെ കല്യാണം കഴിച്ചു കൊണ്ട് വന്ന കാലം മുതൽ ഞാൻ ഏറെയും ഇങ്ങേരെ കണ്ടിട്ടുള്ളത് പാർട്ടി ഓഫിസിലാ.... " അമ്മ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "അതെന്താ അച്ഛേ... അച്ഛന് അമ്മേനെ ഇഷ്ടല്ലായിരുന്നോ... " കൂർപ്പിച്ചുള്ള നോട്ടത്തോടെ കുറുമ്പ് നിറഞ്ഞ അവളുടെ ചോദ്യം... അച്ഛൻ പതിവ് പോലെ ഒന്ന് പുഞ്ചിരിച്ചു... ശേഷം അവളുടെ നെറുകയിൽ ഒന്ന് തലോടി... ആ മനുഷ്യന്റെ ഉള്ളിൽ പഴയ കാലങ്ങൾ കടന്നു വന്നിരുന്നു... കൊടി പിടിക്കുന്ന സമയത്തും നെഞ്ചിൽ എന്നോ കയറി കൂടിയ പാവാടക്കാരിയുടെ ഓർമ്മ....

അവളെ തന്നെ വിവാഹം കഴിച്ചു കൊണ്ട് വരുമ്പോഴും വെറുതെ നോക്കാത്ത മട്ടെ അവളെ ചൊടിപ്പിക്കുന്ന സഖാവിന്റെ ഓർമ്മ... തന്നിലേക്ക് മാത്രം നോട്ടം ഒതുക്കി ഇരുന്നിരുന്ന നിലയെ നോക്കി അദ്ദേഹം ഒന്ന് കണ്ണ് ചിമ്മി... മകൾക്കു പ്രണയം എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാൻ ഒരു അച്ഛനെ കൊണ്ടും സാധിക്കില്ലല്ലോ.... ▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രീ.... നാളെ ഞാൻ തിരിച്ചു പോകും... നീ വരുന്നോ... " ഭക്ഷണം കഴിക്കുമ്പോൾ ഉള്ള അരുണിന്റെ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് നെറ്റി ചുളിച്ചു... "അവൻ നിനക്ക് വേറെ ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കാന്ന്... നീ അവിടെ ഉണ്ടെങ്കിൽ അവനും ഒറ്റയ്ക്ക് ആണെന്നുള്ള തോന്നൽ ഉണ്ടാകില്ലല്ലോ... " അമ്മ വിശദീകരിച്ചതും ശ്രീ ഒന്ന് പുച്ഛം നിറഞ്ഞ ചിരി മറുപടി നൽകി... "വെച്ചുണ്ടാക്കി കൊടുക്കാനും വസ്ത്രങ്ങൾ കഴുകാനും ഒരാള്.... അങ്ങനെയല്ലെ... "

അവളുടെ ചോദ്യം കേട്ടതും അരുൺ പാതി കഴിച്ചു കൊണ്ട് ഒന്ന് തല ഉയർത്തി... "അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞോ... " സ്വരത്തിൽ കടുപ്പം നിറഞ്ഞു... "ഇനി അങ്ങനെ അല്ലെങ്കിലും ഞാൻ വരുന്നില്ല... ഞാൻ ഇവിടെ ഒരു കോളേജിൽ പോകുന്നുണ്ട്... അതൊരു കുറച്ചിൽ ആയോ... വലിയ കോളേജിൽ പോകണം എന്നോ എനിക്ക് തോന്നുന്നില്ല.....പിന്നെ ഒറ്റയ്ക്ക് ആയി എങ്കിൽ അത് സ്വന്തം കയ്യിലിരുപ്പിന്റെ ഗുണം തന്നെയല്ലേ.... " ശ്രീക്കുട്ടി ടേബിളിൽ നിന്നും എഴുന്നേറ്റു പോകുന്നതിനിടയിൽ പറഞ്ഞു... അരുണിന് നന്നായി തന്നെ ദേഷ്യം വന്നിരുന്നു... അവൻ മുന്നിൽ ഇരുന്നിരുന്ന പ്ലേറ്റ് തട്ടി എറിഞ്ഞു കൊണ്ട് എഴുന്നേറ്റു പോയി... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഉറങ്ങിയില്ലേ നീ.... " വെറുതെ ജനലോരം ഏതോ പുസ്തകവും വായിച്ചു ഇരിക്കുന്ന നിലയെ കണ്ടു അമ്മ ചോദിച്ചതും അവൾ കുഞ്ഞ് പുഞ്ചിരി അവർക്ക് നൽകി... "ഇത് ഇപ്പൊ കഴിയും ന്നിട്ട് കിടക്കാന്ന് വെച്ചു... " "ന്ന... ജനൽ അടക്കാൻ മറക്കണ്ടാ... ഇന്ന് ഏറുമാടത്തിൽ ആളില്ലാത്തതാ... ആരൊക്കെയാ വരുന്നതും പോകുന്നതും എന്നൊന്നും പറയാൻ ഒക്കത്തില്ല...

അധികം നേരം ആകുമ്പോഴേക്കും കിടന്നോട്ടോ... " അമ്മയുടെ വാക്കുകൾക്ക് മെല്ലെ ഒന്ന് തലയാട്ടി.... അമ്മ പോയതും അവളുടെ കണ്ണുകൾ ജനലിൽ നിന്നും പുറമെ കാണുന്ന നീണ്ട പാടത്തേക്ക് ആയി... വെറുതെ കണ്ടിരിക്കാൻ ഒരു മോഹം... തൊടിയിലെ പാലയിൽ നിന്നും പാലപൂവിന്റെ ഗാന്ധി എങ്ങും വ്യാപിച്ച് തുടങ്ങിയിരുന്നു... തെക്കു നിന്നും വീശി അടിക്കുന്ന കാറ്റിന്റെ പാതയിൽ അത് അവളുടെ നാസികയിലും വന്നു ചേർന്നു.... "ഇനി വല്ല ഗന്ധർവ്വൻമാരും ണ്ടാവോ ദേവി... " അവൾ കൈ എത്തിച്ചു ജനാല വലിച്ചു അടച്ചു... മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളിലൂടെ മാത്രം കണ്ട ഒരു കഥാപാത്രം.... നീളം ഏറിയ ശരീരവും നിറഞ്ഞ ഭംഗിയും ഉള്ള ഗന്ധർവ്വൻ... എപ്പോഴോ അത് സത്യമാണ് എന്ന് അവളുടെ മനസ്സും പറഞ്ഞു തുടങ്ങിയിരുന്നു... വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നു... ഇടക്ക് എപ്പോഴോ ചിന്തകൾ തന്റെ അച്ചേട്ടനിലേക്കും പാറി വീണു...

ചൊടികൾ പുഞ്ചിരിച്ചു.... എന്തോ ഒരു സന്തോഷം... അവൾ ടേബിളിൽ ഇരുന്നിരുന്ന ഫോൺ എടുത്തു ഒരു നിമിഷം ആലോചിച്ചു കൊണ്ട് അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു... രണ്ട് റിങ് കഴിഞ്ഞപ്പോൾ തന്നെ മറുവശത്ത് കാൾ കണക്ട് ആയിരുന്നു.... "കൊച്ചേ... ഇവിടെ കുറച്ചു തിരക്ക് ഉണ്ട്... ഞാൻ വിളിക്കാട്ടോ.... " ആ ഒരു വാക്കുകളിൽ നിന്ന് തന്നെ അവൻ എത്രമാത്രം തിരക്കിൽ ആണെന്ന് അറിയാൻ കഴിഞ്ഞിരുന്നു... കാൾ കട്ട്‌ ആകുന്നത് കണ്ടു അവൾ മെല്ലെ ഫോണിലേക്ക് നോട്ടം തെറ്റിച്ചു..പിന്നെ വെറുതെ പുസ്തകത്തിലേക്ക് നോക്കി ഇരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story