അറിയാതെ: ഭാഗം 28

ariyathe

രചന: THASAL

പറയുമ്പോൾ അവളുടെ ഉള്ളിൽ തന്റെ അച്ചേട്ടന്റെ മുഖം ആയിരുന്നു... അവൻ നൽകിയ സന്തോഷങ്ങൾ ആയിരുന്നു... ആ അച്ഛനിലും സമാധാനം നിറഞ്ഞ ഒരു പുഞ്ചിരി ഉടലെടുത്തു... എടുത്ത തീരുമാനം തെറ്റിയില്ല എന്ന ബോധ്യത്തോടെ... ഇടക്കുള്ള തന്റെ ചോദ്യങ്ങൾക്ക് വാ തോരാതെയും കുഞ്ഞ് ചിരിയോടെയും ഉത്തരം നൽകുന്ന നിലയെ ആ അച്ഛൻ മനസ്സ് നിറഞ്ഞു കണ്ടു.... ഇത്രയും കാലം ഒതുങ്ങി കഴിഞ്ഞിരുന്ന തന്റെ മകളുടെ മാറ്റം ആ അച്ഛനിൽ അത്രമാത്രം സന്തോഷം നിറച്ചിരുന്നു... "നില..... " ഭരണിയിൽ നിന്നും കയ്യിട്ടു തേൻ മിട്ടായി എടുക്കുമ്പോൾ കുഞ്ഞ് കണ്ണുരുട്ടലോടെ അച്ഛൻ വിളിച്ചു... അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും ഒരു പേപ്പർ എടുത്തു അതിലേക്ക് ഇട്ടു കൊണ്ട് കടയുടെ ഉള്ളിലേക്ക് കയറി പോയി... അച്ഛനും ഒന്ന് തലയാട്ടി... "മോനെ.... ആ കടേടെ മുൻഭാഗം ഒന്ന് തൂക്ക്.... ആൾക്കാര് വരുമ്പോൾ ഇങ്ങനെ കിടക്കുന്നത് മോശമാ.... " അച്ഛൻ പറഞ്ഞതും കടയിൽ സഹായത്തിന് നിൽക്കുന്ന പയ്യൻ മൂലയിൽ വെച്ചിട്ടുള്ള ചൂല് പിടിച്ചു പുറത്തേക്ക് ഇറങ്ങി...

നില തേൻമിട്ടായി ഓരോന്ന് വായിൽ ഇട്ടു കൊണ്ട് കടയുടെ ഉള്ളിലെ സാധനങ്ങൾ എല്ലാം റെഡി ആക്കുകയായിരുന്നു.... "അച്ഛേ......പച്ചമുളക് കഴിഞ്ഞല്ലോ.... " "അത് ഇന്ന് കൊണ്ട് വരും മോളെ.... " കണക്കുകൾ എല്ലാം കൂട്ടുന്നതിനിടയിൽ അച്ഛൻ പറഞ്ഞു... "അല്ല ഇതാര്..... കൊച്ചേച്ചിക്ക് ഇങ്ങോട്ട് പ്രൊമോഷൻ കിട്ടിയോ.... " ചെറിയ മിച്ചർ പാക്കറ്റുകൾ അടുക്കി വെക്കുമ്പോൾ പെട്ടെന്ന് ചെക്കന്റെ ശബ്ദം കേട്ടു നിലയുടെ കണ്ണുകൾ ഒന്ന് വിടർന്നു... അവൾ ആവേശത്തോടെ ഒന്ന് തിരിഞ്ഞു നോക്കി.... കയ്യിൽ സഞ്ചിയും പിടിച്ചു പുറത്ത് തന്നെ നിൽക്കുന്ന ചെക്കനെ കണ്ടു കണ്ണുകൾ വെറുതെ പിന്നിലേക്ക് പാഞ്ഞു.... ആഗ്രഹിച്ചത് കാണാത്തതിന്റെ സങ്കടം തോന്നി എങ്കിലും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഡാ.. ചെക്കാ... നീ സാധനം വാങ്ങാൻ വന്നതാണോ... " അവൾ അവന്റെ അരികിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ചോദിച്ചു... "അല്ല ടൂർ പോകാൻ... എന്ത് ചോദ്യ കൊച്ചേച്ചി... " അവൻ കളിയാലെ പറഞ്ഞതും അവളുടെ ചുണ്ട് ഒന്ന് കൂർത്തു... "വെറുതെ അല്ല നിനക്ക് ഇടയ്ക്കിടെ അച്ചേട്ടന്റെ കയ്യീന്ന് കിട്ടുന്നെ... "

അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു... "അല്ല...ഹർഷൻ എവിടെ... !!?" അച്ഛൻ ആയിരുന്നു ചോദിച്ചത്... "ഞാൻ ആ മനുഷ്യന്റെ കൂടെ തന്നെ ആണ് വന്നത്.... ഇവിടെ എത്തിയപ്പോൾ നീ സാധനം വാങ് ഞാൻ ഇപ്പൊ വരാംന്നും പറഞ്ഞു ഒറ്റ മുങ്ങലാ.... " അവൻ പരാതി കണക്കെ പറയുന്നത് കേട്ടു അവളുടെ മുഖവും ഒന്ന് ഉരുണ്ടു... "നീ ഇപ്പോഴും വാങ്ങിയില്ലേഡാ... " പെട്ടെന്ന് ഹർഷന്റെ ശബ്ദം കേട്ടതും നിലയുടെ ഉരുണ്ട മുഖം ഒന്ന് വിടർന്നു... കണ്ണുകൾ വെറുതെ പുറമെക്ക് നീണ്ടു... മുണ്ടും മടക്കി കുത്തി കടയിലേക്ക് കയറി വരുന്ന ഹർഷനെ കുഞ്ഞ് പുഞ്ചിരിയോടെ നോക്കി നിന്നു... അവളെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അവന്റെ കണ്ണുകളും ഒന്ന് വിടർന്നിരുന്നു.. പക്ഷെ അത് കുറുമ്പിലേക്ക് വഴി മാറി... "ആഹാ... ഇന്ന് നില കൊച്ചും ഉണ്ടോ.... " അവൻ പതിവ് സ്വരത്തിൽ എന്നാൽ അതിനേക്കാൾ പ്രണയം നിറച്ചു കൊണ്ട് ചോദിച്ചതും.... അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിടർന്നു.... "ഞാൻ ഇറങ്ങാൻ നേരം ഞാനും വരാം അച്ഛേ ന്നും പറഞ്ഞു കയ്യിൽ തൂങ്ങിയതാ... വന്ന ഉടനെ തേൻ മിട്ടായി കാലിയാക്കാൻ തുടങ്ങി.... "

അച്ഛനും ചെറു ചിരിയോടെ പറഞ്ഞു... അവളുടെ ചുണ്ടുകൾ പരിഭവത്തോടെ അച്ഛനെ നോക്കി... അച്ഛൻ അപ്പോഴും എന്തൊക്കെയോ കണക്ക് നോക്കുകയായിരുന്നു... ഹർഷന്റെ ചുണ്ടിൽ കള്ള ചിരി... മെല്ലെ ചുണ്ട് ഒന്ന് കടിച്ചു തലയാട്ടി കൊണ്ട് മീശ പിരിച്ചു കാണിച്ചതും അവൾ ഒന്ന് പിരികം പൊക്കി... "വീടല്ല..... കടയാണ്.... അതും അച്ഛന്റെ കട.... " കടയിലെ റൂഫിലേക്ക് നോട്ടം മാറ്റി ശബ്ദം നന്നേ കുറച്ചു കൊണ്ടു ചെക്കൻ പറഞ്ഞു... "ന്ത്‌... " ഹർഷൻ അവനെ കണ്ണുരുട്ടി... "അല്ലേ....എന്ത് വലിയ കടയാണ് എന്ന് പറയുകയായിരുന്നു.... " "കട ഒക്കെ വലുതായിക്കോട്ടെ... നീ പോയി വിത്ത് കൊടുത്തു തുടങ്ങിയോന്ന് നോക്കഡാ ചെക്കാ.... " അവൻ ചെക്കന്റെ പുറത്ത് ഒന്ന് തട്ടി... "ഈ മനുഷ്യനെ കൊണ്ട്... ഒരു നേരം വെറുതെ ഇരിക്കാൻ സമ്മതിക്കില്ല... " അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവിടെ നിന്നു ഇറങ്ങിയതും അച്ഛന്റെ ചുണ്ടിലും ആ ചിരി നിറഞ്ഞു... അത് കണ്ടു കൊണ്ട് ഹർഷനും ചിരിച്ചു... "പാവം ആണ്.....നല്ല സഹായവാ... " ഹർഷൻ അതും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് കടന്നു... "ന്താ വേണ്ടേ... " വലിയ ഗമയോടുള്ള നിലയുടെ ചോദ്യം കേട്ടു അവൻ ഒന്ന് അറിഞ്ഞു തലയാട്ടി... "1 കിലോ പഞ്ചസാര വേണം.... " അവനും അതെ സ്വരത്തിൽ പറഞ്ഞു... "മോളെ നില.... അത് ഒന്ന് എടുത്തു കൊടുക്ക്..."

അച്ഛന്റെ വാക്കുകൾ കേട്ടു കൊണ്ട് അവൾ അച്ഛന്റെ അടുത്ത് നിന്നും ഉള്ളിലേക്ക് നടന്നു... അവൾക്ക് പിറകെയായി വെറുതെ അവനും... "നിനക്ക് ഇത് വരെ വരാൻ ആയില്ലേ... " തൂക്കം നോക്കുമ്പോൾ ആണ് കാറ്റ് പോലെ അവന്റെ ശബ്ദം അവളുടെ കാതുകളെ പൊതിഞ്ഞത്... അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... "ഞാൻ വരാൻ നിൽക്കുകയായിരുന്നല്ലോ... അമ്മ വിളിച്ചപ്പോൾ നിങ്ങളും സമ്മതിച്ചില്ലേ..അവിടെ നിൽക്കാൻ... " അവൾ കുഞ്ഞ് ശബ്ദത്തോടെ ചോദിച്ചു... അവന്റെ കണ്ണുകൾ ഒരു വേള അച്ഛനിലേക്ക് പാഞ്ഞു.. അച്ഛന്റെ ശ്രദ്ധ അവിടെ ഒന്നും അല്ലായിരുന്നു... "അപ്പൊ നീ സമ്മതിച്ചത് കൊണ്ടല്ലേ അമ്മ എന്നെ വിളിച്ചത്.... " അവനും മറുപടി എന്ന കണക്കെ ചോദിച്ചു... അവൾ അതിനു അവനെ ഒന്ന് നോക്കി... ശേഷം പൊതി കെട്ടി... "ഞാൻ ചോദിച്ചത് കേട്ടില്ലേ കൊച്ചേ... " "കേട്ടത് കൊണ്ട് തന്നെയാ മിണ്ടാത്തേ.... നിക്ക് അറിയോ നിങ്ങക്ക് എന്നെ കാണണം എന്ന്... ന്നോട് പറഞ്ഞാൽ ഞാൻ വരില്ലായിരുന്നോ... " അവളുടെ സ്വരത്തിൽ കുഞ്ഞ് സങ്കടം നിറഞ്ഞു......

അവളുടെ മുഖത്തേ കുറുമ്പ് കണ്ടു അവന്റെ മുഖത്ത് പുഞ്ചിരി ആയിരുന്നു... "അത് സാരമില്ല കൊച്ചേ.... ഞാൻ വെറുതെ ചോദിച്ചന്നെ ഒള്ളൂ....നീ ഇത് സഖാവിന് കൊടുക്ക്... ഞാൻ കൊടുത്താൽ വാങ്ങിയില്ല എന്ന് വരും... " അവൻ ക്യാഷ് എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തു കൊണ്ട് പൊതി അവളുടെ കയ്യിൽ നിന്നും വാങ്ങി... അവൾ അവനെയും കയ്യിലെ പൈസയും മാറി മാറി നോക്കി... "നോക്കണ്ട....പഞ്ചാരയുടെ പൈസയാ... വേറൊന്നും ന്റെ കയ്യീന്ന് വാങ്ങില്ലല്ലോ... " അവന്റെ ചുണ്ടിൽ കുറുമ്പ് ആയിരുന്നു... അത് അവളുടെ ചുണ്ടിലും പുഞ്ചിരി നിറച്ചു... മുൻനിരയിലെ ആ യക്ഷി പല്ല് കാണിച്ചു കൊണ്ടുള്ള ആ പുഞ്ചിരി മതിയായിരുന്നു അവനും.. അവൻ കൈ നീട്ടി ആ മുടിയിൽ ഒന്ന് തലോടി കണ്ണ് ചിമ്മി കാണിച്ചു... "ഹർഷ... ഇന്ന് രാത്രി വീട്ടിലേക്ക് വരണംട്ടോ... " പുറത്തേക്ക് ഇറങ്ങും വഴി അച്ഛന്റെ വാക്കുകൾ കേട്ടു അവൻ ഒരു നിമിഷം തറഞ്ഞു നിന്നു... ശേഷം നിലയെ ഒന്ന് നോക്കി... ആ കണ്ണുകളിലും പ്രതീക്ഷ ആയിരുന്നു.... "സഖാവെ അമ്മ അവിടെ ഒറ്റയ്ക്ക് ആകും... " "സാവിത്രി അമ്മയോട് പറഞ്ഞിട്ടുണ്ട് ഹർഷ... വിവാഹം കഴിഞ്ഞു ഇത് വരെ നീ അവിടെ നിന്നില്ലല്ലോ... ഇന്ന് തന്നെ ആയ്ക്കോട്ടെന്ന് വെച്ചു....നാളെ നില മോള് പോയാൽ പിന്നെ എന്നാ വരാന്നും അറിയില്ലല്ലോ...

നീ എതിര് ഒന്നും പറയണ്ട വന്നോണം... " അച്ഛനും നിർബന്ധത്തോടെ പറഞ്ഞു... അവൻ ഇച്ചിരി മടിയോടെ അച്ഛനെ നോക്കി.. ശേഷം നിലയെയും... അവന്റെ അവസ്ഥ മനസ്സിലാക്കിയ മട്ടെ അവൾ എന്തോ അച്ഛനോട് പറയാൻ ഒരുങ്ങിയതും അവൻ ഒന്ന് കണ്ണ് കൊണ്ട് തടഞ്ഞു... "ഞാൻ വന്നോളാം സഖാവെ... " മറുപടിയായി അത് മാത്രം പറഞ്ഞു... ശേഷം തിരിഞ്ഞു നടക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ അവനിൽ മാത്രം ആയിരുന്നു... അവനിൽ നിന്നും നീളുന്ന ഓരോ നോട്ടത്തിലും ആയിരം സ്വപ്നങ്ങൾ നെയ്തു എടുക്കുകയായിരുന്നു അവൾ... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രേയ.... " ആ വീടിന്റെ മുന്നിൽ നിന്നും നീട്ടി ഹോൺ അടിക്കുന്നതിനോടൊപ്പം അരുൺ അലറി വിളിച്ചു.... വീടിന്റെ ഉള്ളിൽ ലൈറ്റ് തെളിഞ്ഞു എങ്കിലും ആരും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല... ചുറ്റും ഉള്ള വീടുകളിൽ നിന്നും ആളുകൾ പുറത്ത് ഇറങ്ങി തുടങ്ങി... "ശ്രദ്ധ... മര്യാദക്ക് ഇറങ്ങി വാടി.... എന്ത് തെറ്റ് ചെയ്തിട്ടാ... എന്നോടിങ്ങനെ ചെയ്യുന്നത്... " വണ്ടി അവിടെ തന്നെ ഇട്ടു ഗേറ്റിൽ പിടിച്ചു കൊണ്ട് അവൻ ശബ്ദം കൂട്ടി ചോദിച്ചു...

ഉള്ളിൽ സങ്കടത്തോടൊപ്പം ദേഷ്യവും ഇട കലർന്നു... മുകളിലെ റൂമിൽ ലൈറ്റ് തെളിയുന്നതും അടുത്ത നിമിഷം തന്നെ ഓഫ് ആകുന്നതും കണ്ടു... അത് അവളുടെ പ്രതിഷേധം ആയിരുന്നു... ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന് പറയാതെ പറയുക ആയിരുന്നു.... അരുണിന്റെ കണ്ണുകൾ നിറഞ്ഞു... ആരും ഒന്നും പറയുന്നില്ല... ദേഷ്യം കാണിക്കുന്നില്ല... പക്ഷെ... അത് പോലെ ഒരു പരിഗണനയും എത്ര രാത്രി ഇവിടെ നിന്നാലും അവളിൽ നിന്നും കണ്ട ഭാവം കൂടി ഇല്ല.... ഉള്ളിൽ നിറഞ്ഞ സങ്കടം മാത്രം... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഈ ഇള്ളിള്ളാ ചെക്കനെ കണ്ടിട്ടാണോ അവർക്കു ഞാൻ ചെല്ലാം എന്ന് വാക്കും കൊടുത്തത്....ഇവനെ ഇവിടെ നിർത്തി പോയാൽ അമ്മയെക്കാൾ കൂടുതൽ ഇവനെ ഓർത്ത് ആയിരിക്കും എന്റെ ടെൻഷൻ... " ഹർഷൻ പറയുന്നത് കേട്ടു ചെക്കന്റെ മുഖം ഒന്ന് കൂർത്തു... "ദേ മനുഷ്യ.... എന്നെ ഇള്ളിള്ളാ ചെക്കൻ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ... You know എനിക്ക് 19 വയസ്സ് ആയി... " "അതിന്റെ ഗുണം ഒന്നും സ്വഭാവത്തിൽ കാണുന്നില്ലല്ലോ.... " "ഡാ ഹർഷ... അവനെ ഇങ്ങനെ കളിയാക്കി നിൽക്കും നേരം നീ പോകാൻ നോക്ക്...

നിനക്ക് ഈ പ്രായം ഉള്ളപ്പോൾ നമ്മൾ രണ്ട് പേരും വീട്ടിൽ തനിച്ചു അല്ലായിരുന്നോ...എനിക്ക് പേടി ഒന്നും ഇല്ല.... അനി മോൻ നിന്നോളും ഇവിടെ... " അമ്മയും ഏറ്റു പിടിച്ചു... അവൻ ചെറുക്കനെ ഒന്ന് നോക്കി... അവന് ആണെങ്കിൽ നല്ല അഹങ്കാരം ഉണ്ട് താനും.... "ശരി...നോക്കിയേക്കണേഡാ....പോത്ത് പോലെ കിടന്നു ഉറങ്ങരുത്.... " അവൻ ചെക്കന്റെ തോളിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... "എന്നോട് പറഞ്ഞു തരേണ്ട ആവശ്യം ഒന്നും ഇല്ല... എനിക്ക് അറിയാം... അതൊക്കെ.... " അവനും പുച്ഛിച്ചു കൊണ്ട് പറഞ്ഞു... പറഞ്ഞിട്ട് കാര്യം ഇല്ല എന്ന കണക്കെ ഹർഷൻ സ്വയം ഒന്ന് തല കുടഞ്ഞു... ശേഷം ചെക്കന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പുറത്തേക്ക് നടന്നു... "മനുഷ്യ.... ടോർച് കൊണ്ട് പോ.... " പിന്നിൽ നിന്നും നീട്ടി വിളിയോടെ ടോർച്ചുമായി ഓടി വരുന്നവനെ ഒരു നിമിഷം നോക്കി നിന്നു... "നീ എന്താടാ എന്റെ കെട്ടിയോളോ.... "

അവൻ തമാശ കണക്കെ ചോദിച്ചതും ചെക്കൻ ഒന്ന് മുഖം വീർപ്പിച്ചു വെച്ചു.... ഹർഷൻ ചിരിയോടെ അവന്റെ മുടിയിൽ മെല്ലെ ഒന്ന് തലോടി... "സൂക്ഷിക്കണം.... രാത്രി ആര് വന്നു വാതിൽ മുട്ടിയാലും തുറക്കരുത്.... ഏതെങ്കിലും ആവശ്യം ണ്ടേൽ എന്നെ വിളിക്കണം.... കേട്ടല്ലോ... " നിർദ്ദേശം എന്നതിൽ ഉപരി അവന്റെ സ്നേഹവും പേടിയും എല്ലാം ആ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു...അതിനു അവൻ ഒന്ന് തലയാട്ടി..... "പിന്നെ പാതിരാത്രി ആരേലും വന്നു മുട്ടാൻ നിൽക്കുവല്ലേ.... നമ്പർ ഇറക്കാതെ പോകാൻ നോക്ക് മനുഷ്യ... എനിക്ക് ഉറങ്ങാൻ ഉള്ളതാ... " അവൻ പറയുന്നത് കേട്ടു ഹർഷൻ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി.... "നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.... കയറി പോടാ അകത്ത്.... " ആ ഒരു അലർച്ചയിൽ തന്നെ അവൻ അകത്തേക്ക് ഓടി കയറിയിരുന്നു.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story