അറിയാതെ: ഭാഗം 30

ariyathe

രചന: THASAL

കുളി കഴിഞ്ഞു നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് ചുറ്റി വെച്ചു കൊണ്ട് നില റൂമിലേക്ക്‌ ചെല്ലുമ്പോൾ കാണുന്നത് ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഹർഷനെയാണ്.... സമയം 3.30 ആകുന്നതെയൊള്ളു.... ഉറക്കം കിട്ടാതെ വന്നതോടെ എഴുന്നേറ്റതാണ്..... മുഖം ഇരു കൈകൾ കൊണ്ടും അമർത്തി തുടച്ചു കൊണ്ട് അവൾ വെറുതെ ഒന്ന് കൂടെ കാൽ ഭാഗത്തു കൂടി ബെഡിലേക്ക് കയറി കമിഴ്ന്നു കിടന്നു തല മെല്ലെ അവന് നേരെ ചെരിച്ചു അവനെ നോക്കി കിടന്നു... വെറുതെ.... ഒരു കൊതിയോടെ.... തന്റേത് ആണെന്ന് അവകാശപ്പെടാൻ ഈ ലോകത്ത് അമ്മയും അച്ഛനും കഴിഞ്ഞാൽ ഉള്ളത് അച്ചേട്ടൻ മാത്രമാണ്....ബഹുമാനം ആയിരുന്നു ആ മനുഷ്യനോട്... ഏതു കാര്യവും പക്വതയോടെ ചെയ്യുന്ന.... തന്നിൽ നിന്നും ഒരു വീഴ്ച ഉണ്ടായാൽ പോലും ശാസിക്കുന്ന....ഇടക്ക് കണ്ണുരുട്ടലോടെ തന്റെ എതിർപ്പ് പ്രകടിപ്പിക്കുന്ന..... സന്തോഷങ്ങളിൽ എപ്പോഴും മുന്നിൽ തന്നെ നിന്നു പങ്ക് ചേരുന്ന....അച്ചേട്ടനോട്... പക്ഷെ ഇന്ന് ബഹുമാനത്തേക്കാൾ സ്ഥാനം പ്രണയത്തിന് തന്നെയാണ്... ആ പേര് കേട്ടാൽ പോലും തന്നിൽ ഉണരുന്ന സന്തോഷം... ആഹ്ലാദം.... പിടക്കുന്ന കണ്ണുകൾ......

എല്ലാം അവൾക്ക് പുതിയ അറിവ് തന്നെ ആയിരുന്നു.... ഇത് വരെ അനുഭവിക്കാത്ത പ്രണയത്തിന്റെ മറുതലം.... അവൾ മെല്ലെ കൈ നീട്ടി അവന്റെ കാട് കെട്ടിയ താടി രോമത്തിൽ മെല്ലെ ഒന്ന് കൈ ചേർത്തതും അവൻ ഒന്ന് ഇളകി എന്ന് തോന്നിയതും കൈകൾ ഒരു വേള പിൻവലിച്ചു.... പിന്നെയും ആ വിരലുകൾ അവന്റെ കണ്ണുകളിലും പിരികകൊടികളിലും കടന്നു അവന്റെ താടിക്കുള്ളിൽ മറഞ്ഞിരിക്കുന്ന കുഞ്ഞ് ഗർത്തത്തിൽ പതിഞ്ഞു... പെട്ടെന്ന് അവൻ കൈ ഉയർത്തി അവളുടെ കയ്യിൽ പിടിച്ചതും അവൾ ഞെട്ടി പോയിരുന്നു.. അവൾ പരിഭ്രമത്തോടെ അവനെ ഉറ്റു നോക്കുമ്പോൾ അവൻ മെല്ലെ ഉറക്കചടവോടെ എന്നാൽ ചുണ്ടുകൾ വിടർത്തി മനോഹരമായ ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു.... "കൊച്ചേ... ഈ കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ ന്നേം നോക്കി ഇരിക്കുവാ.... " ശബ്ദം നന്നേ താഴ്ത്തിയായിരുന്നു അവന്റെ ചോദ്യം... എന്നാൽ ആ വാക്കുകൾ ഏതൊരാളെയും വീഴ്ത്താൻ കഴിവ് ഉള്ളവയായിരുന്നു... അവളുടെ ചൊടികളിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു....

അവൾ മെല്ലെ ആ താടി തുമ്പിൽ വിരൽ ചേർത്ത് വെച്ചു... "ഉറങ്ങുവല്ലായിരുന്നോ.... !!?" അവൾ ചോദിക്കുമ്പോൾ തന്നെ നിരങ്ങി ആ നഗ്നമായ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു... അവൻ മെല്ലെ കൈ ഉയർത്തി നെറുകയിൽ തലോടി.... "സമയം ഏറെ ആയോടി.... " "മ്മ്മ്ഹും 3.30.." അവൾ നിഷേധത്തിൽ തല കുലുക്കി കൊണ്ട് പറഞ്ഞു... "ന്നിട്ട് ആണോടി... ഇത്രേം നേരത്തെ തലയും കുളിച്ചു വന്നേക്കുന്നെ... പനി പിടിക്കാൻ എവിടേലും പോണോ.... " അവൻ നനവ് പടർന്ന തോർത്ത്‌ അവളുടെ തലയിൽ നിന്നും ഒരു കൈ കൊണ്ട് അഴിച്ചു മാറ്റി... കൈ എത്തിച്ചു ഫാനും ഓഫ് ചെയ്തു... അവൾ പുഞ്ചിരിയോടെ അവന്റെ പ്രവർത്തികൾ നോക്കി കാണുക ആയിരുന്നു... "ന്റെ അച്ഛേ പോലെയാ നിങ്ങള്... " അവൾ കുഞ്ഞ് ശബ്ദത്തോടെ പറഞ്ഞു... "നിക്ക് അതിനും മാത്രം പ്രായം ആയില്ലടി... " അവനിലും കുറുമ്പ്... അവൾ ചുണ്ട് ഒന്ന് ചുളുക്കി കൊണ്ട് അവനെ നോക്കി...മെല്ലെ അവളുടെ നഖം അവന്റെ നെഞ്ചിൽ ആയി ആഴ്ന്നു... അവന് അറിയാമായിരുന്നു കൂടുതൽ വേദനിപ്പിക്കില്ല എന്ന്...

അവന്റെ മുഖം ചുളിയും മുന്നേ തന്നെ ആ കുഞ്ഞ് വേദന അവൾ അവസാനിപ്പിച്ചിരുന്നു.... അവൻ ഒരു പരിഭവവും കൂടാതെ പുഞ്ചിരിയോടെ അവളെ നോക്കി കിടന്നു.... അത് കണ്ടതോടെ അവൾക്കും എന്തോ കുഞ്ഞ് സങ്കടം തോന്നിയതും നഖങ്ങൾ ആഴ്ന്നിടത്ത് മെല്ലെ കൈ വെച്ചു ഉഴിഞ്ഞു... ശേഷം അവിടെ ചുണ്ടുകൾ ചേർത്തു.... "സോറി... " കുഞ്ഞ് കുട്ടികളെ പോലെ ചുണ്ട് പിളർത്തി പറയുന്നവളെ കാണും തോറും അവന് വാത്സല്യം ഏറി... അവൻ ചിരിയോടെ അവളെ ചുറ്റിപിടിച്ചു ആ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു... "നീ വേദനിപ്പിച്ചോടി... നീ മിണ്ടാണ്ട് ഇരിക്കുന്നതിനേക്കാൾ നിക്ക് ഇഷ്ട....നീ തരുന്ന കുഞ്ഞ് വേദനകൾ.... " അവനിൽ വാത്സല്യം ആയിരുന്നു... അവൾ മെല്ലെ ഒന്ന് പിടഞ്ഞതും അവന്റെ കൈകളുടെ മുറുക്കം കുറഞ്ഞു... അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.... "നിക്ക് എന്തോരം ഇഷ്ടാന്ന് അറിയോ...." അവളിലെ വാക്കുകൾക്ക് പ്രണയം നിറം പകർന്നിരുന്നു... അവൻ അത്ഭുതത്തോടെ അവളെ നോക്കി... അവൾ ബാക്കി ഒന്നും പറഞ്ഞില്ല... ആ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് കിടന്നു.... അവളിലെ പ്രണയം കുഞ്ഞ് കുഞ്ഞ് വാക്കുകളിലൂടെ ഒഴുകുമ്പോൾ അവൻ ശാന്തമായ ഒരു പുഴയായിരുന്നു.... ആരും അറിയാതെ ഒഴുകി...

ഉള്ളിൽ നിറഞ്ഞ പ്രണയം നോട്ടം കൊണ്ട് പോലും പ്രാണൻ ആയവളെ അറിയിക്കാൻ അവന് ആകുമായിരുന്നു..... കഴുത്തിടുക്കിൽ നിന്നും ഉയർന്നു താടി തുമ്പിൽ കുഞ്ഞ് കുഞ്ഞ് ചുംബനങ്ങൾ അവൾ വർഷിക്കുമ്പോൾ അവന്റെ പ്രണയം ആ നെറുകയിൽ ഉടഞ്ഞു വീണു കൊണ്ടിരിക്കുന്നു... കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന പ്രണയത്തേ മധുരം നുകരുകയായിരുന്നു അവൻ.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "അച്ഛേ.... പോയിട്ട് വരാട്ടോ... " ഹർഷന്റെ കൂടെ തന്നെ ഇറങ്ങുമ്പോൾ അവൾ അച്ഛന്റെ കവിളിൽ മെല്ലെ ഒന്ന് ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു... ആ അച്ഛനും പുഞ്ചിരിയോടെ തലയാട്ടി... "നന്നായി പഠിച്ചോണം... ശ്രദ്ധിച്ചോണെ ഹർഷ... എഴുത്ത് മത്രേം ണ്ടാവു... പഠിക്കാൻ മടിച്ചിയാ... " പഠിപ്പിൽ ശ്രദ്ധ എന്നും അമ്മക്ക് ആയിരുന്നു... മകൾക്കു ഏറ്റവും നല്ല വിദ്യാഭ്യാസം നൽകുക എന്നത് ആ അമ്മയുടെ ഏറ്റവും വലിയ സ്വപ്നം തന്നെ ആയിരുന്നു....

ജോലിക്ക് പോണം എന്ന് വാശി പിടിക്കുന്നില്ല... പക്ഷെ കയ്യിൽ ഉയർന്ന വിദ്യാഭ്യാസം തന്നെ വേണം... എന്തുണ്ട് നിന്റെ കയ്യിൽ എന്ന് ചോദിക്കുമ്പോൾ ഞാൻ പഠിച്ചു എടുത്ത വിദ്യാഭ്യാസം ഉണ്ട് എന്ന് പറയാൻ പെൺകുട്ടികളെ ആയാലും ആൺകുട്ടികളെ ആയാലും പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം.... അരുണിന്റെ വാക്കുകൾ കേട്ടു ഇടക്ക് വെച്ചു പഠനം നിർത്തിയപ്പോഴും ദേഷ്യവും സങ്കടവും എല്ലാം അമ്മക്ക് തന്നെ ആയിരുന്നു...പക്ഷെ അന്നത്തെ അവസ്ഥയിൽ അതൊന്നും അവൾ മുഖവിലക്ക് എടുത്തിരുന്നില്ല എന്നത് ആണ് വാസ്തവം.... പക്ഷെ ഇന്ന് അവൾക്ക് മനസ്സിലാകുന്നുണ്ട്... എല്ലാം... അമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഹർഷൻ പുഞ്ചിരിയോടെ തലയാട്ടി...നില മുന്നോട്ട് ആഞ്ഞു അമ്മയെ കെട്ടിപിടിച്ചു... "ഞാൻ പഠിച്ചോളാം അമ്മാ.....ആരോഗ്യം ശ്രദ്ധിക്കണം... ന്തേലും ണ്ടേൽ ന്നെ വിളിച്ചു പറയണം... പിന്നെ അച്ഛ... " അവൾ അവസാനം ശബ്ദം നന്നേ താഴ്ത്തി മെല്ലെ അച്ഛനിലേക്ക് ഇടം കണ്ണിട്ട് നോക്കി അമ്മയോട് ആയി എന്തോ പറയും മട്ടെ കണ്ണുകൾ എറിഞ്ഞു... "ഞാൻ നോക്കിക്കോളാം മോളെ.... "

അത് അറിഞ്ഞ മട്ടെ അവരും കണ്ണടച്ചു കാണിച്ചു..... വയല് കടന്നു പോകുന്ന ഹർഷനെയും നിലയെയും അമ്മയും അച്ഛനും ഒരുപോലെ മനസ്സ് നിറഞ്ഞു നോക്കി നിന്നു.... "അവള് ഒരുപാട് സന്തോഷത്തിൽ ആണല്ലേ വാസുവേട്ടാ.... " അമ്മയുടെ ചോദ്യത്തിന് ബദിൽ എന്നാ കണക്കു അച്ഛന്റെ കൈകൾ അവരുടെ കൈകളെ പൊതിഞ്ഞു പിടിച്ചു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "നിന്റെ വാല് കയറി ഇരുന്നിട്ടുണ്ട്.... ചെല്ലാൻ നോക്ക്.... " ബസിൽ ഇരുന്നു നിലയെ കൈ മാടി വിളിക്കുന്ന ശ്രീയെ കണ്ടു ഹർഷൻ പറഞ്ഞതും നില പുഞ്ചിരിയോടെ ഒരു വേള ശ്രീയിലേക്ക് നോട്ടം മാറ്റി പിന്നെയും ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് ഹർഷനെ നോക്കി.... "ക്ലാസ്സ്‌ കഴിഞ്ഞാൽ നേരത്തെ പൊന്നോണം..... ബസ് കിട്ടിയില്ലേൽ വിളിക്കണം... കേട്ടല്ലോ... " അവളുടെ കുഞ്ഞ് വിരലിൽ മെല്ലെ ഒന്ന് തൊട്ടു കൊണ്ട് അവൻ ചോദിച്ചു... അപ്പോൾ തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "അച്ചേട്ടാ..... ഞാൻ ഒരു കാര്യം കാണിച്ചു തരട്ടെ.... " ചുണ്ടിൽ കുഞ്ഞ് ചിരി ഒളിപ്പിച്ചു കൊണ്ട് ആയിരുന്നു അവൾ ചോദിച്ചത്....

പിന്നിലേക്ക് നോക്കാതിരിക്കാൻ അവൾ ശ്രമിക്കുകയായിരുന്നു... അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഹർഷൻ ഒന്ന് നെറ്റി ചുളിച്ചു... "ന്താ കൊച്ചേ... " "ശ്രീക്കുട്ടിടെ പിന്നിൽ ഇരിക്കുന്ന ആളെ അച്ചേട്ടൻ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ... " അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് അതും പറഞ്ഞതും ഹർഷൻ സംശയത്തോടെ തല ചെരിച്ചു നോക്കിയതും കണ്ടു ഈ ലോകത്ത് ഒന്നും അല്ലാത്ത മട്ടെ തന്റെ മുന്നിലേക്ക് പാറുന്ന ശ്രീക്കുട്ടിയുടെ മുടിയിൽ മെല്ലെ ഊതി ഇരിക്കുന്ന കിച്ചുവിനെ.... "ഇവനെ കൊണ്ട്.... " ഹർഷൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "സ്നേഹം കൊണ്ട് അല്ലേ അച്ചേട്ടാ... " "ആ... ഇത് എങ്ങാനും കണ്ടോണ്ട് വന്നാൽ അവളുടെ കുടുംബക്കാർ അവനെ സ്നേഹിക്കും... ഇതിനാണ് അവൻ ടൗണിലേക്ക് ഇടയ്ക്കിടെ ബസിൽ സവാരി നടത്തുന്നത്...നീ ബസിൽ കയറാൻ നോക്ക്... " ബസിന്റെ പിന്നിലെ ഡോറിന്റെ അരികിലേക്ക് മുണ്ട് മടക്കി കുത്തി നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു... അവൾ ഫ്രണ്ട് ഡോർ വഴി അകത്തേക്ക് കടന്നു ശ്രീകുട്ടിയുടെ ചാരെ ഇരിപ്പ് ഉറപ്പിച്ചു.... "ഹർഷ... ടൗണിലേക്ക് ആണോ... "

ബസിലേക്ക് കയറുന്ന ഹർഷനെ കണ്ടു കണ്ടക്ടർ ചോദിച്ചു... "ആടാ.... കിച്ചുവിന്റെ ഒപ്പം ആണ്.... അവൻ ടിക്കറ്റ് എടുത്തായിരുന്നോ... " അവൻ തിരികെ ചോദിച്ചു... "ഇല്ല... " "ന്ന ഞാൻ തരാം... നാല് ടൗണിന്റെ പൈസ എടുത്തോ... " അവൻ പോക്കറ്റിൽ നിന്നും നോട്ട് എടുത്തു അയാൾക്ക്‌ നേരെ നീട്ടി... അയാൾ മെല്ലെ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് ചിരിച്ചു... "തന്റെ ഭാര്യയും ണ്ടല്ലേ... " അവന്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി കൊണ്ട് അയാൾ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി... "നാലല്ല... അഞ്ച്... " പെട്ടെന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് കേട്ടു ഹർഷനും കണ്ടക്റ്ററും ഒരുപോലെ അങ്ങോട്ട്‌ നോക്കി... ഇളിച്ചു കൊണ്ട് രണ്ട് സീറ്റ്‌ അപ്പുറം ഇരിക്കുന്നുണ്ട്... നമ്മുടെ സ്വന്തം ചെക്കൻ... "ഡാ ചെക്കാ... " ഹർഷൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് വിളിച്ചു .... "ചക്കയല്ല... മാങ്ങാ... ജാട ഇറക്കാതെ ക്യാഷ് കൊടുക്ക് മനുഷ്യ.... " അവൻ കെറുവിച്ചു കൊണ്ട് പറഞ്ഞതും ഹർഷൻ കാര്യമില്ല എന്ന കണക്കെ തലയാട്ടി കൊണ്ട് പോക്കറ്റിൽ നിന്നും ഒരു നോട്ട് കൂടി അയാൾക്ക്‌ കൊടുത്തു...

അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് കിച്ചുവിന്റെ അടുത്ത് ചെന്ന് ഇരുന്നു.... പെട്ടെന്ന് ആയത് കൊണ്ട് സീറ്റ്‌ ഒന്ന് ഇളകിയതും ചെയ്യുന്ന പ്രവർത്തിയിൽ ശല്യം വന്നത് പോലെ കിച്ചു മുഖം കോട്ടി തിരിഞ്ഞു... "ഏതവൻ ആട അത്.... " പറഞ്ഞു നാക്ക് ഉള്ളിലേക്ക് ഇട്ടില്ല... അപ്പോഴേക്കും കണ്ടത് കയ്യും കെട്ടി കണ്ണും ഉരുട്ടി തന്നെ നോക്കി ഇരിക്കുന്ന ഹർഷനെയാണ്... കിച്ചു പെട്ട പോലെ ഒന്ന് ഇളിച്ചു... "ഹർഷനോ.... " അവൻ ഇളിച്ചു കൊണ്ട് ചോദിച്ചു... ഹർഷൻ ഒന്നും പറഞ്ഞില്ല.... കൈ ഉയർത്തി അവന്റെ തലയിൽ ഒന്ന് മേടി.. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേഡാ... ഈ നടത്തം നിർത്താൻ... " മുന്നിൽ ഇരിക്കുന്ന നിലയോ ശ്രീകുട്ടിയോ കേൾക്കാത്ത മട്ടെ എന്നാൽ ദേഷ്യത്തോടെ അവൻ ചോദിക്കുമ്പോൾ കിച്ചു ഒന്ന് ചുണ്ട് കോട്ടി... "ഞാൻ മാർക്കറ്റിലേക്ക് ആണ്..... മാർക്കറ്റിലേക്ക്..... കുറച്ചു സാധങ്ങൾ എടുക്കാൻ ഉണ്ട്.... മനസ്സിലായോ.... " പറയുന്നത് ഹർഷനോട് ആണെന്ന പേരെ ഒള്ളൂ... കേൾക്കേണ്ടത് ശ്രീക്കുട്ടിയും... ശ്രീക്കുട്ടി ചെവി പൊത്തി കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി... "ഡോ... മെല്ലെ അലറഡോ... " അവൾ കണ്ണുരുട്ടലോടെ പറഞ്ഞു..

. അപ്പോഴേക്കും ബസ് എടുത്തിരുന്നു... "എന്റെ നാക്ക്... ഞാൻ ഇഷ്ടമുള്ള ശബ്ദത്തിൽ അലറും... അത് ചോദിക്കാൻ നീ ആരാടി... പൊടികുപ്പി...." അവനും വിട്ടു കൊടുത്തില്ല... ഹർഷൻ അവന്റെ കൈ പിടിച്ചു തിരിച്ചു... "ഡോ.... സൂക്ഷിച്ചു സംസാരിച്ചില്ലേൽ അടിച്ചു കയ്യും കാലും ഒടിക്കും.... " അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് അതും പറഞ്ഞു മുഖവും കയറ്റി കൊണ്ട് ശ്രീ വെട്ടി തിരിഞ്ഞു ഇരുന്നു.... "ഡാ... വിടടാ... " കിച്ചു ഹർഷന്റെ കയ്യിൽ നിന്നും കൈ വിടിവിച്ചു കൊണ്ട് കൈ നല്ല പോലെ തിരുമ്മി...ഹർഷൻ കണ്ണുരുട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല... ആളുകളുടെ ഇടയിൽ ഒച്ച ഇടാനോ ഒന്നും ശീലം ഇല്ല... പക്ഷെ ആ കണ്ണുരുട്ടലിൽ നിന്ന് തന്നെ ഇന്ന് തനിക്ക് പൂരം ആണെന്ന് കിച്ചുവിന് മനസ്സിലായിരുന്നു... "രണ്ട് ടൗൺ... " കയ്യിൽ മടക്കിയ നോട്ടുകൾ കോൺടക്ടർക്ക് നേരെ നീട്ടി കൊണ്ട് നില പറഞ്ഞതും ഹർഷൻ അവളുടെ തോളിൽ മെല്ലെ തട്ടി... കുറച്ച് മുന്നിലേക്ക് ചാഞ്ഞു ഇരുന്നു... "കൊച്ചേ... ഞാൻ കൊടുത്തിട്ടുണ്ട്.... " പിന്നിൽ നിന്നും വളരെ നേർത്ത ശബ്ദം... അവൾ വെട്ടി തിരിഞ്ഞു നോക്കിയതും കണ്ടു കള്ള ചിരിയോടെ തന്നെ നോക്കി ഇരിക്കുന്ന ഹർഷനെ....

അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു.... അവൻ പിന്നിൽ തനിക്ക് അരികെ തന്നെ ഉണ്ട് എന്ന ചിന്ത അവളെ വല്ലാതെ സന്തോഷത്തിൽ ആഴ്ത്തിയിരുന്നു... ഇടയ്ക്കിടെ കുഞ്ഞ് പാളി നോട്ടങ്ങൾ അവൾ പിന്നിലേക്ക് നൽകുമ്പോൾ അവനും അവൾക്ക് കാണാൻ കഴിയുന്ന തരത്തിൽ ചായ്ഞ്ഞു ഇരുന്നു കൊടുത്തും... കോളേജ് സ്റ്റോപ്പ്‌ എത്തിയപ്പോൾ അവൾ ഇറങ്ങുമ്പോൾ പോകുന്ന വഴി അവളുടെ വിരലിൽ ഒന്ന് സ്പർശിച്ചു കൊണ്ട് അവൻ കണ്ണ് ചിമ്മി... ബസിൽ നിന്നും ഇറങ്ങി തനിക്ക് നേരെ കൈ വീശി കാണിക്കുന്നവൾക്ക് കുഞ്ഞ് ചിരി തിരികെ നൽകി... കിച്ചുവും വെറുതെ കൈ വീശി കാണിച്ചപ്പോഴേക്കും ശ്രീക്കുട്ടി വെട്ടി തിരിഞ്ഞു ഒറ്റ പോക്ക്... "കാട്ടുപോത്ത്.... " കിച്ചു പിറുപിറുത്തു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ആ ഭാഗത്തു വേണ്ടാ... അവിടെ ചെളി കുണ്ട് ആണ്.... " കൊത്തി കൊത്തി പിന്നിലേക്ക് പോകുന്ന ഒരു ചേട്ടനെ നോക്കി ഹർഷൻ വിളിച്ചു പറഞ്ഞു... "ഡാ.. ഹർഷ... നിന്റെ ഫോൺ റിങ് ചെയ്യുന്നു... " വരമ്പത്ത് ഇരുന്നു ചായ മുത്തി കുടിക്കുന്ന മനു പറഞ്ഞു...

ഹർഷൻ ധൃതിയിൽ വരമ്പത്തേക്ക് കയറി കൊണ്ട് കയ്യിൽ പറ്റിയ ചേറ് മുണ്ടിൽ ഉരച്ചു കളഞ്ഞു കൊണ്ട് വേഗം മനുവിന്റെ അടുത്തേക്ക് നടന്നു... അവിടെ വരമ്പിൽ തന്നെ ഒതുക്കി വെച്ചിരുന്ന ഫോൺ എടുത്തതും നിലയുടെ നമ്പർ കണ്ടു അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു... അവൾ കാൾ അറ്റന്റ് ചെയ്തു കാതോട് ചേർത്തു... "ന്താ കൊച്ചേ... " "ഡാ.. ഹർഷ... ഞാൻ അമ്മയാഡാ... നീ എത്രയും പെട്ടെന്ന് വീട്ടിലേക്ക് വാ... " വെപ്രാളം നിറഞ്ഞത് ആയിരുന്നു അവരുടെ സ്വരം... "ന്താ അമ്മേ... " അവന്റെ ഉള്ളിലും ആധി ഏറി... "നീ പെട്ടെന്ന് വീട്ടിലേക്ക് വാ... ന്നിട്ട് പറയാം...." അമ്മയുടെ സ്വരത്തിൽ കരച്ചിൽ ചീളുകൾ ഉണ്ടായിരുന്നു... അവൻ വെപ്രാളം പിടിച്ച പോലെ ചേറിൽ മുങ്ങിയ കൈകലുകൾ കഴുകാതെ ചേറ് പറ്റിയ തുണി പോലും മാറ്റാതെ ഷർട്ട് എടുത്തു ബനിയന് മുകളിലൂടെ ഇട്ടു കൊണ്ട് വേഗം തന്നെ വീട്ടിലേക്ക് നടന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story