അറിയാതെ: ഭാഗം 32

ariyathe

രചന: THASAL

"ഈ കാലി ലെറ്റർ വാങ്ങാൻ ആയിരുന്നോഡോ താൻ ഇത്രയും കാലം ഈ നേരത്ത് വന്നിരുന്നത്...." ദേഷ്യം നിറഞ്ഞത് ആയിരുന്നു അവളുടെ ശബ്ദം... അവൻ ഒരു നിമിഷം പതറി... "അത്... ആ.... എനിക്കറിയില്ലായിരുന്നു... ഇതിൽ ഒന്നും ഇല്ലായിരുന്നല്ലേ.... അവനെ ഞാൻ ഇന്ന്... " കിച്ചു മുങ്ങാൻ ഉള്ള തത്രപാടിൽ ആണ്... "നിൽക്കഡോ അവിടെ... ഞാൻ പറയാതെ ഒരടി മുന്നോട്ട് വെച്ചാൽ ഞാൻ വിളിച്ചു കൂവും... " അവളുടെ സംസാരത്തിൽ മെല്ലെ മുങ്ങാൻ നോക്കിയ കിച്ചു അടുത്ത നിമിഷം സ്റ്റെക്ക് ആയി... പണി പാളി... അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി... ശ്രീകുട്ടി ദേഷ്യത്തോടെ അവനെ നോക്കുക ആയിരുന്നു.... "എന്താ ഇതിന്റെ ഒക്കെ അർത്ഥം... " അവളിൽ ഗൗരവം മാത്രം... അവൻ മെല്ലെ ഒന്ന് ചിരിച്ചു... ശേഷം മുന്നോട്ട് ആഞ്ഞു ജനൽ കമ്പിയിൽ മുഖം ചേർത്ത് വെച്ചു... "Becouse i love you.... " ആദ്യമായി അവനിൽ നിന്നും അങ്ങനെ ഒരു വാക്ക് കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ..

അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. "ന്ത്‌... !?" "ഇഷ്ടം ആണെന്ന്... " അവന് കൂസൽ ഒന്നും ഇല്ല... അവൾ ഇരു കയ്യും നെഞ്ചിൽ കെട്ടി കൊണ്ട് അവനെ നോക്കി.. "തല്ലു കിട്ടും... " "കൊള്ളും... " "എന്നാ... നാളെ തന്നെ വീട്ടിൽ വന്നു പറയണം.... " അവളിലെ ഭാവത്തിൽ വ്യത്യാസം ഇല്ല... എന്നാൽ സ്വരത്തിൽ കാര്യമായ മാറ്റം...അവനിൽ ചെറു ചിരി നിറഞ്ഞു...അവൻ ഒന്ന് മീശ പിരിച്ചു അവളെ നോക്കി... "സമ്മതിച്ചില്ല എങ്കിൽ... " "ഇറങ്ങി വന്നോളാം... " അവളിൽ യാതൊരു കൂസലും ഇല്ലായിരുന്നു.. അവന്റെ കണ്ണുകൾ ഇപ്രാവശ്യം മിഴിഞ്ഞു... "ന്താ... !!?" "ഇറങ്ങി വന്നോളാംന്ന്.... ഇവിടെ ഒരാളും സമ്മതിക്കാൻ പോണില്ല എന്ന് എനിക്കറിയാം... പക്ഷെ നെഞ്ചിൽ ഇട്ടു പോയില്ലേ... വേണ്ടാന്ന് വെക്കാൻ ഒക്കില്ലല്ലോ.... " യാതൊരു കൂസലും ഇല്ലാതെ പറയുന്നവളെ അത്ഭുതത്തോടെ നോക്കി നിൽക്കുക ആയിരുന്നു അവൻ... തല്ലു പ്രതീക്ഷിച്ചു കിട്ടിയത് പെണ്ണിനെ തന്നെ....

"എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ... " "അതിനു താൻ എന്നോടും പറഞ്ഞില്ലല്ലോ... കാണുമ്പോൾ കാണുമ്പോൾ വേറെ പെൺപിള്ളേരെ നമ്പർ ചോദിക്കാൻ ആണല്ലോ തിടുക്കം... " അവളും കണ്ണുകൾ ഉരുട്ടി കൊണ്ട് പറഞ്ഞു... "ന്ന... ഇപ്പോൾ തന്നെ വന്നോ... " അവനും വെറ്തെ ഒന്ന് ഇട്ടു നോക്കി.. കളിയാക്കിയത് ആണോന്ന് അറിയണമല്ലോ... അവൾ തിരിഞ്ഞു നടക്കുന്നത് കണ്ടു അവൻ ഒന്ന് ഞെട്ടി... "ഡി... കോപ്പേ... " " ഞാൻ അതിലൂടെ വരാം... " "അയ്യോ.. വേണ്ടാ... ഞാൻ തമാശ പറഞ്ഞതാഡി..." അവൻ ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞു... "ന്നാ... നാളെ വന്നു വീട്ടിൽ പറഞ്ഞോണം... " അവൾ ഒരിക്കൽ കൂടി പറഞ്ഞതും അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... മെല്ലെ മീശ പിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി.... "അമ്മേം കൂട്ടിയിട്ട് വരാം... " പറയുമ്പോൾ അവളിൽ തെല്ലു ആഹ്ലാദമായിരുന്നു.... തിരിഞ്ഞു നടക്കുന്നവനെ ശ്രീക്കുട്ടി ഒരു നിമിഷം നോക്കി നിന്നു... ചുണ്ടിൽ ഒരു കള്ള ചിരി നിറഞ്ഞു... അപ്പോഴേക്കും മനസ്സിൽ ഓടി വന്നത് കാലി പേപ്പറും എടുത്തു ലവ് ലെറ്റർ ആണെന്ന് പറഞ്ഞു വന്ന അരുണിമയെ കയ്യോടെ പിടി കൂടിയതാണ്....

അവളിൽ നിന്നും അറിഞ്ഞതോ ഇത് വരെ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളും....... അവൾ ജാനാല കൊട്ടി അടച്ചു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "കൊച്ചേ..... " മെല്ലെ ഹർഷന്റെ ശബ്ദം കേട്ടു ആണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്... പതിവ് പോലെ ഒന്ന് തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയതും വേദന കൊണ്ട് മുഖം ചുളിഞ്ഞു പോയി.... മെല്ലെ കണ്ണുകൾ തുറന്നു... "കൈ ഇളക്കല്ലേ... വേദനിക്കും... " അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു... "സമയം ഒരുപാട് ആയോ അച്ചേട്ടാ.... " അവന്റെ നെഞ്ചിൽ നിന്നും ഇറങ്ങി കിടന്നു കൊണ്ട് അവൾ ചോദിച്ചു... "5. 30 ആകുന്നതെയൊള്ളു.... നീ കുറച്ച് കഴിഞ്ഞിട്ട് എണീറ്റാൽ മതി.... നിക്ക് പറമ്പിൽ പണിയുണ്ട് എനിക്ക് എണീക്കാൻ വേണ്ടി വിളിച്ചു എന്നൊള്ളു... " അവൻ കിടന്നിടത്ത് നിന്നും മെല്ലെ എഴുന്നേറ്റു കൊണ്ട് പറഞ്ഞു..... ഇന്നലത്തെ വീഴ്ചയിൽ ദേഹം ഒന്ന് ഇളകിയത് കൊണ്ട് തന്നെ അവൾക്ക് ചെറുതായി പനിക്കാൻ തുടങ്ങിയിരുന്നു... കൂടാതെ മരുന്നിന്റെ ക്ഷീണവും... അവനോടൊപ്പം എഴുന്നേൽക്കാൻ തോന്നി എങ്കിലും വയ്യയ്മ തോന്നിയതും അവിടെ തന്നെ കിടന്നു...

"ഇന്നിനി ദാവണി ഒന്നും ചുറ്റാൻ നിൽക്കണ്ട... കൈക്ക് വയ്യാത്തതാ....മേല് ഒന്ന് കഴുകി ഈ ഷർട്ട്‌ ഇട്ടാൽ മതി... " അവന്റെ തന്നെ ഷർട്ട്‌ ബെഡിൽ വെച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു... അവൾ ക്ഷീണത്തോടെ ഒന്ന് തലയാട്ടി... അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു... അത്രയും വയ്യ എന്ന്... അവൻ അവൾക്ക് അരികിൽ ചെന്ന് ഇരുന്നു അവളുടെ നെറുകയിൽ ഒന്ന് തലോടി... "ന്തേ കൊച്ചേ... വയ്യേ... " ആ ചോദ്യത്തിൽ തന്നെ അവൾ അവന്റെ മടിയിലേക്ക് ഉയർന്നു കിടന്നു അവന്റെ വയറിലേക്ക് മുഖം ചേർത്ത് വെച്ചിരുന്നു... "ദേഹം ഒക്കെ വേദനയാ അച്ചേട്ടാ.... " അടഞ്ഞ ശബ്ദത്തോടെ ആയിരുന്നു അവളുടെ മറുപടി...അവൻ അവളുടെ കഴുത്തിൽ മെല്ലെ ഒന്ന് തൊട്ടു നോക്കി.... "പനി പിടിച്ചതാ.... ഞാൻ അമ്മയോട് പറഞ്ഞു ഒരു ചുക്ക് കാപ്പി കൊണ്ട് തരാം.... പറ്റുംച്ചാൽ നമുക്ക് ഹോസ്പിറ്റലിലും പോകാം... " അവൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി.... അവൾ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി.... കുറച്ചു സമയം അങ്ങനെ കിടന്നപ്പോൾ തന്നെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...

അവൻ അവളെ ഒന്ന് ഇറക്കി കിടത്തി കൊണ്ട് ആ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു ഒരു നോക്ക് കൂടി അവളിലേക്ക് പായിച്ച് പുറത്തേക്ക് നടന്നു.... "മോൾക്ക്‌ എങ്ങനെ ഉണ്ടട... " പണികൾ ഒതുക്കുന്നതിനിടയിൽ ചായ ഇട്ടു ഗ്ലാസിലേക്ക് പകരുന്ന ഹർഷനെ കണ്ടു അമ്മ ചോദിച്ചു.... "പനി പിടിച്ചിട്ടുണ്ട്..." "പനിയോ... ഈശ്വരാ.... എന്റെ കൊച്ചിന്റെ അസുഖം എല്ലാം മാറിയാൽ.... " "അമ്മ... നേർച്ച മാത്രം വേണ്ടാ..... കിടന്നും ചെരിഞ്ഞും മറിഞ്ഞും എല്ലാം ഉരുണ്ടു കഴിഞ്ഞു...ഇനിയും നേർന്നാൽ ഞാൻ അമ്മയെ ഇട്ടു ഉരുട്ടും... " അവൻ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... അമ്മ ഒന്ന് ചുണ്ട് കോട്ടി... "അല്ലേലും നിനക്ക് ഇതൊന്നും പറ്റില്ലല്ലോ... " "ഓഹ്... പറ്റാത്ത ഞാൻ തന്നെയാ ആ കണ്ട സ്ഥലം മുഴുവൻ ഉരുണ്ടു തീർത്തത്... അതും നിങ്ങടെ കള്ളകണ്ണീരും കണ്ടു.... നിക്ക് ഒന്നും അറിയില്ല എന്നാ വിചാരം... " അവൻ ചായ കപ്പ്‌ ചുണ്ടോട് ചേർത്ത് ഒരു സിപ് കുടിച്ചു കൊണ്ട് പറഞ്ഞതും അമ്മ കള്ളം പിടിക്കപ്പെട്ട പോലെ പെട്ടെന്ന് അവനിൽ നിന്നും നോട്ടം മാറ്റി... "ദേ... അവള് ഉണർന്നാൽ ഒരു ചുക്ക്കാപ്പി ഇട്ടു കൊടുക്കണംട്ടോ... ഞാൻ പറമ്പിലേക്ക് ഇറങ്ങാ... " അവൻ ചായ കപ്പ്‌ കഴുകി കമിഴ്ത്തി വെച്ചു കൊണ്ട് മുണ്ടും മടക്കി കുത്തി പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു... "ഇന്ന് പാടത്തേക്ക് പോണില്ലേ.... " "ഇല്ല.... " "ന്ത്‌... !!?"

അമ്മ ഒരിക്കൽ കൂടി ചോദിച്ചു... ചോദ്യത്തിൽ ഒരു കള്ളത്തരം... "ഇന്നൊരു സുഖം പോരാ ന്റെ അമ്മേ... " അവനും അതെ കള്ള ചിരി ചുണ്ടിൽ എടുത്തണിഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... "അച്ഛന്റെ അല്ലേ മോൻ... " അമ്മയും ആരും കേൾക്കാത്ത മട്ടെ ശബ്ദം താഴ്ത്തി സ്വയം പറഞ്ഞു... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ രാവിലെ തന്നെ നിലയെ കാണാൻ അച്ഛനും അമ്മയും വന്നിരുന്നു.... അമ്മയുടെ കരച്ചിൽ ഒന്ന് അടക്കാൻ അല്പം പാട് പെട്ടു എങ്കിലും നില തന്നെ അമ്മയെ ആശ്വാസിപ്പിച്ചു... അവളോട്‌ കൂടെ ചെല്ലാൻ പറഞ്ഞു എങ്കിലും നില സ്നേഹത്തോടെ അവരെ മടക്കി അയച്ചു... അവൾക്ക് കഴിയില്ലായിരുന്നു തന്റെ അച്ചേട്ടൻ ഇല്ലാതെ... കൂടാതെ അവളെ നോക്കാനുള്ള അവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലാന്ന് നടിക്കാനും... "ശ്ശ്.......ശ്ശ്....." എവിടെ നിന്നോ ഉള്ള വിളി കേട്ടു അടുക്കള പടിയിൽ പറമ്പിലെ പണികളും നോക്കി ഇരിക്കുന്ന നിലയുടെ കണ്ണുകൾ നാല് പാടും പരതി......ആരെയും കാണാതെ വന്നതോടെ വീണ്ടും പണി എടുക്കുന്ന ഹർഷനിലേക്ക് നീണ്ടു... "കൊച്ചേച്ചി.....ഇവിടെ.... " പതിഞ്ഞ സ്വരം കേട്ടതോടെ അവൾ വീണ്ടും ചുറ്റും നോക്കിയതും വേലിക്കപ്പുറം പതുങ്ങി നിൽക്കുന്ന ചെക്കനെ കണ്ടു അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു...

അവൾ എന്തോ പറയാൻ ഒരുങ്ങിയതും അവൻ പേടിയോടെ ചുണ്ടോട് വിരൽ ചേർത്ത് വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് ഹർഷനെ കാണിച്ചു... നിലയും എന്തോ ഓർത്ത കണക്കെ തലയാട്ടി.. "ന്താ... " അവൾ ശബ്ദം നന്നേ നേർപ്പിച്ചു കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചതും അവൻ ഹർഷനെ ശ്രദ്ധിച്ചു തന്നെ അവളെ ഒന്ന് മാടി വിളിച്ചു... അവൾ മെല്ലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ഹർഷൻ കാണാത്ത രീതിയിൽ അവന്റെ അടുത്തേക്ക് നടന്നു... "ന്താടാ അനികുട്ടാ.... " അവൾ ചോദിക്കുമ്പോഴും ചെക്കന്റെ കണ്ണുകൾ ഇടയ്ക്കിടെ ഹർഷനിലേക്ക് ആയിരുന്നു... "നിങ്ങടെ കൈ ഒടിഞ്ഞുന്ന് അറിഞ്ഞിട്ട് വന്നതാ... നേരിട്ട് വന്നാൽ ചിലപ്പോൾ ആ മനുഷ്യൻ ചീത്ത പറയും.... നിങ്ങക്ക് എങ്ങനെയുണ്ട് ഇപ്പൊ... " അവൻ പ്ലാസ്റ്റർ ഇട്ട കയ്യിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... "ഇപ്പൊ കുഴപ്പം ഇല്ലഡാ... അല്ല... നീ കോളേജിൽ പോയില്ലേ... " "അതല്ലേ പറഞ്ഞത് അങ്ങേര് ചീത്ത പറയുംന്ന്...ഞാൻ വൈകീട്ട് വരാം... ഇപ്പൊ നിങ്ങള് ഇത് വെച്ചോ... " കയ്യിൽ ഒതുക്കി പിടിച്ച മാങ്ങ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു...

പണിക്ക് വന്നവരോട് എന്തോ പറഞ്ഞു കൊണ്ട് തിരിഞ്ഞ ഹർഷൻ കാണുന്നത് പമ്മി നിന്നു സംസാരിക്കുന്ന നിലയെയും ചെക്കനെയും ആണ്... ഡ്രസ്സ്‌ കണ്ടപ്പോൾ തന്നെ കോളേജിൽ പോകുന്നില്ല എന്ന് മനസ്സിലായിരുന്നു.... "ഡാ.... " ഹർഷൻ ഉറക്കെ അലറി... പെട്ടെന്ന് ആയത് കൊണ്ട് തന്നെ നില ഒന്ന് കിടുങ്ങി വിറച്ചു പോയി.... ചെക്കൻ ആണെങ്കിൽ അത് കേട്ടതും ഇടവഴിയിലൂടെ വേഗം തന്നെ മുന്നോട്ട് ഓടി... "ഡാ.... നിന്നെ എന്റെ കയ്യിൽ കിട്ടും... " "ഞാൻ നിന്നു തരുവല്ലേ മനുഷ്യ...." ഓടുന്നതിനിടയിൽ അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു... ഹർഷൻ നിലയുടെ അടുത്തേക്ക് നടന്നു... നില വേഗം മാങ്ങ പിന്നിലേക്ക് മറച്ചു പിടിച്ചു... ഹർഷന്റെ നോട്ടം പിന്നിലേക്ക് ആയതും അവൾ മെല്ലെ ഒന്ന് ചെരിഞ്ഞു നിന്നു... "ന്താടി കൊച്ചേ അത്... " അവൻ ഗൗരവത്തോടെ ചോദിച്ചതും അവൾ ഒന്ന് ചുമലു കൂച്ചി.... "ന്താന്ന്.... " "നീ ചീത്ത പറയില്ലാച്ചാൽ പറയാം... അനികുട്ടൻ കൊണ്ട് വന്നു തന്നതാ.... "

അവൾ അവന് നേരെ മാങ്ങ നീട്ടി കൊണ്ട് പറഞ്ഞതും അവന് ചിരി വന്നിരുന്നു.... അവൻ അവളുടെ കയ്യിൽ നിന്നും മാങ്ങ എടുത്തതും അവൾ പ്രതീക്ഷയോടെ അവനെ നോക്കി... "ന്താ വേണോ...." "അത് ന്റെയാ.... " അവളും മുഖം കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "ന്താ... " "ന്റെ അനികുട്ടൻ കൊണ്ട് തന്നതാന്ന്... " അവൾ ഒന്ന് കൂടെ ശബ്ദം കൂട്ടി കൊണ്ട് പറഞ്ഞു... അവൻ മെല്ലെ ഒന്ന് മൂളി കൊണ്ട് മാങ്ങ അവളുടെ കയ്യിൽ തന്നെ വെച്ചു കൊടുത്തു.... "മ്മ്മ്....കള്ളത്തരം ആവോളം ഉണ്ട്... അധികം കഴിക്കാൻ നിൽക്കണ്ട....പനിക്കുന്നതാന്നുള്ള ഓർമ്മ വേണം... " അവൻ അവളുടെ നെറ്റിയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞു... അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് കയ്യിലെ മാങ്ങ കടിച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു.... "അവിടെ പോയി ഇരുന്നോ....അധികം വെയില് കൊള്ളണ്ടാ.... " "ന്റെ അച്ചേട്ടാ.... നിക്ക് അതിനു കുഴപ്പം ഒന്നും ഇല്ലല്ലോ.... " "ഒരു കുഴപ്പോ ഇല്ലാന്ന് പറഞ്ഞു നടന്ന ആളാ ആ ഇരുന്നു മുട്ട് തിരുമ്മുന്നെ.... പോയി ഇരിക്കഡി അവിടെ.... "

അവൻ കണ്ണുരുട്ടി കൊണ്ട് തിണ്ണയിൽ ഇരുന്നു വേദനയോടെ മുട്ടിൽ പിടിച്ചു ഇരിക്കുന്ന അമ്മയെ ചൂണ്ടി കൊണ്ട് പറഞ്ഞതും അടുത്ത നിമിഷം അമ്മ വേഗം തന്നെ മുട്ടിൽ നിന്നും കൈ മാറ്റി... നില ആണെങ്കിൽ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... "അവനോട് പറഞ്ഞിട്ട് കാര്യമില്ല മോളെ.... നമ്മളെ രണ്ടാളേം ഒരു ഭാഗത്തു ഇരുത്താൻ അവൻ ഉഷാറാ...നീ ഇവിടെ വന്നിരിക്ക്... ഉച്ചക്ക് ഉള്ളതും രാത്രി ഉള്ളതും അവൻ തന്നെ വെച്ചു ഉണ്ടാക്കിക്കോളും.... " അമ്മ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു... നിലയും ഏറ്റു പിടിച്ച പോലെ അമ്മയുടെ അടുത്ത് പോയി ഇരുന്നു... "അതിനുള്ള വഴിയൊക്കെ ഞാൻ കണ്ടോളാം... കയ്യില്ലാത്തവരും കാലില്ലാത്തവരും ഒക്കെ അടങ്ങി ഇരുന്നാൽ മതി... ഇതിൽ കൂടുതൽ ടെൻഷൻ അടിക്കാൻ വയ്യാത്തത് കൊണ്ടാണ് ...." പ്രത്യേക ഈണത്തിൽ അതും പറഞ്ഞു തെങ്ങിന് തടം എടുക്കുന്നവനെ നിലയും അമ്മയും ഒരുപോലെ നോക്കി ഇരുന്നു... ഭാഗ്യമാണ്.....ഇങ്ങനെ ഒരു മകൻ ആയാലും ഭർത്താവ് ആയാലും.... ശാസന കൊണ്ട് വിലക്കുമ്പോഴും അതിൽ പോലും സ്നേഹമാണ്....ബഹളം വെച്ചു സ്നേഹിക്കാൻ അറിയില്ല... പക്ഷെ അവന്റെ സ്നേഹം മാറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും.... ▶▶▶▶▶▶▶▶▶▶▶▶▶ "നീ എന്ത് കോപ്പ് ആട ഈ പറയുന്നേ... ശ്രീക്കുട്ടിയുടെ വീട്ടിലെക്കോ...

നിനക്ക് ബോധം ഇല്ലേ കിച്ചു.... " മനു ശക്തമായി തന്നെ എതിർത്തു... ഹർഷൻ ആലോചനയിൽ ആയിരുന്നു.... നിലയും അമ്മയും പരസ്പരം മുഖത്തോട് മുഖം നോക്കി... പേടിയുണ്ട് എല്ലാവർക്കും... കാരണം കുറച്ചു നാൾ ആയി അത്ര സുഖത്തിൽ അല്ല അവിടുള്ളവരുമായി....പ്രത്യേകിച്ചു ഹർഷൻ അരുണിനെ തല്ലിയത് മുതൽ... "അവള് പറഞ്ഞിട്ട് തന്നെ ആടാ....വീട്ടിൽ പറഞ്ഞപ്പോൾ അമ്മയും വരാംന്ന്.... " "നീ വെറുതെ എടുത്തു ചാടല്ലേ... നമുക്ക് ആദ്യം രാമേട്ടനോട് ഒന്ന് അവതരിപ്പിക്കാം... ന്നിട്ട് മതി വീട്ടിലേക്ക് പോവലും മറ്റും.... നിനക്ക് അറിയില്ലേ അവളുടെ അമ്മയുടെ സ്വഭാവം... ആകെ പിടിച്ചിരുന്നത് ഇവനെയാ... ഇപ്പൊ അതും തീർന്നു..." മനു ഇടപെട്ടു... "കിച്ചു.... വാടാ.... " ഹർഷൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു... "ഹർഷ... നീ എന്ത് ഭ്രാന്ത ഈ കാണിക്കുന്നേ... ഇപ്പോൾ അരുൺ ഉണ്ട് വീട്ടിൽ... " മനു തടഞ്ഞു... നിലയിലും അമ്മയിലും അതെ പേടി നില നിന്നിരുന്നു....എടുത്തു ചാട്ടം കൊണ്ട് സംഭവിക്കാൻ പോകുന്നത് നഷ്ടങ്ങൾ മാത്രം ആയിരിക്കും.... "അതെ മോനെ.... വെറുതെ എടുത്തു ചാടണ്ട മോനെ..... "

"എന്ത് എടുത്തു ചാട്ടമാ അമ്മേ.... നമ്മൾ മാന്യമായി പെണ്ണ് ചോദിക്കാൻ അല്ലേ പോകുന്നെ.... സമ്മതിച്ചില്ലേൽ പിന്നെ തീരുമാനിക്കേണ്ടത് ശ്രീക്കുട്ടിയും... അത്രയേ ഒള്ളൂ....നീ അമ്മയോട് വരാൻ പറ കിച്ചു... ഇപ്പോൾ തന്നെ പോകാം.... " ഹർഷൻ അതും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു... നിലക്ക് അല്പം പേടി തോന്നിയിരുന്നു... അവൾ വേഗം തന്നെ അവന്റെ അടുത്തേക്ക് നടക്കുമ്പോൾ അവൻ ഹാങ്ങറിൽ നിന്നും ഒരു ഷർട്ട് എടുത്തു കുടഞ്ഞു ഇടുകയായിരുന്നു... "ന്താ കൊച്ചേ... " വാതിൽക്കൽ തന്നെ നിൽക്കുന്ന നിലയെ കണ്ടു അവൻ ചോദിച്ചതും അവൾ മെല്ലെ ഉള്ളിലേക്ക് കടന്നു...അവന്റെ അരികിലേക്ക് ചെന്ന് കൊണ്ട് വെറുതെ അവനോട് ചേർന്നു നിന്നു... അവൻ ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി താടിയിൽ ഒന്ന് തടവി... "അതെ... " എന്തിന്റെയോ തുടക്കം എന്ന പോലുള്ള അവളുടെ വിളി കേട്ടു അവൻ മെല്ലെ ഒന്ന് തല താഴ്ത്തി നോക്കി എങ്കിലും ചുണ്ട് പിളർത്തി നെഞ്ചിൽ താടി മുട്ടിച്ചു നിൽക്കുന്ന നിലയെ കണ്ടു പുഞ്ചിരിയോടെ കണ്ണാടിയിലേക്ക് നോട്ടം മാറ്റി...

"മ്മ്മ്.... " "വേണ്ടാ അച്ചേട്ടാ..." ശബ്ദം അത്രയും നേർപ്പിച്ചു കൊണ്ടായിരുന്നു അവൾ പറഞ്ഞത്... അവൻ കണ്ണ് ചുളിച്ചു കൊണ്ട് അവളെ നോക്കി... "നിക്ക് നല്ലോണം പേടിയുണ്ട്.... അരുണേട്ടൻ... ഒരിക്കലും... " "അതിന് അവന്റെ സമ്മതം ചോദിക്കാൻ അല്ലല്ലോ പോകുന്നെ... പേടി ഒന്നും വേണ്ടാ... നിക്കറിയാഡി കൊച്ചേ ഇത് എങ്ങനെ കൈകാര്യം ചെയ്യണംന്ന്... " അവൻ പ്രത്യേക ഈണത്തിൽ പറഞ്ഞു... അവളുടെ ഉള്ളിലെ ടെൻഷൻ മുഴുവൻ ശ്രീക്കുട്ടിയെ പറ്റി ഓർത്തിട്ട് ആണെന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... അവൻ പുഞ്ചിരിയോടെ അവളുടെ പിൻകഴുത്തിൽ പിടിച്ചു മുഖം തന്റെ നെഞ്ചോട് ചേർത്ത് വെച്ചു... "നിന്റെ ശ്രീക്കുട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് ഞാൻ നിനക്ക് ഉറപ്പ് തരുന്നു... പേടിക്കണ്ട... " അവൻ വീണ്ടും പറഞ്ഞതോടെ അവൾ മെല്ലെ അവന്റെ നെഞ്ചിൽ ആയി ചുണ്ടമർത്തി... പറയാതെ തന്നെ ഉള്ളിലെ ആധിയെ മനസ്സിലാക്കുന്നവനോടുള്ള സ്നേഹം പോലെ.. "എനിക്ക് നിങ്ങളെ വിശ്വാസ..." അവളും ശബ്ദം നന്നേ താഴ്ത്തി കൊണ്ട് പറഞ്ഞു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story