അറിയാതെ: ഭാഗം 38

ariyathe

രചന: THASAL

"ശ്രീ.... " കാലങ്ങൾക്ക് ശേഷം അരുണിന്റെ വിളി കേട്ടു ബെഡിൽ ചാരി ഇരുന്നു ഫോണിൽ നോക്കുകയായിരുന്ന ശ്രീക്കുട്ടി അത്ഭുതത്തോടെ തല ഉയർത്തി നോക്കി... ശ്രേയ പോയ ശേഷം വീട്ടിലേക്ക് വരുന്നത് പോലും കുറവ് ആയിരുന്നു.... വന്നാൽ തന്നെ റൂമിൽ ഉള്ള ചടഞ്ഞിരുപ്പ് മാത്രം.... ഇടക്ക് അമ്മ ഒന്ന് നിർബന്ധിക്കുമ്പോൾ ഉമ്മറത്തേക്കോ... അല്ലെങ്കിൽ മുറ്റം വരെയോ ഒന്ന് ഇറങ്ങും... വീണ്ടും പുസ്തകവും കാര്യങ്ങളും ആയി റൂമിൽ തന്നെ.... എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ആണ്.... ഒരുകാലത്ത് സ്നേഹം കൊണ്ട് പൊതിഞ്ഞവൻ... അവന്റെ ഇപ്പോഴത്തേ അവസ്ഥ അവളിലും നോവുണർത്തിയിരുന്നു... പക്ഷെ അവൻ അതിനു അർഹൻ ആണെന്നും അവൾക്ക് ബോധ്യം ഉണ്ടായിരുന്നു... അവൾ പിടച്ചിലോടെ അവനിൽ നിന്നും കണ്ണുകൾ മാറ്റി ഫോണിലേക്ക് ശ്രദ്ധ കൊടുത്തു... അത് അരുണിനും ഒരു നോവ് ആയിരുന്നു... ഒരുപാട് സ്നേഹിച്ചിരുന്ന... ഏതു സമയവും ഏട്ടാ എന്ന് വിളിച്ചു പിന്നാലെ നടന്നിരുന്നവൾ ആണ്... അരുൺ മെല്ലെ റൂമിലേക്ക്‌ കയറി... അവൾ എതിർത്തില്ല... അത് പോലെ സമ്മതവും നൽകിയില്ല....

"ശ്രീക്കുട്ടി.... " വീണ്ടും അവന്റെ വിളി എത്തി... "മ്മ്മ്... " ഒരു മൂളലിൽ ഒതുങ്ങിയിരുന്നു അവളുടെ ഉത്തരം.... "നിനക്ക് എന്നോട് ദേഷ്യം ആണോ... !!?" ആ ചോദ്യത്തിലെ വേദന അറിഞ്ഞ കണക്കെ അവൾ മെല്ലെ ഒന്ന് തല ഉയർത്തി... ഒരു പുഞ്ചിരി പോലും ഇല്ലാത്ത അവളുടെ മുഖം കാണും തോറും അവന്റെ ഉള്ളിലെ വേദന ഏറി വന്നു... "എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല.... " അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു... നോട്ടം എന്ത് കൊണ്ടോ അവനിൽ നിന്നും മാറ്റിയില്ല... എവിടെയോ തന്റെ പഴയ ഏട്ടനെ തിരിച്ചു കിട്ടിയ പോലെ തോന്നി പോയിരുന്നു അവൾക്ക്... "എ... എനിക്ക്.... നിലയുടെ നമ്പർ ഒന്ന് തരാമോ.... " ആ ചോദ്യത്തിൽ ശ്രീക്കുട്ടിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി....അവൾ യാതൊരു ഭാവവും കൂടാതെ അവനെ നോക്കി... "ആ പെണ്ണിനെ ഉപദ്രവിച്ച് മതിയായില്ലേ തനിക്ക്...... " ശ്രീക്കുട്ടിയുടെ ചോദ്യത്തിൽ ഇഷ്ടമില്ലായ്മയും കലർന്നിരുന്നു... "അവളെ ഉപദ്രവിക്കാനോ.... സങ്കടപ്പെടുത്താനോ അല്ല.... എനിക്ക് ഒന്ന് സംസാരിക്കണം.... എല്ലാം പറഞ്ഞു അവസാനിപ്പിക്കണം... " "ന്ത്‌ അവസാനിപ്പിക്കാൻ ആണ് ഏട്ടാ.... എല്ലാം അവസാനിച്ചില്ലേ....

നിങ്ങള് തന്നെ മാസങ്ങൾക്ക് മുന്നേ എല്ലാം അവസാനിപ്പിച്ചതല്ലേ.... ഇപ്പോൾ അവൾ ഒരു ഭാര്യയാണ്.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മനുഷ്യന്റെ.... ആരെക്കാളും ഏറെ സന്തോഷത്തിൽ ആണ്.... ഇനിയും വേണോ ഏട്ടാ.... " അവളുടെ വാക്കുകൾ ഒന്ന് വിറച്ചു... "എനിക്ക് ഒന്ന് സംസാരിച്ചാൽ മതി മോളെ... " "അത്ര നിർബന്ധം ആണേൽ ഏട്ടന് അവരുടെ വീട്ടിലേക്ക് ചെല്ലാം.... സംസാരിക്കാം... അവിടെ ആരും ഏട്ടനോട് മുഖം കറുപ്പിക്കില്ല... ഇറക്കി വിടില്ല...ഇപ്പോൾ എന്തിനാ പോകുന്നത് മാപ്പ് പറയാനോ.... ആ പെണ്ണ് അനുഭവിച്ചതിന് ഒരു മാപ്പ് കൊണ്ട് തീർക്കാൻ കഴിയില്ല ഏട്ടാ... പക്ഷെ..... ഏട്ടൻ അന്ന് അവളെ ഉപേക്ഷിച്ചിരുന്നില്ല എങ്കിൽ അവൾ ഇത്രയും സന്തോഷത്തിൽ ആകുമായിരുന്നില്ല..... ഏട്ടൻ ഒന്ന് ഇറങ്ങിയെ എനിക്ക് കിടക്കണം.... " മുഖം മെല്ലെ അവനിൽ നിന്നും ചെരിച്ചു കൊണ്ട് അവൾ പറയുമ്പോൾ അവൻ ഒരു നോക്ക് കൂടി അവളിലേക്ക് നൽകി കൊണ്ട് റൂമിൽ നിന്നും ഇറങ്ങി.... "പിന്നെ ശ്രേയ ചേച്ചിയോട് ഞാൻ സംസാരിച്ചോളാം... " വെറുതെ ഒരു വാക്ക് മാത്രം കേട്ടു....

പക്ഷെ അവന് മനസ്സറിഞ്ഞു സന്തോഷിക്കാൻ ആകുന്നുണ്ടായിരുന്നില്ല....ഉള്ളിൽ അപ്പോഴും ഒരു നോവ് പടർന്നു കൊണ്ടിരിക്കുന്നു... ആ നോവിന് നിലയുടെ മുഖമായിരുന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഞാൻ വേറെ ആരേലും കെട്ടി പോയിരുന്നേലോ അച്ചേട്ടാ.....!!?" അവന്റെ നഗ്നമായ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിൽ അഴിഞ്ഞു വീണ അവളുടെ മുടി ഇഴകളെ ഒതുക്കി വെച്ചു കൊണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.... "അച്ചേട്ടാ.... " ഒരു ഉത്തരം പ്രതീക്ഷിച്ചത് കൊണ്ടാകാം വീണ്ടും കുഞ്ഞ് ശബ്ദത്തോടെ വിളിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞു.. "അറിയില്ല കൊച്ചേ.... " അവൻ ആ ഒരു വാക്കിൽ ഉത്തരം ചുരുക്കി... "അച്ചേട്ടൻ വേറെ വിവാഹം കഴിക്കുമായിരുന്നോ.... " വീണ്ടും നെഞ്ചിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൾ ചോദിക്കമ്പോൾ ആ പരുപരുത്ത കൈകൾ അവളെ ചുറ്റി പിടിച്ചു തന്റെ ദേഹത്തേക്ക് അവളെ കയറ്റി കിടത്തിയിരുന്നു.... അവളും യാതൊരു എതിർപ്പും കൂടാതെ ആ കഴുത്തിടുക്കിൽ മുഖം ചേർത്ത് കിടന്നു.... "അറിയില്ല.... "

"അതെന്താ അറിയാത്തേ.... " "ജീവിതം നമ്മൾ കരുതും പോലെ അല്ലല്ലോ കൊച്ചേ.....ഇത് വരെ എന്റെ ജീവിതത്തിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടോ എല്ലാം ഞാൻ അറിയാതെയാണ്.... നീ കടന്നു വന്നത് പോലും... അപ്പോൾ നീ ഇല്ലായിരുന്നു എങ്കിൽ... അറിയില്ല കൊച്ചേ... " അവൻ പുഞ്ചിരിയോടെ അവളെ തന്നിലെക്ക് അണച്ചു പിടിച്ചു... സ്നേഹമായിരുന്നു അവന്... പ്രണയം ആയിരുന്നു.... അറിയാതെ ഹൃദയത്തിൽ കൂടു കൂട്ടിയവളോട് ഉള്ള പ്രണയം...... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ന്നേ കിച്ചുവിന്റെ അമ്മ വിളിച്ചായിരുന്നു.... " ഉമ്മറത്തു ഇരിക്കുന്ന അച്ഛന്റെ കയ്യിൽ ചായ ഗ്ലാസ്‌ നീട്ടി കൊണ്ട് ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞതും അച്ഛൻ ഒന്ന് തല ഉയർത്തി അവരെ നോക്കിയ ശേഷം ഗ്ലാസ്‌ വാങ്ങി... "ന്താ പറഞ്ഞേ.... " "വിവാഹകാര്യം തന്നെ... അതിനു ശേഷം നമ്മൾ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ.... അതാ വിളിച്ചത്..." "നീ പറഞ്ഞില്ലേ അവളുടെ പഠിപ്പിന്റെ കാര്യം... " "മ്മ്മ്... അത് കഴിഞ്ഞിട്ട് മതി എന്നാ അവരുടെയും അഭിപ്രായം... ന്നാലും.... ഒന്ന് ഉറപ്പിച്ചു ഇടുന്നത് നല്ലതല്ലേന്ന ചോദിക്കുന്നത്... "

അമ്മ സാരി തലയിൽ കൈ തോർത്തി കൊണ്ട് ചോദിച്ചു... "ന്താ അരുണേ നിന്റെ അഭിപ്രായം... " കാലങ്ങൾക്ക് ശേഷം ആയിരുന്നു അച്ഛനിൽ നിന്നും അങ്ങനെ ഒരു ചോദ്യം... അവന്റെ ഉള്ളിൽ ശ്വാസം തങ്ങി പോയി... ഉള്ളിലെ സന്തോഷം പുറത്ത് വെപ്രാളം ആയി പരിണമിച്ചു.... "അ...അത് അച്ഛ...അവളോട്‌... " അവന് എന്ത് പറയണം എന്നറിയില്ലായിരുന്നു... "നീ അവളുടെ ഏട്ടൻ അല്ലേ... അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ പറയടാ... " അമ്മ സന്തോഷത്തോടെ അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു...അച്ഛനും അവനെ നോക്കുകയായിരുന്നു... "ഞാൻ... എന്താ... എനിക്ക് അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല.... " അവൻ വളരെ താഴ്ന്ന ശബ്ദത്തിൽ തന്നെ പറഞ്ഞു... അച്ഛൻ ഒന്ന് അമർത്തി മൂളി... "ന്നാ അവരോട് കൂടെ തീരുമാനിച്ചിട്ട് തീരുമാനിക്കാം.... " അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ അവർ ഒന്ന് തലയാട്ടി... "അച്ഛ...അമ്മ... ഞാൻ ഇറങ്ങി... " ബാഗും പിടിച്ചു പുറത്തേക്ക് ഓടും വഴി ശ്രീക്കുട്ടി വിളിച്ചു പറയുന്നുണ്ടായിരുന്നു... "നീ ഇത് എന്തിനാ പിടയുന്നേ... മെല്ലെ പോടീ... "

"നേരം ഇല്ല അമ്മാ....കവലയിൽ നിന്നും ബസ് എടുത്തു കാണും... " ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു... "ഞാൻ കൊണ്ടാക്കി തരാം... " അരുൺ എഴുന്നേറ്റു കൊണ്ട് പറഞ്ഞു... "വേണ്ടാ... ഞാൻ പൊയ്ക്കോളാം... ഏട്ടൻ ഇന്ന് എങ്ങോട്ടും പോയേക്കരുത്... ഒരാൾ കാണാൻ വരുന്നുണ്ട്... " ഒന്ന് തിരിഞ്ഞു നോക്കി പിന്നിലേക്ക് നടക്കുന്നതിനിടയിൽ കുഞ്ഞ് ചിരിയോടെ ശ്രീക്കുട്ടി പറഞ്ഞു... പിന്നെ തിരിഞ്ഞു ഓടി... എല്ലാവരും ഒരുപോലെ നെറ്റി ചുളിച്ചു... "ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ... " അമ്മ സംശയത്തോടെ ചോദിച്ചു....അരുണും പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് തേടുകയായിരുന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ചേട്ടാ.... ആള് കയറാൻ ണ്ട്.... " സ്റ്റോപ്പിൽ നിന്നും എടുക്കുന്ന ബസിനെ കണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി ഓടിയതും അല്പം മുന്നിലേക്ക് പോയി ബസ് നിർത്തിയിരുന്നു.... ഓടി പിന്നിലെ ഡോറിലൂടെ ഉള്ളിലേക്ക് കടക്കാൻ നിന്നും ആരോ കയ്യിൽ പിടിച്ചു മുകളിലെക്ക് കയറ്റിയിരുന്നു... "താങ്ക്സ്... " അയാളെ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞു ബാക്കി പടികളും കയറാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ കണ്ട കണക്കെ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു ചിരിയോടെ തന്നെ നോക്കുന്ന കിച്ചുവിനെ...

"ആഹാ... ഈ വായനോക്കി ആയിരുന്നോ... " അവൾ തമാശയോടെ ചോദിച്ചു... ശേഷം കൈ എത്തിച്ചു ബസിന്റെ മുകളിൽ തൂക്കിയ കയറിൽ പിടിച്ചു ബെൽ ഒന്ന് അടിച്ചു... "ഇങ്ങനെ നിന്നാൽ പോരാ മാഷേ... ആള് കയറിയാൽ ബെൽ അടിക്കണം... " ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറിയതും കണ്ടു മുന്നിലെ സീറ്റിൽ ഇരിക്കുന്ന അച്ചേട്ടനെയും നിലയെയും... "ഇന്ന് ഒരുമിച്ച് ആണോ... " അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് സീറ്റിൽ കയറി ഇരുന്നു... "ഡി...പൊടികുപ്പി.... " പിന്നിൽ നിന്നും ശബ്ദം കേട്ടതും അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ ഒരുങ്ങിയതും അപ്പോഴേക്കും അവൻ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ട് അവൾക്ക് അരികിൽ വന്നിരുന്നിരുന്നു... "ഏമാന് ധൈര്യം ഒക്കെ വന്നോ... !!?" "ധൈര്യം ഇല്ലാതിരുന്നിട്ട് കാര്യം ഇല്ലല്ലോ... എന്തായാലും കെട്ടും... കെട്ടും മുന്നേ ഒരു ചീത്ത പേര് നല്ലതല്ലേഡി... " "അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്.... മോൻ എണീക്കാൻ നോക്ക്... " ശ്രീക്കുട്ടിയും തമാശയോടെ പറഞ്ഞു... "അയ്യടാ....മർകറ്റിൽ കണക്ക് നോക്കാൻ പോകുന്ന അന്ന് തന്നെ ഹർഷന്റെ ബൈക്കിന്റെ ടയർ കഷ്ടപ്പെട്ടു ആരും കാണാതെ കുത്തി പൊട്ടിച്ചു... ഈ ബസിൽ തന്നെ കയറിയത് വെറുതെ അങ്ങ് പോകാൻ അല്ല... "

അവൻ പറയുന്നത് കേട്ടു അവൾ അറിയാതെ തന്നെ അന്തം വിട്ടു വാ പൊത്തി പോയി... "ദുഷ്ട....ആ മനുഷ്യനോട് തന്നെ അത് വേണമായിരുന്നോ... ഹർഷേട്ടാ... " അവൾ ശബ്ദം ഉയർത്തി കൊണ്ട് വിളിച്ചതും അത് വരെ പുറത്തേക്ക് മാത്രം നോട്ടം മാറ്റിയിരുന്ന നിലയും ഹർഷനും ഒരുപോലെ അവരിലേക്ക് തിരിഞ്ഞു.... കിച്ചുവാണേൽ പറയല്ലേ എന്ന് കൈ കൊണ്ടും കാല് കൊണ്ടും കാണിക്കുന്നുണ്ട്...അവൻ വാ പൊത്തി പിടിക്കാൻ ഒരുങ്ങിയതും ശ്രീക്കുട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്നും മാറി... "എന്താടാ നീ ഈ ചെയ്യുന്നേ..." ഹർഷൻ കണ്ണുരുട്ടലോടെ ചോദിച്ചു... "ഹർഷ... ഇവള് പറയുന്നത് ഒന്നും വിശ്വസിക്കരുത്... " "പൊന്നു ഹർഷേട്ടാ... ഇയാളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...ഹർഷേട്ടന്റെ ബൈക്കിന്റെ ടയർ കുത്തി പൊട്ടിച്ചത് ഇങ്ങേരാ... " തന്നെ തടയാൻ ശ്രമിക്കുന്ന കിച്ചുവിന്റെ കൈ പിടിച്ചു വെച്ചു കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... അതോടെ ഹർഷന്റെ കണ്ണുകൾ കിച്ചുവിലേക്ക് പതിഞ്ഞു... "ഞാൻ അങ്ങനെയൊന്നും..... പറ്റി പോയഡാ... സോറി... ഞാൻ തന്നെ വർക്ക്‌ ഷോപ്പിൽ കൊണ്ടോയി ശരിയാക്കി കൊണ്ട് വന്നോളാം... " നുണ പറയാൻ ഒരുങ്ങി എങ്കിലും ഹർഷന്റെ കണ്ണുകൾ കനത്തതോടെ അവൻ ഉള്ള സത്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു...

ശ്രീക്കുട്ടി ആണേൽ ഇപ്പൊ കിട്ടും എന്ന കണക്കെ കിച്ചുവിനെ കളിയാക്കി ചിരിക്കുന്നുണ്ട്... നില ചുണ്ട് കൂട്ടി ചിരി ഒതുക്കി കൊണ്ട് മെല്ലെ തിരിഞ്ഞിരുന്നു... "ബഹളം വെക്കാതെ ഇരുന്നോണം രണ്ടും..." ഇച്ചിരി കടുപ്പത്തിൽ രണ്ടിനോടും ആയി പറഞ്ഞു കൊണ്ട് ഹർഷൻ തിരിഞ്ഞതും ശ്രീക്കുട്ടി കാറ്റ് പോയ ബലൂൺ കണക്കെ ആയി.. കിച്ചു ആണേൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലും... "കോപ്പത്തി... " കിച്ചു ചുണ്ട് ഇളക്കി കൊണ്ട് വിളിച്ചു... അവൾ അവന്റെ കയ്യിൽ നഖം ആഴ്ത്തി... "സ്.. ആ... വിടഡി..." മുന്നിൽ ഹർഷൻ ഉള്ളത് കൊണ്ട് തന്നെ ശബ്ദം താഴ്ത്തി കൊണ്ട് അവൻ പറഞ്ഞു... അവൾ ഒന്ന് കൂടെ പിച്ചി കൊണ്ട് ഇരു കയ്യും കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു... "രണ്ടും ജീവനോടെ ണ്ടോ അച്ചേട്ടാ... " കുസൃതി കണക്കെ ഉള്ള നിലയുടെ ചോദ്യം കേട്ടു ഹർഷൻ മെല്ലെ തിരിഞ്ഞു നോക്കി... രണ്ട് പേരുടെയും കണ്ണുകൾ പുറത്തേക്ക് ആണ്... "ഉണ്ട്.... രണ്ടിന്റെയും കാര്യത്തിൽ ഇപ്പൊ അടുത്ത് തന്നെ തീരുമാനം ആകും... " "ന്നോട് അമ്മ പറഞ്ഞായിരുന്നു... ന്ത്‌ രസായിട്ടാലെ ശ്രീക്കുട്ടി എല്ലാരോടും സംസാരിക്കുന്നേ..... " അവൾ മെല്ലെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടായിരുന്നു ചോദിച്ചത്... അവന്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു...

"ആണോ... അപ്പൊ നിനക്ക് സംസാരിക്കാൻ അറിയില്ലേ...നീ എന്നോട് സംസാരിക്കുന്നുണ്ടല്ലോ... " "അങ്ങനെയല്ല അച്ചേട്ടാ... അവള് സംസാരിക്കുമ്പോൾ ഇങ്ങനെ കേട്ടിരിക്കാൻ തോന്നില്ലേ... അച്ചേട്ടനും ഇഷ്ടല്ലേ... അത്... " നില ചോദിക്കുന്നത് കേട്ടു ഹർഷൻ ഒന്ന് ചിരിച്ചു..... "എല്ലാവരും ഒരുപോലെ ആകില്ലല്ലോ കൊച്ചേ... ശ്രീക്കുട്ടിക്ക് നിന്നെ പോലെ ആകാനോ... നിനക്ക് ശ്രീക്കുട്ടിയെ പോലെ ആകാനോ കഴിയില്ല... അങ്ങനെ മാറിയാൽ തന്നെ അതിനൊരു രസം കാണത്തില്ലല്ലോ.... " അവൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... അവൾ പുഞ്ചിരിയോടെ നോക്കി ഇരുന്നതെയൊള്ളു... ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും ഇടക്ക് തന്നിലെക്ക് നീളുന്ന കുഞ്ഞ് കണ്ണുകളും... ചിരിക്കുമ്പോൾ മാത്രം താടിക്കുള്ളിൽ തെളിയുന്ന ഗർത്തങ്ങളും അവളുടെ കണ്ണുകൾ തേടി പോയി.... അവളുടെ നോട്ടം കണ്ടതും വിരൽ മടക്കി വെറുതെ ഒന്ന് അവളുടെ തലക്ക് പിറകിൽ ഇടിച്ചു കൊണ്ട് അവൻ പുറത്തേക്ക് നോക്കി ഇരുന്നതും അവൾ പുഞ്ചിരിയോടെ അവനിൽ നിന്നും നോട്ടം മാറ്റി..... അത് കണ്ടു പിന്നിൽ ഇരുന്നിരുന്ന ശ്രീക്കുട്ടി മനസ്സ് കൊണ്ട് അരുണിന് നന്ദി പറയുകയായിരുന്നു.... നിലയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയതിന്... ഇത്രയും നല്ല പാതിയെ അവൾക്ക് നേടി കൊടുത്തതിന്....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story