അറിയാതെ: ഭാഗം 39

ariyathe

രചന: THASAL

"മോളെ.... " അമ്മയുടെ കരഞ്ഞു കൊണ്ടുള്ള വിളി കേട്ടു അരുൺ സംശയത്തോടെ പുസ്തകത്തിൽ നിന്നും കണ്ണ് മാറ്റി.... "ശ്രീക്കുട്ടി... ശ്രീക്കുട്ടിക്ക് എന്തെങ്കിലും... " അവനിൽ പെട്ടെന്ന് ഒരു ആധി ഉടലെടുത്തതും അവൻ പെട്ടെന്ന് തന്നെ റൂമിൽ നിന്നും ധൃതിയിൽ പുറത്തേക്ക് ഇറങ്ങി കോണി ഇറങ്ങി ഉമ്മറത്തേക്ക് ചെന്നതും ഒരു നിമിഷം മുന്നിലെ കാഴ്ചയിൽ സ്തംബിച്ചു നിന്നു പോയി... "ശ്രേയ... " ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു... ഉള്ളിൽ എന്തോ സന്തോഷവും സങ്കടവും കലർന്ന അവസ്ഥ... അറിയില്ലായിരുന്നു അവന് എന്ത് ചെയ്യണം എന്ന്.... അവൻ വെപ്രാളത്തോടെ ചുറ്റും എന്തിനോ വേണ്ടി പരതി.... "അരുൺ ഇവിടെ ഉണ്ടായിരുന്നോ... !!?" അരുണിനെ കണ്ടതും ശ്രേയയുടെ അച്ഛന്റെ ചോദ്യം എത്തി.... ശ്രേയയുടെ നോട്ടവും ചെറുതിലെ അവൻ പതിഞ്ഞു... അവന്റെ നോട്ടം തന്നിലെക്ക് നീളുന്നു എന്ന് തോന്നിയ നിമിഷം നോട്ടം മാറ്റി... "മ്മ്മ്....നാളെ തിരികെ പോകും... " അവൻ സൗമ്യമായി ആയിരുന്നു സംസാരിച്ചത്... "എന്നാ ഞാൻ ഇറങ്ങട്ടെ.... ഇവളെ ഇവിടെ ആക്കാൻ വന്നതാ.... ഒന്ന് രണ്ട് പരിപാടികൾ കൂടി ബാക്കിയുണ്ട്... ഇറങ്ങട്ടെ മോളെ... "

ശ്രേയയെ ചേർത്ത് പിടിച്ചു നെറുകയിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് അദ്ദേഹം ചോദിച്ചതും നിറഞ്ഞ കണ്ണുകളോടെ അവൾ സമ്മതം അറിയിച്ചു... "സൂക്ഷിക്കണം.... " പറയുമ്പോൾ ഒരച്ഛന്റെ ആധി ആയിരുന്നു അദ്ദേഹത്തിൽ... അവൾ മെല്ലെ ചെറുതിലെ വീർത്ത വയറിൽ മെല്ലെ തലോടി... അച്ഛന്റെ കാർ കണ്ണിൽ നിന്നും മറയും വരെ അവൾ നോക്കി നിന്നു... ആരോടും സംസാരിക്കാൻ കഴിയുന്നില്ല.... ഇവിടെ ഉള്ളതൊന്നും തന്റെത് അല്ലാത്തത് പോലെ... മാസങ്ങളുടെ അകൽച്ച അവളിൽ ഉണ്ടായിരുന്നു... "അമ്മ... ശ്രീക്കുട്ടി... " തന്നെ പ്രതീക്ഷയോടെ നോക്കുന്ന അരുണിനെ നോക്കാതെ തന്നെ അവൾ ചോദിച്ചു... "അവൾ ക്ലാസിനു പോയേക്കുവാ... മോള് അകത്തേക്ക് വാ... അരുണേ... നീ ഈ ബാഗ് എല്ലാം എടുത്തു താഴെയുള്ള മുറിയിൽ കൊണ്ട് വെക്ക്.... ഇനി മുതൽ താഴെ കിടന്നാൽ മതീട്ടോ...... " ആദ്യം അരുണിലേക്ക് ആയിരുന്നു എങ്കിലും അവസാനം അവളുടെ വയറിൽ ഒന്ന് തലോടി കൊണ്ട് അമ്മ പറയുമ്പോൾ അരുണിന്റെ നോട്ടവും അവളുടെ വയറിലേക്ക് നീണ്ടു... തന്റെ കുഞ്ഞ്... ഒരുപാട് തവണ മനസ്സിൽ ഇട്ടു താലോലിച്ച തന്റെ കുഞ്ഞ്...

തങ്ങളുടെ പ്രണയത്തിന്റെ അടയാളം.... ഒന്ന് ആ വയറിലേക്ക് കൈ ചേർത്തു വെക്കാൻ... സ്വന്തം കുഞ്ഞിന്റെ ഇളക്കം ഒന്ന് അറിയാൻ ആ അച്ഛൻ ഉള്ള് കൊണ്ട് ആഗ്രഹിച്ചു.... പക്ഷെ അവളുടെ കണ്ണിൽ ഇനി ഒരിക്കൽ കൂടി വെറുപ്പ് കണ്ടാൽ.... വേണ്ടാ... അവൻ മുഖം കുനിച്ചു കൊണ്ട് ഉമ്മറത്തു തന്നെ വെച്ച ബാഗുകൾ എടുത്തു ഉള്ളിലേക്ക് നടന്നു... എന്നോട് ഒന്ന് സംസാരിച്ചൂടെ... സുഖം അല്ലെന്നു ചോദിച്ചൂടെ.... ആ പെണ്ണിന് ഉള്ളിലും നോവ് പടർന്നു... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്രേയേച്ചി വന്നിട്ടുണ്ടാകും.... നിനക്ക് അറിയാവോ... ഇപ്പൊ ആറാം മാസാ...കുറച്ചു വയർ ഒക്കെ വെച്ചിട്ടുണ്ട്.....കുഞ്ഞിന് ഇളക്കം തുടങ്ങീന്ന് ഒക്കെ പറയുന്നുണ്ട്.... " വാ തോരാതെ ഉള്ള ശ്രീക്കുട്ടിയുടെ വിശേഷങ്ങൾ കേട്ടു നില ഇമ ചിമ്മാതെ അവളെ നോക്കി... എങ്കിലും അവൾ ഈ ലോകത്ത് ഒന്നും അല്ലായിരുന്നു.... തന്റെ വയറ്റിൽ ഒരു കുരുന്നു ജീവൻ കൊണ്ടാൽ വീർത്ത വയറുമായി വെറുതെ തൊട്ടും തലോടിയും ഇരിക്കുന്ന അവളെ ഒന്ന് മനസ്സിൽ വെറുതെ ചിന്തിച്ചു... അറിയാതെ തന്നെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.... "ന്താ നില.... നീയും പണി പറ്റിച്ചോ.... "

കൊഞ്ചൽ കണക്കെ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ശ്രീക്കുട്ടി ചോദിക്കുമ്പോൾ... ആ പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു... "ഒന്ന് പോടീ... " അവൾ കുഞ്ഞ് പുഞ്ചിരിയോടെ ശ്രീക്കുട്ടിയുടെ കയ്യിൽ ഒന്ന് തട്ടി.... "ശ്രേയേച്ചി..." പാടത്തിനരികിലൂടെ റോഡിലേക്ക് കടക്കുമ്പോൾ ആണ് ശ്രീക്കുട്ടി നീട്ടി വിളിച്ചത്... നില നിലത്ത് നിന്നും കണ്ണുകൾ മാറ്റി മുന്നോട്ട് നോക്കിയതും കണ്ടു പാടത്തേക്ക് കണ്ണുകൾ മാറ്റി ഒരു കൈ വയറിൽ തലോടി നിൽക്കുന്ന ശ്രേയയെ... ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്നു.... ശ്രേയയുടെ നോട്ടവും അവരിൽ ആയതും ശ്രേയയുടെ മുഖവും ഒന്ന് വിടർന്നു... "വാടി... " ശ്രീക്കുട്ടി നിലയെ വിടാതെ തന്നെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ശ്രേയക്കടുത്തേക്ക് ഓടി.... "ശ്രീക്കുട്ടി.... " ശ്രേയ ചിരിയോടെ വിളിച്ചു... "ചേച്ചി നടക്കാൻ ഇറങ്ങിയതാ... !!?...ഞാൻ നിലയോട് ഇപ്പൊ പറഞ്ഞതെ ഒള്ളൂ.. ചേച്ചി വന്നിട്ടുണ്ടാകും എന്ന്.. ന്ത്‌ പറയുന്നു മാമീടെ കുട്ടൂസ്.... ഹെലോ... " വെറുതെ വയറിൽ ചെവി ചേർത്ത് വെച്ചു വിളിക്കുന്നവളുടെ നെറുകയിൽ മെല്ലെ തലോടി ശ്രേയ...

"സുഖായിട്ട് ഇരിക്കുന്നുന്ന് പറ വാവേ... " ശ്രേയയും മെല്ലെ ഒന്ന് പറഞ്ഞു... അതെ നിമിഷം കുഞ്ഞ് അനക്കം കയ്യിൽ തട്ടിയതും ശ്രീക്കുട്ടി ഉറക്കെ ചിരിച്ചു... "കയ്യിൽ ഇക്കിളി ആകുന്നു ചേച്ചി... " അവളുടെ ചിരി കണ്ടു ശ്രേയയുടെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞിരുന്നു... ശ്രേയയുടെ നോട്ടം മെല്ലെ നിലയിൽ എത്തുമ്പോൾ അവിടെ ശ്രേയയുടെ ചെറുതിലെ വീർത്ത വയറിലേക്ക് കൊതിയോടെ നോക്കി നിൽക്കുകയായിരുന്നു.... ശ്രേയയെ കാണും തോറും നിലയിൽ കൊതി തോന്നി തുടങ്ങിയിരുന്നു..തന്റെ അച്ചേട്ടന്റെ ചോരയെ ഉദരത്തിൽ ചുമക്കാൻ.... "നിലയെന്താ അവിടെ തന്നെ നിന്നത്... ഇങ്ങ് വന്നേ... " ശ്രേയ കൈ മാടി നിലയെ അടുത്തേക്ക് വിളിച്ചു.. നിലയിൽ പരിഭ്രമം ആയിരുന്നു.... തന്റെ നോട്ടത്തേ ആ ഉദരത്തിൽ നിന്നും അധി വേഗം മാറ്റി.... കുഞ്ഞിനെ കണ്ണ് വെച്ചു എന്ന് തോന്നിയാലോ... അവൾ അല്പം മടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു... കുഞ്ഞിന്റെ ഇളക്കം വീണ്ടും കിട്ടാൻ ശ്രദ്ധയോടെ ഇരിക്കുന്ന ശ്രീക്കുട്ടിയെ കാണും തോറും... ഒരു വട്ടം ആ ഇളക്കം അറിയാൻ നിലക്കും ആഗ്രഹം തോന്നി... പക്ഷെ ഒരു പേടി... തന്നെ എങ്ങനെയാ ശ്രേയ കണ്ടിട്ടുള്ളത് എന്നറിയില്ലല്ലോ... "നില... നീ ഒന്ന് നോക്കിയെ.... കുഞ്ഞ് ഇളക്കം ണ്ടോന്ന്... വാ... " ശ്രീക്കുട്ടി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു...

നില ഒരു നിമിഷം ഒന്ന് പതറി... അവൾ വിളറിയ ഒരു ചിരിയോടെ ശ്രേയയെ ഒന്ന് നോക്കി.... ശ്രേയ പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു... "നീയും മാമി തന്നെയാ.... തൊട്ടു നോക്കിയേ എന്റെ വാവയെ.... " യാതൊരു വെറുപ്പോ... പരിഭവമോ കൂടാതെയുള്ള ശ്രേയയുടെ വാക്കുകൾ.... നിലയുടെ കണ്ണുകളിൽ ചെറു നനവ് പറ്റി... ഉള്ളിൽ കുറ്റബോധം തോന്നി.... അരുണിന് തന്നെ വേണ്ടാ എന്ന് പറഞ്ഞ നിമിഷത്തിൽ പലരിൽ നിന്നും അറിഞ്ഞ അരുണിന്റെ ഭാര്യ എന്ന പദവിയിൽ നിൽക്കുന്നവളോട് ഹൃദയത്തിൽ ആയിരം തവണ ദേഷ്യം തോന്നിയിരുന്നു..... തന്നെ അരുണിൽ നിന്നും അകറ്റിയതിന് വെറുത്തിട്ടുണ്ട്.... പക്ഷെ എല്ലാം അറിഞ്ഞു കഴിഞ്ഞിട്ടും തിരികെ കിട്ടുന്നത് സ്നേഹം മാത്രം... അവളുടെ ചുണ്ടുകൾ ഒന്ന് വിറച്ചു... എങ്കിലും ആ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... മെല്ലെ മുട്ട് കുത്തി ശ്രീക്കുട്ടിക്ക് അരികെ ഇരുന്നു മെല്ലെ ആ വയറിൽ ഒന്ന് മുത്തി... "മാമിയാഡാ... " കുഞ്ഞ് ശബ്ദം പുറത്തേക്ക് വന്നു... ആർക്കും കേൾക്കാൻ കഴിയാത്ത രീതിയിൽ... അത്രയും ശബ്ദം താഴ്ത്തി... എങ്കിലും ശ്രീക്കുട്ടിയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... അവൾ മെല്ലെ തല ചെരിച്ചു നിലയെ ഒന്ന് നോക്കി കണ്ണ് ചിമ്മി... ശ്രേയയും ആസ്വദിക്കുകയായിരുന്നു.... ഇത് വരെ ലഭിക്കാത്ത കൂടപിറപ്പുകളുടെ സ്നേഹം...

"ആരുടേ കൂടെയാ വന്നേ ചേച്ചി.... " ഒരു പരിജയകുറവ് മാറിയതും നില തന്നെ ചോദിച്ചു... "അരുൺ ഉണ്ടായിരുന്നു.... കുറച്ചു മുന്നേ ആരെയോ കണ്ടിട്ട് അങ്ങോട്ട്‌ പോയതാ... " വയലിലേക്ക് ആയി ചൂണ്ടി കൊണ്ട് ശ്രേയ പറയുമ്പോൾ നിലയുടെ കണ്ണുകളും അങ്ങോട്ട്‌ പാഞ്ഞു... ഏറുമാടത്തിനരികേ ഉള്ളിലേക്ക് നോക്കി സംസാരിച്ചു നിൽക്കുന്ന അരുൺ... ശ്രേയയും അവളുടെ ഭാവങ്ങൾ പേടിയോടെ നോക്കി കാണുകയായിരുന്നു... ആദ്യം യാതൊരു വികാരവും കൂടാതെ നോക്കിയ അവളിൽ പിന്നെ തെല്ലു പുഞ്ചിരി വിരിയുന്നതും.... അതോടൊപ്പം കുഞ്ഞ് മുഖത്ത് നാണം മൊട്ടിടുന്നതും ശ്രേയ ഒരു ഞെട്ടലോടെ കണ്ടു നിന്നു... ഉള്ളിൽ ഒരു പ്രയാസം.... കൈകൾ അറിയാതെ തന്നെ ഉദരത്തേ പൊതിഞ്ഞു... "അച്ചേട്ടനും ണ്ടായിരുന്നോ അവിടെ... ന്നാൽ ന്തായാലും വാലും ഉണ്ടാകും.... " അതും പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി ഓടിയതും ശ്രേയയുടെ കണ്ണുകൾ പെട്ടെന്ന് തന്നെ വയലിലേക്ക് പതിച്ചു.... ചേറ് പറ്റിയ കൈകോട്ട് കഴുകി വരമ്പിലേക്ക് കയറുന്ന ഹർഷൻ... നോട്ടം നിലയിൽ എത്തിയതും ആ മുഖത്ത് നിന്നും തന്നെ വായിച്ചു എടുക്കാമായിരുന്നു അവൾക്ക് എത്രമാത്രം ജീവനാണ് ആ മനുഷ്യൻ എന്ന്.... ശ്രേയയിൽ ഒരു ആശ്വാസം തോന്നി... "ചേച്ചി വാ.... ഞാൻ അക്കരെ കൊണ്ടാക്കി തരാം.... "

അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് നില ആവേശത്തോടെ പറയുമ്പോൾ ശ്രേയ കള്ള ചിരിയോടെ ഹർഷനെയും നിലയെയും മാറി മാറി നോക്കി... അത് കണ്ടതോടെ നിലയുടെ ചുണ്ടിലും കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു.... "അത്രേം ഇഷ്ടം ആണോ... " ശ്രേയയിൽ കൗതുകം ആയിരുന്നു.... നില വാക്കുകൾ കൊണ്ട് അതിനൊരു ഉത്തരം നൽകാതെ ആദ്യം വരമ്പിലേക്ക് ഇറങ്ങി കൊണ്ട് അവളുടെ കൈ പിടിച്ചു കൊടുത്തു സൂക്ഷിച്ചു വരമ്പിലേക്ക് ഇറക്കി.... "സൂക്ഷിക്കണേ..... " ഇടക്ക് കരുതലോടെ ഇടക്ക് പറയുന്നുണ്ടായിരുന്നു.... അന്ന് ആണ് ആദ്യമായി ശ്രേയ നിലയെ നന്നായി ശ്രദ്ധിച്ചത് പോലും.... കുഞ്ഞ് മുഖവും വിടർന്ന കണ്ണുകളും ഉള്ള കൊച്ചു സുന്ദരി.... യാതൊരു ചമയങ്ങളും ഇല്ല എങ്കിലും വല്ലാത്തൊരു ഐശ്വര്യം തോന്നിയിരുന്നു..... അധികം സംസാരം ഇല്ല എങ്കിലും സ്ഥായി ഭാവമായി പുഞ്ചിരി ഉണ്ട്.... എന്തോ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു... നിലയെ... കൈകൾ ഒരിക്കൽ കൂടി നിലയുടെ കയ്യിൽ മുറുക്കി... ഒരു വിശ്വാസം കണക്കെ.... അവളും തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു... "ആഹ്..... വന്നല്ലോ നില മോള്.... " മനു ആയിരുന്നു....ഏറുമാടത്തിൽ കയറി ഇരുന്നു നടന്നു വരുന്ന നിലയെ നോക്കി കൊണ്ട് പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ അവരിലേക്ക് നീണ്ടു.... അരുണിന് എന്ത് കൊണ്ടോ പ്രയാസം തോന്നി... അവളെ ഫേസ് ചെയ്യാൻ.... അരുണിന്റെ നോട്ടം വെറുതെ ഹർഷനിലേക്ക് പോയി... അവൻ പുഞ്ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു അവളെ....

ആ പുഞ്ചിരി നിലയിലേക്കും വ്യാപിച്ചത് പോലെ.... ശ്രീക്കുട്ടിയുടെ വാക്കുകൾ ശരിയാണ് എന്ന് അവന് ബോധ്യമാവുകയായിരുന്നു... നില ഇന്ന് ആരെക്കാളും സന്തോഷത്തിൽ ആണ്.... "ഇവളെ കണ്ടപ്പോൾ തന്നെ ഞാൻ പറഞ്ഞില്ലേ... നിലയും ണ്ടാകുംന്ന്.... " കിച്ചു വലിയ കാര്യം പോലെ പറഞ്ഞു... "അയ്ന്.... " ശ്രീക്കുട്ടി പുച്ഛിച്ചു കൊണ്ട് ചോദിച്ചതും കിച്ചു പല്ല് നെരിച്ചു കൊണ്ട് അവളെ നോക്കി...അരുൺ അടുത്ത് ഉണ്ടായത് കൊണ്ട് ഒന്നും പറയാൻ തോന്നിയില്ല... എന്തോ ഒരു അകൽച്ച ഈ കാലയളവിൽ അവനോട് അവർക്ക് തോന്നി തുടങ്ങിയിരുന്നു.... "നിന്നോട് ആരേലും ചോദിച്ചോ.... " പിന്നെയും സമാധാനം കിട്ടാതെ വന്നതോടെ ശബ്ദം താഴ്ത്തി ചോദിച്ചു.... ശ്രീക്കുട്ടി ഒന്ന് ചുണ്ട് കോട്ടി.... "നോക്കി നടക്ക് കൊച്ചേ.... " മുന്നിൽ ഉള്ള ചേറ് തട്ടി കളഞ്ഞു കൊണ്ട് ശ്രേയയുടെ കയ്യിൽ ശ്രദ്ധയോടെ പിടിച്ചു നടന്നു വരുന്ന നിലയെ കണ്ടു ഒരു വേവലാതിയോടെ ഹർഷൻ പറഞ്ഞതും അതിന്റെ പുഞ്ചിരി നിഴലിച്ചത് ബാക്കി ഉള്ളവരുടെ ചുണ്ടിൽ ആയിരുന്നു.... നില മൗനമായി തന്നെ അവരുടെ അടുത്തേക്ക് വന്നു.... "താൻ എന്ന വന്നത്.... "

ഒരു അന്വേഷണം കണക്കെ ഹർഷൻ ചോദിച്ചു... കൂടെ നിലയെ പിടിച്ചു തന്നിലെക്ക് ചേർത്ത് നിർത്തി... "ഇന്ന് വന്നതേ ഒള്ളൂ ഹർഷേട്ടാ.... " ശ്രേയയുടെ ഹർഷേട്ടാ എന്നുള്ള വിളി കേട്ടതും ഹർഷൻ ഒന്ന് പുഞ്ചിരിച്ചു... "ഇനി ഇപ്പൊ ഹർഷന്റെ പെങ്ങന്മാരുടെ ലിസ്റ്റിൽ ഒരാൾ കൂടി.... ഇതിങ്ങനെ കൂടി വരുകയാണല്ലോ ഹർഷ.... " കിച്ചു തമാശയോടെ ചോദിച്ചു... ആ ചോദ്യം നിലക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു... അവൾ വാ പൊത്തി ചിരിച്ചു പോയി... ഹർഷൻ മെല്ലെ അവളുടെ തലയിൽ ഒന്ന് മേടി.... "എത്ര മാസം ആയഡാ... " ചോദ്യം അരുണിനോട് ആയിരുന്നു.... അരുൺ മെല്ലെ ഒന്ന് ശ്രേയയെ നോക്കി.. ശ്രേയയുടെ നോട്ടം നിലയിൽ മാത്രം തങ്ങി നിൽക്കുകയായിരുന്നു... നിലയുടെത് തന്റെ അച്ചേട്ടനിലും... "അഞ്ച് കഴിഞ്ഞു തുടങ്ങി.... ഇനി ആറിലേക്ക് ആണ്.... " "മ്മ്മ്... നന്നായി ശ്രദ്ധിക്കണംട്ടോ മോളെ... എവിടെയാ കാണിക്കുന്നതഡാ... " "സിറ്റിയിലാ.... " "ഇവിടുന്നുള്ള പോക്കു വരവ് ഒക്കെ ബുദ്ധിമുട്ട് ആകുവല്ലോഡാ.... ഇവിടെ ഹോസ്പിറ്റലിൽ നല്ല docters ഒക്കെ ഇല്ലേ... ഇവിടെ ഒന്ന് നോക്കിക്കൂടായിരുന്നോ.... അല്ല... ഞാൻ പറഞ്ഞന്നേ ഒള്ളൂ.... "

"ഇനി മുതൽ ഇവിടെയാ ഹർഷേട്ടാ.... " അരുൺ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ശ്രേയയുടെ ഉത്തരം വന്നിരുന്നു... അവൾ ഇടം കണ്ണിട്ട് അരുണിനെ ഒന്ന് നോക്കി... അവനും അതൊരു പുതിയ അറിവ് ആയിരുന്നു എങ്കിലും അതിന്റെതായ ഞെട്ടൽ ഒന്നും മുഖത്ത് പ്രകടമായിരുന്നില്ല... "നല്ലതാ മോളെ... ഇടയ്ക്കിടെ ഉള്ള യാത്രകൾ കുറക്കാലോ.... " അവൻ എന്തോ ആലോചിച്ച കണക്കെ പറഞ്ഞു... അവരുടെ സംസാരങ്ങൾ കേൾക്കുമ്പോഴും ഇടക്ക് അരുണിന്റെ നോട്ടം നിലയിൽ എത്തി നിന്നു... ഹർഷന്റെ കയ്യിന്റെ ഭാഗത്തേ ഷിർട്ടിൽ വെറുതെ നഖം വെച്ചു കോറുകയാണ് അവൾ... ചെറു ചിരിയിലും കുറ്റബോധം തെളിഞ്ഞു... നില ഒന്ന് തല ഉയർത്തിയതും കാണുന്നത് തനിക്ക് നേരെ ഒരു കുഞ്ഞ് ചിരി സമ്മാനമായി നൽകുന്ന അരുണിനെയാണ്.... അവൾ മെല്ലെ ഹർഷന്റെ മറവിലേക്ക് നിന്നു.... ഒരു സംരക്ഷണത്തിന് എന്ന പോലെ.... "മനുഷ്യ........ കൊച്ചേച്ചിയെ കാണാതെ ആയമ്മ അന്വേഷിച്ചു വരുന്നുണ്ട്.... " ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story