അറിയാതെ: ഭാഗം 45

ariyathe

രചന: THASAL

"ഇതൊക്കെ ന്തിനാ അമ്മ... " അവരുടെ കയ്യിലെ പൊതി കണ്ടു നില ചോദിച്ചു.. "അത് നിനക്ക് അല്ലടി... ഞങ്ങടെ പേരകുട്ടിക്കാ...ന്റെ മോള് അതൊന്നു കുഞ്ഞിന് കൊടുത്തു സഹായിച്ചാൽ മാത്രം മതി... " അമ്മ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... അതോടൊപ്പം തന്നെ അവളുടെ കയ്യിലേക്ക് പൊതി വെച്ചു കൊടുക്കുമ്പോൾ അവൾ അല്പം ഒന്ന് മുഖം വീർപ്പിച്ചു വെച്ചു... "ചേച്ചിക്ക് അറിയാലോ... കഴിക്കാൻ ഒക്കെ മടിയാ....." അമ്മയെ നോക്കി സാവിത്രി അമ്മ പറയുമ്പോൾ അമ്മയും പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു... "അതിനല്ലേ... ഞാനും ഹർഷനും ഒക്കെ... അവള് കഴിച്ചോളും.... നിങ്ങള് ഇരിക്ക് ഞാൻ കുടിക്കാൻ ന്തേലും എടുക്കാം... " അമ്മ ഉള്ളിലേക്ക് പോകാൻ നിന്നതും കൂടെ പോകാൻ നിന്ന നിലയെ അമ്മ തന്നെ പിടിച്ചു അവിടെ നിർത്തി... "മോള് ഇവിടെ നിന്ന് അച്ഛനോടും അമ്മയോടും സംസാരിക്ക്... ഞാൻ എടുത്തോളാം... നിന്നെ കാണനാ ഇവര് വന്നേക്കുന്നേ... " അമ്മ പുഞ്ചിരിയോടെ പറഞ്ഞു... അവർ ഉള്ളിലേക്ക് പോയതും സാവിത്രി അമ്മ അവളെ ഒന്ന് ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഒന്ന് മുത്തി...

അച്ഛനും വലിയ സന്തോഷത്തിൽ ആയിരുന്നു... ഇത് വരെ നില ഇത്രയും സന്തോഷത്തോടെ അച്ഛനെ കണ്ടിട്ടില്ല... അവളുടെ വിവാഹത്തിന് പോലും.... അവൾ അച്ഛന്റെ മനസ്സ് വായിച്ച കണക്കെ അദ്ദേഹത്തിനരികേ മുട്ട് കുത്തി ഇരുന്നു... അദ്ദേഹം സ്നേഹത്തോടെ അവളുടെ നെറുകയിൽ മെല്ലെ തലോടി... "അച്ചാച്ചൻ ആകാൻ പോവാ.... !!?" ചുണ്ടിൽ തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരിയുമായി അദ്ദേഹം ചോദിക്കുമ്പോൾ അവൾ അദ്ദേഹത്തിന്റെ കൈ രണ്ടും കൈകളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് ചുണ്ടോട് ചേർത്തു വെച്ചു... അവൾ അദ്ദേഹത്തോട് നന്ദി പറയുകയായിരുന്നു... ഇത്രയും നല്ലൊരു ജീവിതം അവൾക്കായി നൽകിയതിന്.... "സൂക്ഷിക്കണേ... !!" അദ്ദേഹത്തിന്റെ വാക്കുകളിൽ കരുതൽ....അവളും പുഞ്ചിരിയോടെ ഒന്ന് തലയാട്ടി... അവർക്ക് ശേഷം രാധയും സുമേഷും അവരുടെ കുഞ്ഞി പെണ്ണും വന്നിരുന്നു നിലയെ കാണാൻ... എല്ലാവർക്കും സ്നേഹമാണ്...അവളോട്‌....ഉള്ളിൽ കളങ്കം ഇല്ലാത്ത സ്നേഹം നിറച്ചവളോട്.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

"ഇതായിരുന്നോടി.... നീ എന്നോട് മറച്ചു വെച്ചേ..." അറിഞ്ഞതും ഓടി വന്നതായിരുന്നു ശ്രീക്കുട്ടി.. നില മുന്നോട്ട് ആഞ്ഞു അവളെ ഒന്ന് കെട്ടിപിടിച്ചു... "സോറി.... നിക്ക് അപ്പൊ സംശയം മാത്രം ആയിരുന്നു... അതാ... വെറുതെ നിന്നോട് കൂടി പറഞ്ഞിട്ട്... അറിയത്തില്ലല്ലോ... " അവളുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ ശ്രീക്കുട്ടി അവളെ പിടിച്ചു മാറ്റും അവളുടെ കവിളിൽ ഒന്ന് ചുണ്ട് ചേർത്തു... "ഇത് ന്റെ നിലകുട്ടിക്ക്... ന്നേ ഇത്രേം വേഗം ഒന്ന് മാമി കൂടി ആക്കിയതിന്...." അവൾ കുനിഞ്ഞു നിലയുടെ വയറിൽ ഒന്ന് ചുണ്ട് ചേർത്തു... "ഇത് എന്റെ കുഞ്ഞന്...വേഗം ഇങ്ങ് വാട്ടോ കുഞ്ഞ....ഇവിടെ നമുക്ക് അടിച്ചു പൊളിക്കാം... " ഒരു രസം പോലെ ശ്രീക്കുട്ടി പറയുന്നത് കേട്ടു നിലയുടെ ചുണ്ടിലും കുഞ്ഞു ചിരി പടർന്നു.. അവൾ ശ്രീക്കുട്ടിയുടെ മുടിയിൽ വാത്സല്യത്തോടെ ഒന്ന് തലോടി... "ഇപ്പോൾ തന്നെ കേൾക്കില്ല ന്റെ ശ്രീക്കുട്ടി... " "അത് സാരല്യ... കേൾക്കാൻ സമയം ആകുമ്പോൾ ഞാൻ വേറെ പറഞ്ഞോളാം... ന്റെ കുഞ്ഞനെ നോക്കിക്കോണെടി.... അവിടെ ഒരു പൊടി വരാൻ ഇനി ഒരു മാസം കൂടിയെ ഒള്ളൂ... "

ശ്രീക്കുട്ടി ഒരുപാട് സന്തോഷത്തിൽ ആയിരുന്നു....നിലയുടെ ഉള്ളിലും ശ്രേയയെ പറ്റിയുള്ള ചിന്തകൾ വന്നു.... ശ്രീക്കുട്ടിയുടെ നിശ്ചയത്തിന് ആണ് അവസാനം ആയി കണ്ടത്.....അന്ന് അവൾ ഒന്ന് കൂടെ ഉഷാർ ആയിരുന്നു....അതിനു ശേഷം പലപ്പോഴായി പല ഇടത്ത് വെച്ചു കണ്ടു എങ്കിലും അരുൺ കൂടെ ഉള്ളത് കാരണം അടുത്തേക്ക് ചെന്നിരുന്നില്ല.... "ചേച്ചിക്ക് എങ്ങനെ ഉണ്ടടി.... " നില തെല്ലു നേരത്തെ മൗനം ബേധിച്ചു കൊണ്ട് ചോദിച്ചു.... "ഇപ്പൊ കുഴപ്പം ഒന്നും ഇല്ല... ആദ്യത്തെ ശർദ്ദി ഒക്കെ മാറീട്ടുണ്ട്... ഇപ്പൊ വലിയ കൊതിയാ... മസാല ദോശയും..... മാങ്ങയും ഒക്കെയായി എനിക്കിപ്പോ കുശാലാ.... " ചിരിയോടെ പറയുന്നവളെ പുഞ്ചിരിയോടെ നോക്കി ഇരിക്കുകയായിരുന്നു നില... "നിനക്ക് കൊതി ഉണ്ടോടി... " ശ്രീക്കുട്ടിക്ക് അറിയാൻ ഉള്ള ആകാംഷ... നില മെല്ലെ ചിരിയോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "സമയം ആയില്ലടി... " "ആണോ....എനിക്കിതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല...." ശ്രീക്കുട്ടിയുടെ സംസാരം നിലയിൽ പുഞ്ചിരി വിരിയിച്ചിരുന്നു.... "പൊടി വരുമ്പോൾ ന്റെ വാവയെ കാണാൻ വരോ നീ... "

തമാശ എന്നോണം നില ചോദിക്കുമ്പോൾ ശ്രീക്കുട്ടി നിലയുടെ കവിളിൽ ചെറുതിലെ ഒന്ന് തട്ടി.... "നിന്നെ കാണാൻ വന്നില്ലേലും ന്റെ കുഞ്ഞനെ കാണാൻ വരും... അല്ലേടാ കുഞ്ഞ..." കൊഞ്ചിച്ചു കൊണ്ടുള്ള ശ്രീക്കുട്ടിയുടെ സംസാരത്തിൽ നിലയുടെ ഉള്ളവും നിറയുകയായിരുന്നു.... എന്നോ രണ്ട് പേർക്കും ഇടയിൽ തറഞ്ഞു പോയ സൗഹൃദം ഇന്നും അതെ മാറ്റോടെ നില നിൽക്കുന്നു.....പല പ്രതിസന്ധികളും തരണം ചെയ്തു ഇപ്പോഴും അത് തിളങ്ങുന്നു... ചിലർ അങ്ങനെയാണ്... അടുത്തു കഴിഞ്ഞാൽ പിരിയുക എന്നത് അസാധ്യമായിരിക്കും... അത് പ്രണയത്തിൽ ആയാലും.... സൗഹൃദത്തിൽ ആയാലും... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶ "ശ്ശ്....കൊച്ചേച്ചി...... " ഗേറ്റിന്റെ അരികിൽ നിന്നും ഉമ്മറപടിയിൽ ഇരിക്കുന്ന നിലയെ നോക്കി മെല്ലെ ചെക്കൻ വിളിച്ചതും ആദ്യം തിരിഞ്ഞു നോക്കിയത് ഹർഷൻ ആണ്.... ഹർഷൻ കണ്ടു എന്ന് തോന്നിയതും ചെക്കൻ മാനവും നോക്കി ഒന്നും അറിയാത്ത കണക്കെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.... "ടാ ചെക്കാ മുങ്ങാൻ നോക്കിയാൽ ഓടിച്ചിട്ട്‌ തല്ലും ഞാൻ...

ഈ കഥകളി ഒക്കെ നിർത്തി നിനക്ക് എന്താടാ ഇങ്ങോട്ട് കയറി വന്നാൽ... " കണ്ണുരുട്ടലോടെ ഹർഷൻ ചോദിക്കുമ്പോൾ അവൻ മെല്ലെ ഗേറ്റ് കടന്നു അവരുടെ അടുത്തേക്ക് നടന്നു... "നീ ഇന്ന് ക്ലാസിന് പോയില്ലേടാ... " യൂണിഫോമിൽ അല്ലാന്ന് കണ്ടതും ഹർഷൻ ദേഷ്യത്തോടെ ചോദിച്ചതും ഒരു നിമിഷം അവൻ അവിടെ തന്നെ നിന്നു... "ഈ മനുഷ്യനെ കൊണ്ട്.... ഇതാണ് ഞാൻ ഗേറ്റിന്റെ അടുത്ത് നിന്ന് കഥകളി കാണിക്കുന്നത്.... ഇങ്ങോട്ട് കയറിയാൽ തുടങ്ങും ന്നോട് ദേഷ്യപ്പെടാൻ... നിങ്ങക്ക് കണ്ണിൽ ചോര ഇല്ലേ മനുഷ്യ..." അവനും വിട്ടു കൊടുക്കാതെ തന്നെ പറഞ്ഞു.. "ന്റെ ഹർഷ... അനികുട്ടൻ ഇങ്ങ് വന്നതല്ലേ ഒള്ളൂ.... നീ എന്താ കുരിശ് കണ്ട സാത്താൻ കണക്കെ... നീ ഒന്ന് വാ പൂട്ടി ഇരുന്നേ... നീ ഇങ്ങ് വാടാ... " അമ്മ രണ്ട് പേർക്കും ഇടയിൽ കയറി പറഞ്ഞു... ചെക്കൻ ഹർഷനെ നോക്കി പുച്ഛിച്ചു കൊണ്ട് കയറി ചെന്നു.... കയ്യിലെ പൊതി നിലക്ക് അടുത്ത് വെച്ചു കൊടുത്തു... "പച്ച മാങ്ങയാ.... അമ്മ തന്നയച്ചതാ.... " അവൻ നിലയെ നോക്കി കൊണ്ട് പറയുമ്പോൾ നില ദയനീയമായി എല്ലാവരേം മാറി മാറി നോക്കി...

ഒരു കയ്യിൽ അമ്മ കൊടുത്ത ആപ്പിൾ... അത് കഴിയാൻ കാത്തു നിൽക്കും പോലെ ഹർഷന്റെ കയ്യിൽ ഓറഞ്ച് ഉണ്ട്... ഇപ്പോൾ ഇതാ മാങ്ങ കൂടി... "ഒരുപാട് ഉണ്ടല്ലോ അനികുട്ടാ... " അവൾ ദയനീയമായി ചോദിച്ചു... "ഏയ്‌... കുറച്ചെ ഒള്ളൂ.... കൊച്ചേച്ചി കഴിച്ചോ... നാളെ ഞാൻ വന്നിട്ട് ചാമ്പക്ക് പറിച്ചു തരാം... " അവനിൽ ഒരു ചേച്ചിയോട് എന്ന പോലുള്ള സ്നേഹം ആയിരുന്നു... അത് കണ്ടു അമ്മയുടെയും ഹർഷന്റെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... "നാളെയോ... ന്താ ചെക്കാ... നിനക്ക് ക്ലാസ്സ്‌ ഒന്നും ഇല്ലേ.... " "നാളെ ഒരു ദിവസം അല്ലേ.... " "എന്നാലേ നിലക്ക് ക്ലാസ്സ്‌ ഉണ്ട്..... നീ ആയിട്ട് കൊച്ചിനെ മടി പിടിപ്പിക്കണ്ടാ..... നാളെ ക്ലാസ്സ്‌ വിട്ടു വന്നിട്ട് നീ എന്ത് വേണമെങ്കിലും ചെയ്തോ... അതിന് മുന്നേ എവിടേലും വെച്ചു നിന്നെ കണ്ടാൽ.... മുട്ട് കാല് ഞാൻ തല്ലി ഒടിക്കും..." ഹർഷൻ കണ്ണുരുട്ടലോടെ പറഞ്ഞു... ചെക്കൻ ആണേൽ ഇപ്പൊ പൊട്ടും എന്ന രീതിയിൽ അവനെ നോക്കുന്നുണ്ട്... "നിങ്ങക്ക് ഇത് എന്നാത്തിന്റെ കേടാ മനുഷ്യ....നല്ല രീതിയിൽ ജീവിക്കാൻ സമ്മതിക്കരുത്... " അവൻ പരിഭവം കലർത്തി കൊണ്ട് പറയുമ്പോൾ അമ്മ അവന്റെ കയ്യിൽ പിടിച്ചു എഴുന്നേറ്റു... "നീ ഇങ്ങ് വന്നേ അനികുട്ടാ.....ചായ കുടിക്കാം... " "ഞാൻ കുടിച്ചിട്ട ഇറങ്ങിയെ ആയമ്മേ.... " "കട്ടൻ ഇട്ടു തരാടാ... "

അമ്മ ഒരിക്കൽ കൂടി അവനോട് പറയുമ്പോൾ അവൻ എന്തോ ആലോചിച്ച കണക്കെ തലയാട്ടി... "ന്ന... ഒരു ഗ്ലാസ്‌ ഇവിടെയും പോരട്ടെ.... " അവനെ വെറുതെ വിടില്ല എന്നാ കണക്കെ ഹർഷനും... "വേണേൽ ഇട്ടു കുടിക്ക്.... ഇത് എനിക്ക് സ്പെഷ്യലാ.... " അമ്മയുടെ കൂടെ ഉള്ളിലേക്ക് നടക്കുന്നതിനിടെ ചെക്കൻ പറഞ്ഞു... നിലയും ഹർഷനും ഒരുപോലെ ചിരിച്ചു പോയി... "ന്തിനാ അച്ചേട്ടാ... അതിനെ വെറുതെ... " അവളുടെ ചോദ്യത്തിന് പുഞ്ചിരിയോടെ അവന്റെ കണ്ണുകൾ ഒരു വേള ചെക്കനെ തേടി പോയി എങ്കിലും... നിലയുടെ തോളിലൂടെ വട്ടം പിടിച്ചു തന്നോട് ചേർത്ത് ഇരുത്തി... പതിയെ അവളുടെ ഉദരത്തിൽ തലോടി... "ഒന്നും ഇല്ലേലും അവൻ നമ്മുടെ വാവേടെ ഒരേ ഒരു മാമൻ അല്ലേടി.... " വാക്കുകളിൽ ഒറ്റ നോട്ടത്തിൽ യാതൊരു ഭാവങ്ങളും ഇല്ല എങ്കിലും....ആ വാക്കുകളിലേ ആഴങ്ങളിൽ അവനോടുള്ള സ്നേഹം ആയിരുന്നു.... നിലക്കും ഈ കുറച്ചു കാലങ്ങൾക്കുള്ളിൽ അറിയാമായിരുന്നു അവർ തമ്മിൽ ഉള്ള ബന്ധവും.... "സ്നേഹം ണ്ടെങ്കിൽ അതങ്ങ് കാണിച്ചൂടെ.... " നില കുസൃതിയോടെ ചോദിക്കുമ്പോൾ ഹർഷൻ പുഞ്ചിരിയോടെ മുന്നിലേക്ക് നോക്കി ഇരുന്നു... "ഞാൻ കാണിക്കാറും ഉണ്ട്... അവനത് അറിയാറും ഉണ്ട്.... " "ഇങ്ങനെ കടിച്ചു പറിച്ചു ആണോ... "

നില വിടാൻ ഉദ്ദേശം ഇല്ലാതെ ചോദിച്ചു.... "നീ ഇപ്പൊ എന്തിനാ ഇവിടെ ഇരിക്കുന്നെ... " ഹർഷൻ പെട്ടെന്ന് വിഷയം മാറ്റി... നിലയുടെ കണ്ണുകൾ കയ്യിൽ ഒതുക്കിയ ആപ്പിളിൽ ആയി.. "ന്ന... കഴിക്കാൻ നോക്ക്... " അവൻ പിരികം പൊക്കി കൊണ്ട് പറയുമ്പോൾ പരിഭവത്തോടെ അവളുടെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി വന്നിരുന്നു... "വെറ്തെ അല്ല അനികുട്ടൻ പറയണത് മൊരടൻ ആണെന്ന്...ഒന്ന് സ്നേഹത്തോടെ പറഞ്ഞാൽ ന്താ... " ഉള്ളിലെ പരിഭവത്തിൽ ചുണ്ടിൽ അടക്കി പറഞ്ഞു കൊണ്ട് ഇരിക്കുന്നവളെ കാണും തോറും അവന്റെ ചുണ്ടിലെ പുഞ്ചിരി കൂടി വന്നു.... "സ്നേഹത്തോടെ പറഞ്ഞാൽ അനുസരിക്കുന്ന ഐറ്റങ്ങൾ അല്ലല്ലോ നീയും അവനും ഒന്നും....." കുസൃതി നിറഞ്ഞ ഹർഷന്റെ വാക്കുകൾക്ക് മുന്നിൽ അവൾ പരിഭവത്തോടെ നോക്കി... "കഴിക്കടി കൊച്ചേ.... " വീണ്ടും അവൻ പറയുമ്പോൾ ആ പരിഭവം പോലും ആ വിളിയിൽ ഒതുങ്ങി പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....പുഞ്ചിരിയോടെ ഒരു കഷ്ണം ആപ്പിൾ വായിലേക്ക് വെച്ചു.... ഇടക്ക് ഓരോ കഷ്ണങ്ങൾ ആയി അവന് നേരെ നീട്ടുമ്പോൾ അവൻ മെല്ലെ കണ്ണടച്ചു കാണിച്ചു കൊണ്ട് അവളുടെ വായിലേക്ക് തന്നെ വെച്ചു കൊടുക്കും....

ഇടക്ക് അവൾക്ക് സങ്കടം ആകുന്നു എന്ന് കണ്ടപ്പോൾ മാത്രം ഒരു കഷ്ണം അവൻ ചോദിച്ചു മേടിച്ചു..... അവളുടെ സന്തോഷം ആയിരുന്നു അവന് എന്നും വലുത്.... അത് പണ്ട് അരുണിലെ പ്രണയത്തിൽ ആണെങ്കിലും .... അന്നും അവളെ തടയാതിരുന്നത് അവളുടെ സന്തോഷം മാത്രം ലക്ഷ്യം വെച്ചു ആണ്.... അത് അവന് സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോലും... പക്ഷെ.... ഇന്ന് തന്നിൽ സന്തോഷം കണ്ടെത്തുന്ന അവളിലെ ഭാവങ്ങളെ അവന് ആസ്വദിക്കാൻ കഴിയുന്നുണ്ട്... മനസ്സ് നിറഞ്ഞു തന്നെ സന്തോഷിക്കാനും.... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "എല്ലാർക്കും ന്നോട് ന്ത്‌ സ്നേഹം ആണല്ലേ അച്ചേട്ടാ.... " ഉറക്കം കണ്ണുകളെ മാടി വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ നിലയുടെ ചോദ്യം കേട്ടു അവൻ കണ്ണുകൾ വലിച്ചു തുറന്നു.... സംശയത്തോടെ നെഞ്ചിൽ പറ്റി കിടക്കുന്നവളെ നോക്കുമ്പോൾ ഇപ്പോഴും ഉണ്ടകണ്ണുകൾ വിടർത്തി കിടക്കുകയായിരുന്നു അവൾ....

"ഉറങ്ങിയില്ലേ കൊച്ചേ.... " അവന്റെ ചോദ്യത്തിന് അവൾ അവൾ നിഷേധത്തിൽ ഒന്ന് തലയാട്ടുക മാത്രം ചെയ്തു..... അവന്റെ കൈ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു... "ഉറക്കം ഒഴിക്കണ്ടാ... കണ്ണടച്ച് കിടക്ക്.... " ഇടക്ക് അവൻ പറയുന്നുണ്ടായിരുന്നു... "ഞാൻ അന്ന് മരിച്ചു പോയിരുന്നെങ്കിലോ... " വീണ്ടും അവളുടെ സംശയം കേട്ടു ഒരു നിമിഷം അവന്റെ കൈകൾ നിശ്ചലമായി.... എന്ത് ഉത്തരം നൽകണം... അവൻ മൗനമായി ഒന്നും കേൾക്കാത്ത മട്ടെ കണ്ണുകൾ അടച്ചു കിടന്നു.... അവനിൽ നിന്നും ഉത്തരം ലഭിക്കാതെ വന്നതോടെ അവൾ ഒന്ന് തല ഉയർത്തി നോക്കി...അവൻ ഉറങ്ങി എന്ന് തോന്നിയത് കൊണ്ടാകാം അവളും മൗനമായി അവനോട് ചേർന്നു കിടന്നു..... ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല..... അത് മൗനത്തിൽ അലിഞ്ഞു ചേരെണ്ടവയാണ്......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story