അറിയാതെ: ഭാഗം 46

ariyathe

രചന: THASAL

"ഇത് എവിടെ പോയി.... " റൂമിൽ എന്തോ തപ്പി നടക്കലിൽ ആയിരുന്നു നില.... "അച്ചേട്ടാ.... ഞാൻ ഇവിടെ വെച്ച നോട്ട് കണ്ടോ... " ബാത്‌റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് നില ചോദിച്ചു... "അത് ഞാൻ എടുത്തു ഷെൽഫിൽ വെച്ചിട്ടുണ്ട്... " "ഷെൽഫിൽ ഇല്ലല്ലോ... " "നിന്റെതിൽ അല്ല കൊച്ചേ... എന്റെതിൽ... തുറന്നു നോക്ക്... കീ... ആ മേശ വലിപ്പിൽ കാണും... " അവൻ പറഞ്ഞതും അവൾ മേശ വലിപ്പ് തുറന്ന് കീ എടുത്തു... "ഇതൊക്കെ ന്തിനാ അതിൽ വെച്ചു പൂട്ടിയെക്കുന്നെ ന്റെ അച്ചേട്ടാ... " ഇടക്ക് അവൾ ചോദിക്കുന്നുണ്ടായിരുന്നു... അവൾ ഷെൽഫ് തുറന്നതും മൂന്ന് കള്ളികളിൽ ആയി അടുക്കി വെച്ച അവന്റെ ഡ്രസും കാര്യങ്ങളും ആണ് കാണാൻ കഴിഞ്ഞത്.... അവൾ സംശയത്തോടെ എല്ലാം ഒന്ന് നോക്കി കൊണ്ട് അതിനുള്ളിൽ കൈ ഇട്ടു പരതി... കിട്ടാതെ വന്നതോടെ വീണ്ടും ഒന്ന് മുകളിലെക്ക് ഉയർന്നു കൊണ്ട് മുകളിലെ തട്ടിലേക്ക് ഒന്ന് നോക്കിയതും അവിടെ എടുത്തു വെച്ച തന്റെ നോട്ട് കണ്ടു അവൾ കൈ എത്തിച്ചു അത് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വേറൊരു കൈ അത് എടുത്തു കഴിഞ്ഞിരുന്നു...

"ന്റെ കൊച്ചേ.... ഈ ഒറ്റ കാലിൽ നിന്നിട്ട് വീഴാൻ ആണോ.... " പറയുന്നതിനോടൊപ്പം അവൻ കയ്യിലെ നോട്ട് അവളെ ഏൽപ്പിച്ചു... "ന്റെതല്ലേ.... പിന്നെ ന്തിനാ എടുത്തു വെച്ചേ... " "അത് പുറത്ത് ഇട്ടാൽ പിന്നേ എടുത്തു വെക്കേണ്ടേ... " അവനും പുഞ്ചിരിയോടെ ചോദിച്ചു കൊണ്ട് അവളുടെ സൈഡിലൂടെ ഒരു വെള്ള മുണ്ട് ഷെൽഫിൽ നിന്നും എടുത്തു... അവൾ അവിടെ നിന്നും പോകാൻ നിന്നതും ഷെൽഫിൽ എന്തോ കണ്ട കണക്കെ ഒരു സംശയത്തോടെ ഒന്ന് കൂടി അങ്ങോട്ട്‌ ചെരിഞ്ഞു നിന്നു... "നോക്കണ്ട.... നീ തന്നത് തന്നെയാ.... " ഷെൽഫിൽ പറ്റിച്ചു വെച്ച മയിൽ പീലിയിലേക്ക് ആണ് അവളുടെ കണ്ണുകൾ നീളുന്നത് എന്നറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു... അവൾ അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു... "ഞാനോ.... !!?" "പിന്നെ... ഞാനാണോ കൊച്ചേ....നിന്റെ ഭ്രാന്തിന് എന്റെ കയ്യിൽ ഏൽപ്പിച്ചതാ... നിനക്ക് ഓർമയില്ലേ.... " "അപ്പൊ അത് അന്ന് തന്നെ കളഞ്ഞു എന്ന് പറഞ്ഞിട്ട്.... " "ഞാൻ അങ്ങനെ പറഞ്ഞോ... " "മ്മ്മ്... പറഞ്ഞു... " അവൾ അല്പം പരിഭവത്തോടെ പറഞ്ഞു...

"ആവോ... എനിക്ക് ഓർമ്മയില്ല.... ഇത് ഇവിടെ തന്നെ ഉണ്ടായിരുന്നു.... ഒരുപാട് കാലങ്ങൾ ആയി... " ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറച്ചു കൊണ്ട് അവൻ പറയുമ്പോൾ എപ്പോഴോ പരിഭവം കാണിക്കാൻ അവളും മറന്നു പോയിരുന്നു... തിരികെ ലഭിക്കുമോ എന്ന് പോലും അറിയാതെ ഇത്രയും തന്നെ സ്നേഹിച്ചവനോട് അസൂയ തോന്നിയിരുന്നു.... അവനെ സ്നേഹം കൊണ്ട് തോൽപ്പിക്കാൻ കൊതി തോന്നിയിരുന്നു... അവൾ ഒന്നും മിണ്ടാതെ അവനെ ചുറ്റി പിടിച്ചു അവനോട് ചേർന്നു നിന്നു.... എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സ്നേഹം തോന്നി പോയിരുന്നു അവനോട്.... അവനും പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് തലോടി.... "ന്നേ ന്തിനാ ഇങ്ങനെ സ്നേഹിക്കുന്നെ.... " പതുക്കെ ശബ്ദം നന്നേ താഴ്ത്തി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് നെറുകയിൽ പതിയുന്ന കൈക്ക് പുറമെ ചുണ്ടുകൾ കൂടി അവിടെ തലോടി.... "നിക്ക് സ്നേഹിക്കാൻ തോന്നി.... " അവന്റെ മറുപടി ലളിതമായിരുന്നു... "അതെന്താ... !!?" അവൾ അവന്റെ നെഞ്ചിൽ ആയി താടി മുട്ടിച്ചു കൊണ്ട് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു...

അവൻ പുഞ്ചിരിക്കുകയായിരുന്നു... "നിനക്ക് ഓർമ ഉണ്ടോന്ന് അറിയത്തില്ല.... പണ്ട് നീ ഹയർ സെക്കന്ററി പഠിക്കുന്ന കാലം....ശ്രീക്കുട്ടിയുടെ കൂടെ വയൽ വരമ്പിലൂടെ ഇരു വശത്തും മെടഞ്ഞ് ഇട്ടു ആ യക്ഷി പല്ല് കാണിച്ചു കുടുകുട ചിരിച്ചു... ആരെങ്കിലും കാണുമ്പോൾ മാത്രം അബദ്ധം പറ്റിയ കണക്കെ വാ പൊത്തിയും.....ഒക്കെ നടന്നു വരുന്ന ഒരു നില കൊച്ചിനെ കണ്ടു അന്ന് വരെ എനിക്ക് ഉള്ളിൽ തോന്നിയ വാത്സല്യത്തേക്കാൾ വേറൊരു വികാരം എന്നെ പിടി കൂടി....അന്ന് എനിക്കത് മനസ്സിലായില്ല എങ്കിലും.... പിന്നീട് പലപ്പോഴും ഈ ഉണ്ടകണ്ണുകൾ ഉറക്കം കളഞ്ഞപ്പോൾ ഏകദേശം എനിക്ക് മനസ്സിലായി തുടങ്ങി.....കൊച്ച് പോയത് ഹൃദയവും കൊണ്ടാണ് എന്ന്... " അവൻ പറഞ്ഞു നിർത്തിയതും അറിയാതെ തന്നെ അവൾ ചിരിച്ചു പോയി... "ന്നിട്ട്.... !!?" അവൾ ആകാംഷയോടെ അവനെ നോക്കി... "ന്നിട്ട് ന്താ....അന്ന് നീ കൊച്ചല്ലേ.... നിന്നോട് പറയാൻ ഒക്കുവോടി...പറഞ്ഞില്ല... നീ ഒട്ടും അറിഞ്ഞും ഇല്ല.... അതിനിടയിൽ ജീവിതം തന്നെ മാറി മറിഞ്ഞു എങ്കിലും അവസാനം നിന്നെ എനിക്ക് തന്നെ കിട്ടി... ദേ... ഇപ്പോൾ ന്റെ കൊച്ചിന്റെ അമ്മയും ആക്കി.... "

അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി കൊണ്ടായിരുന്നു അവൻ പറഞ്ഞത്... അവൾക്ക് തന്നെ അറിയാമായിരുന്നു ഇടയിൽ അവൻ മനഃപൂർവം വിഴുങ്ങി കളഞ്ഞ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കാലത്തെ.... പ്ലസ് വൺ കാലഘട്ടത്തിൽ തുടങ്ങിയ തന്റെയും അരുണിന്റെയും പ്രണയത്തേ അച്ചേട്ടൻ അറിഞ്ഞ കാലത്തേ.... എതിർപ്പുകൾ പ്രകടിപ്പിച്ചില്ല എങ്കിലും താല്പര്യം ഉണ്ടായിരുന്നില്ല എന്ന് അറിയാമായിരുന്നു... അതിനു കാരണം ഒരിക്കൽ പോലും ചോദിച്ചിട്ടില്ല.... ഉള്ളിൽ കുഞ്ഞ് നോവ്...അന്ന് തന്റെ അച്ചേട്ടനും നൊന്തു കാണില്ലേ... "ദേഷ്യം തോന്നിയിരുന്നോ ന്നോട്.... " അവളുടെ ചോദ്യത്തിൽ അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... "നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ കൊച്ചേ..... ഉള്ളിൽ തോന്നുന്നതെ ഞാൻ പുറമെ പ്രകടിപ്പിക്കൂ.... " ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു... അവളും അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു.... ▶▶▶▶▶▶▶▶▶▶▶▶▶▶▶▶▶

ക്ലാസിൽ എത്തിയപ്പോഴും നിലക്ക് വലിയ സ്വീകരണം ആയിരുന്നു... ചിലർക്ക് ചിലവ് ആണ് വേണ്ടത് എങ്കിൽ ചിലർ അവളോട്‌ ഗർഭകാലത്ത് നോക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു.... ആൺകുട്ടികളിൽ നിന്ന് പോലും കളിയാക്കലുകൾ ഇല്ലാതെയുള്ള പെരുമാറ്റം നിലയെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു... ചെറിയ കുട്ടികൾ അല്ല... പക്വത ആവോളം വന്നവർ ആണ്....അവിടെ കളിയാക്കലുകൾക്ക് സ്ഥാനം ഇല്ല.... "നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ.... " ഇടയ്ക്കിടെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന നിലയെ നോക്കി ശ്രീക്കുട്ടി ചോദിച്ചു... "എന്തോ തലക്ക് ഒക്കെ... ഒരു കനം... വയ്യാതാകും പോലെ...." "ശർദ്ധി ഉണ്ടോടി... " "മ്മ്മ്ഹും..... " അവൻ നിഷേധത്തിൽ ഒന്ന് തലയാട്ടി കൊണ്ട് ഡെസ്കിൽ തല വെച്ചു കിടന്നു.... ശ്രീക്കുട്ടിക്കും വല്ലാതെ ആയിരുന്നു.... ആദ്യമായി ആണ് ഈ സമയം ഗർഭിണികളെ കാണുന്നത്... എന്ത് ചെയ്യണം എന്ന് പോലും അറിയില്ല....

"ഞാൻ ഹർഷേട്ടനെ വിളിക്കാം.... നീ തിരികെ പൊയ്ക്കോ.... എനിക്ക് എന്തോ പേടി ആകുന്നുണ്ട്... " അവളുടെ അവസ്ഥ കണ്ടു ശ്രീക്കുട്ടി കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... നില ഒന്ന് പുഞ്ചിരിച്ചു.... "അയ്യേ... കണ്ണ് നിരക്കാതെ ന്റെ ശ്രീക്കുട്ടി.... അതിനു എനിക്കൊന്നും ഇല്ലല്ലോ... ഈ സമയം ണ്ടാകുന്നതാ ഇതൊക്കെ....കണ്ണ് തുടച്ചെ... " നില കളിയാക്കലോടെ പറയുമ്പോൾ ശ്രീക്കുട്ടി ധൃതിയിൽ കണ്ണുകൾ തുടച്ചു... ആ കണ്ണുനീർ പോലും അവളോട്‌ ഉള്ള സ്നേഹം ആയിരുന്നു... ദിനങ്ങൾ കടന്നു പോകും തോറും... നിലക്ക് ക്ഷീണവും ഏറി വന്നു.... നാല് മാസം ആയപ്പോഴേക്കും ശർദ്ധിയും തുടങ്ങിയിരുന്നു... ഒന്നും കഴിക്കാൻ പോലും ആകാത്ത വിധം ശർദ്ധി.... എങ്കിലും അമ്മയും ഹർഷനും നിർബന്ധിച്ച് അവളെ കൊണ്ട് ഓരോന്ന് കഴിപ്പിക്കും.... വയറും ചെറുതിലെ വീർത്തു വരാൻ തുടങ്ങിയിരുന്നു... ചെറിയ കാര്യങ്ങൾക്ക് പോലും കരച്ചിൽ അവിടെ പതിവായി തുടങ്ങി.... ഒന്നിനും വാശിയില്ല എങ്കിലും സങ്കടം അത് മുന്നിൽ തന്നെ ഉണ്ടാകും.... ഹർഷനും എല്ലാം ആസ്വദിച്ചു തുടങ്ങിയിരുന്നു... "ആണോ.... ഞാൻ നില മോളോട് പറയാം ട്ടോ..."

അമ്മയുടെ സന്തോഷം നിറഞ്ഞ ശബ്ദം കേട്ടാണ് നിലയും ഹർഷനും റൂമിൽ നിന്നും ഇറങ്ങി വരുന്നത്... നില ചെറുതിലെ വീർത്ത വയറിൽ മെല്ലെ തലോടുന്നുണ്ടായിരുന്നു... "ന്താ അമ്മ... ആരാ വിളിച്ചേ.... " ഹർഷൻ ആയിരുന്നു ചോദിച്ചത്...അമ്മ രണ്ട് പേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു... "ശ്രീക്കുട്ടിയാ..... ശ്രേയ പ്രസവിച്ചുന്ന്..... ആൺകുട്ടിയാ... " അമ്മയുടെ വാക്കുകൾ കേട്ടു രണ്ട് പേരുടെയും മുഖം ഒരുപോലെ തിളങ്ങി... "ശ്രേയക്ക് എങ്ങനെ ഉണ്ട്... " "മോൾക്ക്‌ കുഴപ്പം ഒന്നും ഇല്ലാന്നാ പറഞ്ഞേ... സുഖപ്രസവം ആയിരുന്നത്രെ.... ഇന്ന് വൈകീട്ട് ആകുമ്പോഴേക്കും റൂമിലേക്ക്‌ മാറ്റും എന്നാ പറഞ്ഞത്... " അമ്മ പറയുമ്പോൾ നിലയുടെ വലതു കൈ മെല്ലെ വയറിൽ തലോടി കൊണ്ടിരുന്നു... "മോള് ഇന്ന് ക്ലാസിന് പോകുന്നുണ്ടോ... !!?" "മ്മ്മ്.... എക്സാം അടുത്തില്ലേ... ഞാനാ പറഞ്ഞത് പോകാൻ... ഉച്ച വരെ എങ്കിലും ഇരുന്നിട്ട് വരാൻ പറഞ്ഞു... " ഹർഷൻ ആയിരുന്നു മറുപടി പറഞ്ഞത്... "അറ്റന്റൻസ് പ്രശ്നം ആകില്ലേടാ... " "ഏയ്‌... അതൊക്കെ അട്ജെസ്റ്റ് ചെയ്തു കൊടുക്കാംന്ന് പറഞ്ഞിട്ടുണ്ട്... ഏഴ് മാസം ആയാൽ മെഡിക്കൽ ലീവ് എടുക്കാം..

. ഇപ്പൊ ഇങ്ങനെ പോട്ടേന്ന് വെച്ചു...കൊച്ചേ... വന്നേ.. ലേറ്റ് ആകും... " ഹർഷൻ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... "ഇന്ന് അല്ലേടാ മോളെ ഡോക്ടറെ കാണിക്കേണ്ടത്...." "ആ... ഇവളെ ഉച്ചക്ക് വിളിച്ചു കൊണ്ട് വരും വഴി പോകും.... " "ന്നാൽ....ശ്രേയയെയും കുഞ്ഞിനെയും കൂടി കാണാൻ പൊയ്ക്കോണം... " അമ്മയുടെ മറുപടി ആയിരുന്നു... നിലയിൽ യാതൊരു വ്യത്യാസവും ഇല്ല.... മുഖത്ത് യാതൊരു വിധ ഭാവവും കൂടാതെ തന്നെ നോക്കുന്നവളെ കണ്ടു ഹർഷൻ ഒന്ന് പിരികം പൊക്കി... "പോണ്ടേ... " അവൻ മെല്ലെ ചോദിച്ചു... "പോകാം അച്ചേട്ടാ.... " ചുണ്ടിൽ പുഞ്ചിരി നിറച്ചു എങ്കിലും എന്തോ തീരുമാനിച്ചു ഉറപ്പിച്ച കണക്കെ വ്യക്തമായിരുന്നു ആ വാക്കുകൾ... ▶▶▶▶▶▶▶▶▶▶▶▶▶▶▶ "ഇപ്പൊ ആശ്വാസം തോന്നുന്നുണ്ടോ..... " കഴിച്ചത് മുഴുവൻ ശർദ്ധിച്ച ക്ഷീണത്തോടെ ഹോസ്പിറ്റലിലെ ചെയറിൽ ചാരി ഇരിക്കുന്ന നിലയുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് ഹർഷൻ ചോദിച്ചു...

"കുഴപ്പം ഇല്ല അച്ചേട്ടാ..... " പറയുമ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു... "കുഴപ്പം ഇല്ലാത്തതിനാണോ നീ കരയുന്നെ... " ഹർഷന്റെ ഉള്ളിലും കുഞ്ഞ് വേദന... താൻ കാരണം അവൾ വേദനിക്കുന്നുണ്ടോ എന്നൊരു ടെൻഷൻ... നില ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് കണ്ണുകൾ രണ്ടും അമർത്തി തുടച്ചു... "ന്താന്ന് അറിയത്തില്ല... ഇപ്പൊ വെറുതെ കണ്ണിൽ നിന്നും കണ്ണുനീർ വരുകയാ.... എനിക്ക് ഒരു കുഴപ്പവും ഇല്ല.... ഉച്ചക്ക് കഴിച്ചത് വാവക്ക് ഇഷ്ടപ്പെട്ടു കാണില്ല... അല്ലേടാ... " കുഞ്ഞിനെ കൊഞ്ചിക്കും പോലുള്ള അവളുടെ സംസാരം കേട്ടു ഹർഷൻ ഒന്ന് പുഞ്ചിരിച്ചു... "നീ എഴുന്നേൽക്ക്.... ശ്രേയയുടെ അടുത്ത് പോയി ഒന്ന് തല കാണിച്ചിട്ട് പെട്ടെന്ന് വീട്ടിൽ പോകാം.... വന്നേ... " ഹർഷന് ടെൻഷൻ ഉണ്ടായിരുന്നു... ഹോസ്പിറ്റൽ ആണ്... പല തരം രോഗികൾ കയറി ഇറങ്ങുന്നതാണ്....നിലയെ അധിക സമയം അവിടെ നിർത്തുന്നതിൽ വലിയ താല്പര്യവും ഉണ്ടായിരുന്നില്ല... "നില.... " റൂം നമ്പർ ചോദിച്ചു വിളിച്ച നിലക്ക് സിഗ്നൽ എന്നാ കണക്കെ പുറത്ത് ഇറങ്ങി നിന്ന ശ്രീക്കുട്ടിയുടെ വിളി കേട്ടു നിലയുടെയും ഹർഷന്റെയും ശ്രദ്ധ അവളിൽ പതിഞ്ഞു...

മെല്ലെ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു... ചെറുതിലെ വീർത്തു വന്ന വയർ ഷാൾ കൊണ്ട് പൊതിഞ്ഞു പിടിച്ചിരുന്നു നില... "ഇപ്പോഴാണോ രണ്ടിനും വരാൻ കണ്ടത്.... ഇത് വരെ ശ്രേയ ചേച്ചിയുടെ അച്ഛൻ ഉണ്ടായിരുന്നു... വന്ന സമയം തൊട്ടു നിലയെ ചോദിക്കുകയായിരുന്നു... ഇപ്പോഴങ്ങോട്ട് ഇറങ്ങിയതെയൊള്ളു... " നിലയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചു കൊണ്ട് ശ്രീക്കുട്ടി പറയുമ്പോൾ ഹർഷനും നിലയും സംശയത്തോടെ അവളെ നോക്കി... "എന്നെയോ... !!?" "പിന്നെ.... ശ്രേയ ചേച്ചി പറഞ്ഞിട്ട് അച്ഛന് നിന്നെ അറിയാത്രെ... നിന്നെ മാത്രം അല്ല ഹർഷേട്ടനെയും... നീ ഫേമസ് ആടി മിണ്ടാപൂച്ചേ.... " പുഞ്ചിരിയോടെ ഡോർ തുറന്നു ഉള്ളിൽ കയറുന്നതിനിടെ ശ്രീക്കുട്ടി പറയുമ്പോൾ അതെ പുഞ്ചിരി അവളിലും പടർന്നു... റൂമിൽ അരുണിനെ കാണുവോളം മാത്രം നില നിന്ന പുഞ്ചിരി.... ഹർഷൻ അരുണിന്റെ കയ്യിൽ ഒന്ന് പിടിച്ചു... നില അവനെ ശ്രദ്ധിക്കാതെ തന്നെ ബെഡിൽ കിടക്കുന്ന ശ്രേയക്ക് അടുത്തേക്ക് നടന്നു... "പൊടിയാ നില മോളെ.... "

തൊട്ടു എടുത്തു കിടക്കുന്ന കുഞ്ഞിനെ ഒന്ന് തലോടി കൊണ്ട് ക്ഷീണത്തിൽ കലർന്ന ശ്രേയയുടെ ശബ്ദം... നില ഒരു നിമിഷം പുഞ്ചിരിയോടെ അവളെ നോക്കി... ശേഷം മെല്ലെ അവരുടെ മുടിയിൽ ഒന്ന് തലോടി... "മാമിയാ പൊടി.... " ശ്രേയ കുഞ്ഞിനെ നോക്കി കൊണ്ട് പറയുമ്പോൾ നിലയുടെ കണ്ണുകളും കുഞ്ഞിനെ പൊതിഞ്ഞു... എടുക്കാൻ ആഗ്രഹം ഉണ്ട്... എങ്കിലും ഒരു പേടി... പ്രസവിച്ചു മണിക്കൂറുകളെ ആയിട്ടുള്ളു... ഇതിന് മുന്നേ ഇത്രയും ചെറിയ ഒരു കുഞ്ഞിനെ കണ്ടത് രാധയുടെയും സുമേഷിന്റെയും കുഞ്ഞി മോളെയാണ്.....പക്ഷെ പേടി കൊണ്ട് എടുക്കാൻ പോലും മുതിർന്നിട്ടില്ല..... കുഞ്ഞി പഞ്ഞി കെട്ടു പോലുള്ള ആ കവിളിൽ മെല്ലെ ഒന്ന് തലോടിയതും മുഖം ഒന്ന് ചുളിച്ചു കുഞ്ഞി ചുണ്ട് നുണഞ്ഞുള്ള ആ കിടത്തം കണ്ടപ്പോൾ തന്നേ അവളുടെ ഉള്ളിൽ ആ കുഞ്ഞിനോടുള്ള വാത്സല്യം ഏറി വന്നിരുന്നു.... "നീ ഇവിടെ ഇരിക്ക്..... ഞാൻ മടിയിൽ വെച്ചു തരാം.... " ശ്രീക്കുട്ടി അവളെ പിടിച്ചു ഹർഷന് അടുത്തായി തന്നെ ഇരുത്തി.... അപ്പുറം ഇരിക്കുന്ന അരുണിനെ കണ്ടു അവൾ അല്പം അസ്വസ്ഥത ആയിരുന്നു...

ശ്രീക്കുട്ടി കുഞ്ഞിനെ എടുത്തു അവളുടെ മടിയിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവളുടെ ശ്രദ്ധയും കുഞ്ഞിലേക്ക് ആയി ചുരുങ്ങി.... ആ കുഞ്ഞി കയ്യിൽ തലോടിയും കൊഞ്ചിച്ചും ഇരിക്കുന്ന നിലയുടെ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു ബാക്കി ഉള്ളവർ... ഇടക്ക് ഹർഷനെ കണ്ണുകൾ ഉയർത്തി നോക്കിയ നില പുഞ്ചിരിച്ചു..... ഹർഷനും കുഞ്ഞിന്റെ കൈക്കുള്ളിൽ വിരൽ ചേർത്ത് ഒന്ന് കൊഞ്ചിച്ചു.... അരുണിന്റെ കണ്ണുകൾ നിലയിൽ പതിഞ്ഞു എങ്കിലും തന്നെ നോട്ടം കൊണ്ട് പോലും പരിഗണിക്കാത്തവളോട് മിണ്ടാൻ ഉള്ള ധൈര്യം അവനുണ്ടായിരുന്നില്ല.... എങ്കിലും അവന്റെ ചുണ്ടിൽ നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.... താൻ ചെയ്ത തെറ്റിന്റെ പേരിൽ ആണെങ്കിലും അവൾ അത്രയും സന്തോഷവതി ആണെന്ന തിരിച്ചറിവോടെ......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story