ഉണ്ണിയേട്ടൻ: ഭാഗം 1

unniyettan

രചന: സനാഹ് ആമിൻ

"നിനക്കെന്താ പെണ്ണേ വട്ടാണോ? നമ്മുടെ കണ്ണിലൂടെ നോക്കുമ്പോളാ നമ്മൾ വലുതായി എന്ന് തോന്നുന്നത്.. ഉണ്ണിയേട്ടന്റെ കണ്ണിലൂടെ നോക്കിയാൽ നമ്മളിപ്പോഴും ഇള്ളകുട്ടികളാ.. നീ ഇനി ഇഷ്ടമാണെന്നും പറഞ്ഞു അങ്ങേരുടെ മുന്നിൽ ചെന്നാൽ അങ്ങേരു നിന്റെ ചെവി പൊന്നാക്കും" കീർത്തി അരിശത്തോടെ എന്നെ നോക്കി പറഞ്ഞു.. "ഞാനിപ്പോ എന്താ ചെയ്യാ.. എനിക്ക് ഉണ്ണിയേട്ടനെ ഈ ജന്മം മറക്കാൻ പറ്റില്ല".. "നീ മറക്കണ്ട രേവൂ.. മറ്റൊരു കാര്യം കൂടി നിന്റെ ഓർമ്മയിലിരിക്കട്ടെ... പതിനാലു കാരിക്ക് ഇരുപത്തേഴു കാരനോട് പ്രേമമാണെന്ന് ആരെങ്കിലും അറിഞ്ഞാൽ നിന്നെ എല്ലാരൂടി കാറി തുപ്പും".. കീർത്തി ദേഷ്യത്തോടെ എണീറ്റ് പോയി..

"പതിനാലുകാരിക്ക് ഇരുപത്തിയേഴുകാരനെ പ്രേമിച്ചൂടാ എന്ന് വല്ല പുസ്തകത്തിലും പറഞ്ഞിട്ടുണ്ടോ"..? ഞാൻ ദേഷ്യത്തോടെ കീർത്തിയുടെ ചെവിയിൽ പറഞ്ഞിട്ട് ബെഞ്ചിലിരുന്നു.. "ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഈശ്വരാ.. ഇതൊക്കെ എന്തായി തീരുമോ എന്തോ".. കീർത്തി സ്വയം പിറു പിറുത്തു സിന്ധു ടീച്ചർ കെമിസ്ട്രിയിൽ പുതിയൊരു അദ്ധ്യായം കൂടി പഠിപ്പിച്ചത് ഞാൻ അറിഞ്ഞത് കൂടി ഇല്ല.. എന്റെ ചിന്ത മുഴുവൻ ഉണ്ണിയേട്ടനെ കുറിച്ചായിരുന്നു.. തിളങ്ങുന്ന കണ്ണുകളും വളർന്ന താടിയും കുസൃതി നിറഞ്ഞ ചിരിയും നിഷ്കളങ്കമായ പെരുമാറ്റവും ആരെയും ആകർഷിക്കുന്ന രൂപവും ഒക്കെ കൂടി എന്ത് ഭംഗിയാ.. "ഉണ്ണിയേട്ടാ നിങ്ങൾ എത്ര സുന്ദരനാ"..

ശബ്ദമില്ലാതെ മനസ്സിൽ ഉറക്കെ പറഞ്ഞു ഞാൻ.. ദിവസങ്ങൾ മാസങ്ങളായി കടന്ന് പോയി.. ഓരോ ദിവസം കഴിയുംതോറും ഉണ്ണിയേട്ടനോടുള്ള സ്നേഹവും ആരാധനയും കൂടി കൂടി വന്നു.. മനസാക്ഷി സൂക്ഷിപ്പുകാരിയായ കീർത്തി സമയം കിട്ടുമ്പോഴെല്ലാം എന്നെ ഉപദേശിക്കാൻ ശ്രമിച്ചു കൊണ്ടു തന്നെയിരുന്നു.. പക്ഷേ, ഞാൻ അതൊന്നും ചെവി കൊണ്ടില്ല.. കാരണം.. അത്രക്ക് ഇഷ്ട്ടമാ എനിക്ക് ഉണ്ണിയേട്ടനെ.. വെറും ഇഷ്ട്ടമല്ല.. ഭ്രാന്താണ്.. ഉണ്ണിയേട്ടൻ സ്ഥിരമായി കൂട്ടുകാർക്കൊപ്പം ഇരിക്കാറുള്ള ആൽമരചോട് ഇപ്പൊ എന്റെയും ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്.. ആരും ഇല്ലാത്ത സമയത്തു ഉണ്ണിയേട്ടൻ ഇരിക്കുന്ന ആ മരച്ചുവട്ടിൽ ഞാനും ഇരിക്കാറുണ്ട്.. അവിടിരിക്കുമ്പോൾ ഞാൻ ഏതോ പുതിയ ലോകത്താണെന്നു തോന്നി പോകും.. ഞാനങ്ങനെ സ്വയം മറന്നിരിക്കുമ്പോൾ ഈ കീർത്തിയെന്നെ പിടിച്ചു വലിച്ചോണ്ടാ പോകാറ്..

"നിന്റെ ഈ ഭ്രാന്ത് ഒന്ന് മതിയാക്കി എഴുന്നേറ്റു വാ രേവൂ".. കീർത്തി ദേഷ്യത്തോടെ എന്നെ നോക്കി.. "എന്റെ പൊന്നു കീർത്തി ഒരു രണ്ടു മിനിറ്റു കൂടി ഞാൻ ഇവിടെ ഇരുന്നോട്ടെ.. ഇവിടിരിക്കുമ്പോൾ വല്ലാത്തൊരു ഫീലാ"... "അവളുടെ ഒരു കോപ്പിലെ ഫീല്.. എണീക്കെടീ".. കീർത്തി ദേഷ്യത്തോടെ കൈയ്യിൽ പിടിച്ചു വലിച്ചു.. മനസ്സില്ലാ മനസ്സോടെ അവളെ വെറുപ്പിക്കണ്ടെന്നു കരുതി ഞാനും എണീറ്റ് അവൾക്കൊപ്പം നടന്നു.. "പത്താംക്ലാസ്സാണ് വല്ല ബോധവുമുണ്ടോ നിനക്ക്"? "എനിക്കതൊക്കെ നല്ല ബോധമുണ്ട്".. "ആ ബോധം ഞാൻ കണ്ടതാണല്ലോ.. ഗേൾസിന്റെ കൂട്ടത്തിൽ എല്ലാ സബ്ജെക്ടിനും നിനക്കാണ് ഏറ്റവും കുറവ് മാർക്ക്... ബോധം കൂടി പോയത് കൊണ്ടാണോ".. "പഠിക്കാനായി പുസ്തകം തുറന്നാൽ ഉണ്ണിയേട്ടന്റെ മുഖമാ അതിൽ കാണുന്നത് പിന്നെങ്ങനെ പഠിക്കാനാ".. "നിന്റെ ഇഷ്ട്ടവും പ്രേമവുമൊക്കെ മനസ്സില് പോരെ...

അതിന്റെ പേരിൽ നീ ഇങ്ങനെ ഉഴപ്പിയാൽ അവസാനം തോറ്റു തൊപ്പിയിട്ടു ഇരിക്കും. അന്നേരം നിന്റെ ഉണ്ണിയേട്ടനൊന്നും വരില്ല".. "ഞാൻ ഇനി ശ്രദ്ധിച്ചോളാം നീ വിഷമിക്കാതെ".. "എനിക്കെന്ത് വിഷമം.. നീ പഠിച്ചാൽ നിനക്ക് കൊള്ളാം".. പിന്നീട് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഇടവഴി എത്തിയപ്പോൾ കീർത്തി ഒന്നും പറയാതെ പോയി.. അവൾ നോക്കുന്നുണ്ടോ എന്നറിയാൻ ഞാനൊന്നു തിരിഞ്ഞു നോക്കി.. അവളുടെ പോക്കു കണ്ടാലറിയാം അവൾ ഭയങ്കര ദേഷ്യത്തിലാന്നു.. കീർത്തി ഇത്രയും കാര്യമായിട്ട് പറഞ്ഞത് കൊണ്ട് ഉഴപ്പാലൊക്കെ മറന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു ഞാൻ ബുക്ക് തുറന്നു.. അപ്പോഴതാ അക്ഷരങ്ങളൊക്കെ മാഞ്ഞു ഉണ്ണിയേട്ടന്റെ ചിരിക്കുന്ന മുഖം ബുക്കിൽ.. അതോടെ പഠിക്കണം എന്നുള്ള ചിന്ത തന്നെ മറന്നു.. ഞാൻ ഉണ്ണിയേട്ടന്റെ മുഖം ബുക്കില് വരച്ചു..

കുറേ നേരം ആ ചിത്രം തന്നെ നോക്കിയിരുന്നു.. മനസ്സ് ഇവിടൊന്നും ഇല്ല ഏതോ സ്വപ്നലോകത്താണ്.. ഉണ്ണിയേട്ടനോടൊപ്പം നടന്നു പോകുന്നതും ആടി പാടുന്നതും അങ്ങനെ എന്തൊക്കെയോ.. അതൊക്കെ ഓർത്ത് എനിക്ക് തന്നെ നാണം വന്നു.. പിറ്റേന്ന് സ്കൂളിൽ പോകാനായി ഇറങ്ങി.. കീർത്തിയെ സാധാരണ കാത്ത് നിൽക്കാറുള്ള ഇടവഴിയിൽ നിന്നു.. കീർത്തി പരിഭ്രമത്തോടെയാണ് ഓടി വരുന്നത്.. അവൾ ഓടി കിതച്ചു നിന്നു.. "എന്താടി.. എന്തിനാ ഓടിയെ"? "പറയാം".. അവൾ കിതപ്പോടെ നിന്നു... "നീ അറിഞ്ഞോ.. നിന്റെ ഉണ്ണിയേട്ടന്റെ കല്ല്യാണം ഉറപ്പിച്ചു".. "എന്ത്"...? അമ്പരപ്പും ഞെട്ടലും എല്ലാം കൂടി ഒരുമിച്ച് അനുഭവപ്പെട്ടു.. "സത്യമാടി.. അടുത്തമാസം ഇരുപത്തിയൊന്നിനാണ്‌ കല്ല്യാണം..

കല്യാണക്കുറി ഞാൻ കണ്ടതാ".. എനിക്ക് ശരീരം കുഴയുന്നത് പോലെ തോന്നി.. ഞാൻ കീർത്തിയെ പിടിച്ചു നിന്നു.. പൊട്ടിക്കരയണം എന്ന് തോന്നി പക്ഷേ അതിനും കഴിയുന്നില്ല തൊണ്ടക്കുഴിക്ക് താഴെ ആരോ ഭാരം എടുത്തു വെച്ചപോലെ.. കീർത്തി എന്റെ കൈയ്യിൽ മുറുകെ പിടിച്ചത് ഞാൻ അറിഞ്ഞു.. ഒന്നും മിണ്ടാനോ കരയാനോ ശബ്ദം പുറത്തേക്ക് വന്നില്ല.. കാലുകൾ ഇടറുന്നുണ്ടായിരുന്നു എങ്കിലും കീർത്തിയെ മുറുകെ പിടിച്ചു ഞാൻ നടന്നു.. ആൽ മരച്ചോട്ടിൽ ഉണ്ണിയേട്ടനൊഴികെ എല്ലാരുമുണ്ട്.. ഒരു വിധം സ്കൂളിലെത്തി.. ക്ലാസ്സിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.. കീർത്തി ആശ്വാസ വാക്കുകളൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു ഒന്നും എന്റെ കാതുകളിൽ എത്തിയില്ലെന്നു മാത്രം.. വൈകുന്നേരം ബെല്ലടിച്ചു കുട്ടികളൊക്കെ പോയിട്ടും എനിക്ക് അവിടുന്ന് എഴുന്നേൽക്കാനേ തോന്നിയില്ല.. ആകെ ഒരു മരവിപ്പാണ്..

"രേവൂ.. എല്ലാരും പോയി ".. എഴുന്നേൽക്ക് നമുക്കും പോകാം" ഞാനൊന്നും മിണ്ടാതെ അവിടെ തന്നെയിരുന്നു.. "നീ എന്തിനാ എന്നോട് മിണ്ടാതിരിക്കുന്നെ.. ഞാനെന്ത് ചെയ്തിട്ടാ".. എനിക്കെന്തോ അവളോട് ഒന്നും മിണ്ടാൻ തോന്നിയില്ല.. "രേവൂ എഴുന്നേക്ക് വാ പോവാം".. കീർത്തി കൈ പിടിച്ചു വലിച്ചു.. അതോടെ എനിക്ക് വല്ലാതെ ദേഷ്യം വന്നു.. ഞാനവളുടെ കൈ ദേഷ്യത്തോടെ വീശിയെറിഞ്ഞു.. "കുറച്ചു സമാധാനം താരോ.. ഇത്തിരി നേരം ഞാനിവിടെ ഒറ്റക്കൊരിന്നോട്ടെ പ്ലീസ് " ഉള്ളിലുള്ള സങ്കടമൊക്കെ ദേഷ്യമായി മാറി ഞാൻ അലറി.. പിന്നെ ഒന്നും പറയാൻ നിക്കാതെ കീർത്തി എന്റെ കൈ പിടിച്ചു വലിച്ചു.. "നീ ഒറ്റക്ക് ഇരിക്കണ്ട.. ഇപ്പൊ ഇവിടെ വെച്ചു നിർത്തിക്കോളണം നിന്റെ ഭ്രാന്ത്.. നീ ഇത്രക്ക് കിടന്നു സങ്കടപ്പെടാൻ മാത്രം എന്ത് കോപ്പാ ഉള്ളത്"? മറുപടി ഒന്നും പറയാൻ തോന്നിയില്ല ദേഷ്യമൊക്കെ മാറി പിന്നെയും കരച്ചിൽ വന്നു.. കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. കീർത്തി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. "നിനക്ക് ഉണ്ണിയേട്ടനെ അത്ര ഇഷ്ടമാണോ "..

ഞാൻ കണ്ണീരോടെ അതെ എന്ന് തലയാട്ടി.. "എന്നാ നീ വാ.. കല്ല്യാണം തീരുമാനിച്ചിട്ടല്ലേയുള്ളൂ കഴിഞ്ഞിട്ടില്ലല്ലോ.. പോയാൽ ഒരു വാക്ക് കിട്ടിയാൽ നിന്റെ സന്തോഷം.. നമുക്ക് ഉണ്ണിയേട്ടനെ കണ്ടു സംസാരിക്കാം.. ചിലപ്പോ, പുള്ളിക്ക് നിന്റെ സ്നേഹം മനസ്സിലായാലോ".. കീർത്തിയുടെ വാക്കുകൾ വല്ലാത്തൊരു ആശ്വാസവും പ്രതീക്ഷയും നൽകി.. അവളെന്റെ കൈയ്യും പിടിച്ചു വലിച്ചോണ്ടോടി.. ആ ഓട്ടം ചെന്നവസാനിച്ചത് ആൽമരചോട്ടിലായിരുന്നു.. ഉണ്ണിയേട്ടനും രണ്ടു കൂട്ടുകാരും അവിടെ ഇരുപ്പുണ്ട്.. ഉണ്ണിയേട്ടനെ കണ്ടതോടെ മനസ്സിലെ സകല ധൈര്യവും ചോർന്നു പോയപോലെ.. ഞാൻ പേടിയോടെ കീർത്തിയെ നോക്കി.. "ഞാൻ ഉണ്ണിയേട്ടനെ വിളിച്ചോണ്ടു വരാം നീ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞോ"... "എനിക്ക് പേടിയാവുന്നു കീർത്തി.. ഉണ്ണിയേട്ടൻ ദേഷ്യപ്പെടുമോ"..

"നീ പേടിക്കാതെ.. ഇതു കഴിഞ്ഞാൽ പിന്നെ ഒരവസരം കിട്ടിയില്ലെങ്കിലോ"? ഞാൻ രണ്ടും കൽപ്പിച്ചു ശരിയെന്നു തലയാട്ടി.. കീർത്തി ഉണ്ണിയേട്ടന്റെ അടുത്തേക്ക് പോയി എന്നെ ചൂണ്ടി എന്തോ സംസാരിക്കുന്നു.. എന്റെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.. ഞാൻ കണ്ണടച്ചു സകല ദൈവങ്ങളെയും മനസ്സിൽ ഓർത്തു.. "നീ ഏതാ? നിനക്കെന്താ എന്നോട് പറയാനുള്ളത്..? ഉണ്ണിയേട്ടന്റെ ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു.. എന്റെ തൊട്ടുമുന്നിൽ എനിക്ക് അഭിമുഖമായി ഉണ്ണിയേട്ടൻ നിൽക്കുന്നു.. ഞാൻ കീർത്തിയെ നോക്കി അവൾ കുറച്ചു ദൂരെ മാറി നിൽക്കുകയാണ്.. ഉണ്ണിയേട്ടനോട് സംസാരിക്കാൻ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി..

ഞാൻ ധൈര്യം സംഭരിച്ചു ഉണ്ണിയേട്ടനെ നോക്കി.. "എന്താ നിനക്ക് പറയാനുള്ളത്"? ഉണ്ണിയേട്ടന്റെ ഗൗരവത്തോടുള്ള ചോദ്യം എന്നെ തളർത്തി.. എനിക്ക് കരച്ചിൽ വന്നു.. ശബ്ദം പുറത്തേക്ക് വരുന്നില്ല.. കണ്ണ് നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു.. "അത്‌.. ഉണ്ണിയേട്ടാ.. അത്.. എനിക്ക്.. എനിക്ക്".. ഉണ്ണിയേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് കൊണ്ട് എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല.. ആകെ ഒരു വെപ്രാളം.. "എന്താ.. എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട് പെട്ടെന്ന് പറ ".. ഉണ്ണിയേട്ടൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. ഞാൻ രണ്ടും കൽപ്പിച്ചു മനസ്സിൽ ധൈര്യം സംഭരിച്ചു എനിക്ക് ഉണ്ണിയേട്ടനെ ഭയങ്കര ഇഷ്ട്ടമാണ്.. (തുടരും... )

Share this story