ഉണ്ണിയേട്ടൻ: ഭാഗം 12

unniyettan

രചന: സനാഹ് ആമിൻ

  ഈശ്വരാ.. ഇനിയിത് സ്വപ്നമാണോ..? ഞാൻ ഒന്നൂടി കണ്ണടച്ച് തുറന്നു നോക്കി.. സ്വപ്നമല്ല സത്യമാണ്.. ഉണ്ണിയേട്ടൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു... ആ പുഞ്ചിരി കണ്ടു 1000ബൾബുകൾ ഒരുമിച്ച് കത്തിയപോലെ ഒരു ഫീൽ.. പക്ഷേ, പെട്ടെന്നാണ് രൂപേഷ് പറഞ്ഞ ആ വാക്കുകൾ അശരീരി പോലെ ചെവിയിൽ മുഴങ്ങി കേട്ടത്.. എന്തായാലും ഉണ്ണിയേട്ടൻ വേറെ കെട്ടി.. ഇനി ആ ഭാഗത്തേക്ക് ഗോളടിക്കണം എന്ന് ചിന്തിക്കുന്നത് തന്നെ ഫൗൾ അല്ലേ..? അതോടെ കത്തിയ ബൾബുകളെല്ലാം അണഞ്ഞു.. നിമിഷ നേരം കൊണ്ടാണ് ഉണ്ണിയേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെയും ക്രോസ്സ് ചെയ്തു പോയത്.. എന്നാലും എന്താ ഉണ്ണിയേട്ടനിൽ പെട്ടെന്നൊരു മാറ്റം.. ഇനി ആ പോയത് ഉണ്ണിയേട്ടൻ തന്നെയാണോ..? എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.. അതു തന്നെ ആലോചിച്ചു ഇരുന്നു രാത്രി ഉറങ്ങാൻ തന്നെ മറന്നു പോയി..

ഒടുവിൽ ഞാൻ തന്നെ അതിനൊരു ഉത്തരം കണ്ടു പിടിച്ചു. എന്നെയല്ല അമ്മയെ നോക്കിയാകും പുഞ്ചിരിച്ചത് അമ്മയെ വല്ല പരിചയവും കാണും.. അല്ലാതെ ഇത്രയും നാളില്ലാത്ത ഈ ചിരി പെട്ടെന്ന് എങ്ങനെ പൊട്ടിമുളക്കും. അതാണ് സത്യമെന്നു മനസ്സിനെയും പറഞ്ഞു പഠിപ്പിച്ചു.. ദിവസങ്ങൾ കടന്നു പോയെങ്കിലും ഉണ്ണിയേട്ടന്റെ ആ പുഞ്ചിരി എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.. എന്നെ തന്നെയാണോ നോക്കി ചിരിച്ചതെന്നു അറിയാതെ ഒരു സമാധാനവും കിട്ടിയില്ല.. വീടിനു പുറത്തിറങ്ങാനും നിവർത്തിയില്ല.. ഇനീപ്പോ എന്ത് ചെയ്യും.. സ്കൂൾ തുറക്കാൻ ഇനിയും 2 ആഴ്ച്ചയോളം ബാക്കിയുണ്ട്.. മൂട്ടിനു തീ പിടിച്ചപോലെ ഒരു സ്ഥലത്ത് ഇരിക്കാൻ പോലും കഴിയാതെ ഞാൻ റൂമിൽ മുഴുവൻ നടന്നു പഠിച്ചു.. അങ്ങനെ നടക്കുന്നതിനിടയിലാണ് പുറത്തൊരു ശബ്ദം കേട്ടത്.. ഞാൻ ജനലോരം ചെന്ന് കാതോർത്തു നിന്നു.. പിന്നെ sound ഒന്നും കേട്ടില്ല.. എനിക്ക് തോന്നിയതാകും എന്നു കരുതി ഞാൻ വീണ്ടും നടത്തം തുടർന്നു.. .കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടുമൊരു ശബ്ദം.. ശബ്ദത്തോടൊപ്പം ഒരു രൂപവും...

ജനൽ ഗ്ലാസ്സിലൂടെ അവ്യക്തമായാണ് കണ്ടത്.. അതോടെ എന്റെ നെഞ്ച് പട പടാന്നു ഇടിക്കാൻ തുടങ്ങി.. കൈയ്യും കാലുമൊക്കെ വിറച്ചു ശബ്ദമൊന്നും പുറത്ത് വരാത്തൊരാവസ്ഥ.. ആ രൂപം പതിയെ പതിയെ അനങ്ങാൻ തുടങ്ങി ഒടുവിലത്‌ ജനലിന്റെ അടുത്തു നിശ്ചലമായി.. ഞാൻ സകല ദൈവങ്ങളെയും മനസ്സിലോർത്തു.. ഇനി വല്ല പ്രേതവുമാണോ..? Ac യുടെ തണുപ്പിലും എനിക്ക് വല്ലാതെ വിയർത്തു.. എന്റെ തൊണ്ടയൊക്കെ വരണ്ടുണങ്ങിയ പോലെ.. ഞാൻ സകല ശക്തിയുമെടുത്തു ഉച്ചത്തിൽ നിലവിളിക്കാനായി തുടങ്ങിയതും ആ രൂപം ജനലിൽ മുട്ടി.. അതോടെ എന്റെ പേടി കൂടി.. പേടി കാരണം ശ്വാസം പോലും നിലച്ചു പോകുമെന്നായി.. ഞാനങ്ങനെ അനങ്ങാനാവാതെ സ്തംഭിച്ചു തന്നെ നിന്നു.. ഇപ്പൊ മുട്ടലിന്റെ വേഗത കൂടിയ പോലെ.. പോരാത്തതിന് പതിഞ്ഞ ശബ്ദത്തിൽ രേവൂ എന്നുള്ള വിളിയും.. ഉള്ളിലെ ഭയമെല്ലാം ഒരു നിമിഷത്തേക്ക് മറന്നു കൊണ്ട് ഞാൻ ജനലരികിലേക്ക് നടന്നു.. അപ്പോഴും മുട്ടലും വിളിയും കേൾക്കാമായിരുന്നു.. ആ ശബ്ദം എനിക്ക് നല്ല പരിചയമുള്ളതായി തോന്നി.

ഇനി വല്ല കള്ളനും ആയിരിക്കുമോ.. കള്ളന് എങ്ങനെ എന്റെ പേരറിയാം.. ഞാൻ ജനലിനടുത്ത് പോയി വിറയലോടെ മിണ്ടാതെ നിന്നു.. രേവൂ.. എന്നുള്ള വിളി പിന്നെയും വന്നു. ജനൽ തുറക്കണോ വേണ്ടയോ.. പിന്നെയും പിന്നെയും വിളി വന്നതോടെ രണ്ടും കൽപ്പിച്ചു ജനൽ തുറക്കാനായി കൈ നീട്ടി പക്ഷേ കൈ നന്നായി വിറക്കുന്നു.. ഒടുവിൽ എങ്ങനെയോ ജനൽ തുറന്നു.. ജനലിനു എതിരെ ഇളിച്ചോണ്ട് നിൽക്കുന്ന വ്യക്തിയെ കണ്ടു ഞാൻ ഞെട്ടി പോയി.. "രൂപേഷ് .. " ഭയവും ദേഷ്യവും അമ്പരപ്പും എല്ലാം കൂടി ഒരുമിച്ചു തോന്നി.. ഈശ്വരാ.. ഇവനിത് എന്ത് ഭാവിച്ചാ ഇവിടെം വരെ വന്നെ.. എനിക്ക് കൈയ്യും കാലും വിറക്കാൻ തുടങ്ങി.. അമ്മയെങ്ങാനും കണ്ടാൽ എന്നെ കൊന്ന് കൊലവിളിക്കും.. ഇനീപ്പോ എന്ത് ചെയ്യും.. ഞാൻ ചുവരിൽ കിടന്ന ക്ലോക്കിലേക്ക് നോക്കി സമയം പതിനൊന്നര.. "രേവൂ... " അവന്റെ വിളികേട്ട് സകല നിയന്ത്രണവും തെറ്റി..

"ഒരുമാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത് നീയിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്... " എന്റെ ഉള്ളിലുള്ള ദേഷ്യം മുഴുവനും വാക്കുകളായി പുറത്തേക്ക് വന്നു.. എന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു മറുപടി അവൻ പ്രതീക്ഷിച്ചില്ലായിരുന്നു.. "അത്.. പിന്നെ. ഒരു കാര്യം.. " അവൻ പരുങ്ങലോടെ വാക്കുകൾക്കായി പരതി.. "നീ ഒരു കാര്യവും പറയണ്ട. ഈ നിമിഷം തന്നെ ഇവിടുന്ന് പൊയ്‌ക്കോളണം.. " ഞാൻ തറപ്പിച്ചു തന്നെയങ്ങു പറഞ്ഞു.. "അയ്യോ.. രേവൂ ഞാൻ പോവാം.. അതിനു മുൻപ് ഒരു കാര്യം.. " അവൻ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഞാൻ ഇടക്ക് കയറി.. "നീ ഒരു കോപ്പും പറയണ്ട.. ഒന്നു പോയി താ പ്ലീസ്.. " ഞാൻ തൊഴുതു കാണിച്ചു.. "രേവൂ.. ഞാൻ.. " "പോ പ്ലീസ്... " "ഒരു മിനിറ്റ്.. പ്ലീസ് രേവൂ ഞാൻ പൊയ്ക്കോളാം.. " അവൻ കെഞ്ചുന്ന പോലെ പറഞ്ഞു.. ഒരു സെക്കന്റ് പോലും എനിക്ക് ക്ഷമയില്ലായിരുന്നു ഞാൻ ജനൽ ദേഷ്യത്തോടെ വലിച്ചടച്ചു കുറ്റിയിട്ടു.. പിന്നെയും കുറേ നേരം അവന്റെ രൂപം അവിടെ തന്നെ നില്പുണ്ടായിരുന്നു.. ഒടുവിൽ ഞാൻ ലൈറ്റ് ഓഫ് ചെയ്തു കളഞ്ഞു...

ഈശ്വരാ.. ഇവനെന്തിനു ഇവിടം വരെ വന്നു.. ആരെങ്കിലും കണ്ടിരുന്നെങ്കിലോ.. ഞാൻ നെടുവീർപ്പോടെ തളർന്ന് നിലത്തിരുന്നു.. ഇത്രേം ദിവസം ഉറക്കം കളഞ്ഞത് ഉണ്ണിയേട്ടന്റെ ആ പുഞ്ചിരിയാണെങ്കിൽ ബാക്കി രണ്ടാഴ്ച്ച ഉറക്കം കളഞ്ഞത് രൂപേഷിന്റെ വരവ് ആയിരുന്നു.. ആ രണ്ടാഴ്ച്ച കൊണ്ട് അവനെ വല്ലാതങ്ങു വെറുത്തുപോയി.. അങ്ങനെ ഒരുമാസത്തെ മാനസിക സംഘർഷങ്ങൾക്കെല്ലാം വിരാമം കുറിച്ച് ഞാൻ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് ഇറങ്ങിയത്.. ഇപ്പൊ പ്ലസ് ടു ആണ്.. എന്റെ future എന്താകണമെന്നു ഈ വർഷമാണ് തീരുമാനിക്കുന്നത്.. അതുകൊണ്ട് മറ്റു ചിന്തകൾക്കൊന്നും ഇടകൊടുക്കാതെ നല്ലപോലെ ക്ലാസ്സിൽ ശ്രദ്ധിക്കണം.. ഞാൻ എന്നെ സ്വയം മോട്ടിവേറ്റ് ചെയ്‌തുകൊണ്ട് നടന്നു.. ഇടവഴിയിൽ കീർത്തിയേം പ്രതീക്ഷിച്ചു നിന്നു.. "രേവൂ.. ചക്കരേ.. "എന്നും വിളിച്ചു കീർത്തി പിന്നിലൂടെ വന്നെന്നെ കെട്ടിപിടിച്ചു... കുറേ ദിവസത്തിന് ശേഷം ഞങ്ങൾ വീണ്ടും കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു... ആ സന്തോഷത്തിനു കുറച്ചു നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു..

ഒട്ടും പ്രതീക്ഷിക്കാതെയാണ് രൂപേഷ് വന്ന് മുന്നിൽ നിന്നത്.. എപ്പോഴും മുഖത്തുണ്ടാകാറുള്ള ആ ഇളിക്ക് പകരം കുറ്റബോധമായിരുന്നു അവന്റെ മുഖത്ത് തെളിഞ്ഞത് .. ഇത്രയും നേരം എനിക്ക് തോന്നിയ സന്തോഷവും ആഹ്ലാദവുമെല്ലാം അവനെ കണ്ടതോടെ ഇല്ലാതായി.. ദേഷ്യവും വെറുപ്പും മാത്രമായി.. "അല്ല ഇതാര് കപീഷോ.. " കീർത്തി സന്തോഷത്തോടെ പോയി അവന്റെ കൈയ്യിൽ പിടിച്ചു ഷേക്ക് ഹാൻഡ് നൽകി.. അവൻ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും എന്റെ മുഖം കണ്ടതോടെ പരാജയപ്പെട്ടു.. അവന്റെ വിളറിയ മുഖവും എന്റെ മുഖത്തെ കലിപ്പും കണ്ടു കീർത്തിയൊന്നു അമ്പരന്നു.. "എന്തുപറ്റി രേവൂ..? " അവളെന്റെ കൈയ്യിൽ പിടിച്ചു അക്ഷമയോടെ എന്നെ നോക്കി.. "കീർത്തി.. ഇവനെ എന്റെ മുന്നീന്ന് പോവാൻ പറ.. " ഞാൻ ദേഷ്യത്തോടെ കുറച്ചു ശബ്ദമുയർത്തി തന്നെ പറഞ്ഞു.. അവൾ ഒന്നും മനസ്സിലാകാതെ എന്നെയും രൂപേഷിനെയും മാറി മാറി നോക്കി.. അവൻ തല കുനിച്ചു നിക്കുവാണ്.. "രേവൂ.. ഞാനൊന്നു പറഞ്ഞോട്ടെ.. " അവനെന്തോ പറയാൻ ശ്രമിച്ചതും എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല "

കീർത്തീ നിന്നോടാ പറഞ്ഞെ.. ഇവനെ എന്റെ മുന്നിൽ നിന്ന് പോകാൻ പറയാൻ.. " കീർത്തി നിസ്സഹായതയോടെ രൂപേഷിനെ നോക്കി. അവന്റെ കണ്ണിൽ വല്ലാത്തൊരു ദയനീയാവസ്ഥ.. കീർത്തി എന്നെയും രൂപേഷിനെയും മാറി മാറി നോക്കി.. എന്റെ മുഖത്തെ ദേഷ്യം കൂടി വരുന്നത് കണ്ടു അവൾ രൂപേഷിനോട് കണ്ണ് കൊണ്ട് പോകാൻ ആംഗ്യം കാട്ടി.. എന്നിട്ടും അവൻ പോകാൻ കൂട്ടാക്കാതെ നിന്നു.. അതോടെ എന്റെ ദേഷ്യം പിന്നെയും കൂടി.. ഞാൻ ഒന്നും മിണ്ടാതെ വേഗത്തിൽ നടന്നു. "രൂപേഷ് പ്ലീസ് ഗോ.. " എന്നും പറഞ്ഞു കീർത്തി ഓടി എന്റൊപ്പം നടത്തം തുടർന്നു.. അവൾ എന്തെക്കെയോ എന്നോട് ചോദിക്കാൻ ശ്രമിച്ചെങ്കിലും എന്റെ മുഖത്തെ ദേഷ്യം കണ്ടു ഒന്നും ചോദിച്ചില്ല.. ക്ലാസിലെത്തി എല്ലാം അവളോട് തുറന്നു പറഞ്ഞപ്പോൾ അവളുടെ മുഖത്തും ഒരു ആശ്ചര്യമായിരിന്നു.. "എന്നാലും അവൻ എന്തിനായിരിക്കും വീട്ടിൽ വന്നത്.. നിനക്കു അതെങ്കിലും അവനോട് ചോദിക്കായിരുന്നു.. " കീർത്തിയുടെ ആ സംസാരം എനിക്കത്ര പിടിച്ചില്ല.. ഞാനൊന്നും മിണ്ടാതെ തിരിഞ്ഞിരുന്നു..

"എന്റെ കൊച്ചേ.. നീയിങ്ങനെ ബി പി കൂട്ടല്ലേ.. നീ തന്നെ ഒന്നു ആലോചിച്ചു നോക്ക് അവൻ ഒരു കാര്യവുമില്ലാതെ ഇത്രേം റിസ്ക് എടുത്ത് നിന്നെ കാണാൻ രാത്രി വീട്ടിൽ വരുമോ? " കീർത്തി എന്നെ തണുപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെങ്കിലും അതു കേട്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു.. "പിന്നേ.. അങ്ങനെ എന്ത് തലപോകുന്ന കാര്യമാ അവന് ആ രാത്രി തന്നെ വന്ന് പറയാൻ മാത്രം ഗൗരവമുള്ളത്.. ഇനി തലപോകുന്ന കാര്യമാണെങ്കിലും അവൻ രാത്രി വന്നത് തെറ്റ്‌ തന്നെയാ.. " "അത് തെറ്റു തന്നെയാ ഞാനും സമ്മതിച്ചു പക്ഷേ.. " "എന്താ ഒരു പക്ഷേ.. ഇപ്പോഴും അവന്റെ തല അവിടെ തന്നെയുണ്ടല്ലോ അതെവിടെയും പോയില്ലല്ലോ.. അവൻ വെറുതെ നമ്പർ ഇറക്കുവാ.. അവന്റെ ആ നമ്പറിലൊന്നും ഞാൻ വീഴില്ല.. " "എന്റെ രേവൂ.. നീയൊന്ന് അടങ്ങു. ഞാനവനോട് നേരിട്ട് ചെന്ന് പറഞ്ഞതാ നിന്റെ വീട്ടിലെ അവസ്ഥ.. അതുകൊണ്ട് അവൻ ആ രാത്രി വന്നത് ചുമ്മാ നമ്പർ ഇറക്കാൻ ആണെന്നു ഞാൻ വിശ്വസിക്കുന്നില്ല.. " "ഓഹ് അപ്പൊ നിനക്കു എന്നെക്കാളും വിശ്വാസം അവനെ ആണല്ലോ.

എന്നാൽ അങ്ങനെ തന്നെ ആയിക്കോട്ടെ. ഞാൻ ചെന്ന് അവന്റെ കാലിൽ വീണു മാപ്പ് പറയാം.. നിനക്കു സന്തോഷമാവട്ടെ.. " "രേവൂ.. നീയെന്താ ഇങ്ങനെ.. ഞാനങ്ങനൊന്നും ചിന്തിച്ചിട്ട് കൂടിയില്ല.. " "പ്ലീസ് കീർത്തി.. leave it.. ഇനി ഇക്കാര്യം പറഞ്ഞു ഒരു സംസാരത്തിനു എനിക്ക് താല്പര്യമില്ല.. " കീർത്തിയെന്തോ പറയാൻ ഉദ്ദേശിച്ചതും സാർ ക്ലാസ്സിലേക്ക് വന്നു.. അതോടെ ആ സംസാരം അവിടെ അവസാനിച്ചു.. പിന്നീട് രൂപേഷിന്റെ ഒരു കാര്യവും ഞങ്ങൾ തമ്മിൽ ഡിസ്‌കസ് ചെയ്തില്ല.. ദിവസങ്ങൾ കടന്നു പോയി.. എന്നും രൂപേഷ് ഒരു നിശ്ചിത അകലം പാലിച്ചു ഞങ്ങൾക്ക് പിന്നിലൂടെ വരുമെങ്കിലും ഞാനോ കീർത്തിയോ അവനെ കാണാനോ സംസാരിക്കാനോ ഒരവസരം കൊടുത്തിട്ടില്ല.. ദിവസങ്ങൾ പിന്നെയും കടന്നു പോയി.. എന്നിലുള്ള ഒരുവിധം ദേഷ്യമൊക്കെ കെട്ടടങ്ങി.. പതിവു പോലൊരു വൈകുന്നേരം.. ട്യൂഷൻ കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴക്കോളുണ്ടായിരുന്നു..

ഞാനും കീർത്തിയും സിനിമാ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു കുറേ ദൂരം വന്നപ്പോൾ മഴ പെയ്യാൻ തുടങ്ങി ഞങ്ങളുടെ കൈയ്യിൽ കുടയുമുണ്ടായിരുന്നു.. അപ്പോഴാണ് കുറച്ചു പിന്നിലായി മഴയും നനഞ്ഞു വരുന്ന രൂപേഷിനെ കണ്ടത്.. അവൻ അങ്ങനെ വരുന്നത് കണ്ടപ്പോൾ എന്തോ നല്ല വിഷമം തോന്നി.. കീർത്തിക്കും അതേ അവസ്ഥയാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി.. അവനോടെന്തോ പെട്ടെന്നൊരു ദയ തോന്നി.. ഞാനെന്റെ കുട അവന് കൊണ്ടു കൊടുക്കാൻ കീർത്തിയോട് പറഞ്ഞു.. അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു തോന്നുന്നു അവൾ അമ്പരപ്പോടെ എന്നെ തന്നെ നോക്കി.. "നീ എന്താ നോക്കി നിൽക്കുന്നെ കൊണ്ട് കൊടുക്ക്.. " അവൾ ശരിയെന്ന ഭാവത്തിൽ തലയാട്ടിയിട്ടു അവളുടെ കുട എന്റെ കൈയ്യിൽ തന്നിട്ട് എന്റെ കുട അവന് കൊണ്ടു കൊടുത്തു.. അവൻ വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കി.. "സ്വപ്നം കാണാതെ വാങ്ങിക്ക് ചെക്കാ." കീർത്തിയുടെ ശബ്ദം കേട്ടാണ് അവൻ കുട വാങ്ങിയത്..

അവളോടി വന്നു എന്നോടൊപ്പം നടന്നു.. "ഇപ്പൊ നിനക്കു അവനോട് ദേഷ്യമൊന്നുമില്ലേ? " തെല്ലൊരു സംശയത്തോടെ അവളെന്നെ നോക്കി.. "ഇല്ലാതില്ല.. പക്ഷേ നനഞ്ഞു വരുന്നത് കണ്ടിട്ട് എന്തോ പാവം തോന്നി.. " ഞാൻ ഗൗരവം നടിച്ചു പറഞ്ഞു.. "ആഹ് ശരി ശരി.. " കീർത്തി കളിയാക്കും പോലെ പറഞ്ഞു.. നടത്തത്തിനിടയിൽ ഞാനെപ്പോഴോ ഒന്ന് തിരിഞ്ഞു നോക്കി.. ഞാൻ തിരിഞ്ഞു നോക്കുന്നതും പ്രതീക്ഷിച്ചിരുന്ന പോലൊരു ഭാവത്തോടെ അവനെന്നെയും നോക്കി.. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മഴ തോർന്നു.. കീർത്തിക്ക് പോകേണ്ട ഇടവഴി എത്തിയപ്പോൾ അവൾ ബൈ പറഞ്ഞു പോയി.. ഞാനും എന്റെ വഴിയിലൂടെ നടത്തം തുടർന്നു.. രൂപേഷും എന്റെ പിന്നിലുണ്ടെന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസ്സിലായി. ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു.. കുറേ ദിവസം പിന്നാലെ നടന്നത് കൊണ്ട് എന്തോ ഒരു അനുകമ്പ അവനോട് തോന്നി..

മിണ്ടാൻ ഒരവസരം എന്നപോലെ ഞാൻ നിന്നു... പെട്ടെന്ന് മഴയും പെയ്തു തുടങ്ങി. എന്റെ കുട അവന്റെ കൈയ്യിലാണ്‌.. അവനതും കൊണ്ട് വേഗം എന്റടുത്തേക്ക് വന്നു.. യാന്ത്രികമായി ആ കുടക്കുള്ളിലേക്ക് ഞാനും കയറി.. പെയ്യാനായി വെമ്പി നിൽക്കുന്ന വലിയൊരു മഴക്കാറ് അവന്റെ മുഖത്തുള്ളത് പോലെ എനിക്ക് തോന്നി.. അവന്റെ നോട്ടം എപ്പോഴോ എന്റെ കണ്ണിലുടക്കി.. എത്രയോ നേരം ഞങ്ങൾ പരസ്പരം നോക്കി നിന്നു.. ആ നോട്ടത്തിനൊടുവിൽ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു.. എന്തെങ്കിലും പറയാൻ എനിക്കെന്തോ കഴിയുന്നില്ല വല്ലാത്തൊരു വെപ്രാളം തോന്നി.. "എന്നാലും ഇത്രയും ദിവസം നിനക്ക് എങ്ങനെ എന്നോട് മിണ്ടാതിരിക്കാൻ കഴിഞ്ഞു രേവൂ.. " അവന്റെ പരിഭവം നിറഞ്ഞ വാക്കുകൾ എനിക്ക് എവിടെയൊക്കെയോ തറച്ചു കയറിയ പോലെ..

"നീ മിണ്ടാത്ത ഓരോ ദിവസവും.. ഓരോ നിമിഷവും ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്ക് അറിയോ..? ഇനിയും നീ എന്നോട് മിണ്ടാതിരുന്നാൽ ഞാൻ നെഞ്ചു പൊട്ടി മരിച്ചു പോവും രേവൂ.. " അവന്റെ കൈയ്യിൽ നിന്നും കുട താഴേക്ക് വീണു... അവൻ കൊച്ചു കുട്ടികളെ പോലെ വിതുമ്പി.. . ഞാൻപോലും അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.. "ഇനിയും മിണ്ടാതിരിക്കാൻ വയ്യ രേവൂ.. അല്ലെങ്കിൽ നീ തന്നെ എന്നെയങ്ങു കൊന്നേക്ക്.. " അതും പറഞ്ഞു അവനെന്നെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു.. പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണയിൽ എന്റെ കൈയ്യും യാന്ത്രികമായി അവനെ ചുറ്റിപിടിച്ചു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story