ഉണ്ണിയേട്ടൻ: ഭാഗം 13

unniyettan

രചന: സനാഹ് ആമിൻ

"ഇനിയും മിണ്ടാതിരിക്കാൻ വയ്യ രേവൂ.. അല്ലെങ്കിൽ നീ തന്നെ എന്നെയങ്ങു കൊന്നേക്ക്.. " അതും പറഞ്ഞു അവനെന്നെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു... പെട്ടെന്നു തോന്നിയൊരു ഉൾപ്രേരണയിൽ എന്റെ കൈയ്യും യാന്ത്രികമായി അവനെ ചുറ്റിപിടിച്ചു.. ഒരു നിമിഷത്തോളം ആ നില്പ് തുടർന്നെങ്കിലും.. പെട്ടെന്നാണ്, താൻ എന്താ ചെയ്യുന്നത് എന്നുള്ള ബോധം എനിക്കുണ്ടായത്.. പെട്ടെന്നു തന്നെ ഞാനവനെ തള്ളിമാറ്റി ഞെട്ടലോടെ അവനെ നോക്കി.. അവൻ കുറ്റബോധത്തോടെ എന്നെയും നോക്കി.. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.. ഒന്ന് തിരിഞ്ഞു പോലും നോക്കാൻ നിൽക്കാതെ ഞാനോടി.. സ്ഥലകാല ബോധമില്ലാതെ അവളെ കെട്ടിപിടിച്ചല്ലോ എന്നോർത്തു രൂപേഷിനൊരു ഉൾകിടിലമുണ്ടായി.. അവൻ ഭയത്തോടെ ചുറ്റും നോക്കി.. ഭാഗ്യം ആരും ഇല്ല..

രണ്ടു മൂന്നു തവണ രേവൂനെ വിളിച്ചെങ്കിലും അവൾ തിരിഞ്ഞു പോലും നോക്കാതെ ഓടി പോയത് അവനിലും അസ്വസ്ഥത സൃഷ്ടിച്ചു.. നിന്നിടത്തു നിന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ ഓടി മറയുന്നതും നോക്കി നിന്നു.. കുറ്റബോധത്തിൽ നീറി പുകഞ്ഞപ്പോഴും തന്റെ മനസ്സിലുള്ളതൊക്കെ രേവൂനോട്‌ പറയാൻ കഴിഞ്ഞതിൽ തെല്ലൊരാശ്വാസം അവന്റെ മുഖത്ത് പ്രകടമായി.. അവൻ കണ്ണുകളടച്ചു മഴ ആസ്വദിച്ചു കൊണ്ടു രണ്ടു കൈയ്യും രണ്ടു വശത്തേക്കും നീട്ടി നിന്നു.. വർഷങ്ങൾക്ക് മുൻപ് താൻ കണ്ട രേവു വിന്റെ ഓരോ മുഖഭാവവും അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു... ഏതോ ഒരു മാഗസിനും വായിച്ചു സിറ്റൗട്ടിലിരുന്ന ദീപ മഴയിൽ നനഞ്ഞു കുളിച്ചു വരുന്ന രേവൂനെ കണ്ട് അമ്പരപ്പോടെ നോക്കി.. "നീയെന്താ രേവൂ നനഞ്ഞോണ്ടു വന്നേ.. നീ പോയപ്പോൾ കുടയും കൊണ്ടാണല്ലോ പോയെ..?"

"അതമ്മേ.. ഞാൻ.. കുട.... സ്കൂളിൽ വെച്ചു മറന്നു.. " വിക്കി വിക്കി ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.. "ഈ മഴക്കാലത്ത് നീ കുട സ്കൂളിൽ വെച്ചു മറന്നെന്നോ.. നീ പിന്നെ എന്തോർമ്മയിലാ നടക്കുന്നെ.? " ദീപയുടെ ശബ്ദം കടുത്തു.. ഞാൻ മറുപടിയൊന്നും പറയാതെ തല കുനിച്ചു.. "എവിടെങ്കിലും കേറി നിൽക്കാതെ നനഞ്ഞോണ്ടു വന്നേക്കുന്നു.. ദൈവമേ.. ബുക്കെല്ലാം നനഞ്ഞു കാണും.. " അവർ പരിഭ്രമത്തോടെ രേവൂന്റെ ബാഗ് പിടിച്ചു വാങ്ങി ബാഗ് തുറന്നു പുസ്തകങ്ങളെല്ലാം ടേബിളിന്റെ മുകളിൽ വിരിച്ചിട്ടു.. "ഭാഗ്യം.. ഒന്നും നനഞ്ഞില്ല.. നീയെന്താ ഇങ്ങനെ നോക്കി നിക്കുന്നെ പോയി തല തുടക്ക്.. " ഞാൻ തണുത്തു വിറച്ചു അകത്തേക്ക് പോയി.. റൂമിൽ കയറി കതകടച്ചു.. "ഈശ്വരാ.. പെട്ടെന്നു എന്തൊക്കെയാ സംഭവിച്ചേ.. "ഞാൻ തളർന്ന് നിലത്തിരുന്നു.. ഞാനെല്ലാം ഒന്നൂടി റീവൈൻഡ് ചെയ്ത് ഓർത്തു നോക്കി.. നിനക്കെങ്ങനെ രേവൂ ഇത്രയും ദിവസം എന്നോട് മിണ്ടാതിരിക്കാൻ കഴിഞ്ഞു... നീ മിണ്ടാത്ത ഓരോ ദിവസവും ഓരോ നിമിഷവും ഞാൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്ക് അറിയോ..

ഇനിയും നീ മിണ്ടാതിരുന്നാൽ ഞാൻ നെഞ്ചുപൊട്ടി മരിച്ചു പോവും രേവൂ.. അല്ലെങ്കിൽ നീ തന്നെ എന്നെയങ്ങു കൊന്നേക്ക്.. അവൻ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചതും ഞാനവനെ കെട്ടിപിടിച്ചതും എല്ലാം കൂടി എന്റെ കണ്ണിൽ തന്നെ തങ്ങി നിൽക്കുന്നു... ഈശ്വരാ.... അവൻ എന്തൊക്കെയാ ഈ പറഞ്ഞത്.. ഞാനവനെ ഇത്രയും വെറുത്തിട്ടും അവൻ കരഞ്ഞപ്പോൾ എനിക്കെന്തിനാ സങ്കടം വന്നേ.. ഞാനെന്തിനാ കരഞ്ഞത്.. ഞാൻ എങ്ങനെയാ അവനെ കെട്ടിപിടിച്ചെ.. വല്ലാത്തൊരു കുറ്റബോധവും പേടിയും വിറയലുമൊക്കെ തോന്നി എനിക്ക്.. ഇല്ല.. ഇനി ഇങ്ങനയൊന്നും ഒരിക്കൽ കൂടി ഉണ്ടാകരുത്.. ഉണ്ടാവില്ല.. ഞാൻ എന്റെ മനസ്സിന് ധൈര്യം കൊടുത്തു... എത്രയൊക്കെ മനസ്സിനെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും ആരെങ്കിലും കണ്ടു കാണുമോ വീട്ടിലറിയുമോ എന്ന പേടി വല്ലാതെ കൂടി വന്നു.. ഈശ്വരാ.. ആരെങ്കിലും കണ്ടെങ്കിൽ.. അമ്മയെങ്ങാനും അറിഞ്ഞാൽ എന്നെ കൊല്ലും.. എല്ലാ കാര്യവും ഞാൻ അച്ഛനോട് പറയാറുള്ളതല്ലേ.. ഇതെങ്ങനെ ഞാൻ പറയും.. എനിക്കാകെ വെപ്രാളമായി..

എന്റെ മുഖത്തെ പേടിയും വിറയലും വീട്ടിൽ ആർക്കെങ്കിലും മനസ്സിലായാലോ.. ഞാൻ റൂമിൽ തന്നെ ഇരിക്കാതെ ഹാളിൽ വന്നിരുന്നു.. അല്ലെങ്കിൽ അമ്മയ്ക്ക് സംശയം തോന്നും.. രാത്രി ഊണ് കഴിക്കാൻ ഇരുന്നപ്പോഴും അതു തന്നെയാ മനസ്സിൽ തെളിഞ്ഞു വന്നത്.. അച്ഛനും അമ്മയും എന്നോട് എന്തോ ചോദിച്ചെങ്കിലും ചിന്തയിൽ മുഴുകി ഇരുന്നത് കാരണം ഞാനൊന്നും കേട്ടില്ല.. പെട്ടെന്ന് അമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.. "നീ കഴിക്കാതെ എന്തോന്നാ ചിന്തിച്ചോണ്ടിരിക്കുന്നെ? " അമ്മയുടെ മുഖത്തു നല്ല ദേഷ്യം ഉണ്ടായിരുന്നു.. ഞാൻ അച്ഛനെ നോക്കി അച്ഛനും ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഈശ്വരാ.. പെട്ട്.. ഞാൻ തന്നെ ഇവരെയൊക്കെ അറിയിക്കുമോ.. പെട്ടെന്ന് എന്താ പറയേണ്ടതെന്ന് അറിയാതെ ഞാൻ കുഴങ്ങി.. "അത് അച്ഛാ.. പാറ്റ.. " ഞാൻ എന്തോ പറയാൻ വന്നു..

പക്ഷെ മറന്നു പോയി.. "പാറ്റയോ..? " അച്ഛനും അമ്മയും എന്നെ തന്നെ മിഴിച്ചു നോക്കി.. "ആഹ്.. പാറ്റ.. പാറ്റയെ പിടിക്കണം.. പ്രാക്ടിക്കൽ ഉണ്ട് " ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.. "പാറ്റയെ പിടിച്ചോണ്ട് ചെല്ലണം.. അതിനെ എങ്ങനെ പിടിക്കും.. അത്.. അതിനെ പറ്റി ആലോചിക്കുവായിരുന്നു.. " ഞാൻ മുഖത്തു ചിരി വരുത്താൻ ശ്രമിച്ചു.. "അത്രേയുള്ളൂ.. നിന്റെ മുഖം കണ്ടാൽ പാമ്പിനെ കൊണ്ടു വരാൻ പറഞ്ഞ പോലെയുണ്ടല്ലോ.." അച്ഛൻ കളിയാക്കി.. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചിട്ട് നൈസ് ആയിട്ട് അവിടുന്ന് എസ്‌കേപ്പ് ആയി.. രാവിലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങിയെങ്കിലും എന്തോ വല്ലാത്ത വെപ്രാളം.. അവന്റെ മുന്നിൽ ചെല്ലാനുള്ള ധൈര്യം ഇല്ലാത്തപോലെ.. ഒമ്പതു മണിയായി.. ഇറങ്ങേണ്ട സമയം ആണ്.. പക്ഷേ, എനിക്ക് വയ്യ ഞാൻ പോകുന്നില്ല.. ഞാൻ ബാഗ് ഊരി സോഫയിൽ വെച്ചിട്ട് അവിടിരുന്നു.. *************

അയ്യോ താമസിച്ചല്ലോ.. ഇന്ന് രേവൂ എന്നെ പഞ്ഞിക്കിടും.. എന്നൊക്കെ ഓർത്താണ് കീർത്തി ധൃതിയിൽ നടന്നത്.. സാധാരണ ഇവിടുന്നു നോക്കുമ്പോളെ അവൾ അവിടെ നിക്കുന്നത് കാണാം.. ഇന്ന് കാണുന്നില്ല.. അവൾ ഓടി ഇടവഴിയിലെത്തി ചുറ്റും നോക്കി.. ഇവളിതു വരെ വന്നില്ലേ.. ? ഇനി എന്നെ കാണാത്തോണ്ട് പോയോ.. അങ്ങനെ അവൾ പോവോ..? രേവൂനേം പ്രതീക്ഷിച്ചു കുറച്ചു നേരം കീർത്തി നിന്നു.. അവൾ വാച്ചിൽ നോക്കി. 9:20ആയി.. ഇനി നിന്നിട്ട് കാര്യമില്ലെന്ന് ഓർത്ത് തിരിഞ്ഞു നടന്നപ്പോൾ രൂപേഷ് വരുന്നു.. കീർത്തിയെ നോക്കി അവൻ പുഞ്ചിരിച്ചു. അവളും തിരിച്ചു പുഞ്ചിരിച്ചു... അവന്റെ കണ്ണുകൾ രേവൂനെയാണ് അവിടെ മൊത്തം തിരഞ്ഞത്.. ഇന്നലെ താൻ അങ്ങനെ ചെയ്തത് കൊണ്ടാകുമോ അവൾ വരാഞ്ഞത്...ഇനീപ്പോ എന്ത് ചെയ്യും.. ഏത് നേരത്താ എനിക്ക് ശ്ശേ.. അവൻ സ്വയം കുറ്റപ്പെടുത്തി..

അവൻ കീർത്തിക്കൊപ്പം വല്യ താല്പര്യമില്ലാത്ത പോലെ നടന്നു.. അവന്റെ മുഖത്തുള്ള മ്ലാനത രേവൂ ഇല്ലാത്തത് കൊണ്ടാണെന്നു കീർത്തിക്ക് മനസ്സിലായി.. "അല്ല എന്താ സേട്ടന്റെ ഉദ്ദേശം... ? " കീർത്തി ചോദ്യഭാവത്തിൽ രൂപേഷിനെ നോക്കി.. "എന്താടോ..? " അവനൊന്നും മനസ്സിലാവാതെ അവളെ നോക്കി.. "ഇവിടെ ഒരുത്തി നിക്കുന്നത് കാണുന്നില്ലേ..?" "കണ്ടല്ലോ.." "പിന്നെ ആരെയാ ഈ തിരയുന്നെ? " "രേവു വന്നില്ലേ..? " അവൻ ഇളിച്ചോണ്ട് ചോദിച്ചു.. "ആഹാ.. അപ്പോ ഇവിടെ ഉള്ളവരെ പറ്റി ഒരു ചിന്തേം ഇല്ലല്ലേ..? " "പിന്നെ ഇല്ലാതെ.. ഫുൾ ടൈം നിന്നെ പറ്റി തന്നെയാ ചിന്ത.. അതുകാരണം ഇപ്പോ ഊണും ഉറക്കവും ഒന്നുമില്ലന്നേ.. " അവൻ ഇളിച്ചോണ്ട് പറഞ്ഞു.. "എങ്ങനെ എങ്ങനെ എങ്ങനെ.. എന്നെ പറ്റി ചിന്തിച്ചു ഊണും ഉറക്കവും ഇല്ലെന്നോ.." അവൾ അവന്റെ വയറിനൊരു ഇടി കൊടുത്തു.. പ്രതീക്ഷിക്കാതെ കിട്ടിയ ഇടി ആയോണ്ട് അവൻ വയറും പൊത്തി പിടിച്ചു ഒരു നിമിഷം അങ്ങനെ തന്നെ നിന്നു.. "എടി കോപ്പേ. വേദനിക്കുന്നു.. വല്ലാത്ത ഇടി ആയി പോയി.. "

"തീർന്നിട്ടില്ല.. എഴുന്നേൽക്ക് ബാക്കി തരാം.. " "എന്റെ പൊന്നേ.. വേണ്ട.... " കീർത്തി പെട്ടെന്നവന്റെ ചെവിക്ക് പിടിച്ചു കിഴുക്കി.. "എടീ വിടെടി.. എനിക്ക് വേദനിക്കുന്നു.. " അവൻ അവളുടെ കൈ പിടിച്ചു മാറ്റി.. "സത്യം പറയെടാ.. എന്താ നിന്റെ ഉദ്ദേശം..? " "നീ എന്താ ഈ പിച്ചും പേയും പറയുന്നത്..? " "ഞാൻ പിച്ചും പേയും പറയുന്നെന്നോ..? ദേ ഇപ്പൊ കിട്ടിയതിന്റെ ബാക്കി കിട്ടണ്ടെങ്കിൽ സത്യം പറഞ്ഞോ..? എന്താ നിന്റെ ഉദ്ദേശം..? " "നീ എന്തിനെ കുറിച്ചാ ചോദിക്കുന്നെ.. അതറിയാതെ ഞാൻ എന്ത് പറയാനാ.." "നിനക്ക് മനസ്സിലായില്ല അല്ലേ.. എടാ മോനെ.. നീ പെട്ടെന്നു ഒരു ദിവസം ഞങ്ങൾക്കിടയിലേക്ക് വന്നത് വെറുതെ ഒരു പരിചയപെടലിനു വേണ്ടി അല്ലെന്ന് മനസ്സിലായി.." അവൻ നിന്നു പരുങ്ങി.. പറയണോ വേണ്ടയോ അവനും ആകെ കൺഫ്യൂഷൻ ആയി.. "ശരിയാ.. വെറുതെ അല്ല എന്റെ വരവ്.. "

"പിന്നെ..? " അവൻ എന്തോ പറയാൻ തുടങ്ങിയതും രേവൂന്റെ വിളി വന്നു.. "കീർത്തീ.. " രൂപേഷും കീർത്തിയും ഒരുമിച്ചു തിരിഞ്ഞു നോക്കി..കീർത്തിയുടെ മുഖത്ത് ആശ്ചര്യവും രൂപേഷിന്റെ മുഖത്ത് സന്തോഷവും പ്രകടമായി.. അവൾ പക്ഷേ രൂപേഷിനെ മൈൻഡ് പോലും ചെയ്യാതെ കീർത്തിയുടെ കൈയ്യും പിടിച്ചു വലിച്ചോണ്ട് ധൃതിയിൽ നടന്നു.. രൂപേഷ് എന്തോ പറയാൻ ഉദ്ദേശിച്ചെങ്കിലും രേവു ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കിയതോടെ അവൻ തല കുനിച്ചു.. അവൻ പിന്നെ അവരുടെ കൂടെ നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു അവിടെ തന്നെ നോക്കി നിന്നു.. അവൻ പിന്നാലെ വരുന്നില്ലെന്ന് ഉറപ്പായതോടെ കീർത്തി അവളുടെ കൈ വിടുവിച്ചു.. "അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. നിനക്ക് എന്താ തലക്ക് സുഖമില്ലേ.? കുറേ ദിവസമായി മനുഷ്യനെ ഭ്രാന്ത് ആക്കുന്നു.. " കീർത്തി ദേഷ്യത്തോടെ രേവൂനോട്‌ ചോദിച്ചു..

"ബെല്ലടിക്കാൻ സമയമായി നീ വേഗം വന്നേ.. " രേവൂ പിന്നെയും അവളുടെ കൈ പിടിച്ചു ധൃതിയിൽ നടന്നു.. കീർത്തിക്ക് നല്ല ദേഷ്യം വന്നെങ്കിലും അവളത് കണ്ട്രോൾ ചെയ്തു മിണ്ടാതെ നടന്നു.. ആദ്യത്തെ രണ്ടു പീരീഡ് ഒന്നും സംസാരിക്കാനുള്ള സമയം അവർക്ക് കിട്ടിയില്ലായിരുന്നു.. ഇന്റർവെൽ ആയപ്പോൾ രേവൂ എഴുതി കൊണ്ടിരുന്ന ബുക്ക്‌ കീർത്തി പിടിച്ചു വാങ്ങി.. "മതി എഴുതിയത്.. " അവൾ ദേഷ്യത്തോടെ രേവൂനെ നോക്കി.. "എന്താ കീർത്തി.. ഞാനത് എഴുതി തീർക്കട്ടെ.. " അവൾ ബുക്ക്‌ പിടിച്ചു വാങ്ങാൻ നോക്കിയെങ്കിലും കീർത്തി അത് കൊടുത്തില്ല.. "രേവൂ.. പറ.. ഇന്നലെ നീ നല്ലപോലെ അല്ലേ പോയെ. ഇന്ന് പെട്ടെന്ന് എന്ത് സംഭവിച്ചു..? " രേവു ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.. "രേവു.. നിന്നോടാ ചോദിച്ചേ.. പറ..? " ഇപ്രാവശ്യം കീർത്തിയുടെ ശബ്ദത്തിൽ ദേഷ്യമുണ്ടായിരുന്നു..

രേവു ഒന്നും മിണ്ടാതെ അതേ ഇരുപ്പ് തന്നെ ഇരുന്നു.. കീർത്തി രേവൂന്റെ മുടിയിൽ പിടിച്ചു തല ഉയർത്തിച്ചു.. രേവൂന്റെ കണ്ണ് കലങ്ങിയിരിക്കുന്നത് കണ്ടു കീർത്തി പെട്ടെന്ന് പിടി വിട്ടു. "നീ എന്തിനാ കരയുന്നെ..? " അവൾ രേവൂന്റെ കൈയ്യിൽ പിടിച്ചു.. "എനിക്ക് അറിയില്ല കീർത്തി... എന്താ സംഭവിച്ചതെന്ന്.." രേവൂ കരഞ്ഞോണ്ട് പറഞ്ഞു.. രേവു കരയുന്നത് മറ്റു കുട്ടികൾ ശ്രദ്ധിക്കുന്നത് കണ്ട് കീർത്തി പെട്ടന്നവളുടെ ചുമലിൽ പിടിച്ചു.. "ഹേയ് പതുക്കെ.. ഇല്ലാരും നോക്കുന്നു.. " അവൾ വേഗം കണ്ണീരു തുടച്ചു.. "ഇന്നലെ മഴ നനഞ്ഞു വരുന്നത് കണ്ടപ്പോ എന്തോ പാവം തോന്നി അതുകൊണ്ടാ ഞാനവന് കുട കൊടുക്കാൻ പറഞ്ഞത്.. പക്ഷേ, " "എന്താ..? " നടന്നതൊക്കെ രേവു കീർത്തിയോട് പറഞ്ഞു.. എല്ലാം കേട്ട് കീർത്തി ആശ്ചര്യത്തോടെ രേവുനെയും നോക്കി താടിക്ക് കൈയ്യും വെച്ചിരുന്നു.. "നീയും അവനെ കെട്ടിപിടിച്ചോ.. ? " അവൾ വിശ്വാസം വരാത്ത പോലെ രേവൂനെ നോക്കി.. "മ്മ്.. " "എന്നിട്ട്.. " വായും പൊളന്നു നോക്കിയിരിക്കുന്ന കീർത്തിയെ കണ്ടപ്പോൾ രേവൂന് ദേഷ്യം വന്നു..

അവൾ കീർത്തിയുടെ തലക്കൊരു കൊട്ട് കൊടുത്തു.. "ബാക്കി പറ.. " "ബാക്കി ഒന്നും ഇല്ല.. ഞാനപ്പോ തന്നെ വീട്ടിലേക്ക് പോയി.. " "എന്നാലും.. നീയെന്തിനാ അവനെ കെട്ടിപിടിച്ചതെന്നു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.." "അപ്പൊ അവൻ പിടിച്ചത് നിനക്കു പ്രശ്നമല്ലേ..? " "എടീ മണ്ടു.. അവൻ ഇത്രയും ദിവസം പട്ടിയെ പോലെ നിന്റെ പിറകെ നടന്നതല്ലേ.. നീ പെട്ടെന്ന് മിണ്ടിയപ്പോ സെന്റി ആയി കെട്ടിപിടിച്ചതാകും അതു സ്വാഭാവികം.. പക്ഷേ അവനെ കണ്ടാൽ തന്നെ ചെകുത്താനെ കാണുന്ന പോലല്ലേ നിനക്കു.. നീ എന്തിനാ അവൻ കരഞ്ഞപ്പോൾ കൂടെ കരഞ്ഞത്.. പോരാത്തതിന് കെട്ടിപിടിക്കേം ചെയ്തു.. Something wrong.. " "ഈശ്വരാ.. എനിക്ക് അറിയില്ല. അന്നേരം അങ്ങനെ ഒക്കെ എന്താ തോന്നിയതെന്ന്. " രേവൂ ന്റെ കണ്ണ് നിറഞ്ഞു.. "അതിനു നീ എന്തിനാ വിഷമിക്കുന്നെ. എല്ലാം കഴിഞ്ഞില്ലേ. ഇനി അവനോട് മിണ്ടാതിരിക്കുന്നത് എന്തിനാ..? " "ഇല്ല കീർത്തി.. എനിക്ക് ഇനി അവനോട് മിണ്ടണ്ട.. " "അതെന്താന്നാ ചോദിച്ചേ..? " "എനിക്ക് അറിയില്ല.."

കീർത്തി രേവൂന്റെ മുഖത്തൊലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊടുത്തു.. "നിനക്കു മിണ്ടാൻ തോന്നുന്നത് വരെ നീ മിണ്ടണ്ട..ഞാൻ അവനോട് പറഞ്ഞോളാം നിന്നെ ഇനി ശല്യപെടുത്തണ്ടെന്ന് പോരെ.. " "മ്മ്.. " കീർത്തി അവളെ കെട്ടിപിടിച്ചു... ഇന്നലെ മഴ നനഞ്ഞത് കൊണ്ട് രേവൂന് നല്ല തലവേദന ആയിരുന്നു.. അതുകൊണ്ടവൾ ട്യൂഷന് പോകാൻ നിൽക്കാതെ വൈകിട്ട് സ്കൂൾ കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് പോയി.. രേവു വീട്ടിലേക്ക് പോകുന്നത് കണ്ട് രൂപേഷും അവളറിയാതെ ഒരു നിശ്ചിത അകലം പാലിച്ചു അവളുടെ പിന്നാലെ കൂടി... വീടിനടുത്തുള്ള ഇടവഴി എത്താറായപ്പോൾ ഉണ്ണിയേട്ടന്റെ ബൈക്ക് തനിക്ക് അഭിമുഖമായി വരുന്നത് കണ്ടു രേവു പകച്ചുപോയി. തല ഉയർത്തി നോക്കാനുള്ള ധൈര്യമൊന്നും തോന്നാത്തത് കൊണ്ട് മുഖം കുനിച്ചു തന്നെ അവൾ നടത്തം തുടർന്നു..

അവളുടെ അടുത്ത് എത്താറായതും ബൈക്കിന്റെ വേഗത കുറച്ചു ഉണ്ണി ഹോൺ അടിച്ചു.. രേവു പതുക്കെ തല ഉയർത്തി നോക്കിയതും ഒരു പുഞ്ചിരിയും നോട്ടവും നൽകി കൊണ്ട് അയാൾ കടന്നു പോയി.. ഈശ്വരാ.. ഇതെന്താ ഇങ്ങനെ.. ഉണ്ണിയേട്ടൻ പിന്നെയും എന്നെ നോക്കി ചിരിച്ചു. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.. ഒരുനിമിഷം അങ്ങനെ തന്നെ നിന്നിട്ട് അവൾ നടന്നു പോയി.. ഒരു മതിലിനു പിന്നിൽ ഒളിച്ചു നിന്ന രൂപേഷിന് അതൊരു ഷോക്ക് ആയിരുന്നു.. ഉണ്ണിയേട്ടൻ തന്നെയും ക്രോസ്സ് ചെയ്തു പോയതോടെ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവൻ മുഷ്ട്ടി ചുരുട്ടി ഉണ്ണിയേട്ടനോടുള്ള ദേഷ്യം മതിലിന്മേൽ പ്രയോഗിച്ചു.. എന്നിട്ടും കലിപ്പ് തീരാതെ വലതു കൈ കൊണ്ട് മതിലിൽ ആഞ്ഞടിച്ചു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story