ഉണ്ണിയേട്ടൻ: ഭാഗം 14

unniyettan

രചന: സനാഹ് ആമിൻ

 ട്യൂഷനിൽ ഇരുന്നപ്പോഴും രേവു പറഞ്ഞ കാര്യങ്ങളോർത്ത് വലിയ ടെൻഷനിൽ ആയിരുന്നു കീർത്തി.. അവൾ ട്യൂഷൻ കഴിഞ്ഞിറങ്ങിയതും രൂപേഷ് പരിസരത്ത് എവിടെയെങ്കിലും ഉണ്ടോ എന്നാണു നോക്കിയത്.. ഇവനിതെവിടെ പോയി.. ഇല്ലേൽ എപ്പോഴും ഇളിച്ചോണ്ട് നിക്കുന്നതാ.. അവൾ സ്വയം പിറു പിറുത്തു.. ഒരിക്കൽ കൂടി ചുറ്റുമൊക്കെ നോക്കിയിട്ട് അവൾ നടത്തം തുടർന്നു.. കുറച്ചു ദൂരം ചെന്നപ്പോൾ രൂപേഷ് തനിക്കു എതിർദിശയിൽ നിന്നും വരുന്നത് കണ്ടു.. അവനെ കണ്ടതും അവളുടെ ഉള്ളിലെ CID ഉണർന്നു.. "കീർത്തീ... നിന്നെ കൊണ്ടു സാധിക്കും.. നിന്നെ കൊണ്ടു മാത്രമേ സാധിക്കൂ.. ഇന്ന് ഇവന്റെ മനസ്സിലുള്ളതെല്ലാം പുറത്തുകൊണ്ടു വരണം.. " അവൾ സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ട് അവനെ കാണാത്തപോലെ നടന്നു.. കീർത്തിയെ കണ്ടതും രൂപേഷ് ഹായ് പറഞ്ഞു കൈ കാണിച്ചു..

പക്ഷേ അവൾ മൈൻഡ് ചെയ്യാതെ നടന്നു.. "ങേ ഇവൾക്കിതെന്തു പറ്റി..?? " രൂപേഷ് ആശ്ചര്യത്തോടെ കീർത്തിയെ നോക്കി.. അവൾ അവനെയും ക്രോസ്സ് ചെയ്തു പോയി.. അവൻ തിരിഞ്ഞു അവൾടെ ഒപ്പം നടന്നു രണ്ടു മൂന്ന് തവണ അവളോട് മിണ്ടാൻ ശ്രമിച്ചു.. അവൾ ഒന്നും കേൾക്കാൻ കൂട്ടാക്കാതെ എങ്ങോട്ടോ നോക്കി നടക്കുന്നു.. "തനിക്കിതെന്തു പറ്റി.. രേവൂന്റെ ബാധ കേറിയോ..? " പെട്ടന്നവൾ കൈയ്യിലിരുന്ന കുട കൊണ്ടു അവനിട്ട് അഞ്ചാറു അടികൊടുത്തു.. ഓർക്കാപുറത്തു കിട്ടിയ അടി ആയത് കൊണ്ടു അവന് നല്ലത് പോലെ വേദനിച്ചു.. അവനവിടുന്നു കുതറി മാറി.. വേദന കൊണ്ടു അടികൊണ്ട ഭാഗമൊക്കെ തടവുന്നത് കണ്ട് കീർത്തിക്ക് ചിരി വന്നെങ്കിലും അവളത് പുറത്തു കാണിച്ചില്ല.. അണ്ടർഗ്രൗണ്ടിൽ കൂടി അവന്റെ അമ്മൂമ്മേടയൊരു ലൈനിടൽ.. ഇന്ന് നിന്നെ ശരിയാക്കി തരാടാ തെണ്ടി.. അവൾ മനസ്സിൽ പറഞ്ഞു.. "ഉഫ് എജ്ജാതി അടി.. നിനക്കെന്താ വട്ടായോ കോപ്പേ.. " അവൻ അരിശത്തോടെ കീർത്തിയെ നോക്കി. അവൾ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ പിന്നെയും അടിക്കാനായി ശ്രമിച്ചതും അവൻ വേഗം കുട അവളുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി..

"നീ കാര്യം പറഞ്ഞിട്ട് തല്ല്.. നല്ല വേദനിക്കുന്നുണ്ട്... " അവൻ കുട പിന്നിലേക്ക് ഒളിപ്പിച്ചു വെച്ചോണ്ട് പറഞ്ഞു.. "ഓ നിനക്ക് വേദനിക്കുന്നുണ്ടോ..? ഇന്നലെ നീ കാണിച്ച തെമ്മാടിത്തരം കാരണം വേദനിച്ചു ഒരുത്തി പോയിട്ടുണ്ട് അവളുടെ അത്രേം ഉണ്ടോ..? " കീർത്തിയുടെ മറുപടി കേട്ട് അവൻ ചൂളി തലകുനിച്ചു.. "അത്... ചെറുതായിട്ടൊരു കൈയ്യബദ്ധം.." അവൻ ഇളിക്കാൻ ശ്രമിച്ചെങ്കിലും.. കീർത്തി തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അത് നീരാവിയായി.. "നീയാരാന്നാ നിന്റെ വിചാരം.. അവൻ വല്ല്യ കാമുകൻ കളിക്കാൻ വന്നേക്കുന്നു.. ഇനി നിന്നെ ഈ പരിസരത്തു കണ്ടു പോകരുത്.. " കീർത്തി ദേഷ്യത്തോടെ കണ്ണുരുട്ടി താക്കീത് നൽകിയിട്ട് അവന്റെ കൈയ്യിൽ നിന്നും കുടയും പിടിച്ചു വാങ്ങിക്കൊണ്ട് നടന്നു.. "ടോ നിക്കടോ.. ഞാൻ പറയുന്നത് കേട്ടിട്ടു പോ.. " "എനിക്ക് നീ പറയുന്നതൊന്നും ഇനി കേൾക്കണ്ട.. " കീർത്തി നിൽക്കാൻ ഭാവമില്ലെന്നു മനസ്സിലായതോടെ അവനോടി അവൾക്ക് മുന്നിൽ വന്നു നിന്നു.. അവൾ മറികടന്നു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. "മര്യാദക്ക് വഴീന്നു മാറ് ഇല്ലേൽ എന്റെ കൈടെ ചൂട് നീ അറിയും.. "

"എന്റെ കീർത്തി.. ആദ്യം ഞാൻ പറയുന്നത് താനൊന്ന് കേൾക്ക് എന്നിട്ട് പിന്നെ നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോളാം.. " "ഓഹ് വേണ്ടായേ.. ഇത്രേം നാൾ നീ പറഞ്ഞതൊക്കെ കേട്ട് അപ്പാടെ വിശ്വസിച്ചില്ലേ.. ഇനി അതിൽ കൂടുതലൊന്നും കേൾക്കാനുള്ള ത്രാണി എനിക്കില്ല. മോൻ വഴീന്ന് മാറ് എനിക്ക് പോണം.. " "ശ്ശെടാ.. ഞാനതൊന്നും മനഃപൂർവം ചെയ്തതല്ല... അന്നേരത്തെ വിഷമത്തിൽ പറ്റി പോയതാ.. " "ഓഹ് പിന്നേ വിഷമം വരുമ്പോ എല്ലാരും കെട്ടിപിടിക്കുവല്ലേ ചെയ്യുന്നേ.. ഒന്ന് പോടാപ്പാ.. " അവൾ അവനെ തട്ടിമാറ്റി നടത്തം തുടർന്നു.. "സത്യമായിട്ടും എനിക്ക് അവളെ ഭയങ്കരിഷ്ട്ടാ.. താനൊന്നു വിശ്വസിക്കടോ പ്ലീസ്.. " അവൻ അവളുടെ മുന്നിൽ വന്നു തൊഴുതോണ്ടു പറഞ്ഞു.. അവളുടനെ അവന്റെ ചെവിക്ക് പിടിച്ചു കിഴുക്കി.. "ടി.. വിടെടി..." അവൻ അവളുടെ കൈ പിടിച്ചു മാറ്റി.. "അവന്റെ ഒലക്കമ്മേലത്തെ പ്രേമം.. നിനക്കു പ്രേമിക്കാൻ വേറെ ആരെയും കിട്ടിയില്ലേ...? ഇനി ഇതും പറഞ്ഞു അവൾടെ പിറകെ എങ്ങാനും പോയാലുണ്ടല്ലോ.. നിന്റെ മോന്തേന്റെ ഷേപ്പ് ഞാൻ മാറ്റും കേട്ടോടാ.. "

അവൾ മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തിന്‌ നേരേ കാണിച്ചു.. സുബാഷ്... എല്ലാം പൂർത്തിയായി. എത്ര നാളത്തെ പരിശ്രമത്തിനൊടുവിലാ രേവൂനോടൊന്ന് അടുക്കാൻ പറ്റിയത്.. ഈ കുരിപ്പ് പെൺഗുണ്ട ചമഞ്ഞു എല്ലാം നശിപ്പിക്കുമോ.. അവൻ മനസ്സിൽ ചിന്തിച്ചോണ്ട് കീർത്തിയെ ദയനീയമായി നോക്കി.. ഇവന്റെ ചിന്ത കണ്ടിട്ട് വേറെന്തോ പ്ലാൻ ചെയ്യുവാണല്ലോ.. അവൾ സംശയത്തോടെ അവനെയും നോക്കി.. "പുതിയ പ്ലാൻ തയ്യാറായോ.. " കീർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി ചോദിച്ചു.. "ങേ.. എന്ത് പ്ലാൻ.." അവൻ നിന്നു പരുങ്ങി.. "ഒരു പ്ലാനും ഇല്ലാതെ പിന്നെന്തോന്നാ ഇത്രേം നേരം മൈൻഡ് വോയിസിൽ പറഞ്ഞെ...? " "അത്.. അത്.. ഞാൻ.. " അവൻ പെട്ടന്നവളുടെ കൈയ്യിൽ പിടിച്ചോണ്ട് വിക്കി പറഞ്ഞു.. "ഇത് നിന്റെ കാലാണെന്നു കരുതി പിടിച്ചേക്കുവാ.. " അവൾ പെട്ടെന്നു അവന്റെ കൈ പിടിച്ചു മാറ്റി.. "പ്ലീസ് ടി.. നീ വെറുതെ സീൻ ആക്കരുത്.. എന്റെ അമ്മയാണെ സത്യം.. ഞാൻ അവളെ ഒരു വിധത്തിലും ശല്യപ്പെടുത്തൂല.. പക്ഷേ നീ ഇടപ്പെട്ട് ഇത് കൊളമാക്കരുത്... പ്ലീസ്.. "

"നീ ഒന്നുകൊണ്ടും വിഷമിക്കണ്ട.. ഞാൻ ഇടപ്പെട്ട് ഇത് കൊളമാക്കി ആ കൊളം കടലിലേക്ക് വെട്ടി വിട്ടിട്ടേ ഇനി എനിക്ക് വിശ്രമമുള്ളൂ... " അവളുടെ മറുപടി കേട്ടതും അവന്റെ അഞ്ചാറു കിളി ഒരുമിച്ച് പറന്നു പോയി.. "എന്റെ പൊന്നുമോളെ ചതിക്കല്ലേ.. മൂന്നാലു വർഷത്തെ കഷ്ടപ്പാട് ഒരു നിമിഷം കൊണ്ട് നീ കുളം വെട്ടി കടലിലേക്ക് ഒഴുക്കി കളയല്ലേ.. പ്ലീസ്.." അവൻ കാല് പിടിക്കും പോലെ പറഞ്ഞു... അവൾ ഒന്നും മനസ്സിലാവാതെ ചോദ്യഭാവത്തിൽ അവനെ നോക്കി.. "മൂന്നാല് വർഷോ? നീയെന്താ കളിയാക്കുവാണോ..? " "സത്യമായിട്ടും സത്യമാ.. ഞാൻ കളിയാക്കിയതല്ല.." അവൾ വിശ്വാസം വരാത്ത മട്ടിൽ അവനെയൊന്ന് തറപ്പിച്ചു നോക്കി... "ഞാനിപ്പോ എങ്ങനെയാ നിന്നെ വിശ്വസിപ്പിക്കുന്നെ.. " "പുതിയ നമ്പർ ആണോ.. എങ്കിൽ അത് എന്റടുത്തു വേണ്ടാ.. വേറെവിടെയെങ്കിലും പോയി പരീക്ഷിക്ക്.. "

"അല്ലടോ.. നമ്പർ അല്ല..അമ്മയാണേ സത്യം.. " കീർത്തി തമാശ കേട്ടമട്ടിൽ അവനെ ആക്കി ഒരു ചിരി ചിരിച്ചു.. "ഓക്കേ ഞാനിപ്പോ തെളിയിക്കാം... രേവൂന്റെ നെറ്റിയിൽ ഒരു പാടുണ്ടല്ലോ അതെങ്ങനെ സംഭവിച്ചതാ..? " കീർത്തി അത് ഓർത്തെടുക്കാൻ ശ്രമിച്ചു.. "അത്.. അതവൾ വീണപ്പോ പറ്റിയതാ. " "എങ്ങനെയാ അവൾ വീണേ..? " "അത്.. ഹ്മ്മ്.. ആഹ് വീണപ്പോ അല്ല ഒരു ആക്‌സിഡന്റ് പറ്റിയതാ..." "എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്..? " "ആഹ് ഏതോ ഒരു തെണ്ടി ബൈക്ക് കൊണ്ട് ഇടിച്ചിട്ട് പോയി..." "ആ തെണ്ടി ഞാനാ.. " അവൻ ഇളിച്ചോണ്ട് പറഞ്ഞു... കീർത്തി ഞെട്ടലോടെ രൂപേഷിനെ നോക്കി... "സത്യം... ഞാനാ അന്ന് രേവൂനെ ഇടിച്ചിട്ടത്.. " അവൾ വിശ്വാസം വരാത്ത മട്ടിൽ അവനെ പകച്ചു നോക്കി നിന്നു.. അന്ന് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുവായിരുന്നു.. ഏട്ടന്റെ ബൈക്കുമെടുത്തു ഒരു കൂട്ടുകാരന്റെ ബെർത്ത് ഡേ പാർട്ടിക്ക് പോയി.. കൂട്ടുകാർ നിർബന്ധിച്ചപ്പോ രണ്ടെണ്ണം അടിച്ചു.. ശീലമില്ലാത്തത് കൊണ്ടാകും കുറച്ചു കഴിഞ്ഞപ്പോ ശരീരം തളരുന്നത് പോലെയൊക്കെ തോന്നി..

നല്ല മഴക്കോളും ഉണ്ടായിരുന്നു.. താമസിച്ചാൽ പണി കിട്ടുമെന്നോർത്തു അവിടുന്ന് പെട്ടെന്ന് തന്നെ ഇറങ്ങി.. ബൈക്ക് ഓടിക്കാൻ അത്ര വശമില്ലാത്തോണ്ട് സ്പീഡിനും പോകാൻ പറ്റില്ല.. ലൈസൻസും ഇല്ല വെള്ളവും അടിച്ചിട്ടുണ്ട്.. പോലീസ് ചെക്കിങ് ഉണ്ടാകുമെന്ന് പേടിച്ചു മെയിൻ റോഡിൽ കൂടി പോകാതെ ഒരിട വഴിയിൽ കൂടിയങ്ങു കേറി.. ആ വഴി ആണേൽ മുഴുവൻ കുണ്ടും കുഴിയും..അത് കൊണ്ട് വളരെ ശ്രദ്ധിച്ചാണ് ബൈക്ക് ഓടിച്ചത്.. കുറച്ചു ചെന്നപ്പോഴേക്കും മഴ അങ്ങ് ആർത്തലച്ചു ഒരൊറ്റ പെയ്ത്തു പെയ്തു...അതോടെ റോഡേതാ കുഴി ഏതാ എന്നറിയാൻ പറ്റാത്ത അവസ്ഥ.. എന്തായാലും നനഞ്ഞു...ഇനിഎവിടെയും കേറി നിൽക്കണ്ടാന്ന് വിചാരിച്ചു ഞാൻ ആ കൊടും മഴയത്തു ബൈക്ക് ഓടിച്ചു പോയി ഇതിനിടയിൽ എപ്പോഴോ നിയന്ത്രണം തെറ്റി വഴിയിൽ കൂടി വന്ന ഏതോ ഒരു പെണ്ണിനെ ഇടിച്ചിട്ടു അവൾ ആ സൈഡിലും ഞാനും ഈ സൈഡിലുമായി വീണു.. ഞാൻ പെട്ടെന്ന് ചാടി എണീറ്റ് ആ കുട്ടിയുടെ അടുത്ത് ചെന്നപ്പോ അവളുടെ മുഖത്തു നിന്നൊക്കെ ചോര വരുന്നത് കണ്ടു

ഒരു നിമിഷം ഞാൻ പതറി പോയി.. എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.. അവൾക്ക് ബോധമൊന്നും ഇല്ലായിരുന്നു ഇനി മരിച്ചെങ്ങാനും പോയോ എന്നോർത്ത് എനിക്ക് പേടിയായി... ഞാൻ ചുറ്റും നോക്കിയപ്പോ അവിടെയൊന്നും ആരേം കണ്ടില്ല.. ആ തക്കത്തിന് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തങ്ങു പോയി.. എനിക്കന്ന് കാര്യമായിട്ട് വല്യ പരിക്കൊന്നും പറ്റിയില്ല കൈയ്യിലേം കാലിലേം പെയിന്റ് ഒക്കെ അവിടേം ഇവിടേം പോയി.. പിന്നെ ബൈക്കിന്റെ ഇൻഡിക്കേറ്ററും പൊട്ടി സൈഡ് ഒക്കെ ഉരഞ്ഞു.. പക്ഷേ ഞാൻ ഇടിച്ചിട്ട പെണ്ണിന് കാര്യമായിട്ട് തന്നെ എന്തെങ്കിലു പറ്റി കാണുമെന്നു ഉറപ്പായിരുന്നു.. പേടി കാരണം ആരോടും ഒരക്ഷരം മിണ്ടിയില്ല.. ബൈക്കിൽ നിന്ന് ഞാൻ വീണ കാര്യം മാത്രമേ എല്ലാർക്കും അറിയൂ.. ഒരുതരം മരവിപ്പായിരുന്നു.. അന്ന് കുറേ പ്രാർത്ഥിച്ചു ആ പെണ്ണിന് ഒന്നും പറ്റരുതേ എന്നു.. ഇടിച്ചിട്ടു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോകാനുള്ള മനസ്സു പോലും കാണിച്ചില്ലല്ലോ എന്നോർത്തു ഭയങ്കര കുറ്റബോധവും..

മനസ്സൊന്നു സെറ്റ് ആയി വരാൻ രണ്ടുമൂന്ന് ദിവസം പിടിച്ചു.. ഞാൻ പത്രത്തിലും tv ന്യൂസിലുമൊക്കെ ആക്‌സിഡന്റിനെ പറ്റി വല്ല വർത്തയുമുണ്ടോ എന്നൊക്കെ കുറേ തിരക്കി.. ആരാ എന്താ ഒന്നും അറിയില്ല.. പിന്നേ ആ ഭാഗത്ത്‌ ഒരു കൂട്ടുകാരൻ ഉണ്ട് അവൻ വഴി ആ പരിസരത്ത് വല്ല ആക്‌സിഡന്റും നടന്നോ എന്നു തിരക്കി.. അവനും ഒന്നുമറിയില്ല.. പിറ്റേന്ന്‌ ആരോടൊക്കെയോ തിരക്കി കണ്ടു പിടിച്ചു.. രേവൂന്റെ വീട്ടിലെ അഡ്രസ് തന്നു.. ഞാൻ ആ അഡ്രസും തപ്പി പിടിച്ചു അവളുടെ വീട്ടിൽ പോയപ്പോ അവിടാരും ഇല്ലായിരുന്നു.. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും പോയി.. അപ്പൊ വീട്ടിൽ ആളുണ്ടായിരുന്നു പക്ഷേ പുറത്തൊന്നും ആരെയും കണ്ടില്ല.. അകത്തേക്ക് കയറി ചെല്ലാനുള്ള ധൈര്യവും ഇല്ലായിരുന്നു.. ആ പെണ്ണിനെ കണ്ടു ഒരു സോറി പറയണം എന്നു മാത്രമായിരുന്നു പിന്നീട് എന്റെ ചിന്ത.. അങ്ങനെ എത്രയോ ദിവസം അവളുടെ വീടിന്റെ മുന്നിൽ പോയി തിരികെ വന്നിരിക്കുന്നു.. ഫൈനലി ഒരു ദിവസം ഞാൻ കണ്ടു നെറ്റിയിൽ കെട്ടും കൈയ്യും കാലും ഒടിഞ്ഞു സിറ്റൗട്ടിൽ ഇരിക്കുന്ന രേവൂനെ..

എന്നിട്ടും അവളോട് പോയി മിണ്ടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.. അവളെ ആ അവസ്ഥയിൽ കണ്ടതിൽ പിന്നെ നേരാവണ്ണം ഉറങ്ങാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല.. പിന്നെയും ഒരുപാട് തവണ ഞാൻ അവളെ കാണാൻ അവളുടെ വീടിന്റെ ഗേറ്റ് വരെ പോയിട്ടുണ്ട്.. എന്നാൽ ഒരിക്കൽ പോലും അവളുടെ മുന്നിൽ പോയിട്ടില്ല.. പതിയെ പതിയെ അവൾ പോകുന്നിടത്തെല്ലാം അവളറിയാതെ ഞാനും അവളെ പിന്തുടർന്നു.. പല തവണ നിങ്ങളുടെ സ്കൂളിന് മുന്നിൽ വന്നു നിന്നിട്ടുണ്ട്.. സോറി പറയാൻ വന്നു വന്നു ഒടുവിലെപ്പോഴോ അവളോട് പ്രണയം തോന്നി തുടങ്ങി.. ഒരു ദിവസം ധൈര്യം സംഭരിച്ചു ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടി നിങ്ങടെ സ്കൂളിന് മുന്നിൽ വന്നു നിന്നു.. ആ ടൈമിൽ നിങ്ങടെ സ്കൂളിന് മുന്നിലെ പൂവാല ശല്ല്യം കാരണം parents ഒക്കെ ചേർന്നു കംപ്ലയിന്റ് കൊടുത്തിരുന്നു അതുകൊണ്ട് അവിടെ സ്കൂൾ തുടങ്ങുമ്പോഴും കഴിയുമ്പോഴും ഡ്യൂട്ടിക്ക് ഒരു പോലിസ് നിൽക്കാറുണ്ടായിരുന്നു..

എനിക്കതൊന്നും അറിയില്ലല്ലോ. ഞാൻ നിങ്ങളെയും കാത്ത് അവിടെ നിന്നപ്പോ പൂവാലൻ എന്ന് കരുതി ഞങ്ങളെ പോലീസ് പൊക്കി.. അതോടെ സ്കൂളിന് മുന്നിലുള്ള കലാപരിപാടി ഒക്കെ അവസാനിച്ചു.. പ്ലസ് ടു കഴിഞ്ഞപ്പോ ഞാൻ കോയമ്പത്തൂർ കോളേജിൽ ചേർന്നു.. എന്നിട്ടും രേവൂനോടുള്ള ഇഷ്ട്ടം മാത്രം കുറഞ്ഞില്ല.. ഓരോ വെക്കേഷന് വരുമ്പോഴും രേവൂനെ കാണാൻ വേണ്ടി ഓടി വരും.. ഒടുവിൽ കോളേജ് കഴിഞ്ഞു നാട്ടിൽ ലാൻഡ് ചെയ്തപ്പോ തന്നെ തീരുമാനിച്ചു രേവൂനെ കണ്ടു സംസാരിക്കണം എന്ന്.. ഇവിടെ വന്നു വീടിന്റെ പണിയും അതിന്റെ തിരക്കുകളും ഒക്കെ ആയിട്ട് ഫ്രീ ആകാൻ കുറച്ചു വൈകി.. എല്ലാം കഴിഞ്ഞു വന്നപ്പോഴാ നിങ്ങളും ഉണ്ണിയേട്ടനും കൂട്ടുകാരും തമ്മിലുള്ള പോര്.. പിന്നെ അതും പറഞ്ഞു നിങ്ങടെ കൂടെ കൂടി നിന്നെ കൈയ്യിലെടുത്താ രേവൂനോട്‌ മിണ്ടാൻ തുടങ്ങിയത്.. മിണ്ടി തുടങ്ങിയപ്പോഴാ അറിഞ്ഞത് ഞാൻ മറഞ്ഞിരുന്നു കണ്ട രേവു വെറും പാവമായിരുന്നു എന്ന്.. എന്നാൽ ഈ രേവു അഹങ്കാരിയും ഭയങ്കര വാശിക്കാരിയുമാണ്..

അതോണ്ടാ ഇടക്ക് അവളെ ചൊറിയുന്നതു.. അവളുടെ ദേഷ്യം കാണാൻ വേണ്ടി മാത്രം.. കണ്ടു കണ്ടു മിണ്ടാൻ ഒരുപാട് കൊതിച്ചു.. ഒടുവിൽ മിണ്ടിയപ്പോൾ വഴക്ക് ഒഴിഞ്ഞു നേരമില്ലെന്നായി.. ഇത്രയും ദിവസം അവൾ മിണ്ടാതെ നടന്നിട്ട് പെട്ടെന്ന് മിണ്ടാൻ ഒരവസരം തന്നപ്പോ സന്തോഷം കൊണ്ട് ഉള്ളിലുള്ളതൊക്കെ എങ്ങനെയോ പുറത്തു വന്നു.. അതുകൊണ്ട് മാത്രമാ അങ്ങനെ സംഭവിച്ചത്.. ഞാനൊന്നും കരുതി കൂട്ടി ചെയ്തതല്ലെടോ സത്യം.. എല്ലാം ഏറ്റുപറഞ്ഞപ്പോൾ രൂപേഷിന്റെ കണ്ണ് നിറഞ്ഞിരുന്നു.. കീർത്തി ആശ്ചര്യത്തോടെ അവനെ നോക്കി.. എന്നിട്ട് ഇത്രയും ദിവസം താനെന്താ ഇതു പറയാഞ്ഞത്..? പറയാനൊരവസം അവള് തന്നിട്ടില്ല.. "എന്നാൽ നീയത് ഇപ്പൊ പറയണ്ട.. " കീർത്തിയുടെ സംസാരം കേട്ട് അവനമ്പരന്നു.. What..? അവളിപ്പോ വല്ലാത്തൊരു മാനസികാവസ്ഥയിലാ.. താൻ കെട്ടിപിടിച്ചപ്പോ തിരിച്ചു കെട്ടിപിടിച്ചു വല്യ തെറ്റ്‌ ചെയ്തപോലൊരു guilty feel.. അവളതിൽ നിന്നൊക്കെ ഒന്ന് പുറത്തു വരട്ടെ.. എന്നിട്ട് പതുക്കെ പറയാം.. പോരെ..? ഹ്മ്മ്.. എന്നാൽ കുറച്ചു ദിവസങ്ങൾ ഇങ്ങനെ തന്നെ പോട്ടേ.. അവളെ ദേഷ്യം പിടിപ്പിക്കാനൊന്നും നിൽക്കണ്ട.. മ്മ് ഓക്കേ... എന്നാൽ ഞാൻ പോട്ടെ.. ഒരുപാട് താമസിച്ചു.. ശരി ok ബൈ... ബൈ........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story